Sunday, April 10, 2011

പറയാനാഗ്രഹിക്കുന്ന വാക്കുകൾ

കേൾക്കാൻ ആഗ്രഹിക്കുന്ന വാക്കുകൾ പറയുക തന്നെ വേണം.

അല്ലെങ്കിൽ അവ,
പിറവിയിലേ മരിച്ചുപോയ കുഞ്ഞുങ്ങളെപ്പൊലെ നിശബ്ദരായ് കരയും;
അവരെ അർഹിക്കാത്തൊരു കാലത്ത് അനാഥരായ് ജനിയ്ക്കും.
അരുവിയുടെ തീരത്ത് മരമായ് തളിർക്കേണ്ട വിത്ത്,
കടലാഴങ്ങളിലെ ലവണമായ് ഉറങ്ങിപ്പോകുന്നതു പോലെയാകുമത്.

പാതിപറഞ്ഞുവെച്ച വാക്കുകൾ ഇങ്ങനെയാണ്‌:
സ്വയം പരിചയപ്പെടുത്താൻ കഴിയാതെ,
അവ്യക്തതയുടെ അസ്വാതന്ത്ര്യം അനുഭവിക്കുന്നവ;
ഒഴുകാനനുവാദമില്ലാത്ത പ്രവാഹത്തിന്‌ വേരുമുളച്ചു പോകുന്നതുപോലെ,
മറ്റെന്തൊക്കെയോ ആയി മാറിപ്പോകുന്നവ.

ചില വാക്കുകൾ പറയുക തന്നെ വേണം,
കേൾവിയിലേക്കെത്താൻ ഒരു ജന്മം യാത്രചെയ്യേണ്ടി വന്നാലും.

ഏറ്റവും സ്നേഹം നിറഞ്ഞ,നന്മകൾ നിറഞ്ഞ
വാക്കുകൾ പറയാനറിയുന്നവർ ഭാഗ്യം ചെയ്തവരാണ്‌.
അവർ
പോയ്പ്പോയ കാലത്ത് നിന്ന്
വരാനിരിക്കുന്ന കാലത്തേക്ക്
നിരന്തരം
ഹൃദയങ്ങളന്വേഷിച്ച് സഞ്ചരിയ്ക്കും.

അവർ
നമ്മുടെ നെറ്റിമേൽ വിരൽ കൊണ്ട് തൊട്ട്,
നമ്മുടെ പലവാക്കുകൾക്ക്,പാതിവാക്കുകൾക്ക്,പറയാനാഗ്രഹിച്ചവയ്ക്ക്
ഒരു വാക്കുകൊണ്ട് മറുപടി തരും-
പ്രണയപൂർവ്വം ജീവിതത്തിനു കൂട്ടിരിക്കാൻ അങ്ങനെ നാം ശീലിച്ചു തുടങ്ങും.

15 comments:

 1. മനോഹരമായ വായനാനുഭവം.
  പറഞ്ഞു തീര്‍ക്കാന്‍, ബോധ്യപ്പെടുത്താത്തചില കാര്യങ്ങളുണ്ട്.
  അത്ര എളുപ്പമല്ല അവയുടെ വികാരദീപ്തി കവിതയുടെ
  ഭാഷയില്‍ കൊണ്ട് വരാന്‍. എന്നാല്‍, ഈ കവിത അനായാസം
  മറികടക്കുന്നു ഭാഷയുടെ ദുര്‍ഘട സന്ധികള്‍.
  നെറ്റിമേല്‍ വിരല്‍ കൊണ്ട് തൊട്ട് പൂരിപ്പിക്കുന്നു
  പറയാത്ത, പറഞ്ഞു തീരാത്ത, പാതിമുറിഞ്ഞ നിസ്സഹായതകള്‍.
  ഒരു പക്ഷേ ഏതോ കാലത്ത് ഏതോ ചെവിക്ക്
  അര്‍ഹതപ്പെട്ടതാവണം വരികളുടെ ഈ സിംഫണി.

  ReplyDelete
 2. ഏറെ ചിന്തിപ്പിക്കുന്നു ഈ വരികൾ, വാക്കുകൾ- പറയേണ്ടപ്പോൾ പറയാതെപോയവ, പാതി പറഞ്ഞവ .. എക്കാലവും അലട്ടുന്നത് പറയേണ്ടിയിരുന്നില്ലാ‍ത്ത വാക്കുകളാണ്. നെറ്റിയിൽ വിരൽ .. വാക്കിന്റെ മഹാസാന്ത്വനം. ഇഷ്ടമായീ ലിഡിയാ!

