Sunday, February 13, 2011

നാൻസിയും ശ്രീനിയുടെ സിസിലിയും

ഹീറ്റര്‍ ഓണ്‍ ചെയ്ത് ശ്രീനിക്ക് കുളിക്കാന്‍ വെള്ളം നിറച്ചു വയ്ക്കുന്നതില്‍ തുടങ്ങി, ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പ് മഫ്ലര്‍ എടുത്തുകൊടുക്കുന്നതില്‍ അവസാനിക്കുന്ന, തണുപ്പ്കാലത്തെ ദിവസങ്ങളിലൊന്ന് സിസിലിയുടെ വിവാഹവാര്‍ഷികമാണ്.

സ്ട്രീറ്റില്‍ പുതുതായി തുറന്ന KFC യിലെ മഞ്ഞനിറത്തിലുള്ള ചതുരമേശമേല്‍ കൈമുട്ടൂന്നിയിരുന്ന് പുറത്തെ കാഴ്ചകളിലായിരുന്നു അവളുടെ മനസ്സ്.

അവിടെനിന്ന് നോക്കിയാല്‍ കാണാവുന്ന കെട്ടിടങ്ങളിലേറെയും പഴയതായിരുന്നു.
നഗരം ഇത്രയും വികസിയ്ക്കുന്നതിനു മുന്‍പ്,ആർക്കിടെക്റ്റിന്റെ
പരീക്ഷണങ്ങള്‍ പരിമിതമായിരുന്നകാലത്ത് പണിതതായിരുന്നു അവയില്‍ പലതും.
ചില കുറവുകള്‍ ഉണ്ടായിരുന്നു അവയ്ക്കൊക്കെ- അതുകൊണ്ടുതന്നെ ജീവനും.

അവയിലൊന്നില്‍ മുന്ന് നിലകളിലായി പതിച്ചുവെച്ച നീല ജനാലച്ചില്ലുകളിലേക്കും തിരിച്ചും പ്രാവുകള്‍ പറന്നുകൊണ്ടേയിരുന്നു.
ഒരുപാടെണ്ണം- ഏത്, എപ്പോള്‍,ഏത് ജനാലയിലേക്ക് എന്നൊന്നും പെട്ടന്ന് പിടിതരാത്തവണ്ണം ഇടവേളകളില്ലാതെ, വേഗത്തില്‍.
അവയിലേത് ഒരേ കുടുംബത്തില്‍, ഏത് ആരുടെ ഇണ, ഏത് ആണ് ഏത് പെണ്ണ് എന്നൊന്നും തിരിച്ചറിയാനാവുന്നില്ലെങ്കിലും ഒരേപേരില്‍ അവയെ കാണാനാകുന്നു.

മനുഷ്യരുടെതൊഴിച്ച് മറ്റ് എല്ലാജീവികളുടെയും സാദൃശ്യമാണ് പെട്ടെന്ന് മനസ്സില്‍ പതിയുക. മനുഷ്യരുടെതാകുമ്പോള്‍ നിറത്തിന്റെ, രാജ്യത്തിന്റെ, ലിംഗത്തിന്റെ, ഭാ‍ഷയുടെ അങ്ങനെയങ്ങനെ വ്യത്യാസങ്ങള്‍ എണ്ണിത്തുടങ്ങും ആദ്യ കാഴ്ചയില്‍ തന്നെ.

നാന്‍സിയുടെ ചിന്ത അത്രത്തോളം എത്തിയപ്പോഴേക്കും സിസിലിയുടെ ചുണ്ടില്‍ അവളുടെ ഏറ്റവും ഭംഗിയുള്ള ചിരി വിടര്‍ന്നു.
‘ എവിടെയെങ്കിലും ഞാനിതെഴുതും ‘ എന്നാണ് ആ ചിരിയുടെ അര്‍ത്ഥമെന്ന് നാന്‍സിയ്ക്ക് മനസ്സിലായി.

