Wednesday, December 15, 2010

ഞങ്ങളിൽ ചിലര്‌

ബസന്ത് മദ്യം കഴിക്കുന്നത് നോക്കിയിരിക്കുകയായിരുന്നു ശ്യാമ.

ഇത് അയാ‍ളുടെ പതിവു ശീലം.അവളും അയാളും മാത്രമുള്ള മുറി.
ഒരു മേശപ്പുറത്ത് ഗ്ലാസ്സും കുപ്പിയും വെച്ച് സൗകര്യമായി കഴിക്കാം. എന്നിട്ടും ചുമരലമാരയിലെ തട്ടിനുള്ളില്‍ ഗ്ലാസ്സ് നിറച്ച് , ഒന്നു വിഴുങ്ങി, ചുണ്ട് തുടച്ച്, അലമാരയുടെ വാതിലടച്ച്, അയാള്‍ സോഫയില്‍ വന്നിരിക്കും....
ഇല്ല ആരും ഒന്നുമറിഞ്ഞിട്ടില്ലെന്ന മട്ടില്‍.
ഇത്ര ബുദ്ധിമുട്ടി എന്തിനു വേണ്ടിയാണിത് കഴിക്കുന്നതെന്ന് അവള്‍ക്കിതുവരെ മനസ്സിലായിട്ടില്ല.

അലമാരയ്ക്കുള്ളില്‍ അയ്യപ്പസ്വാമിയും ഗുരുവായൂരപ്പനും സന്ധ്യാ വന്ദനത്തിനുള്ള പ്രാര്‍ത്ഥനാ പുസ്തകവും. മൂന്നും ആദ്യമായി ഹോസ്റ്റലിലേക്ക് പോകുമ്പോള്‍ അയാളുടെ അമ്മ കൊടുത്തത്. (അതിനടുത്ത് വിറ്റാമിന്‍ ഗുളികള്‍ നിറച്ചു വച്ചിരിക്കുന്ന ട്രേ , സ്പ്രേ കുപ്പികള്‍...)

മദ്യം( അത് നിറമുള്ളത് തന്നെ വേണം) തലയ്ക്ക് പിടിച്ച് തുടങ്ങുമ്പോള്‍ അയാള്‍ അമ്മയെക്കുറിച്ച് സംസാരിച്ചു തുടങ്ങും. അമ്മയുണ്ടാക്കാറുണ്ടായിരുന്ന ഭക്ഷണത്തിന്റെ രുചി, അത് വിളമ്പിക്കഴിപ്പിക്കുമ്പോഴുള്ള അവരുടെ സ്നേഹം..
എന്നും ഒരേ വാചകത്തില്‍ തുടങ്ങി ഒരേ വാചകത്തിലവസാനിക്കുന്ന പ്രഭാഷണം. അവളതിന്റെ ഒരോ വാചകവും മൂളി കേള്‍ക്കുകയും വേണം.

ബസന്തിന്റെ രീതികള്‍ ശ്യാമയെ മടുപ്പിക്കുന്നു.
അരസികന്‍.
ചില ദിവസങ്ങളില്‍ പാചകം ചെയ്യാന്‍ പോലും തോന്നാറില്ല അവള്‍ക്ക്.

ശ്യാമ രുചികരമായി എന്തെങ്കിലും തിന്നാന്‍ ഉണ്ടാക്കിക്കൊണ്ടുവന്നെങ്കിലെന്ന് ആഗ്രഹിക്കുകയായിരുന്നു ബസന്ത്.
അയാള്‍ക്ക് ശ്യാമയോട്, ’ ജോലി ഉപേക്ഷിച്ച് വീട്ടുകാര്യങ്ങളും നോക്കി ഇരുന്നാല്‍ പോരേ ‘, എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. അയാളുടെ സുഹൃത്ത് ദത്തന്റെ ഭാര്യയെപ്പോലെ.

ചില ദിവസങ്ങളില്‍ ദത്തന്റെ കൂടെ ഉച്ചനേരത്ത് അവരുടെ വീട്ടില്‍ പോകുമ്പോള്‍ എത്ര ഭംഗിയുള്ളതാണ് ആ വീട് എന്നയാള്‍ ആലോചിക്കും. സ്ഥാനം തെറ്റിക്കിടക്കുന്ന ഒരു കടലാസ് കഷ്ണം പോലുമില്ലാതെ. ഒട്ടും മുഷിവ് തോന്നിക്കാത്ത വീട്.

