Tuesday, February 5, 2013

പതിനൊന്നാമത്തെ കഥ

ഒരു രാജ്യം അതിലെ നിവാസികളെ ഷണ്ഡരാക്കുന്നു എന്ന വാചകത്തിൽ നിന്ന് തുടങ്ങാം.

ലേഡീസ് കമ്പാർട്ട് മെന്റിലിരുന്ന് പുസ്തകം വായിക്കുന്നു.

'ചുവന്ന പൊട്ട് തൊട്ട ദേശം', 'അഞ്ച് പെൺശരീരങ്ങൾ' തുടങ്ങി പത്തോളം കഥകളുടെ സമാഹാരം. കഥകളെന്നും വാർത്തകളെന്നുമുള്ള വേർതിരിവർഹിക്കുന്നില്ല ഈ കാലത്തെ സംഭവങ്ങളെക്കുറിച്ചുള്ള എഴുത്ത്.  എഴുത്തുകാരൻ തന്നെ ആമുഖത്തിൽ  അങ്ങനെ ഒരു ഏറ്റുപറച്ചിൽ നടത്തിയിരുന്നു.
സംഭവങ്ങൾ നേർക്കാഴ്ചയാണെങ്കിലും, വിശ്വസിക്കാമോ എന്നൊരു വീണ്ടുവിചാരം കൊണ്ടുവരുന്നത് മനസ്സിലിപ്പോഴും ബാക്കിയുള്ള നന്മകളാണെന്ന് വിശ്വസിയ്ക്കാനാണ് എനിക്കിഷ്ടം. ഇങ്ങനെയൊക്കേയും സംഭവിക്കാമോ സഹജീവികൾക്കിടയിലെന്ന സംശയം.

 പ്രമീള, പവിത്ര, ശ്രുതി,ഷഹനാസ് അങ്ങനെ പോകുന്നു കഥകൾക്കിടയിലെ പേരുകൾ..  ഒരു തുടർച്ച അനുഭവപ്പെടാനിടയുണ്ട്  ഈ പേരുകൾക്ക്. ഒരു കഥയിലെ പവിത്ര മറ്റൊരു കഥയിൽ പ്രമീളയോ ശ്രുതിയോ ആകാം. പല സംഭവങ്ങളിലും പേരുകൾ, ദേശങ്ങൾ മാറുന്നെന്നല്ലേയുള്ളൂ. അല്ലെങ്കിലും അതല്ലേ ഇപ്പോഴത്തെ പതിവ്.

നീല യൂണിഫോമിട്ട സ്കൂൾ കുട്ടികളായിരുന്നു കമ്പാർട്ട്മെന്റിന്റെ ഒരറ്റത്ത്. കുറച്ചധികം കുട്ടികൾ. അവരിൽ ചിലർ ധാരാളമായി സംസാരിച്ചു. ചിലർ ശ്രദ്ധയോടെ കേൾവിക്കാരായ്. എല്ലാകൂട്ടത്തിലുമെന്നതുപോലെ ചിലർ വിൻഡോസീറ്റുകാരായി മിണ്ടാതിരുന്നു. അപ്പോൾ  എനിക്ക് തോന്നി, എല്ലാവരേക്കാളും കൂടുതലായ് അവർ സംസാരിക്കുന്നുണ്ടെന്ന്. ഒറ്റഫ്രൈയിമിലെ കാഴ്ചകൾ പോലും പല പല  കഥകളായ് അവരിൽ മിന്നിമായുന്നുണ്ടെന്ന്. ഒരു പുസ്തകത്തിലും ഇതുവരെയായും വായിച്ചിട്ടില്ലാത്ത, ഒരിടത്തും ഇതുവരെയായും എഴുതിവച്ചിട്ടില്ലാത്ത, ആരോടുമിതുവരെ പറയാത്ത എത്രയെത്ര കഥകളിങ്ങനെ ഈ വിൻഡോസീറ്റുകാർ യാത്രകൾക്കൊടുവിൽ ഉപേക്ഷിച്ചു കളയുന്നു.


എനിക്ക് കഥകൾ കേൾക്കണം കേൾക്കണം എന്ന് തോന്നി. എന്നിട്ടും, 'വനിത റിപ്പോർട്ടറുടെ ഒരു പകൽ' എന്ന ആദ്യകഥ വായിച്ചതിനു ശേഷം അടുത്തതിലേക്ക് ചെന്നു കയറാൻ ഞാനൊരുപാട് സമയമെടുത്തു.

