Tuesday, February 15, 2011

അമ്മ, അച്ഛനെ സ്നേഹിച്ചതു പോലെ(അച്ഛൻ അമ്മയേയും)

പലപ്രാവശ്യമായി അമ്മയോട് ചോദിക്കുന്നു, അമ്മ അച്ഛനെ സ്നേഹിക്കാറുണ്ടായിരുന്നത് എങ്ങനെയാണെന്ന്- ഏകപക്ഷീയമായ കീഴടങ്ങലായിരുന്നില്ല ആ സ്നേഹം. നിറഞ്ഞ ചിരിയും ഇടയിൽ ചുവന്ന നിറമുള്ള നനഞ്ഞ പരിഭവവും.

ഒരു ജീവിതം തുടങ്ങിക്കഴിയുമ്പോഴേയ്ക്കും മഹാത്ഭുതം തന്നെ ഇത്.
എന്താണിതിനു പിന്നിലെ സൂത്രം. അതായിരുന്നു അറിയേണ്ടത്.

ഫോണിലൂടെ അമ്മയുടെ ചിരി നിറഞ്ഞു.
അതിലല്പം നാണവുമില്ലേ എന്ന് കുസൃതി മിന്നി.
ചിലപ്പോൾ നരവീഴാത്ത ഈ നാണം തന്നെയാകണം സ്നേഹസമവാക്യങ്ങളിലൊന്ന്. അതുവരെ എത്തിയിട്ടില്ലല്ലോ പ്രായം. അത്രയും കാലം പിടിച്ചു നില്ക്കാനുള്ള സൂത്രപ്പണിയാണ്‌ അറിയേണ്ടത്.
ചോദ്യം ആവർത്തിച്ചപ്പോൾ അങ്ങേത്തലയ്ക്കൽ നീ വീണ്ടും തുടങ്ങിയോ എന്ന പരിചയമുള്ള ആവലാതി.

എങ്ങുമെത്തില്ലെന്ന് തോന്നുന്നൊരു സ്നേഹം എന്റെയുള്ളിൽ എന്ന് കാരണങ്ങൾ നിരത്തി.
ഇസ്തിരിയുടെ (ഇദെന്താ എനിക്കേ ചെയ്യാവൂ എന്നൊരു കലഹം ഇസ്തിരിപ്പെട്ടിയെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ ഓടി ജയിച്ച് മനസ്സിന്റെ വിക്ടറി സ്റ്റാൻഡിൽ നിന്ന് കൈവീശിക്കാണിക്കുകയായി) കുറ്റം പറച്ചലിൽ മുഖം ചുളിച്ച് ഓഫീസിലേക്ക് ഇറങ്ങുമ്പോൾ തുടങ്ങുന്ന പകലും , വീട്ടിലേക്ക് കയറി വരുമ്പോൾ തന്നെ എടുക്കാൻ ഓർമ്മിപ്പിക്കാതിരുന്ന ഫയലിനെക്കുറിച്ചുള്ള പരാതിയിൽ തുടങ്ങുന്ന രാത്രിയും ഒരു പോലെ ഉപയോഗശൂന്യം.

‘ഉണ്ണീടെ അച്ഛനും ന്തായിരുന്നു ദേഷ്യം.പറപറപ്പിക്കും’ എന്ന് അന്നേരം അമ്മ.‘ഇതൊക്കെയാണോ വല്യൊരു പരാതി?’
എന്നാലും സങ്കടം തോന്നാതെങ്ങനെ എന്ന് ഞാൻ.

കണ്ണു നിറഞ്ഞാലും മനസ്സ് കരയരുതെന്ന് മറുപടി. മനസ്സ് കരഞ്ഞാൽ സ്നേഹം തോന്നാതേയാവും.
പാഠം ഒന്ന്- പരിശീലിച്ച് നോക്കുക തന്നെയെന്ന് ഞാൻ വെറുതേ ചിരിച്ചു.

രണ്ടു ദിവസം മുന്നേ തീർന്ന പിണക്കം ഉപ്പിലിട്ട നാരങ്ങയെ ചൊല്ലിയായിരുന്നു.
നിനക്ക് നന്നായി നാരങ്ങ ഉപ്പിലിടാൻ പോലും അറിയില്ലല്ലോ എന്ന് ചൊടിപ്പിച്ചു.
പറഞ്ഞ് പറഞ്ഞ് വന്നപ്പോൾ ഉണ്ടാക്കാനറിയുന്ന, അറിയാത്ത, ചെയ്യാത്ത, ചെയ്ത കാര്യങ്ങളുടെ നീണ്ട ലിസ്റ്റ് രണ്ടാളും വലിച്ച് പുറത്തെടുത്തു.