തങ്ങളുടെ പെണ്‍കുട്ടിക്കാലത്തെ എഴുത്ത് സിസിലി വീണ്ടും തുടങ്ങിയതില്‍ നാന്‍സിയ്ക്ക് ആശങ്കയുണ്ടായിരുന്നു.പ്രണയവും മഴയും മഞ്ഞും മനസ്സും ആവര്‍ത്തിക്കുകയല്ലാതെ, പ്രയോജനമാകുന്ന ഒന്നും എഴുതാന്‍ കഴിയുന്നില്ലെങ്കില്‍ ഇതുകൊണ്ടൊരു കാര്യവുമില്ലെന്നായിരുന്നു അവളുടെ പക്ഷം.

എല്ലാം പുറത്ത്പറയുന്നതാണ് നിന്റെ കുഴപ്പമെന്ന് നാന്‍സിയും
എല്ലാം അടക്കിവയ്ക്കുന്നതാണ് നിന്റെ കുഴപ്പമെന്ന് സിസിലിയും.
തങ്ങളിലേക്ക് വരുന്ന ചിന്തകളെ നിയന്ത്രിക്കാന്‍ രണ്ടുപേര്‍ക്കും കഴിയാറില്ലെന്നതാണ് വാസ്തവം.

തന്റെ മനസ്സിനേയും അവള്‍ ആളുകള്‍ക്ക് വായിക്കാന്‍ കൊടുക്കുന്നെന്ന് പരാതി പറഞ്ഞു നാന്‍സി.
നിന്റെ മനസ്സിലുള്ളതെല്ലാം എന്നോട് പറഞ്ഞുകൊണ്ടിരുന്നാൽ, മനസ്സമാധാനത്തിന്‌ പിന്നെ
ഞാനെന്ത് ചെയ്യും എന്ന് സിസിലിയും. ആളുകൾ നമ്മെ വായിക്കുന്നു എന്നറിയുന്നതും ഒരു അതിജീവനത്തിന്റെ വഴിയല്ലേ എന്നും ചോദിച്ചു അവൾ.
തങ്ങളുടെ ഭാര്യയും മകളും സഹോദരിയും എഴുതുമ്പോള്‍ മാത്രം അസ്വസ്ഥരാകുന്നവരല്ലേ ഈ വായനക്കാരിൽ പലരും എന്ന് അപ്പോഴും നാൻസിയ്ക്ക് സംശയം ബാക്കി.

പുസ്തകങ്ങളും പരീക്ഷകളും മാത്രം ആവര്‍ത്തിക്കപ്പെടുന്ന ഒരു വിദ്യാര്‍ത്ഥിയുടെ പരിമിതമായ സുഖങ്ങളിൽ ജീവിതകാലം മുഴുവനും സ്വതന്ത്രയായി ജീവിക്കണമെന്നായിരുന്നു നാന്‍സി ആഗ്രഹിച്ചത്..
എന്നിട്ടും സിസിലിയുടെ വിവാഹത്തോടൊപ്പം അവളുടെയും ജീവിതം വല്ലാതെ, തിരിച്ചുകിട്ടാന്‍ കഴിയാത്ത വിധം മാറിപ്പോയി. അതിന്റെ പേരില്‍ അവള്‍ സിസിലിയെ പലവട്ടം ശകാരിച്ചിട്ടുണ്ട്. പരസ്പരം പിണങ്ങിയിട്ടുമുണ്ട്.

“ എനിക്ക് നിന്നെ ഇഷ്ടമല്ല. ശ്രീനിക്കും നിന്നെ ഇഷ്ടമാവില്ല..എന്റെ കല്യാണം കഴിഞ്ഞാലെങ്കിലും നീയെന്നെ ശല്യപ്പെടുത്താതെ വെറുതെ വിടുമെന്ന് കരുതിയത് വെറുതെയായി ”
സിസിലി ദേഷ്യം കാണിച്ചിട്ടുണ്ട് പലപ്പോഴും.
‘ ഞാനെടുത്തു വയ്ക്കുന്ന കടലാസുകളും വീട്ടുസാധങ്ങളും വരെ നീയെടുത്ത് സ്ഥാനം മാറ്റിവയ്ക്കുന്നു ‘ എന്ന് പലവട്ടം ശകാരിച്ചിട്ടുമുണ്ട്.

