Tuesday, February 15, 2011

മകൾ

മകളുടെ വിവാഹം.
പലരേയും വിളിയ്ക്കാൻ മറന്നു പോയെന്ന് വന്നവർ പരാതി പറയുന്നു.
ചിലർ കാരണങ്ങൾ അന്വേഷിക്കുന്നു.
അയാൾക്ക് പറയാൻ ഒന്നുമില്ല. തന്നെത്തന്നെ വിശ്വസിപ്പിക്കാൻ കുറേ കാലമായി അയാൾക്ക് കഴിയാതെ പോകുന്നു.വേവലാതി ഒളിപ്പിച്ചുവെക്കാൻ കഴിയുന്നില്ല അയാൾക്ക്.
ചിന്തകൾക്കാവട്ടെ അവസാനവും ഇല്ല.
ഒരു കാറ്റിനും ഉണക്കാൻ കഴിയാതെ വിയർത്തൊലിക്കുന്ന ദേഹവും.

ആളുകൾ ശ്രദ്ധിക്കുന്നുണ്ട്.
അത്രയ്ക്ക് പരിഭ്രമിക്കേണ്ട കാര്യമൊന്നുമില്ല.

വിവാഹപ്രായമായ പെൺകുട്ടികൾ വീട്ടിലിരിക്കുമ്പോഴാണ്‌ വേവലാതി തോന്നേണ്ടത്.എന്നാലും കല്യാണദിവസം അടുത്തടുത്ത് വരുന്തോറും പറഞ്ഞറിയിക്കാനാകാത്ത ഒരു വെപ്രാളം.
എന്തോ ഒന്ന് കൈവിട്ട് പോകുന്നതുപോലെ ഒരു ഭയം.
ഭാര്യയാകട്ടെ വല്ലാത്തൊരു വിഷാദത്തിലേക്കാണ്‌ നടന്നു പോകുന്നത്.

പലപല ആലോചനകള്‍ക്കിടയില്‍ അവര്‍ക്ക് കൂടി ഇഷ്ടപ്പെട്ടപ്പെട്ടതാണ് അഭിയെ.എന്നാലും കല്യാണം അടുത്തതുമുതൽ അവൻ എന്തോ തട്ടിപ്പറിച്ചെടുക്കാൻ വരുന്നത് പോലെ.
മകളെ പിരിയാൻ വയ്യ.
അത്രയേ ഉള്ളൂ..അയാൾക്കറിയാം.പക്ഷെ പറഞ്ഞു മനസ്സിലാക്കാൻ കഴിയാതെ അവർ സ്വയം ഒളിച്ചു കളിക്കുന്നു.

അയാൾക്ക് മനസ്സിലാകുന്നുണ്ട്.
'അവൾ പോയ്പ്പോകോ 'എന്ന് വിങ്ങുമ്പോഴൊക്കെ അയാൾ അവരെ ശകാരിക്കും.
'നിനക്കെന്താ സതീ..നീ നിന്റമ്മേനോട് എങ്ങനായിരുന്നു?'
ആദ്യമൊക്കെ കല്യാണത്തെക്കുറിച്ച് അവർക്കും നല്ല ഉത്സാഹമായിരുന്നു.
പതുക്കെ പതുക്കെ അതു മാറാൻ തുടങ്ങി.

അപരിചിതയാകാൻ തുടങ്ങി സ്വയം, അയാൾക്കും മകൾക്കും
ഒരുതരം നിർവികാരതയാണ്‌ മുഖത്തെപ്പൊഴും.
മകളുടെ മുറിയ്ക്ക് മുന്നിൽ പോയി അങ്ങനെ നില്ക്കും.
അവളൊന്നും സംസാരിക്കാറില്ലെന്ന് പരാതിപ്പെടും.

'മകൾ സംസാരിയ്ക്കാറുണ്ട് നീ കേൾക്കാൻ മറന്ന് പോകുന്നതാ സതീ 'എന്ന് അയാൾക്ക് പറയണമെന്ന് തോന്നും.
അവരിൽ ബാക്കിയുള്ള ആത്മവിശ്വാസം കൂടി കളഞ്ഞ് പോകേണ്ടന്ന് കരുതി അയാൾ മിണ്ടാതെ നില്ക്കും.

മകൾക്ക് ചിലപ്പോൾ ദേഷ്യം വരും.
എന്തെങ്കിലും പറഞ്ഞ് കയർക്കും.
‘ എന്തിനാണവളെ ഈ നേരത്തിങ്ങനെ വിഷമിപ്പിക്കുന്നത്? ’
അയാൾ ചോദിക്കുമ്പോഴൊക്കെ അവരുടെ കണ്ണുകൾ നിറയും.

“ അങ്ങനെങ്കിലും മോളെ വർത്താനം കേക്കാലോ..ദേഷ്യം കാണിക്കാനാണെങ്കിലും അവളെന്റെ അടുത്ത് നിക്കൊല്ലോ ”
അയാളവരെ ഏറെ നേരം നോക്കിക്കൊണ്ട് നില്ക്കും.

വിവാഹം കഴിഞ്ഞ് , അന്നു വരെ അപരിചിതനായ അയാളുടെ കൂടെ പുഴ കടന്നുള്ള അവരൊരുമിച്ചുള്ള ആദ്യത്തെ യാത്ര.പുതിയ ജീവിതത്തിലേക്ക് തുഴഞ്ഞ്, മുൻപരിചയമില്ലാത്ത ഒരു ദേശത്തേക്ക്, തോണിയിൽ, ഒരു കുട ചൂടിയുണ്ടാക്കിയ ഇത്തിരി തണലിനു കീഴിയിൽ , പുത്തൻ കിണ്ടിപോലൊരു പെണ്ണ്‌.. (ആളുകൾ അങ്ങനെയാണന്ന് പറഞ്ഞത്..)

അവരെ സ്നേഹിച്ചിരുന്നതിനെക്കുറിച്ചോർക്കും.
അവർ മാറ്റിയ അയാളുടെ ജീവിതത്തെക്കുറിച്ച്.
പുസ്തകങ്ങളും വിപ്ലവവും തോന്നലുകളും കൊണ്ട് നാട് തെണ്ടിനടന്ന് ,ഒരപകടത്തിനുശേഷം ; ആർക്കും, ഒരു പ്രത്യയശാസ്ത്രത്തിനും വേണ്ടാതെ, തളർന്ന് കിടന്നിടത്തു നിന്ന് , മരണത്തിൽ നിന്ന് , അയാളെ തിരിച്ചുകൊണ്ടു വന്ന അവരുടെ ദൃഢനിശ്ചയം.

അവരുടെ നഷ്ടപ്പെടാൻ വയ്യാത്ത സ്നേഹം.
ഇന്നവരെ വിഷാദത്തിൽ നിന്ന്, ശിശുക്കളുടേതു പോലെ ഉപയോഗശൂന്യമായ ഏകാന്തതയിൽ നിന്ന്, കൈപിടിച്ച് തിരികെനടത്താൻ കഴിയാതെ.

നിസ്സഹായനായി നിരായുധനായി,
ഒരു നന്ത്യാർവട്ടപ്പൂ കൊഴിയാൻ തുടങ്ങുന്നതു നോക്കി നില്ക്കേണ്ടി വരുന്ന കാറ്റിനെ പോലെ.
മകൾ പോയിക്കഴിഞ്ഞാൽ തനിക്ക് അവൾ മാത്രമേ ഉള്ളൂ എന്നവരോട് പറയേണ്ടതെങ്ങനെയാണെന്നറിയാതെ.

