Sunday, May 22, 2011

തനിച്ചല്ല ഞാന്‍

അന്വേഷിക്കുകയായിരിക്കണം നിന്നെ-
കുട്ടിക്കാലം മുതല്ക്ക് മാത്രമല്ല;
ജീവന്റെ ഒറ്റക്കോശമായപ്പോഴേ!
എനിക്ക് വേണ്ടി
എവിടെയെങ്കിലും നീ ജനിച്ചുവോ എന്ന്.

സ്നേഹത്തിന്റെ ആ വെളിച്ചത്തിൽ,
ആ തൊട്ടിലിൽ കിടന്നേ കണ്ടിരിക്കണം
നീ
മഴയിൽ കുസൃതിയായത്..
വേനൽ പോലെ പനിച്ചുകിടന്നത്..
വെയിലിൽ വിയർത്തത്..
കാറ്റിനൊപ്പം വഴി പങ്കിട്ടത്...
മണ്ണിനെ ചുവപ്പിച്ചത്..
മഞ്ഞ് കണ്ണാടികൾ ഇലകളിൽ നിന്ന് തട്ടിപ്പറിച്ചത്..

എന്നിലെ ഋതുഭേദങ്ങൾ
എങ്ങനെയെന്നില്ലാതെ നീയുമറിഞ്ഞിരിക്കണം.

എല്ലാവരിലും നിന്നെ തിരയും.
അല്ലെന്ന് കാലം കടന്നുപോകും.

ദൂരമത്രയും നടന്ന്, എന്നാലെവിടയുമെത്താതെ
അലങ്കാരങ്ങൾക്ക് നടുവിൽ, എന്നാൽ ചമയങ്ങളൊന്നുമില്ലാതെ
കാത്തുകാത്തിരുന്ന്, എന്നാൽ അതിനിടയിലല്ലാതെ
അപരിചിതരല്ലാതെ ആദ്യമായ് അറിയും.

ചതുരക്കളത്തിൽ ഒറ്റയ്ക്ക് വളരാൻ പഠിച്ച കൊച്ചുമരം,
ഏതോ ജന്മത്തിലെ വനാന്തരങ്ങളിൽ അലയുന്നതുപോലെ
ചെടിച്ചട്ടിയിലെ മണ്ണ്‌,
പ്രാചീനകാലത്തതിനെ തഴുകിയൊഴുകിയ പുഴയെ ഓർത്തെടുക്കുന്നതു പോലെ
ഒറ്റവാക്കിൽ നാം നാമറിയും
പങ്കിട്ട ജന്മങ്ങളത്രയും.

Sunday, May 1, 2011

ചായപ്പീടിക​ക്കാരൻ!

കഴിഞ്ഞ തവണ അവൾ വിളിച്ചപ്പോൾ പഴയ ചില പരിചയക്കാരുടെ ഇടയിലായിരുന്നു - ഒറ്റമൂളലിൽ നിന്ന് അതുവരെയുള്ള ജീവചരിത്രം വരെ വായിച്ചെടുക്കാൻ കഴിയുന്നവർ.
അതവൾക്ക് മനസ്സിലായത് കൊണ്ടാവണം സംസാരത്തിൽ കുസൃതിയായിരുന്നു കൂടുതലും.
ഭർത്താവിന്‌ തന്റെ ശരീരത്തോട് ഇതുവരെയില്ലാത്തൊരു കൗതുകമെന്താണെന്നൊക്കെയായി ചോദ്യങ്ങൾ.
 'കള്ളൻ കയറിയ വീടിനോട് വീട്ടുകാരന്‌ പ്രിയമേറുമോ ?' എന്നൊക്കെ.
പെട്ടന്നുള്ള ചോദ്യങ്ങളിൽ മറുപടി തിരഞ്ഞുള്ള പരിഭ്രമവും അവിടെയുമിവിടെയും തൊടാതെയുള്ള ഉത്തരങ്ങളും അവൾ ആസ്വദിച്ചു കാണണം.

അവളങ്ങനെയാണ്‌.

