Monday, September 14, 2015

സമയം


കൈകൾക്കുള്ളിലേക്കെടുത്ത് വെച്ച്
നെറ്റിമേൽ ആഴത്തിലൊരുമ്മ-
ആ നിമിഷത്തേക്കാൾ മനോഹരമായ കവിത ആരുമെഴുതിയിട്ടുണ്ടാവില്ല,ഇന്നേവരെ.


' ഇത്രയും നേരം നീ ഇവിടെത്തന്നെയുണ്ടായിരുന്നു: എന്റെ സ്നേഹത്തിന്റെ ഇടയിൽ '
എന്ന ഓർമ്മപ്പെടുത്തലാണത്.
അത്രമേൽ പരിചിതരായിരുന്നല്ലോ നമ്മളെന്ന ഓർമ്മപ്പെടുത്തൽ.
പരിഭവങ്ങൾക്കിടമേ ഇല്ലാതെ
അത്ര ആഴത്തിൽ പരസ്പരം അറിഞ്ഞവരല്ലേ എന്ന കരുതൽ.

അല്ലെങ്കിലും ഇന്നലകളിലേക്കെന്തിനാണെന്നെ ചേർത്തുവയ്ക്കുന്നത്?
ഇതാ ഈ നിമിഷം മുതല്ക്കെന്ന തയ്യാറെടുപ്പ് അതാണ്‌ വേണ്ടത് -
അത്ര ശ്രദ്ധയോടെ,
അത്രയും ആഗ്രഹങ്ങളോടെ.


തനിച്ചായ് പോകുമ്പോൾ തന്നോട് തന്നെ  നമുക്ക് അഭിനയിക്കേണ്ടി വരും.
നമ്മുടെ സാന്നിധ്യവും അസാന്നിധ്യവും ഒരുപോലെ അപ്രസ്കതമാണെന്ന തോന്നലിന്റെ വിഷം ബോധമണ്ഡലത്തിൽ പടർന്ന് തുടങ്ങുമ്പോൾ.
നിരാശയും ഒരു  ലഹരിയാണ്‌ ചിലർക്ക്. അവരത് അന്വേഷിച്ച് ഇറങ്ങും. അതനുഭവിയ്ക്കാൻ കാരണങ്ങൾ തിരയും.
ആ  ഉന്മാദം - ഏറ്റവും ഭാഗ്യം കെട്ടുപോയെന്ന  emotional manipulation. ഈ ലോകം നമുക്ക് വേണ്ടിയല്ലെന്ന തോന്നൽ, ആ പിന്തിരിഞ്ഞോട്ടം.
അത് തടയാൻ, അങ്ങനെയങ്ങനെ സംസാരിച്ചിരിയ്ക്കാൻ ഒരാൾ വരണം.
കണ്ണാടിയിലല്ലാതെ തന്നെ തന്നെ പ്രതിഫലിപ്പിയ്ക്കുന്ന ഒരാൾ.

" Is he from the 7 Cups of Tea? "

തിഷാനി സമരവീര എന്ന എന്റെ കൂട്ടുകാരി  സംസാരിച്ചു കൊണ്ടിരിക്കെ ഈ ചോദ്യം ചോദിച്ചത് ഒമാർ ഫാറൂഖാണ്‌. അവൾ കണ്ടെത്തിയ - കണ്ണാടിയിലല്ലാതെ അവളെ പ്രതിഫലിപ്പിക്കുന്ന - ആ ആൾ. :-)

അവന്റെ ആ കുസൃതി അവളൊരു ചിരി കൊണ്ട് മായ്ച്ചു കളയട്ടെ.
അവന്റെ മുഖത്ത് പക്ഷേ, സെറീന വില്യംസ് - റോബർട്ടാ വിഞ്ചി മത്സരത്തിൽ സെറീനയുടെ തോൽവിയും ഗ്രീൻ ടീയിലെ ലെമൺ മിന്റ് രുചിയും. പുണ്യാളന്റെ ശബ്ദത്തിൽ അവനോട് , “എന്താണ്‌ പ്രാഞ്ചീ ജയവും തോൽവിയും..തികച്ചും ആപേക്ഷികമാണത് ” എന്ന് പറയുന്നതിനിടെ അമ്മ വിളിച്ചു.

