Tuesday, February 1, 2011

ദേശം

നാല്പത്തിയഞ്ചു ദിവസത്തെ അവധിയുണ്ട്.

ഭാര്യയോട് പറഞ്ഞപ്പോൾ അവൾ മധുരമായി ചിരിച്ചു:
‘ഏട്ടാ,കുട്ട്യേൾക്ക് പരീക്ഷ ..ഇപ്പൊ എല്ലാം ഒര്‌ ഇദില് പോന്ന്ണ്ട്.. ഏട്ടൻ അടുത്തമാസം വാ ...’
വീട്ടിലേക്ക് വിളിച്ച് ഏട്ടത്തിയമ്മയോട്, ഡയാലിസിസ് കഴിഞ്ഞ് നില്ക്കുന്ന ഏട്ടനെ കാണാൻ വരാം എന്ന് പറഞ്ഞപ്പോൾ അവര്‍ക്കും പ്രായോഗികത:
‘ശാന്തേട്ടനെ നോക്കാൻ ഞങ്ങളൊക്കെയില്ലേ?...മോന്‍ പൈസ ശരിയാക്കിയാ മാത്രം മതി...അവധിക്ക് എന്തേലും സൈഡ് ബിസ്സ്നസ്സ് ഒക്കെ ചെയ്തൂടേ? ’

കൂടുതൽ പോസ്റ്റീവ് ചിന്തകളുള്ള ഏട്ടത്തി നാട്ടിലേക്ക് വരാതിരുന്നാലുള്ള നന്മകളും കണ്ടുപിടിച്ചു:
‘അവട്യാ സുകം..അവിടെ വെലകൊടുത്താ നല്ല സാധനങ്ങള്‌ കിട്ടേങ്കിലും ചെയ്യല്ലൊ.ഇവിട്പ്പോ ല്ലാത്തിനും ന്താ വെല.. ഏട്യങ്കിലും പോണം ന്ന് വെച്ചാ കുണ്ടും കുഴീം....കാലാവസ്ഥ തന്നെ മാറിപ്പോയപ്പാ..‘

‘ അതെ അതെ. ഞാനും ഇതുതന്നെ പറയാനിരിക്കുകയായിരുന്ന് ’ എന്ന് രണ്ടുപേരോടും നല്ലവനായി:
അന്ന് സംസാരിച്ചുകഴിഞ്ഞപ്പോൾ ഭാര്യയും ഏട്ടത്തിയും സ്നേഹം കൊണ്ട് കരഞ്ഞ് മനസ്സ് നിറച്ചു.

ആലോചിച്ചാൽ ശരിയാണ്‌.
ഇതാണ് നല്ല നാട്.
കാഴ്ചകളിലെ വൈവിധ്യം, പുതുമകൾ,നല്ല റോഡുകള്‍.
തുല്യത എന്നൊക്കെ പറഞ്ഞാൽ മൾട്ടി മില്യണർ മുതലാളിയും നിത്യവൃത്തിക്കു മാത്രം വകയുള്ളവനും ഒരേ പാർക്കിംഗിനു വേണ്ടി അലയുന്നതാണെന്നൊക്കെ തോന്നിപ്പോകും ചിലനേരങ്ങളിൽ..!

ഇനിയിപ്പോൾ നാട്ടിലെത്തിയാല്‍ തന്നെ നല്ലവാക്കുകള്‍ പറഞ്ഞ് സ്നേഹിച്ച് തുടങ്ങുമ്പോഴേക്കും;
‘ ദാ എനിക്ക് രാവിലെ നേരത്തെ എണീറ്റ് കുട്ട്യേളെ വിളിച്ചിണീപ്പിക്കണ്ടതാ...പഠിക്കാന്‍ വായിട്ടലച്ച് ഇപ്പത്തന്നെ ഭയങ്കര തലവേദന’ എന്ന അവളുടെ മറുപടിയെ കെട്ടിപ്പിടിച്ച് കിടക്കുന്നതിലും നല്ലത്, ഇവിടെ അടുത്തമുറിയിലെ നൈജീരിയക്കാരന്‍ അബാഗയെ മലയാളം പഠിപ്പിക്കുന്നതോ അവന്റെ ഈജിപ്ഷ്യൻ സുന്ദരിയെക്കുറിച്ച് പാടികേൾക്കുന്നതോ ആണ്‌.

