Sunday, January 30, 2011

എന്റെ പ്രണയം നിന്നോട് മാത്രമായോ?


(ചിലതു പറയാൻ എനിക്കൊരൊറ്റവാക്കുമതി.എന്റെ പ്രണയം പറയാനോ....)
 
എന്റെ പ്രണയം
നിന്നോട് മാത്രമായോ എന്നാണ്‌.....

അതറിയുമ്പോൾ;
ഞാൻ നിനക്ക് മാത്രമാകുമ്പോൾ,
നിന്നെവിളിക്കാന്‍ പേരു തിരഞ്ഞ്
ഞാന്‍ പൂക്കള്‍ മാത്രമുള്ളൊരിടത്തെത്തും.

അവയിലൊന്നിനെ
ഞാന്‍ വിരല്‍ കൊണ്ട് തൊടും.
അതില്‍
കണ്ണുകളായ മഞ്ഞ് തുള്ളികളിലെ
നനവറിയും;
എന്റെ മുഖം കാണും.

കാറ്റിന്റെ ശ്വാസച്ചൂടില്‍ നിന്റെ ഗന്ധമറിയും.

പൂക്കളില്‍ ഒന്ന് കൊഴിഞ്ഞ് വീഴുമ്പോള്‍
അതില്‍ ഗന്ധര്‍വ്വന്മാര്‍ വന്നിരിക്കുന്നതാണെന്ന
നിന്റെ ശബ്ദം ഞാന്‍ കേള്‍ക്കും.

എനിക്കെന്റെന്യായവിധികള്‍
പറഞ്ഞു കേള്‍പ്പിക്കാന്‍ സാവകാശം തരാതെ കാറ്റ്,
അതിന്റെ ഉറവിടത്തിലേക്ക് തിരിച്ചുപോകും.
അത് നിന്റെ മടിയില്‍ തലചേര്‍ത്ത് ഉറങ്ങും.

നീയെന്നെയെത്ര സ്നേഹിച്ചിരുന്നെന്ന് ഓര്‍ക്കും.
മറക്കാന്‍
എനിക്ക്
നിന്റെ ഓര്‍മ്മകള്‍ മാത്രമെന്ന് തിരിച്ചറിയും.

നിന്നില്‍ നിന്ന് മടങ്ങാന്‍ വഴികളറിയാതെ
ഞാന്‍
എന്റെ ശ്വാസത്തിലൂടെ
കാറ്റിലലിഞ്ഞ്
നിന്റെയരികിലെത്തും...

:-)

Thursday, January 20, 2011

പുഴയായ് ഒഴുകുന്നവർ

പുഴയായ് ഒഴുകുന്നവന്റെയുള്ളിൽ
മീനുകൾ പോലെ ഓർമ്മകൾ!

ചിലത് കൂട്ടായ്
ചിലത് ഒറ്റതിരിഞ്ഞ്
ചിലത് ഒഴുക്കിനെതിരെ
ചിലത് മുന്നോട്ടും പിന്നോട്ടും പോകാനാകാതെ
ആഴങ്ങളിലേക്ക്
ആഴങ്ങളിലേക്ക് മാത്രം...

ഒരു വാക്കിന്റെ
ഒരു നോക്കിന്റെ
ചൂണ്ടയിൽ
പ്രാണൻ പോകുമെന്നോർക്കാതെ കൊത്തി ചിലത്..

പുഴയുടെ ആഴമറിയാത്തവരുടെ
ചോദ്യപ്പുല്ലുകൾക്ക് മീതേ
ശ്വസിക്കേണ്ടെന്ന് ശഠിച്ച്
വിശ്വാസത്തിൽ പിടഞ്ഞ് ചിലത്..

പുഴയിൽ മുഖം നോക്കാനെത്തുന്ന ഋതുഭേദങ്ങൾ
എങ്ങനെ ഒഴുക്കിക്കളയണമെന്നറിയാതെ ചിലത്...

കാലഭേദങ്ങളൊഴുക്കുന്ന
നിരാകരണത്തിന്റെ വിഷം കുടിച്ച്
ആർക്കുമല്ലാതാവുന്നു ചില ഓർമ്മകൾ.

പുഴയായ് ഒഴുകുന്നവന്റെയുള്ളിൽ
കല്ലുകൾ പോലെ മറവികൾ

പ്രായം വറ്റിപ്പോകവേ
മീനുകൾ മരിച്ചു പോകവേ
തെളിയുന്ന കല്ലുകൾ.

