Wednesday, October 26, 2011

നേരം എത്രയെന്നറിയാത്തൊരു



ഇടിവെട്ടിപ്പെയ്യുന്ന നേരം
കാട്ടിലെ മരങ്ങളെയെന്നപോലെ
നനഞ്ഞ്;
ആഹ്ലാദിച്ച്;

ഏത് ആഴത്തിൽ വെച്ചാണ്‌
വേരുകൾ കോർത്തുപിടിച്ചതെന്ന്,
ആദ്യമായ്
ഏത് ആകാശത്തിലേക്കാണ്‌
ഉമ്മകൾ കൊണ്ട് ഉയർന്നുപൊങ്ങിയതെന്ന്,

കാലദേശഭേദങ്ങളില്ലാത്ത സ്നേഹം
മേഘങ്ങൾ പോലെ വന്നു നിറഞ്ഞതെന്ന്
അറിഞ്ഞ്;
അനുഭവിച്ച്;

നീയും പെയ്തു തുടങ്ങി:

'നിനക്ക് ഞാൻ മാത്രമെന്ന ഒറ്റവാചകത്തിൽ ഒതുങ്ങിപ്പോകാനല്ല;

തങ്ങളേക്കാളേറേ
സ്നേഹിക്കപ്പെടാൻ അർഹതയുള്ളവരിലേക്ക്,
ഭാഗ്യം ചെയ്തവരിലേക്ക്
എത്തിപ്പെടുകയാണ്‌ നമ്മളെന്ന്...

സങ്കടങ്ങളിൽ നിന്ന് വഴിമാറി പോകണമെന്നാഗ്രഹിക്കാനല്ല;
സങ്കടങ്ങളിലൂടെ,
പരിഭവങ്ങളേതുമില്ലാതെ
ആഹ്ലാദഭരിതരായ്
കടന്നുപോകാൻ പഠിക്കുകയാണ്‌ നമ്മളെന്ന്...'

നേരം എത്രയെന്നറിയാത്തൊരു പെയ്ത്ത്!

ഒരാൾ മറ്റേയാളെ
തന്നെയെന്നപോലെ അറിയുന്നത്;
സ്നേഹിക്കുന്നത്....

തന്നോളം ആഴത്തിൽ
ഒരാൾ
മറ്റേയാളിലേക്കിറങ്ങിപ്പെയ്യുന്നത് ....

ഇങ്ങനെയാവണം

12 comments:

  1. ആഹാ എത്ര സുന്ദരമീ വരികൾ... ഒരാളെങ്ങനെ മറ്റെയാളിനെ സ്നേഹിക്കണം, ജീവിതത്തെ എങ്ങനെ കാണണം.. ഒക്കെ പഠിപ്പിക്കുന്ന പ്രകൃതിയിലേക്കൊരു എത്തിനോട്ടം..

    ReplyDelete
  2. ഈ നേരമില്ലാത്ത നേരത്തും ഞാനിത് വായിച്ചു ...മനോഹരം

    ReplyDelete
  3. തങ്ങളേക്കാളേറേ
    സ്നേഹിക്കപ്പെടാൻ അർഹതയുള്ളവരിലേക്ക്,
    ഭാഗ്യം ചെയ്തവരിലേക്ക്
    എത്തിപ്പെടുകയാണ്‌ നമ്മളെന്ന്...

    സങ്കടങ്ങളിൽ നിന്ന് വഴിമാറി പോകണമെന്നാഗ്രഹിക്കാനല്ല;
    സങ്കടങ്ങളിലൂടെ,
    പരിഭവങ്ങളേതുമില്ലാതെ
    ആഹ്ലാദഭരിതരായ്
    കടന്നുപോകാൻ പഠിക്കുകയാണ്‌ നമ്മളെന്ന്...


    നല്ല വരികള്‍....
    ഭാവുകങ്ങള്‍...

    ReplyDelete
  4. ഒരാൾ മറ്റേയാളെ
    തന്നെയെന്നപോലെ അറിയുന്നത്;
    സ്നേഹിക്കുന്നത്....
    സ്നേഹമെന്തെന്നു മനസ്സിലാകാനുള്ള തീവ്രമായ ശ്രമം ഈ വരികളിലുണ്ട്.സങ്കടങ്ങളിലൂടെ,
    പരിഭവങ്ങളേതുമില്ലാതെ
    ആഹ്ലാദഭരിതരായ്
    കടന്നുപോകാൻ പഠിക്കുകയാണ്‌ നമ്മളെന്ന്...' നന്നായി.

    ReplyDelete
  5. ഓരോ വരിയിലും സ്നേഹം തുളുമ്പി നില്ക്കണുണ്ട്..

    "സങ്കടങ്ങളില്‍ നിന്ന് വഴിമാറി പോകണമെന്നാഗ്രഹിക്കാനല്ല;
    സങ്കടങ്ങളിലൂടെ,
    പരിഭവങ്ങളേതുമില്ലാതെ
    ആഹ്ലാദഭരിതരായ്
    കടന്നുപോകാന്‍ പഠിക്കുകയാണ്‌ നമ്മളെന്ന്..."

    ReplyDelete
  6. ഇടിവെട്ടിപ്പെയ്യുന്ന നേരം
    കാട്ടിലെ മരങ്ങളെയെന്നപോലെ
    നനഞ്ഞ്;
    ആഹ്ലാദിച്ച് :-)
    <3

    ReplyDelete
  7. പുതിയ പാഠങ്ങള്‍ ....
    താങ്ക്സ്

    ReplyDelete
  8. കുറെ നാളു കൂടിയാണ് കാണുന്നതും വായിക്കുന്നതും.
    എല്ലാം പ്രതീക്ഷിക്കുകയും എല്ലാം സഹിക്കുകയും എല്ലാം നല്‍കുകയും എല്ലാത്തിലും സന്തോഷികുകയും ചെയ്യുന്ന ഒരു സ്നേഹം..
    ഏറെ ആശ്വാസത്തോടെ.. ഞാനിങ്ങനെ വായിച്ചു തീര്‍ക്കട്ടെ..!!

    ReplyDelete
  9. മഴയും വെറും മരവും .......

    ഇനിയും വായിക്കാന്‍ കഴിഞ്ഞതില്‍ ..സന്തോഷം ...

    ആശംസകള്‍ ..:)))

    ReplyDelete
  10. നല്ല വരികൾ!
    എല്ലാ ആശംസകളും നേരുന്നു

    ReplyDelete