ഈയ്യിടെ അവരോട് സംസാരിക്കുമ്പോഴൊക്കെ അയാൾക്ക് ഒരുതരം വിമ്മിഷ്ടമാണ്‌.
മഞ്ഞനിറത്തിലൊരു കയത്തിൽ നോക്കിയിരിക്കുന്നതു പോലെ.
“ അദ്പ്പം ഇങ്ങനൊക്കെ തോന്നും എല്ലം കഴിഞ്ഞ് ഓളും ഓനും സുകായിട്ട് ഇരിക്ക്മ്പോ എല്ലമ്മാറും..അതല്ലേ പിന്ന സന്തോഷം..ഓക്ക് ഇഷ്ടാണേ പിന്നെ എന്താപ്പാ?

എന്നാലും സതിടീച്ചറ ഇങ്ങന ഒറ്റക്കിരിക്കാൻ വിടര്‌ത് . എന്തല്ലോപോല ഓറ കാണുമ്പൊ”
എല്ലാവരും പറയുന്നത് ഒന്നു തന്നെ.
അയാൾക്കും അറിയാം.

“ എന്താ സതി നീയും ഇങ്ങനത്തന്നെ ആയിരുന്നില്ലേ..എല്ലാരും അങ്ങനെത്തന്നയല്ലെ..

ഒരോര്‌ത്തർക്കും അവരവരുടെ ജീവിതം വേണ്ടേ..“
എന്തു പറഞ്ഞാലും ഒന്നും മനസ്സിലാക്കാൻ കഴിയാത്ത വണ്ണം അവർ മാറിയിരിക്കുന്നു.
മിണ്ടാതങ്ങനെ ഇരിക്കും.
നീലനിറത്തിലൊരു വിഷാദം, മറവിയുടെ അനക്കമില്ലാത്ത ജലപ്പരപ്പിനു കീഴേ.
അയാളുടെ മനസ്സിലും ഇതൊക്കെത്തന്നെയാണ്‌.എങ്ങനെയൊക്കെയോ
അതു പുറത്ത് കാണിക്കാതെ പിടിച്ച് നില്ക്കാൻ കഴിയുന്നെന്ന് മാത്രം.

മകൾ എന്നും കൂടെത്തന്നെയുണ്ടായിരുന്നെങ്കിൽ എന്ന് തോന്നും ചിലപ്പോൾ.
അതിലുള്ള സ്വാർത്ഥതയോർത്ത് സ്വയം പശ്ചാത്തപിക്കും.
വീണ്ടും തിരിച്ച് ചിന്തിച്ച് തുടങ്ങും.
മകളോട് എന്തൊക്കെയോ സംസാരിച്ചിരിക്കണമെന്ന് തോന്നും.
സംസാരിക്കേണ്ടത് എന്താണെന്ന് തീരുമാനിയ്ക്കാനും കഴിയില്ല.
ഈ ലോകത്ത് വല്ലാതെ തനിച്ചാകാൻ തുടങ്ങിയതായി തോന്നി അയാൾക്ക്.
പ്രിയപ്പെട്ട ആരോടും സംസാരിക്കാൻ ഇല്ലാതെ..ഒറ്റയ്ക്ക്..

ഒരു ശബ്ദവും ഇല്ലാതെ വീട് ശൂന്യമായികൊണ്ടിരിക്കുന്നത് മകളെ എത്രമാത്രം വേദനിപ്പിക്കുന്നുണ്ടാകുമെന്നും അയാൾ ആലോചിക്കാതിരുന്നില്ല.
അവളോടുള്ള സൗഹൃദം പെട്ടന്ന് മുറിഞ്ഞു പോയതു പോലെ..
അവൾ മറ്റാരുടേയോ ആണെന്നൊരു തോന്നൽ

ഒരു ശൂന്യത ഇടയിൽ വന്നതുകൊണ്ട് വാക്കുകൾ കൈമാറാൻ കഴിയാതെ.
കൂടുതൽ വാക്കുകൾ ഉപയോഗിച്ചാൽ അവ പിന്നെ തിരികെ കിട്ടാതെ നഷ്ടപ്പെടുമോ എന്ന് ഭയന്ന്.
ഒരുപാട് സംസാരിക്കാറുണ്ടായിരുന്നു മുൻപൊക്കെ അവർ,അച്ഛനും മകളും.
അമ്മയായിരുന്നു അവരുടെ പ്രിയപ്പെട്ട കേൾവിക്കാരി.

അയാളും മകളും ഭാര്യയും മാത്രമടങ്ങിയ ലോകമാണ്‌ അവസാനത്തെതെന്ന് ചിന്തിക്കുന്നതു കൊണ്ടുള്ള സ്വാർത്ഥതയാണ്‌ എല്ലാ വിഷമങ്ങളുമുണ്ടാക്കുന്നത്.
അതറിയാമായിരുന്നിട്ടും ചില ആഗ്രഹങ്ങളിൽ നിന്ന് പുറത്ത് ചാടാൻ കഴിയുന്നില്ല അയാൾക്ക്.

എന്തൊക്കെയോ ചിന്തകൾ.
എന്തൊക്കെയാണെന്ന് വേർതിരിച്ചെടുക്കാനാകാതെ..
സ്വയം നിശ്ചലമാകാൻ കഴിയാതെ പോകുന്ന ഒരു പെൻഡുലം പോലെ അങ്ങോട്ടുമിങ്ങോട്ടും.
അയാളുടെ നെഞ്ചിൽ കിടന്നാണ്‌ അവൾ ഉറങ്ങാറുണ്ടായിരുന്നത്..
കഥകൾ കേട്ട് കേട്ട്,
കാക്കത്തൊള്ളായിരം കഥകൾ...

വലുതാകുന്തോറും
അവളും അവളുടെ പ്രായവും ലോകവും.
എന്തിനോടും ആദ്യം കാട്ടാറുള്ള നിഷേധങ്ങളും അഭിപ്രായങ്ങളും അത് കഴിഞ്ഞുള്ള അനുസരണയും...നോക്കി നോക്കി നില്ക്കെ അകന്ന് അകന്ന്...അനുസരണ മാത്രം തന്ന്, സൗഹൃദം തരാൻ മടിച്ച്..
മക്കൾ വളരുന്നത് അങ്ങനെയാകണം...പതുക്കെ പതുക്കെ ഒരു പുഴ, കാഴ്ചയിൽ നിന്നകലുന്നതുപോലെ..
അവൾ വളരുന്നതിനെക്കുറിച്ചറിയാതെ പോകരുതെന്ന് മാത്രം ആഗ്രഹിച്ചു.

കഴിഞ്ഞ ദിവസം രാത്രി അയാൾ ഭാര്യയെ ഓർമ്മിപ്പിച്ചിരുന്നു.: “ നീയ്യ് സ്വയം നിയന്ത്രിച്ചേ പറ്റൂ സതീ..അല്ലെങ്കിൽ ”
അല്ലെങ്കിൽ നിന്നെയെനിക്ക് മുറിയിൽ പൂട്ടിയിടേണ്ടി വന്നേക്കും. മുഴുമിപ്പിയ്ക്കാൻ അയാൾക്ക് കഴിഞ്ഞില്ല.
അത്രയ്ക്ക് ക്ഷീണിച്ചിരുന്നു അവർ.

ചിരി വറ്റി, വേരുകൾ മുറിഞ്ഞു പോയ മരം പോലെ കരിഞ്ഞ്.
അയാളാഗ്രഹിക്കുന്ന,അയാളെ ജീവിപ്പിയ്ക്കുന്ന,സ്പർശനങ്ങളിൽ ഒന്ന് പോലും അവരുടെ വിരലികളിൽ ഇനി ബാക്കിയില്ലെന്ന് അയാൾക്ക് മനസ്സിലായി.

