Thursday, December 5, 2013

രൂപാന്തരം.

"വിവാഹം കഴിച്ച ഫെമിനിസ്റ്റ് ഒരു ചാവേറാണ്; ഒരു ചാവേറായതിന്റെ ഓര്‍മ്മപുതുക്കല്‍"- മീനാക്ഷിയുടെ ഇന്നത്തെ ഫെയ്സ്ബുക്ക് സ്റ്റാറ്റസ് ആണിത്.
വിവാഹവാര്‍ഷികം ഇങ്ങനേയും അറിയിക്കാമെന്ന് എനിക്ക് മെസ്സേജു, ഒപ്പം "ഗൗതമീ , ഇത്രയൊന്നും യുദ്ധഭൂമിയല്ല കേട്ടോ ഞങ്ങളുടെ വിവാഹജീവിതം" എന്ന്  ചെറുചിരിയോടൊരു കൂട്ടിച്ചേര്‍ക്കലും.
എന്നിട്ടും "വിവാഹമെന്ന പടക്കപ്പുരയില്‍ വ്യക്തിസ്വാതന്ത്ര്യത്തിന്റെ തീപ്പെട്ടിക്കൂടുകള്‍ നനച്ചു സൂക്ഷിച്ചുകൊണ്ട് പൊറുതി തുടരുന്നു." എന്നൊക്കെയാണ് സ്റ്റാറ്റസിന്റെ തുടര്‍ച്ച.

മെസ്സേജ് ബോക്സില്‍ മീനാക്ഷി അയച്ച സ്നേഹപൂര്‍ണ്ണമായ സന്ദേശങ്ങളും തമാശകളും ഞാന്‍ ഒരാവര്‍ത്തികൂടെ വായിച്ചു. അതെല്ലാം അവരുടെ ജീവിതമായ് കാണുകയാണ് ഞാന്‍; കേള്‍ക്കുകയോ കാണുകയോ ചെയ്തിട്ടില്ലെങ്കിലും അവരെനിക്ക് അത്രമേല്‍ പ്രിയപ്പെട്ട ഒരാളായി തീര്‍ന്നിരിക്കുന്നു.

അസാധാരണമായ, അങ്ങേയറ്റം തീവ്രമായ; സ്നേഹമാണ് അവര്‍ പലപ്പോഴും വാക്കുകളില്‍ ചേര്‍ത്തു വയ്ക്കാറുള്ളത്. എല്ലാ ആകുലതകളേയും ഉപേക്ഷിച്ച്, എല്ലാ തിന്മകളേയും കളഞ്ഞ് ചെന്നെത്താന്‍; അങ്ങേയറ്റം മനോഹരമായ ,സ്നേഹനിര്‍ഭരമായ ഒരിടം അവര്‍ക്കറിയാമെന്ന് തോന്നുന്നു. പൂര്‍ണ്ണസമര്‍പ്പണത്തോടെ, നന്മകളോടെ ചെന്നുപാര്‍ക്കാനൊരിടം. ചില നിമിഷനേരങ്ങളിലേക്കെങ്കിലും അവരുടെ വരികളിലൂടെ അവിടെ എത്താന്‍, തിരിച്ചു പോരാന്‍ തോന്നാത്തവണ്ണം അവിടം ഇഷ്ടപ്പെടാന്‍ എനിക്കും കഴിയുന്നു.


' നന്ദി, എനിക്ക് പ്രിയപ്പെട്ടവളേ !, നിനക്ക് ഉമ്മ!'

പ്രണയത്തെക്കുറിച്ചും തീവ്രമാണ് അവരുടെ കാഴ്ചകള്‍. ചിലനേരങ്ങളില്‍ പലരുടേയും മനസ്സ് വായിച്ചെടുത്തതു പോലെയാണ് അവരെഴുതുക. (മറ്റുപലരും അങ്ങനെ എഴുതിയിട്ടുണ്ട്, എഴുതാറുണ്ട്; എങ്കിലും- ചിലരോട് നമുക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ടല്ലോ :-)).
ചിലപ്പോള്‍ ഏതെങ്കിലും ഒരു മുഖത്തോട് വല്ലാത്തൊരു പ്രേമം തോന്നുമ്പോള്‍ അവരുടെ ചില വരികള്‍ ഓര്‍മ്മ വരും:
" എന്നെ
ഒരു വിരല്‍സ്പര്‍ശം കൊണ്ട്
നിന്റേതാക്കുക;
മനുഷ്യനാക്കുക.
നിന്റെ മനുഷ്യജന്മത്തിലേക്ക്
മനുഷ്യനായ് എന്നെ
പകര്‍ന്നെടുക്കുക;
പാതിയായ്
പകുത്തെടുക്കുക"

' നിന്റെ വിരല്‍സ്പര്‍ശം കൊണ്ട് എന്നെ ദേവതയാക്കുക ' എന്നവര്‍ പറയുന്നില്ല. മനുഷ്യജീവിതത്തെ അവരതിരറ്റ് സ്നേഹിക്കുന്നു. എല്ലാ അപൂര്‍ണ്ണതകളോടും കൂടി അതിനെ പൂര്‍ണ്ണമാക്കാന്‍ അവരതിലേക്ക് സ്നേഹം ചേര്‍ത്ത് വയ്ക്കുന്നു. അവരുടെ എഴുത്തുകളിലൂടെ എനിക്കത് വായിക്കാം.

എന്നാല്‍ , "എല്ലാ സ്നേഹബന്ധങ്ങളിലും അവിശ്വസിയ്ക്കാനുള്ള പഴുതുകള്‍ കൂടിയുണ്ടെന്ന് " മീനാക്ഷി എഴുതിയിട്ടുണ്ട് :


" ദൈവം ഉണ്ട് എന്നത് ഒരു വിശ്വാസമാണ്; ഇല്ല എന്നത് മറ്റൊരു വിശ്വാസവും.
സ്നേഹം ഉണ്ട് എന്നത് ഒരു വിശ്വാസമാണ്; ഇല്ല എന്നത് മറ്റൊരു വിശ്വാസവും.
തീര്‍പ്പ് കല്പിയ്ക്കാന്‍ കഴിയാത്തിടത്താണ് ഏത് കാര്യത്തിലും അവിശ്വാസമുണ്ടാകുന്നത്;
അവിശ്വാസികള്‍ ഒറ്റപ്പെട്ട് പോകുന്നു- അവരെ ചേര്‍ത്തുവയ്ക്കാന്‍ കാരണങ്ങളില്ലാതാകുന്നു."