ഇതിലെ ഒരു പുഴയൊഴുകിയെന്ന്
നിങ്ങളെ ഓർമ്മിപ്പിക്കാൻ മാത്രം
അടയാളങ്ങൾ ശേഷിപ്പിച്ച്.......
പുഴയായ് ഒഴുകുന്നവന്റെയുള്ളിൽ
കല്ലുകൾ പോലെ
മറവികൾ.

Tuesday, January 4, 2011

ഒരുമിച്ച് ചേര്‍ന്നവര്‍, ഒറ്റയ്ക്കായവരും.

ഇവിടെ ഞാനൊരു കേട്ടെഴുത്തുകാരി മാത്രമാണ്‌.
അല്ലെങ്കിൽ എവിടെയാണ്‌ അതല്ലാത്തത്!
ഒരിയ്ക്കലും എവിടെയും കേൾക്കാത്തത് പറയണം എന്നൊക്കെയുണ്ട്- അത്യാഗ്രഹം.

യാത്രകൾ ഇഷ്ടമാണ്‌.
പക്ഷേ അലയാൻ അനുവദിക്കുന്ന യാത്രകൾ ഈയ്യിടെയായി അപൂർവ്വമാണ്‌.
എന്നാലും മഹാബലിയോളം നിർഭാഗ്യമില്ല; അത്രത്തോളം നന്മകളും ഇല്ലാത്തതുകൊണ്ടായിരിക്കണം.

നിശ്ചിത ദൂരത്തിലേക്ക് , കൃത്യസമയത്ത്, ഒരേവഴിയിലൂടെ ,പതിവിടങ്ങളിലേക്ക് പോകേണ്ടിവരുന്നു ആണ്ടിലേതാണ്ട് എല്ലാദിവസവും.
ആരും നിർബന്ധിക്കുന്നതു കൊണ്ടൊന്നുമല്ല.
മറ്റൊന്നും ചെയ്യാൻ ആഗ്രഹമില്ലാത്തതുകൊണ്ടുമല്ല.
പതിവ് തെറ്റിക്കാൻ കഴിവില്ലാത്തവരായതുകൊണ്ടാകാം;മറ്റാരുടെയൊക്കെയോ ജീവിതത്തിന്റെ തുടർച്ച ജീവിക്കുന്നത് കൊണ്ടുമാകാം.

ഈ ജീവിതം കൊണ്ട്;
ഞങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ അക്കങ്ങള്‍ക്ക് കുറവില്ല,
ഞാനിതുവരെ ഒരിയ്ക്കൽ പോലും അണിയാത്ത ആഭരണങ്ങൾ ജ്വലറി ഷോപ്പിലെ വെളിച്ചത്തില്‍ നിന്ന് ലോക്കറിന്റെ ഇരുട്ടിലേക്ക് പലവട്ടം യാത്ര പോയിട്ടുമുണ്ട്,
ഞങ്ങളൊരിയ്ക്കലും ഒരു തുളസിത്തൈ പോലും നടുകയോ ഒരു കളപോലും പറിച്ചു കളയുകയോ ചെയ്യാത്ത നിലങ്ങൾ ഞങ്ങളുടെ പേരിലുണ്ട്,
ആളുകളെക്കാൾ അധികമായതുകൊണ്ട് അടച്ചിട്ട മുറികളുണ്ട് ഞങ്ങളുടെ വീടുകളിൽ.
ഒന്നുകൊണ്ടും തൃപ്തിപ്പെടാൻ കഴിയാത്തവരാണ്.
ജീവിതം സുരക്ഷിതമാണെന്ന് തോന്നുമ്പോഴൊക്കെ ഇത്ര മതിയോ എന്ന് ആവലാതിയുമുണ്ട്.

ഇതൊക്കെ ചിന്തിക്കുകയും പരസ്പരം പറയുകയും ചെയ്ത ദിവസങ്ങളിൽ, പത്തുദിവസത്തേക്കെങ്കിലും ഒരു മാറ്റം വേണമെന്ന് ഞങ്ങള്‍ തീരുമാനിച്ചു.
ഓർത്തു നോക്കിയപ്പോൾ അത് ഞങ്ങളുടെ നാട്ടുത്സവകാലം. കാലാകാലങ്ങളായി മുടക്കമില്ലാത്ത ഉത്സവവും ചന്തയും. ഞങ്ങൾ പോയിട്ട് കുറേക്കാലമായെങ്കിലും പഴയകാഴ്ചകളും ബാക്കിയുണ്ടായിരുന്നു.
എല്ലാം പ്രിയപ്പെട്ടതായി തോന്നി.
പഴയതു കലര്‍ന്ന പുതിയതിനോട് തന്നെ ഇപ്പോഴും പ്രിയം.