‘ ജീവന്റെ വന്യഗർഭത്തിൽ
ഒരു ശിശുവിനെപ്പോലെ
എന്നെ സൂക്ഷിച്ചു വയ്ക്കുന്നവൾ.
നദിപോലെ പകുത്തിട്ട മുടിയിൽ
ഉമ്മകൾ കൊണ്ട്
അവസാനിക്കാത്ത കുഞ്ഞോളങ്ങൾ ഒരുക്കിത്തരുന്നവള്‍.
അവളുടെ വഴികള്‍
കാട്ടുപൂ പോലെ നിര്‍മ്മലം ‘

അവന്‍ പറഞ്ഞ് കേട്ട് അവളോട് ഒരിത്തിരി ആരാധനയൊക്കെ തോന്നിത്തുടങ്ങിയിട്ടുണ്ട്.

ഇന്നലെ ബിബിസിയില്‍,ഈജിപ്തിലെ സമരമുഖം നോക്കിയിരിക്കുമ്പോൾ അവൾക്ക് വേണ്ടിമാത്രമാണോ മനസ്സിത്ര വേദനിക്കുന്നതെന്ന് ആലോചിച്ചു.
ആംബുലൻസിന്റെ ശൂന്യതയിലേക്ക് എടുത്ത്കയറ്റപ്പെട്ടവൾ അവളാകല്ലേ എന്ന് പ്രാർത്ഥിച്ചു.
ഓറഞ്ചു നിറമുള്ള തട്ടം കൊണ്ട് മുടി മറച്ചിരുന്നതിനാൽ അവന്റെ ഉമ്മകളുടെ അടയാളങ്ങൾ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല..
കൈവിരലുകളിൽ ചോരയും കരിയും പുരണ്ടതിനാലവിടെ കാട്ടുപൂക്കളൊന്നും വിരിഞ്ഞിരുന്നതുമില്ല..

ആ ദിവസം മുഴുവൻ കൂട്ടുകാരൻ,ഗോത്രവും വേരുകളും ഏതെന്നറിയാത്ത അവൾക്കുവേണ്ടി പാടി:
Live and multiple in full എന്നാണ്‌ തന്റെ പേരിന്റേയും ജീവിതത്തിന്റേയും അർത്ഥമെന്ന് പലയാവർത്തി പാടിപറഞ്ഞു.

‘ഇന്നത്തെ മരണം
ഇന്നലത്തേയും നാളത്തേതുമായ ജീവിതം.

പ്രിയപ്പെട്ടവളേ,
നിന്നിൽ നിന്ന് യാത്രപോകാൻ,
നീ മുറുകെപ്പിടിച്ച എന്റെ കൈവിരലുകൾ
എന്നിൽ നിന്ന് മുറിച്ച് കളഞ്ഞവനാണ്‌ ഞാൻ.
എന്നിട്ടുമെന്നിട്ടും നിന്റെ നാഡീസ്പന്ദനങ്ങളാണെന്നെ ജീവിപ്പിക്കുന്നത്..

