Wednesday, October 24, 2012

ഗംഗ എന്ന എന്റെ നദി

എവിടെ നിന്നു വരുന്നു എന്ന് ചോദ്യമുണ്ടായാൽ എനിക്ക് പർവ്വതങ്ങളിലേക്കെന്നതു പോലെ അവൾക്ക് നദിയിലേക്കും വിരൽ ചൂണ്ടാം. 
എന്താണെന്നില്ലാതെ എന്തെങ്കിലും ഓർത്തെടുക്കാം എന്നായപ്പോൾ ആദ്യം മനസ്സിൽ തോന്നിയതിതാണ്‌. ഇവളാകട്ടെ ദിവസങ്ങളെത്രെയോ ആയെന്നവണ്ണം നിർത്താതെ സംസാരിയ്ക്കുകയും ചെയ്യുന്നു! നദിയുടെ ശബ്ദത്തിൽ നിന്ന് ഇവളുടെ വാക്കുകൾ വേർതിരിച്ചെടുക്കാൻ ആദ്യം പ്രയാസം തന്നെയായിരുന്നു.

സതിയല്ലെന്ന് മനസ്സിലായി.
സതി വരില്ലെന്ന തിരിച്ചറിവില്ലാതെയാകാനാണ്‌ സ്വയം ഉറങ്ങിക്കിടക്കുന്നത്, എന്നാൽ ഒരോ ഉണർവ്വിലും ആദ്യത്തെ ചിന്ത അതാണ്‌. ആളിപ്പടരുന്ന ചെറു തീനാളം.

എവിടെയോ, കനലുകൾക്കിടയിലെവിടെയോ ഇന്ന് മഞ്ഞു പെയ്യുന്നുണ്ട്.
അതിന്റെ താളമുണ്ട് പെണ്ണിന്റെ ശബ്ദത്തിന്‌ ;
ശ്രദ്ധിച്ചാൽ മൗനവും, നിശബ്ദമായ ഇടവേളകളുമുണ്ട്!
ആവർത്തനങ്ങളുണ്ട്.
കാലങ്ങളായ് ചാരം മൂടിക്കിടക്കുന്ന പഞ്ചേന്ദ്രിയങ്ങളെ ഇവൾ വാക്കുകൾ കൊണ്ട് ശുദ്ധീകരിയ്ക്കുന്നു. ഈ സംഭാഷണങ്ങളിലെ താളത്തിന്‌ ക്രമപ്പെടേണ്ടതാണ്‌ മനസ്സ്.

നദിയെന്ന് വിളിയ്ക്കാം ഇവളെ.


ആകാശത്തിന്റെ നിറഭേദങ്ങക്കൊപ്പം പുടവമാറ്റുന്നവളിലേക്ക് ഉണരണേ എന്ന് ആർത്തനായ്.
അങ്ങനെ ഉറപ്പിച്ചാണ്‌ കണ്ണ്‌ തുറന്നത്.
പക്ഷേ ഭസ്മത്തിന്റെ നിറമാണാകാശത്തിന്‌.
കാലങ്ങളായ് പ്രകാശം കാണാത്തവന്റെ ഉൾഭയം.
ക്രോധം, നിസ്സഹായത, ഏകാന്തത, വിഷാദം, വിദ്വേഷം - ഇവയ്ക്കിടയിൽ ഒരു ദീപനാളം കത്തിച്ചു വയ്ക്കുന്നതെങ്ങനെ? സ്നേഹത്തിന്റെ പ്രകാശം കാണുന്നതെങ്ങനെ? പൊള്ളുന്ന കാലത്തിൽ, വേനൽ കനത്ത ശ്വാസത്തിൽ, വറ്റിപ്പോയ പ്രവാഹങ്ങളിൽ ശിലപോലെ ഉറച്ചുപോയവന്റെ ഉള്ളിൽ വാക്കുകളെവിടെ?
എല്ലാം ചാരമായിപ്പോയ നിമിഷത്തിൽ , ഉപേക്ഷിക്കപ്പെട്ടവനായതിന്റെ മുറിവുകളിൽ ആർത്തലച്ച ശബ്ദപ്രവാഹം എന്തായിരുന്നു?
പ്രപഞ്ചഗോളങ്ങൾ പോലെ ശബ്ദങ്ങൾ ചുറ്റിലുമുണ്ട്; അതിൽ വാക്കുകളുടെ ഭ്രമണ പഥത്തിലേക്ക് കയറുന്നതെങ്ങനെ?
ആരിലായിരുന്നു തപസ്സ്?
ആരിലായിരുന്നു ധ്യാനം?
ആരുടെ ശ്വാസവേഗത്തോട് ചേർന്നു നില്ക്കുകയായിരുന്നു മന്ത്രോച്ചാരണങ്ങൾ!