ചിലകാര്യങ്ങളെ പാടേ ലംഘിക്കുന്നവൾ.
ചില കാര്യങ്ങളിൽ വല്ലാത്ത അവ്യക്തതയുള്ളവൾ.
ചിലർക്ക് ഭീരു.
ചിലർക്ക് കടുപ്പക്കാരി.
അവളെ ക്ലാര എന്ന് വിളിച്ചു.

സ്നേഹത്തിന്റെ പരമ്പരാഗതരീതികളിൽ നിന്ന് മുഖം തിരിച്ചു നില്ക്കുന്നതുകൊണ്ടാകണം.(അതോ മറ്റേതോ ജന്മത്തിൽ അങ്ങനെയായിരുന്നുവോ അവളെ വിളിക്കാറുണ്ടായിരുന്നത്?)
തടികോൺ ട്രാക്ടറായിരുന്നില്ല അവൾക്ക് ഞാൻ, പകരം ചായപ്പീടികക്കാരൻ!
 ' നിനക്കതേ ചേരൂ ' എന്നവൾ.

മധുരം ചേർക്കാത്ത കട്ടൻ ചായ അവൾക്കും നന്നായി മധുരം ചേർത്ത് എനിക്കും ഇടയ്ക്കിടെ ഉണ്ടാക്കേണ്ടി വന്നിരുന്നു, അവൾ വീട്ടിലുള്ളപ്പോഴൊക്കെ. ചായയോടുള്ള ഇഷ്ടക്കൂടുതൽ ചിരിക്കുമ്പോഴൊക്കെ അവളിൽ തെളിഞ്ഞിരുന്നു; എന്നിലുള്ളതു പോലത്തന്നെ.
:-)

അവളെ പരിചയപ്പെട്ടത് ഒരു യാത്രയ്ക്കിടയിലായിരുന്നു-
സ്വയം തിരഞ്ഞു കണ്ടെത്താനുള്ള ഒരു തീർത്ഥാടനത്തിനിടെ.
കണ്ടുമുട്ടിയപ്പോൾ മുതൽ പലജന്മങ്ങളുടെ തുടർച്ചപോലെ സംസാരിച്ചു തുടങ്ങി, അവൾ മാത്രമല്ല; ഞാനും.

ഇടയ്ക്ക് പ്രിയപ്പെട്ട ദേശത്തേക്ക് ഇങ്ങനെ തനിച്ചൊരുവരവ് പതിവുണ്ടെന്ന് പറഞ്ഞു;
ഭർത്താവ്‌ ഔദ്യോഗികയാത്രകളുടെ തിരക്കിൽ അവളെ മറന്നുപോകാറുള്ളപ്പോൾ.
ഉള്ളിലെ നന്മകളുടെ ജീവൻ പിടിച്ചു നിർത്താനുള്ള ധ്യാനത്തിന്‌.
ചിലപ്പോൾ ഏതെങ്കിലും യാത്രാസംഘങ്ങളുടെ കൂടെ നിശ്ചിത ഇടങ്ങളിലേക്ക്; അല്ലെങ്കിൽ തനിച്ച് ഇന്നയിടത്തെന്നില്ലാതെ.
ഇത്തവണ വന്നത് എന്നെ അന്വേഷിച്ച് :' നിന്നെമാത്രമെന്നവൾ! '

സംസാരിച്ചു സംസാരിച്ചിരിക്കാൻ തോന്നുന്നുവെന്നായിരുന്നു ആമുഖം.
ദിവസങ്ങളോളം സംസാരിച്ചു കൊണ്ടേയിരിക്കാൻ.

