Wednesday, December 22, 2010

വ്രജഭൂമിയിലെ ദൈവം


നിയമങ്ങള്‍കൊണ്ട് നിശ്ചയിക്കപ്പെട്ട യുദ്ധത്തിലെ ആദ്യദിവസം, ശിബിരത്തിലേക്കുള്ള മടക്കയാത്രയില്‍, മനസ്സിലെ യുദ്ധം അവസാനിച്ചുവോ എന്നാലോചിക്കുകയായിരുന്നു.

പാര്‍ത്ഥനില്‍ വാക്കുകള്‍ ഊര്‍ജ്ജമായി നിറയ്ക്കുമ്പോള്‍ ഒരു സമസ്യയ്ക്ക് സ്വയം ഉത്തരം കണ്ടെത്തിയ ശാന്തിയില്‍ മനസ്സ് സ്നാനം ചെയ്യുന്നത് തിരിച്ചറിയുന്നുണ്ടായിരുന്നു.

ധര്‍മ്മം ഒരു കാലഘട്ടത്തിന്റെ മാത്രം ന്യായീകരണമാണോ എന്നതായിരുന്നു സമസ്യ- ഇന്നത്തെ ധര്‍മ്മം നാളെ എങ്ങനെ പ്രായോഗികം ആകും എന്നത്. ഒരു വാക്ക് കൊണ്ടുപോലും തടവിലാക്കാനുള്ളതല്ല പിറക്കാനിരിക്കുന്ന തലമുറയുടെ ചിന്ത എന്നിരിക്കെ... നാളത്തെ ധര്‍മ്മം എന്തായിരിക്കും?

ഏത് പടച്ചട്ടകൊണ്ട് പൊതിഞ്ഞ് സൂക്ഷിച്ചാലും, കാലത്തിന്റെ മര്‍മ്മഭേദിയായ അസ്ത്രങ്ങളില്‍ നിന്ന് ഒരു ജീവനും രക്ഷപ്പെടാന്‍ വയ്യെന്ന തിരിച്ചറിവുണ്ടായിരുന്നിട്ടും അതിനു തൊട്ടുമുന്നിലത്തെ നിമിഷം വരെ ആ ജീവനുവേണ്ടി പൊരുതി നോക്കാന്‍ തോന്നിപ്പിക്കുന്ന പ്രായോഗികത. കര്‍മ്മം ചെയ്യാനുള്ള സമയപരിധി. എന്നാല്‍ മരണമാണ് ജീവിതത്തിന്റെ അവസാനം എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. വിശ്വസിച്ചിരുന്നുവെങ്കില്‍ വിവശനായ പാര്‍ത്ഥനില്‍ വാക്കുകളുരച്ച് യുദ്ധാഗ്നി ജ്വലിപ്പിക്കില്ലായിരുന്നു.

പ്രപഞ്ചത്തിന്‍ നിന്നും വീതം കിട്ടിയ ഊര്‍ജ്ജം എങ്ങനെ, ആരിലേക്ക്, എന്തുകൊണ്ട് കൈമാറണം എന്ന തിരിച്ചറിവ് പങ്കിടാനുള്ള പ്രയാണം മാത്രമാണ് എനിക്കീ യുദ്ധം. ഇതെനിക്ക് ആരോടുമുള്ള മത്സരമല്ല, ആയിരുന്നുവെങ്കില്‍ എനിക്ക് തടയാന്‍ കഴിയുന്ന, എനിക്ക് മാത്രം ചെയ്ത് തീര്‍ക്കാവുന്ന, ഒന്നായേനേ യുദ്ധം. ദേഹത്തില്‍ ശ്വാസം നിലനില്‍ക്കുന്നതു വരെ എന്തിനെയെല്ലാം വെറുത്തു, വേദനിപ്പിച്ചു, എന്തെല്ലാം തട്ടിപ്പറിച്ചു, എന്തിനെല്ലാം വേണ്ടി മത്സരിച്ചു-  എന്ന തിരിച്ചറിവ്.

ജീവിതത്തെ നിഷേധിച്ച് മരണത്തെ കാത്തുകഴിയുന്ന മനുഷ്യനെയല്ല കാലത്തിനാവശ്യം. ഇത്രയും ഊര്‍ജ്ജം നമ്മിലുണ്ടെന്ന വിസ്മയകരമായ യാഥാര്‍ത്ഥ്യം അനുഭവിച്ചറിയുക. ഒരു മത്സരത്തിനപ്പുറം ആ ഊര്‍ജ്ജം ഏതെല്ലാം നന്മകള്‍ക്കായി വീതം വയ്ക്കാമായിരുന്നു എന്ന് കാലത്തിന് ആലോചിച്ചറിയാനുള്ള പരീക്ഷണത്തില്‍ സ്വയം ഹോമിയ്ക്കപ്പെടുക.

ഒരേസമയം ശക്തനും ദുര്‍ബലനുമാകാന്‍ കഴിയുന്നവന്റെ മനസ്സിന്റെ പ്രായോഗികതകള്‍.


രണഭുമിയുടെ മധ്യത്തിലേക്ക് പാര്‍ത്ഥന്റെ അപേക്ഷപ്രകാരം രഥമോടിക്കുമ്പോള്‍ പക്ഷേ മറ്റൊരു യുദ്ധഭൂമിയാ‍യിരുന്നു മനസ്സില്‍.

ഒരു വശത്ത് രാധയും മറുവശത്ത് മഥുരയും.
അവിടെ പ്രണയവും കടമകളും തമ്മിലായിരുന്നു യുദ്ധം.
അന്ന് രാധയായിരുന്നു മനസ്സിന്റെ തേരാളി.

‘നിന്നെക്കൂടാതെ ഞാനില്ല മഥുരയിലേക്ക്’
എന്നതായിരുന്നു അന്നത്തെ അപേക്ഷ.
‘ഇനി നിന്റെ മനസ്സിലുണ്ടായാല്‍ മതി ഞാന്‍.. അത്രമേല്‍ നിന്നെ പിരിയാന്‍ വയ്യാതായിരിക്കുന്നു കണ്ണാ..’ ദൈവത്തിന്റെ ദൈവം വാക്കുകളുടെ യമുനയായ് ഒഴുകി.

