Wednesday, March 16, 2011

ധര്‍മ്മനും ഗുപ്തനും

മരണദേവന്‍ എന്നാണ് അയാളെ പരിചയക്കാര്‍ വിളിച്ചിരുന്നത്.
അത്രയ്ക്കും സുന്ദരമായി മരണത്തെ റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റൊരു ലേഖകനില്ലായിരുന്നു,പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും.
അയാളുടെ റിപ്പോര്‍ട്ട് കേട്ടിരിക്കുമ്പോള്‍ വെറുതേപ്പോലും ആരും റിമോര്‍ട്ട് കയ്യിലെടുക്കില്ല, ഇടവേളകളില്‍പ്പോലും അയാളെ ഓര്‍ത്തിരിക്കുമവര്‍.

മരണം, അത് കൊലപാതകമായാലും അപകടമായാലും ആത്മഹത്യയായാലും സ്വാഭാവികമായിരുന്നാലും അതിനെക്കുറിച്ച് അയാള്‍ പറഞ്ഞ് കൊതിപ്പിച്ചുകളയും.
അതുകൊണ്ടൊക്കെത്തന്നെ മാനേജ്മെന്റ് അയാള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയിരുന്നു.

മരണത്തെപ്പോലത്തന്നെ ചിലര്‍ തന്നെ വല്ലാതെ സ്നേഹിക്കുകയും ചിലര്‍ വല്ലാതെ ഭയപ്പെടുകയും ചെയ്യുന്നുണ്ടെന്ന് അയാള്‍ക്കുമറിയാം.
അത്ര സ്വീകാര്യമായിരുന്നു,ശാന്തമായിരുന്നു, ആകര്‍ഷകമായിരുന്നു ആ ശബ്ദവും, അയാളുടെ വാക്കുകളെപ്പോലെ.ഒരോ വട്ടവും പുതിയ പുതിയ വാക്കുകള്‍ കൊണ്ട് അയാള്‍ മരണത്തെ വാഴ്ത്തി. കേട്ടവര്‍ക്കൊക്കെ മരിച്ചവരെത്ര ഭാഗ്യവാന്മാര്‍ എന്നു തോന്നിപ്പോകും വിധം.

മരിയ്ക്കുന്നതിനു തൊട്ടുമുന്‍പ് അയാളുടെ ശബ്ദം ഒന്നുകേള്‍ക്കാന്‍ കഴിഞ്ഞാല്‍ മാത്രം മതിയെന്ന് അവരെല്ലാം സ്വകാര്യമായി ആഗ്രഹിച്ചു.ആളുകള്‍ ആരാധിച്ചും ധ്യാനിച്ചും തുടങ്ങിയതു കൊണ്ടാകണം വല്ലാതൊരു ശൂന്യത തന്നെ ബാധിക്കുന്നുവോ എന്ന് അയാള്‍ക്ക് ഉള്‍ഭയം തോന്നിത്തുടങ്ങിയിരുന്നു ആയിടെയായിട്ട്.
ആ തവണത്തേത് സാധാരണക്കാരുടെ തെരുവില്‍ നടന്ന സ്ഫോടനത്തില്‍ മരിച്ചവരെക്കുറിച്ചുള്ള കാഴ്ചകളുടെയും ശബ്ദങ്ങളുടെയും വിനിമയമായിരുന്നു;വില്പനയും- ദിവസങ്ങളോളം;
മരണം നഷ്ടങ്ങള്‍ ബാക്കിവച്ചവര്‍ക്കൊഴികെ; മറ്റെല്ലാവര്‍ക്കും മറക്കാനുള്ള സമയമായി എന്ന് തോന്നുന്നതുവരെ.മരണക്കാഴ്ചയില്‍ നിന്നുള്ള അത്തവണത്തെ മടക്കയാത്രയില്‍ അയാള്‍ അതുകൊണ്ട് തന്നെ ഗുപ്തന്‍ എന്ന സുഹൃത്തിനേയും ഒപ്പം കൂട്ടി.അയാളെ ‘ധര്‍മ്മദേവനെ’ന്ന് വിളിക്കാന്‍ സ്വാതന്ത്ര്യമുള്ള ഒരേയൊരാള്‍.‘ചിത്രാ’ എന്ന് മറുവിളി കേള്‍ക്കുന്നയാള്‍.