നിനക്കായ് കുറിച്ചിട്ട സന്ദേശങ്ങളൊന്നും ഇപ്പോഴില്ല;
എന്റെ ഭാഷയറിയാത്തവർ
അതെന്റെ ആഭിചാരമന്ത്രങ്ങളാണെന്ന് കരുതി കരിച്ച് കളഞ്ഞിരിക്കുന്നു.
പ്രണയമേ, അവർക്കറിയില്ല;
ആ ഭസ്മധൂളികൾ
നിന്റെ അവസാനശ്വാസത്തിന്റെ ആജ്ഞയിൽ,
സംസാരിയ്ക്കാൻ അക്ഷരങ്ങളായി നിന്നോട് ചേർന്നു നില്ക്കുമെന്ന്.
അവ നിന്നിലവസാനിക്കുകയും
നിന്നിൽ തുടക്കങ്ങളുണ്ടാക്കുകയും ചെയ്യുമെന്ന്,
പലപല കാലങ്ങളിലേക്കായ്
പലപല ജീവികളുടെ പ്രാണൻ നിന്നിലവ നിറയ്ക്കുമെന്ന്...
മങ്ങിയ വെളിച്ചത്തിൽ അയാളുടെ ഉയർന്നനെറ്റിയിൽ ഞരമ്പുകളും പെറുക്കിക്കൂട്ടിയതു പോലെയുള്ള പല്ലുകളും പ്രണയമൂര്‍ച്ചകൊണ്ട് തിളങ്ങി.

കുറേ നേരം കേട്ടിരുന്നപ്പോൾ മനസ്സ് അശാന്തമായി.
ഈ അശാന്തി ഈയ്യിടെയായി പതിവാണ്‌.

ചിലപ്പോൾ തോന്നും മനസ്സിലെവിടെയോ സിദ്ധാർത്ഥൻ ജീവിച്ചിരിപ്പുണ്ടെന്ന്;ശ്രീബുദ്ധൻ ആകാൻ കഴിയാതെ പോയ സിദ്ധാർത്ഥൻ.
തനിക്കുമാത്രമായി എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ കഴിയാതെ പോകുന്ന, അനുഭവിക്കേണ്ടിവന്നിട്ടില്ലാത്ത, ദു:ഖങ്ങളെ തിരഞ്ഞ് കണ്ടുപിടിച്ച് അതിൽ വേദനിക്കുന്ന ഒരാൾ.

ശാന്തമായ മർമ്മരങ്ങളുള്ള ഒരാൽത്തറയും ബാക്കിയില്ലെന്ന തോന്നലുകൊണ്ടാകണം ഒരു രാത്രി വീട് വിട്ടിറങ്ങിപ്പോകാൻ കഴിയാത്തത്!അല്ലെങ്കിൽ കാലത്തിന്‌ യോജിച്ച വിപ്ലവകാരി ആകാൻ കഴിയില്ലെന്നറിയാവുന്നതുകൊണ്ടോ;ഈ കാലത്തിനു അങ്ങനെയൊരാളിന്റെ ആവശ്യമില്ലെന്നറിയാവുന്നതുകൊണ്ടോ ആകണം.
തനിക്ക് വേണ്ടിപ്പോലും ഒരു പോരാട്ടം നടത്തി നോക്കാൻ കഴിയാത്തവൻ ഏതുതരം വിപ്ലവകാരിയാണ്‌?

ഇത്തരം അനാവശ്യചിന്തകൾ ഒഴിവാക്കുന്നതാണ്‌ നല്ലത്.

അവധിയിലായതുകൊണ്ട് കൂടുതൽ നേരം 40“ന്റെ ജാലകത്തിലൂടെ ലോകത്തെ നോക്കിയിരിക്കുന്നതു കൊണ്ടുള്ള കുഴപ്പമാണ്‌.
അതിലൊരു കാഴ്ചയും തന്നെ ബാധിക്കാത്തിടത്തോളം അങ്ങേയറ്റം നിസംഗതയോടെ കണ്ടിരിക്കുന്നതാണ്‌ നല്ലതെന്ന് തോന്നുന്നു.
കാഴ്ച ഒരു കാഴ്ചമാത്രം- അനുഭവമല്ലാത്തിടത്തോളം.


അതിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയാല്‍ പിന്നെ ഒരേ സമയം നായകനും അടിമയും കാല്പനികനും പോരാളിയും നിഷേധിയും വൈരാഗിയും ഭീരുവും ഒക്കെ ആകേണ്ടിവരും,അതും കുറഞ്ഞ സമയത്തിനുള്ളിൽ.
വിരുദ്ധവും ശക്തവും പ്രലോഭനപരവും ക്ഷണികവുമായ വികാരങ്ങൾക്ക് നിരന്തരം, കുറഞ്ഞ സമയത്തിനുള്ളിൽ, വിധേയരാകേണ്ടിവരുന്നുണ്ട് കാഴ്ചക്കാർക്ക് മിക്കപ്പോഴും.

കൊലചെയ്യപ്പെട്ടവന്റെ ചോരപ്പാടുകളിൽ നിന്ന് ഭംഗിയായി അലങ്കരിച്ച ഭക്ഷണത്തിലേക്ക്, സമുദ്രവിസ്മയങ്ങളിലേക്ക്, മാനസികവൈകല്യമുള്ളവരിലേക്ക്;
അതിജീവനത്തിലേക്ക്,ആഡംബരത്തിലേക്ക്;
രുചിവൈവിധ്യത്തിന്‌,പട്ടിണിയ്ക്ക്;
നേട്ടങ്ങൾക്ക്,നിസ്സഹായതകൾക്ക്;
നിന്ദകൾക്ക്,നന്മകൾക്ക്,തിന്മകൾക്ക്- അങ്ങനെയങ്ങനെ..
ഒരേസമയം കുറ്റവാളിയും കുറ്റത്തിന്‌ വിധേയനാകുന്നവനും നീതിപാലകനും ന്യായാധിപനും ആകേണ്ടിവരുന്ന ഒരാൾ ഏതിന്റെ പിന്തുടർച്ചക്കാരനാവും?ചൂടും തണുപ്പും മാറി മാറി പ്രയോഗിക്കപ്പെടുന്ന ഒരു ദ്രവ്യത്തിനു സംഭവിക്കുന്നതുപോലെ ഒരുമാറ്റം അയാളുടെ മനസ്സിനും സംഭവിക്കുമോ- ഒരുതരം emotional decaying?
ചിന്തിച്ച് തുടങ്ങിയാൽ അറ്റമുണ്ടാവില്ല.

ഈ രാജ്യത്തെ ഉയരമുള്ള കെട്ടിടങ്ങളിൽ നിറയെ പലരാജ്യങ്ങളിലെ,പലജാതി മനുഷ്യരാണ്‌.
ഈ ഒരു നിമിഷത്തിൽ തന്നെ പലരും പലഭാവങ്ങളിലായിരിക്കും.

കുഞ്ഞുങ്ങളെ ശകാരിയ്ക്കുന്നവര്‍,
സൗന്ദര്യപ്പിണക്കം അവസാനിച്ചതിന്റെ മധുരമറിയുന്നവര്‍,

മറ്റൊരാളെ വഞ്ചിക്കാനുള്ള കണക്ക് കൂട്ടലുകളിലായിരിക്കുന്നവര്‍,
കിട്ടാനുള്ള പണത്തെ ഓർത്ത് ഉറക്കം കളയുന്നവര്‍,
അധികാരമാണ് ഏറ്റവും വലിയ അസ്വാതന്ത്ര്യമെന്ന് തിരിച്ചറിയുന്നവര്‍...

ചിലർ വീട്ടിലേക്ക് പണമയച്ചതിന്റെ സംതൃപ്തിയിലായിരിക്കും.
ചിലർക്ക് പ്രിയപ്പെട്ടവരുടെ രോഗത്തെക്കുറിച്ചുള്ള ആശങ്കകളാകും.
ആദ്യമായി പരിചയപ്പെട്ട ചിലർ പരസ്പരം തോന്നുന്ന പ്രണയത്തിൽ വിസ്മയിക്കുന്നുണ്ടാകും!

