Wednesday, July 13, 2011

ഊഴം


മാസങ്ങൾക്ക് ശേഷമാണ്‌ കവി തനിച്ചിങ്ങനെ വീട്ടിൽ.
ഞാനും കുട്ടിക്കാലത്തിലേക്കെന്നതുപോലെ മുറികളിലെ ജനലുകൾ തുറന്നിട്ടു.

മുറികളുടെ മുറിവുകളാണെന്ന് കവി ഒരിയ്ക്കൽ അടയാളപ്പെടുത്തിയ ജനലുകൾ.

മഴക്കാലമായിട്ടും നേർക്കാഴ്ചയാവുന്ന മരങ്ങളിലൊന്ന് ഉണങ്ങി ദരിദ്രനെപ്പോലെ മഴവരുന്ന വഴിയിലേക്ക് ഇലകളില്ലാ വിരൽ നീട്ടി നിന്നു.
ഈ മരത്തെക്കുറിച്ച്-പേരെനിക്കറിയില്ല- കവി ഒരിയ്ക്കൽ എഴുതിയിരുന്നു;
തത്തയുടെ കഥയിൽ.
ചിറകിനുവേണ്ടി തപസ്സിരുന്ന ഇലകളാണത്രേ തത്തകളായി തീർന്നത്!

കവി എന്നെ പ്രണയിക്കുന്ന കാലമായിരുന്നു അത്.
ഈ വീട്ടിലേക്ക് ഞാൻ ആദ്യമായ് വന്ന ദിവസം.
ഒരു മഴക്കാലം.ജനൽ കമ്പികളിൽ നെറ്റിചേർത്ത് കവിയെ കേട്ടിരുന്നു.
ആകാശം കറുക്കുകയും വെളുക്കുകയും ചെയ്തു,അതിനിടയിൽ വേറേയും പല നിറങ്ങൾ.

“തൊടിയിലെ ഒരോ മരവും ഞാനില്ലാതിരിക്കുമ്പോൾ നിനക്ക് കഥകൾ പറഞ്ഞു തരാൻ ചില്ലകൾ താഴ്ത്തി ജനലിൽ മുട്ടിവിളിയ്ക്കുമെന്ന്,അപ്പോളത് തുറന്നുകൊടുത്ത് കഥ കേട്ടിരിക്കണമെന്ന്” ഒരിയ്ക്കൽ ദൂരെയേതോ ദേശത്ത് നിന്ന് എനിക്കെഴുതിയിരുന്നു.

മരം നോക്കി കഥ കേട്ടിരിക്കെ,
ഇലകളിൽ മുഴുവൻ ചിറകുൾ മുളച്ചു.
അവ ചുണ്ടിലെ ചുവപ്പ് ,പൂക്കളായ് കൊഴിച്ച് പറന്നുയർന്നു.
പിന്നെ ചിറകുകളുപേക്ഷിച്ച് ഇലയായ് തന്നെ മടങ്ങി.

ജീവിതം, ഞാൻ ചിരിച്ചു.
ചിറകുകൾ മുളയ്ക്കേണ്ട ഇലയായിരുന്നു ഞാനും.
ആകാശത്ത് ദൂരെ ദൂരെ വഴികൾ തേടുകയായിരുന്നു എന്റെ സ്വപ്നം.
മൺസൂണിൽ കാടുകളേയും കൊടുംവേനലിൽ മരുഭൂമിയേയും ശൈത്യത്തിൽ ഹിമഗിരികളേയും ദിനാന്ത്യങ്ങളിൽ നഗരത്തിരക്കുകളേയും അറിയാൻ; പ്രിയപ്പെട്ടവനോടൊപ്പം, കാഴ്ചകളോടൊപ്പം ദേശങ്ങൾ താണ്ടാൻ ഞാനുമാഗ്രഹിച്ചു.
സ്വപ്നങ്ങൾ കാണാൻ പറയാറുണ്ടായിരുന്നു അന്നൊക്കെ-ഏറ്റവും ദൃഢമായ സ്വപ്നങ്ങളെയാണ്‌ യാഥാർത്ഥ്യമെന്ന് കരുതേണ്ടതെന്ന്.
കവിയുടെ അക്ഷരങ്ങളായിരുന്നു എന്റെ സ്വപ്നങ്ങളുടെ പാഠശാല.