എന്നിട്ടും ശ്രീനി വീട്ടില്‍ നിന്നിറങ്ങിയാലുടനെ ‘ നീയെല്ലേ എന്നെ മനസ്സിലാക്കാനുള്ളൂ’ എന്ന് സങ്കടപ്പെട്ട് നാന്‍സി, സിസിലിയുടെ അലസതയില്‍ വന്ന് സംസാരിച്ചു തുടങ്ങും.
ആ വര്‍ത്തമാനം കൊണ്ട് ശ്രീനി പറഞ്ഞേല്പിച്ച ജോലികള്‍ പോലും സിസിലി മറന്നുപോകും. വൈകീട്ടെത്തുമ്പോള്‍ അവന്റെ ശകാരം വാങ്ങിച്ചു കൂട്ടുകയും ചെയ്യും.

‘ പുറത്തിറങ്ങിയാല്‍ പട്ടിണി കിടക്കേണ്ടി വരുമോ ആരെങ്കിലും മടിക്കുത്തഴിക്കുമോ എന്നൊക്കെപ്പേടിച്ച് ജയിലിനകത്തുകഴിയുന്ന ഒരാളുടെ അവസ്ഥയല്ലേ ഇതെന്ന് ‘നാന്‍സി.

‘ ഓ പിന്നേ , സുനിത കൃഷ്ണനും സൈനയും ബര്‍ഖയും നിരാറാഡിയയും സാധാരണക്കാരുടെ വരെ ജീവിതത്തിൽനിറയുന്ന ഈ കാലത്താണ് നിന്റെയൊരു ജയിൽ !' പരിഹാസം ശർദ്ദിച്ചു സിസിലി.
‘ നീ വേണമെന്ന് വെച്ചാ സാധിക്കാത്തതായി എന്തുണ്ട് ഈ കാലത്തെ 'ന്ന് പ്രോത്സാഹിപ്പിക്കാനും മറന്നില്ല.

വേണമെന്ന് ആഗ്രഹിച്ചതുകൊണ്ടുമാത്രം ഒന്നും നടക്കുന്നില്ലെന്ന് നിസ്സഹായത അന്നേരം നാൻസിയ്ക്ക്.
ഒരു എക്സ്റ്റേണല്‍ ഫോഴ്സിന്റെ തള്ളോ വലിയോ ആഗ്രഹിക്കുന്ന കല്ലിന്റെ ജഡത്വമുണ്ട് തന്നിലെന്ന് സമ്മതിച്ചു.

ദുർബലനായ ഒരാളിന്റേതായതൊന്നും തട്ടിപ്പറിക്കാതെ, സ്വയം നിർവ്വചിക്കുന്ന ഒരു ജീവിതം നയിക്കുന്ന എല്ലാവരോടും ലിംഗഭേദമില്ലാതെ ആരാധനയുള്ള നാൻസിയ്ക്ക് ചില സന്ദർഭങ്ങളെ അതിജീവിയ്ക്കാൻ ഒട്ടും അറിയില്ലെന്ന് സിസിലിയ്ക്കും അറിയാം.

