Saturday, November 12, 2011

ഞങ്ങൾ അഞ്ചുപേരും..

കുട്ടികൾ എഴുന്നേറ്റയുടനെ ജഗനെക്കുറിച്ചാണ്‌ ചോദിച്ചത്.

'അങ്കിൾ ഹൈഡ് ആന്റ് സീക്ക് 'കളിക്കാണോ എന്നായിരുന്നു ഉണ്ണിമോൾടെ സംശയം.
അവരിരുവരും ചേർന്ന് വരച്ച് നിറം കൊടുത്ത പേപ്പറുകൾ പിന്നെയവൾ ചേർത്തുപിടിച്ചിരുന്നു.

ജഗൻ അവർക്ക് ചോക്ലേറ്റുകളും പാവക്കുട്ടികളും പുസ്തകങ്ങളും ഒന്നും കൊണ്ടുവന്നിരുന്നില്ല.
പക്ഷേ അവരോടൊപ്പം കളിച്ചു, പടങ്ങൾ വരച്ചു, പാവക്കുട്ടികളുടെ കഥകൾ കേട്ടിരുന്നു.

‘ അമ്മയെന്നും ഇപ്പോഴത്തേപ്പോലെ ചിരിച്ചു കൊണ്ടിരിക്കണമെന്ന് ' ശ്രീക്കുട്ടി അന്നേരങ്ങളിൽ എന്നെ കെട്ടിപ്പിടിച്ചു കെഞ്ചി.

ജഗൻ വന്നത് വർഷങ്ങൾക്ക് ശേഷമാണ്‌.
അതിനിടയിൽ വല്ലപ്പോഴും ഒരു മെയിൽ,ഒരു എസ്.എം.എസ്.. വളരെ അപൂർവ്വമായ് ശബ്ദം.
കണ്ടപ്പോൾ പക്ഷേ അവന്റെ ഭാഷയിൽ:
‘ കാലപ്പഴക്കം തോന്നുന്നതേയില്ല; മൂന്നുകുട്ടികളുടെ അമ്മയായ നിനക്കും; മുപ്പതുപേരുടെ അച്ഛനാകാമായിരുന്ന എനിയ്ക്കും.. ’
അതിനെക്കുറിച്ച് വീണ്ടുമെന്തൊക്കെയോ കുസൃതികൾ.

ആ പകൽ മുഴുവനുമങ്ങനെ പരദൂഷണം, ഭൂതകാലം, കടുങ്കാപ്പി, ചോക്ലേറ്റ്, പ്രണയം.
പുറത്ത് മഴയും.
എന്നാലിന്നത്ര കൂടുതൽ പെയ്യുന്നില്ലെന്ന് ആകാശം.

അത് ‘ നീ പറഞ്ഞു തീർത്തിട്ടാകാമെന്ന് കരുതിയിരിക്കുകയാണെന്ന് ’ അവൻ.
പിന്നെ എന്റെ കുട്ടികളുടെ വിശേഷങ്ങൾ, അവന്റെ കൂട്ടുകാരികളെക്കുറിച്ചുള്ള അന്വേഷണങ്ങൾ.


‘ നിന്റെ ഭർത്താവിന്‌ നിന്നെ മാറ്റിക്കളയാൻ കഴിഞ്ഞിട്ടില്ലല്ലോ 'എന്നുമവൻ.


ശരത്തിനെ ഞാൻ വിളിച്ചിരുന്നു.
ജഗൻ വന്നിട്ടുണ്ടെന്ന് പറയാൻ.
ഏത് ജഗൻ, എന്തിനു വന്നു? എവിടെ നിന്നു വന്നെന്നൊന്നും ചോദിച്ചില്ല. അങ്ങനെയൊക്കെ ശരത്ത് ചോദിച്ചെങ്കിലെന്നെനിക്കാഗ്രഹമുണ്ട്; ഒരല്പമെങ്കിലും കുശുമ്പോടെ.
പക്ഷേ ചോദ്യങ്ങളും അന്വേഷണങ്ങളുമൊന്നുമുണ്ടായില്ല.
‘ ഇന്ന് രാത്രി ഒരു പാർട്ടീണ്ട്; ഞാൻ ലേറ്റാവും.’ പറഞ്ഞവസാനിപ്പിക്കാനും തിരക്ക്
‘ ഞാൻ വൈകുമെന്നതിനെ ’ ,‘ ഞാൻ വരലുണ്ടാവില്ലെന്ന് ’ മാറ്റിവായിച്ചു; പതിവ് തെറ്റിക്കേണ്ടല്ലോ.
ഇന്നത്തേക്ക് മാത്രമാവില്ല; ചിലപ്പോൾ ദിവസങ്ങളോളം.
പുതിയ ഗോവൻ കൂട്ടുകാരിക്ക് സമയം വീതിച്ചു കൊടുക്കുന്നതിന്റെ കഥയൊന്നും ഓർത്തെടുത്തില്ല.