ഞാനൊരു പുസ്തകമെഴുത്തിന്റെ പാതിവഴിയിലായിരുന്നു. വാല്മീകത്തിനകത്തിരുന്ന് എഴുതണമെന്നായിരുന്നു മോഹം. അതിനുള്ള ധൈര്യം അവയ്ക്ക് ഇല്ലാത്തതിനാൽ മറ്റാരുമില്ലാത്ത വീടിനുള്ളിലിരുന്നായി എഴുത്ത്. അതല്ലാതെയും തിരക്കുകളുണ്ടായിരുന്നു; ഒരു സാമൂഹ്യജീവിയുടെ പ്രാരാബ്ധങ്ങൾ.
എന്നിട്ടും അവൾക്കറിയാവുന്ന മായാജാലം കൊണ്ട് എന്റെ സമയം അവളുടേത് കൂടിയായി.

സംസാരിക്കാൻ ശാന്തമായൊരിടം വേണമെന്നവൾ. തുറിച്ചു നോട്ടങ്ങളില്ലാത്തയൊരിടം.
വെളിച്ചപ്പാടിന്‌ അങ്ങനെയൊരിടമില്ലെന്ന് കളിപറഞ്ഞു.
വീട്ടിലേക്കു വിളിച്ചു- വാല്മീകത്തിലേക്ക്.
കൂടെവന്നത് എന്നിലെ കാട്ടാളനെ വിചാരണ ചെയ്തിട്ടാണ്‌.
നല്ലവനാണെന്ന് ഒരിയ്ക്കലും അവകാശപ്പെട്ടില്ല; ഏറ്റവും ക്രൂരനും ഭോഗിയും സ്വാർത്ഥനുമാണെന്ന് സ്വയം വിശദീകരിച്ചു.

യാത്രയ്ക്കിടയിൽ ‘ഇല്ല, ഇവിടെയിറങ്ങിക്കോളാമെന്ന് ’ പല സ്റ്റോപ്പുകളിലും ഇറങ്ങാനെഴുന്നേറ്റവൾ ഒപ്പമുണ്ടായിരുന്നു, ഇറങ്ങേണ്ടയിടം വരെ.
:-)


വീടെത്തിയപ്പോൾ; പുസ്കങ്ങൾക്ക് കസേര, അവൾക്കുമെനിക്കുമിരിക്കാൻ നിലം.

ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാനാണ്‌ നീയെന്ന് അവൾ. ഞാൻ സമ്മതിച്ചു കൊടുത്തു;
ഒരോരുത്തർക്കും അവർ നിശ്ചയിക്കുന്നതാണല്ലോ അവരുടെ സൗഭാഗ്യങ്ങളെന്നറിയാവുന്നതു കൊണ്ട്.
പിന്നീടവൾ 'ഈ വീട് എനിക്ക് തരുമോ' എന്നന്വേഷിച്ചു.
'പുസ്തകങ്ങളും ഞാനും ഇവിടമൊഴിഞ്ഞിട്ടെ'ന്ന് പറഞ്ഞു.

അവൾ ചിരിച്ചു തുടങ്ങി.
ആദ്യമാദ്യം അവളുടെ ചിരി, തെളിയാത്തൊരു നേർത്തവര.
പതുക്കെ പതുക്കെ , അവളെന്നെയറിയുന്തോറും ; അവളിലും അവളിലെ ചലനങ്ങൾക്കും ചിരിയ്ക്കും കലഹത്തിനും കിറുക്കുകൾക്കും പ്രണയത്തിനും വിഷാദത്തിനും പലഭാവങ്ങൾ വന്നു. ജീവൻ വെച്ച്,ഊർജ്ജം നിറഞ്ഞ്.

ഇടയ്ക്കവളെ ചേർത്തു നിർത്തി നെറുകയിൽ, കണ്ണുകളിൽ, ഇടംവലം കവിളിൽ, - പതുക്കെപതുക്കെ ചുണ്ടുകളിൽ-  ഉമ്മവച്ചു മടങ്ങവെ പറഞ്ഞു:
'നീയാഗ്രഹിക്കുന്നെന്ന് തോന്നിയതുകൊണ്ട്! '

അവൾ ചീറി:
' സൗജന്യം എനിക്ക് വേണ്ടാ..! '