വില്പനയ്ക്കുള്ളിലുള്ള ഉല്പന്നങ്ങളിലധികവും ചൈനയിൽ നിന്ന്.വിദേശത്തെ ഇറാനിക്കടകളിലേക്കാൾ വിലയുണ്ടായിരുന്നു അവയിലധികമെണ്ണത്തിനും.
ഞങ്ങള്‍ പലതിന്റേയും വിലയന്വേഷിച്ചു;വിലപേശി.പക്ഷേ വാങ്ങുന്നവരാരും അതിനെക്കുറിച്ചൊന്നും ശ്രദ്ധിക്കുന്നതേയില്ലെന്നും തോന്നി.
പുറത്തു പോയവരായതുകൊണ്ട് ഞങ്ങള്‍ക്ക് മാറ്റങ്ങൾ എളുപ്പത്തിൽ കണ്ടുപിടിക്കാൻ കഴിഞ്ഞു.

വിസ്മയിക്കാനും തിരിച്ചറിയാനും കഴിയുന്നത് ഒന്നിൽ നിന്ന് മാറിനില്ക്കുമ്പോഴാണെന്ന് തോന്നുന്നു.ആപേക്ഷികത കാത്തുവയ്ക്കുന്ന അദ്ഭുതങ്ങള്‍.

‘ ഒരു കുപ്പിവളപോലും വാങ്ങിത്തരാതിരുന്ന ലോകത്തിലെ ഏറ്റവും പിശുക്കനായ കാമുകനായിരുന്നു നീയെന്ന് ’ ഞാനും
‘ ലോകത്തിലെ ഏറ്റവും ധാരാളിയായ ഭർത്താവാണ്‌ ഞാനെന്ന് ’ അവനും പരസ്പരം പറഞ്ഞ് ചിരിച്ചു.
കാലങ്ങൾ കഴിഞ്ഞിട്ടാണ്‌ ഒന്നിനുമല്ലാതെ ആർക്കുവേണ്ടിയുമല്ലാതെ ഞങ്ങൾ ചിരിച്ചു പോയത്.

ആവശ്യത്തിലേറെ അലഞ്ഞ്,കുറേ ചിത്രങ്ങളെടുത്ത്;‘എന്നാലിനി മടങ്ങാം’ എന്നു പരസ്പരം മനസ്സറിഞ്ഞ് ഇറങ്ങവെ, വഴിയിലൊരിടത്ത് തിരക്കില്ലാത്തൊരു കച്ചവടക്കാരനെ കണ്ടു.
വാങ്ങാനാളില്ലാത്തത് വില്ക്കാനും ആളുണ്ടാവില്ലല്ലോ എന്ന് കരുതിയാണ്‌ അടുത്ത് ചെന്നത്.
ഒരല്പംബുദ്ധി കൂടുതലോ കുറവോ ഉണ്ടെന്ന് തോന്നി കച്ചവടക്കാരന്‌.
പുസ്തകങ്ങളായിരുന്നു അയാൾ നിരത്തിവെച്ചത്, അതും പഴയ പുസ്തകങ്ങൾ.
പലതും ഒറ്റപ്രതിമാത്രം ഇറക്കിയത് പോലെ അപരിചിതം.

അതിലൊന്നിൽ ചുവന്ന മഷികൊണ്ട്‘ ‘ 3.4.74 ’എന്നും‘ നീ അമ്മയാകാൻ പോകുന്നെന്ന് അറിയുമ്പോൾ ഞാൻ വായിക്കുകയായിരുന്നത് ’ എന്നും എഴുതിവെച്ചിരുന്നു.
പ്രോഗ്രസ്സ് പബ്ലിക്കേഷൻസ് മോസ്കോയുടെ ‘ പൊരുതിവീണവരുടെ കത്തുകൾ ’ ആയിരുന്നു ആ പുസ്തകം.1941നും 45നുമിടയ്ക്ക് നാസികളോട് പൊരുതിമരിച്ച സോവിയറ്റ് സ്ത്രീ പുരുഷന്മാരുടെ അവസാനത്തെ കത്തുകൾ ആയിരുന്നു അതിൽ.
അതിന്റെ പുറം ചട്ടയിൽ മേൽവിലാസവും ഉണ്ടായിരുന്നു.