ഒരോ മുറികളിലുമുണ്ടാകും ഒരോതരം മനസ്സും ഒരോതരം ജീവിതവും.....

ചിന്തകൾ വല്ലാതങ്ങ് പെരുകുമ്പോൾ, റോസ്മൊണ്ട്രേല എന്ന് റിസപ്ഷനിസ്റ്റിനെ വിളിക്കാം. അവളാകുമ്പോൾ സ്നേഹിച്ച് തുടങ്ങും, ഫിലിപ്പിനോസിന്റെ പരമ്പരാഗതമായ രീതിയിൽ; കുഞ്ഞുകുഞ്ഞ് കാര്യങ്ങളില്‍ പോലും വലിയ വലിയ സന്തോഷങ്ങൾ നിറച്ച്,യാതൊരു അല്ലലുമില്ലാതെ,യാതൊരു അല്ലലുമറിയിക്കാതെ.

ഒരു ബർഗർ,അല്ലെങ്കിൽ ഒരു പിസ്സ,പെപ്സി,നിരത്തിലൂടെ കൈകോർത്ത് നടത്തം, പിരിയുമ്പോൾ നീളക്കൂടുതലിലേക്ക് വലിഞ്ഞ് കയറി തെരുതെരെ നാലഞ്ച് ഉമ്മകൾ.
കുറച്ച് നേരത്തേക്ക് നന്നായി ചീകിവെച്ച മുടിയിലെ,ചുണ്ടുകളിലെ,വസ്ത്രങ്ങളിലെ സുഗന്ധവും നഖങ്ങളിലെ ചായത്തിന്റെ മഴവില്ലുകളും ബാക്കിയുണ്ടാകും അവള്‍ യാത്രപറഞ്ഞാലും.

പക്ഷേ വയ്യ.
ഇന്നത്തെ ദിവസം ഇഗ്ബോ ഗോത്രത്തലവന്റെ മകൻ അബാഗയുടെ ദു:ഖം പങ്കിടാനുള്ളതാണ്‌.

അവനെയും കൊണ്ട് മാഹിയിലേക്ക് പോകണം,ഗന്ധങ്ങളിലൂടെ,രസമുകുളങ്ങളിലൂടെ.
ദൈവത്തിന്റെ വികൃതികളിലെ രഘുവരന്റെ രൂപഭാവങ്ങൾ മതി, അതുകൊണ്ട് ഇന്നത്തേക്ക്.

**************************************************************************
ഊഴം  

18 comments:

 1. നാടിന്റെ വിളിയെന്ന കാൽ‌പ്പനികതയുടെ നീർക്കുമിള പൊട്ടിക്കുന്ന മനു ഷ്യന്റെ മുടിഞ്ഞ പ്രായോഗികത നിറഞ്ഞു നിൽക്കുന്ന ആദ്യഭാഗം വളരെ ശ്രദ്ധേയമായി തോന്നി. ഭിന്ന ദേശങ്ങളിലേക്ക് ജാലകം തുറന്നപ്പോൾ നീർക്കുമിളയല്ലാത്ത ദേശാന്തരപ്രണയം, അബാഗയുടെ ദു:ഖം- പുകയുന്ന ഈജിപ്ത് ഇത്രപെട്ടെന്ന് ഒരു മലയാളം കഥയിൽ!

  ReplyDelete
 2. തുല്യത എന്നൊക്കെ പറഞ്ഞാൽ മൾട്ടി മില്യണർ മുതലാളിയും നിത്യവൃത്തിക്കു മാത്രം വകയുള്ളവനും ഒരേ പാർക്കിംഗിനു വേണ്ടി അലയുന്നതാണെന്നൊക്കെ തോന്നിപ്പോകും ചിലനേരങ്ങളിൽ..! :))

  മാഷിന്റെ അഭിപ്രായം തന്നെ എനിക്കും :)
  റിമാര്‍ക്കബിള്‍ എന്നൊക്കെ പറയാവുന്നത് “അബാഗയുടെ ദു:ഖം- പുകയുന്ന ഈജിപ്ത് ഇത്രപെട്ടെന്ന് ഒരു മലയാളം കഥയിൽ! ” ഇത് തന്നെ.