ഇങ്ങനെയാണ് അവരുടെ ആ കുറിപ്പിന്റെ തുടക്കം, എനിക്കോര്‍മ്മയുണ്ട്. പെണ്ണും പൊന്നും ഒളിക്യാമറകളും വെളിപ്പെടുത്തലുകളും മറച്ചുപിടിക്കലുകളും കരണംമറിയലുമൊക്കെ കാഴ്ചയും വാര്‍ത്തയും പതിവുമായ ഒരു രാഷ്ട്രീയചര്‍ച്ച എല്ലാവരുടേയും മനസ്സിലുള്ളപ്പോഴായിരുന്നു ആ എഴുത്ത്.

"എന്റെ പ്രണയം ഈ നിമിഷത്തിന്റെ പങ്കിടലാണ്." മീനാക്ഷി എഴുതി: "എന്നാലത് നിന്നിലേക്ക് പകരാന്‍ എനിയ്ക്ക് പല കാലങ്ങള്‍ പിന്നിലേക്ക് പോയി, ഒറ്റുകൊടുക്കലിന്റെ ഒളിക്കണ്ണുകളില്ലാത്തൊരിടത്ത് എന്നെ എത്തിക്കേണ്ടിയിരിക്കുന്നു. തിരക്കഥയുള്ള ഒരു നാട്യമായ് സ്നേഹമുദ്രകള്‍ കാട്ടി, ചതിയിലൂടെ നമ്മിലാരാവും ആദ്യം കാലത്തിന്റെ മുന്നില്‍ മേല്‍ക്കൈ നേടുക എന്ന് ചിന്തിച്ച് ചിന്തിച്ച് എന്റെയുള്ളിലെ സ്നേഹനന്മകള്‍ മരിച്ചു പോകുന്നു. നഷ്ടം എനിക്കാണ് ; കാരണം അതിനോടോപ്പം ഞാനും മരിച്ചു പോകുന്നു."

ശരിയാണെന്ന് എനിക്കും അനുഭവപ്പെടുന്നു. നാട്യങ്ങള്‍ മാത്രം കണ്ടും കേട്ടും ശീലിയ്ക്കുന്ന ഒരു തലമുറ; സ്നേഹത്തെക്കുറിച്ച്, ബന്ധങ്ങളിലെ നന്മകളെക്കുറിച്ച് തീര്‍ച്ചയില്ലാത്തവരാകുന്നു. ഒന്നിനെക്കുറിച്ചും തീര്‍ച്ചയില്ലാത്തവരെ ചേര്‍ത്തു നിര്‍ത്താന്‍ കാരണങ്ങളില്ലാതെയാകുന്നു. കൂട്ടം തെറ്റിയവരുടെ കൂട്ടമായ് മാറിപ്പോകേണ്ടി വരുന്നവരിലൊരാളാകുന്നത് മീനാക്ഷിയെപ്പോലെ എന്നേയും ഭയപ്പെടുത്തുന്നു.

എന്റെ ഫെയ്സ്ബുക്ക് സുഹൃത്തുക്കളില്‍ ഏതാണ്ടെല്ലാവരും തന്നെ എഴുത്തുകാരാണ് (കവികളാണ്, കാമുകന്മാരാണ്, സ്വന്തമായ് പുസ്തകമെഴുതിയവരാണ് എന്നും പറയാം; ലിംഗഭേദമന്യേ.)പലരേയും ഞാന്‍ നേരിട്ട് പരിചയപ്പെട്ടിട്ടുണ്ട്. പുസ്തകപ്രകാശനചടങ്ങുകളില്‍, കവിയരങ്ങുകളില്‍, കൂട്ടായ്മകളില്‍ ,പുസ്തകമേളകളില്‍, ഫോട്ടോപ്രദര്‍ശനത്തിലോ ചിത്രപ്രദര്‍ശനത്തിനോ ഇടയില്‍. അതുമല്ലെങ്കില്‍ കല്യാണവീട്ടിലോ മരണവീട്ടിലോ സിനിമാതിയറ്ററിലോ വെച്ച്. പലരും അവരുടെ പുസ്തകങ്ങള്‍ , "ഗൗതമിയ്ക്ക് സ്നേഹപൂര്‍വ്വം" എന്നെഴുതി ഒപ്പിട്ട് തന്നിട്ടുമുണ്ട്. എന്റെ സന്തോഷങ്ങള്‍ അതൊക്കെയാണ്.
എന്നാല്‍ മീനാക്ഷി മാത്രം ഇവരിലൊരാളായി ഇതുവരേയും മാറിയില്ല. എന്റെ സങ്കടം.

"ഒരു പുസ്തകമാകുമ്പോള്‍ തോന്നുമ്പോള്‍ തുറന്ന്
പകലിരവുകളില്ലാതെ തലയണക്കീഴില്‍ വെച്ച്
തോള്‍സഞ്ചിയില്‍ ഒപ്പം കൂട്ടി..
അങ്ങനെ അങ്ങനെ ഒത്തിരിയുണ്ട് സ്നേഹത്തിന്റേതായ പാരസ്പര്യം." ഞാന്‍ മറ്റാരുടേയോ ഈ വാക്കുകള്‍ കടം വാങ്ങി മീനാക്ഷിയ്ക്ക് എഴുതി. മറ്റൊരു മ്യൂച്ചല്‍ഫ്രെന്റിന്റെ പുസ്തകപ്രകാശന ചടങ്ങില്‍ വെച്ച് കാണാമോ എന്ന് ആഗ്രഹിക്കുകയുമുണ്ടായി, ആ സന്ദേശത്തിനൊപ്പം.

മറുപടി എളുപ്പം വന്നു :
"പുസ്തകമാകുമ്പോള്‍ 'എന്റെ, നിന്റെ' എന്നൊക്കെ അക്ഷരങ്ങള്‍ക്ക് മേല്‍വിലാസങ്ങളുണ്ടാകും; വേര്‍തിരിവുകളുണ്ടാകും.'നിന്റെ' ചിന്തകള്‍ കാണുമ്പോള്‍ മുന്‍പിത് 'ഞാന്‍' എഴുതിയതാണല്ലോ എന്ന അവകാശം സ്ഥാപിക്കാന്‍ തോന്നും; മത്സരിയ്ക്കാന്‍ തോന്നും. ഞാന്‍ 'എന്റെ' അക്ഷരങ്ങള്‍ക്ക് വേണ്ടി യുദ്ധം ചെയ്യാനാഗ്രഹിക്കുന്നില്ല. എന്റെ ആകാശം നിറയെ ചരടുകളില്ലാത്ത പട്ടങ്ങളാണ്. അതിരുകളില്ലാത്ത അക്ഷരങ്ങളാണ്."