പിന്നീട് സ്വകാര്യം പറഞ്ഞു:
'ഒരു ചേർത്തുനിർത്തൽ ഇങ്ങനെയായിരിക്കണം:
ഞാൻ മാത്രമല്ല; നീ കൂടിയാഗ്രഹിക്കുന്നതുകൊണ്ട്,
നിന്റെ പൂർണ്ണമനസ്സോടെ
എന്റെ അനുമതിയോടെ
നമ്മിലെ പ്രണയത്തോടെ-
എങ്കിലേ കാലങ്ങൾ കഴിഞ്ഞും നിന്നിൽ നിന്നെനിലേക്കുള്ള ഊർജ്ജപ്രവാഹമായി അതെന്നെതിരഞ്ഞെത്തൂ '

ഒന്നിച്ചിരിക്കുന്ന നേരങ്ങളിൽ ഒഴുകിപ്പരന്നു-
ഒരു അലപോലും വേർതിരിക്കാനാവാത്തയത്ര,
ഒരു ജലകണം പോലും ചിതറിത്തെറിച്ചു പോകാത്തയത്ര
സാമ്യതകളോടെ-
വേനലും മഴയും പോലെ!

വേനലിലേക്കാണ്‌ മഴപെയ്തിറങ്ങുകയെന്നന്നേരമവൾ:
മറ്റൊരിടത്തേക്കും അതിന്‌ പെയ്തിറങ്ങാനാവില്ല.
വേനലിന്റെ ഉള്ളിലേക്ക്-
ചിലത് കൊടുക്കാനും
ചിലത് വാങ്ങാനും
ചിലത് മുറുകെപ്പിടിക്കാനും
ചിലത് കൈവിട്ടുകളയാനും.

' അതങ്ങനയേ ആകാവൂ.' ഞാൻ പറഞ്ഞു: ' അദ്ഭുതമല്ല; തികച്ചും സ്വാഭാവികം.'

പതിവുകാഴ്ചയായി കണ്ടുനില്ക്കാമെന്ന് കരുതിയതൊക്കെ വല്ലാതങ്ങു പ്രിയമേറി അനുഭവമാവുകയായിരുന്നോ!

'ചിലപ്പോൾ തോന്നും ഒരാളിന്റെ ഉള്ളിന്റെയുള്ളിലേക്ക് അങ്ങനെ നടന്നു പോകണമെന്ന് - അബോധമായൊരിടമുണ്ടെങ്കിൽ അവിടം വരെ.
അവിഭാജ്യമായ ഒരു ഘടകമായി, ഒരു അവയവമായി.
അതേ സമയം സ്വാതന്ത്ര്യവും ആഗ്രഹിക്കുന്നു.
ഒരാളിൽ നിന്ന് തികച്ചും സ്വാഭാവികമായി, വേദനിപ്പിക്കാതെ, അടയാളങ്ങളവശേഷിപ്പിക്കാതെ ഒഴുകിപ്പോകണമെന്ന്..'


കേട്ടിരിക്കുമ്പോൾ, ' എന്റെ ശബ്ദം നീ പറഞ്ഞു കേൾക്കുന്നെന്ന് ' ആർദ്രയായി അവൾ.
ഗാഢമായി പലവട്ടം ആലിംഗനം ചെയ്തു.
' തരുമ്പോൾ ഒന്ന്, ഓർത്തെടുക്കുമ്പോൾ ഒരുപാട് - ചില സ്പർശനങ്ങൾ അങ്ങനെയാണെന്ന് ' അവൾ.

ഭർത്താവ്, അവളുടെ ചിരിയെ ഹിജഡകളുടെതെന്നും ശരീരത്തെ വ്യായാമത്തിനുപകരണമായും കാണുന്നെന്ന് വിതുമ്പിയപ്പോൾ രഹസ്യം പറഞ്ഞു കൊടുത്തു:

' നിന്റെ ഉടലിന്‌ ഒരു ഗൂഢമന്ത്രം അറിയാമായിരിക്കണം-
മനസ്സിൽ പ്രണയമുണ്ടാകുമ്പോൾ മാത്രമതിന്റെ സൗന്ദര്യം പുറത്തുകാണിക്കാനുള്ള മന്ത്രം..!
സാരമില്ല.
നിന്നെയറിയാനിനി നീ മാത്രമല്ല.
വിലക്കുകളും അതിരുകളും പുനരാലോചനകളുമില്ലാതെ; രണ്ട് പേരുടെ മനസ്സ്, വാക്കുകൾ, ശരീരം, ഓർമ്മകൾ എല്ലാം ഒന്നായിത്തീരണമെന്നുണ്ടെങ്കിൽ അത് അത്രമേൽ കാത്തുകാത്തിരുന്ന പ്രണയമാകണം.
എത്രയോ ജന്മങ്ങളുടെ തുടർച്ചയെന്നപോലെ നമ്മിലേക്കെത്തിച്ചേർന്നതാകണം. ആകസ്മികതകളുടെ പ്രവാഹങ്ങളിലേറ്റി അത് നമ്മെ എങ്ങോട്ടെന്നില്ലാതെ കൊണ്ടുപോകും..
എല്ലാം സുന്ദരമാകുന്നത് അവിടെയാണ്‌. നാം അന്വേഷിയ്ക്കുന്ന സൗന്ദര്യവും അതാണ്‌. അല്ലെങ്കിലും ഒരു കണ്ണാടിയ്ക്ക് എന്തിനാണ്‌ അലങ്കാരങ്ങൾ! '

‘ എന്നെ നീ നെഞ്ചോട് ചേർത്തുപിടിക്കണമെന്നല്ല ഞാനാഗ്രഹിച്ചത് ’
 അന്നേരം അവൾ പറഞ്ഞു:
‘ നീ പലർക്കായ് കൊടുത്തതത്രയും നിനക്ക് തിരിച്ചു തരണമെന്ന് ’

ചിലനേരങ്ങളിൽ,
‘ എന്നിലൊന്നുമില്ല;
നിന്നിലെ അഗ്നിയെ ആവാഹിക്കാനുള്ള നന്മകളും
നിന്നിലെ പ്രവാഹത്തോടൊപ്പം ഒഴുകിപ്പോകാനുള്ള കാരണങ്ങളും ’ എന്ന് ഖേദിച്ചു.
ചിലപ്പോൾ
‘ തെറ്റുചെയ്യുന്നോ ഞാനെന്ന് ’ സംശയാലുവായി;
മറ്റു ചിലപ്പോൾ
 ‘ ഞാൻ കാരണം നിനക്കെന്തെങ്കിലും നഷ്ടപ്പെടുമോ ’ എന്നും.

‘ സ്നേഹത്തിൽ, സ്നേഹം കൊണ്ട്; ഒന്നുമൊരാൾക്കും നഷ്ടപ്പെടുകയില്ല ’
എന്ന എന്റെ മറുപടിയിൽ എന്നിലേക്ക് വീണ്ടും വീണ്ടും ഊർജ്ജപ്രവാഹമായി നിറഞ്ഞു.

അതേ സ്നേഹത്തോടെ , അവളെ നഷ്ടപ്പെടുത്തിയവരിലേക്ക് മടങ്ങിപ്പോകുന്നതിനു മുൻപേ പലവട്ടം അവൾ വീട്ടിലേക്കു വന്നു.
 കൂടുതൽ സ്വാതന്ത്ര്യത്തോടെ, അരുതരുതെന്ന വിലക്കുകളില്ലാതെ.
എന്നിട്ടും ‘ ഇവിടെ വരുന്ന എത്രാമത്തെ പെണ്ണാണ്‌ ഞാനെന്ന് ’ പലപ്പോഴും പരിഭവിച്ചു.
 ‘ ആദ്യത്തവൾ ’ എന്ന എന്റെ മറുപടിയിൽ ജ്വലിച്ചു.