  അഭിനന്ദനങ്ങള്‍!

  ReplyDelete
 3. ഈ രാജ്യത്തെ ഉയരമുള്ള കെട്ടിടങ്ങളിൽ നിറയെ പലരാജ്യങ്ങളിലെ,പലജാതി മനുഷ്യരാണ്‌.
  ഈ ഒരു നിമിഷത്തിൽ തന്നെ പലരും പലഭാവങ്ങളിലായിരിക്കും.

  പലപ്പോഴും എത്തി നോക്കാറുള്ള ഒരു ചിന്ത ...............ഏ ലോക ഗോളത്തില്‍ ഇത്രയ്ധികള്‍ ആളുകള്‍ .അടുത്തും , അകലെയും , കണ്‍ മുന്നിലും , കണതിടതും അയി.. എന്തെല്ലാം പ്രേവേര്ത്യ്കളില്‍ .....ഓരോ നിമ്ഷങ്ങള്‍ പോഴിയുംബോലും.. എന്തെല്ലാം..??? എല്ലാം വളരെ മനോഹര മായി .. അഭിനന്ദങ്ങള്‍ സുഹുര്തെ!!

  ReplyDelete
 4. ഈ രാജ്യത്തെ ഉയരമുള്ള കെട്ടിടങ്ങളിൽ നിറയെ പലരാജ്യങ്ങളിലെ,പലജാതി മനുഷ്യരാണ്‌.
  ഈ ഒരു നിമിഷത്തിൽ തന്നെ പലരും പലഭാവങ്ങളിലായിരിക്കും.

  പലപ്പോഴും എത്തി നോക്കാറുള്ള ഒരു ചിന്ത ...............ഏ ലോക ഗോളത്തില്‍ ഇത്രയ്ധികള്‍ ആളുകള്‍ .അടുത്തും , അകലെയും , കണ്‍ മുന്നിലും , കണതിടതും അയി.. എന്തെല്ലാം പ്രേവേര്ത്യ്കളില്‍ .....ഓരോ നിമ്ഷങ്ങള്‍ പോഴിയുംബോലും.. എന്തെല്ലാം..??? എല്ലാം വളരെ മനോഹര മായി .. അഭിനന്ദങ്ങള്‍ സുഹുര്തെ!!

  ReplyDelete
 5. ഒരു ജാലകത്തിലൂടെയുള്ള കാഴ്ചകള്‍..ചലിക്കുന്ന കാഴ്ചകള്‍,അതുളവാക്കുന്ന ഇമോഷനല്‍ ഡീക്കെ, അതും ആനുകാലികം..നന്നായി അവതരിപ്പിച്ചു..

  ReplyDelete
 6. കഥയുടെ രണ്ടാം പകുതിയിലാണ് ലിടിയയുടെ മുദ്ര കണ്ടു തുടങ്ങിയത് ..ആ ശൈലി ഒഴുക്ക് തുടങ്ങിയത് ..
  കൊള്ളാം നന്നായി ..... ഇഷ്ടായി ..

  പ്രിയപ്പെട്ടവളേ,

  നിന്നിൽ നിന്ന് യാത്രപോകാൻ,

  നീ മുറുകെപ്പിടിച്ച എന്റെ കൈവിരലുകൾ

  എന്നിൽ നിന്ന് മുറിച്ച് കളഞ്ഞവനാണ്‌ ഞാൻ.

