Monday, January 28, 2013

വീട്, വില്പനയ്ക്ക് വച്ചിരിക്കുന്നു.

വാതിലുകള്‍ പൂട്ടാത്തൊരു വീട്. ഇത് വില്‍ക്കാനുള്ളതല്ല.
ചെന്നു കയറിയപ്പോള്‍ എവിടെയോ വായിച്ച,
'ചിലര്‍ നമ്മെ സ്നേഹിച്ചിരുന്നില്ലെന്ന് വിശ്വസിയ്ക്കാനാണ് പ്രയാസം.' എന്ന വാചകം ഓര്‍മ്മവന്നു.
കഥ ഏതെന്ന് ഓര്‍മ്മയില്ല. ചില കഥകളുണ്ട്, ഏത് വാചകത്തിലൂടെയും അതിലേക്ക് കയറിച്ചെല്ലാം. വഴി തെറ്റിപ്പോകാനിടയില്ലാത്തൊരു വീടിനുള്ളം പോലെ, അവിടെ നമ്മെ കണ്ടു മടങ്ങാം. കഥയെഴുത്തുകാരികളായ നാലു സുന്ദരികളുടെ ഇടയിലിരുന്നാണ് കഥാകാരന്‍ അന്ന് ആ വരി  പറഞ്ഞത്.
നല്ല കഥയെന്ന് നാലു വട്ടം കേട്ടു.
അവര്‍ എന്നെക്കുറിച്ചും നല്ല വാക്കുകള്‍ പറഞ്ഞു.
അവര്‍ പോയ്ക്കഴിഞ്ഞപ്പോള്‍ ; അവരോട് അകല്‍ച്ച എന്തെന്ന് ചോദിച്ചു, എന്റെ കഥാകാരന്‍.
ഞാന്‍ ചിരിച്ചു: എനിക്ക് പെൺകൂട്ടങ്ങളെ ഭയമാണ്; അവരുണ്ടാക്കാത്ത കഥകളില്ല!
ഞാന്‍ ചെരുപ്പ് പുറത്തഴിച്ചുവച്ചു.
വീടിനുള്ളില്‍ മാറ്റങ്ങളൊന്നുമില്ല.
പുസ്തകങ്ങള്‍, പൂപാത്രങ്ങള്‍, കിടക്കവിരികള്‍. ഒന്നുമൊന്നും പൊടി പിടിച്ചിട്ടില്ല. സ്ഥാനം തെറ്റിയിട്ടുമില്ല. മുറികളിലെല്ലാം ഒരു വട്ടം കയറി ഇറങ്ങി. കിടക്കയില്‍ ഇരുന്നു. പുസ്തകങ്ങള്‍ മണപ്പിച്ചു.
'ഉറങ്ങുമ്പോള്‍ കവിതകള്‍ക്കിടയിലുറങ്ങുക' എന്നൊരിയ്ക്കല്‍ വായിച്ചു കേട്ടിരുന്നു. അതിങ്ങനെയാണെന്ന് പരിഹസിയ്ക്കാന്‍ പിന്നീട് വരികൾ വായിച്ചു കേൾക്കുമ്പോൾ ചുവരിലെഴുതിയിടുന്നത് പതിവാക്കി.ഇങ്ങനെയും ഉറങ്ങാം, എഴുതിവെച്ച ചുവരുകൾക്കിടയിൽ. അതെല്ലാം അവിടെത്തന്നെയുണ്ട്. അല്ലെങ്കിലും എന്റെ കയ്യക്ഷരങ്ങള്‍, അത്രവേഗം മാഞ്ഞു പോവുകയില്ല.പൂട്ടിയിട്ടിരിക്കുന്ന വീട്. വില്പനയ്ക്ക് വച്ചിരിക്കുന്നു.
വന്നുകയറുമ്പോള്‍ വാതില്‍ തുറന്നു തരാനെന്നും ഉണ്ടാകുമെന്ന് പറഞ്ഞവള്‍ പിണങ്ങിപ്പോയിരിക്കുന്നു.
എന്നാലും ഇടയ്ക്കൊന്നു വന്നു നോക്കും, വീട്ടിനകത്ത് കയറില്ല.
പൂട്ടാനും അടയ്ക്കാനും താക്കോല്‍ സൂക്ഷിക്കാനും വയ്യ, പണ്ടേ അങ്ങനെ ആണ്.