സമയം അടയാളപ്പെടുത്തുന്ന അക്കങ്ങൾ ശലഭങ്ങളായ് പറന്നു പോവുന്നെന്ന് തോന്നലുണ്ടാക്കുന്ന ക്ലോക്ക് ചുവരിലുറപ്പിക്കുകയായിരുന്നു ഞങ്ങളിരുവരും.
ഇന്നലത്തെ പാർട്ടിയ്ക്ക് മിഥില എന്ന കൂട്ടുകാരിയുടെ സമ്മാനം. ' അങ്ങനെ അങ്ങനെ
പാറിപറന്നു പോകട്ടെ ഇനിമുതൽ എന്റെ സമയവും' എന്ന് അവളെന്നെ ആശംസിക്കുന്നു.


അമ്മ പക്ഷേ എന്റെ സമയവും പ്രായവുമിങ്ങനെ ‘ പാറി പറന്നു പോകുന്നല്ലോ ’ എന്ന ഖേദത്തിലാണ്‌. പ്രമോഷന്റെ സന്തോഷമോ പാർട്ടിയിലെ രസങ്ങളോ അമ്മയ്ക്ക് കേൾക്കേണ്ടിയിരുന്നില്ല.

‘ ഇത്രയൊക്കെ കഴിവുകളുണ്ടായിട്ടും എന്റെ മോളിങ്ങെനെ വിഷമിക്കേണ്ടി വന്നല്ലോ ’ എന്ന് തുടങ്ങിയ ഖേദപ്രകടനം, ‘എനിക്കതിനു വിഷമമൊന്നുമില്ലല്ലോ അമ്മേ’ എന്നു പറഞ്ഞിട്ടും തുടർന്നു കൊണ്ടിരുന്നു.
ചിലരുണ്ട്; സുഖസൗകര്യങ്ങളും ആരോഗ്യവും സുഹൃത്തുക്കളും സമ്പത്തും എല്ലാം ഉണ്ടെങ്കിലും തങ്ങൾ അഗാധമായ ദു:ഖത്തിലാണെന്ന് വിശ്വസിക്കുന്നവർ.ആ തോന്നലൊന്നു കൊണ്ട് തന്നെ തങ്ങൾക്കുള്ള സന്തോഷങ്ങളൊന്നും അനുഭവിയ്ക്കാൻ അവർക്ക് കഴിയുന്നുമില്ല. അമ്മ അങ്ങനെയൊരാളെന്ന് ഇപ്പോൾ തോന്നുന്നു.

രണ്ട് വർഷങ്ങൾക്ക് മുൻപേ   ആര്യനിൽ നിന്ന് വിവാഹമോചനം നേടിയെങ്കിലും അമ്മ ഇപ്പോഴും അവനെ പഴിപറയാൻ മറക്കാറേ ഇല്ല. അമ്മയും അച്ഛനും കുടുംബം മുഴുവനും ചേർന്നാണ്‌ ആര്യനെ കണ്ടെത്തിയതും ‘ ഇത് രണ്ട് കുടുംബങ്ങളുടെ വിവാഹമെന്ന്‘ ആഘോഷമാക്കിയതും. പതുക്കെ രസക്കേടുകൾ, സംശയങ്ങൾ, ആരോപണങ്ങൾ. അമ്മയുടെ സംശയങ്ങൾ എളുപ്പത്തിലെന്റേത് കൂടി ആകുന്ന കാലമായിരുന്നു അത്.

" inertia of position ,"  ദീദി പറയും, “മകളിൽ നിന്ന് ഭാര്യയിലേക്ക്..അതിലെ ഘർഷണങ്ങൾ.. അത്രയേ ഉണ്ടായിട്ടുള്ളൂ..”