  എന്നിട്ടുമെന്നിട്ടും നിന്റെ നാഡീസ്പന്ദനങ്ങളാണെന്നെ ജീവിപ്പിക്കുന്നത്..  ഈ വരികളില്‍ പുതുമയുണ്ട് ...

  സമൂഹത്തിനു ചുറ്റുമായി കണ്നോടിചിരിക്കുന്നവര്‍ക്ക് ഈജിപ്തും ...കുഞ്ഞാലിയും ..പടക്കശാല മരണവും ഒന്നും അന്യമാവില്ലല്ലോ ..

  ReplyDelete
 7. ആദ്യം ഒരു ട്രാന്‍സലേഷന്റെ രൂപ ഭാവങ്ങള്‍.പിന്നെ പതിയെ യാഥര്‍ത്യത്തിലേക്കുള്ള കാഴ്ചകള്‍.വാക്കുകള്‍ കുത്തിനിറക്കാതെ ഒഴുകിയിറങ്ങുന്ന ചിലപ്പോള്‍ ചിതറിതെറിച്ചു നീങ്ങുന്ന വരികള്‍.

  ReplyDelete
 8. " ചിലപ്പോൾ തോന്നും മനസ്സിലെവിടെയോ സിദ്ധാർത്ഥൻ ജീവിച്ചിരിപ്പുണ്ടെന്ന്;ശ്രീബുദ്ധൻ ആകാൻ കഴിയാതെ പോയ സിദ്ധാർത്ഥൻ.
  തനിക്കുമാത്രമായി എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ കഴിയാതെ പോകുന്ന, അനുഭവിക്കേണ്ടിവന്നിട്ടില്ലാത്ത, ദു:ഖങ്ങളെ തിരഞ്ഞ് കണ്ടുപിടിച്ച് അതിൽ വേദനിക്കുന്ന ഒരാൾ.

  ശാന്തമായ മർമ്മരങ്ങളുള്ള ഒരാൽത്തറയും ബാക്കിയില്ലെന്ന തോന്നലുകൊണ്ടാകണം ഒരു രാത്രി വീട് വിട്ടിറങ്ങിപ്പോകാൻ കഴിയാത്തത്!അല്ലെങ്കിൽ കാലത്തിന്‌ യോജിച്ച വിപ്ലവകാരി ആകാൻ കഴിയില്ലെന്നറിയാവുന്നതുകൊണ്ടോ;ഈ കാലത്തിനു അങ്ങനെയൊരാളിന്റെ ആവശ്യമില്ലെന്നറിയാവുന്നതുകൊണ്ടോ ആകണം.
  തനിക്ക് വേണ്ടിപ്പോലും ഒരു പോരാട്ടം നടത്തി നോക്കാൻ കഴിയാത്തവൻ ഏതുതരം വിപ്ലവകാരിയാണ്‌? "

  ഏറ്റവും ഇഷ്ടപ്പെട്ട വാക്കുകള്‍

  ReplyDelete
 9. പ്രവാസത്തിലായതിനാലാകാം ഞാനുമായി ഇതു നന്നേ സംവദിക്കുന്നത്!
  അത്യുന്നതമായ ആകാശഗോപുരങ്ങളുടെ സൂക്ഷ്മ നിർമ്മിതിപോലെ വിദഗ്ദമായി ഉയർന്നു പോകുന്നുണ്ട് കഥാഘടന, നന്ദി, നല്ല കഥയ്ക്ക്..

  ReplyDelete
 10. ഓറഞ്ചു നിറമുള്ള തട്ടം കൊണ്ട് മുടി മറച്ചിരുന്നതിനാൽ അവന്റെ ഉമ്മകളുടെ അടയാളങ്ങൾ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല..
  കൈവിരലുകളിൽ ചോരയും കരിയും പുരണ്ടതിനാലവിടെ കാട്ടുപൂക്കളൊന്നും വിരിഞ്ഞിരുന്നതുമില്ല..