ഞങ്ങൾക്ക് പരിചയമുള്ള സ്ഥലം, മറ്റ്പേരുകളൊക്കെ അപരിചിതമായിരുന്നെങ്കിലും. അവിടെയുണ്ടായിരുന്ന മിക്ക പുസ്തകങ്ങളിലും ഒരേ കയ്യക്ഷരം, ഒരേ മേൽവിലാസം.
എന്നിട്ടും വിപ്ലവപുസ്തകങ്ങളിൽ അധികമൊന്നും കണ്ടില്ല.
ഒരു വായനാഭ്രാന്തന്റെ ശേഷിപ്പുകൾ ചന്തയിൽ വില്ക്കാനുള്ളതാണോ എന്ന് വേദന തോന്നി.
‘ഒന്ന് അന്വേഷിച്ച് പോയി നോക്കിയാലോ’ എന്നു എന്റെ മനസ്സ് അവന്‍ വായിച്ചു.

വീടന്വേഷിച്ചുള്ള യാത്രയിൽ,വായന പരിമിതമായവരുടെ,എഡിറ്റ് ചെയ്യപ്പെട്ട അറിവ്‌ മാത്രമുള്ള ഞങ്ങൾ,ആദ്യമായി അത്തരത്തിലൊരു പുസ്തകം വായിച്ചു.
ദൈവത്തെക്കുറിച്ച് പറയുന്നവർ പോലും മരിച്ചുപോയ പോരാളികളെ പേടിക്കുന്നത് നന്നായി.പുരാണവും ചരിത്രവും പഠിപ്പിച്ചു തരുന്ന മെഗാസീരിയലുകളൊന്നും നാട്ടിലും
മറുനാട്ടിലുമുള്ള വിപ്ലവകാരികളുടെ ജീവിതം കാട്ടിത്തരാത്തതുകൊണ്ട് അവരൊരുവട്ടം മാത്രം മരിച്ചെന്ന് സമാധാനിക്കാം എന്നേയുള്ളൂ.

വീട് കണ്ടെത്താൻ ബുദ്ധിമുട്ടിയില്ല.
‘മാറാത്ത മേൽവിലാസങ്ങൾ ബാക്കിയുണ്ട്- ഭാഗ്യം തന്നെ.‘അവന്‍ പറഞ്ഞു.
‘ രാത്രിയായിപ്പോയല്ലോ കുട്ടികളേ’ എന്ന് വാതില്‍ തുറന്ന് തന്നുകൊണ്ട് അമ്മ.
വഴി പറഞ്ഞുതന്നവർ വിസ്തരിച്ചതിൽ നിന്ന് അവരുടെ മനസ്സിലെന്താണെന്ന് ഞങ്ങൾ ഊഹിച്ചു:“ഞങ്ങൾ വീട് വാങ്ങാന്‍ വന്നവരല്ലെന്ന് ” ആമുഖം പറഞ്ഞു.പുസ്തകത്തെക്കുറിച്ചും.
വില്ക്കാൻ കൊടുത്ത പുസ്തകങ്ങളിൽ അറിയാതെ പെട്ടുപോയതായിരുന്നു അത്.ആരെങ്കിലും വായിക്കണമെന്ന് ആഗ്രഹിക്കത്തക്കവിധത്തിൽ നാളത്തേക്കായിഅതിലൊന്നുമുണ്ടായിരുന്നില്ലേ എന്ന് ഖേദിച്ചു.

അമ്മയുടെ കണ്ണ്‌ നിറയുമെന്ന് കരുതിയെങ്കിലും ഉണ്ടായില്ല.ഞങ്ങൾ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരുന്നു.സംസാരിയ്ക്കുന്നതിൽ അമ്മയും സന്തോഷിച്ചു.
മകന്റെ പുതിയ ഫ്ലാറ്റിലേക്ക് താമസം മാറുന്നു.പോകാൻ അമ്മയ്ക്ക് മാത്രമേ അനുവാദം കിട്ടിയിട്ടുള്ളൂ, കൂടെ ചട്ടകൾ കീറാത്ത,പഴയതല്ലാത്ത, ചില പുസ്തകങ്ങൾക്കും.
ആ വീട് മുഴുവനും മാഷിന്റെ പുസ്തകങ്ങളായിരുന്നത്രേ.അത് ഞങ്ങൾക്കും മനസ്സിലായിരുന്നു.
പുറത്തെടുക്കാത്ത ഒരുപാട് ചെറിയ കൈപ്പുസ്തകങ്ങൾ,ലഘുലേഖകൾ ഒക്കെ വിപ്ലവാചാര്യന്മാരുടെ മുഖം കൊണ്ട് ചിരിക്കാതെ ചിരിച്ചു.
ഒഴിഞ്ഞതും ഒഴിയാത്തതുമായ അലമാരകൾ ,ഏറ്റെടുക്കാൻ ആളില്ലാത്ത അനാഥാലയം പോലെ.