എന്നിട്ടും,
‘അതൊന്നുമല്ല , ഐസ്ക്രീം തിന്നുമ്പോള്‍ പല്ലുവേദനയെക്കുറിച്ച് ചിന്തിക്കുന്ന ഒരാളുടെ മനോരോഗം മാത്രമാണ് നിനക്കെന്ന് ‘  നാന്‍സിയെ നോവിക്കുക തന്നെ ചെയ്തു,സിസിലി.
അതിന്റെ അരിശത്തില്‍ ‘ ശ്രീനിയോട് സ്നേഹം കാണിക്കാനല്ലാതെ മറ്റൊന്നും ചെയ്യാനറിയാത്ത നീ വലിയ വാചമടിക്കുകയൊന്നും വേണ്ടെന്ന് ‘ അവൾ ക്ഷോഭിച്ചു.
ഒരേപണി തന്നെ എല്ലാദിവസവും ആവര്‍ത്തിച്ചും തിന്നും കുടിച്ചും ഭോഗിച്ചും പരദൂഷണം പറഞ്ഞും പകലുറങ്ങിയും , കോടാനുകോടി മനുഷ്യജീവികളില്‍ ഒരടയാളം പോലും ശേഷിപ്പിക്കാതെ, അസാന്നിദ്ധ്യമായി ജീവിച്ച്, ചത്ത്മണ്ണടിയാന്‍ പോകുന്ന സിസിലിയെന്ന മനുഷ്യജീവിയോട് നാന്‍സിയ്ക്ക് വെറുപ്പാണ്. അതാലോചിക്കുമ്പോള്‍ തന്നെ അവള്‍ക്ക് എന്തെന്നില്ലാത്ത ഭ്രാന്തും അരിശവും തോന്നിത്തുടങ്ങും.

വിവാഹത്തിലെ കൌതുകങ്ങളോടും ശ്രീനിയുടെ സ്നേഹത്തിനോടും കരുതലിനോടും കമ്പമൊട്ടും കുറഞ്ഞിട്ടില്ലെന്ന് സിസിലി പറഞ്ഞു. എന്നിട്ട് വിവാഹ വാര്‍ഷികത്തിന് അവന്‍ വാങ്ങിക്കൊടുത്ത കല്ലുവെച്ച വളയിലെ അലങ്കാരപ്പണികള്‍ നാന്‍സിയ്ക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു.

‘ നിനക്ക് നിന്നെയെല്ലാതെ മറ്റാരേയും സ്നേഹിക്കാന്‍ പോലും കഴിയുന്നില്ലല്ലോ ‘ എന്ന് അന്നേരങ്ങളിലൊക്കെ സിസിലി, നാൻസിയെ ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു. അവളെപ്പോലെ അതിജീവനത്തിന്റെ പാഠങ്ങള്‍ ഭംഗിയായി പരിശീലിക്കുന്ന ഒരു പെണ്ണിന്റെ അവസാനത്തെ വിജയം.

‘ എന്തുകൊണ്ടെങ്കിലും നിന്നെ പൂര്‍ണ്ണമായി സംതൃപ്തപ്പെടുത്താന്‍ കഴിയുമോ ?’ എന്ന സിസിലിയുടെ ചോദ്യത്തിന് ഒരു ഉത്തരം കണ്ടെത്തുന്നതുവരെ നാന്‍സി അവളുടെ മുന്നില്‍ തോറ്റുകൊണ്ടേയിരിക്കും.
ആ ഉത്തരം കിട്ടിയാലേ ശ്രീനിയ്ക്ക് നാന്‍സിയെ കാണിച്ചു കൊടുക്കൂ എന്നാണ് സിസിലി പറഞ്ഞിട്ടുള്ളത്..

അതുകൊണ്ടുതന്നെ KFC യുടെ ചിക്കന്‍ ബക്കറ്റുമായി ശ്രീനി എത്തുന്നതിനു മുന്‍പേ നാന്‍സി സിസിലിയുടെ ഉള്ളിലേക്ക് കയറിപ്പോയി,
‘ നിന്നെപ്പോലെ ഒരുത്തിയുടെ ഉള്ളില്‍ ജീവിക്കേണ്ടി വരുന്നതാണ് എന്റെ ഗതികേടെന്ന് ’ പിറുപിറുത്തുകൊണ്ട്.

29 comments:

 1. ആരാണു നാന്‍സി...ആരാണു സിസിലി. ഒരു കണ്‍ഫ്യൂഷനിലാണു ഞാനാകെ.വായനയുടെ കുഴപ്പമാണോയെന്നറിയില്ല...