ഇവൾ വിളിയ്ക്കുന്നു: ശങ്കരാ!!
പേരുപോലും മറന്നുപോയേക്കാവുന്നവനോട് ആത്മബലത്തിലേക്ക് തിരിച്ചു നടക്കാൻ പറയുന്നു, 
ക്രോധം ഉപേക്ഷിയ്ക്കാൻ!
ഉള്ളിലെ അഗ്നികുണ്ഡങ്ങളത്രയും ഇവളിലുപേക്ഷിയ്ക്കാൻ.

ഇവൾ പറയുന്നു, ദിവസങ്ങളേറെയായ് എന്നെയീ മണൽത്തിട്ടയിൽ കാണുന്നുവെന്ന്.
പല രാത്രികൾപകലുകളങ്ങനെ മൗനമായും മിണ്ടിപ്പറഞ്ഞും കൂട്ടിരുന്നത്രേ.
അടുത്തെവിടെയോ ഒരു കൊടുംങ്കാട് കത്തിയമരുന്ന വണ്ണം പഞ്ചഭൂതങ്ങൾ ചുവന്നു തിളച്ച ഒരുച്ചനേരത്ത് ആണത്രേ ആദ്യം കണ്ടത്. ദൂരെനിന്ന് നോക്കുമ്പോൾ നെടുനീളത്തിലൊരു പാറക്കഷ്ണം കരയ്ക്കടിഞ്ഞതുപോലെ! ശരിയാവണം, നദിയുടെ ഗതിവേഗം തന്നെയാവണം ഇത്രയും ദൂരം കൊണ്ടു വന്നതും തീരത്തുചേർത്തുറക്കിയതും.
ഉണർന്നത് പക്ഷേ ഏത് കാലത്തിലേക്കാണ്‌? ആരിലേക്കാണ്‌?
ഏതേത് കഥകൾക്കിടയിലേക്കാണ്‌?
ചുട്ടുപഴുത്ത ഓർമ്മത്തീരങ്ങളെ ഓളങ്ങളെന്നപോലെ സ്പർശിയ്ക്കാനിവൾക്ക് കഴിയുന്നു.
കേട്ടിരിക്കാൻ കഴിയുന്നു; 

എനിയ്ക്കും ശാന്തനാകാൻ കഴിയുന്നു.
ശങ്കരാ എന്ന് എത്രവട്ടം വിളിക്കുന്നു!
എല്ലാചരാചരങ്ങളും ഭസ്മമായിപ്പോകട്ടേ എന്ന്,
എല്ലാ ജ്ഞാനവും അസ്തമിയ്ക്കട്ടേ എന്ന് ക്രോധത്തിന്റെ കൊടുമുടിയിലും ആഗ്രഹിച്ചിട്ടില്ല;
സ്വയം ഉപേക്ഷിക്കുക മാത്രമാണുണ്ടായത്.
എങ്കിൽ; ശാന്തതയിലേക്ക് ,ധ്യാനത്തിലേക്ക്, ജ്ഞാനത്തിലേക്ക് തിരിച്ചു പോകാൻ മാർഗ്ഗങ്ങളുണ്ടെന്ന് ഇവൾ ഓർമ്മിപ്പിക്കുന്നു.
ഏതായാലും ഇവൾക്ക് ഞാൻ അപരിചിതനല്ല. ഇവളെ കേട്ടിരിയ്ക്കുക!
ഇവൾ നദിയാണ്‌.
മഹാഗുരുവേ എന്ന് പ്രണവമന്ത്രം കാതിൽ ചൊല്ലുന്നു.


എന്നിലൂടെ, വർത്തമാനത്തിലൂടെ ഇവൾ കാലാന്തരങ്ങളിലേക്ക് ഒഴുകാനാഗ്രഹിയ്ക്കുന്നു.
എന്നിലെ മൗനത്തിന്‌ ഇവൾ വാക്കുകൾ നല്കുന്നു.
എന്റെയുള്ളിലെന്നോ അവളുടെ ശബ്ദമെന്നോ ഇഴവേർപെടുത്താതെ ഇവളെയും എന്നേയുമറിയുന്നു. 