  ഹൃദയത്തില്‍ കുരുക്കുന്ന മുള്ളുകളുമായി ഒരു കഥ!!
  നല്ല ആഖ്യാനരീതി..
  ഇനിയും തുടരുക .....

  ഹൃദയം നിറഞ്ഞ ആശംസകളോടെ..

  ReplyDelete
 11. നല്ലൊരു വായന തന്നതിന് നന്ദി.

  ReplyDelete
 12. valare manoharamayi paranju..... aashamsakal....

  ReplyDelete
 13. " ചിലപ്പോൾ തോന്നും മനസ്സിലെവിടെയോ സിദ്ധാർത്ഥൻ ജീവിച്ചിരിപ്പുണ്ടെന്ന്;ശ്രീബുദ്ധൻ ആകാൻ കഴിയാതെ പോയ സിദ്ധാർത്ഥൻ.
  തനിക്കുമാത്രമായി എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ കഴിയാതെ പോകുന്ന, അനുഭവിക്കേണ്ടിവന്നിട്ടില്ലാത്ത, ദു:ഖങ്ങളെ തിരഞ്ഞ് കണ്ടുപിടിച്ച് അതിൽ വേദനിക്കുന്ന ഒരാൾ."

  പ്രവാസ ജീവിതത്തിനു നേരെ പിടിച്ച കണ്ണാടി.ചില അസാന്നിധ്യങ്ങള്‍ കാലം കഴിയുമ്പോള്‍ ശീലമായി അവയെ ആളുകള്‍ ഇഷ്ടപ്പെട്ടു തുടങ്ങുന്നു..മണല്‍ കാറ്റിനും,ഒറ്റപ്പെടലിനും ഇടയില്‍ ജീവിക്കാന്‍ ആവോളം സ്നേഹം പകരാന്‍ മറന്നു പോകുന്നു..ഒരു പാട് ഇഷ്ടമായി.

  ReplyDelete
 14. കാവ്യാല്‍മ്കമായ കഥാ കഥനത്തിലൂടെ ഒട്ടേറെ ചിന്തകളെ മുന്നോട് കൊണ്ടുവരുന്നു. ഈ ശൈലി മുന്‍പ് ആനന്ദില്‍ മാത്രമേ ദര്‍ശിച്ചിട്ടുള്ളൂ.

  ReplyDelete
 15. അബാഗയുടെ ദു:ഖം- പുകയുന്ന ഈജിപ്ത് ഇത്രപെട്ടെന്ന് ഒരു മലയാളം കഥയിൽ!... നന്ദി - നല്ല കഥയ്ക്ക് ..എനിക്കു പറയാനുള്ളത് എനിക്കു മുന്നേവന്നവർ പറഞ്ഞു കഴിഞ്ഞിരിക്കുന്നു . ലിഡിയ . ആശംസകൾ .

  ReplyDelete
 16. കഥ നന്നായിരിക്കുന്നു ലിഡിയ.

  ReplyDelete
 17. എഴുത്ത് ഗംഭീരം.
  പ്രത്യേകതയുള്ള ശൈലി. അത് മനസ്സിൽ കോർക്കുന്നു. ഭാനു പറഞ്ഞത് ശരിയാണെന്നു തോന്നുന്നുണ്ട്.

  പിന്നെ പുകയുന്ന ഈജിപ്ത് ഇത്ര പെട്ടെന്ന് കഥയിൽ കൊണ്ടു വന്നതു കണ്ട് സംവേദനക്ഷമതയുള്ള ആ നല്ല മനസ്സിനെ നമിയ്ക്കുന്നു. ( എന്തൊരു ഭയങ്കര വാചകം.)

  അഭിനന്ദനങ്ങൾ ലിഡിയ.

  ReplyDelete
 18. എല്ലാവരോടും നന്ദി.
  സ്നേഹം.
  :-)

  ReplyDelete