  ReplyDelete
 2. ഓരോരുത്തരിലും എത്രയെത്ര ഓരോരുത്തര്‍. എത്ര മറ്റുള്ളവര്‍. അകത്തും പുറത്തുമായുള്ള ചട്ടപ്പടി ജീവിതങ്ങളില്‍നിന്ന് രക്ഷപ്പെടാനുള്ള ഏകമാര്‍ഗം സ്വപ്ന ജീവിതം തന്നെ. സ്വന്തം ഉള്ളകത്തേക്കുള്ള യാത്ര നന്നായെഴുതി.

  ReplyDelete
 3. ആരാണ് ശരിക്കും ജീവിക്കുന്നത്.അകത്തുള്ള നാന്‍സിയാണോ അതോ പുറത്തുള്ള സിസിലിയാണോ ? ആര്‍ക്കാണ് ജീവിതത്തോട് അരല്പമെങ്കിലും കൂടുതല്‍ ഇഷ്ടം ഉള്ളത് ? ഒരാള്‍ മാത്രമായി ജീവിക്കാന്‍ എല്ലാവര്‍ക്കും കഴിഞ്ഞിരുന്നെങ്കില്‍ !!!

  "മനുഷ്യരുടെതൊഴിച്ച് മറ്റ് എല്ലാജീവികളുടെയും സാദൃശ്യമാണ് പെട്ടെന്ന് മനസ്സില്‍ പതിയുക. മനുഷ്യരുടെതാകുമ്പോള്‍ നിറത്തിന്റെ, രാജ്യത്തിന്റെ, ലിംഗത്തിന്റെ, ഭാ‍ഷയുടെ അങ്ങനെയങ്ങനെ വ്യത്യാസങ്ങള്‍ എണ്ണിത്തുടങ്ങും ആദ്യ കാഴ്ചയില്‍ തന്നെ"

  നന്നായിരിക്കുന്നു !

  ReplyDelete
 4. ദ്വന്ദ്വമില്ലാത്തവരാരുമില്ല..
  വ്യത്യസ്തമായ കഥ ഇഷ്ടപ്പെട്ടു, രചനയിലെ തുടക്കത്തിലെ വിവരണങ്ങള്‍ വലിച്ച് നീട്ടിയപോലെ, പക്ഷെ സിസിലിയെയും നാന്‍സിയേയും വേര്‍തിരിക്കാം അവിടം തൊട്ട്.

  “ഹീറ്റര്‍ ഓണ്‍ ചെയ്ത് ശ്രീനിക്ക് കുളിക്കാന്‍ വെള്ളം നിറച്ചു വയ്ക്കുന്നതില്‍ തുടങ്ങി, ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പ് മഫ്ലര്‍ എടുത്തുകൊടുക്കുന്നതില്‍ അവസാനിക്കുന്ന, തണുപ്പ്കാലത്തെ ദിവസങ്ങളിലൊന്ന് സിസിലിയുടെ വിവാഹവാര്‍ഷികമാണ്.” - ഒരു നല്ല തുടക്കം.

  ReplyDelete
 5. സിസിലിക്കുട്ടി എന്തിനാ വെറുതെ നാന്‍സിയെ കൂട്ട് പിടിക്കുന്നത്‌.ശ്രീനിയായിട്ടുള്ള ബന്ധം കലക്കാന്‍ ആണോ?
  എഴുത്തില്‍ ഫെമിനിസ്റ്റ് ചിന്താഗതി ഇല്ലേ എന്ന് ഒരു സംശയം

  ReplyDelete
 6. ഇരട്ട വ്യക്തിത്വമാണോ ലിഡിയ ഉദ്ദേശിച്ചതെന്ന് സംശയം തോന്നുന്നു. അതോ സിസിലിയുടെ ഉള്ളില്‍ അവള്‍ പോലുമറിയാതെ ഒരു നാന്‍സി ഉണ്ടെന്നോ. എന്തോ എനിക്കല്പം കണ്‍ഫ്യൂഷന്‍ ഉണ്ട്. വായന ശരിയായില്ലായിരിക്കാം.