പതിനേഴ് തികയാത്ത കുമാരന് അവളെ മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നോ?
ഇരുപത്തിരണ്ടുകാരിക്ക് കിട്ടിയ മനസ്സ് അറുപത് കഴിഞ്ഞ വൃദ്ധയുടേതായിപ്പോയെന്ന് പറഞ്ഞ് കലഹിച്ചിട്ടുണ്ട് പലപ്പോഴും.
ഇപ്പോള്‍ തോന്നുന്നു- അവളായിരുന്നു ശരിയെന്ന്.

വര്‍ഷങ്ങള്‍ക്കപ്പുറത്ത് നിന്ന്
വരാനിരിക്കുന്ന എതോ കാലത്തേക്ക്
ഒഴുകി നിറയുന്ന ഗുരു ചൈതന്യം.

പ്രദ്യുമ്നന്റെ മുഖം ആദ്യം കാണിച്ച് ‘അച്ഛന്റെയുണ്ണിയെന്ന്‘ വൈദര്‍ഭി സ്നേഹം പറഞ്ഞപ്പോള്‍ രാധയെ ഓര്‍ത്തു:
അനിയോജ്യമായ ഒരു അണ്ഡം തേടിയുള്ള ചുറുചുറുക്കുള്ള ബീജത്തിന്റെ യാത്രയാണെന്ന് പ്രണയമെന്ന് അവള്‍ വിശ്വസിച്ചിരുന്നെങ്കില്‍, ആഗ്രഹിച്ചിരുന്നെങ്കില്‍ പിന്നെ അവള്‍ മാത്രമേ ഉണ്ടാകുമായിരുന്നുള്ളൂ അന്ത:പ്പുരത്തിലെന്ന്.

പ്രകടനങ്ങളും അലങ്കാരങ്ങളും ഇല്ലാതിരുന്നതുകൊണ്ട് ബര്‍സാനയില്‍ നിന്ന് വന്ന ആ പെണ്‍കുട്ടി ആദ്യമാദ്യം കൗതുകമായിരുന്നു. ആള്‍ക്കൂട്ടത്തിനിടയില്‍ സംസാരിക്കാനേ മറന്നുപോകാറുള്ള സുന്ദരി. പതുക്കെ പതുക്കെ കുസൃതികളിലൂടെ അവളുടെ അടുത്ത കൂട്ടുകാരനായി.

എന്തും സംസാരിക്കാമെന്നായി.
സംസാരം അവസാനിപ്പിക്കാനേ തോന്നാതയായി.
എപ്പോഴും കാണണമെന്നായി.
കൂടെയിരിക്കണമെന്നായി.
പിരിയാനേ വയ്യെന്നായി.

അവള്‍ പറയാറുണ്ട്:
സ്നേഹത്തിലേക്ക് എടുത്തു ചാടാതെ
പതുക്കെ പതുക്കെ ഇറങ്ങിച്ചെല്ലെണം..
ആദ്യം കാൽ നഖങ്ങൾ നനഞ്ഞ്..
പിന്നെ ഉടലതിന്റെ നനവറിഞ്ഞ്
മുഖമണച്ച്
മൂർദ്ധാവ് വരെ അങ്ങനെ..അങ്ങനെ..
പിന്നീടൊരിയ്ക്കലും കരയ്ക്കണയാൻ
തോന്നാതെ..
സ്നേഹത്തിലേക്ക്
പതുക്കെ പതുക്കെ ഇറങ്ങിച്ചെല്ലെണം..........

സ്നേഹക്കൂടുതല്‍ കൊണ്ട് ശ്വാസം മുട്ടിക്കുകയായിരുന്നു അന്ന് വ്രജത്തിലെ ഒരോരുത്തരും. അവരില്‍ പലരും രാധയെക്കുറിച്ച് പല കഥകള്‍ പറഞ്ഞ് നടന്നു. അത് കേള്‍ക്കുമ്പോള്‍ സന്തോഷിച്ചു- അവളെന്റേത് മാത്രമാവുകയാണെന്ന്.

നിന്നേക്കാള്‍ പ്രിയപ്പെട്ടതായി ഒന്നുമില്ലെനിക്കെന്ന് പറഞ്ഞപ്പോഴൊക്കെ പക്ഷേ അവള്‍ ശകാരിക്കുകയായിരുന്നു: ‘ഭക്ഷണവും ഇണയും മാത്രമാണ് ജീവിതമെങ്കില്‍ പിന്നെ മൃഗമായി ജനിച്ചാല്‍ മതിയായിരുന്നില്ലേ ‘എന്ന് ചുണ്ടുകള്‍ വിറച്ചു.

അവളുടെ മാത്രം സ്വകാര്യതയില്‍ അച്ചടക്കമുള്ള കുട്ടിയായി.
തപസ്സുപോലെ ശാന്തമായി അന്നേരങ്ങളിലെ പ്രണയം.
കൗമാരക്കാരന്റെ മനസ്സില്‍ അടക്കമില്ലാതെ പത്തി നീട്ടിയ കുസൃതികള്‍ മീതേ ജ്ഞാനം കൊണ്ട് നൃത്തം ചവുട്ടി അവളുടെ വാക്കുകള്‍.

വ്രജഭൂമിക്കപ്പുറം കണ്ടിട്ടില്ലാത്ത ആ പെണ്‍കുട്ടിയില്‍ കാലങ്ങളോളം ലോകം ചുറ്റിയ ഋഷിയുടെ ജിജ്ഞാ‍സയായിരുന്നു. അത്രമേല്‍ ദൃഢമായിരുന്നു അവളുടെ ചിന്തകള്‍, പൂര്‍ണ്ണവും. എങ്ങനെയെന്ന് വിസ്മയിച്ചു പോകാറുണ്ട് ഇപ്പോഴും.