'മനുഷ്യൻ നിസ്സഹായനല്ലേ',അയാൾ ആലോചിച്ചു ,'സ്വയം ശിക്ഷിക്കാനല്ലാതെ മറ്റെന്തിനാണ്‌ കഴിയുക.'
മകൾ മുറിയ്ക്ക് പുറത്ത് വന്നു നില്ക്കുന്നതും അയാൾ കണ്ടു.
നിറഞ്ഞ ചിരിയുണ്ട് അവളുടെ മുഖത്ത്.കരയാൻ കഴിയാത്തതുകൊണ്ട് മാത്രം ചിരിക്കേണ്ടി വരുന്നു അവൾക്ക്.

അവളെ കുറച്ച് ദിവസമായി ഒന്നു ശ്രദ്ധിക്കാൻ പോലും കഴിഞ്ഞില്ലല്ലോ എന്ന് അയാൾ മനസ്സിലെ ശാസിച്ചു;കൂടുതൽ ശ്രദ്ധിക്കാൻ നാളെ മുതൽ അവൾ അടുത്തുണ്ടാകില്ലെന്നും.വിവാഹദിവസം രാവിലെ അവൾ അമ്മയെ ഒരുക്കുന്നത് അയാളെ കൂടുതൽ അസ്വസ്ഥനാക്കി.
അവർ വാശി പിടിക്കുകയായിരുന്നു.മകൾ തന്നെ ഒരുക്കണമെന്ന് പറഞ്ഞ്.
പാവം കുട്ടി.
അവളെ ഇങ്ങനെ വേദനിപ്പിക്കേണ്ടി വന്നല്ലോ.
ലളിതമായ ചടങ്ങായിരുന്നു.
കുറച്ച് പേർ മാത്രം.
അരിയിട്ട് അനുഗ്രഹിക്കുമ്പോൾ എന്തു കൊണ്ടോ ഞങ്ങളെ തനിച്ചാക്കല്ലേ എന്ന് മനസ്സ് യാചിച്ചു.
അത്രയ്ക്ക് സ്വാർത്ഥനായിപ്പോയി താനെന്ന് മനസ്സുകൊണ്ട് കീഴടങ്ങി.
അഭിയോടൊപ്പം മകൾ യാത്ര തുടങ്ങുമ്പോൾ ,തന്റെ ജീവിതത്തിലെ സമ്പാദ്യം മുഴുവൻ കളഞ്ഞു
പോയൊരാളെപ്പോലെ അയാൾ തീർത്തും ദരിദ്രനായി.
മറവിയുടെ പുതിയ വീട്ടിലേക്ക് ഭാര്യയോടൊപ്പം നടന്ന് പോയാലെന്തെന്ന് തോന്നി അയാൾക്ക്.

പിന്നെ കരുതി, മകൾ തിരിച്ച് വരികയാണെങ്കിൽ........

അമ്മ, അച്ഛനെ സ്നേഹിച്ചതു പോലെ(അച്ഛൻ അമ്മയേയും)

പലപ്രാവശ്യമായി അമ്മയോട് ചോദിക്കുന്നു, അമ്മ അച്ഛനെ സ്നേഹിക്കാറുണ്ടായിരുന്നത് എങ്ങനെയാണെന്ന്- ഏകപക്ഷീയമായ കീഴടങ്ങലായിരുന്നില്ല ആ സ്നേഹം. നിറഞ്ഞ ചിരിയും ഇടയിൽ ചുവന്ന നിറമുള്ള നനഞ്ഞ പരിഭവവും.
ഒരു ജീവിതം തുടങ്ങിക്കഴിയുമ്പോഴേയ്ക്കും മഹാത്ഭുതം തന്നെ ഇത്.
എന്താണിതിനു പിന്നിലെ സൂത്രം.അതായിരുന്നു അറിയേണ്ടത്.

ഫോണിലൂടെ അമ്മയുടെ ചിരി നിറഞ്ഞു.
അതിലല്പം നാണവുമില്ലേ എന്ന് കുസൃതി മിന്നി.
ചിലപ്പോൾ നരവീഴാത്ത ഈ നാണം തന്നെയാകണം സ്നേഹസമവാക്യങ്ങളിലൊന്ന്.അതുവരെ എത്തിയിട്ടില്ലല്ലോ പ്രായം.അത്രയും കാലം പിടിച്ചു നില്ക്കാനുള്ള സൂത്രപ്പണിയാണ്‌ അറിയേണ്ടത്.
ചോദ്യം ആവർത്തിച്ചപ്പോൾ അങ്ങേത്തലയ്ക്കൽ നീ വീണ്ടും തുടങ്ങിയോ എന്ന പരിചയമുള്ള ആവലാതി.

എങ്ങുമെത്തില്ലെന്ന് തോന്നുന്നൊരു സ്നേഹം എന്റെയുള്ളിൽ എന്ന് കാരണങ്ങൾ നിരത്തി.
ഇസ്തിരിയുടെ (ഇദെന്താ എനിക്കേ ചെയ്യാവൂ എന്നൊരു കലഹം ഇസ്തിരിപ്പെട്ടിയെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ ഓടി ജയിച്ച് മനസ്സിന്റെ വിക്ടറി സ്റ്റാൻഡിൽ നിന്ന് കൈവീശിക്കാണിക്കുകയായി) കുറ്റം പറച്ചലിൽ മുഖം ചുളിച്ച് ഓഫീസിലേക്ക് ഇറങ്ങുമ്പോൾ തുടങ്ങുന്ന പകലും , വീട്ടിലേക്ക് കയറി വരുമ്പോൾ തന്നെ എടുക്കാൻ ഓർമ്മിപ്പിക്കാതിരുന്ന ഫയലിനെക്കുറിച്ചുള്ള പരാതിയിൽ തുടങ്ങുന്ന രാത്രിയും ഒരു പോലെ ഉപയോഗശൂന്യം.
‘ഉണ്ണീടെ അച്ഛനും ന്തായിരുന്നു ദേഷ്യം.പറപറപ്പിക്കും’ എന്ന് അന്നേരം അമ്മ.‘ഇതൊക്കെയാണോ വല്യൊരു പരാതി?’
എന്നാലും സങ്കടം തോന്നാതെങ്ങനെ എന്ന് ഞാൻ.
കണ്ണു നിറഞ്ഞാലും മനസ്സ് കരയരുതെന്ന് മറുപടി.മനസ്സ് കരഞ്ഞാൽ സ്നേഹം തോന്നാതേയാവും.
പാഠം ഒന്ന്- പരിശീലിച്ച് നോക്കുക തന്നെയെന്ന് ഞാൻ വെറുതേ ചിരിച്ചു.

രണ്ടുദിവസം മുന്നേ തീർന്ന പിണക്കം ഉപ്പിലിട്ട നാരങ്ങയെ ചൊല്ലിയായിരുന്നു.
നിനക്ക് നന്നായി നാരങ്ങ ഉപ്പിലിടാൻ പോലും അറിയില്ലല്ലോ എന്ന് ചൊടിപ്പിച്ചു.
പറഞ്ഞ് പറഞ്ഞ് വന്നപ്പോൾ ഉണ്ടാക്കാനറിയുന്ന, അറിയാത്ത,ചെയ്യാത്ത,ചെയ്ത കാര്യങ്ങളുടെ നീണ്ട ലിസ്റ്റ് രണ്ടാളും വലിച്ച് പുറത്തെടുത്തു.