  ReplyDelete
 3. ചിന്തോധീപകമായ മനോജ്ഞ വാക്കുകളും വരികളും.ഗഹനം,നിസ്തുലം.ആശംസകള്‍.

  ReplyDelete
 4. ഗഹനമായ ചിന്ത.. ഒട്ടും മടിക്കണ്ട പറയാനുള്ളതെല്ലാം പറയ്:)

  ReplyDelete
 5. ee chuvarezhuthu othiri ishtapettu. congrats!

  ReplyDelete
 6. സംശയങ്ങളാണ് ലിഡിയ... പറയണോ വേണ്ടയോ എന്ന്....
  പറഞ്ഞു കഴിഞ്ഞാല്‍ പറയേണ്ടിയിരുന്നില്ലെന്നു... വാക്കുകള്‍
  നോവുകളാകുന്നത് അപ്പോഴൊക്കെയാണ്.... ഒരു വാക്ക് കൊണ്ട് മറുപടി നല്കാന്‍...
  അതാണ് ഞാനും ആഗ്രഹിക്കുന്നത്..

  ReplyDelete
 7. മരമാകേണ്ടിയിരുന്ന വിത്ത് ലവണമാകുന്ന ചിന്ത...
  പ്രണയവും പ്രാണനും വാക്കുകളിലൂടെ ജനിക്കുന്ന വസന്തങ്ങള്‍....
  പറയുക ചുമരുകളില്‍ എഴുതുക...
  നല്ല ചിന്തകള്‍....
  ഭാവുകങ്ങള്‍....

  ReplyDelete
 8. ചില വാക്കുകൾ പറയുക തന്നെ വേണം,
  കേൾവിയിലേക്കെത്താൻ ഒരു ജന്മം യാത്രചെയ്യേണ്ടി വന്നാലും.
  <3

  ReplyDelete
 9. Nannayittund...especially these lines....liked it...gud one....:)


  "ഏറ്റവും സ്നേഹം നിറഞ്ഞ,നന്മകൾ നിറഞ്ഞ
  വാക്കുകൾ പറയാനറിയുന്നവർ ഭാഗ്യം ചെയ്തവരാണ്‌.
  അവർ
  പോയ്പ്പോയ കാലത്ത് നിന്ന്
  വരാനിരിക്കുന്ന കാലത്തേക്ക്
  നിരന്തരം
  ഹൃദയങ്ങളന്വേഷിച്ച് സഞ്ചരിയ്ക്കും"....

  ReplyDelete
 10. കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വാക്കുകല്‍ പറയുക തന്നെ വേണം.
  അല്ലെങ്കഇല അവ,
  പിറവിയിലേ മരിച്ചുപോയ കുഞ്ഞുങ്ങളെപ്പൊലെ നിശബ്ദരായ് കരയും


  കരഞ്ഞു കൊണ്ടേ ഇരിക്കും..

  ReplyDelete
 11. വായിക്കുമ്പോള്‍ അക്ഷരങ്ങള്‍ക്ക് ജീവനുള്ളത് പോലെ തോന്നുന്നു . അതി ഗംഭീരം

  ReplyDelete
 12. ഒരുപാട് ഇഷ്ടമായി ലിഡിയ.
  ഓരോ വരിയും മന:പാഠമാക്കാനാഗ്രഹം.

  ഒത്തിരിയൊത്തിരി അഭിനന്ദനങ്ങൾ.

  ReplyDelete
 13. "തനിച്ചല്ല ഞാന്‍"
  ഏക കോശമയിരിക്കെ എന്നെ തിരഞ്ഞു തുടങ്ങിയ നീ ; മൂന്നു വഴികള്‍ ചേരുന്ന കവലയില്‍ ഒരു കാലില്ലാതെ പ്രകാശിക്കുന്ന വിളക്കായിരുന്നതിനാലോ എന്തോ, ഓരോ തവണ കവലയിലൂടെ കടന്നു പോകുമ്പോഴും ഒന്ന് തല ഉയര്ത്തിനോക്കാതെ കറങ്ങുകയായിരുന്നു. അവസാനം എന്നെ കണ്ടുവോ അതോ എന്റെ സാമീപ്യം ഒരു കാറ്റുപോലെ നിന്നെ താഴുകിയോ, എന്നറിയില്ല. പക്ഷെ നീ എന്നെ കുറിച്ച് കവിതകള്‍ എഴുതി തുടങ്ങി.

  ReplyDelete