അതായാലും സാരമില്ല; ആരെയെങ്കിലുമൊക്കെ സ്നേഹിക്കാൻ പഠിച്ചാൽ മതി.
എന്നെ- എന്നെമാത്രം സ്നേഹിക്കണമെന്ന് എന്നെങ്കിലും പറഞ്ഞിട്ടുണ്ടോ ഞാൻ, ആരോടെങ്കിലും??
കുഞ്ഞുങ്ങൾ അവനിൽ നിന്നകന്നുപോകുന്നതിൽ മാത്രമാണ്‌ സങ്കടം.

ഒന്നും ജഗൻ ചോദിച്ചതുമില്ല.
കുടുംബജീവിതം വായിച്ചെടുക്കാൻ വളരെക്കുറച്ച് വാക്കുകൾ മതിയാവണം.
അതിനടുത്ത രണ്ടു ദിവസവും കുട്ടികൾക്കവധിയായിരുന്നു.
ശരത് പതിവുപോലെ തിരക്കുകളിൽ ഒളിച്ചു കളിച്ചു. ഇടയ്ക്ക് നിമിഷങ്ങൾ മാത്രം നീണ്ട അന്വേഷണങ്ങളിൽ പരസ്പരം ജീവിച്ചിരിക്കുന്നുണ്ടെന്ന് ബോധിപ്പിച്ചു.

ജഗനും കുട്ടികളും പെട്ടന്ന് സുഹൃത്തുക്കളായി.
അമ്മയുടെ പിറുക്കലുകളും തലവേദനയെന്ന നാട്യവുമില്ലാത്ത ദിവസങ്ങൾ.
അമ്മയെ ഇങ്ങനേയും സ്നേഹിക്കാമെന്ന് കുട്ടികൾ കണ്ടുപിടിച്ചിരിക്കണം.

ഞങ്ങൾ അഞ്ചുപേരും കുട്ടികളായി. കൂട്ടുകാരായി.

ലേ ഔട്ടിലെ ഭംഗിയുള്ള പൂന്തോട്ടങ്ങളുള്ള വീടുകൾ കണ്ടെത്തുകയായിരുന്നു ശ്രീക്കുട്ടി.
ചെടിച്ചട്ടികൾ വീട്ടിൽ വയ്ക്കാൻ സമ്മതിയ്ക്കാറുണ്ടായിരുന്നില്ല ഞാൻ.
സദാ സംരക്ഷണമാഗ്രഹിക്കുന്ന പൂച്ചെടികളോട് എനിക്ക് താല്പര്യമുണ്ടായിരുന്നില്ല;
തന്നിഷ്ടത്തിനു തനിയെ വളരുന്ന ,പടർന്നു പന്തലിക്കുന്ന മരങ്ങളോടായിരുന്നു എനിക്കിഷ്ടം.
പക്ഷേ മടങ്ങുമ്പോൾ ശ്രീക്കുട്ടിയുടെ തോട്ടത്തിലേക്കെന്ന് മൂന്നാലുചെടിച്ചട്ടികളും ഞങ്ങൾ ചുമന്നു.

ഉണ്ണിമോൾ തനിച്ച് സൈക്കിൾ ചവിട്ടാൻ പഠിച്ചു.
അച്ചു പാവക്കുട്ടികളുടെ കഥകളുണ്ടാക്കിപ്പറഞ്ഞ് ജഗനെ കേൾവിക്കാരനാക്കി.
ഞങ്ങൾ ലേക്ക് ടെമ്പിളിൽ പോയി, അവിടത്തെ തടാകത്തിൽ വളർത്തിയ നാനാജാതി മീനുകളെ ഊട്ടി.മരപ്പാലത്തിനുമുകളിലൂടെ പേടി ഒളിപ്പിച്ച് പലവട്ടം തടാകം മുറിച്ചുകടന്നു.

ഇപ്പുറം നിന്നപ്പോൾ പാലത്തിനപ്പുറത്ത് വല്ലാത്ത കാടല്ലേ എന്ന് ഞാൻ ഭയന്നു.
അടുത്തെത്തുമ്പോൾ പക്ഷേ അടുപ്പിച്ചടുപ്പിച്ചു വളരുന്ന മരക്കൂട്ടമാവുമതെന്ന് ജഗനും.
പ്രകൃതി അങ്ങനെയാണത്രേ,
തിരഞ്ഞെത്തിയാൽ തൂവാല കുടഞ്ഞു വിരിച്ച് സത്കരിക്കാൻ തയ്യാറാകുന്ന വീട്ടുകാരി.
അച്ചുവിനത് ഇഷ്ടമായി..
വീട്ടിൽ നിന്ന് നടക്കാവുന്ന ഈ ദൂരത്തിലേക്ക് അമ്മ മുൻപൊരിയ്ക്കലും കൊണ്ടുവന്നില്ലല്ലോ
എന്ന് പരിഭവിച്ചു.
‘ അമ്മയ്ക്ക് ഒന്നുമറിയില്ലെന്ന് ’ ഉണ്ണിമോൾക്ക് വരെ മനസ്സിലായി. :-)