" ഓ എന്റെ അദൃശ്യ സുന്ദരീ " എന്ന് സ്വാതന്ത്ര്യത്തോടെ പരിഹസിക്കുകയുമുണ്ടായി, ഞാനന്ന് മറുപടി സന്ദേശത്തില്‍. " കൂട്ടത്തിക്കൂടാത്തൊരു സാധനാ അദ് " എന്ന് മറ്റുചില സുഹൃത്തുക്കളുടെ അസംതൃപ്തിയും അറിയിച്ചു.

ഞാനങ്ങനെ പലപല ഓര്‍മ്മകളോടെ,വായനാരസത്തോടെ ഫെയ്സ്ബുക്കിലിരുന്നു;പതിവുപോലെ ഏറെനേരം. 'വിവാഹചാവേറുകളെ'ക്കുറിച്ചുള്ള മീനാക്ഷിയുടെ സ്റ്റാറ്റസിനു നിറയെ കമന്റുകള്‍.
അതിനിടയില്‍ അവരുടെ ഒരു മെസ്സേജ് എനിയ്ക്ക് :
" ഗൗതമീ, നമ്മുടെ സ്ട്രോബറീടെ (ഒരു ഫെയ്സ്ബുക്ക് സുഹൃത്തിന്റെ പേരാണ് :-)) പുസ്തകപ്രകാശനത്തിനു ഞാനും കൂടി വന്നാലോ എന്നാണ്; നീയുണ്ടാവില്ലേ..??"

ഞാന്‍ ഉമ്മകള്‍, ഹൃദയം എല്ലാം അവര്‍ക്കുള്ള മറുപടിസന്ദേശമാക്കി.

പ്രകാശനചടങ്ങ് തുടങ്ങുന്നതിനു മുന്‍പേ കാണാമെന്ന് പിന്നീട് അവരെനിക്ക് എഴുതി: സ്ഥലവും സമയവും. എന്നിട്ടൊന്നിച്ച് ചടങ്ങില്‍ പങ്കെടുക്കാമെന്നും. ഇത്രയും രഹസ്യസ്വഭാവമെന്തിനെന്ന് ഞാന്‍ അതിശയിച്ചു.
പിന്നെ, ഒരോരുത്തര്‍ക്കും ഒരോ കിറുക്കുകള്‍, ഒരോരോ ഇഷ്ടങ്ങളെന്ന് സമാധാനിക്കുകയും ചെയ്തു.

അങ്ങനെ മധുരമീനാക്ഷിയെ ഞാന്‍ കണ്ടു.

എത്രയോ കാലമായ് ,പല പുസ്തകങ്ങളില്‍ എഴുത്തുകാരനായ് എനിയ്കദ്ദേഹത്തെ പരിചയമുണ്ട്. പാരമ്പര്യമായ് കിട്ടിയ മുന്‍ധാരണകളാണ് എന്റെ സദാചാരബോധമെന്നിരിക്കെ ഈ എഴുത്തുകാരനോട് എന്റെയുള്ളില്‍ അനിഷ്ടം മാത്രമേയുള്ളൂ.
ഞാന്‍ പറ്റിക്കപ്പെട്ടതായി തോന്നിയില്ല. ഇത് ലോകത്തിലെ ആദ്യത്തെ സംഭവമൊന്നുമല്ല എന്ന് എനിക്കറിയാം.
ഒരോരുത്തര്‍ക്കും ഒരോ കിറുക്കുകള്‍, ഒരോരോ ഇഷ്ടങ്ങളെന്ന് ഞാനപ്പോള്‍ പക്ഷേ സമാധാനിച്ചില്ല;
'എല്ലാ സ്നേഹബന്ധങ്ങളിലും അവിശ്വസിയ്ക്കാനുള്ള പഴുതുകള്‍' കൂടിയുണ്ടെന്ന് ഓര്‍മ്മിച്ചുമില്ല.

വായനാ ലോകത്തിനു മുഖവുരയില്ലാതെ പരിചയമുള്ള ഇദ്ദേഹം ' ഗൗതമിയ്ക്ക് ഉമ്മകളോടെ മീനാക്ഷി'യെന്ന് എഴുതി ഒരു വിദേശകവിയുടെ പ്രണയകാവ്യങ്ങളൊന്ന് സമ്മാനിച്ചു. മറ്റൊന്നും പറയാനില്ലാത്തതു കൊണ്ട്, എങ്ങോട്ടും ഓടിപ്പോകേണ്ടതില്ലാത്തതു കൊണ്ട് ഞാനാ പുസ്തകം മറിച്ചു നോക്കി.
ഇങ്ങനെയായിരുന്നു അതിലെ അവസാനത്തെ കവിത:

ഏതെങ്കിലുമൊരാകാശത്ത്
മഴയായ് ഞാന്‍ നിന്നെ വരച്ചിടും.
കാലം തെറ്റി അത് പെയ്യവെ
ഭൂപടത്തിലില്ലാത്തൊരു ദേശത്തേക്ക് തുഴയുന്ന
ദിശാസൂചികളില്ലാത്ത നാവികരിലൊരാളാകും ഞാന്‍.
എന്തുകൊണ്ട് ഞാനിങ്ങനെയെന്ന് ആരുമെന്നോട് ചോദിക്കില്ല.
എന്നെ അറിയുന്നവര്‍ ആരുമില്ല.
കഴിഞ്ഞ ജന്മത്തില്‍ ഞാനൊരു കുതിരവണ്ടിക്കാരനായിരുന്നു.
ഓറഞ്ച് തോട്ടത്തിലെ സൂക്ഷിപ്പുകാരിയായിരുന്നു എന്റെ കാമുകി.
പേരില്ലാത്ത ഋതുക്കളിലൊന്നായിരുന്നു അവള്‍ .
എനിയ്ക്ക് വേണ്ടിയാണ് അവള്‍  പല ജീവിതങ്ങള്‍  ജീവിച്ചത്.
എന്നാല്‍
അവളുടെ അരികിലെത്താനുള്ള വഴികളായിരുന്നു
എന്നുമെനിയ്ക്ക് തെറ്റിപ്പോയത്.