പുസ്തകങ്ങൾ വില്ക്കുന്നതിൽ മാഷ് സങ്കടപ്പെടില്ലേ എന്ന് അന്വേഷിച്ചു.
പഴയതെല്ലാം ഉപേക്ഷിക്കാനും കത്തിച്ച് കളയാനും പറഞ്ഞത്രേ മകൻ.
അതിലും നല്ലതാണല്ലോ വില വാങ്ങാതെ വില്ക്കുന്നതെന്ന് മറുപടി.
അതിനിടെ അകത്തുപോയി ഒരു പഴയ കത്ത് വായിക്കാനായി എടുത്തുകൊണ്ടുവന്നു, നിവർത്തിത്തന്നെ സൂക്ഷിച്ച് വച്ചതുകൊണ്ട് അധികമൊന്നും പൊടിഞ്ഞിട്ടില്ലാത്തൊരെഴുത്ത്.

3.4.74എന്ന് തുടക്കം.
മറ്റൊരു അഭിസംബോധനയുമില്ലാതെ, സ്നേഹത്തിന്റെ ഒരു തുടർച്ചപോലെ,
‘നീ അമ്മയാകാൻ പോകുന്നു എന്ന് ഞാനറിയുമ്പോൾ വായിക്കുകയായിരുന്ന’ പുസ്തകത്തിലെ ചില വാചകങ്ങൾ..
 ’ഈ വായനയ്ക്കിടയിൽ കണ്ട മുഖങ്ങളിലെല്ലാം എനിക്ക് നിന്നെ, എന്നെ, നമ്മുടെ കുഞ്ഞിനെ കാണേണ്ടിവരുന്നു ‘എന്ന അവസാനത്തെ വരിയും.

’മകനേക്കാൾ മൂത്തവനാണ്‌ ഈ കത്ത്- അതുകൊണ്ടാകണം ഇപ്പോഴും കൂടെയുള്ളത്‘ എന്ന് അമ്മ.
അപ്പോഴേക്ക് കറന്റ് പോയി.
ഇൻവെർട്ടർ ഇല്ലേ എന്ന് ചോദിക്കാനാഞ്ഞ എന്നെ അവൻ തടഞ്ഞു.
ഇരുട്ടിനെ ഇൻവേർട്ട് ചെയ്താൽ പഴയ വെളിച്ചം തിരിച്ച് കിട്ടില്ല എന്ന് അമ്മ ഫലിതം പറഞ്ഞേക്കുമോ എന്നു ഭയന്നിട്ടുണ്ടാകണം.
പഴയ ഒരു ക്യാമ്പസിൽ ഷർമ്മിള ടാഗോറിനെപ്പോലൊരു പെൺകുട്ടി തന്നെകേൾക്കാനാഗ്രഹിച്ച കൂട്ടത്തോട് സംസാരിക്കുന്നത് പോലെ തോന്നി അവരെ കേള്‍ക്കുമ്പോള്‍ ഞങ്ങൾക്ക്.

അമ്മയ്ക്ക് എന്തായിരുന്നു വിപ്ലവമെന്ന് ചോദിച്ചു.
അതെന്റെ പ്രിയപ്പെട്ടവന്റെ തീവ്രപ്രണയമായിരുന്നെന്ന് മറുപടി.
ആ ഒറ്റവരിയിലെ പ്രകാശത്തിൽ പിന്നെ ഇരുട്ടറിഞ്ഞില്ല.

’എന്തെങ്കിലും കഴിക്കാൻ ഉണ്ടാക്കിത്തരാം‘ അമ്മ എഴുന്നേറ്റു.
വില്ക്കാൻ വച്ചിരിക്കുന്ന ആ വീട്ടിൽ പാത്രങ്ങളും കുറവാണെന്ന് അടുക്കളയിലെ ശബ്ദമില്ലായ്മയിൽ നിന്ന് മനസ്സിലായി.
കുറച്ചങ്ങനെ ആരും മിണ്ടാതെയിരുന്നു.

 അപ്പോഴേക്കും ലിയോനീദ് കുലീക് എന്ന ആമുഖത്തോടെ ഒരാൾ പുസ്തക അലമാരയിൽ നിന്ന് ഇറങ്ങി വന്നു;കൂടെ വീട്ടുടമസ്ഥനും.എന്നേക്കാൾ നൂറുവർഷങ്ങൾക്ക് മുന്നേ ജനിച്ച
കിഴവൻ എന്റെ മാതൃഭാഷയിൽ സംസാരിച്ചു തുടങ്ങി.പുസ്തകത്തിലെ ഒളിപ്പോരാളികളുടെ വീണ്ടെടുക്കപ്പെട്ട കത്തുകളിലൂടെ അയാൾ ഇതിനുമുൻപും സംസാരിച്ചിട്ടുണ്ട്.