മറ്റു ചിലരിലേക്ക്, സ്നേഹം അർഹിക്കുകയും അന്വേഷിക്കുകയും ചെയ്യുന്ന ചിലരിലേക്ക്; മടങ്ങേണ്ടവരായിരുന്നു ഞങ്ങൾ.
ജയകൃഷ്ണന്‌ രാധയിലേക്കെന്നതുപോലെ; ക്ലാരയ്ക്കവളുടെ ജീവിതത്തിലേക്കെന്നതു പോലെ. മറ്റൊരാളിലേക്ക്, അവരുടെ വിഭിന്നമായ സ്നേഹത്തിലേക്ക്, അവരോടുള്ള ഉത്തരവാദിത്തത്തിലേക്ക് തിരിച്ചു പോകേണ്ട രണ്ടുപേർ.
ഒരാളില്ലാതെ മറ്റേയാൾ പൂർണ്ണരാകാത്തയത്ര ജന്മാന്തരബന്ധമുള്ളവർ.
തങ്ങളെത്തന്നെയല്ലാതെ മറ്റൊരാളെയും നേടാനില്ലാത്തവർ.
സ്നേഹത്തിന്റെ തുടർച്ചയും സ്വാതന്ത്ര്യവും അധികാരങ്ങളും അവകാശപ്പെട്ടവർ.

പരസ്പരം മോഹിക്കാൻ;
കിറുക്കുകളുടെ കെട്ടഴിച്ചുവിടാൻ;
പ്രിയപ്പെട്ടവരെക്കുറിച്ച് പരസ്പരം അസൂയ പങ്കുവയ്ക്കാൻ;
ഭ്രാന്തന്റെ മുറിവുകളെക്കുറിച്ചും ,മഴയെക്കുറിച്ചും, ഓടുന്ന മുറികളെക്കുറിച്ചും സംസാരിക്കാൻ;
തോന്നുന്നയിടങ്ങളിൽ ഇരുന്ന്,
ഒന്നുമൊന്നും ആഗ്രഹിക്കാതെ
എല്ലാം വിട്ടുകൊടുത്ത്,
പറയാനുള്ളതെല്ലാം ഒരു തുടർച്ചയിൽ എന്നപോലെ പറയാൻ ;
ഇടയ്ക്കിടെ കണ്ടുമുട്ടാതെയിരിക്കില്ല, പരസ്പരം.
:-)

അതിനായ് മാത്രം
പാതിരയ്ക്ക് മഴ നനഞ്ഞോടി വന്ന ട്രെയിൽ നിന്നിറങ്ങുന്ന ക്ലാര.
പ്രിയപ്പെട്ട നീലപ്പച്ച നിറം.
ചെമ്പകപ്പൂവിന്റെ മണം.
വിരലുകൾ കൊണ്ട് തൊട്ടുതൊട്ട് ചുവപ്പിക്കാവുന്ന കാലുകളിലെ ഒറ്റക്കൊലുസ്.

മഞ്ഞപ്പൂക്കൾ നിറഞ്ഞ മരങ്ങൾക്കിടയിൽ,
ഉമ്മകൾക്ക് മീതേ,
പെയ്തു തീരാതെ മഴ.
പതുക്കെ പതുക്കെ മേഘങ്ങൾ തെളിഞ്ഞ ആകാശം.
ഒരു മായാജാലത്തിലെ എന്നപോലെ അവിടെയിവിടെ ഒന്നുകഴിഞ്ഞ് ഒന്നായി തെളിയുന്ന നക്ഷത്രങ്ങൾ.
അങ്ങനെ ഒരു ആകാശത്തിനു ചുവട്ടിലാണ്‌ ക്ലാരയെന്നും.
അവിടെ മൗനം കൊണ്ട് നിറഞ്ഞു പോകുന്നു വാക്കുകൾ!