ഞാന്‍ യാത്ര പറഞ്ഞു. ഞങ്ങളെപ്പോലുള്ളവരുടെ ഏകാന്തതയിലേക്ക് ,സത്യസന്ധമായ് സ്നേഹവാചകങ്ങള്‍ പകര്‍ന്നു വയ്ക്കാന്‍ മറ്റാരെയെങ്കിലും കണ്ടെത്തണമല്ലോ എന്ന് ഞാനന്നേരം ഓര്‍ക്കുകയായിരുന്നു. അതെനെക്കുറിച്ചുള്ള തീര്‍ച്ചയില്ലായ്മയില്‍ കൂട്ടം തെറ്റിപ്പോയേക്കുമോ എന്ന് ഭയന്ന്, ഹോസ്റ്റലിലേക്കുള്ള ഏറ്റവും തിരക്കേറിയ ബസ്സില്‍ പല വിയര്‍പ്പ് മണത്തോടൊപ്പം ഞാന്‍ എന്നേയും ആ വൈകുന്നേരം ചേര്‍ത്തു വെച്ചു.

പിന്നീടാലോചിച്ചപ്പോള്‍ ഇത്രയേറേ വെറുപ്പും അനിഷ്ടവും മനസ്സിലുണ്ടാവേണ്ടതല്ലെന്ന് തോന്നി. ഫെയ്ക്ക്പ്രോഫൈലുകളും അതിലൂടെയുള്ള ചതികളും സങ്കടങ്ങളും മുറിവുകളും ഏറെയുണ്ടായിട്ടുണ്ട്, പലര്‍ക്കും. ഇവിടെ അതൊന്നും ഉണ്ടായില്ലല്ലോ. ഒരു പ്രശസ്തനായ എഴുത്തുകാരന് ഇതിന്റെ ആവശ്യമുണ്ടായിരുന്നോ എന്നു മാത്രം. ചിലപ്പോള്‍ നിലവിലുള്ള പ്രശസ്തിയും മേല്‍വിലാസവും കൊണ്ട് മുന്‍ധാരണകളോടെ തന്റെ എഴുത്തുകള്‍ വായിക്കപ്പെടുന്നതില്‍ അദ്ദേഹത്തിന്റെ ഖേദമുണ്ടായിരിക്കും. തന്റെ അഭിപ്രായങ്ങളത്രയും മുന്‍ധാരണകളോടെ ഒരാള്‍ക്കൂട്ടം അന്ധമായ് നിശ്ചയിക്കപ്പെടുന്ന ഒരിടത്തേക്ക് ബ്രാന്റഡാക്കപ്പെടുന്നതിനേക്കാള്‍ വലിയ ദുരന്തം, സ്വതന്ത്രചിന്തകളുള്ള ഒരാളെ സംബന്ധിച്ചിടത്തോളം വേറേയില്ല. ഒരു പുതിയ ശബ്ദം പോലെ , ആളുകള്‍ക്ക് ആവശ്യമുണ്ടെങ്കില്‍ മാത്രം ശ്രദ്ധിക്കപ്പെടാനും പ്രിയമായെങ്കില്‍ മാത്രം ഇഷ്ടപ്പെടാനും തോന്നട്ടെ തന്റെ എഴുത്തുകള്‍ എന്ന് അദ്ദേഹം ആഗ്രഹിക്കുന്നുണ്ടാകും.

മുന്‍ധാരണകളില്ലാതെ കഴമ്പുണ്ടെങ്കില്‍ മാത്രം ആളുകള്‍ തിരഞ്ഞെത്തുന്ന പുതിയശബ്ദമാകാനുള്ള രൂപാന്തരമായിരിക്കണമിത് - മീനാക്ഷിയിലേക്ക്.

' എന്റെ ആകാശം നിറയെ ചരടുകളില്ലാത്ത പട്ടങ്ങളാണ്. അതിരുകളില്ലാത്ത അക്ഷരങ്ങളാണ് .'
എന്നില്‍ വീണ്ടും ചിരി പടരുന്നു.

ഫെയ്സ് ബുക്കിലിന്ന് മീനാക്ഷിയുടെ സ്റ്റാറ്റസ്:

" അവിശ്വസിക്കേണ്ട എന്തോ ഒന്ന് ഉണ്ട് /ഉണ്ടാവും എന്ന് തോന്നിയാല്‍ പിന്നെ സ്നേഹം അതെല്ലാതാകുന്നല്ലോ! "

Tuesday, February 5, 2013

പതിനൊന്നാമത്തെ കഥ

ഒരു രാജ്യം അതിലെ നിവാസികളെ ഷണ്ഡരാക്കുന്നു എന്ന വാചകത്തിൽ നിന്ന് തുടങ്ങാം.

ലേഡീസ് കമ്പാർട്ട് മെന്റിലിരുന്ന് പുസ്തകം വായിക്കുന്നു.

'ചുവന്ന പൊട്ട് തൊട്ട ദേശം', 'അഞ്ച് പെൺശരീരങ്ങൾ' തുടങ്ങി പത്തോളം കഥകളുടെ സമാഹാരം. കഥകളെന്നും വാർത്തകളെന്നുമുള്ള വേർതിരിവർഹിക്കുന്നില്ല ഈ കാലത്തെ സംഭവങ്ങളെക്കുറിച്ചുള്ള എഴുത്ത്.  എഴുത്തുകാരൻ തന്നെ ആമുഖത്തിൽ  അങ്ങനെ ഒരു ഏറ്റുപറച്ചിൽ നടത്തിയിരുന്നു.
സംഭവങ്ങൾ നേർക്കാഴ്ചയാണെങ്കിലും, വിശ്വസിക്കാമോ എന്നൊരു വീണ്ടുവിചാരം കൊണ്ടുവരുന്നത് മനസ്സിലിപ്പോഴും ബാക്കിയുള്ള നന്മകളാണെന്ന് വിശ്വസിയ്ക്കാനാണ് എനിക്കിഷ്ടം. ഇങ്ങനെയൊക്കേയും സംഭവിക്കാമോ സഹജീവികൾക്കിടയിലെന്ന സംശയം.