കണ്ണടച്ച്, കേട്ടു കിടന്നു.
ഒരു ശംഖിന്റെ അദൃശ്യമായ വാതിൽ പതിയെ തുറന്ന് സ്നേഹം നിറഞ്ഞ വാക്കുകൾ ബോധമണ്ഡലത്തിൽ പുനർജനിക്കുന്നു.
വിശ്വാസങ്ങളുടെ ചുവരെഴുത്തുകൾ തെളിഞ്ഞു വരുന്നു;
പ്രപഞ്ചത്തിനു പ്രിയമായ സ്നേഹവാചകങ്ങൾ.

എന്നിൽ നിന്ന് എന്നിലേക്ക്.
എന്നിലെ നിന്നിൽ നിന്ന് സർവ്വചരാചരങ്ങളിലേക്കും.. 

പ്രകൃതിയ്ക്ക് ഒരു താളമുണ്ട് ;ഒരു ഊർജ്ജവിന്യാസമുണ്ട്. പകയുടെ, വിദ്വേഷത്തിന്റെ, നിരാശയുടെ, ക്രമമില്ലായ്മയ്ക്കിടയിലും ; ശാന്തിയുടെ, സ്നേഹത്തിന്റെ സൂക്ഷ്മകണങ്ങളെ അത് ചേർത്തു വയ്ക്കുന്നു.
ലോകത്തെ
വേർതിരിവുകളില്ലാതെ,
ന്യായ-അന്യായങ്ങളില്ലാതെ,
ജയപരാജയങ്ങളില്ലാതെ സ്വീകരിയ്ക്കാൻ കഴിയുന്നു.
ക്രമം തെറ്റിയെന്ന് തോന്നിയിടങ്ങളിലൊക്കേയും തിരിച്ചുവരവുകളുടെ അപൂർവ്വമായ സാധ്യത അത് കാണിച്ചു തരുന്നു.
ആദിയിലേക്ക്,
അതതുകാലത്തെ നന്മകളിലേക്ക് എത്തിച്ചേരുന്നു.

പലദിവസങ്ങളങ്ങനെ.

എങ്കിലും ചിലനേരത്ത് സതി അഗ്നിയാകുന്നു.
മുറിവുകൾ ലാവപോലെ പൊള്ളിക്കുന്നു.
സകലം ഭസ്മമാകുന്നു.
നിസ്സഹായനും നിഷ്കാസിതനുമാകുന്നു..
ആർത്തനാകുന്നു.
ശേഷിയ്ക്കുന്ന നന്മകളും അസ്തമിയ്ക്കുന്നു.
ഉറക്കെ ഉറക്കെ കരഞ്ഞു ഞാൻ.
വീണ്ടും വീണ്ടും.
ഉള്ളിലെത്രകാലമായ് ഇങ്ങനെ എന്റെ ശബ്ദം എന്നെ ഭയപ്പെട്ടു നിശബ്ദമാകുന്നു.

ഇന്ന് ഇവളുടെ മുന്നിൽ ഞാൻ സ്വതന്ത്രനാകുന്നു.
‘ശങ്കരാ’ എന്ന് ഇവൾ എന്നെ മാറോട് ചേർത്തുവയ്ക്കുന്നു.
ഇവളുടെ കണ്ണുകളും നിറയുന്നു; എന്നിൽ കാലങ്ങളോളം പെരുകിയ കനലുകളെ കെടുത്തുന്നു.
ചുട്ടുപഴുത്ത ഉടലിൽ,വെളിച്ചം കെട്ട കണ്ണുകളിൽ, വേരുകൾപോലെ ദൃഢമായ മുടിയിൽ,വിരലുകളുടെ കയറ്റിറക്കങ്ങൾ.
താണ്ഡവമല്ല ഉള്ളിൽ, പതിഞ്ഞ നൃത്തചുവടുകൾ.
തീക്കുണ്ഡങ്ങളല്ല, പകരം സൗഗന്ധികങ്ങൾ.
മഹാപ്രളയമല്ല,കുഞ്ഞോളങ്ങൾ.
നെഞ്ചിന്റെ ഉള്ളിൽ വെളിച്ചത്തിന്റെ ചിരാതുകൾ.
നീ മടങ്ങി വരികയെന്ന ഓർമ്മപ്പെടുത്തലുകൾ.

