Sunday, March 13, 2011

സ്നേഹമാണെന്ന് കേൾക്കാനാഗ്രഹിക്കുമ്പോഴൊക്കെ

ഞാൻ നിന്നെ മാത്രം സ്നേഹിക്കണമെന്ന് നീ ആഗ്രഹിക്കുമ്പോഴൊക്കെയും
എനിക്ക് എല്ലാവരോടും സ്നേഹം തോന്നിത്തുടങ്ങും:

മഴയിൽ എല്ലാ മരങ്ങളും നനയുന്നതു പോലെ
വെയിലിൽ എല്ലായിടവും ജ്വലിക്കുന്നതു പോലെ
പ്രകൃതിയ്ക്ക് വിധേയമായ രാത്രിപോലെ
കയറ്റിറക്കങ്ങളില്ലാത്തൊരിടം തേടിയുള്ള ഒഴുക്കുപോലെ
കാറ്റുപോലെ ഇന്നനേരമെന്നില്ലാതെ

വെയിൽ നിറമാഗ്രഹിക്കുമ്പോൾ മഴയായ് പെയ്ത്
മഴനനയാനിറങ്ങവെ വേനലായ് കനത്ത്

എല്ലാവരോടും ഒരുപോലെ;
അതിനാൽ സ്വയമൊന്നും ഉപേക്ഷിക്കാതെ.

ഇതിനെയൊക്കെയല്ലാതെ മറ്റെന്തിനെയാണ്‌ എനിക്ക് സ്നേഹമെന്ന് വിളിക്കാൻ കഴിയുക?

പതുക്കെ പതുക്കെ പല പല ശബ്ദങ്ങൾക്കിടയിൽ
നാം ഒരു ശബ്ദം മാത്രം കേട്ടുതുടങ്ങും.
അത് നമ്മുടേത് തന്നെയാണെന്ന് നാം തിരിച്ചറിയും.

ജീവലോകം സൂര്യനിലേക്ക് കണ്ണു തുറക്കുന്നതുപോലെയാകണമത്.

അവ്യക്തതകളിൽ നിന്ന് സ്വതന്ത്രരായി അന്നേരം നാം
എല്ലാവരേയും സ്നേഹിച്ച് തുടങ്ങും.
ആഗ്രഹിക്കുന്ന എല്ലാവർക്കും പങ്കുവയ്ക്കാൻ കഴിയുന്ന ഊർജ്ജമായി അത് നമ്മളിൽ നിറയും.

ഇങ്ങനെയൊന്നല്ലാത്ത മറ്റെന്താണ്‌ സ്നേഹമായ് സ്വീകരിക്കപ്പെടുക?

******************************************

24 comments:

 1. അങ്ങനെ ആവും സ്നേഹത്തിന്റെ ഒന്നാം പാഠം തുടങ്ങി വെച്ചത് അല്ലെ ..കൊള്ളാം

  ReplyDelete
 2. സ്നേഹിക്ക നീയുണ്ണി നിന്നെ ദ്രോഹിക്കുന്ന........
  കൊള്ളാം!

  ReplyDelete
 3. കൊണാര്‍ക്കിനെയും ഖജുരാഹോയെയും കുറിച്ച് ഓഷോയുടെ ചില വാക്കുകള്‍ ഇന്ന് കാലത്താണ് വായിച്ചത്. അതിനു ശേഷം ഈ കവിത കാണുമ്പോള്‍ അളവറ്റ സന്തോഷം.