 പ്രമീള, പവിത്ര, ശ്രുതി,ഷഹനാസ് അങ്ങനെ പോകുന്നു കഥകൾക്കിടയിലെ പേരുകൾ..  ഒരു തുടർച്ച അനുഭവപ്പെടാനിടയുണ്ട്  ഈ പേരുകൾക്ക്. ഒരു കഥയിലെ പവിത്ര മറ്റൊരു കഥയിൽ പ്രമീളയോ ശ്രുതിയോ ആകാം. പല സംഭവങ്ങളിലും പേരുകൾ, ദേശങ്ങൾ മാറുന്നെന്നല്ലേയുള്ളൂ. അല്ലെങ്കിലും അതല്ലേ ഇപ്പോഴത്തെ പതിവ്.

നീല യൂണിഫോമിട്ട സ്കൂൾ കുട്ടികളായിരുന്നു കമ്പാർട്ട്മെന്റിന്റെ ഒരറ്റത്ത്. കുറച്ചധികം കുട്ടികൾ. അവരിൽ ചിലർ ധാരാളമായി സംസാരിച്ചു. ചിലർ ശ്രദ്ധയോടെ കേൾവിക്കാരായ്. എല്ലാകൂട്ടത്തിലുമെന്നതുപോലെ ചിലർ വിൻഡോസീറ്റുകാരായി മിണ്ടാതിരുന്നു. അപ്പോൾ  എനിക്ക് തോന്നി, എല്ലാവരേക്കാളും കൂടുതലായ് അവർ സംസാരിക്കുന്നുണ്ടെന്ന്. ഒറ്റഫ്രൈയിമിലെ കാഴ്ചകൾ പോലും പല പല  കഥകളായ് അവരിൽ മിന്നിമായുന്നുണ്ടെന്ന്. ഒരു പുസ്തകത്തിലും ഇതുവരെയായും വായിച്ചിട്ടില്ലാത്ത, ഒരിടത്തും ഇതുവരെയായും എഴുതിവച്ചിട്ടില്ലാത്ത ,ആരോടുമിതുവരെ പറയാത്ത എത്രയെത്ര കഥകളിങ്ങനെ ഈ വിൻഡോസീറ്റുകാർ യാത്രകൾക്കൊടുവിൽ ഉപേക്ഷിച്ചു കളയുന്നു.


എനിക്ക് കഥകൾ കേൾക്കണം കേൾക്കണം എന്ന് തോന്നി. എന്നിട്ടും, 'വനിത റിപ്പോർട്ടറുടെ ഒരു പകൽ' എന്ന ആദ്യകഥ വായിച്ചതിനു ശേഷം അടുത്തതിലേക്ക് ചെന്നു കയറാൻ ഞാനൊരുപാട് സമയമെടുത്തു.

 ' കടന്നു പോകേണ്ടിവരുന്ന സംഭവങ്ങൾ, അതിന്റെ അനുബന്ധസംഭവങ്ങൾ, ആരോപണങ്ങൾ, പ്രതിഷേധം, വിചാരണ, തുറന്നു പറച്ചിലുകൾ, അങ്ങനെ എല്ലാം എല്ലാം , നന്നായ് പരീശീലിച്ചവതരിപ്പിക്കുന്ന അഭിനയത്തിലെ എന്നപോലെ മുന്നിലേക്കെത്തുന്നു. എല്ലാം ഒരു ഭംഗിയായ് എഴുതിയ സ്ക്രിപ്റ്റിലേതുപോലെയെന്ന് ഒരല്പം സാമാന്യബുദ്ധിയുള്ള ആർക്കും തോന്നാവുന്നതാണ്. എന്നിട്ടും ഇതാദ്യത്തേതെന്ന മട്ടിൽ അതിനോട് പ്രതികരിയ്ക്കുന്നു.. പതുക്കെ പതുക്കെ, നിസംഗതയാണ് ഈ കാലമർഹിക്കുന്ന പ്രതികരണമുറ എന്ന് തീരുമാനിച്ചുറപ്പികേണ്ടി വരുന്നു. ഒരു സ്റ്റോറി ബോർഡിന് അപ്പുറത്തേക്ക്, ഒരു സ്ക്രിപ്റ്റിന് അപ്പുറത്തേക്ക് , ചില വിസ്മയങ്ങൾ കാത്തുവയ്ക്കാൻ, ചില വിപ്ലവങ്ങൾ കരുതി വയ്ക്കാൻ കാലത്തിനും കഴിയാതെ പോകുന്നു.' ഇങ്ങനെ എന്നോട് സംസാരിച്ച വനിതാ റിപ്പോർട്ടർ പവിത്രയായിരുന്നു .
പ്രായോഗികബുദ്ധിയുള്ള പെണ്ണ്. ഒരാളെയും നോവിച്ചില്ല; ഒരു പരിധിക്കപ്പുറം ഒരു കാര്യത്തേയും ഹൃദയത്തോട് ചേർത്തു വച്ചില്ല. ചില നിസ്സഹായതകളോട് സ്വകാര്യമായ് പ്രതികരിച്ചു:
'ഷണ്ഡന്മാരുടെ മക്കൾക്ക് പിറന്നവർ.. ഒരു ദേശമതിന്റെ നിവാസികളെ അങ്ങനെയാക്കിക്കളഞ്ഞിരിക്കുന്നു. നല്ല മക്കളെ ജനിപ്പിക്കാനാകാതെ കഴിവുകെട്ടകാലവും !' 


രണ്ടാമത്തെ കഥ, ' ഓടിത്തോറ്റ പെണ്മക്കൾ' തുടങ്ങിയത്:
'ഇലകൊഴിഞ്ഞ മരം പോലെ,
സ്വപ്നങ്ങളില്ലാതെ നഗ്നയാണ് ഞാന്‍..'
എന്ന വരികളിലാണ്‌.