എല്ലായിടവുമൊന്ന് ചുറ്റിക്കറങ്ങും. തൊടിയില്‍ മരങ്ങളുണ്ട്,വെയില്‍ നിഴലാക്കി മാറ്റിക്കളയുന്നവ.കിണറ്റില്‍ നിറയെ വെള്ളവും.ഏതെങ്കിലുമൊരു മരച്ചുവട്ടില്‍ നിഴലായിങ്ങനെ കിടക്കാം. സ്ഥലം വാങ്ങാനെന്ന് പറഞ്ഞു വരുന്നവര്‍ ചവുട്ടിക്കടന്നു പോകും. സ്വയം നിന്ദ തോന്നും;ചിലനേരങ്ങളില്‍ അസഹ്യമായ ആഹ്ലാദവും.വില്പനയ്ക്ക് വച്ചിരിക്കുന്ന വീടല്ലേ, പലരും വരും.
ആരെങ്കിലുമുണ്ടോ വീട്ടിനുള്ളില്‍ എന്ന് വരുന്നവരെല്ലാം ചോദിക്കും. പൂട്ടിക്കിടക്കുകയല്ലേ വീട്,ആര് കയറാനാണ്.
വേണമെങ്കില്‍ തുറന്നു കാണിയ്ക്കാം.
മുറിയൊക്കെ കാണാലോ!
ഒന്നു വൃത്തിയാവട്ടെ എന്നു കരുതി ഞാൻ തന്നെ ആളുകളെ നിർത്തി വെള്ളപൂശീയതാണ്. സാറും പറഞ്ഞു. അത്രയ്ക്ക് അഴുക്ക് പിടിച്ചിരുന്നു ചുവരുകൾ. സാറിന്റെ മകനായിരുന്നു താമസിച്ചിരുന്നത്. ഭാര്യയുമുണ്ടായിരുന്നു.  ഈ വീട് എത്രയെങ്കിലും വേഗം വിറ്റുകിട്ടിയാൽ മതിയെന്നാ. ആള് താമസമില്ലാത്ത വീട് നോക്കിക്കൊണ്ട് പോകുന്നതും ഒരു ബാധ്യതയാണേ. എന്നാലും കിട്ടുന്ന വിലയ്ക്കങ്ങ് കൊടുക്കാൻ പറ്റുമോ!ഈ ഭാഗത്തൊക്കെ സ്ഥലത്തിനിപ്പോൾ എന്താ വില.
എനിക്കറിയാം,അങ്ങനെ ഒന്നും നടക്കില്ല വസ്തു വില്‍ക്കലും വാങ്ങലും.
ഒരോ മണ്ണിലും അതിനുടമസ്ഥനായിരിക്കേണ്ടത് ആരെന്നുണ്ട്. ഒരോ ധാന്യത്തിലും അത് ഭക്ഷിക്കേണ്ടവന്റെ പേരുണ്ടെന്ന് പറയുന്നത് പോലെ. അങ്ങനയേ അത് കൈമാറിപ്പോകൂ.അങ്ങനെ കേട്ടിട്ടില്ലേ?ആരാ പറഞ്ഞത്? ചിലപ്പോ സാറിന്റെ മകൻ തന്നെയായിരിക്കും. അറിയില്ലേ  , കഥയൊക്കെ എഴുതീരുന്നു..സാറിനതൊന്നും ദൃഷ്ടിക്ക് കണ്ടൂടാ.. .വീട് നിറച്ചും പുസ്തകങ്ങളായിരുന്നു,എവിടെയെങ്കിലും കൊണ്ടുപോയി കളയാൻ പറഞ്ഞു സാറ്.വാതിലുകള്‍ പൂട്ടാത്തൊരു വീട്. ഇത് വില്‍ക്കാനുള്ളതല്ല. ഈ വീട് ഉപേക്ഷിച്ചതെന്തിനാണെന്ന് എനിക്ക് എപ്പോഴും ഖേദം. എത്ര ഓര്‍മ്മകളുണ്ട് വീടിന് ചുവരുകളായി.കഥകള്‍ പറഞ്ഞു പറഞ്ഞാണെങ്കിലും ഈ വീടിനെ വാതിലുകളും ചുവരുകളുമില്ലാതാക്കി മാറ്റിയല്ലോ നന്നായി!
എപ്പോള്‍ വേണമെങ്കിലും വന്നു കയറാം.