യജമാനന്റെ പന്നികളോടൊപ്പം കഴിയേണ്ടിവന്ന ഒൻപതു വയസ്സുകാരി കറുത്ത കണ്ണുള്ള കൊച്ചുമീലയും അവര്‍ക്കൊപ്പം ഉണ്ടായിരുന്നു.
ഒരുനേരത്തെ ഉരുളക്കിഴങ്ങിനു വേണ്ടി പന്നികളോട് മല്ലിടേണ്ടിവന്ന അവളുടെ വിരലുകളത്രയും അവ കടിച്ച് മുറിച്ചിരുന്നു.
തലമുടി അരിശം കൊണ്ട് പിടിച്ച് പറിച്ച് പ്രൊഫസർ കുലീക് അവളുടെ വിരലുകളില്ലാത്ത കുഞ്ഞ് കൈത്തണ്ടയിൽ ഉമ്മവെച്ചു.
‘കണ്ടോ’ വീടിന്റെ ഉടമസ്ഥൻ,പുസ്തകങ്ങളില്‍ നിന്ന് പരിചയപ്പെട്ട് മരണപ്പെട്ടവരുടെ ലോകത്ത് കൂട്ടുകാരായവരെ ചൂണ്ടിപ്പറഞ്ഞു:
‘നിങ്ങൾക്ക് ഒന്നും തോന്നുന്നുണ്ടാവില്ല.എല്ലാ കാഴ്ചകളും ഒരുപോലെയാക്കുന്നവരാണല്ലോ ’

അതു ശരിയാണ്. അതുകൊണ്ടാണല്ലോ ഒരു നാടോടിക്കഥയിലെഴുതിയ പോലെ,ചരിത്രത്തേയും ഇന്നത്തെ വാർത്തകളേയും, ഒരേ നിസംഗതയോടെ കാണാൻ കഴിയുന്നത്.
ഒരു ഫ്രഞ്ച് കിസ്സിനിടയിൽ ഒളികണ്ണുകൊണ്ട് കാണാവുന്നതേയുള്ളൂ ഞങ്ങൾക്ക് ചാവേറാക്രമണത്തിൽ മരിച്ച നിരപരാധികളുടെ മൃതശരീരങ്ങള്‍;
താപം ക്രമീകരിക്കപ്പെട്ട മുറിയിലിരുന്ന് ഒരു റിമോര്‍ട്ട്കണ്ട്രോളുകൊണ്ട് മാറ്റിക്കളയാവുന്നതേയുള്ളൂ പ്രകൃതിദുരന്തത്തിൽ വീട് നഷ്ടപ്പെടുന്നവരുടെ പാലായനം.

വളരെക്കാലത്തിനുശേഷം സംസാരിക്കാൻ പുറത്തുനിന്നൊരാളെ കണ്ടതിന്റെ ആവേശത്തിലായിരുന്നു വീട്ടുടമസ്ഥൻ,
‘ചരിത്രത്തിലായാലും വർത്തമാനത്തിലായാലും മരിക്കപ്പെടുന്നവർ അതിർത്തികളില്ലാത്ത മണ്ണിലേക്കാണ്‌ മടങ്ങുന്നത്.’ അയാൾ കൊച്ചുമീലയുടെ മുടി കോതി.

‘ ഒരു കാഴ്ച നിങ്ങള്‍ക്കെന്താണ്? ‘ വീട്ടുടമസ്ഥന്റെ ചോദ്യം ഞങ്ങളോട്.
ഒരു റിയാലിറ്റി ഷോ കാണുമ്പോള്‍ ,ഞങ്ങളോര്‍ത്തു, അവരിലൊരാളായി മറ്റൊരാള്‍ക്ക് കാഴ്ചയാകണമെന്ന് ആഗ്രഹിച്ച് പോകുന്നു.
ആ പകിട്ടിലേക്ക് കയറിനില്‍ക്കുന്ന ഞങ്ങള്‍ക്ക് വേണ്ടി ഒരാള്‍ക്കൂട്ടം ആര്‍ത്തുവിളിക്കുന്നതാണ് അന്നേരങ്ങളിലെ ചിന്തകളത്രയും.
അഭിനയത്തിലൊഴിച്ച് കരയുന്നവരെ കാണുമ്പോള്‍ മനസ്സ് ചെടിക്കുന്നു.
വാര്‍ത്തകള്‍ കാണുമ്പോള്‍ ഇതൊക്കെയൊരു വാര്‍ത്തയാണോ എന്ന് മാത്രം തോന്നുന്നു,അടുത്ത മണിക്കൂറില്‍ ഇതൊരു വാര്‍ത്തയേ അല്ലാതാകുമല്ലോ എന്നും.