‘എന്നിട്ട് നീ ഉപ്പിലിട്ടതുണ്ടാക്കിയോ’ എന്ന് അമ്മ.
‘പിന്നേ എനിക്കതല്ലേ ഇവിടെപ്പണി’യെന്ന് ഞാൻ.
‘ഇദന്നെ കൊഴപ്പം’ എന്ന് ശബ്ദമുയരാൻ താമസിച്ചില്ല.‘ഞാനാണെങ്കിൽ അറിയാവുന്ന രുചിയിലൊരു ഉപ്പുനാരങ്ങ ഊൺ മേശയിലെത്തിയേനേ’
അങ്ങനെയൊക്കെയാണോ?
‘അല്ലാതെ പിന്നെ നീയാദ്യം ഞാനാദ്യം എന്ന് മത്സരിക്കുന്നതാ സ്നേഹം, നല്ല കാര്യായി’
അമ്മയുടെ ശബ്ദം സ്നേഹം കൊണ്ട് നനഞ്ഞ് പ്രിയപ്പെട്ടതായി: ,'തരാത്തതിനെപ്പറ്റിയല്ല കൊടുത്തതെത്രയെന്ന് ഓർത്ത് നോക്കൂ ആദ്യം'.'ആദ്യം എന്നല്ല എപ്പോഴും' എന്ന് തിരുത്തി.

പിന്നെ ശബ്ദം മാറി, കിട്ടിയതത്രയും കളയാൻ നിനക്കെന്താ വയറിളക്കം പിടിച്ചോ എന്ന് ചോദ്യം വന്നു.
സംസാരം നിർത്തുന്നതാണ്‌ നല്ലതെന്നു തോന്നി.അല്ലെങ്കിൽ വയറു നിറച്ചു കിട്ടും, അയലത്തെ ദേവസിച്ചേട്ടൻ മുൻശുണ്ഠിക്ക് ചാവാൻ കിണറ്റിൽ ചാടിയതിൽ പിന്നെ നാട്ടുകാർക്ക് വിളിക്കാൻ ‘well में വീണു है' എന്ന് ഇരട്ടപ്പേര്‌ ഇട്ടുകൊടുത്ത ആളിൽ നിന്ന്.

ഇത്തരം പേരുവിളികളുടെ പേരിലാണ്‌ അച്ഛൻ എന്നും അമ്മയോട്,ശുണ്ഠികാണിക്കാറുണ്ടായിരുന്നത്.
എന്നാലും ഇന്നും മാറിയിട്ടില്ല ഈ കുസൃതികളൊന്നും തന്നെ.

പരിശീലിക്കണം എനിക്കും കീഴടങ്ങാനല്ല, സ്നേഹിക്കാൻ-
അമ്മ അച്ഛനെ സ്നേഹിക്കുന്നതുപോലെ,
എന്നെക്കളഞ്ഞു പോകാതെ എല്ലാവരേയും സ്നേഹിക്കാൻ....

Sunday, February 13, 2011

നാൻസിയും ശ്രീനിയുടെ സിസിലിയും

ഹീറ്റര്‍ ഓണ്‍ ചെയ്ത് ശ്രീനിക്ക് കുളിക്കാന്‍ വെള്ളം നിറച്ചു വയ്ക്കുന്നതില്‍ തുടങ്ങി, ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പ് മഫ്ലര്‍ എടുത്തുകൊടുക്കുന്നതില്‍ അവസാനിക്കുന്ന, തണുപ്പ്കാലത്തെ ദിവസങ്ങളിലൊന്ന് സിസിലിയുടെ വിവാഹവാര്‍ഷികമാണ്.

സ്ട്രീറ്റില്‍ പുതുതായി തുറന്ന KFC യിലെ മഞ്ഞനിറത്തിലുള്ള ചതുരമേശമേല്‍ കൈമുട്ടൂന്നിയിരുന്ന് പുറത്തെ കാഴ്ചകളിലായിരുന്നു അവളുടെ മനസ്സ്.

അവിടെനിന്ന് നോക്കിയാല്‍ കാണാവുന്ന കെട്ടിടങ്ങളിലേറെയും പഴയതായിരുന്നു.
നഗരം ഇത്രയും വികസിയ്ക്കുന്നതിനു മുന്‍പ്,ആർക്കിടെക്റ്റിന്റെ
പരീക്ഷണങ്ങള്‍ പരിമിതമായിരുന്നകാലത്ത് പണിതതായിരുന്നു അവയില്‍ പലതും.
ചില കുറവുകള്‍ ഉണ്ടായിരുന്നു അവയ്ക്കൊക്കെ- അതുകൊണ്ടുതന്നെ ജീവനും.

അവയിലൊന്നില്‍ മുന്ന് നിലകളിലായി പതിച്ചുവെച്ച നീല ജനാലച്ചില്ലുകളിലേക്കും തിരിച്ചും പ്രാവുകള്‍ പറന്നുകൊണ്ടേയിരുന്നു.
ഒരുപാടെണ്ണം- ഏത്, എപ്പോള്‍,ഏത് ജനാലയിലേക്ക് എന്നൊന്നും പെട്ടന്ന് പിടിതരാത്തവണ്ണം ഇടവേളകളില്ലാതെ, വേഗത്തില്‍.
അവയിലേത് ഒരേ കുടുംബത്തില്‍, ഏത് ആരുടെ ഇണ, ഏത് ആണ് ഏത് പെണ്ണ് എന്നൊന്നും തിരിച്ചറിയാനാവുന്നില്ലെങ്കിലും ഒരേപേരില്‍ അവയെ കാണാനാകുന്നു.

മനുഷ്യരുടെതൊഴിച്ച് മറ്റ് എല്ലാജീവികളുടെയും സാദൃശ്യമാണ് പെട്ടെന്ന് മനസ്സില്‍ പതിയുക. മനുഷ്യരുടെതാകുമ്പോള്‍ നിറത്തിന്റെ, രാജ്യത്തിന്റെ, ലിംഗത്തിന്റെ, ഭാ‍ഷയുടെ അങ്ങനെയങ്ങനെ വ്യത്യാസങ്ങള്‍ എണ്ണിത്തുടങ്ങും ആദ്യ കാഴ്ചയില്‍ തന്നെ.

നാന്‍സിയുടെ ചിന്ത അത്രത്തോളം എത്തിയപ്പോഴേക്കും സിസിലിയുടെ ചുണ്ടില്‍ അവളുടെ ഏറ്റവും ഭംഗിയുള്ള ചിരി വിടര്‍ന്നു.
‘ എവിടെയെങ്കിലും ഞാനിതെഴുതും ‘ എന്നാണ് ആ ചിരിയുടെ അര്‍ത്ഥമെന്ന് നാന്‍സിയ്ക്ക് മനസ്സിലായി.

തങ്ങളുടെ പെണ്‍കുട്ടിക്കാലത്തെ എഴുത്ത് സിസിലി വീണ്ടും തുടങ്ങിയതില്‍ നാന്‍സിയ്ക്ക് ആശങ്കയുണ്ടായിരുന്നു.പ്രണയവും മഴയും മഞ്ഞും മനസ്സും ആവര്‍ത്തിക്കുകയല്ലാതെ, പ്രയോജനമാകുന്ന ഒന്നും എഴുതാന്‍ കഴിയുന്നില്ലെങ്കില്‍ ഇതുകൊണ്ടൊരു കാര്യവുമില്ലെന്നായിരുന്നു അവളുടെ പക്ഷം.