അതിൽ മറ്റൊരു പവിത്രയെ കാണാം. പ്രമീള  എന്ന അത്‌ലറ്റ്.
വേഗതയുള്ള പെണ്ണ്. ഒരാളെയും നോവിച്ചില്ല; വലിയ ദൂരങ്ങൾ ഓടി ജയിക്കണമെന്ന സ്വപ്നം ഹൃദയത്തോട് ചേർത്തു വെച്ചു. പരീശീലനത്തിന്റെ പുലർകാലത്തൊരു ദിവസം അപരിചിതനായ ആരുടേയോ ഒപ്പം ഓടി ജയിക്കാന് കഴിയാതെ,
'നിന്റെ ആണത്തം ഇങ്ങനെ ആയിപ്പോയല്ലോ..' എന്ന് സഹതപിച്ച് ശരീരം മുഴുവൻ മുറിവുകളുമായി മത്സരമവസാനിപ്പിച്ചു.
ആദ്യമൊരു വാർത്തയും പിന്നെ ഒരോർമ്മയും അതും കഴിഞ്ഞ് മറവിയുമായ്  അങ്ങനെ പ്രമീള രൂപാന്തരപ്പെട്ടു. ഓടിത്തോറ്റ പെണ്മക്കൾ !
' ഒരു റിലേ ഓടിത്തീർക്കുന്ന സ്ട്രാറ്റജിയാണ് ക്രൈമിനു ശേഷം പ്രയോഗിക്കുന്നത്.' കഥ ഇങ്ങനെ തുടരുന്നു: ' ഒരോ ലാപ്പും ബുദ്ധിപൂർവ്വം ഓടിത്തീക്കാൻ പരിശീലനം കിട്ടിയവരോട് അവിചാരിതമായി മത്സരിക്കേണ്ടി വരുന്നു ചിലർക്ക്. ഒരു ക്രൈമിന്റെ ബാറ്റൺ അങ്ങനെ കൈമാറുകയാണ്, അവസാനിക്കാത്ത ലാപ്പുകൾ. എവിടെ നിന്നോ നല്ല രക്തത്തിൽ പിറന്ന ചിലർ വരും ; മത്സരിയ്ക്കും! എന്നാലും ചില ലാപ്പുകൾ ഓടിപ്പൂർത്തിയാക്കാൻ കഴിയാതെ ചിലർ മത്സരത്തിന്റെ ചരിത്രത്തിൽ നിന്നേ അപ്രത്യക്ഷരായിപ്പോകുന്നു. ചിട്ടയായ് പരിശീലിക്കപ്പെട്ട എണ്ണമറ്റയാളുകൾ തയ്യാറായി നില്ക്കുന്ന ടീമിനോടാണ് മത്സരിയ്ക്കുന്നതെന്നോർക്കണം.'

ഇനിയും എട്ട് കഥകളുണ്ട്.
പക്ഷേ ഇനി എനിക്ക് കഥ കേൾക്കണ്ട. എന്റെ കൂട്ടുകാരൻ അടുത്ത സ്റ്റേഷനിൽ നിന്ന് കയറും. ഇന്നലെ രാത്രി അവനെനിക്ക് ഒരു കഥ ഫോണിലൂടെ കേൾപ്പിച്ചു തന്നിരുന്നു.

'നിന്നിൽ ധ്യാനം.
എന്നിൽ ഒരു ശംഖോളം വാക്കുകൾ.
നീ
കാതോർത്താൽ
മാത്രം
ഏഴുകടലിരമ്പം ... '

'ഹെസ്സേയുടെ കപ്പൽ' എന്ന ആ കഥയിലെ ഈ വരികൾ ഞങ്ങൾക്ക് അത്രമേൽ പ്രിയപ്പെട്ടതായിരുന്നു.
നിറങ്ങൾ കൊണ്ടാണ് ആ കഥ എഴുതപ്പെട്ടിട്ടുള്ളത്. ആകാശത്തിന്റെ, കടലാഴങ്ങളുടെ നിറമുള്ള കഥ. റോസ്ലിന്റെ പ്രണയത്തിരയിൽ ഒരു ശംഖെന്നവണ്ണം ശബ്ദമടക്കിക്കിടക്കുന്ന ഹെസ്സേ എന്ന നാവികൻ.

അടുത്ത സ്റ്റേഷൻ. ഇവിടെ എന്റെ കൂട്ടുകാരനുണ്ടാകും.
സോഷ്യൽ നെറ്റ് വർക്കുകളിൽ ഗൂഢമായ, അടയാളങ്ങൾ പതിപ്പിക്കാത്ത, ആരുടേയും ശ്രദ്ധയാകർഷിക്കാത്ത സന്ദർശനങ്ങൾ. ഫോൺസംഭാഷണങ്ങൾ, ഇ-മെയിലുകൾ. അങ്ങനെ കുറച്ചു മാസങ്ങളായുള്ള പരിചയം.
ലേഡീസിൽ നിന്ന് എനിക്ക് ജനറൽ കമ്പാർട്ട്മെന്റിലേക്ക് മാറി കയറേണ്ടതുണ്ട്. അങ്ങനെയാണ് ഞങ്ങൾ പറഞ്ഞു വെച്ചത്.

പക്ഷേ ഞാൻ മാറിക്കയറേണ്ടതുണ്ടോ?
ഒരു പരിധിക്കപ്പുറം ഈ സൗഹൃദത്തെ ഹൃദയത്തോട് ചേർത്ത് വയ്ക്കേണ്ടതുണ്ടോ?

ഒരു കഥയിലെ ഹെസ്സേ മറ്റൊരു കഥയിലെ വിശാൽ ആകാം. ഹെസ്സേയുടെ റോസ്ലിൻ, വിശാലിന്റെ ശർമ്മിളയാകാം. ഒരു കഥയിലെ ശർമ്മിള മറ്റൊരു കഥയിൽ പ്രമീളയോ പവിത്രയോ ആകാം. പല സംഭവങ്ങളിലും പേരുകൾ, ദേശങ്ങൾ മാറുന്നെന്നല്ലേയുള്ളൂ. അല്ലെങ്കിലും അതല്ലേ ഇപ്പോഴത്തെ പതിവ്.

' നോക്കി നോക്കി നിൽക്കെ,
മാഞ്ഞ് മാഞ്ഞു പോകുന്ന കപ്പലാകുന്നു പ്രണയം! ' :
ഇപ്പോൾ എന്തുകൊണ്ടോ  ഹെസ്സേ ഇങ്ങനെ പറയുന്നു.


കുറച്ചുനേരത്തേക്ക് എന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയി കിടക്കട്ടെ.

Monday, January 28, 2013

വീട്, വില്പനയ്ക്ക് വച്ചിരിക്കുന്നു.

