Thursday, January 20, 2011

പുഴയായ് ഒഴുകുന്നവർ

പുഴയായ് ഒഴുകുന്നവന്റെയുള്ളിൽ
മീനുകൾ പോലെ ഓർമ്മകൾ!

ചിലത് കൂട്ടായ്
ചിലത് ഒറ്റതിരിഞ്ഞ്
ചിലത് ഒഴുക്കിനെതിരെ
ചിലത് മുന്നോട്ടും പിന്നോട്ടും പോകാനാകാതെ
ആഴങ്ങളിലേക്ക്
ആഴങ്ങളിലേക്ക് മാത്രം...

ഒരു വാക്കിന്റെ
ഒരു നോക്കിന്റെ
ചൂണ്ടയിൽ
പ്രാണൻ പോകുമെന്നോർക്കാതെ കൊത്തി ചിലത്..

പുഴയുടെ ആഴമറിയാത്തവരുടെ
ചോദ്യപ്പുല്ലുകൾക്ക് മീതേ
ശ്വസിക്കേണ്ടെന്ന് ശഠിച്ച്
വിശ്വാസത്തിൽ പിടഞ്ഞ് ചിലത്..

പുഴയിൽ മുഖം നോക്കാനെത്തുന്ന ഋതുഭേദങ്ങൾ
എങ്ങനെ ഒഴുക്കിക്കളയണമെന്നറിയാതെ ചിലത്...

കാലഭേദങ്ങളൊഴുക്കുന്ന
നിരാകരണത്തിന്റെ വിഷം കുടിച്ച്
ആർക്കുമല്ലാതാവുന്നു ചില ഓർമ്മകൾ.

പുഴയായ് ഒഴുകുന്നവന്റെയുള്ളിൽ
കല്ലുകൾ പോലെ മറവികൾ

പ്രായം വറ്റിപ്പോകവേ
മീനുകൾ മരിച്ചു പോകവേ
തെളിയുന്ന കല്ലുകൾ.

ഇതിലെ ഒരു പുഴയൊഴുകിയെന്ന്
നിങ്ങളെ ഓർമ്മിപ്പിക്കാൻ മാത്രം
അടയാളങ്ങൾ ശേഷിപ്പിച്ച്.......
പുഴയായ് ഒഴുകുന്നവന്റെയുള്ളിൽ
കല്ലുകൾ പോലെ
മറവികൾ.

16 comments:

 1. നന്നായിട്ടുണ്ട്
  നല്ല വരികള്‍ !

  ReplyDelete
 2. ഇതിലെ ഒരു പുഴയൊഴുകിയെന്ന്
  നിങ്ങളെ ഓർമ്മിപ്പിക്കാൻ മാത്രം
  അടയാളങ്ങൾ ശേഷിപ്പിച്ച്.......
  പുഴയായ് ഒഴുകുന്നവന്റെയുള്ളിൽ
  കല്ലുകൾ പോലെ
  മറവികൾ.

  nice... :)

  ReplyDelete
 3. പ്രായം വറ്റിപ്പോകവേ
  മീനുകൾ മരിച്ചു പോകവേ
  തെളിയുന്ന കല്ലുകൾ.

  ReplyDelete
 4. valare nannayittundu........ aashamsakal.........

  ReplyDelete
 5. This comment has been removed by the author.

  ReplyDelete
 6. മറവികള്‍ക്ക് മേല്‍ ഓര്‍മ്മകള്‍ നടത്തുന്ന സമരമാണ് സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്‍റെ അടയാളം എന്നൊരു മതമുണ്ട്‌.

  കൂടെ, ഒഴുക്കിന്നൊപ്പം നീന്തുക എന്നത് ആത്മാവിന്‍റെ ജീവനില്ലായ്മയെയാണ് സൂചിപ്പിക്കുന്നത്. കേവലം, പത്തു ഗ്രാം പോലും തൂക്കമോ അത്രയും തന്നെ വലുപ്പമോ ഇല്ലാത്ത 'പരല്‍ മീനുകള്‍' ഒഴുക്കിന്നെതിരില്‍ നീന്തി ലക്ഷ്യത്തിലേക്ക് കുതിക്കുന്നത് നാം കാണുന്നില്ലേ? കാരണമെന്ത്... തര്‍ക്കമേതുമില്ലാതെ പറയാം അവയില്‍ ഇനിയും മരിക്കാത്തൊരു ആത്മാവുണ്ട്. വരികളിലെ മീനുകള്‍ പറയുന്നൊരു കാര്യമുണ്ട്. "ആത്മാവ് വഴിയില്‍ ഉപേക്ഷിച്ചു കേവലം ഒരുടലായി ജീവിച്ചു തീര്‍ക്കല്‍ കലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന മനുഷ്യാ നീ എന്നിലേക്ക് നോക്ക്. എന്നില്‍ നിനക്കുള്ള പാഠമുണ്ട്‌" എന്നാണ്.