  ഓഷോ പറയുന്നത് ഇങ്ങനെ:
  ഖജുരാഹോയുടെ ആദ്യ കാണുന്ന പുറം ഭിത്തികളില്‍ നിറയെ തീവ്ര രതി ശില്‍പങ്ങളാണ്. അതു കഴിഞ്ഞ് അകത്തേക്കു പോവുമ്പോള്‍ ശില്‍പങ്ങഴുടെ സ്വഭാവം ഇത്തിരി മാറുന്നു. അത്ര തീവ്രമല്ലാത്ത ശില്‍പങ്ങള്‍. അതും കഴിഞ്ഞ് ഉളളില്‍ ചെന്നാല്‍ പരസ്പരം കൈ പിടിച്ചും സ്നേഹത്തോടെ നോക്കിയും നില്‍ക്കുന്ന ഇണകളുടെ ശില്‍പങ്ങള്‍. പിന്നെയും ഉള്ളിലേക്ക് ചെന്നാല്‍ പരസ്പരം തൊടുക പോലും ചെയ്യാതെ സ്നേഹം പ്രസരിപ്പിക്കുന്ന ശില്‍പങ്ങള്‍.
  പിന്നെയും ഉള്ളിലേക്ക് ചെന്നാല്‍, ഒറ്റയൊറ്റയായ മനുഷ്യ രൂപങ്ങള്‍. അതിനുമപ്പുറം കടന്നാല്‍,ആളുകളേയില്ല. ഒറ്റ വാതില്‍. നിശãബ്ദത. അതിനുമപ്പുറം പോവുമ്പോള്‍, എത്തും വെറും ഇരുട്ടില്‍. സാന്ദ്രമായ മൌനത്തില്‍.
  കേവലം ഉടലിളക്കങ്ങള്‍ മാത്രമായ സ്നേഹം കൂടുതല്‍ കൂടുതല്‍ ആഴത്തിലേക്ക് ചെല്ലുമ്പോള്‍ സ്വയം തിരിച്ചറിവിലേക്കും
  ധ്യാനത്തിലേക്കും വളരുന്നുവെന്നും ആ അവസ്ഥയില്‍ ലോകത്തെ മുഴുവന്‍ സ്നേഹിക്കാനുള്ള ഊര്‍ജപ്രവാഹമായി
  അത് മാറുന്നുവെന്നുമാണ് ഓഷോയുടെ നിരീക്ഷണം.

  ഈ കവിതയിലൂടെ സഞ്ചരിക്കുമ്പോഴും അത്തരം ഊര്‍ജമാണ് പ്രസരിക്കുന്നത്. മികച്ച വരികള്‍.

  ReplyDelete
 4. എല്ലാവരോടും ഒരുപോലെ;
  അതിനാൽ സ്വയമൊന്നും ഉപേക്ഷിക്കാതെ.- കൃത്യമായ സ്നേഹം. പതുക്കെ പതുക്കെ പല പല ശബ്ദങ്ങൾക്കിടയിൽ
  നാം ഒരു ശബ്ദം മാത്രം കേട്ടുതുടങ്ങും.
  അത് നമ്മുടേത് തന്നെയാണെന്ന് നാം തിരിച്ചറിയും.- സത്യം!
  അല്ലാതെ നിന്നെ മാത്രം സ്നേഹിക്കുന്നത് (അതാണ് സാധാരണം) സ്വാർത്ഥതയുടെ ഒരു എക്സ്റ്റെൻഷൻ മാത്രം. നന്നായി ലിഡിയ.

  ReplyDelete
 5. സ്നേഹം കൊടുക്കുക…………… കൊടുത്ത് കൊണ്ടേയിരിക്കുക………
  സർവ്വചരാചരങ്ങൾക്കും………………………………………………….
  ഒന്നും പ്രതീക്ഷിക്കാതെ ; ? !

  ReplyDelete
 6. നമുക്ക് കൈമോശം വന്നുകൊണ്ടിരിക്കുന്ന ഒരു വികാരമാണ് സ്നേഹം.

  സ്വയം പോലും സ്നേഹിക്കാന്‍ കഴിയാത്ത ഒരു തലമുറയോടുള്ള ഒരു

  ആഹ്വാനം ആയി ഇത് പരിനമിചെങ്കില്‍ എന്ന് ആശിക്കുന്നു.

  നന്നായി.ആശംസകള്‍.

  ReplyDelete
 7. ഇഷ്ടായി ഈ ചുവരെഴുത്ത്..

  ReplyDelete
 8. മഴ നനഞ്ഞ കൈ കോര്‍ത്ത് ,
  ഒരുപാട് ദൂരം പോയ് വരാന്‍...
  നിന്റെ ഇടം കയ്യിലൊരു വിരല്‍
  എനിക്കായി മാറ്റി വെക്ക്............

  ReplyDelete
 9. നിന്നെ മാത്രം സ്നേഹിക്കണം എന്ന ചിന്തയില്‍ നിന്ന് എല്ലാത്തിനെയും ഒന്ന് പോലെ സ്നേഹിക്കുക അല്ലെ.

  ReplyDelete
 10. സ്നേഹം അങ്ങനെയാണു.അങ്ങനെയെ ആകാവൂ...

  ReplyDelete
 11. “ഇങ്ങനെയൊന്നല്ലാത്ത മറ്റെന്താണ്‌ സ്നേഹമായ് സ്വീകരിക്കപ്പെടുക?“
  ഇങ്ങനെയൊന്നല്ലാതെ മറ്റെന്താണ് കവിതയായ് സ്വീകരിക്കപ്പെടുക?