ചുവരില്‍ പലയിടങ്ങളില്‍ കാണാം കഥാകാരന്റെ പ്രിയപ്പെട്ട വാചകങ്ങള്‍. അരിശം തോന്നിയിട്ടുണ്ട് തത്ത്വചിന്ത കേള്‍ക്കുമ്പോഴൊക്കെ. അതിനാല്‍ എഴുതി വെച്ചതാണ് ! കാണുമ്പോള്‍ കാണുമ്പോള്‍ വെറുത്തു പോകേണ്ടതല്ലേ !മറുപടിയില്ലാത്ത ചോദ്യങ്ങള്‍ വാതിലുകളടച്ചിട്ട വീട് പോലെയാണ്.
നിന്റെ എത്ര ചോദ്യങ്ങള്‍
ഉത്തരം പറഞ്ഞിരുന്നോ ഞാന്‍.
മറുപടിയില്ല എനിക്ക്.
ഈ വീടൊന്ന് വിറ്റുപോകണം, എന്നിട്ട് വേണം ഒന്ന് സ്വതന്ത്രനായ് ഊരുതെണ്ടാന്‍! എന്നിട്ടലഞ്ഞ് തിരിഞ്ഞ് നിന്റെ അടുക്കല്‍ തന്നെ വന്നുചേരണം. കഥകളുടേയും കവിതളുടേയും മേല്‍ വിലാസമില്ലാതെ , ഫിലോസഫിയെന്ന ആരോപണങ്ങളില്ലാതെ; നിന്റെ പിണക്കത്തിന്റെ കുറുമ്പുകളുടെ വാചകങ്ങള്‍ ഓര്‍ത്തെടുക്കാന്‍.
എന്നാലും പെണ്ണേ, ഒഴിഞ്ഞ മുറികള്‍ക്കെന്തിനാണ് കാവല്‍ക്കാരന്‍? ഈ വീട് നിന്റെ ആഗ്രഹമായിരുന്നു. എന്നിട്ട് ഒരു പിണക്കത്തിന് അങ്ങിറങ്ങിപ്പോകണമായിരുന്നോ ? തിരികെ വിളിയ്ക്കാന്‍. വന്നതല്ലേ ഞാന്‍..  എന്നിട്ട് പാതിദൂരം ചെന്നപ്പോഴേക്കും പിരിഞ്ഞു പോയെന്നോ? ആദ്യം മരിച്ചു പോയത് ആരായിരുന്നു; നീയോ ഞാനോ? നിന്റെയുള്ളിലെ നീയും ഞാനും കലര്‍ന്നവനോ?വരൂ ഇതു തന്നെയാണാ വീട്.
വില്പനയ്ക്ക് വച്ചിരിക്കുന്ന വീട്.
വേണമെങ്കില്‍ തുറന്നു കാണിയ്ക്കാം.
മുറിയൊക്കെ കാണാലോ!വേണ്ടെന്നോ?
കേള്‍ക്കുന്നതിലൊന്നും ഒരു കാര്യവുമില്ല, ഈ വീടിനങ്ങനെ കുഴപ്പമൊന്നുമില്ല.
അല്ലെങ്കിലും എന്ത് കുഴപ്പമുണ്ടാകാനാ!  പറഞ്ഞുണ്ടാക്കുന്ന ഒരോരോ കഥകളേ! അല്ലെങ്കിലും ഈ കഥകളൊന്നും വിശ്വസിക്കരുത്!ഇവിടെ മുന്‍പ് താമസിച്ചിരുന്നവരൊരപകടത്തില്‍ മരിച്ചു പോയി. ശരിതന്നെ. അത് ഈ വീട്ടിന്റെ കുഴപ്പം കൊണ്ടാണെന്നൊക്കെ പറഞ്ഞു നടന്നാല്‍..ഇതൊക്കെ ഇക്കാലത്താരെങ്കിലും വിശ്വസിയ്ക്കുമോ.അന്ന് ആ ബസ്സ് അപകടത്തില്‍ എത്ര പേര്‍ മരിച്ചു. ഈ പ്രോപ്പര്‍ട്ടീടെ ഡിമാന്റ് കുറയണം, ഈ റിയലെസ്റ്റെറ്റുകാരുടെ കളികളല്ലേ.ഇതിപ്പൊ ഇടനിലക്കാരൊന്നൂല്ല..സെന്റിന് രണ്ടേമുക്കാല്..അതില്‍ കൂടുതലേ എന്തായാലും ഉള്ളൂ..ഒരു പാര്‍ട്ടി രണ്ടരവരെയൊക്കെ പറഞ്ഞിട്ട് പോയതേ ഉള്ളൂ....