വാതിലുകള്‍ പൂട്ടാത്തൊരു വീട്. ഇത് വില്‍ക്കാനുള്ളതല്ല.
ചെന്നു കയറിയപ്പോള്‍ എവിടെയോ വായിച്ച,
'ചിലര്‍ നമ്മെ സ്നേഹിച്ചിരുന്നില്ലെന്ന് വിശ്വസിയ്ക്കാനാണ് പ്രയാസം.' എന്ന വാചകം ഓര്‍മ്മവന്നു.
കഥ ഏതെന്ന് ഓര്‍മ്മയില്ല. ചില കഥകളുണ്ട്, ഏത് വാചകത്തിലൂടെയും അതിലേക്ക് കയറിച്ചെല്ലാം. വഴി തെറ്റിപ്പോകാനിടയില്ലാത്തൊരു വീടിനുള്ളം പോലെ, അവിടെ നമ്മെ കണ്ടു മടങ്ങാം. കഥയെഴുത്തുകാരികളായ നാലു സുന്ദരികളുടെ ഇടയിലിരുന്നാണ് കഥാകാരന്‍ അന്ന് ആ വരി  പറഞ്ഞത്.
നല്ല കഥയെന്ന് നാലു വട്ടം കേട്ടു.
അവര്‍ എന്നെക്കുറിച്ചും നല്ല വാക്കുകള്‍ പറഞ്ഞു.
അവര്‍ പോയ്ക്കഴിഞ്ഞപ്പോള്‍ ; അവരോട് അകല്‍ച്ച എന്തെന്ന് ചോദിച്ചു, എന്റെ കഥാകാരന്‍.
ഞാന്‍ ചിരിച്ചു: എനിക്ക് പെൺകൂട്ടങ്ങളെ ഭയമാണ്; അവരുണ്ടാക്കാത്ത കഥകളില്ല!
ഞാന്‍ ചെരുപ്പ് പുറത്തഴിച്ചുവച്ചു.
വീടിനുള്ളില്‍ മാറ്റങ്ങളൊന്നുമില്ല.
പുസ്തകങ്ങള്‍, പൂപാത്രങ്ങള്‍, കിടക്കവിരികള്‍. ഒന്നുമൊന്നും പൊടി പിടിച്ചിട്ടില്ല. സ്ഥാനം തെറ്റിയിട്ടുമില്ല. മുറികളിലെല്ലാം ഒരു വട്ടം കയറി ഇറങ്ങി. കിടക്കയില്‍ ഇരുന്നു. പുസ്തകങ്ങള്‍ മണപ്പിച്ചു.
'ഉറങ്ങുമ്പോള്‍ കവിതകള്‍ക്കിടയിലുറങ്ങുക' എന്നൊരിയ്ക്കല്‍ വായിച്ചു കേട്ടിരുന്നു. അതിങ്ങനെയാണെന്ന് പരിഹസിയ്ക്കാന്‍ പിന്നീട് വരികൾ വായിച്ചു കേൾക്കുമ്പോൾ ചുവരിലെഴുതിയിടുന്നത് പതിവാക്കി.ഇങ്ങനെയും ഉറങ്ങാം, എഴുതിവെച്ച ചുവരുകൾക്കിടയിൽ. അതെല്ലാം അവിടെത്തന്നെയുണ്ട്. അല്ലെങ്കിലും എന്റെ കയ്യക്ഷരങ്ങള്‍, അത്രവേഗം മാഞ്ഞു പോവുകയില്ല.പൂട്ടിയിട്ടിരിക്കുന്ന വീട്. വില്പനയ്ക്ക് വച്ചിരിക്കുന്നു.
വന്നുകയറുമ്പോള്‍ വാതില്‍ തുറന്നു തരാനെന്നും ഉണ്ടാകുമെന്ന് പറഞ്ഞവള്‍ പിണങ്ങിപ്പോയിരിക്കുന്നു.
എന്നാലും ഇടയ്ക്കൊന്നു വന്നു നോക്കും, വീട്ടിനകത്ത് കയറില്ല.
പൂട്ടാനും അടയ്ക്കാനും താക്കോല്‍ സൂക്ഷിക്കാനും വയ്യ, പണ്ടേ അങ്ങനെ ആണ്.
എല്ലായിടവുമൊന്ന് ചുറ്റിക്കറങ്ങും. തൊടിയില്‍ മരങ്ങളുണ്ട്,വെയില്‍ നിഴലാക്കി മാറ്റിക്കളയുന്നവ.കിണറ്റില്‍ നിറയെ വെള്ളവും.ഏതെങ്കിലുമൊരു മരച്ചുവട്ടില്‍ നിഴലായിങ്ങനെ കിടക്കാം. സ്ഥലം വാങ്ങാനെന്ന് പറഞ്ഞു വരുന്നവര്‍ ചവുട്ടിക്കടന്നു പോകും. സ്വയം നിന്ദ തോന്നും;ചിലനേരങ്ങളില്‍ അസഹ്യമായ ആഹ്ലാദവും.വില്പനയ്ക്ക് വച്ചിരിക്കുന്ന വീടല്ലേ, പലരും വരും.
ആരെങ്കിലുമുണ്ടോ വീട്ടിനുള്ളില്‍ എന്ന് വരുന്നവരെല്ലാം ചോദിക്കും. പൂട്ടിക്കിടക്കുകയല്ലേ വീട്,ആര് കയറാനാണ്.
വേണമെങ്കില്‍ തുറന്നു കാണിയ്ക്കാം.
മുറിയൊക്കെ കാണാലോ!
ഒന്നു വൃത്തിയാവട്ടെ എന്നു കരുതി ഞാൻ തന്നെ ആളുകളെ നിർത്തി വെള്ളപൂശീയതാണ്. സാറും പറഞ്ഞു. അത്രയ്ക്ക് അഴുക്ക് പിടിച്ചിരുന്നു ചുവരുകൾ. സാറിന്റെ മകനായിരുന്നു താമസിച്ചിരുന്നത്. ഭാര്യയുമുണ്ടായിരുന്നു.  ഈ വീട് എത്രയെങ്കിലും വേഗം വിറ്റുകിട്ടിയാൽ മതിയെന്നാ. ആള് താമസമില്ലാത്ത വീട് നോക്കിക്കൊണ്ട് പോകുന്നതും ഒരു ബാധ്യതയാണേ. എന്നാലും കിട്ടുന്ന വിലയ്ക്കങ്ങ് കൊടുക്കാൻ പറ്റുമോ!ഈ ഭാഗത്തൊക്കെ സ്ഥലത്തിനിപ്പോൾ എന്താ വില.