എല്ലാം പുറത്ത്പറയുന്നതാണ് നിന്റെ കുഴപ്പമെന്ന് നാന്‍സിയും
എല്ലാം അടക്കിവയ്ക്കുന്നതാണ് നിന്റെ കുഴപ്പമെന്ന് സിസിലിയും.
തങ്ങളിലേക്ക് വരുന്ന ചിന്തകളെ നിയന്ത്രിക്കാന്‍ രണ്ടുപേര്‍ക്കും കഴിയാറില്ലെന്നതാണ് വാസ്തവം.

തന്റെ മനസ്സിനേയും അവള്‍ ആളുകള്‍ക്ക് വായിക്കാന്‍ കൊടുക്കുന്നെന്ന് പരാതി പറഞ്ഞു നാന്‍സി.
നിന്റെ മനസ്സിലുള്ളതെല്ലാം എന്നോട് പറഞ്ഞുകൊണ്ടിരുന്നാൽ, മനസ്സമാധാനത്തിന്‌ പിന്നെ
ഞാനെന്ത് ചെയ്യും എന്ന് സിസിലിയും. ആളുകൾ നമ്മെ വായിക്കുന്നു എന്നറിയുന്നതും ഒരു അതിജീവനത്തിന്റെ വഴിയല്ലേ എന്നും ചോദിച്ചു അവൾ.
തങ്ങളുടെ ഭാര്യയും മകളും സഹോദരിയും എഴുതുമ്പോള്‍ മാത്രം അസ്വസ്ഥരാകുന്നവരല്ലേ ഈ വായനക്കാരിൽ പലരും എന്ന് അപ്പോഴും നാൻസിയ്ക്ക് സംശയം ബാക്കി.

പുസ്തകങ്ങളും പരീക്ഷകളും മാത്രം ആവര്‍ത്തിക്കപ്പെടുന്ന ഒരു വിദ്യാര്‍ത്ഥിയുടെ പരിമിതമായ സുഖങ്ങളിൽ ജീവിതകാലം മുഴുവനും സ്വതന്ത്രയായി ജീവിക്കണമെന്നായിരുന്നു നാന്‍സി ആഗ്രഹിച്ചത്..
എന്നിട്ടും സിസിലിയുടെ വിവാഹത്തോടൊപ്പം അവളുടെയും ജീവിതം വല്ലാതെ, തിരിച്ചുകിട്ടാന്‍ കഴിയാത്ത വിധം മാറിപ്പോയി. അതിന്റെ പേരില്‍ അവള്‍ സിസിലിയെ പലവട്ടം ശകാരിച്ചിട്ടുണ്ട്. പരസ്പരം പിണങ്ങിയിട്ടുമുണ്ട്.

“ എനിക്ക് നിന്നെ ഇഷ്ടമല്ല. ശ്രീനിക്കും നിന്നെ ഇഷ്ടമാവില്ല..എന്റെ കല്യാണം കഴിഞ്ഞാലെങ്കിലും നീയെന്നെ ശല്യപ്പെടുത്താതെ വെറുതെ വിടുമെന്ന് കരുതിയത് വെറുതെയായി ”
സിസിലി ദേഷ്യം കാണിച്ചിട്ടുണ്ട് പലപ്പോഴും.
‘ ഞാനെടുത്തു വയ്ക്കുന്ന കടലാസുകളും വീട്ടുസാധങ്ങളും വരെ നീയെടുത്ത് സ്ഥാനം മാറ്റിവയ്ക്കുന്നു ‘ എന്ന് പലവട്ടം ശകാരിച്ചിട്ടുമുണ്ട്.

എന്നിട്ടും ശ്രീനി വീട്ടില്‍ നിന്നിറങ്ങിയാലുടനെ ‘ നീയെല്ലേ എന്നെ മനസ്സിലാക്കാനുള്ളൂ’ എന്ന് സങ്കടപ്പെട്ട് നാന്‍സി, സിസിലിയുടെ അലസതയില്‍ വന്ന് സംസാരിച്ചു തുടങ്ങും.
ആ വര്‍ത്തമാനം കൊണ്ട് ശ്രീനി പറഞ്ഞേല്പിച്ച ജോലികള്‍ പോലും സിസിലി മറന്നുപോകും. വൈകീട്ടെത്തുമ്പോള്‍ അവന്റെ ശകാരം വാങ്ങിച്ചു കൂട്ടുകയും ചെയ്യും.

‘ പുറത്തിറങ്ങിയാല്‍ പട്ടിണി കിടക്കേണ്ടി വരുമോ ആരെങ്കിലും മടിക്കുത്തഴിക്കുമോ എന്നൊക്കെപ്പേടിച്ച് ജയിലിനകത്തുകഴിയുന്ന ഒരാളുടെ അവസ്ഥയല്ലേ ഇതെന്ന് ‘നാന്‍സി.

‘ ഓ പിന്നേ , സുനിത കൃഷ്ണനും സൈനയും ബര്‍ഖയും നിരാറാഡിയയും സാധാരണക്കാരുടെ വരെ ജീവിതത്തിൽനിറയുന്ന ഈ കാലത്താണ് നിന്റെയൊരു ജയിൽ !' പരിഹാസം ശർദ്ദിച്ചു സിസിലി.
‘ നീ വേണമെന്ന് വെച്ചാ സാധിക്കാത്തതായി എന്തുണ്ട് ഈ കാലത്തെ 'ന്ന് പ്രോത്സാഹിപ്പിക്കാനും മറന്നില്ല.

വേണമെന്ന് ആഗ്രഹിച്ചതുകൊണ്ടുമാത്രം ഒന്നും നടക്കുന്നില്ലെന്ന് നിസ്സഹായത അന്നേരം നാൻസിയ്ക്ക്.
ഒരു എക്സ്റ്റേണല്‍ ഫോഴ്സിന്റെ തള്ളോ വലിയോ ആഗ്രഹിക്കുന്ന കല്ലിന്റെ ജഡത്വമുണ്ട് തന്നിലെന്ന് സമ്മതിച്ചു.

ദുർബലനായ ഒരാളിന്റേതായതൊന്നും തട്ടിപ്പറിക്കാതെ, സ്വയം നിർവ്വചിക്കുന്ന ഒരു ജീവിതം നയിക്കുന്ന എല്ലാവരോടും ലിംഗഭേദമില്ലാതെ ആരാധനയുള്ള നാൻസിയ്ക്ക് ചില സന്ദർഭങ്ങളെ അതിജീവിയ്ക്കാൻ ഒട്ടും അറിയില്ലെന്ന് സിസിലിയ്ക്കും അറിയാം.

എന്നിട്ടും,
‘അതൊന്നുമല്ല , ഐസ്ക്രീം തിന്നുമ്പോള്‍ പല്ലുവേദനയെക്കുറിച്ച് ചിന്തിക്കുന്ന ഒരാളുടെ മനോരോഗം മാത്രമാണ് നിനക്കെന്ന് ‘  നാന്‍സിയെ നോവിക്കുക തന്നെ ചെയ്തു,സിസിലി.
അതിന്റെ അരിശത്തില്‍ ‘ ശ്രീനിയോട് സ്നേഹം കാണിക്കാനല്ലാതെ മറ്റൊന്നും ചെയ്യാനറിയാത്ത നീ വലിയ വാചമടിക്കുകയൊന്നും വേണ്ടെന്ന് ‘ അവൾ ക്ഷോഭിച്ചു.
ഒരേപണി തന്നെ എല്ലാദിവസവും ആവര്‍ത്തിച്ചും തിന്നും കുടിച്ചും ഭോഗിച്ചും പരദൂഷണം പറഞ്ഞും പകലുറങ്ങിയും , കോടാനുകോടി മനുഷ്യജീവികളില്‍ ഒരടയാളം പോലും ശേഷിപ്പിക്കാതെ, അസാന്നിദ്ധ്യമായി ജീവിച്ച്, ചത്ത്മണ്ണടിയാന്‍ പോകുന്ന സിസിലിയെന്ന മനുഷ്യജീവിയോട് നാന്‍സിയ്ക്ക് വെറുപ്പാണ്. അതാലോചിക്കുമ്പോള്‍ തന്നെ അവള്‍ക്ക് എന്തെന്നില്ലാത്ത ഭ്രാന്തും അരിശവും തോന്നിത്തുടങ്ങും.