‘എന്നിട്ട് നീ ഉപ്പിലിട്ടതുണ്ടാക്കിയോ’ എന്ന് അമ്മ.
‘പിന്നേ എനിക്കതല്ലേ ഇവിടെപ്പണി’യെന്ന് ഞാൻ.
‘ഇദന്നെ കൊഴപ്പം’ എന്ന് ശബ്ദമുയരാൻ താമസിച്ചില്ല.‘ഞാനാണെങ്കിൽ അറിയാവുന്ന രുചിയിലൊരു ഉപ്പുനാരങ്ങ ഊൺ മേശയിലെത്തിയേനേ’

അങ്ങനെയൊക്കെയാണോ?
‘അല്ലാതെ പിന്നെ നീയാദ്യം ഞാനാദ്യം എന്ന് മത്സരിക്കുന്നതാ സ്നേഹം, നല്ല കാര്യായി’
അമ്മയുടെ ശബ്ദം സ്നേഹം കൊണ്ട് നനഞ്ഞ് പ്രിയപ്പെട്ടതായി:
'തരാത്തതിനെപ്പറ്റിയല്ല കൊടുത്തതെത്രയെന്ന് ഓർത്ത് നോക്കൂ ആദ്യം'
'ആദ്യം എന്നല്ല എപ്പോഴും' എന്ന് തിരുത്തി.

പിന്നെ ശബ്ദം മാറി, കിട്ടിയതത്രയും കളയാൻ നിനക്കെന്താ വയറിളക്കം പിടിച്ചോ എന്ന് ചോദ്യം വന്നു.

സംസാരം നിർത്തുന്നതാണ്‌ നല്ലതെന്നു തോന്നി.അല്ലെങ്കിൽ വയറു നിറച്ചു കിട്ടും, അയലത്തെ ദേവസിച്ചേട്ടൻ മുൻശുണ്ഠിക്ക് ചാവാൻ കിണറ്റിൽ ചാടിയതിൽ പിന്നെ നാട്ടുകാർക്ക് വിളിക്കാൻ ‘well में വീണു है' എന്ന് ഇരട്ടപ്പേര്‌ ഇട്ടുകൊടുത്ത ആളിൽ നിന്ന്.

ഇത്തരം പേരുവിളികളുടെ പേരിലാണ്‌ അച്ഛൻ എന്നും അമ്മയോട്, ശുണ്ഠികാണിക്കാറുണ്ടായിരുന്നത്.
എന്നാലും ഇന്നും മാറിയിട്ടില്ല ഈ കുസൃതികളൊന്നും തന്നെ.

പരിശീലിക്കണം എനിക്കും
കീഴടങ്ങാനല്ല, സ്നേഹിക്കാൻ-
അമ്മ അച്ഛനെ സ്നേഹിക്കുന്നതുപോലെ,
എന്നെക്കളഞ്ഞു പോകാതെ എല്ലാവരേയും സ്നേഹിക്കാൻ....

5 comments:

 1. രണ്ടു തലമുറയിലെ ദാമ്പത്യങ്ങളുടെ ഒരു താരതമ്യം, മത്സരിക്കാതെ ഇരുവരും ജയിച്ചിരുന്നതായിരുന്നു, കൂടുതൽ ലോജിക്കലാണെങ്കിലും(?‌) ഇരുവരും പരാജയപ്പെടുന്ന പുതിയതിനേക്കാൾ നന്ന്..ആർക്കറിയാം! സത്യത്തിൽ ഇതൊരു വശം മാത്രമാണ്, ദാമ്പത്യം പോലെ ഇത്രയും സങ്കീർണ്ണമായ, വിചിത്രമായ ബന്ധത്തിന്റെ ഒരു കാഴ്ചപ്പാട് - നന്നായി.

  ReplyDelete
 2. ഒരാള്‍ ഒരാളെ സ്നേഹിക്കും പോലെ മറ്റൊരാള്‍ക്ക് വേറൊരാളെ സ്നേഹിക്കാന്‍ കഴിയുമോ? അല്ലെങ്കില്‍ അത് കഴിയില്ല എന്ന് തെളിയിക്കാനുള്ള ശ്രമമാണോ ലിഡിയ??

  ReplyDelete
 3. Good post. Some generation gap problem is there.
  even then, life is beautiful.
  best regards,
  shanavas.

  ReplyDelete
 4. ദാമ്പത്യത്തിലെ സ്നേഹത്തിന് ഒരുപാട് നിറങ്ങളുണ്ട്, ഓരോ നിറവും ഒന്നിൽ നിന്നും വ്യത്യസ്തം! താരതമ്യമൊന്നും തന്നെ പൊരുത്തപ്പെടുകയില്ലെന്നു തോന്നുന്നു.

  ഭംഗിയായി എഴുതി.

  ReplyDelete