എനിക്കറിയാം,അങ്ങനെ ഒന്നും നടക്കില്ല വസ്തു വില്‍ക്കലും വാങ്ങലും.
ഒരോ മണ്ണിലും അതിനുടമസ്ഥനായിരിക്കേണ്ടത് ആരെന്നുണ്ട്. ഒരോ ധാന്യത്തിലും അത് ഭക്ഷിക്കേണ്ടവന്റെ പേരുണ്ടെന്ന് പറയുന്നത് പോലെ. അങ്ങനയേ അത് കൈമാറിപ്പോകൂ.അങ്ങനെ കേട്ടിട്ടില്ലേ?ആരാ പറഞ്ഞത്? ചിലപ്പോ സാറിന്റെ മകൻ തന്നെയായിരിക്കും. അറിയില്ലേ  , കഥയൊക്കെ എഴുതീരുന്നു..സാറിനതൊന്നും ദൃഷ്ടിക്ക് കണ്ടൂടാ.. .വീട് നിറച്ചും പുസ്തകങ്ങളായിരുന്നു,എവിടെയെങ്കിലും കൊണ്ടുപോയി കളയാൻ പറഞ്ഞു സാറ്.വാതിലുകള്‍ പൂട്ടാത്തൊരു വീട്. ഇത് വില്‍ക്കാനുള്ളതല്ല. ഈ വീട് ഉപേക്ഷിച്ചതെന്തിനാണെന്ന് എനിക്ക് എപ്പോഴും ഖേദം. എത്ര ഓര്‍മ്മകളുണ്ട് വീടിന് ചുവരുകളായി.കഥകള്‍ പറഞ്ഞു പറഞ്ഞാണെങ്കിലും ഈ വീടിനെ വാതിലുകളും ചുവരുകളുമില്ലാതാക്കി മാറ്റിയല്ലോ നന്നായി!
എപ്പോള്‍ വേണമെങ്കിലും വന്നു കയറാം.
ചുവരില്‍ പലയിടങ്ങളില്‍ കാണാം കഥാകാരന്റെ പ്രിയപ്പെട്ട വാചകങ്ങള്‍. അരിശം തോന്നിയിട്ടുണ്ട് തത്ത്വചിന്ത കേള്‍ക്കുമ്പോഴൊക്കെ. അതിനാല്‍ എഴുതി വെച്ചതാണ് ! കാണുമ്പോള്‍ കാണുമ്പോള്‍ വെറുത്തു പോകേണ്ടതല്ലേ !മറുപടിയില്ലാത്ത ചോദ്യങ്ങള്‍ വാതിലുകളടച്ചിട്ട വീട് പോലെയാണ്.
നിന്റെ എത്ര ചോദ്യങ്ങള്‍
ഉത്തരം പറഞ്ഞിരുന്നോ ഞാന്‍.
മറുപടിയില്ല എനിക്ക്.
ഈ വീടൊന്ന് വിറ്റുപോകണം, എന്നിട്ട് വേണം ഒന്ന് സ്വതന്ത്രനായ് ഊരുതെണ്ടാന്‍! എന്നിട്ടലഞ്ഞ് തിരിഞ്ഞ് നിന്റെ അടുക്കല്‍ തന്നെ വന്നുചേരണം. കഥകളുടേയും കവിതളുടേയും മേല്‍ വിലാസമില്ലാതെ , ഫിലോസഫിയെന്ന ആരോപണങ്ങളില്ലാതെ; നിന്റെ പിണക്കത്തിന്റെ കുറുമ്പുകളുടെ വാചകങ്ങള്‍ ഓര്‍ത്തെടുക്കാന്‍.
എന്നാലും പെണ്ണേ, ഒഴിഞ്ഞ മുറികള്‍ക്കെന്തിനാണ് കാവല്‍ക്കാരന്‍? ഈ വീട് നിന്റെ ആഗ്രഹമായിരുന്നു. എന്നിട്ട് ഒരു പിണക്കത്തിന് അങ്ങിറങ്ങിപ്പോകണമായിരുന്നോ ? തിരികെ വിളിയ്ക്കാന്‍. വന്നതല്ലേ ഞാന്‍..  എന്നിട്ട് പാതിദൂരം ചെന്നപ്പോഴേക്കും പിരിഞ്ഞു പോയെന്നോ? ആദ്യം മരിച്ചു പോയത് ആരായിരുന്നു; നീയോ ഞാനോ? നിന്റെയുള്ളിലെ നീയും ഞാനും കലര്‍ന്നവനോ?വരൂ ഇതു തന്നെയാണാ വീട്.
വില്പനയ്ക്ക് വച്ചിരിക്കുന്ന വീട്.
വേണമെങ്കില്‍ തുറന്നു കാണിയ്ക്കാം.
മുറിയൊക്കെ കാണാലോ!വേണ്ടെന്നോ?
കേള്‍ക്കുന്നതിലൊന്നും ഒരു കാര്യവുമില്ല, ഈ വീടിനങ്ങനെ കുഴപ്പമൊന്നുമില്ല.
അല്ലെങ്കിലും എന്ത് കുഴപ്പമുണ്ടാകാനാ!  പറഞ്ഞുണ്ടാക്കുന്ന ഒരോരോ കഥകളേ! അല്ലെങ്കിലും ഈ കഥകളൊന്നും വിശ്വസിക്കരുത്!ഇവിടെ മുന്‍പ് താമസിച്ചിരുന്നവരൊരപകടത്തില്‍ മരിച്ചു പോയി. ശരിതന്നെ. അത് ഈ വീട്ടിന്റെ കുഴപ്പം കൊണ്ടാണെന്നൊക്കെ പറഞ്ഞു നടന്നാല്‍..ഇതൊക്കെ ഇക്കാലത്താരെങ്കിലും വിശ്വസിയ്ക്കുമോ.അന്ന് ആ ബസ്സ് അപകടത്തില്‍ എത്ര പേര്‍ മരിച്ചു. ഈ പ്രോപ്പര്‍ട്ടീടെ ഡിമാന്റ് കുറയണം, ഈ റിയലെസ്റ്റെറ്റുകാരുടെ കളികളല്ലേ.ഇതിപ്പൊ ഇടനിലക്കാരൊന്നൂല്ല..സെന്റിന് രണ്ടേമുക്കാല്..അതില്‍ കൂടുതലേ എന്തായാലും ഉള്ളൂ..ഒരു പാര്‍ട്ടി രണ്ടരവരെയൊക്കെ പറഞ്ഞിട്ട് പോയതേ ഉള്ളൂ....