ഇവൾ ഒരു നദി.
എത്രയോ മഞ്ഞുമലകൾ ഉരുകിപ്പോയതുപോലെ നനഞ്ഞു; നിറഞ്ഞു.
എപ്പോഴൊക്കെയോ കരഞ്ഞു, എപ്പോഴൊക്കെയോ നിറഞ്ഞു ചിരിച്ചു.

അതിനിടയിൽ പല കഥകൾ.
കുസൃതികൾ.
ചോദ്യങ്ങൾ.

മുടി കോതി നെറുകയിൽ കെട്ടിത്തന്നു. എന്തു ഭംഗിയെന്ന് നോക്കാൻ കണ്ണാടിയായി.
നിലാവ് പെയ്യുന്ന രാത്രികളിലൊന്നിൽ പാറക്കെട്ടുകൾക്കിടയിലിരുത്തി അകലേക്കകലേക്ക് പോയി, ചന്ദ്രക്കലാധരനെന്ന് പേരു വിളിച്ചു:
 ' നനഞ്ഞ് തുവർത്താതെ ജടയിൽ നീർകണങ്ങളും ഈ നിലാവും മതി നിന്റെ മുഖമായെന്നും എന്റെ മനസ്സിലെന്ന് ' മോഹം പറഞ്ഞു.
' പൂക്കൾ പറിച്ചെടുത്തണിഞ്ഞ് സുന്ദരിയായില്ലേ ' എന്ന് അന്വേഷിച്ചു.
' നിനക്ക് ചേരുന്നത് നീലയും വെളുപ്പും ശംഖുപുഷ്പങ്ങളെന്ന് ' എന്നിലെ ചിത്രകാരനും ഉണർന്നു; നദിയുടെ നിറമങ്ങനെ അല്ലേ.
അങ്ങനെ എത്രയെത്ര കുഞ്ഞു കുഞ്ഞു കൗതുകങ്ങൾ.

മനസ്സ് ശാന്തമാകുന്നത് വിസ്മയം തന്നെ!
സന്തോഷങ്ങളെ അല്ല, ദു:ഖങ്ങളെ ത്യജിക്കുകയാണ്‌ കഠിനമെന്ന് പാഠം!

ധ്യാനത്തിലേക്ക്,
ജ്ഞാനത്തിലേക്ക്,
തപസ്സിലേക്ക്
തിരിച്ചു പോകാൻ സന്നദ്ധമായെന്ന് എന്നിലെ യോഗിയും അവളും ഒരേ സമയം ഓർമ്മിപ്പിച്ചു.

പിരിയാൻ നല്ല ഇടം സമുദ്ര തീരമാണെന്നവൾ!നദിയല്ലേ, അങ്ങനയേ പറയൂ.

അങ്ങനെ വിരൽ കോർത്തു പിടിച്ച്, വാക്കുകൾക്കൊപ്പം ഒരു ഒഴുക്ക്.
പലദേശങ്ങൾ, ജനപഥങ്ങൾ, കൃഷിയിടങ്ങൾ, പർണ്ണശാലകൾ,യുദ്ധഭൂമികൾ,ശവപ്പറമ്പുകൾ.
ആളുകൾക്കിടയിലേക്ക്, തിരക്കുകളിലേക്ക്, കൗതുകങ്ങളോടെ അവൾ ഒഴുകിപ്പോകും.
' ഒരു ചെറിയ ഭൂപ്രദേശത്തിന്റെ കണ്ണീരുപോലെ ശുഷ്കമായ നീർച്ചാല്; നിന്റെ അന്വേഷണങ്ങളിലൂടെ,ജിജ്ഞാസയിലൂടെ, അറിവിലൂടെ,സ്നേഹനന്മകളിലൂടെ,നിന്നെയറിഞ്ഞ്, നിന്നിലൂടെ, ഒരു മഹാനദിയായ് പിറക്കുന്നതിന്റെ വിസ്മയങ്ങൾ' എന്ന് ഇവളെന്റെ ഭാഗമാകുന്നു. എന്റെ ഓർമ്മകളുടെ, പ്രത്യക്ഷരൂപത്തിന്റെ ഒരംശം.

ചിലനേരങ്ങളിൽ ഞങ്ങൾ സമാനരായി.
ചിലനേരങ്ങളിൽ വിഭിന്നരും.
എല്ലാറ്റിനും സാക്ഷിയാകാനായിരുന്നു എന്റെ ഊഴം.
അവളുടേതോ, എല്ലാറ്റിന്റേയും ഭാഗമാവാൻ. എല്ലാം അവളിൽ പ്രതിഫലിച്ചു.