വിവാഹത്തിലെ കൌതുകങ്ങളോടും ശ്രീനിയുടെ സ്നേഹത്തിനോടും കരുതലിനോടും കമ്പമൊട്ടും കുറഞ്ഞിട്ടില്ലെന്ന് സിസിലി പറഞ്ഞു. എന്നിട്ട് വിവാഹ വാര്‍ഷികത്തിന് അവന്‍ വാങ്ങിക്കൊടുത്ത കല്ലുവെച്ച വളയിലെ അലങ്കാരപ്പണികള്‍ നാന്‍സിയ്ക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു.

‘ നിനക്ക് നിന്നെയെല്ലാതെ മറ്റാരേയും സ്നേഹിക്കാന്‍ പോലും കഴിയുന്നില്ലല്ലോ ‘ എന്ന് അന്നേരങ്ങളിലൊക്കെ സിസിലി, നാൻസിയെ ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു. അവളെപ്പോലെ അതിജീവനത്തിന്റെ പാഠങ്ങള്‍ ഭംഗിയായി പരിശീലിക്കുന്ന ഒരു പെണ്ണിന്റെ അവസാനത്തെ വിജയം.

‘ എന്തുകൊണ്ടെങ്കിലും നിന്നെ പൂര്‍ണ്ണമായി സംതൃപ്തപ്പെടുത്താന്‍ കഴിയുമോ ?’ എന്ന സിസിലിയുടെ ചോദ്യത്തിന് ഒരു ഉത്തരം കണ്ടെത്തുന്നതുവരെ നാന്‍സി അവളുടെ മുന്നില്‍ തോറ്റുകൊണ്ടേയിരിക്കും.
ആ ഉത്തരം കിട്ടിയാലേ ശ്രീനിയ്ക്ക് നാന്‍സിയെ കാണിച്ചു കൊടുക്കൂ എന്നാണ് സിസിലി പറഞ്ഞിട്ടുള്ളത്..

അതുകൊണ്ടുതന്നെ KFC യുടെ ചിക്കന്‍ ബക്കറ്റുമായി ശ്രീനി എത്തുന്നതിനു മുന്‍പേ നാന്‍സി സിസിലിയുടെ ഉള്ളിലേക്ക് കയറിപ്പോയി,
‘ നിന്നെപ്പോലെ ഒരുത്തിയുടെ ഉള്ളില്‍ ജീവിക്കേണ്ടി വരുന്നതാണ് എന്റെ ഗതികേടെന്ന് ’ പിറുപിറുത്തുകൊണ്ട്.

Thursday, February 10, 2011

അക്ഷരങ്ങൾ പകർത്തിവയ്ക്കേണ്ടതെവിടെയാണ്‌?

ശബ്ദത്തിൽ...??
ഏറ്റു പറച്ചിൽ കൊണ്ട് വഴിതെറ്റാൻ വയ്യെന്ന്..

കടലാസിൽ...??
കാറ്റിന്റെ വിരൽപിടിച്ചലയേണ്ടി വരുമെന്ന്..

ഇലകളിൽ...?
ഒരു വേനലിനപ്പുറം ജീവനുണ്ടാകില്ലെന്ന്.. 

മണ്ണിൽ..??
മരിച്ചവരേ കേൾക്കാനുണ്ടാകൂവെന്ന് ..
മഴയിൽ..??
മണ്ണിലേക്ക് മടങ്ങേണ്ടി വരുമെന്ന്..
ശിലയിൽ..??
പലതായ് പൊടിഞ്ഞു പോയെങ്കിലോ എന്ന്..
ഋതുക്കളിൽ..??
പലവട്ടം മാറ്റിപ്പറയേണ്ടി വരുമെന്ന്..

വായുവിൽ..??
മൗനം കൊണ്ട് മുറിയുമെന്ന്..
അഗ്നിയിൽ..??
ഭസ്മമായ് ശിഷ്ടകാലം വയ്യെന്ന്..
ജലത്തിൽ..??
മറവിയുടെ മീൻ കൊത്തുമെന്ന്..

ഹൃദയത്തിൽ..?? 
ഒരേ വഴിയിലൂടെ യാത്ര വിരസമെന്ന്..
മനസ്സിൽ...??
ആരേയും കാണാതെ എത്രകാലമെന്ന്...
മറ്റാരുടേയെങ്കിലും ഓർമ്മയിൽ..??
ആർക്കതിനു ദയവുണ്ടാകുമെന്ന്..അക്ഷരങ്ങൾ പകർത്തിവയ്ക്കേണ്ടതെവിടെയാണ്‌?

Tuesday, February 1, 2011

ദേശം

നാല്പത്തിയഞ്ചു ദിവസത്തെ അവധിയുണ്ട്.

ഭാര്യയോട് പറഞ്ഞപ്പോൾ അവൾ മധുരമായി ചിരിച്ചു:
‘ഏട്ടാ,കുട്ട്യേൾക്ക് പരീക്ഷ ..ഇപ്പൊ എല്ലാം ഒര്‌ ഇദില് പോന്ന്ണ്ട്.. ഏട്ടൻ അടുത്തമാസം വാ ...’
വീട്ടിലേക്ക് വിളിച്ച് ഏട്ടത്തിയമ്മയോട്, ഡയാലിസിസ് കഴിഞ്ഞ് നില്ക്കുന്ന ഏട്ടനെ കാണാൻ വരാം എന്ന് പറഞ്ഞപ്പോൾ അവര്‍ക്കും പ്രായോഗികത:
‘ശാന്തേട്ടനെ നോക്കാൻ ഞങ്ങളൊക്കെയില്ലേ?...മോന്‍ പൈസ ശരിയാക്കിയാ മാത്രം മതി...അവധിക്ക് എന്തേലും സൈഡ് ബിസ്സ്നസ്സ് ഒക്കെ ചെയ്തൂടേ? ’

കൂടുതൽ പോസ്റ്റീവ് ചിന്തകളുള്ള ഏട്ടത്തി നാട്ടിലേക്ക് വരാതിരുന്നാലുള്ള നന്മകളും കണ്ടുപിടിച്ചു:
‘അവട്യാ സുകം..അവിടെ വെലകൊടുത്താ നല്ല സാധനങ്ങള്‌ കിട്ടേങ്കിലും ചെയ്യല്ലൊ.ഇവിട്പ്പോ ല്ലാത്തിനും ന്താ വെല.. ഏട്യങ്കിലും പോണം ന്ന് വെച്ചാ കുണ്ടും കുഴീം....കാലാവസ്ഥ തന്നെ മാറിപ്പോയപ്പാ..‘

‘ അതെ അതെ. ഞാനും ഇതുതന്നെ പറയാനിരിക്കുകയായിരുന്ന് ’ എന്ന് രണ്ടുപേരോടും നല്ലവനായി:
അന്ന് സംസാരിച്ചുകഴിഞ്ഞപ്പോൾ ഭാര്യയും ഏട്ടത്തിയും സ്നേഹം കൊണ്ട് കരഞ്ഞ് മനസ്സ് നിറച്ചു.