‘ നിങ്ങളെ പറഞ്ഞിട്ടും കാര്യമില്ല കുട്ടികളേ!‘പ്രൊഫസർ കുലീക് ഇടയിൽ കയറിപ്പറഞ്ഞു:
‘നിങ്ങൾക്ക് എല്ലാം കാഴ്ചയാണ്‌.കേൾവിയാണ്‌.ചിന്തിക്കാനല്ല- ചിന്തിക്കാതിരിക്കാൻ പറയുന്ന കാഴ്ചകളും കേൾവികളും.ഒരുവായനയുടെ ആയുസ്സ് പോലുമില്ലാത്തവ.’

‘ഞങ്ങളുടെയൊക്കെ കാലത്ത് ഒരോരുത്തരും കേൾവിക്കാരും സംസാരിക്കുന്നവരുമായിരുന്നു;
അതുകൊണ്ട് ഞങ്ങള്‍ക്ക് കേട്ടതു ഓർത്തു വയ്ക്കുകയും കണ്ടതിനെക്കുറിച്ച് ചിന്തിക്കുകയും ചെയ്യണമായിരുന്നു. '

‘അടയാളം പോലും സൂക്ഷിക്കാനാഗ്രഹിക്കാതെ ആളുകൾ പറഞ്ഞവസാനിപ്പിച്ച ഒരു നാടോടിക്കഥ കേൾക്കുകയാണ് ഇപ്പോഴെന്ന്’ അവനോട് ഞാൻ.
‘മൃതപ്രായത്തിലുള്ള ഒരുവന്‍ തന്റെ യൗവനത്തെക്കുറിച്ചോർത്ത് ആകുലപ്പെട്ടിട്ടെന്ത് കാര്യമെന്ന് ‘അവൻ.

‘മൃതപ്രായമോ ?’ വീട്ടുടമസ്ഥൻ ക്ഷോഭിച്ചു,
‘ ഇത് വിശ്വാസത്തിന്റെ മരണകാലമല്ല, പരിണാമത്തിന്റെ ഒരു ഘട്ടം മാത്രമാണ്‌.
തിരിച്ചറിയപ്പെടാത്തവരുടെ പോരാട്ടവീര്യത്തിലൂടെ, അശക്തന്റെ അതിജീവനത്തിലൂടെയുള്ള‍ പരിണാമം.’

'അടിസ്ഥാനപരമായി ശരിയാണെന്ന് നമുക്ക് ബോധ്യമുള്ള, മാനുഷികമൂല്യങ്ങളോട് അടുത്ത് നിൽക്കുന്ന, ചില പ്രത്യയശാസ്ത്രങ്ങളുണ്ട്! ഒരു കാലത്ത് മനുഷ്യകുലത്തിന് അഭിമാനവും ഊർജ്ജവുമായിരുന്ന ചിലത്. അങ്ങനെയുള്ള ചില നന്മകളിൽവിശ്വസിക്കുന്നുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചതിലൂടെ ആൾക്കൂട്ടത്തിന്റെ നായകന്മാരായവരുടെ രീതികളിലേക്ക് ആ പ്രത്യയശാസ്ത്രം തന്നെ വ്യാഖ്യാനിക്കപ്പെടുന്നിടത്താണ് ദുരന്തം ആരംഭിക്കുന്നത്.'

‘മനസ്സുകൊണ്ട് ഏറ്റവും ദുര്‍ബലനായവനിലായിരുന്നു ആദ്യം വിശ്വാസം ദൃഢമാകേണ്ടിയിരുന്നതെന്ന് ‘ അവിടെയിരുന്നയൊരാള്‍ പിറുപിറുത്തു.
അയാളുടെ പരന്നമുഖവും ഭംഗിയുള്ള മുഖരോമങ്ങളും പ്രായം കൂടാത്ത ജീവിതമാണ് മരണമെന്ന് പറയുന്നതായി തോന്നി.

‘അവന് വിപ്ലവവും തത്ത്വചിന്തയും സമാസമം വേണ്ടിയിരുന്നെന്ന്’ മനോഹരമായ പുരികങ്ങളുള്ള, മുടി നെറുകയില്‍ കെട്ടിയ യോഗിയുടെ മറുപടി.
‘ കൃത്യമായ ഇടവേളകളില്‍ സുഖത്തിന്റെ അളവു കൂട്ടിക്കൊടുത്ത് കൂട്ടിക്കൊടുത്ത് പ്രതികരിക്കാതിരിക്കാനുള്ള കാരണങ്ങള്‍ കണ്ടുപിടിക്കാന്‍ സമര്‍ത്ഥരായി തീര്‍ന്നവരെ,
ഏറ്റവും സൗമ്യമായി,ഏറ്റവും സത്യസന്ധമായി വിശ്വാസം പരിശീലിപ്പിക്കുക‘ എന്ന് ഖിന്നനായ കുരുവിയെപ്പോലെ ഒരാള്‍.