സ്വന്തമാക്കി കഴിഞ്ഞപ്പോൾ പക്ഷേ കവിയ്ക്ക് , ഒരു കാറ്റിനെ കാത്തിരിക്കുന്ന മരം മാത്രമായ് ഞാൻ.പൂവിടുകയും ഇലപൊഴിക്കുകയും ചെറുകാറ്റിലുലയുകയും ചെയ്യേണ്ടുന്ന ആജ്ഞാനുവർത്തിയായ ഒരു മരം.


നിരന്തരാന്വേഷിയുടെ ജനിതകമുള്ള വേര്‌.
എന്തുകിട്ടിയാലുമതുകൊണ്ട് തൃപ്തിപ്പെടുന്ന ഇല.
ഇലപോലെയാണ്‌;
വേരു പോലെയും.
അതുകൊണ്ടാവണം ഈ നരജീവിതത്തെ മരജീവിതമെന്ന് വിളിക്കാൻ തോന്നിയത്!

ഞാനെന്തിനാണ്‌ കലഹിക്കുന്നത്?

എന്നെ സ്നേഹിക്കാതിരുന്നിട്ടില്ല, തന്റെ ദൂരയാത്രകളിൽ എന്നെ വിളിച്ച് കുശലങ്ങൾ അന്വേഷിക്കാതിരുന്നിട്ടില്ല,പട്ടിണിക്കിട്ടിട്ടില്ല,പകലന്തിയോളം പണിയെടുത്ത് എനിക്ക് തളർന്നുപോകേണ്ടി വന്നിട്ടില്ല.കവിയുടെ അതിഥികളുടെ മുന്നിൽ ചെന്നു നില്ക്കാൻ പോലും വിലക്കുകളായിരുന്നു. 'നിനക്ക് ബാധകമല്ലാത്ത' സ്വാതന്ത്ര്യത്തിലൂടെ ദൃഢമാകേണ്ടുന്ന സ്നേഹബന്ധങ്ങൾ.

നോക്കുമ്പോൾ കവി സംശയരോഗിയാണോ എന്ന് തോന്നും.എന്റെ സുരക്ഷിതത്വമായിരുന്നു മുഖ്യം.
വഴികളിൽ ആക്രമിക്കപ്പെടുന്ന പെൺകുട്ടികളിൽ ഒരാളാവാതിരിക്കാൻ,അപകടങ്ങൾ പതിയിരിക്കാവുന്ന സൗഹൃദങ്ങൾ തിരിഞ്ഞെത്താതിരിയ്ക്കാൻ എന്നും അടച്ചുപൂട്ടി കാവൽ നിന്നു.

കവി എല്ലാ സൗഹൃദങ്ങളേയും സ്വീകരിച്ചു.
എല്ലാവരേയും ഹൃദയത്തോട് ചേർത്തുപിടിച്ചു.
ആരാധകർ,കവിതകൾ ഏറ്റു ചൊല്ലുന്നവർ, മുഖസ്തുതിക്കാർ,സഹപ്രവർത്തകർ,കൂട്ടുകാരികൾ.
എത്രപേർ വന്നു!!
(ആരേയും മുഖാമുഖം കണ്ടിട്ടില്ല ഞാൻ.എന്നാലും എത്രയെത്ര ശബ്ദങ്ങൾ,എത്രയെത്ര നിഴലുകൾ.)

സ്വാതന്ത്ര്യത്തെക്കുറിച്ചെഴുതി- സ്വാതന്ത്ര്യത്തിൽ മാത്രമേ സ്നേഹം പൂർണ്ണമാവുകയുള്ളൂ എന്ന്.
'അങ്ങനെയെങ്കിൽ എന്നെ സ്നേഹിക്കുന്നുണ്ടോ അങ്ങെന്ന് 'ചോദിക്കാൻ അനുവദിച്ചിരുന്നില്ല.എന്റെ ചോദ്യങ്ങളെ,അന്വേഷണങ്ങളെ,തിരുത്തുകളെ എനിക്കുള്ളിൽ തന്നെ ഉപേക്ഷിക്കുകയായിരുന്നു അദ്ദേഹത്തിന്‌ വേണ്ടിയിരുന്നത്.
ഒരു ജന്മികുടിയാൻ ബന്ധമായിരുന്നു അത്.