“my bad time” ഞാൻ പറഞ്ഞു. ‘സമയ ദോഷമെന്നാണ്‌ അമ്മ പറയുന്നത്. ജ്യോതിഷികൾ അങ്ങനെയാണത്രേ പറയുന്നത്. പക്ഷേ  ദീദിയോട് അപ്രകാരം പറയുവാനുള്ള ധൈര്യമുണ്ടായിരുന്നില്ല.
“ bad time - ആ പറഞ്ഞത് ശരിയാകാം ,” ദീദി മറുപടി പറഞ്ഞു:
 “മനസ്സിൽ നല്ല ചിന്തകളുണ്ടാകുന്നതാണ്‌ മനുഷ്യന്റെ നല്ല സമയം.” :-)

"ഡൈവോഴ്സ്  ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളുടെയും അവസാനം ആണ്; പ്രശ്നങ്ങളില്ലാത്ത പുതിയ  ജീവിതം അതിന് ശേഷം ഉണ്ടാകും എന്നൊക്കെ കരുതുന്നത് ശുദ്ധ അബദ്ധം ആണ്. നമ്മുടെ ചില അഹംഭാവങ്ങൾക്ക് കൂട്ടുനിൽക്കാൻ ആളുണ്ട് എന്ന് തോന്നുമ്പോൾ നമ്മൾ ചെയ്യുന്ന മണ്ടത്തരങ്ങളുടെ എണ്ണവും കൂടും. അച്ഛൻ വിളിച്ചു കൊണ്ട് പോകും, അമ്മ കൂട്ടുവരും, കൂട്ടുകാർ കാവൽ നിൽക്കും എന്നൊന്നും കരുതി ചെയ്യേണ്ടതല്ല അത്. തീർത്തും ഒറ്റയ്ക്കാക്കേണ്ടി വന്നാലും ഇതാണ് ശരിയെന്ന ഉത്തമ ബോധ്യം ഉണ്ടെങ്കിൽ മാത്രം അങ്ങനെ ഒരു തിരുമാനത്തിലെത്തുക.
ഡൈവോഴ്സ് ഒരു നിയമ നടപടി മാത്രമാണ്. ഓർമ്മകൾക്ക് വിലക്കേർപ്പെടുത്താനോ, സന്തോഷമായ പുതിയൊരു ജീവിതം ഉറപ്പു നൽകാനോ അതിന് കഴിയില്ല."

ദീദി, ഞങ്ങളുടെ ബോസിന്റെ ഭാര്യയാണ്‌. തിഷാനി പറയുന്ന പോലെ ലോകത്തിലെ ഏറ്റവും മനോഹരമായ കുങ്കുമ പൊട്ടായ് സോമദത്ത എന്ന  അവരെ അടയാളപ്പെടുത്താം. അവരുടെ മൂന്ന് കുട്ടികളെ കളിയ്ക്കാൻ വിട്ട് വൈകുന്നേരം ചിലദിവസങ്ങളിൽ ഞങ്ങൾ നടക്കാൻ പോകാറുണ്ട്.

ഞങ്ങളോടൊപ്പം ഉണ്ടാകാറുള്ള ചില  വൃദ്ധരെ കാണുമ്പോൾ ദീദി പറയും ,“ ഇനി ഒരിടത്തേക്കും തിരിക്കു പിടിച്ചോടാനില്ലാത്ത ഇവരുടെയൊക്കെ ജീവിതമുണ്ടല്ലോ അതിന്റെ നന്മകളിൽ ബാലൻസ് ചെയ്ത് പോവുകയാണ്‌ , നമ്മുടെയൊക്കെ തിരക്കുകളും സമയമില്ലായ്മകളും. "