പ്രാവർത്തികമാക്കുന്നതിലെ അപ്രായോഗികത കൊണ്ട്,വിജയിച്ചെന്ന് അവസാനവാക്ക് പറയാൻ കഴിയാത്ത,ലോകത്തിലെ എക്കാലത്തേയും ഏറ്റവും നന്മകൾ നിറഞ്ഞ വിശ്വാസങ്ങളുടെ വക്താക്കൾ വീണ്ടുമേറെ സംസാരിച്ചു കൊണ്ടേയിരുന്നു.അവിടെ മുഖപരിചയം തോന്നിയ ആരും തന്നെ ക്ഷോഭിക്കുകയോ ആയുധങ്ങളെക്കുറിച്ച് പറയുകയോ ചെയ്തിരുന്നില്ല.
നന്മകളുടെ ആധിക്യം കൊണ്ടാകണം അതൊക്കെ മനസ്സിലാക്കാന്‍ ഞങ്ങള്‍ക്ക് ഏറേ സമയം വേണ്ടിവന്നു .

അതിനിടെ നെക്രാസൊവ് എന്ന കവിയുടെ ‘കൊയ്യാതിട്ടിരുന്ന പാടം ‘ പരുക്കൻ ശബ്ദത്തിൽ പ്രൊഫസ്സര്‍ കുലീക് ,കൊച്ചു മീലയ്ക്ക് വായിച്ച് കേൾപ്പിച്ചുകൊടുത്തു.
വർഷങ്ങൾ കഴിഞ്ഞിട്ടും വേദനമാറാത്ത അവളുടെ നീലക്കണ്ണുകൾ ഒരോകാലത്തും കാരണങ്ങളില്ല്ലാതെ കൊല്ലപ്പെട്ട കുഞ്ഞുങ്ങൾക്ക് വേണ്ടി കരഞ്ഞു...

‘ഇരുട്ടത്തിരുന്ന് മുഷിഞ്ഞോ കുട്ടികളേ ’ എന്ന് ചോദിച്ച് അമ്മ വരുന്നതുവരെ അവരിൽ പലരും വില്ക്കാൻ വച്ചിരിക്കുന്ന ആ വീടിനോടൊപ്പം,ഞങ്ങളുടെ ചിന്തകളെ വിചാരണ ചെയ്തുകൊണ്ടിരുന്നു.വീട്ടിലെ അവസാനത്തെ അതിഥികളേയും വയറുനിറച്ച് ഊട്ടിക്കൊണ്ടിരുന്ന അമ്മ ‘സാരമില്ല കുട്ടികളേ’ എന്ന് അപ്പോഴൊക്കെ ഞങ്ങളെ ആശ്വസിപ്പിച്ചു.

ഇരുട്ടെന്ന് ഞങ്ങൾക്ക് തോന്നിയിടത്ത് കേട്ട സംസാരം,ഇന്നും,ഞങ്ങളുടെ ഉള്ളിൽ അക്ഷരത്തെറ്റില്ലാതെ മുഴങ്ങുന്നുണ്ട്.


Saturday, January 1, 2011

(ആത്മ )വിശ്വാസം


കൊടുങ്കാറ്റ് സങ്കല്പിച്ച്
ഇലകൊഴിച്ച മരങ്ങളില്ല.

ഒരു മഹാപ്രളയമെന്ന് കേട്ട്
തകർന്നടിഞ്ഞ മലനിരകളില്ല.

ജേതാവായില്ല എന്നത് കൊണ്ട്
തോറ്റു പോയി എന്നുമില്ല.

നിശബ്ദരാക്കിയതുകൊണ്ട്
ശബ്ദം കേൾക്കാതെ പോകുന്നില്ല.

മുഖം തിരിച്ചതു കൊണ്ട്
ഒരു കാഴ്ചയും അതല്ലാതാവുന്നുമില്ല;
അവസാനിക്കുന്നുമില്ല.

വരികള്‍ക്കിടയിലൂടെ വായിച്ചത് കൊണ്ട്
കൈയ്യക്ഷരം മാറുന്നില്ല.

പിഴുത് മാറ്റാൻ ആഗ്രഹിച്ചത് കൊണ്ട്
വിശ്വാസത്തിന്റെ വേരുകള്‍ കരിഞ്ഞു പോകുന്നില്ല.