 ' കടന്നു പോകേണ്ടിവരുന്ന സംഭവങ്ങൾ, അതിന്റെ അനുബന്ധസംഭവങ്ങൾ, ആരോപണങ്ങൾ, പ്രതിഷേധം, വിചാരണ, തുറന്നു പറച്ചിലുകൾ, അങ്ങനെ എല്ലാം എല്ലാം , നന്നായ് പരീശീലിച്ചവതരിപ്പിക്കുന്ന അഭിനയത്തിലെ എന്നപോലെ മുന്നിലേക്കെത്തുന്നു. എല്ലാം ഒരു ഭംഗിയായ് എഴുതിയ സ്ക്രിപ്റ്റിലേതുപോലെയെന്ന് ഒരല്പം സാമാന്യബുദ്ധിയുള്ള ആർക്കും തോന്നാവുന്നതാണ്. എന്നിട്ടും ഇതാദ്യത്തേതെന്ന മട്ടിൽ അതിനോട് പ്രതികരിയ്ക്കുന്നു.. പതുക്കെ പതുക്കെ, നിസംഗതയാണ് ഈ കാലമർഹിക്കുന്ന പ്രതികരണമുറ എന്ന് തീരുമാനിച്ചുറപ്പികേണ്ടി വരുന്നു. ഒരു സ്റ്റോറി ബോർഡിന് അപ്പുറത്തേക്ക്, ഒരു സ്ക്രിപ്റ്റിന് അപ്പുറത്തേക്ക് , ചില വിസ്മയങ്ങൾ കാത്തുവയ്ക്കാൻ, ചില വിപ്ലവങ്ങൾ കരുതി വയ്ക്കാൻ കാലത്തിനും കഴിയാതെ പോകുന്നു.' ഇങ്ങനെ എന്നോട് സംസാരിച്ച വനിതാ റിപ്പോർട്ടർ പവിത്രയായിരുന്നു .
പ്രായോഗികബുദ്ധിയുള്ള പെണ്ണ്. ഒരാളെയും നോവിച്ചില്ല; ഒരു പരിധിക്കപ്പുറം ഒരു കാര്യത്തേയും ഹൃദയത്തോട് ചേർത്തു വച്ചില്ല. ചില നിസ്സഹായതകളോട് സ്വകാര്യമായ് പ്രതികരിച്ചു:
'ഷണ്ഡന്മാരുടെ മക്കൾക്ക് പിറന്നവർ.. ഒരു ദേശമതിന്റെ നിവാസികളെ അങ്ങനെയാക്കിക്കളഞ്ഞിരിക്കുന്നു. നല്ല മക്കളെ ജനിപ്പിക്കാനാകാതെ കഴിവുകെട്ടകാലവും !' 


രണ്ടാമത്തെ കഥ, ' ഓടിത്തോറ്റ പെണ്മക്കൾ' തുടങ്ങിയത്:
'ഇലകൊഴിഞ്ഞ മരം പോലെ,
സ്വപ്നങ്ങളില്ലാതെ നഗ്നയാണ് ഞാന്‍..'
എന്ന വരികളിലാണ്‌.