  ReplyDelete
 7. പ്രണയവും മഴയും മഞ്ഞും മനസ്സും ആവര്‍ത്തിക്കുകയല്ലാതെ, പ്രയോജനമാകുന്ന ഒന്നും എഴുതാന്‍ കഴിയുന്നില്ലെങ്കില്‍ ഇതുകൊണ്ടൊരു കാര്യവുമില്ലെന്നായിരുന്നു അവളുടെ പക്ഷം.

  എല്ലാം പുറത്ത്പറയുന്നതാണ് നിന്റെ കുഴപ്പമെന്ന് നാന്‍സിയും
  എല്ലാം അടക്കിവയ്ക്കുന്നതാണ് നിന്റെ കുഴപ്പമെന്ന് സിസിലിയും.
  നന്നായി പറഞ്ഞിരിക്കുന്നു ..ചില്ലപ്പോ ലിഡിയ പോലെ ഉള്ള ഒരാള്‍ക്ക് മാത്രം പറയാന്‍ കഴിയുന്നത് ...

  ReplyDelete
 8. ഇതിപ്പൊ ഒരു നാൻസി മാത്രേയുള്ളൂ :(
  ചില നേരങ്ങളിൽ അജിതയും അരുന്ധതി റോയ് യും മാധവിക്കുട്ടിയും ആകുന്ന ഒരാൾ ഉണ്ട് ;)
  നീയിതൊക്കെ പറഞ്ഞു തീർത്താൽ ഞാനിനി എന്തു ചെയ്യും എന്ന അസൂയയോടെ..

  ReplyDelete
 9. വ്യത്യസ്തമായ കഥ ...ഇഷ്ട്ടപ്പെട്ടു ......

  ReplyDelete
 10. ‘ എന്തുകൊണ്ടെങ്കിലും നിന്നെ പൂര്‍ണ്ണമായി സംതൃപ്തപ്പെടുത്താന്‍ കഴിയുമോ ?’ അത് തന്നെയാണ് പുറത്തുള്ളവളുടെ പ്രശ്നം. അകത്തുള്ളാൾക്ക് സാദാ ജീവിതക്കാരിയായ പുറത്തുള്ളാളെ അംഗീകരിക്കാനാവാത്തത്, പുറത്തുള്ളവൾ അകത്തുള്ളവളെക്കുറിച്ചും എഴുതുന്നത് (ആ, തിരിച്ചാണോ എന്നും സംശയമാകാമല്ലോ),കൂട്ടുകാരനെന്ന കീറാമുട്ടി .. ഗംഭീരമായി ഈ അകം പുറം കാഴ്ച്ചകൾ, ലിഡിയാ!

  ReplyDelete
 11. ഹാ..മനോഹരം..ഒരു പാടിഷ്ടമായി..കാരണം ഇരട്ടയും അതിലേറെയുമായി ഇങ്ങനെ വഴക്കടിച്ചും പിണങ്ങിയും സ്നേഹിച്ചും നമ്മളൊക്കെ.

  ReplyDelete
 12. ഒട്ടുമാവ് (Grafted Mangifera Indica)

  ReplyDelete
 13. ഒന്നും മനസ്സിലായില്ലാ (എന്റെ കുറ്റമാവാം)

  ReplyDelete
 14. നേരത്തെ വായിചിരുന്നല്ലോ ...
  അല്ല ..ആള്‍ എവിടെ ?
  ഇടയ്ക്കു വന്നിട്ട് പോകാം ട്ടോ ...