‘രാധയിലെ കാമുകിയെ മാത്രമല്ലേ ലോകമറിയുന്നുള്ളൂ‘ എന്ന് സങ്കടപ്പെടുമ്പോഴൊക്കെ അതില്‍പ്പരം എന്ത് വേണമെന്ന് ആശ്ചര്യപ്പെടുന്നവള്‍. കണ്ണിലെന്നും നനവുള്ള, എന്നോട് മാത്രം ചിരിക്കുന്ന, എന്റെ പെണ്ണ്.

ദേഹങ്ങള്‍ക്കിടയില്‍ വിയര്‍പ്പ് യമുനപോലെ ഒഴുകുന്നതറിയെ കണ്ണുകള്‍ ഏറെനേരം  തുറക്കാതെ കിടന്നവളോട് ‘എന്തേ’ എന്ന് ചോദിച്ചപ്പോള്
‍‘മനസ്സ് കൊണ്ട് നിന്നെയറിഞ്ഞ് ശീലിക്കുകയാണെന്ന്‘ മറുപടി:
അകലങ്ങളില്‍ ജീവിച്ച് പരസ്പരം അളന്നറിയണമെന്ന നിയോഗം പരിശീലിച്ച് നോക്കുകയാണെന്ന്.

‘എങ്ങനെയാണ് നിനക്കതിനു കഴിയുക ‘എന്നതിന്
‘കഴിയില്ലെന്നുറപ്പിച്ച കാര്യങ്ങളല്ലേ ചെയ്ത് നോക്കേണ്ടെ‘ന്ന് പറഞ്ഞ് ചിരിച്ചു.

പിന്നെ തത്ത്വം പറഞ്ഞു:
'ചിലര്‍ പുഴപോലെയാണ്
ചിലര്‍ തീരം പോലെയും.
തീരം നിശ്ചലമായിരിക്കുന്നതുകൊണ്ടല്ലേ
പുഴയുടെ ചലനമറിയാനാകുന്നത്.'

ഇന്നും ഒരു പുഴയായ് ഒഴുകുകയാണ്.
ഉറവിടത്തില്‍ ഇപ്പൊഴും ഒരു തീരം പ്രാര്‍ത്ഥനകളോടെ യാത്രാനുമതി തരുന്നുണ്ടെന്ന ഉറപ്പില്‍. കൂടുതല്‍ ദൂരമൊഴുകാനുള്ള അനുഗ്രഹവും ഉണ്ടതിലെന്ന വിശ്വാസത്തില്‍.

ബര്‍സാനയില്‍ നിന്നു വന്ന കാമുകി, തന്നിലേക്ക് ഒഴുകി വരുന്ന ഒരോ നിയോഗങ്ങളും നീന്തിക്കടക്കാനുള്ള പാഠങ്ങള്‍ ഇന്നും പറഞ്ഞ് തരുന്നുണ്ട്.

‘പ്രണയം’ ഒരിയ്ക്കല്‍ അവള്‍ പറഞ്ഞിട്ടുണ്ട് 
‘ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരാളോടാണ് തോന്നേണ്ടതെന്ന്'.
നിര്‍ണ്ണായക നിമിഷത്തില്‍ - യുദ്ധത്തിലായാലും പാലായനത്തിലായാലും- ഇന്നും മനസ്സിലേക്ക് വരുന്ന മുഖം അവളുടേതാണ്.  ഒരു തീരുമാനമെടുക്കുന്നതിനു തൊട്ടുമുൻപിലത്തെ നിമിഷം ഓര്‍ത്തു പോകുന്ന മുഖം.

സാധാരണക്കാരിയായ ആ പെണ്‍കുട്ടിയുടെ അസാധാരണമായ ചിന്തകളായിരുന്നു ആദ്യത്തെ ഗുരുകുലമെന്ന് തോന്നും. ഉത്സവങ്ങളും കുസൃതികളും പ്രിയപ്പെട്ടതാകുമ്പോഴും തനിക്ക് ചെയ്യാന്‍ മറ്റെന്തൊക്കെയോ ഉണ്ടെന്ന് തോന്നിത്തുടങ്ങിയത് അവളില്‍ നിന്നാണ്. അവള്‍ എന്നെക്കുറിച്ച് വിസ്മയിക്കുമ്പോഴൊക്കെ ഞാനിങ്ങനെയായിരുന്നോ എന്നായിരുന്നു
അത്ഭുതം. കൂടെയുള്ളവര്‍ക്ക് പ്രതീക്ഷിക്കാന്‍ നല്ലതെന്തോ തന്നിലുണ്ടെന്ന ആത്മവിശ്വാസം. അത് സഫലമാക്കാനുള്ള ഊര്‍ജ്ജകേന്ദ്രമാകാന്‍ കഴിയുമെന്ന വിശ്വാസം.

അവളോടാണ് ഇന്നുമെന്റെ പ്രണയം.
എന്റെ ജീവിതമാണ് എന്നിലെ എന്നെ കാണിച്ചു തന്നവള്‍ക്കുള്ള ദക്ഷിണ.

യുദ്ധമുപേക്ഷിച്ച് ഗാണ്ഡീവം വലിച്ചെറിഞ്ഞ് കരയാന്‍ തുടങ്ങിയ യോദ്ധാവിനെ വാക്കുകള്‍ കൊണ്ട് വീണ്ടെടുക്കുമ്പോഴും അവളുണ്ടായിരുന്നു മനസ്സില്‍. പ്രപഞ്ചത്തെക്കുറിച്ച്, ധര്‍മ്മാധര്‍മ്മങ്ങളെക്കുറിച്ച്, പ്രായോഗികതയെക്കുറിച്ച് വാക്കുകള്‍
പ്രവഹിക്കുമ്പോള്‍ അതിലെ ഒരോ അക്ഷരങ്ങളുടേയും ഉറവിടം അവള്‍ തന്നെയായിരുന്നില്ലേ?ശിബിരത്തിലേക്കു മടങ്ങുമ്പോള്‍ എന്റെ വാക്കുകള്‍ മനസ്സില്‍ ആവര്‍ത്തിക്കുന്ന പാര്‍ത്ഥന്‍ നിശബ്ദനായിരുന്നു. സംശയങ്ങളുടെയും ആശങ്കകളുടെയും മൗനമല്ല അതെന്ന് എനിക്കറിയാം. കാലത്തിന്റെ നന്മയ്ക്ക് വേണ്ടി സ്വയം ഹോമിക്കാന്‍ തയ്യാറായവന്റെ ആത്മവിശ്വാസമാണത്.