  ReplyDelete
 12. സ്നേഹം..ഒന്നുമൊന്നും ഉപേക്ഷിക്കാതെ...ഒരാളേയും നിഷേധിക്കാതെ
  :-)

  ReplyDelete
 13. സ്നേഹം സ്നേഹമായി തിരിച്ചരിയുന്നിടത് സ്നേഹം അസ്തമിക്കുന്നു. സ്നേഹം തിരിച്ചറിയാന്‍ ഒരാളുണ്ടാവുമ്പോള്‍ സ്നേഹത്തിനു മാറ്റമില്ല..... പക്ഷെ തിരിച്ചരിയുന്നതാരോ അയാളില്‍ സ്നേഹം മറ്റെന്തോ ആവുന്നു.

  വെയിലില്‍ നിലാവ് അലിയും പോലെ.......വേര്‍തിരിവുകള്‍ ഇല്ലാത്ത.........silence.........

  ReplyDelete
 14. ഊര്‍ജ്ജം പ്രസരിക്കുന്ന ഒരു ചുമരെഴുത്ത്...

  ReplyDelete
 15. പലപ്പോഴും പലരുടെയും സ്വാര്‍ഥതയാണ് സ്നേഹമാകുന്നത്..............എന്റെ മകള്‍,എന്റെ പെണ്ണ്, എന്റെ അമ്മ,അങ്ങനെ പോകുന്നു ഇല്ലെ

  ReplyDelete
 16. ജീവലോകം സൂര്യനിലേക്ക് കണ്ണു തുറക്കുന്നതുപോലെ :)

  ReplyDelete
 17. മഴയിൽ എല്ലാ മരങ്ങളും നനയുന്നതു പോലെ
  വെയിലിൽ എല്ലായിടവും ജ്വലിക്കുന്നതു പോലെ
  പ്രകൃതിയ്ക്ക് വിധേയമായ രാത്രിപോലെ
  കയറ്റിറക്കങ്ങളില്ലാത്തൊരിടം തേടിയുള്ള ഒഴുക്കുപോലെ
  കാറ്റുപോലെ ഇന്നനേരമെന്നില്ലാതെ

  പ്രകൃതി അങ്ങനെയാണ് അല്ലേ ...
  അതിനു ഉച്ച നീചത്തങ്ങള്‍ ഒന്നുമില്ല. ശരീരം അതിനു ആവശ്യമില്ലാത്ത ഒന്നിനെയും സ്വീകരിക്കയില്ല.
  പ്രകൃതി ഒന്നും കൂട്ടിവക്കില്ല. മഹത്തായ ഒരു ചിന്തയിലേക്ക് ഈ കവിത കൂടി കൊണ്ടു പോകുന്നു.

  ReplyDelete
 18. സ്നേഹത്തിന്റെ ഉൾക്കിണറുകൾ നന്നേ ഇഷ്ടപ്പെട്ടു

  ReplyDelete
 19. പ്റിയ ലിഡിയ,
  തൃശൂര്‍ കേന്ദ്രമായി പ്രസിദ്ധീകരിക്കുന്ന ജീവിതം സമം ജീവിതഗാനം എന്ന മാഗസിന്റെ ഏറ്റവും പുതിയ ലക്കം
  ബ്ലോഗ്‌ പതിപ്പായി ഇറക്കാന്‍ ആഗ്രഹിക്കുന്നു.
  താങ്കളുടെ രചന പ്രസിദ്ധീകരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍
  താങ്കളുടെ രചനകളില്‍ മൌലികമെന്നു താങ്കള്‍ക്കു തോന്നുന്ന രചനയോ രചനയുടെ ലിങ്കോ അയച്ചുതരുവാന്‍ അപേക്ഷിക്കുന്നു. താങ്കളുടെ ഒരു കൃതി തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം തരുന്നുവെങ്കില്‍ ഉപകാരമായിരിക്കും.

  അയക്കേണ്ട ഇമെയില്‍ id - bhanu680@gmail.com

  സ്നേഹപൂര്‍വ്വം
  ഭാനു കളരിക്കല്‍

  ReplyDelete
 20. കവിത വായിച്ചു കഴിഞ്ഞപ്പോള്‍ ആള്‍ക്കൂട്ടത്തിനു നടുവില്‍ ഒറ്റയ്ക്ക് നില്‍ക്കുംപോലെ തോന്നി.ഭയങ്കര ഏകാന്തത.

  ReplyDelete
 21. ഇങ്ങനെയൊന്നല്ലാത്ത മറ്റെന്താണ്‌ സ്നേഹമായ് സ്വീകരിക്കപ്പെടുക?

  good lines..gives lots of energy! prakasham parathunna lidiyaamme :)

  ReplyDelete