മരണകാര്യലേഖകനായിരുന്നു ഗുപ്തനും;പക്ഷേ സ്പെഷലൈസ് ചെയ്തത് മരിച്ചവരുടെ ബന്ധുക്കളുടെ ദു:ഖചിത്രീകരണത്തിലും.
മരണത്തിന്റെ അപ്പുറവും ഇപ്പുറവുമുള്ള മണിക്കൂറുകളില്‍ മരിച്ചവരുടെ ഉറ്റവര്‍- പ്രത്യേകിച്ച് കുഞ്ഞുങ്ങള്‍- എന്ത് ചെയ്യുകയായിരുന്നെന്ന് നാടകീയമായി അവതരിപ്പിക്കുന്നതില്‍ വിദഗ്ധന്‍. പിന്നീട് ആ ബന്ധുക്കള്‍ തന്നെ അയാളെഴുതിയത് വായിച്ചാല്‍, തങ്ങളിങ്ങനെയൊക്കെ ചെയ്തിരുന്നോ, മരണപ്പെട്ടയാളെ ഇത്രയൊക്കെ സ്നേഹിച്ചിരുന്നുവോ, എന്ന് അദ്ഭുതപ്പെട്ടു പോകുന്നത്ര സ്വാഭാവികതയോടെ.

ഒരുപക്ഷേ തന്റെ മരണത്തില്‍ ഇല്ലാതെ പോകുന്ന ചിലതിനെക്കുറിച്ച് ധാരാളമായിത്തന്നെ വര്‍ണ്ണിക്കുകയായിരുന്നിരിക്കണം അന്നേരങ്ങളില്‍ അയാള്‍.

ബന്ധുക്കളായി ആരുമില്ലാത്തതുകൊണ്ട് തന്റെ മരണത്തില്‍, മറ്റാരേയും കുറിച്ച് പറയേണ്ടിവരികയില്ലെന്ന സുരക്ഷിതത്വബോധമുണ്ടായിരുന്നു അയാള്‍ക്ക്.

അത്രമേല്‍ സ്വതന്ത്രനായിരുന്ന ഒരാളിന്റെ ആത്മവിശ്വാസം.

പക്ഷേ വായിക്കുന്നവരും കേള്‍ക്കുന്നവരും അപ്പോഴൊക്കെ ധര്‍മ്മനെക്കുറിച്ചെല്ലാതെ ഗുപ്തനെക്കുറിച്ച് ചിന്തിക്കാറേയില്ല. ധര്‍മ്മനൊഴിച്ച് മറ്റാര്‍ക്കും തന്റെ നിലനില്പേ ഒരു പ്രശ്നമല്ലെന്ന് അയാള്‍ക്കറിയാം.

ഗുപ്തന്‍ , ധര്‍മ്മനോട് മാത്രം സംസാരിച്ചു.
ധര്‍മ്മന്‍, അയാളുടെ നിസ്സഹായതകള്‍ക്ക് കൂട്ടിരുന്നു. അയാള്‍ക്ക് പുതിയ വാക്കുകളിലേക്കുള്ള വഴികള്‍ തുറന്നു കൊടുത്തു.

അന്നത്തെ യാത്രയില്‍ ‘ധര്‍മ്മദേവന്‍‘ വല്ലാതെ തളര്‍ന്നു തുടങ്ങിയിട്ടുണ്ടെന്ന് ‘ചിത്രഗുപ്തന്‍‘ തിരിച്ചറിഞ്ഞു.

‘ഏറ്റവും പൂര്‍ണ്ണമായ നിമിഷത്തില്‍ മരിയ്ക്കണം,അനാര്‍ഭാടമായി, വേദനകളില്ലാത്തൊരു നിമിഷം.വേദനകള്‍ക്കിടയിലുള്ള മരണം ഒരു ജീവിതം ബാക്കി വയ്ക്കുന്നുണ്ട്- ചിത്രാ’ അയാള്‍ കേണു:

‘ശാലിനി പറയുന്നു എന്റെ വിയര്‍പ്പും മരണം മണത്ത് തുടങ്ങിയെന്ന് ..’