ദീദിയുടെ മറ്റൊരു തിയറിയുണ്ട്: “ ചില കാര്യങ്ങൾ ചെയ്യുമ്പോൾ നൂറുവട്ടം ആലോചിക്കണം. എന്നാൽ വ്യായാമം,ഭർത്താവിനെ സ്നേഹിക്കൽ, പാചകം - ഇതൊക്കെ ആലോചിക്കാതെ ചെയ്യണം. ആലോചിച്ചാൽ മടി പിടിയ്ക്കും. ”
:-)

തിഷാനി യാത്ര പറഞ്ഞിറങ്ങി. കൂടെ ഒമറും സറീനാ വില്യംസും.
സറീനയെ വഴിയിലെവിടെയെങ്കിലുമവൻ ഇറക്കിവിടുമായിരിക്കും. അല്ലെങ്കിൽ,  “ വീട്ടിൽ ചെന്നിട്ട് ഇന്ത്യ- ശ്രീലങ്ക ട്വന്റി- ട്വന്റി ആയിരിക്കുമെന്ന്”  തിഷാനി സമരവീര എന്ന ലങ്കൻസുന്ദരി വീര്യം കാട്ടി.
അവരിരുവരും നാളെ ജർമ്മനിയിലേക്ക് പോകുന്നു. രണ്ടുവർഷം വരെ നീണ്ടുപോയേക്കാവുന്ന ഒരു പ്രൊജക്ട്.


വാർത്തകളിൽ സിറിയൻ അഭയാർത്ഥികൾ.
ഈയ്യിടെ പലരാത്രികളായ് ഉറക്കം കെടുത്തിയിട്ടുണ്ട് അയ്‌ലൻ ഖുർദിയുടെ കുഞ്ഞുദേഹം.
കാലാകാലങ്ങളായ് അനേകമനേകം കുഞ്ഞുങ്ങളുറങ്ങിപ്പോയ സമുദ്രതീരങ്ങൾ.
കുഞ്ഞുങ്ങളുടെ കരച്ചിലല്ല, അവരൊരിയ്ക്കലും ഇനി കരയില്ലെന്നറിയുമ്പോഴാണ്‌ ലോകം അശാന്തമാവുക. മണ്ണിലൊരിടത്തും കിടക്കാനിടമില്ലാതെ കടലിന്റെ ആഴങ്ങളിലേക്കു നമ്മെ ഉപേക്ഷിച്ചു പോയവരുടെ പാതിമുറിഞ്ഞ നിലവിളികൾ.

എന്നാലാ നിമിഷം-  ഉറക്കമില്ലാതെ ‘ അങ്ങനെയുള്ളവർക്ക്  എന്തെങ്കിലുമൊക്കെ ചെയ്യണമെന്നു'റപ്പിക്കുന്ന ആ നിമിഷം തന്നെ - എന്തെങ്കിലും സഹായത്തിനായ് ആരെങ്കിലും കൈനീട്ടിയാൽ പോലും ഒരുപാട് വട്ടം ആലോചിയ്ക്കുന്നു; ഒടുക്കം ഇല്ലെന്ന് പറയാൻ വേണ്ടി മാത്രം.
ലോകം മുഴുവൻ വാതിലുകൾ തുറന്നിട്ട വീടുകളാകണമെന്ന് നമ്മളാഗ്രഹിക്കും. സ്വന്തം വീടിന്റെ പൂട്ടു തുറന്നു കൊടുക്കാൻ വിസമ്മതിയ്ക്കുകയും ചെയ്യും.

കാരണം മുഖംമൂടികളെ നമ്മൾ എവിടെയും പ്രതീക്ഷിക്കുന്നു. എന്തും വ്യാജമാണെന്ന തോന്നൽ സ്വഭാവത്തിന്റെ ഭാഗവുമായിരിക്കുന്നു.