ഇത് പരീക്ഷണത്തിന്റെ ആദ്യദിവസം.
 ജീര്‍ണ്ണവസ്ത്രമുപേക്ഷിച്ച് പുതിയവസ്ത്രം ധരിച്ച പല ജീവന്റേയും ആദ്യത്തെ രാത്രി. കര്‍മ്മം കൊണ്ട് ജ്വലിപ്പിക്കേണ്ട ഒരു പകലിലേക്കുള്ള പ്രയാണത്തിന്റെ തയ്യാറെടുപ്പ്..

 കാതോര്‍ത്താല്‍ വ്രജഭൂമിയില്‍ നിന്ന് ദൈവം പ്രാര്‍ത്ഥിക്കുന്നത് കേള്‍ക്കാം.

27 comments:

 1. നന്നായിട്ടുണ്ട്....
  പ്രദ്യുമ്നന്റെ മുഖം ആദ്യം കാണിച്ച് ‘ അച്ഛന്റെയുണ്ണിയെന്ന് ‘ വൈദര്‍ഭി സ്നേഹം പറഞ്ഞപ്പോള്‍ രാധയെ ഓര്‍ത്തു:
  അനിയോജ്യമായ ഒരു അണ്ഡം തേടിയുള്ള ചുറുചുറുക്കുള്ള ബീജത്തിന്റെ യാത്രയാണെന്ന്
  പ്രണയമെന്ന് അവള്‍ വിശ്വസിച്ചിരുന്നെങ്കില്‍ , ആഗ്രഹിച്ചിരുന്നെങ്കില്‍ പിന്നെ അവള്‍ മാത്രമേ
  ഉണ്ടാകുമായിരുന്നുള്ളൂ അന്ത:പ്പുരത്തിലെന്ന്. ജീവിതത്തെ നിഷേധിച്ച് മരണത്തെ കാത്തുകഴിയുന്ന മനുഷ്യനെയല്ല കാലത്തിനാവശ്യം. ഇത്രയും ഊര്‍ജ്ജം നമ്മിലുണ്ടെന്ന വിസ്മയകരമായ യാഥാര്‍ത്ഥ്യം അനുഭവിച്ചറിയുക.
  ഒരു മത്സരത്തിനപ്പുറം ആ ഊര്‍ജ്ജം ഏതെല്ലാം നന്മകള്‍ക്കായി വീതം വയ്ക്കാമായിരുന്നു എന്ന്
  കാലത്തിന് ആലോചിച്ചറിയാനുള്ള പരീക്ഷണത്തില്‍ സ്വയം ഹോമിയ്ക്കപ്പെടുക.

  ഒരേസമയം ശക്തനും ദുര്‍ബലനുമാകാന്‍ കഴിയുന്നവന്റെ മനസ്സിന്റെ പ്രായോഗികതകള്‍.

  ഈ വരികളാണെനിക്കേറ്റവും ഇഷ്ടമായത്.. അർജുനന്റെ കാര്യം മുഴ്ഹുവനും മനസ്സിലായില്ലാട്ടോ

  ReplyDelete
 2. ഒരു കഥക്കുള്ളിലേക്ക് ..കയറി ....പുറത്തിറങ്ങിയത് ..മറ്റേതോ വാതിലിലൂടെ എന്ന് തോന്നി .പുതിയ ആഖ്യാന തലങ്ങളിലൂടെയുള്ള യാത്രക്കാരിക്ക്‌ ..ഭാവുകങ്ങള്‍ നേരുന്നു ! പുരാണങ്ങളിലും ഇതിഹാസങ്ങളിലും .മറ്റുമുള്ള ..അറിവിന്റെ കുറവ് കാരണം ..ചിലതൊക്കെ മനസിലായില്ല ..


  "ധര്‍മ്മം ഒരു കാലഘട്ടത്തിന്റെ മാത്രം ന്യായീകരണമാണോ എന്നതായിരുന്നു സമസ്യ-
  ഇന്നത്തെ ധര്‍മ്മം നാളെ എങ്ങനെ പ്രായോഗികം ആകും എന്നത്, ഒരു വാക്ക് കൊണ്ടുപോലും
  തടവിലാക്കാനുള്ളതല്ല പിറക്കാനിരിക്കുന്ന തലമുറയുടെ ചിന്ത എന്നിരിക്കെ...
  നാളത്തെ ധര്‍മ്മം എന്തായിരിക്കും?


  ഏത് പടച്ചട്ടകൊണ്ട് പൊതിഞ്ഞ് സൂക്ഷിച്ചാലും, കാലത്തിന്റെ മര്‍മ്മഭേദിയായ അസ്ത്രങ്ങളില്‍
  നിന്ന് ഒരു ജീവനും രക്ഷപ്പെടാന്‍ വയ്യെന്ന തിരിച്ചറിവുണ്ടായിരുന്നിട്ടും അതിനു തൊട്ടുമുന്നിലത്തെ നിമിഷം വരെ ആ ജീവനുവേണ്ടി പൊരുതി നോക്കാന്‍ തോന്നിപ്പിക്കുന്ന പ്രായോഗികത. കര്‍മ്മം ചെയ്യാനുള്ള സമയപരിധി.


  പ്രപഞ്ചത്തിന്‍ നിന്നും വീതം കിട്ടിയ ഊര്‍ജ്ജം എങ്ങനെ, ആരിലേക്ക്, എന്തുകൊണ്ട് കൈമാറണം എന്ന തിരിച്ചറിവ് പങ്കിടാനുള്ള പ്രയാണം മാത്രമാണ് എനിക്കീ യുദ്ധം. "

  ഇതൊക്കെ ഇഷ്ടമായ വരികള്‍ ....
  അഭിനന്ദനങ്ങള്‍ ...ലിഡിയ ..