‘ശാലിനി’ അയാള്‍ തന്റെ ഭാര്യയെക്കുറിച്ചോര്‍ത്തു:

‘എന്റെ മരണം കൊണ്ട് അവളുടെ ജീവിതം നിലയ്ക്കുമോ ..ഇല്ല.
എനിക്കറിയാം എന്റെ മരണശേഷവും അവളുടെ ജനല്‍ക്കമ്പിയില്‍ നിലാവ്‌ വിരല്‍ മീട്ടും
മഴ, കുരുക്കുത്തിപ്പൂവായി വിടരും.
രാത്രി വൈകിയും മഞ്ഞവെളിച്ചം മുറ്റം നിറയ്ക്കും.
പല നക്ഷത്രങ്ങള്‍ ഒറ്റ നക്ഷത്രത്തിനായി വീടൊഴിയുന്ന നേരം വരെയും പുസ്തകങ്ങളും അവളും എന്റെ വിയര്‍പ്പ് മണമില്ലാതെ ഉറങ്ങും...
എന്നിട്ടും എനിക്കെന്തേ ഭയം തോന്നുന്നു..‘

ഒരാളോടും വിധേയത്വമില്ലാത്തവിധം സ്വതന്ത്രനാണെന്ന് വിശ്വസിച്ചിട്ടും ഗുപ്തന്‍ അന്നേരം കരഞ്ഞു.ഒരു യാത്രയ്ക്ക് തയ്യാറെടുക്കുമ്പോള്‍ അതുവരെ തോന്നാത്തൊരു വേവലാതി അയാളേയും വിഴുങ്ങി.

പിറ്റേന്ന് രാവിലെ ,തങ്ങളുടെ പ്രതിനിധികളുടെ മരണം മറ്റാരും അറിയേണ്ടെന്ന് കരുതി മരണലേഖകര്‍ക്ക് കൂലി കൊടുത്തവര്‍ അതൊളിപ്പിച്ചു വച്ചെങ്കിലും മറ്റുള്ളവരിലൂടെ അത് എല്ലാവരും അറിഞ്ഞു. പക്ഷേ പക്ഷേ ആ മരണം പുതുമകളില്ലാതെ അവതരിപ്പിച്ചതായിരുന്നതുകൊണ്ട് ആരും അധികകാലം ഓര്‍ത്ത് വച്ചില്ല.

Sunday, March 13, 2011

സ്നേഹമാണെന്ന് കേൾക്കാനാഗ്രഹിക്കുമ്പോഴൊക്കെ

ഞാൻ നിന്നെ മാത്രം സ്നേഹിക്കണമെന്ന് നീ ആഗ്രഹിക്കുമ്പോഴൊക്കെയും
എനിക്ക് എല്ലാവരോടും സ്നേഹം തോന്നിത്തുടങ്ങും:

മഴയിൽ എല്ലാ മരങ്ങളും നനയുന്നതു പോലെ
വെയിലിൽ എല്ലായിടവും ജ്വലിക്കുന്നതു പോലെ
പ്രകൃതിയ്ക്ക് വിധേയമായ രാത്രിപോലെ
കയറ്റിറക്കങ്ങളില്ലാത്തൊരിടം തേടിയുള്ള ഒഴുക്കുപോലെ
കാറ്റുപോലെ ഇന്നനേരമെന്നില്ലാതെ

വെയിൽ നിറമാഗ്രഹിക്കുമ്പോൾ മഴയായ് പെയ്ത്
മഴനനയാനിറങ്ങവെ വേനലായ് കനത്ത്

എല്ലാവരോടും ഒരുപോലെ;
അതിനാൽ സ്വയമൊന്നും ഉപേക്ഷിക്കാതെ.

ഇതിനെയൊക്കെയല്ലാതെ മറ്റെന്തിനെയാണ്‌ എനിക്ക് സ്നേഹമെന്ന് വിളിക്കാൻ കഴിയുക?

പതുക്കെ പതുക്കെ പല പല ശബ്ദങ്ങൾക്കിടയിൽ
നാം ഒരു ശബ്ദം മാത്രം കേട്ടുതുടങ്ങും.
അത് നമ്മുടേത് തന്നെയാണെന്ന് നാം തിരിച്ചറിയും.