ആര്യനെക്കുറിച്ച് അമ്മ പറഞ്ഞതും അതുതന്നെയായിരുന്നു.
"he is a fake".
ഒറ്റവാചകത്തിലൊതുങ്ങിയില്ല. കൃത്യമായ ഇടവേളകളിൽ ഒരുപാട് കാരണങ്ങളും നിരത്തി.
‘ അമ്മയെ മാത്രം കേൾക്കുന്നു ’എന്നതായിരുന്നു ആര്യന്റെ പരാതി. ‘തീരുമാനത്തിലെത്തുന്നതിനു മുൻപ് എന്തെങ്കിലും സ്വന്തമായിട്ട് ആലോചിക്ക്’ : എന്നും ആവർത്തിച്ചു.

വേണ്ട. അതൊന്നും ഓർക്കേണ്ടതില്ല. അല്ലെങ്കിലും ഇന്നലകളിലേക്കെന്തിനാണ്‌ ഒരാളെ ചേർത്തുവയ്ക്കുന്നത്?
ചില ഓർമ്മകൾ മറവികളാകുന്നതാണ്‌ നല്ലത്.

വാർത്തകളിലൂടെ അറിയുന്ന കാഴ്ചകളിൽ, നമ്മുടെ തന്നെ അനുഭവങ്ങളിൽ, നാം ആകുലപ്പെടുന്നുണ്ട്. നാം അസംതൃപ്തരുമാണ്‌.നമ്മളോടൊപ്പം നമുക്ക് ചുറ്റിലുമുള്ള ഭൂരിപക്ഷം പേരും. ഈ അസംതൃപ്തി അതിന്റെ saturation point എത്തിയിരിക്കുന്നു. മത്ത് പിടിച്ചു പോയിരിക്കുന്നു നമ്മളാ അവസ്ഥയിൽ! അതിന്റെ ആലസ്യത്തിലാണ്‌ നാം. തനിച്ചൊരാൾക്ക് അത് ചെറുക്കാൻ കഴിയില്ലെന്നിരിക്കെ; ചെയ്യാവുന്നത്, ഈ വിശാലമായ ലോകത്ത്, ഒരോരുത്തരും അവരവർക്ക് അനുവദിച്ച് കിട്ടിയിട്ടുള്ള ഇടങ്ങളിൽ കഴിയുന്നത്ര നന്മകളോടെ, പരസ്പരം കരുതലോടെ ജീവിക്കുക എന്നത് മാത്രമാണ്‌.

ദീദി പറയാറുള്ളത് പോലെ, " ലോകത്തിൽ പലയിടങ്ങളിലായുള്ള സ്നേഹം നിറഞ്ഞ വീടുകളിലെ നന്മകളാണ്‌   ഭൂമിയെ സന്തുലനം ചെയ്യുന്നത് . സ്നേഹിക്കുക എന്നത് ഒരു ശീലമാണ്. നമ്മളിൽ തന്നെയുള്ള സ്നേഹത്തിന്റെ ഊർജ്ജമാണ്‌ ചില പരാജയങ്ങളിൽ,വേദനകളിൽ നമ്മെ stabilize ചെയ്യുന്നത്."

ഒരാളെ വെറുത്താൽ മാത്രമേ മറ്റൊരാളെ സ്നേഹിക്കാൻ കഴിയൂ എന്ന് തോന്നുന്നത് ശുദ്ധമണ്ടത്തരമല്ലേ? നമ്മൾ ജീവിയ്ക്കുന്ന ലോകത്തിന് പക്ഷേ  അങ്ങനെ ഒരു നിർബന്ധം ഉണ്ടെന്ന് തോന്നുന്നു.. ഒരാളെ സ്നേഹിക്കാൻ മറ്റൊരാളെ വെറുക്കുക എന്നത് അസാധ്യമാണ്.