  ReplyDelete
 3. വളരെ നന്നയിര്രിക്കുന്നു:)
  കൃഷ്ണനെ കുറ്റം പറയുന്ന ഒരു രാധയെയോ രാധാമാരെയോ ആണ് ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളത്.
  എന്നാല്‍ ആദ്യമായി രാധയെ ബഹുമാനിക്കുന്ന,സുഹൃത്തും,ഉപദേഷ്ടാവും,മാര്‍ഗ്ഗ ദര്ഷിയുമായി കാണുന്ന ഒരു കൃഷ്ണനെ ഈ കഥയില്‍ കണ്ടു.സന്തോഷമുണ്ട്.ഒരു കൃഷ്ണന്‍ എങ്കിലും രാധ ഒരു ശരീരം മാത്രമല്ല എന്ന് തിരിച്ചരിയുന്നുണ്ടല്ലോ.!
  അവസാന ഭാഗത്ത്‌ സിബിരത്തിലേക്ക് മടങ്ങുമ്പോള്‍ 'തന്റെ വാക്കുകള്‍'എന്നിടത് 'എന്റെ വാക്കുകള്‍'
  എന്നതല്ലേ കൂടുതല്‍ യോജിക്കുക ?ചിന്തകള്‍ കൃഷ്ണന്റെതല്ലേ ?

  ReplyDelete
 4. നന്ദി അഞ്ജു. അര്‍ജ്ജുനന്‍ ഒരു സാന്നിദ്ധ്യം മാത്രമായി കണ്ടുനോക്കൂ..
  അബ്ബാസിക്ക: നന്ദി..
  മായ: വളരെ നന്ദി..എന്തായിരുന്നോ എന്റെ മനസ്സില്‍ ഇതെഴുതുമ്പോള്‍ അത് തിരിച്ചറിഞ്ഞതിന്..

  ReplyDelete
 5. ദൈവവും പ്രാര്‍ത്ഥിക്കുന്നു . ദൈവം ആരാണെന്നു ദൈവത്തിനു കാണിച്ചു കൊടുത്തതും അവള്‍ . അതിനുള്ള ദക്ഷിണയായി ദൈവം കൊടുക്കുന്നത് തന്റെ ജീവിതം തെന്നെയും . മനസിലാകുന്നുണ്ട് . പക്ഷെ മറ്റൊരു വശത്ത് ധര്‍മം എന്താണെന്നു മാത്രം എത്ര ശ്രമിച്ചിട്ടും അറിയാന്‍ പറ്റുന്നില്ല . ' ധര്‍മോ രക്ഷതി രക്ഷിത ' . ഏതു ധര്‍മത്തെയാണ് നമ്മള്‍ സംരക്ഷിക്കേണ്ടത് ? അല്ലെങ്കില്‍ എന്താണ് അധര്‍മം ? ചിന്തകളെ മാറ്റി മറിക്കുന്ന വാക്കുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു

  ReplyDelete
 6. ദൈവത്തിന്റെ പ്രണയം വായിച്ച അമ്പരപ്പ്‌..എന്നാലതിനുപരിയൊരു ആശയം പങ്ക്‌ വയ്ക്കുന്നതിൽ ലിഡിയ ശ്രദ്ധിച്ചെന്ന്‌ പറയാതെ വയ്യ..അതാണീ പുനരാഖ്യാനത്തിന്റെ സവിശേഷതയും..

  "പ്രപഞ്ചത്തിൻ നിന്നും വീതം കിട്ടിയ ഊർജ്ജം എങ്ങനെ, ആരിലേക്ക്‌, എന്തുകൊണ്ട്‌ കൈമാറണം എന്ന തിരിച്ചറിവ്‌ പങ്കിടാനുള്ള പ്രയാണം മാത്രമാണ്‌ എനിക്കീ യുദ്ധം.

  ജീവിതത്തെ നിഷേധിച്ച്‌ മരണത്തെ കാത്തുകഴിയുന്ന മനുഷ്യനെയല്ല കാലത്തിനാവശ്യം. ഇത്രയും ഊർജ്ജം നമ്മിലുണ്ടെന്ന വിസ്മയകരമായ യാഥാർത്ഥ്യം അനുഭവിച്ചറിയുക. ഒരു മത്സരത്തിനപ്പുറം ആ ഊർജ്ജം ഏതെല്ലാം നന്മകൾക്കായി വീതം വയ്ക്കാമായിരുന്നു എന്ന്‌
  കാലത്തിന്‌ ആലോചിച്ചറിയാനുള്ള പരീക്ഷണത്തിൽ സ്വയം ഹോമിയ്ക്കപ്പെടുക. "

  നല്ലൊരു വായനാനുഭവത്തിനു നന്ദിയും ആശംസകളും..

  ReplyDelete
 7. എത്ര ആകര്‍ഷകമായി എഴുതിയിരിക്കുന്നു. ഒരുപാട് ഇഷ്ടമായി.

  ReplyDelete
 8. പാർത്ഥസാരഥി പാർഥനു പകർന്ന ഊർജ്ജം രാധയിൽ നിന്ന് ഊറിയതാണെന്നതും രാധയിൽ നിന്ന് മഥുരയിലേക്കുള്ള യാത്രക്ക് ത്രാണിയുണ്ടാക്കിയ രാധോപദേശമാണ് കുരുക്ഷേത്രഭൂമിൽ ഗീതോപദേശമായതെന്നും.. കരിക്കട്ടയെ ശ്യാമകൃഷ്ണനാക്കുന്ന മന്ത്രം .. ഗംഭീരഭാഷയിൽ, കോളുകൊണ്ട വാക്കിൻ നീലക്കടലുപോലെ.. അഭിനന്ദനം, ലിഡിയാ!

  ReplyDelete
 9. കൃഷ്ണനു തികഞ്ഞ മനുഷ്യത്വം
  ശ്യാമവര്‍ണനെ നീ വെളുപ്പിച്ചുകളഞ്ഞല്ലോ ലിഡിയ. ;)

  ReplyDelete
 10. Orupaadu kalathinusesham orukadha vayichathinte sukham. "Prnayam jeevikan prerippikunna oralodanu vendathu" Puthiya nirvachanathinu aayiram nannni. Sarikum ishtappettu.