മടക്കയാത്രയിൽ, അവളുടെ ശരീരത്തിലെ മുറിപ്പാടുകളെക്കുറിച്ച് സംസാരിച്ചു.
ആദ്യം ചോദിച്ചപ്പോൾ മറുപടികളുണ്ടായിരുന്നില്ല.
‘ ജൈവമല്ലാത്തൊരു വ്യായാമോപാധിയാകുമ്പോൾ അരിശം വരും’ അവൾ സമ്മതിച്ചു:
‘അന്നേരങ്ങളിൽ ശരീരത്തെ തോല്പിക്കാൻ തോന്നും, ചിലമുറിവുകൾ കൊണ്ടതിനെ അലങ്കരിക്കണമെന്ന് തോന്നും.. ഇനിയങ്ങനെയുണ്ടാവില്ല ’അവൾ ഒട്ടിപ്പിടിച്ചിരുന്നു:
 ‘ ഇനിയിപ്പോൾ ഞാൻ എന്റേത് മാത്രമല്ലല്ലോ! ’

‘ നിന്നിലെ ഭയങ്ങൾ,നഷ്ടങ്ങൾ; ഒറ്റയുമ്മയാലിങ്ങെടുക്കുന്നുവെന്ന് ’ പറഞ്ഞിട്ടും
' അവയെ സ്നേഹമായി മാറ്റാൻ വഴികളന്വേഷിച്ചറിഞ്ഞുകഴിഞ്ഞിട്ടെന്ന'വൾ മടങ്ങിപ്പോയി.
പതിവിടങ്ങളിലേക്ക്; ഒരു പക്ഷേ സ്നേഹഭംഗങ്ങളിലേക്ക്.

ചില വിത്തുകൾ അങ്ങനെയായിരിക്കണം- ഒരു പ്രത്യേകകാലത്ത് തളിർക്കാൻ തപസ്സിരിക്കുന്നവ.

ആ കാലം വരേയ്ക്കും,
പുതച്ചു കിടക്കാൻ
എവിടെയാണെങ്കിലും നിനക്ക്,
ഇലകളോടെ മഞ്ഞപ്പൂക്കൾ!
ഇപ്പോൾ പെയ്ത മഴ!

എന്റെ ഉമ്മകൾ - പിരിയുമ്പോൾ ആലിംഗനത്തിന്റെ ചൂടുകൊണ്ട് ചുകന്നു പോയ വാകകൾ.
:-)


ഒരു കടൽദൂരമകലെനിന്ന് ചിലപ്പോഴൊക്കെ ശബ്ദമായ് തിരഞ്ഞുവരും.
‘ ചായപ്പീടികക്കാരാ ’ എന്ന് ചിരിയായി തെളിയും; ക്ലാരയായി എന്റെ മൂളലുകളാഗ്രഹിക്കും.

‘ എന്റെ മണം കൂടെയറിഞ്ഞ,എന്റെ വിയർപ്പു കൊണ്ടു കൂടി നനഞ്ഞ പുതപ്പ് നീ കഴുകിയോ? ’എന്ന ചോദ്യത്തിന്‌ ഇല്ലെന്ന മറുപടി പറയുമ്പോൾ
‘ എത്രപേരുടെ വിയർപ്പു കഴുകിക്കളയാതെയാണ്‌ നീ എന്നേയും പൊതിഞ്ഞതെന്ന്’ കലഹം.
' 16008 ' എന്ന് ഞാനും.

" പ്രണയം ഇങ്ങനെയായിരിക്കണം :"
അകലെയെങ്കിലും അവളൊപ്പമുണ്ടായിരുന്ന ഒരു രാത്രിയിലേക്ക് എന്നെത്തിരഞ്ഞെത്തിയ അവളുടെ സന്ദേശം:

" നമ്മിൽ നിന്നുണ്ടായതെങ്കിലും നമ്മുടേതല്ലാതെ ഒന്ന്;
അതെന്തായിത്തീരണമെന്ന് നമുക്ക് നിശ്ചയിക്കാൻ കഴിയാത്ത ഒന്ന്;
ദൈവത്തെപ്പോലെ
നമ്മിലുണ്ടായിരുന്നിട്ടും നമുക്കതീതമെന്നതുപോലെ ആരാധന തോന്നേണ്ടുന്ന ഒന്ന്;
പ്രണയം ഇങ്ങനെയായിരിക്കണം! "