ആലോചിച്ചാൽ ശരിയാണ്‌.
ഇതാണ് നല്ല നാട്.
കാഴ്ചകളിലെ വൈവിധ്യം, പുതുമകൾ,നല്ല റോഡുകള്‍.
തുല്യത എന്നൊക്കെ പറഞ്ഞാൽ മൾട്ടി മില്യണർ മുതലാളിയും നിത്യവൃത്തിക്കു മാത്രം വകയുള്ളവനും ഒരേ പാർക്കിംഗിനു വേണ്ടി അലയുന്നതാണെന്നൊക്കെ തോന്നിപ്പോകും ചിലനേരങ്ങളിൽ..!

ഇനിയിപ്പോൾ നാട്ടിലെത്തിയാല്‍ തന്നെ നല്ലവാക്കുകള്‍ പറഞ്ഞ് സ്നേഹിച്ച് തുടങ്ങുമ്പോഴേക്കും;
‘ ദാ എനിക്ക് രാവിലെ നേരത്തെ എണീറ്റ് കുട്ട്യേളെ വിളിച്ചിണീപ്പിക്കണ്ടതാ...പഠിക്കാന്‍ വായിട്ടലച്ച് ഇപ്പത്തന്നെ ഭയങ്കര തലവേദന’ എന്ന അവളുടെ മറുപടിയെ കെട്ടിപ്പിടിച്ച് കിടക്കുന്നതിലും നല്ലത്, ഇവിടെ അടുത്തമുറിയിലെ നൈജീരിയക്കാരന്‍ അബാഗയെ മലയാളം പഠിപ്പിക്കുന്നതോ അവന്റെ ഈജിപ്ഷ്യൻ സുന്ദരിയെക്കുറിച്ച് പാടികേൾക്കുന്നതോ ആണ്‌.

‘ ജീവന്റെ വന്യഗർഭത്തിൽ
ഒരു ശിശുവിനെപ്പോലെ
എന്നെ സൂക്ഷിച്ചു വയ്ക്കുന്നവൾ.
നദിപോലെ പകുത്തിട്ട മുടിയിൽ
ഉമ്മകൾ കൊണ്ട്
അവസാനിക്കാത്ത കുഞ്ഞോളങ്ങൾ ഒരുക്കിത്തരുന്നവള്‍.
അവളുടെ വഴികള്‍
കാട്ടുപൂ പോലെ നിര്‍മ്മലം ‘

അവന്‍ പറഞ്ഞ് കേട്ട് അവളോട് ഒരിത്തിരി ആരാധനയൊക്കെ തോന്നിത്തുടങ്ങിയിട്ടുണ്ട്.

ഇന്നലെ ബിബിസിയില്‍,ഈജിപ്തിലെ സമരമുഖം നോക്കിയിരിക്കുമ്പോൾ അവൾക്ക് വേണ്ടിമാത്രമാണോ മനസ്സിത്ര വേദനിക്കുന്നതെന്ന് ആലോചിച്ചു.
ആംബുലൻസിന്റെ ശൂന്യതയിലേക്ക് എടുത്ത്കയറ്റപ്പെട്ടവൾ അവളാകല്ലേ എന്ന് പ്രാർത്ഥിച്ചു.
ഓറഞ്ചു നിറമുള്ള തട്ടം കൊണ്ട് മുടി മറച്ചിരുന്നതിനാൽ അവന്റെ ഉമ്മകളുടെ അടയാളങ്ങൾ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല..
കൈവിരലുകളിൽ ചോരയും കരിയും പുരണ്ടതിനാലവിടെ കാട്ടുപൂക്കളൊന്നും വിരിഞ്ഞിരുന്നതുമില്ല..

ആ ദിവസം മുഴുവൻ കൂട്ടുകാരൻ,ഗോത്രവും വേരുകളും ഏതെന്നറിയാത്ത അവൾക്കുവേണ്ടി പാടി:
Live and multiple in full എന്നാണ്‌ തന്റെ പേരിന്റേയും ജീവിതത്തിന്റേയും അർത്ഥമെന്ന് പലയാവർത്തി പാടിപറഞ്ഞു.

‘ഇന്നത്തെ മരണം
ഇന്നലത്തേയും നാളത്തേതുമായ ജീവിതം.

പ്രിയപ്പെട്ടവളേ,
നിന്നിൽ നിന്ന് യാത്രപോകാൻ,
നീ മുറുകെപ്പിടിച്ച എന്റെ കൈവിരലുകൾ
എന്നിൽ നിന്ന് മുറിച്ച് കളഞ്ഞവനാണ്‌ ഞാൻ.
എന്നിട്ടുമെന്നിട്ടും നിന്റെ നാഡീസ്പന്ദനങ്ങളാണെന്നെ ജീവിപ്പിക്കുന്നത്..

നിനക്കായ് കുറിച്ചിട്ട സന്ദേശങ്ങളൊന്നും ഇപ്പോഴില്ല;
എന്റെ ഭാഷയറിയാത്തവർ
അതെന്റെ ആഭിചാരമന്ത്രങ്ങളാണെന്ന് കരുതി കരിച്ച് കളഞ്ഞിരിക്കുന്നു.
പ്രണയമേ, അവർക്കറിയില്ല;
ആ ഭസ്മധൂളികൾ
നിന്റെ അവസാനശ്വാസത്തിന്റെ ആജ്ഞയിൽ,
സംസാരിയ്ക്കാൻ അക്ഷരങ്ങളായി നിന്നോട് ചേർന്നു നില്ക്കുമെന്ന്.
അവ നിന്നിലവസാനിക്കുകയും
നിന്നിൽ തുടക്കങ്ങളുണ്ടാക്കുകയും ചെയ്യുമെന്ന്,
പലപല കാലങ്ങളിലേക്കായ്
പലപല ജീവികളുടെ പ്രാണൻ നിന്നിലവ നിറയ്ക്കുമെന്ന്...
മങ്ങിയ വെളിച്ചത്തിൽ അയാളുടെ ഉയർന്നനെറ്റിയിൽ ഞരമ്പുകളും പെറുക്കിക്കൂട്ടിയതു പോലെയുള്ള പല്ലുകളും പ്രണയമൂര്‍ച്ചകൊണ്ട് തിളങ്ങി.

കുറേ നേരം കേട്ടിരുന്നപ്പോൾ മനസ്സ് അശാന്തമായി.
ഈ അശാന്തി ഈയ്യിടെയായി പതിവാണ്‌.

ചിലപ്പോൾ തോന്നും മനസ്സിലെവിടെയോ സിദ്ധാർത്ഥൻ ജീവിച്ചിരിപ്പുണ്ടെന്ന്;ശ്രീബുദ്ധൻ ആകാൻ കഴിയാതെ പോയ സിദ്ധാർത്ഥൻ.
തനിക്കുമാത്രമായി എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ കഴിയാതെ പോകുന്ന, അനുഭവിക്കേണ്ടിവന്നിട്ടില്ലാത്ത, ദു:ഖങ്ങളെ തിരഞ്ഞ് കണ്ടുപിടിച്ച് അതിൽ വേദനിക്കുന്ന ഒരാൾ.

ശാന്തമായ മർമ്മരങ്ങളുള്ള ഒരാൽത്തറയും ബാക്കിയില്ലെന്ന തോന്നലുകൊണ്ടാകണം ഒരു രാത്രി വീട് വിട്ടിറങ്ങിപ്പോകാൻ കഴിയാത്തത്!അല്ലെങ്കിൽ കാലത്തിന്‌ യോജിച്ച വിപ്ലവകാരി ആകാൻ കഴിയില്ലെന്നറിയാവുന്നതുകൊണ്ടോ;ഈ കാലത്തിനു അങ്ങനെയൊരാളിന്റെ ആവശ്യമില്ലെന്നറിയാവുന്നതുകൊണ്ടോ ആകണം.
തനിക്ക് വേണ്ടിപ്പോലും ഒരു പോരാട്ടം നടത്തി നോക്കാൻ കഴിയാത്തവൻ ഏതുതരം വിപ്ലവകാരിയാണ്‌?