അതിൽ മറ്റൊരു പവിത്രയെ കാണാം. പ്രമീള  എന്ന അത്‌ലറ്റ്.
വേഗതയുള്ള പെണ്ണ്. ഒരാളെയും നോവിച്ചില്ല; വലിയ ദൂരങ്ങൾ ഓടി ജയിക്കണമെന്ന സ്വപ്നം ഹൃദയത്തോട് ചേർത്തു വെച്ചു. പരീശീലനത്തിന്റെ പുലർകാലത്തൊരു ദിവസം അപരിചിതനായ ആരുടേയോ ഒപ്പം ഓടി ജയിക്കാന് കഴിയാതെ,
'നിന്റെ ആണത്തം ഇങ്ങനെ ആയിപ്പോയല്ലോ..' എന്ന് സഹതപിച്ച് ശരീരം മുഴുവൻ മുറിവുകളുമായി മത്സരമവസാനിപ്പിച്ചു.
ആദ്യമൊരു വാർത്തയും പിന്നെ ഒരോർമ്മയും അതും കഴിഞ്ഞ് മറവിയുമായ്  അങ്ങനെ പ്രമീള രൂപാന്തരപ്പെട്ടു. ഓടിത്തോറ്റ പെണ്മക്കൾ !
' ഒരു റിലേ ഓടിത്തീർക്കുന്ന സ്ട്രാറ്റജിയാണ് ക്രൈമിനു ശേഷം പ്രയോഗിക്കുന്നത്.' കഥ ഇങ്ങനെ തുടരുന്നു: ' ഒരോ ലാപ്പും ബുദ്ധിപൂർവ്വം ഓടിത്തീക്കാൻ പരിശീലനം കിട്ടിയവരോട് അവിചാരിതമായി മത്സരിക്കേണ്ടി വരുന്നു ചിലർക്ക്. ഒരു ക്രൈമിന്റെ ബാറ്റൺ അങ്ങനെ കൈമാറുകയാണ്, അവസാനിക്കാത്ത ലാപ്പുകൾ. എവിടെ നിന്നോ നല്ല രക്തത്തിൽ പിറന്ന ചിലർ വരും ; മത്സരിയ്ക്കും! എന്നാലും ചില ലാപ്പുകൾ ഓടിപ്പൂർത്തിയാക്കാൻ കഴിയാതെ ചിലർ മത്സരത്തിന്റെ ചരിത്രത്തിൽ നിന്നേ അപ്രത്യക്ഷരായിപ്പോകുന്നു. ചിട്ടയായ് പരിശീലിക്കപ്പെട്ട എണ്ണമറ്റയാളുകൾ തയ്യാറായി നില്ക്കുന്ന ടീമിനോടാണ് മത്സരിയ്ക്കുന്നതെന്നോർക്കണം.'

ഇനിയും എട്ട് കഥകളുണ്ട്.
പക്ഷേ ഇനി എനിക്ക് കഥ കേൾക്കണ്ട. എന്റെ കൂട്ടുകാരൻ അടുത്ത സ്റ്റേഷനിൽ നിന്ന് കയറും. ഇന്നലെ രാത്രി അവനെനിക്ക് ഒരു കഥ ഫോണിലൂടെ കേൾപ്പിച്ചു തന്നിരുന്നു.

'നിന്നിൽ ധ്യാനം.
എന്നിൽ ഒരു ശംഖോളം വാക്കുകൾ.
നീ
കാതോർത്താൽ
മാത്രം
ഏഴുകടലിരമ്പം ... '

'ഹെസ്സേയുടെ കപ്പൽ' എന്ന ആ കഥയിലെ ഈ വരികൾ ഞങ്ങൾക്ക് അത്രമേൽ പ്രിയപ്പെട്ടതായിരുന്നു.
നിറങ്ങൾ കൊണ്ടാണ് ആ കഥ എഴുതപ്പെട്ടിട്ടുള്ളത്. ആകാശത്തിന്റെ, കടലാഴങ്ങളുടെ നിറമുള്ള കഥ. റോസ്ലിന്റെ പ്രണയത്തിരയിൽ ഒരു ശംഖെന്നവണ്ണം ശബ്ദമടക്കിക്കിടക്കുന്ന ഹെസ്സേ എന്ന നാവികൻ.

അടുത്ത സ്റ്റേഷൻ. ഇവിടെ എന്റെ കൂട്ടുകാരനുണ്ടാകും.
സോഷ്യൽ നെറ്റ് വർക്കുകളിൽ ഗൂഢമായ, അടയാളങ്ങൾ പതിപ്പിക്കാത്ത, ആരുടേയും ശ്രദ്ധയാകർഷിക്കാത്ത സന്ദർശനങ്ങൾ. ഫോൺസംഭാഷണങ്ങൾ, ഇ-മെയിലുകൾ. അങ്ങനെ കുറച്ചു മാസങ്ങളായുള്ള പരിചയം.
ലേഡീസിൽ നിന്ന് എനിക്ക് ജനറൽ കമ്പാർട്ട്മെന്റിലേക്ക് മാറി കയറേണ്ടതുണ്ട്. അങ്ങനെയാണ് ഞങ്ങൾ പറഞ്ഞു വെച്ചത്.

പക്ഷേ ഞാൻ മാറിക്കയറേണ്ടതുണ്ടോ?
ഒരു പരിധിക്കപ്പുറം ഈ സൗഹൃദത്തെ ഹൃദയത്തോട് ചേർത്ത് വയ്ക്കേണ്ടതുണ്ടോ?