താഴത്തെ നിലകളിലെ അതിഥികളുടെ സംസാരത്തിന്‌ കാതോർത്തിരിക്കാറുണ്ട് ഞാൻ.

അക്ഷരങ്ങൾ ചിലപ്പോൾ തനിയെ കോണിപ്പടികൾ കയറിവരും.
എന്റെ മുറിയിലെ നീലസ്ഫടികഗോളത്തിലെ സുഗന്ധ ഇലകളോട് ചേർന്നു നില്ക്കും.
കവിയുടെ പുതിയ ശീലങ്ങളെക്കുറിച്ചു പറയും.പുതിയ കൗതുകങ്ങളെക്കുറിച്ച്, മാറ്റങ്ങളെക്കുറിച്ച്.

നാലുവാക്ക് ചേർത്തുവെച്ച് കവിതയാക്കുന്ന മായാജാലവും അവയുടെ സ്തുതിപാഠകരും.
‘എത്രമാറിപ്പോയ് അങ്ങെന്ന് ’എനിക്ക് ചോദിക്കാൻ തോന്നും.
‘എന്തുകൊണ്ട് ഇപ്പോൾ ഞാനിതർഹിക്കുന്നില്ലെന്ന്’ ധീരമായ് പറഞ്ഞ് ,മുഖസ്തുതിക്കാരിൽ നിന്ന് ,കപട ആരാധനയിൽ നിന്ന് ഇറങ്ങിപ്പോരാൻ തോന്നുന്നില്ല!

അധികാരവും ആരാധകരുമാണ്‌ ഏറ്റവും വലിയ അസ്വാതന്ത്ര്യമെന്ന് ഒരിയ്ക്കൽ കൂടി എന്തുകൊണ്ട് പറയുന്നില്ല!!

പല മുഖങ്ങളുള്ള ജീവിതമാണ്‌ കവിതയെന്ന് എഴുതിയതിൽ, ഏത് മുഖത്തിന്റെ ഊഴമാണിപ്പോൾ? അതാണ്‌ എനിക്കറിയേണ്ടത്.


ആദ്യമായ് കണ്ടപ്പോൾ അത്രമേൽ കാത്തിരുന്നപോലെ, പരസ്പരം പങ്കിട്ട ഉമ്മകൾ.
തത്തകൾ കൊത്തുന്നപോലെ ഉമ്മകൾ !! ആ പകൽ മുഴുവൻ പീലി വിടർത്തി ചുറ്റിലും നൃത്തം ചെയ്ത ആൺ മയിൽ പിന്നിടൊരിയ്ക്കലും തിരിച്ചു വരാത്തവണ്ണം പറന്നുപോയത് എവിടേയ്ക്കാവണം?


"ചിലരുണ്ട്, ആരും ഒരിയ്ക്കലും മറക്കാത്ത കഥകളായ് നമ്മുടെ ജീവിതത്തെ പരിഭാഷപ്പെടുത്തുന്നവർ.
എന്റെയുള്ളിൽ അങ്ങനെ ഒരാൾ മാത്രമേ ഉള്ളൂ .

എന്നിലെത്തുന്ന പരിചയങ്ങൾ, സ്നേഹബന്ധങ്ങൾ, ജീവിതങ്ങൾ - എങ്ങനെ വാക്കുകളായി അവ എഴുതി വയ്ക്കാം എന്ന് മാത്രമേ ഞാൻ അന്വേഷിയ്ക്കുന്നുള്ളൂ.

ഞാൻ നിന്നെ അല്ല ,
നിന്നിലൂടെ എന്നിലെത്തുന്ന
വാക്കുകളെയാണ് കാത്തിരിയ്ക്കുന്നത്.


എന്നെയും
എന്റെ കവിതകളെയും
നീ
ഒരേ ചുണ്ടുകൾ കൊണ്ട്
ചുംബിയ്ക്കരുത്!"

- അവസാനത്തെ പുസ്തകത്തിന്റെ ആമുഖത്തിൽ അങ്ങ് ഓർമ്മപ്പെടുത്തുന്നു.