ഇത്തരം അനാവശ്യചിന്തകൾ ഒഴിവാക്കുന്നതാണ്‌ നല്ലത്.

അവധിയിലായതുകൊണ്ട് കൂടുതൽ നേരം 40“ന്റെ ജാലകത്തിലൂടെ ലോകത്തെ നോക്കിയിരിക്കുന്നതു കൊണ്ടുള്ള കുഴപ്പമാണ്‌.
അതിലൊരു കാഴ്ചയും തന്നെ ബാധിക്കാത്തിടത്തോളം അങ്ങേയറ്റം നിസംഗതയോടെ കണ്ടിരിക്കുന്നതാണ്‌ നല്ലതെന്ന് തോന്നുന്നു.
കാഴ്ച ഒരു കാഴ്ചമാത്രം- അനുഭവമല്ലാത്തിടത്തോളം.


അതിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയാല്‍ പിന്നെ ഒരേ സമയം നായകനും അടിമയും കാല്പനികനും പോരാളിയും നിഷേധിയും വൈരാഗിയും ഭീരുവും ഒക്കെ ആകേണ്ടിവരും,അതും കുറഞ്ഞ സമയത്തിനുള്ളിൽ.
വിരുദ്ധവും ശക്തവും പ്രലോഭനപരവും ക്ഷണികവുമായ വികാരങ്ങൾക്ക് നിരന്തരം, കുറഞ്ഞ സമയത്തിനുള്ളിൽ, വിധേയരാകേണ്ടിവരുന്നുണ്ട് കാഴ്ചക്കാർക്ക് മിക്കപ്പോഴും.

കൊലചെയ്യപ്പെട്ടവന്റെ ചോരപ്പാടുകളിൽ നിന്ന് ഭംഗിയായി അലങ്കരിച്ച ഭക്ഷണത്തിലേക്ക്, സമുദ്രവിസ്മയങ്ങളിലേക്ക്, മാനസികവൈകല്യമുള്ളവരിലേക്ക്;
അതിജീവനത്തിലേക്ക്,ആഡംബരത്തിലേക്ക്;
രുചിവൈവിധ്യത്തിന്‌,പട്ടിണിയ്ക്ക്;
നേട്ടങ്ങൾക്ക്,നിസ്സഹായതകൾക്ക്;
നിന്ദകൾക്ക്,നന്മകൾക്ക്,തിന്മകൾക്ക്- അങ്ങനെയങ്ങനെ..
ഒരേസമയം കുറ്റവാളിയും കുറ്റത്തിന്‌ വിധേയനാകുന്നവനും നീതിപാലകനും ന്യായാധിപനും ആകേണ്ടിവരുന്ന ഒരാൾ ഏതിന്റെ പിന്തുടർച്ചക്കാരനാവും?ചൂടും തണുപ്പും മാറി മാറി പ്രയോഗിക്കപ്പെടുന്ന ഒരു ദ്രവ്യത്തിനു സംഭവിക്കുന്നതുപോലെ ഒരുമാറ്റം അയാളുടെ മനസ്സിനും സംഭവിക്കുമോ- ഒരുതരം emotional decaying?
ചിന്തിച്ച് തുടങ്ങിയാൽ അറ്റമുണ്ടാവില്ല.

ഈ രാജ്യത്തെ ഉയരമുള്ള കെട്ടിടങ്ങളിൽ നിറയെ പലരാജ്യങ്ങളിലെ,പലജാതി മനുഷ്യരാണ്‌.
ഈ ഒരു നിമിഷത്തിൽ തന്നെ പലരും പലഭാവങ്ങളിലായിരിക്കും.

കുഞ്ഞുങ്ങളെ ശകാരിയ്ക്കുന്നവര്‍,
സൗന്ദര്യപ്പിണക്കം അവസാനിച്ചതിന്റെ മധുരമറിയുന്നവര്‍,

മറ്റൊരാളെ വഞ്ചിക്കാനുള്ള കണക്ക് കൂട്ടലുകളിലായിരിക്കുന്നവര്‍,
കിട്ടാനുള്ള പണത്തെ ഓർത്ത് ഉറക്കം കളയുന്നവര്‍,
അധികാരമാണ് ഏറ്റവും വലിയ അസ്വാതന്ത്ര്യമെന്ന് തിരിച്ചറിയുന്നവര്‍...

ചിലർ വീട്ടിലേക്ക് പണമയച്ചതിന്റെ സംതൃപ്തിയിലായിരിക്കും.
ചിലർക്ക് പ്രിയപ്പെട്ടവരുടെ രോഗത്തെക്കുറിച്ചുള്ള ആശങ്കകളാകും.
ആദ്യമായി പരിചയപ്പെട്ട ചിലർ പരസ്പരം തോന്നുന്ന പ്രണയത്തിൽ വിസ്മയിക്കുന്നുണ്ടാകും!

ഒരോ മുറികളിലുമുണ്ടാകും ഒരോതരം മനസ്സും ഒരോതരം ജീവിതവും.....

ചിന്തകൾ വല്ലാതങ്ങ് പെരുകുമ്പോൾ, റോസ്മൊണ്ട്രേല എന്ന് റിസപ്ഷനിസ്റ്റിനെ വിളിക്കാം. അവളാകുമ്പോൾ സ്നേഹിച്ച് തുടങ്ങും, ഫിലിപ്പിനോസിന്റെ പരമ്പരാഗതമായ രീതിയിൽ; കുഞ്ഞുകുഞ്ഞ് കാര്യങ്ങളില്‍ പോലും വലിയ വലിയ സന്തോഷങ്ങൾ നിറച്ച്,യാതൊരു അല്ലലുമില്ലാതെ,യാതൊരു അല്ലലുമറിയിക്കാതെ.

ഒരു ബർഗർ,അല്ലെങ്കിൽ ഒരു പിസ്സ,പെപ്സി,നിരത്തിലൂടെ കൈകോർത്ത് നടത്തം, പിരിയുമ്പോൾ നീളക്കൂടുതലിലേക്ക് വലിഞ്ഞ് കയറി തെരുതെരെ നാലഞ്ച് ഉമ്മകൾ.
കുറച്ച് നേരത്തേക്ക് നന്നായി ചീകിവെച്ച മുടിയിലെ,ചുണ്ടുകളിലെ,വസ്ത്രങ്ങളിലെ സുഗന്ധവും നഖങ്ങളിലെ ചായത്തിന്റെ മഴവില്ലുകളും ബാക്കിയുണ്ടാകും അവള്‍ യാത്രപറഞ്ഞാലും.

പക്ഷേ വയ്യ.
ഇന്നത്തെ ദിവസം ഇഗ്ബോ ഗോത്രത്തലവന്റെ മകൻ അബാഗയുടെ ദു:ഖം പങ്കിടാനുള്ളതാണ്‌.

അവനെയും കൊണ്ട് മാഹിയിലേക്ക് പോകണം,ഗന്ധങ്ങളിലൂടെ,രസമുകുളങ്ങളിലൂടെ.
ദൈവത്തിന്റെ വികൃതികളിലെ രഘുവരന്റെ രൂപഭാവങ്ങൾ മതി, അതുകൊണ്ട് ഇന്നത്തേക്ക്.

**************************************************************************
ഊഴം