  ReplyDelete
 11. നന്നായി എഴുതി ഫലിപ്പിച്ചിരിക്കുന്നു ..പുതിയ ഒരു മുഖം ......യാരും സഞ്ചരികാത്ത പാതയിലുള്ള സഞ്ചാരം
  അത് കൊണ്ട് തന്നെ മറ്റുള്ളവരില്‍ നിന്ന് വേറിട്ട്‌ നിക്കുന്നു

  ReplyDelete
 12. യുദ്ധഭൂമിപോലെ ചിതറിയ ക്യാന്‌വാസ്...
  നല്ല ശ്രമം!!!

  ReplyDelete
 13. പുരാണവും ലിഡിയയും വീണ്ടും ചേരുന്നു..

  കൃഷ്ണന്റേതെന്ന് ലോകമറിയുന്നവയെല്ലാം രാധയുടെ സംഭാവന തന്നെ...

  നന്നായി എഴുതി.

  ReplyDelete
 14. സംഘര്‍ഷം നിറഞ്ഞ അര്‍ജുനന് പകരം കൃഷ്ണന്റെ സംഘര്‍ഷ പൂര്‍ണമായ മനസ്സിനെ ആദ്യമായ് ഒരു കഥയില്‍ കണ്ടപ്പോള്‍ ഒരു ഒരു താല്പര്യം തോന്നി. കൃഷ്നോപദേശം രാധയുടെതായി മാറുകയും ചെയ്യുന്നതും രസകരമായ ഒരു ആഖ്യാനം.

  ധര്‍മ്മം ഒരു കാലഘട്ടത്തിന്റെ മാത്രം ന്യായീകരണമാണോ എന്നതായിരുന്നു സമസ്യ-
  ഇന്നത്തെ ധര്‍മ്മം നാളെ എങ്ങനെ പ്രായോഗികം ആകും എന്നത്, ഒരു വാക്ക് കൊണ്ടുപോലും
  തടവിലാക്കാനുള്ളതല്ല പിറക്കാനിരിക്കുന്ന തലമുറയുടെ ചിന്ത എന്നിരിക്കെ...
  നാളത്തെ ധര്‍മ്മം എന്തായിരിക്കും?

  ആയിരം വാക്കിനാല്‍ തടവിലാക്കപ്പെട്ട തലമുറയില്‍ ആണ് ഇന്ന് നാം ജീവിക്കുന്നത്. ഈ തടവ്‌ തന്നെ ആണ് ഇന്നിന്റെ ശാപവും. ഈ ശാപത്തില്‍ നിന്നു മുക്തി നേടാന്‍ പിറന്നതും പിറക്കനിരിക്കുന്നതുമായ തലമുറയെ ഭൂരിഭാഗം വ്യക്തികളും സഹായിക്കുന്നില്ല എന്നത് വളരെ ഖേദപൂര്‍വ്വം കാണേണ്ട ഒന്ന് തന്നെ. കഴിഞ്ഞ കാല ധര്‍മ്മങ്ങള്‍ അധര്‍മികളെ വളര്‍ത്തി വലുതാക്കിയിരിക്കുന്നു എന്ന് ഇന്നിനെ കാണുമ്പോള്‍ സമ്മതിക്കേണ്ടി വരുന്ന ഒരു ജീര്‍ണിച്ച അവസ്ഥയില്‍ നമ്മള്‍ ജീവിക്കുന്നു. നാളെയുടെ ധര്‍മം തികച്ചും പൂര്‍ണ സ്വതന്ത്രനാകുവാനുള്ള മനുഷ്യന്റെ ഇച്ചാശക്തി ഈ ജീര്‍ണതയില്‍ നിന്നു വളര്‍ന്നു വരും.


  പ്രപഞ്ചത്തിന്‍ നിന്നും വീതം കിട്ടിയ ഊര്‍ജ്ജം എങ്ങനെ, ആരിലേക്ക്, എന്തുകൊണ്ട് കൈമാറണം എന്ന തിരിച്ചറിവ് പങ്കിടാനുള്ള പ്രയാണം മാത്രമാണ് എനിക്കീ യുദ്ധം.

  ഈ ഭാഗം എനിക്ക് ലിഡിയ ഉദ്ദേശിച്ചത് എന്താണെന്ന് മനസ്സിലായില്ല.. ഇവിടെ മരണം പ്രാപിക്കാന്‍ തയ്യാറാവുന്ന കൃഷ്ണനാണോ അതോ പുതിയ അറിവ് പകര്‍ന്നു നല്‍കാന്‍ തന്നില്‍ തന്നെ നടത്തുന്ന യുദ്ധമോ?

  ReplyDelete
 15. സുഗന്ധി ചേച്ചീ:
  കൃഷ്ണനെ മോള്‍ഡ് ചെയ്യുന്നതില്‍ രാധയ്ക്ക് പങ്കു ണ്ടായിരുന്നു എന്നാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്. ഒരു കളിക്കുട്ടിയെ അമാനുഷികനായി വളര്‍ത്തിയതെന്തേ എന്നായിരുന്നു ഞാനാലോചിച്ചത്..

  രഞ്ജിത്ത്ജി:
  ശ്രമം ചിതറിപ്പോയതുപോലെ തോന്നിയോ?

  ഡ്രീംസ്:
  നന്ദി.

  വിജയാനന്ദന്ജി‍:
  ബ്ലോഗിലേക്ക് സ്വാഗതം, വായനയ്ക്ക് അഭിപ്രായങ്ങള്‍ക്ക് നന്ദി.

  ലേഖ ചേച്ചീ:
  ഒരു മനുഷ്യനായവന്‍ ദൈവമാകുന്നതിലെ വിസ്മയങ്ങള്‍

  ശ്രീമാഷേ:
  അവന്‍ തന്നെ എന്റെ കരിക്കട്ടയും അതുകൊണ്ടുള്ള ചുവരെഴുത്തുകളും ഏഴുവര്‍ണ്ണങ്ങളും പഞ്ചഭൂതവും.