കവി ഉറങ്ങിക്കഴിഞ്ഞു.
ഇനി ഉണരുകയില്ലെന്ന് മൂന്നക്ഷരത്തിലെഴുതിയ കവിത പോലെ.
ഈ കാവ്യം എനിക്കിനിയൊന്ന് വായിച്ചു പഠിക്കണം.

ഇത് എന്റെ മുറി.
വിശ്വജിത്തെന്ന കവി ഉണരാതെ ഉറങ്ങേണ്ട മുറി.
സുഗന്ധമുള്ളത്.
ജനലുകൾ തുറന്നിട്ടത്.

ആളുകളെല്ലാം പോയി,മുഖസ്തുതിക്കാരെല്ലാം പോയി.

അങ്ങ് വെളിച്ചം കാണുന്നില്ലേ, ഇലകൾക്കിടയിലൂടെ,കാറ്റിലൂടെ, ആകാശത്ത് നിന്ന് വരുന്ന വെളിച്ചം- ഹൃദത്തിലേക്ക് മാത്രമായ് ഒരു  ചിത്രം എടുത്തു വയ്ക്കണം നമുക്കിനി!   

23 comments:

 1. നിരന്തരാന്വേഷിയുടെ ജനിതകമുള്ള വേര്‌.
  എന്തുകിട്ടിയാലുമതുകൊണ്ട് തൃപ്തിപ്പെടുന്ന ഇല.
  ഇലപോലെയാണ്‌;
  വേരു പോലെയും.
  അതുകൊണ്ടാവണം ഈ ജന്മത്തെ മരജീവിതമെന്ന് വിളിക്കാൻ തോന്നിയത്!  മധുരം ഗായതി വായിച്ചിട്ട് അധികം ദിവസങ്ങള്‍ ആയിട്ടില്ല. ഇതിലും വിജയനുണ്ടെന്ന് തോന്നുന്നു.

  നന്നായി എഴുതി.
  കയ്യടിക്കുന്നു.
  :-)

  സുനില്‍ || ഉപാസന

  ReplyDelete
 2. ഞാനും ഒരു മരമാവട്ടെ ..

  ReplyDelete
 3. gadyakavitha ennu vilikkano? kavitha-katha ennu vilikkano ennokke oru sanka..

  marajeevithathame!!

  celebrated welcome back after a gap..

  ReplyDelete
 4. ഉണരാത്തൊരുറക്കത്തിലേക്ക് പോയോ കവി (സംശയം)? ലോകം/ ലിഡിയ ഒരു കവിയുടെ പ്രണയിനിയെ നിർമിച്ചോ, റിവേഴ്സ് കഥാപാത്രങ്ങളിലും ജന്മികുടിയാൻ ബന്ധമാണല്ലേ? നല്ല കഥ.

  ReplyDelete
 5. സ്വന്തമാക്കി കഴിഞ്ഞപ്പോൾ പക്ഷേ കവിയ്ക്ക് , ഒരു കാറ്റിനെ കാത്തിരിക്കുന്ന മരം മാത്രമായ് ഞാൻ
  hats off..ഈ വരികള്‍ക്ക് ...മടങ്ങി വരവൊരു ആഘോഷമായി ഈ കഥയിലൂടെ...

  ReplyDelete
 6. എത്ര മനോഹരമായി എഴുതിയിരിക്കുന്നു അത്ര മനോഹരമല്ലാത്ത കാര്യങ്ങള്‍ പോലും ..
  കവിതകള്‍ മനോഹരമായ നുണയാണെന്ന് ആരോ പറഞ്ഞത് ഓര്‍ത്തു
  ആശംസകള്‍

  ReplyDelete
 7. എനിക്കും ഒരു മരമാകണം

  ReplyDelete
 8. പ്രസവം കഴിഞ്ഞപ്പോള്‍ അവനെന്റെ ശരീരം കവിതയല്ലാതായി
  എന്ന് പറഞ്ഞ ചങ്ങാതിയെ ഓര്‍ത്തു.

  ReplyDelete
 9. കവിത്വമുള്ള കഥ നന്നായി

  ReplyDelete
 10. മനോഹരം... മറ്റൊന്നും പറയാന്‍ തോന്നുന്നില്ല... എന്തെങ്കിലുമൊക്കെ പറഞ്ഞു ഈ കവിതയുടെ സൗന്ദര്യം കളയാന്‍ ആഗ്രഹിക്കുന്നില്ല.. അത്രക്കും മനോഹരം...