ഒരു കഥയിലെ ഹെസ്സേ മറ്റൊരു കഥയിലെ വിശാൽ ആകാം. ഹെസ്സേയുടെ റോസ്ലിൻ, വിശാലിന്റെ ശർമ്മിളയാകാം. ഒരു കഥയിലെ ശർമ്മിള മറ്റൊരു കഥയിൽ പ്രമീളയോ പവിത്രയോ ആകാം. പല സംഭവങ്ങളിലും പേരുകൾ, ദേശങ്ങൾ മാറുന്നെന്നല്ലേയുള്ളൂ. അല്ലെങ്കിലും അതല്ലേ ഇപ്പോഴത്തെ പതിവ്.

' നോക്കി നോക്കി നിൽക്കെ,
മാഞ്ഞ് മാഞ്ഞു പോകുന്ന കപ്പലാകുന്നു പ്രണയം! ' :
ഇപ്പോൾ എന്തുകൊണ്ടോ  ഹെസ്സേ ഇങ്ങനെ പറയുന്നു.


കുറച്ചുനേരത്തേക്ക് എന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയി കിടക്കട്ടെ.

7 comments:

 1. ബാക്കി എട്ടു കഥകളും എഴുതാതെ തന്നെ വായിക്കാം :-)

  'സംഭവങ്ങൾ നേർക്കാഴ്ചയാണെങ്കിലും, വിശ്വസിക്കാമോ എന്നൊരു വീണ്ടുവിചാരം കൊണ്ടുവരുന്നത് മനസ്സിലിപ്പോഴും ബാക്കിയുള്ള നന്മകളാണെന്ന് വിശ്വസിയ്ക്കാനാണ് എനിക്കിഷ്ടം'

  'ഒരോ ലാപ്പും ബുദ്ധിപൂർവ്വം ഓടിത്തീക്കാൻ പരിശീലനം കിട്ടിയവരോട് അവിചാരിതമായി മത്സരിക്കേണ്ടി വരുന്നു ചിലർക്ക്. ഒരു ക്രൈമിന്റെ ബാറ്റൺ അങ്ങനെ കൈമാറുകയാണ്, അവസാനിക്കാത്ത ലാപ്പുകൾ'

  ReplyDelete
 2. കഥകളെന്നും വാർത്തകളെന്നുമുള്ള വേർതിരിവർഹിക്കുന്നില്ല ഈ കാലത്തെ സംഭവങ്ങളെക്കുറിച്ചുള്ള എഴുത്ത്.
  സത്യം :)

  ReplyDelete
 3. നന്ദി; രണ്ടുപേർക്കും.. എല്ലായ്പ്പോഴും കണ്ടുമുട്ടാൻ കഴിയുന്നതിൽഒരുപാട് സന്തോഷം. സ്നേഹം :-)

  ReplyDelete
 4. ...സംഭവങ്ങൾ നേർക്കാഴ്ചയാണെങ്കിലും, വിശ്വസിക്കാമോ എന്നൊരു വീണ്ടുവിചാരം കൊണ്ടുവരുന്നത് മനസ്സിലിപ്പോഴും ബാക്കിയുള്ള നന്മകളാണെന്ന് വിശ്വസിയ്ക്കാനാണ് എനിക്കിഷ്ടം...."
  കുറേ നല്ല വരികള്‍..അവയ്ക്കിടയിലെ മനോഹരമായി ഒളിപ്പിച്ചു വെച്ച നല്ല ആശയങ്ങളും.വ്യത്യസ്തമായ എഴുത്ത്..

  ReplyDelete
 5. പറഞ്ഞതെല്ലാം ഒന്നിനൊന്നു മികച്ചതാണെങ്കിലും, ഈ വരികളാണ് എനിക്ക് ഏറെ പ്രിയം
  ഒരു പുസ്തകത്തിലും ഇതുവരെയായും വായിച്ചിട്ടില്ലാത്ത, ഒരിടത്തും ഇതുവരെയായും എഴുതിവച്ചിട്ടില്ലാത്ത ,ആരോടുമിതുവരെ പറയാത്ത എത്രയെത്ര കഥകളിങ്ങനെ ഈ വിൻഡോസീറ്റുകാർ യാത്രകൾക്കൊടുവിൽ ഉപേക്ഷിച്ചു കളയുന്നു

  ReplyDelete
 6. ‘ന്യൂ ജനറേഷന്‍‘ കഥ
  നമുക്കെന്ത് കാര്യം

  ReplyDelete
 7. വേര്‍തിരിവുകള്‍ ആവശ്യമില്ലാത്ത വരികളാണല്ലോ..

  ReplyDelete