  പുഴ പറയുന്നത്... പുഴ വെള്ളത്തിലൊരു മേലുടുപ്പ് ഉണ്ട്. അതി ജീവിനത്തിന്‍റെ കാലന്തരത്തെയും ജയിച്ച യോദ്ധാവിന്‍റെ ഒരു പടച്ചട്ട. നിനക്കിതിനെ കയ്യെത്തിപ്പിടിക്കാം. തന്‍റെ ഇഷ്ടാനുസരണം അതിനെ ഉപയോഗിക്കാം. ഹൃദയത്തെ പൊതിയാം. കേവലമൊരലങ്കാരമായി തന്‍റെ ഉടലില്‍ ചുറ്റാം...!!!!

  നല്ല ചിന്തയ്കകഭിനന്ധനം...!!.

  ReplyDelete
 7. ആഴികളേക്കാള്‍ ആഴക്കൂടുതല്‍, പ്രളയത്തേക്കാള്‍ ഭയങ്കരം, മഞ്ഞുകട്ടയേക്കാള്‍ കുളിര്. അഭിനന്ദിക്കുന്നു കവിയെ....!!
  ഒഴുകിയെത്തട്ടെ....... ഇനിയും, പവിഴ മണിമുത്തുകള്‍..!!

  ReplyDelete
 8. വഴികളില്ലാത്ത ഇടത്തേക്ക് പുഴ പിന്‍വാങ്ങുമ്പോള്‍ ആകാശം മാത്രം ബാക്കി. .
  ഇനിയൊരു പുഴ പ്രയാണം തുടങ്ങുമ്പോള്‍ കല്ലുകള്‍ പരല്‍ മീനുകളായി പുനര്‍ജനിക്കും, പുതിയ നിറത്തില്‍, രൂപത്തില്‍ ..........

  ReplyDelete
 9. “കല്ലുകള്‍ അലിഞ്ഞലിഞ്ഞ് അവസാനം..”
  :)

  നല്ലൊരു വായന സമ്മാനിച്ചതില്‍ നന്ദി..

  ReplyDelete
 10. പുഴയുടെ ആഴമറിയാത്തവരുടെ
  ചോദ്യപ്പുല്ലുകള്‍ക്ക് മീതേ
  ശ്വസിക്കേണ്ടെന്ന് ശഠിച്ച്
  വിശ്വാസത്തില്‍ പിടഞ്ഞ് ചിലത്..

  കെങ്കേമം ആയിരിയ്ക്കുന്നു ചിന്തകള്‍ :)

  ReplyDelete
 11. “പുഴയായ് ഒഴുകുന്നവന്റെയുള്ളിൽ
  മീനുകൾ പോലെ ഓർമ്മകൾ!”

  “പുഴയായ് ഒഴുകുന്നവന്റെയുള്ളിൽ
  കല്ലുകൾ പോലെ
  മറവികൾ.”

  നല്ല വരികൾ!
  ഇഷ്ടപ്പെട്ടു.

  ReplyDelete
 12. ഓര്‍മകളെ മീനുകളായും, മറവികളെ കല്ലുകളായും , ജീവിതത്തെ ഒഴുകുന്ന പുഴയായും ....
  പുഴയുടെ ആഴം അറിയാത്തവര്‍ കഥയിലെ വില്ലന്മാര്‍ അല്ലെങ്കില്‍ മണ്ടന്മാര്‍ ....
  ഈ അനുജന്റെ ആശംസകള്‍ ... സ്നേഹം

  ReplyDelete
 13. അൽ‌പ്പം വൈകിപ്പോയി ലിഡി. നല്ല ഇഷ്ടമായി കവിത, മീനുകൾ പോലെ തിളങ്ങി മറിയുന്ന ഓർമ്മകൾ പേറിയ പുഴ, കല്ലുകൾ പോലെ ഓർമ്മകൾ അവശേഷിപ്പിച്ച് പുഴ എങ്ങൊഴുകി മാഞ്ഞൂ?

  ReplyDelete
 14. നല്ല വരികൾ!
  ഇഷ്ടപ്പെട്ടു.

  ReplyDelete