  സ്മി ചേച്ചീ
  നന്ദി.

  സുചാന്ദ്:
  പ്രപഞ്ചത്തിലെ ഊര്‍ജ്ജത്തെക്കുറിച്ച് തന്നെ ഞാനും ചിന്തിക്കുന്നത്- ചിലരില്‍ കുറഞ്ഞും ചിലരില്‍ കൂടിയും...

  ശരത്:
  ബ്ലോഗിലേക്ക് സ്വാഗതം.
  ഒരോ കാലത്തിലേയും പ്രായോഗികമാവുന്ന പ്രവര്‍ത്തിയാണ് കര്‍മ്മവും ധര്‍മ്മവും എന്ന് എനിക്ക് തോന്നുന്നു. നമ്മിലുള്ള ഊര്‍ജ്ജം സംഹാരത്തിന്- ചിന്തകളുടെതായാലും പ്രവര്‍ത്തനത്തിലേതായാലും ബന്ധങ്ങളിലേതായാലും - ഉപയോഗിക്കാതിരിക്കുക എന്നതാണ് ഏറ്റവും പ്രായോഗികത എന്ന് തോന്നുന്നു. ആ പ്രായോഗികതയുടെ അപ്ലീക്കേഷനാണ് കര്‍മ്മം. അതു തന്നെയാണ് ധര്‍മ്മം.അങ്ങനെയാണെന്ന് തോന്നിയിട്ടില്ലേ? :-)

  ReplyDelete
 16. സംഘര്‍ഷം നിറഞ്ഞ അര്‍ജുനന് പകരം കൃഷ്ണന്റെ സംഘര്‍ഷ പൂര്‍ണമായ മനസ്സിനെ ആദ്യമായ് ഒരു കഥയില്‍ കണ്ടപ്പോള്‍ ഒരു ഒരു താല്പര്യം തോന്നി. കൃഷ്നോപദേശം രാധയുടെതായി മാറുകയും ചെയ്യുന്നതും രസകരമായ ഒരു ആഖ്യാനം.

  ധര്‍മ്മം ഒരു കാലഘട്ടത്തിന്റെ മാത്രം ന്യായീകരണമാണോ എന്നതായിരുന്നു സമസ്യ-
  ഇന്നത്തെ ധര്‍മ്മം നാളെ എങ്ങനെ പ്രായോഗികം ആകും എന്നത്, ഒരു വാക്ക് കൊണ്ടുപോലും
  തടവിലാക്കാനുള്ളതല്ല പിറക്കാനിരിക്കുന്ന തലമുറയുടെ ചിന്ത എന്നിരിക്കെ...
  നാളത്തെ ധര്‍മ്മം എന്തായിരിക്കും?

  ആയിരം വാക്കിനാല്‍ തടവിലാക്കപ്പെട്ട തലമുറയില്‍ ആണ് ഇന്ന് നാം ജീവിക്കുന്നത്. ഈ തടവ്‌ തന്നെ ആണ് ഇന്നിന്റെ ശാപവും. ഈ ശാപത്തില്‍ നിന്നു മുക്തി നേടാന്‍ പിറന്നതും പിറക്കനിരിക്കുന്നതുമായ തലമുറയെ ഭൂരിഭാഗം വ്യക്തികളും സഹായിക്കുന്നില്ല എന്നത് വളരെ ഖേദപൂര്‍വ്വം കാണേണ്ട ഒന്ന് തന്നെ. കഴിഞ്ഞ കാല ധര്‍മ്മങ്ങള്‍ അധര്‍മികളെ വളര്‍ത്തി വലുതാക്കിയിരിക്കുന്നു എന്ന് ഇന്നിനെ കാണുമ്പോള്‍ സമ്മതിക്കേണ്ടി വരുന്ന ഒരു ജീര്‍ണിച്ച അവസ്ഥയില്‍ നമ്മള്‍ ജീവിക്കുന്നു. നാളെയുടെ ധര്‍മം തികച്ചും പൂര്‍ണ സ്വതന്ത്രനാകുവാനുള്ള മനുഷ്യന്റെ ഇച്ചാശക്തി ഈ ജീര്‍ണതയില്‍ നിന്നു വളര്‍ന്നു വരും.


  പ്രപഞ്ചത്തിന്‍ നിന്നും വീതം കിട്ടിയ ഊര്‍ജ്ജം എങ്ങനെ, ആരിലേക്ക്, എന്തുകൊണ്ട് കൈമാറണം എന്ന തിരിച്ചറിവ് പങ്കിടാനുള്ള പ്രയാണം മാത്രമാണ് എനിക്കീ യുദ്ധം.

  ഈ ഭാഗം എനിക്ക് ലിഡിയ ഉദ്ദേശിച്ചത് എന്താണെന്ന് മനസ്സിലായില്ല.. ഇവിടെ മരണം പ്രാപിക്കാന്‍ തയ്യാറാവുന്ന കൃഷ്ണനാണോ അതോ പുതിയ അറിവ് പകര്‍ന്നു നല്‍കാന്‍ തന്നില്‍ തന്നെ നടത്തുന്ന യുദ്ധമോ?

  ReplyDelete
 17. @JPS:
  സ്നേഹത്തിനു വിധേയരാകുന്നതു വരെ സ്നേഹം കൊണ്ടും അതിനു തയ്യാറാകാത്തപ്പോള്‍ മറിച്ചും ആയിരുന്നു കൃഷ്ണന്റെ രീതികള്‍. യുദ്ധം ഒഴിവാക്കാന്‍ ഒരു ഘട്ടം വരെ ഏറ്റവും കൂടുതല്‍ പരിശ്രമിച്ചയാള്‍ തന്നെയാണ് അര്‍ജ്ജുനനില്‍ ഗീതോപദേശത്തിലൂടെ ,യുദ്ധത്തിന് അവന്റെ കര്‍മ്മത്തിന് സജ്ജനാക്കിയതും.