  ReplyDelete
 11. വായനയ്ക്ക് നന്ദി..സ്നേഹം :-)

  ReplyDelete
 12. കാവ്യാത്മകം...പറയാൻ വാക്കുകളില്ലാ...അക്ഷരങ്ങൾ‌ ഹൃദയവുമായി നേരിട്ട് സംവദിക്കുന്നു...ആശംസകൾ

  ReplyDelete
 13. നല്ല വാക്കുകള്‍. നല്ല ഒഴുക്ക്.. നന്നായെഴുതി ലിഡിയ

  ReplyDelete
 14. "നിരന്തരാന്വേഷിയുടെ ജനിതകമുള്ള വേര്‌.
  എന്തുകിട്ടിയാലുമതുകൊണ്ട് തൃപ്തിപ്പെടുന്ന ഇല.
  ഇലപോലെയാണ്‌;
  വേരു പോലെയും.
  അതുകൊണ്ടാവണം ഈ നരജീവിതത്തെ മരജീവിതമെന്ന് വിളിക്കാൻ തോന്നിയത്!"

  നമിക്കുന്നു ഞാന്‍..!

  ReplyDelete
 15. "ആകാശത്ത് ദൂരെ ദൂരെ വഴികൾ തേടുകയായിരുന്നു എന്റെ സ്വപ്നം"... എന്റെയും... :(
  വളരെ നന്നായിരിക്കുന്നു... ആശംസകള്‍.... :)

  ReplyDelete
 16. katheykkal kavithayulla katha...ishtam..

  ReplyDelete
 17. ഞാന്‍ ഒരു ഭാവന . അസന്ഖ്യം ഭാവനകള്‍ പൂവായും ഇല ആയും തളിരിട്ട വൃക്ഷത്തില്‍ തളിരുകള്‍ പുനര്‍ന്നും പിണങ്ങിയും , വിരിഞ്ഞും വാടിയും..........ഇലകള്‍ക് പൂവായില്ലെന്ന ദുഃഖം , പൂക്കള്‍ക്ക് അപഹരിക്കപ്പെടുമെന്ന ഭീതി ..അവസാനം ജൈവ ചക്രത്തില്‍ ലയനം.

  ReplyDelete
 18. ഇത്ര കൃത്യമായി എങ്ങനെ അറിഞ്ഞു എന്നൊരൽഭുതം മാത്രം.....

  നന്നായി ലിഡിയ,അഭിനന്ദനങ്ങൾ.

  ReplyDelete
 19. ഋതുകള്‍ പൊഴിച്ച ഇലകളില്‍ എന്റെയും നിന്റെയും കവിഉടെയും കാലം വേരുകളായി എഴുതിവചിടുണ്ടാകനം ....

  ReplyDelete
 20. നന്നായെഴുതി..മനോഹരം...!!!
  അഭിനന്ദനങ്ങൾ...!

  ReplyDelete
 21. കഥ വായിക്കുന്നതോടൊപ്പം മനസ്സിലും വളര്‍ന്നു ഒരു മരം; ഇലകള്‍ ആടിക്കളിച്ച് അതില്‍ നിന്നും സുന്ദരങ്ങളായ തത്തകള്‍ പാറിപ്പറന്നു. തളര്‍ച്ചയുടെ ഏതോ ഘട്ടത്തില്‍ പറക്കാന്‍ മറന്നവ നിശ്ചലതയിലേക്ക് കൂപ്പുകുത്തി..ആരാധകര്‍ പടി ഇറങ്ങി..മനോഹരം..! മറ്റൊന്നും പറയാനില്ല....!

  ReplyDelete
 22. മിണ്ടാത്തതെന്താണു തത്തേ?

  ReplyDelete
 23. ആദ്യായിട്ടല്ല ഈ കഥ വായിക്കുന്നത്!
  പറഞ്ഞറിയിക്കാന്‍ കഴിയാത്തത്ര നന്നായിരിക്കുന്നു..എന്ന് പറയാന്‍ തോന്നുന്നു.

  ReplyDelete