ജീവലോകം സൂര്യനിലേക്ക് കണ്ണു തുറക്കുന്നതുപോലെയാകണമത്.

അവ്യക്തതകളിൽ നിന്ന് സ്വതന്ത്രരായി അന്നേരം നാം
എല്ലാവരേയും സ്നേഹിച്ച് തുടങ്ങും.
ആഗ്രഹിക്കുന്ന എല്ലാവർക്കും പങ്കുവയ്ക്കാൻ കഴിയുന്ന ഊർജ്ജമായി അത് നമ്മളിൽ നിറയും.

ഇങ്ങനെയൊന്നല്ലാത്ത മറ്റെന്താണ്‌ സ്നേഹമായ് സ്വീകരിക്കപ്പെടുക?

******************************************

Tuesday, March 1, 2011

ചില നേരങ്ങളിൽ

ചില നേരങ്ങളിൽ സാമ്രാട്ടാവും,
സ്വപ്നങ്ങളെ വേട്ട് ആഗ്രഹങ്ങളുടെ അന്ത:പുരത്തിലേക്ക് കൊണ്ടുവരും.
ചിലപ്പോൾ ഇരകളുടെ നിസ്സഹായതയോടെ സ്വപ്നങ്ങൾക്ക് മുൻപേ ഓടി വിയർക്കും.

ചിലപ്പോൾ കോമാളികളുടെ വേഷമണിഞ്ഞ് നഗരമധ്യത്തിൽ രാജാവിനെപ്പോലെ നടക്കും.
ചിലപ്പോൾ അടുക്കളക്കാരിയായി പൊള്ളലുകളിൽ തുപ്പൽ പുരട്ടി സ്നേഹത്തോടെ സ്വയം ശാസിക്കും.

ചിലനേരങ്ങളിൽ കവി- എല്ലാറ്റിനേയും പ്രണയിച്ചുതുടങ്ങും.
ചിലപ്പോൾ യോഗി- ഒരോ നിമിഷത്തേയും ധ്യാനിച്ചിരിക്കും.

ചിലനേരങ്ങളിൽ പലതു ചേർന്ന് പുതിയയൊന്നിലേക്കെന്ന് ആഹ്ലാദിക്കും-(വൈകാതെ അതും പഴയതെന്നറിയും;
തന്റേതുമാത്രമായി ശബ്ദങ്ങളും സ്പർശനങ്ങളുമില്ലെന്നുമറിയും...)

ചിലപ്പോൾ മാളങ്ങളിൽ ഒളിയ്ക്കും.
ചിലപ്പോൾ വെളിച്ചത്തിലേക്ക് തുരങ്കങ്ങൾ പണിയും.

ചിലനേരങ്ങളിൽ നക്ഷത്രത്തിന്റെ സ്വപ്നങ്ങളും തമോഗർത്തത്തിന്റെ ജനിതകവുമുള്ള ആകാശഗോളമാകും..

ചിലനേരങ്ങളിൽ മേഘങ്ങളേക്കാൾ നിർമ്മലരായി മനസ്സിന്റെ കൊടുമുടികൾ കീഴടക്കും.
ചിലനേരങ്ങളിൽ കരുണയുടെ മത്സ്യാവതാരമെടുത്ത് ആരുടേയെങ്കിലും സങ്കടക്കടലിൽ കൂട്ടിരിക്കും.

ചിലപ്പോൾ ജീവന്റെ കുപ്പായം സ്വയം തുന്നിയെടുക്കാൻ എണ്ണമറ്റ നൂലുകളിൽ അടുത്തതേതെന്നറിയാതെ കുഴങ്ങും.
(അപ്പോഴൊക്കെ നമ്മുടെ കണ്ണുകളേക്കാൾ വേഗത്തിൽ നമ്മുടെ കുഞ്ഞുങ്ങളുടെ കണ്ണ്‌ നിറയുന്നതറിയും.)

ചിലപ്പോൾ മരണത്തിന്റെ വാതിലോളം ചെന്ന് ജീവന്റെ കുഞ്ഞുചിരിയിലേക്ക് തിരിച്ചുവരും.