ആര്യനെ സ്നേഹിക്കാൻ അമ്മയോട് വെറുപ്പ് തോന്നേണ്ടതില്ല. അമ്മയോടുള്ള സ്നേഹക്കൂടുതൽ കൊണ്ട് ആര്യനോട് അകല്ച്ചയും.
ആര്യന്റെ  അടുക്കലേക്ക് തിരിച്ചു പോകണമെന്ന് മനസ്സുപറയുന്നു. വിവാഹമോചനം നേടി രണ്ട് വർഷം  കഴിഞ്ഞ്  അതേ ആളിന്റെ അടുക്കലേക്ക് മടങ്ങിച്ചെല്ലുന്നത്  ചില സിംഹങ്ങളെ ചൊടിപ്പിക്കും. സ്വമേധയാലുള്ള നാണംകെട്ട കീഴടങ്ങലെന്നൊക്കെ അവർ പറയുമായിരിക്കും.
പക്ഷേ ഹൃദയം പറയുന്നതതല്ല.


ഫെയ്സ് ബുക്കിൽ ആര്യന്റെ പ്രൊഫൈൽ നോക്കി. 
കർട്ടനുകളും കാർപ്പെറ്റുകളും വില്ക്കുന്ന അവന്റെ പുതിയ ഷോറൂം. അവിടേയ്ക്കുള്ള റൂട്ട് മാപ്പ്.

സ്നേഹത്തിന്റെ വഴി സ്വീകരിയ്ക്കുന്നതാണ് എന്നും നല്ലത്. :-)

ഒരാളിന്റെ അരികിലെത്താൻ നമ്മളെന്നും ആഗ്രഹിയ്ക്കും. 
അന്നുവരെ സ്നേഹം തന്നിട്ടുള്ളവരെയെല്ലാം അയാൾ നമ്മെ ഓർമ്മപ്പെടുത്തും,
ഇനിയൊരിയ്ക്കലും സ്നേഹഭംഗങ്ങൾക്കിടയില്ലെന്ന് അയാൾ കരുതലാകും.
ചിരികൊണ്ട് മാത്രം മായ്ച്ചുകളയാവുന്ന  കുസൃതികളായി അയാൾ നമ്മെ മാറ്റിക്കളയും.
സമയമില്ലെന്ന വേവലാതികളിൽ നിന്ന് അയാൾ നമ്മെ മുക്തരാക്കും.
ഒരാളിന്റെ അരികിലെത്താൻ നമ്മളെന്നും ആഗ്രഹിയ്ക്കും.
ചിലപ്പോഴൊക്കെ ഒന്ന് പൊട്ടിത്തെറിയ്ക്കാനും
പലപ്പോഴുമായ് കെട്ടിപ്പിടിക്കാനും,
ചേർന്നിരിയ്ക്കാനും തന്നിലേക്കൊന്ന് ചേർത്തു പിടിയ്ക്കാനും.

ഫെയ്സ്ബുക്ക് മെസ്സേജുകൾക്ക്, "welcome back" എന്ന്  ആര്യനും മറുപടി തരുന്നു.

'കൈകൾക്കുള്ളിലേക്കെടുത്ത് വെച്ച്
നെറ്റിമേൽ ആഴത്തിലൊരുമ്മ' എന്ന് ഒരു സ്നേഹകാലം അതോർമ്മിപ്പിക്കുന്നു.

രണ്ടുപേരിൽ ഒരാള്ക്ക് മാത്രമായ്  പിരിഞ്ഞുപോകാൻ കഴിയില്ല.
അത് സ്വീകരിയ്ക്കാൻ ഇതാ ഈ നിമിഷം മുതല്ക്കെന്ന തയ്യാറെടുപ്പ്.
അതാണ്‌ വേണ്ടത് -
അത്ര ശ്രദ്ധയോടെ,
അത്രയും ആഗ്രഹങ്ങളോടെ.


ആർക്കെങ്കിലും കവിത തോന്നുന്നുണ്ടെങ്കിൽ എഴുതിത്തുടങ്ങാം,
 “ പ്രിയനേ ഇനിയുണ്ടാവില്ല ;നമ്മൾ പിരിഞ്ഞിരിക്കേണ്ടതായ ദിനരാത്രങ്ങൾ....”
:-)