  ReplyDelete
 15. Good to read you and great you in blog world Lidiya, and good story too

  ReplyDelete
 16. ഞാൻ എന്നിലേക്ക് നോക്കി . അവിടെ ഞാനും കണ്ടു സാദിഖിനെയും സഹീറിനെയും പിന്നെ, നിഷയെയും. ഞാൻ അന്നെഴുതി : ഒന്നുമാകാതെ ഒന്നിനുമാവാതെ വെറുതെ ജീവിച്ച് മണ്ണടിയുന്നതിനെ കുറിച്ച് . ഇന്ന് ഞാനറിയുന്നു, എന്നിലൂടെ നിന്നിലൂടെ നമ്മിലൂടെ ഗതികിട്ടാതലയുന്ന ഈ സ്ഞ്ചാരം.
  അതാണ് ഈ കഥയെന്നും എന്റെ ചെറിയ മനസ്സ് അസ്വസ്ഥപെടുന്നു.

  ReplyDelete
 17. സിസിലിയുടെ മാനസിക സംഘര്‍ഷം അതി മനോഹരമായി
  ചിത്രീകരിച്ചിരിക്കുന്നു."ചതുര ടേബിളില്‍ കൈ മുട്ടുകള്‍ ഊന്നി".
  കാഴ്ചകള്‍ കണ്ണില്‍ എത്തിക്കുന്ന രീതിയില്‍ എഴുതാന്‍ ഉള്ള
  കഴിവ് ശ്ലാഖനീയം.നാന്‍സിയെ ശ്രീനിക്ക് പരിചയപ്പെടുതതിരിക്കുന്നത്
  തന്നെ സിസിലിക്ക് നല്ലത്.അവിടെ ഈ കഥാകാരി അവസാനിക്കും.
  ശ്രീനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞെന്നും വരില്ല.ഹൃദയം നിറഞ്ഞ
  ആശംസകള്‍ ഈ എഴുത്തിനു.ശ്രമിച്ചാല്‍
  വീണ്ടും നന്നാക്കാം.വായനക്ക്
  ഒരു ഒഴുക്ക് കിട്ടുന്നില്ല.

  ReplyDelete
 18. നന്നായി പറഞ്ഞിരിക്കുന്നു ........... കൊള്ളാം

  ReplyDelete
 19. മനോഹരം..ചിന്തകളും... പ്രേവേര്തികളും .. നന്നയിരിക്കുന്ന്നു !!

  ReplyDelete
 20. കഥകൾ നന്നവുന്നുണ്ട്..ആശംസകൾ

  ReplyDelete
 21. എങ്ങിനെ സാധിച്ചു!

  ReplyDelete
 22. സിസിലിയുടെ ഉള്ളില്‍ ജീവിയ്‌ക്കുന്നവളല്ലേ നാന്‍‌സി.. ഞാന്‍ അങ്ങനെ ആസ്വദിച്ചു :)

  ReplyDelete
 23. മുമ്പേ ഒരു കമന്റിട്ടതാണെന്നായിരുന്നു ഓര്‍മ്മ, പോട്ടെ..

  കമന്റില്‍ ഒന്ന് എന്റെം വക
  നാന്‍സിയേയും സിസിലിയേയും തിരിച്ചറിയാന്‍ പറ്റാത്തവര്‍ ഭാഗ്യം ചെയ്തവരാണ്, അവര്‍ക്കൊരിക്കലും മനസ്സിലാക്കാന്‍ ഇടവരാതിരിക്കട്ടെ. ;)

  ReplyDelete
 24. മനസ്സില്‍ തട്ടി. മറ്റൊന്നും പറയാനില്ല. :)

  ReplyDelete
 25. ആത്മാംശമുള്ള കഥയെന്നു വിശ്വസിക്കട്ടെ. അപ്പോൾ ഇത്ര നാളും ലിഡിയ അല്ല, നാൻസിയാണ്‌ കഥകൾ എഴുതിയതെന്നു മനസ്സിലായി.. രഹസ്യം പുറത്താക്കിയതിൽ പരിഭവിക്കുകയില്ല എന്നും വിശ്വസിക്കട്ടെ!

  ReplyDelete
 26. ‘ എന്തുകൊണ്ടെങ്കിലും നിന്നെ പൂര്‍ണ്ണമായി സംതൃപ്തപ്പെടുത്താന്‍ കഴിയുമോ ?

  നാന്‍സി : ഇല്ല

  ReplyDelete