' എല്ലാവരേയും എല്ലാ അനുഭവങ്ങളേയും എനിക്ക് ഉള്ളിലേക്കെടുക്കേണ്ടി വരുന്നെന്ന്  ' അവൾ!

ചിലദിവസങ്ങളിൽ അവളെ കാണാതെയാകും.
അവളുടെ ഓർമ്മകൾ എന്നിൽ നിറയുമ്പോഴേയ്ക്കും ആവലാതികളോടെ തിരിച്ചു വരും.

'ഏറ്റവും ചഞ്ചലമായ ഒന്നിന്‌, ക്ഷണികമായ ഒന്നിന്‌, നിയന്ത്രണങ്ങളില്ലാതിരിയ്ക്കാൻ ആഗ്രഹിയ്ക്കുന്ന ഒന്നിന്‌, എന്നാൽ ഒന്നിൽ നിന്നും അകന്നുപോകാനോ ഒന്നിലേക്കൊട്ടിച്ചേരാനോ കഴിയാത്ത ഒന്നിന്‌ , മടങ്ങിക്കയറിച്ചെല്ലാൻ ഒരിടം വേണം ; ഒരു യോഗിയുടെ, വൈരാഗിയുടെ മനസ്സുപോലെ അതിനു പറ്റിയതായി മറ്റൊന്നില്ല ' എന്ന് ആവർത്തിച്ചാവർത്തിച്ച് ഓർമ്മപ്പെടുത്തും.

നീ എങ്ങനെയോ അങ്ങനെ എന്ന് ഞാനും; 
ഒരു പർവ്വതം അതിലുത്ഭവിച്ച നദിയോട് എങ്ങനയൊ - അങ്ങനെ നിന്നിൽ ഞാനുണ്ടായിരിക്കുമെന്ന്.

ഒരു അനുഭവവും അസ്വാഭാവികമല്ല.
ജയപരാജയങ്ങൾ സമാനമാവുകയും മരണഭീതി ഇല്ലാതാവുകയും ചെയ്യുന്നിടത്ത് ജീവിതം സ്വഛന്ദമാകുന്നു; സരളമാകുന്നു.

എന്റെ മനസ്സിപ്പോൾ ശാന്തമാണ്‌. 
ഉപേക്ഷിയ്ക്കാനും സ്വീകരിയ്ക്കാനും എനിക്കൊന്നുമില്ല!


കടൽ തീരത്ത് അവൾ ശംഖുകൾ പെറുക്കിക്കൂട്ടി. ചിപ്പികൾ ചേർത്തുവെച്ച് പാദസരമാക്കി.
കലപിലയെന്ന് വിശേഷങ്ങളായി.
സമുദ്രസ്നാനം ചെയ്ത് കയറി വന്നപ്പോൾ വീണ്ടും അവളില്ല.

അവളെ നെഞ്ചോടൊന്ന് ചേർത്ത് നെറുകയിൽ ഉമ്മവെച്ചു യാത്രപറയാമെന്ന് കരുതിയാൽ, ഈ തിരമാലകൾക്കിടയിൽ അവൾ എവിടെയാണ്‌ ?

1 comment:

  1. ശിവനും ഗംഗയും മനോഹരമായ സങ്കല്‍പ്പമാണ്. ശിവനെ ആദ്യത്തെ പ്രകൃതി സ്നേഹിയായ മനുഷ്യന്‍ എന്ന് ഒരിക്കല്‍ എന്റെ ഒരു സുഹൃത്ത് വിശേഷിപ്പിച്ചത്‌ ഓര്‍മ്മവന്നു. ആകാശത്തില്‍ നിന്നും ഭൂമിയിലേക്ക്‌ പതിക്കുന്ന ഗംഗയെ തന്റെ ജടയില്‍ സ്വീകരിച്ചു ഭൂമിയിലേക്ക്‌ ഒഴുക്കി വിടുന്ന ശിവന്‍. ലിഡിയയുടെ കഥയില്‍ പക്ഷെ ആ ഒരു കാഴ്ചയല്ല. ശിവന്റെ ക്രോധങ്ങള്‍ തണുപ്പിക്കുന്ന ശിവനിലേക്ക് നിറയുന്ന പുണ്യമാണ്. അവന്റെ മുറിവുകള്‍ ഉണക്കി, അവയില്‍ അമൃത് പുരട്ടി ഒഴുകുന്ന ഗംഗ. മനോഹരമായിരിക്കുന്നു ചങ്ങാതി.

    ReplyDelete