6 comments:

 1. ഉറങ്ങുമ്പോള്‍ കവിതകള്‍ക്കിടയിലുറങ്ങുക....
  ഇഷ്ട്ടായി ....:)

  ReplyDelete
 2. 'ചിലര്‍ നമ്മെ സ്നേഹിച്ചിരുന്നില്ലെന്ന് വിശ്വസിയ്ക്കാനാണ് പ്രയാസം.'
  'നല്ല കഥയെന്ന് നാലു വട്ടം കേട്ടു'
  'എനിക്ക് പെൺകൂട്ടങ്ങളെ ഭയമാണ്; അവരുണ്ടാക്കാത്ത കഥകളില്ല!'
  'പൂട്ടാനും അടയ്ക്കാനും താക്കോല്‍ സൂക്ഷിക്കാനും വയ്യ, പണ്ടേ അങ്ങനെ ആണ്.'

  കൂടുതല്‍ ഇഷ്ടമായ വരികള്‍ :-)

  ReplyDelete
 3. "ചുവരില്‍ പലയിടങ്ങളില്‍ കാണാം കഥാകാരന്റെ പ്രിയപ്പെട്ട വാചകങ്ങള്‍. അരിശം തോന്നിയിട്ടുണ്ട്"

  ഇതുവായിച്ചു ഞെട്ടി. എന്റെ ചുമരിൽ വരികളല്ല, ചിത്രങ്ങളുണ്ട്.
  നല്ല കഥ. ചിലയിടത്തു വളരെ ഷാർപ്പ്‌നസ്
  :-)

  ReplyDelete
 4. വളരെ നന്നായി കഥ

  ReplyDelete
 5. ഇഷ്ടമായവ കോപ്പി പേസ്റ്റ് ചെയ്യാന്‍ തുനിഞ്ഞാല്‍ ഈ പോസ്റ്റ്‌ മുഴുവനായി ചെയ്യേണ്ടി വരും. അത് കൊണ്ട് ഇത്ര പറഞ്ഞു നിര്‍ത്തുന്നു..
  അല്ലെങ്കിലും ഈ കയ്യക്ഷരങ്ങള്‍, അത്രവേഗം മാഞ്ഞു പോവുകയില്ല.

  ReplyDelete