  ഈ മത്സരത്തിലൂടെ ,വിദ്വേഷത്തിലൂടെ , എത്രയോ നിര്‍മ്മാണങ്ങള്‍ക്ക്, നന്മകള്‍ക്ക് ഉപയോഗിക്കപ്പെടേണ്ട മനുഷ്യശക്തി പാഴായിപ്പോകുന്നു എന്ന സന്ദേശം കൈമാറാന്‍ അദ്ദേഹം തയ്യാറെടുക്കുന്നു...

  ReplyDelete
 18. Lidiya.. enthoru karuthaanaa vaakkukalkum chinthakalkum...kooduthal vaayanakku theerchayaayum njaanivide veendum varum...
  nannnnnnaayirikkunnu ketto...

  ReplyDelete
 19. താങ്കള്‍ നന്നായ് എഴുതുന്നുണ്ട്. ആനുകാലികങ്ങള്‍ വായിക്കാനുള്ള (കിട്ടാത്തതിനാല്‍) ഭാഗ്യം ഞങ്ങളെപ്പോലുള്ളവര്‍ക്ക് ഇല്ലാത്തതിനാല്‍ ചോദിക്കുകാണ്, ഏതെങ്കിലും ആനുകാലികത്തില്‍ എഴുതാറുണ്ടോ?

  മുമ്പേ പുനരാഖ്യാനത്തിലെ കുഞ്ചുണ്ണൂലിയെ വായിച്ചിരുന്നു. ഏതിലും നല്ല അറുവ് വേണമല്ലോ ഇത്തരം ആഖ്യാനങ്ങള്‍ക്ക്. അതിനു മുമ്പില്‍ നമിച്ചിരിക്കുന്നു.

  ഭാഷയില്‍ കനിവിന്റെയും നിര്‍മ്മലമായ സ്നേഹത്തിന്റെ ആര്‍ദ്രത നിറയ്ക്കാന്‍ കഴിയുന്നു. ഓരോവരികളിലും കാണാം.

  എഴുത്ത് വളരെ ആകര്‍ഷകം, ടെമ്പ്ലേറ്റ് ഒന്ന് നവീകരിച്ചതും നന്നായി..

  ഐശ്വര്യപൂര്‍ണ്ണമായ പുതുവത്സരാശംസകള്‍ നേരുന്നു..

  ReplyDelete
 20. നന്ദി ശങ്കർ, നൗഷാദ് ,നിശാസുരഭി

  ReplyDelete
 21. @നിശാസുരഭി
  ഏറ്റവും ആനുകാലികമായത് ഇതു തന്നെയെന്ന് തോന്നുന്നു.. :)
  അപ്രതീക്ഷിതമായി എഴുതിപ്പോകുന്നതാണ്‌... അത്രകണ്ടാൽ മതി...
  നല്ല വാക്കുകൾക്ക് നന്ദി.

  ReplyDelete
 22. ലിഡിയ, ഞാന് ഇതുവരെ വായിച്ചിട്ടുള്ള തന്റെ എഴുത്തുകളുടെയൊക്കെയപ്പുറം പോയി ഇത്...
  കൃഷ്ണനും രാധയും അര്ജുനനുമൊക്കെ നമുക്കുള്ളില്ത്തന്നെയുണ്ടല്ലോ... അല്ലെങ്കില് ഇതെല്ലാം ചേര്ന്നതല്ലേ ഞാനും താനുമൊക്കെ...

  ReplyDelete
 23. ഈ ചിന്തയ്ക്കും എഴുത്തിനും ഒത്തിരി നന്ദി.
  വളരെ ഇഷ്ടമായി.
  അഭിനന്ദനങ്ങൾ.

  ReplyDelete
 24. എത്ര മനോഹരമായ എഴുത്ത്.വായിച്ചു തീരും വരെ ആ ലോകത്ത് തന്നെ ആയിരുന്നു ഞാന്‍ .പൂര്‍ണ്ണമായും.രാധയും കൃഷ്ണനും എന്നും പ്രിയപ്പെട്ട വിഷയം ആയിരുന്നു.കാരണം അതിനെ ചുറ്റിപറ്റി ഒരു പാട് ചോദ്യങ്ങള്‍ എന്നും മനസ്സില്‍ ഉണ്ടായിരുന്നു എന്നതാണ്.ഇത്ര മേല്‍ പ്രണയിച്ച രാധയെക്കള്‍ വലുതായിരുന്നോ മധുര നഗരവും അവിടുത്തെ സുഖങ്ങളും .അങ്ങനെ എണ്ണമറ്റ ഉത്തരമില്ലാത്ത ചോദ്യങ്ങളും..അത് കൊണ്ട് കൂടെ ആവാം എനിക്ക് ഈ കഥ ഒരു പാട് ഇഷ്ടമായത്.ആശംസകള്‍.ഇനിയും എഴുതു

  ReplyDelete
 25. രാധ എനിക്കും ഒരു വികാരമാണ് ! ഉപേക്ഷിക്കപ്പെട്ട കാമുകിയില്‍ നിന്ന്. സര്‍വവും ജ്വലിപ്പിക്കുന്നവളിലേക്ക് ഉള്ള ഈ യാത്ര അതിസുന്ദരം !

  ReplyDelete
 26. ലിഡിയ,
  നന്നായി എഴുതി! ആത്മവിശ്വാസമുള്ള എഴുത്തുകാരികള്‍ മലയാളത്തില്‍ ഉണ്ടായി വരുന്നത് സന്തോഷം. ആശാന്റെ സീതയെ പോലെ ആത്മീയമായി പുരുഷനേക്കാള്‍ വളരെ മുകളിലാണ് സ്ത്രീ എന്ന് ഈ രാധയും പറയുന്നു.

  ReplyDelete
 27. രാധ ഒരു നൊമ്പരമാണ്...പക്ഷേ ഇവിടെ അവൾടെ വ്യത്യസ്ഥ രൂപം കണ്ടു...രാധ കണ്ണനാരായിരുന്നു എന്നൊരു വേറിട്ട ചിന്ത...രചയീതാവിനോടെങ്ങനെ നന്ദി പറയണമെന്നറിയില്ലാ ഈ രചനയ്ക്ക്..

  ReplyDelete