Wednesday, October 24, 2012

എന്നിൽ നീ നിറയുമ്പോൾ


എന്നിൽ നീ നിറയുമ്പോൾ
ഞാൻ ഒഴുകിത്തുടങ്ങും.

ഇന്നിടത്താണെന്ന് പറയാൻ വയ്യ,
തിരഞ്ഞെത്തുമ്പോഴേക്കും മറ്റൊരിടത്താകും;
തിരഞ്ഞെത്താതെ വരുമ്പോൾ അന്വേഷിക്കും.
എന്നാലും ഒഴുകിയകലുന്നെന്നേ നീ പറയൂ.

എല്ലാ പ്രവാഹങ്ങളും അങ്ങനെയല്ലേ?
നമ്മിലേക്കാണെന്ന് തോന്നും
നമ്മുടേത് മാത്രമാവില്ല;
നമ്മുടെതല്ലാതാവുകയുമില്ല.

ഒഴുകുന്ന ഒന്നിനും,
മഴയ്ക്കും പുഴയ്ക്കും കാറ്റിനും
തന്റേതെന്ന് ഉറപ്പിയ്ക്കാൻ ഒന്നുമുണ്ടാവില്ലല്ലോ
തന്റേതല്ലെന്ന് പറഞ്ഞ് ഒന്നിൽ നിന്നും ഒഴിയാനുമാവില്ലല്ലോ!

പ്രിയപ്പെട്ടവനേ
ഒഴുകുകയാണ്‌,നിറഞ്ഞ്-
നിന്നിലൂടെ
എന്നിലേക്ക്.

ഒന്നുമില്ല;
സ്വന്തമാക്കാനും കൊടുത്തേല്പിക്കാനും
തിരിച്ചെടുക്കാനും കൈവിട്ടുകളയാനും.

ഒന്നുമുണ്ടാവരുത്; ഒഴുകുകയല്ലേ?

5 comments:

  1. കൂട്ടുകാരീ..........
    വാക്കുകളിലൂടെ മാത്രമേ പരിചയമുള്ളൂ.
    എന്നാലും അങ്ങനെ വിളിക്കാനെ തോന്നുന്നുള്ളൂ.
    ഈ വാക്കുകള്‍ ഏറെയിഷ്ടം.
    ഈ പോസ്റ്റും അതിലേറെ ഇഷ്ടം.
    എനിക്കൊരു കാര്യം ചോദിക്കാനുണ്ട്.
    വിരോധമില്ലെങ്കില്‍ മെയില്‍ ഐ ഡി ഒന്ന് തരാമോ?

    ReplyDelete
  2. ഭാഗീരഥി വായിച്ചിട്ട് ഇത് വായിക്കുമ്പോള്‍, ഈ കവിതയുടെ വിപുലീകരണം ആണ് ഭാഗീരഥി എന്ന് തോന്നിപ്പോകുന്നു.

    ReplyDelete
  3. അങ്ങനെ തന്നെയെന്ന് ഞാനും :-)
    ഇത് മുൻപ് ഫെയ്സ്ബുക്കിൽ എഴുതിയ ചുവരെഴുത്താണെങ്കിലും

    ReplyDelete
  4. ഒഴുകുന്ന ഒന്നിനും,
    മഴയ്ക്കും പുഴയ്ക്കും കാറ്റിനും
    തന്റേതെന്ന് ഉറപ്പിയ്ക്കാൻ ഒന്നുമുണ്ടാവില്ലല്ലോ
    തന്റേതല്ലെന്ന് പറഞ്ഞ് ഒന്നിൽ നിന്നും ഒഴിയാനുമാവില്ലല്ലോ!

    This is the truth in nutshell

    ReplyDelete