ജഗൻ വരുന്നതിനു മുൻപും ഈ വഴികളും ഈ തടാകവും മീനുകളും കുട്ടികളുടെ ആഗ്രഹങ്ങളും ഇവിടെത്തന്നെ ഉണ്ടായിരുന്നു. ശരത്തിനു കുട്ടികളെ സ്നേഹിക്കാനറിയില്ലെന്നായിരുന്നു എന്റെ ചിന്തകളെപ്പോഴും; അല്ലാതെ കുട്ടികളെ എങ്ങനെ സ്നേഹിക്കാം എന്നതിനെക്കുറിച്ചായിരുന്നില്ല.

അച്ചു അവളുടെ കഥകളിൽ പറഞ്ഞ ഏതോ രാജ്യത്തെ മായാജാലക്കാരനായിരുന്നു ജഗൻ.
പെട്ടന്നു വന്നു , സന്തോഷത്തിലേക്ക് വിരൽ ചൂണ്ടി  മാഞ്ഞു കളയുന്ന മായാജാലക്കാരൻ.
‘ ഞാൻ പറഞ്ഞിരുന്നില്ലേ അമ്മേ ’എന്നവളെന്നെ ഓർമ്മിപ്പിച്ചു,
ഉണ്ണിമോളവനെ തൊപ്പിവെച്ച മായാജാലക്കാരനാക്കി.
കുട്ടിച്ചേച്ചിയുടെ പൂന്തോട്ടത്തിലവൾ ഒറ്റരാത്രികൊണ്ട് നിറയെ പൂക്കൾ വരച്ചു,
പൂവുകൾ അധികമായെന്ന് പറഞ്ഞപ്പോൾ അവയെ ചിറകുകൾ വരച്ച് ശലഭങ്ങളാക്കി.

എല്ലാവരും മായാജാലക്കാരായി.
ജഗൻ പോകുമ്പോൾ പക്ഷേ അവരാരും സങ്കടപ്പെട്ടില്ല.
മായാത്ത ചിരി അവൻ ഞങ്ങളുടെ ചുണ്ടിൽ വരച്ചു തന്നിരിക്കണം.
ഒരിയ്ക്കലും വറ്റിപ്പോകരുതെന്ന് എല്ലാവരുമാഗ്രഹിക്കുന്ന ചിരി..

(അത്രയ്ക്ക് ഉള്ളറിഞ്ഞു സ്നേഹിച്ചാൽ പിരിഞ്ഞിരിക്കുമ്പോഴും അകലത്തിലാണെന്ന് തോന്നുകയില്ലായിരിക്കാം.)

9 comments:

 1. നന്നായിട്ടുണ്ട്... ആശംസകള്‍..

  ReplyDelete
 2. ചില ജീവിതങ്ങൾക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ...പക്ഷേ ചിലത് തിരക്കുകൾക്കിടയിൽ സ്വയം തിരുകി ആത്മാർത്ഥ സ്നേഹത്തെ, ബന്ധങ്ങളെ തിരിച്ചറിയാതെപോകുന്നു..

  ReplyDelete
 3. ജഗനിലൂടെ ജീവിതം തളിരിടുന്നത് അറിഞ്ഞു. കേവല സ്നേഹത്തിന്റെ, കെയറിന്റെ മായാജാലക്കാരൻ .. അയാൾ ഒളിച്ചു കളിയ്ക്കുകയായിരിക്കാം എന്ന് സങ്കടം മൂടുന്ന ഒരു പുതപ്പ് കഥയിൽ വീഴുന്നു. മധ്യവർഗ വിരസ-വിശ്വാസരഹിത കുടുംബജീവിതം ലിഡിയക്ക് നന്നായി ആവിഷ്ക്കരിക്കാനറിയാം.

  ReplyDelete
 4. സ്നേഹത്തിന്റെ ഉദാത്ത ഭാവം എന്നില്‍ പ്രതീക്ഷ ജനിപ്പിക്കുന്നു ...കൊഴിഞ്ഞു പോയത് ഒക്കെയും വീണ്ടും

  ReplyDelete
 5. ഓരോന്നും നല്ല കഥകള്‍

  ReplyDelete
 6. നന്നായി എഴുതിയിരിക്കുന്നു.

  ReplyDelete
 7. എല്ലാ സ്നേഹങ്ങളും ഒളിച്ചു കളികള്‍ അല്ലെ ?

  ReplyDelete
 8. ഉം...അത്രയ്ക്ക് ഉള്ളറിഞ്ഞ് സ്നേഹിച്ചാല്‍ .............!!!!

  ReplyDelete
 9. എനിക്ക് മനസിലായത് ഞാന്‍ പറയാം............സ്നേഹമാണ് പ്രകൃതി ..പ്രകൃതിയാണ് സ്നേഹം

  ReplyDelete