മായ ഉണ്ടാക്കുന്ന ഭക്ഷണവും അയാള്‍ക്ക് വളരെ ഇഷ്ടമാണ്. അവളടുത്തിരുന്ന് ദത്തനു വിളമ്പിക്കൊടുക്കുമ്പോള്‍ അനാവശ്യമായ അസൂയയും തോന്നും മനസ്സില്‍.
ഓഫീസിലെ ടെന്‍ഷനും ട്രാഫിക്കിലെ മടുപ്പും ഒക്കെ കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ ഒരാള്‍ സ്നേഹത്തോടെ,ഉന്മേഷത്തോടെ സ്വീകരിക്കാനുണ്ടാവുന്നത് ഭാഗ്യം തന്നെ.

ദത്തന്‍ ഭാഗ്യവാന്‍ തന്നെ.
വിശന്ന് കത്തുന്ന വയറ്റിലേക്ക് തീ വിഴുങ്ങി ബസന്ത് നെടുവീര്‍പ്പിട്ടു.

ഓഫീസില്‍ നിന്ന് വീട്ടിലേക്കുള്ള വഴിയിലായിരുന്നു അപ്പോഴും ദത്തന്‍.
ശ്രീകുമാര്‍ നാട്ടില്‍ പുതുതായി വാങ്ങിയ സ്ഥലത്തെക്കുറിച്ച് ആലോചിക്കുകയായിരുന്നു ഡ്രൈവിംഗിനിടെ അയാള്‍.
ശ്രീ വാങ്ങിയ ഏഴാമത്തെ പ്ലോട്ടാണ്. സ്വന്തമായെടുത്ത രണ്ട് വീടുകളിലൊന്ന് വാടകയ്ക്ക് കൊടുത്തിരിക്കുന്നു. ഷെയര്‍ മാര്‍ക്കറ്റിലും ഇന്‍വെസ്റ്റ് ചെയ്തിട്ടുണ്ടവന്‍.ഇതുവരെ സമ്പാദിച്ചത് മാത്രം മതി ഇനിയുള്ള കാലത്തേക്ക്.

ജോലി പോയാലുള്ള അവസ്ഥയോര്‍ത്ത് ദത്തന് വേവലാതി ഒഴിഞ്ഞനേരമില്ല. മായയ്ക്കെന്തുകൊണ്ട് ഈ നഗരത്തില്‍ ജോലി കിട്ടുന്നില്ലെന്ന് എത്ര ആലോചിച്ചിട്ടും അയാള്‍ക്ക് പിടികിട്ടുന്നില്ല.
മായയ്ക്കും അതുതന്നെയാണ്  മനസ്സിലാകാത്തത്.എവിടേയും ഒന്നും ശരിയാകുന്നില്ല.ജോലിയും ശരിയാകുന്നില്ല.സമ്പാദ്യവും കുറവ്.സ്വന്തമായൊരു വീട് ഉണ്ടാക്കാന്‍ കഴിഞ്ഞാലെങ്കിലും മതിയായിരുന്നു.

തനിക്ക് ജോലിയില്ലെങ്കിലും ദത്തന് നന്നായി ബിസിനസ്സ് ചെയ്യാനറിയുമായിരുന്നെങ്കില്‍ ഇത്രയൊന്നും വേവലാതി വേണ്ടിയിരുന്നില്ല എന്ന് മായ ആലോചിക്കാറുണ്ട്.
രേവതിയുടെ രീതികള്‍ കാണുമ്പോള്‍ ശരിയ്കും അസൂയ തോന്നും. വലിയ വലിയ ഷോപ്പിംഗ് മാളുകളിലേ കയറൂ..എത്ര വലിയ വീടാണ് അവളുടേത്. രണ്ട് വേലക്കാരികള്‍ വന്നു പോകുന്നു.വീട് വൃത്തിയാക്കാന്‍ ഒന്ന്. പാത്രം കഴുകാന്‍ ഒന്ന്.അങ്ങനെ അങ്ങനെ എന്തെല്ലാം ആഡംബരങ്ങള്‍...

വലിയവീടും ഭര്‍ത്താവിന്റെ ബാങ്ക് ബാലന്‍സുമല്ല ജീവിതം എന്ന് എങ്ങനെയാണ് ശ്രീകുമാറിനെ പറഞ്ഞ് മനസ്സിലാക്കിക്കുക എന്നറിയാതെ അരിശം പിടിക്കുകയായിരുന്നു രേവതി.

ഈ ബിസ്സിനസ്സും രാത്രി വൈകിക്കുന്ന തിരക്കുകളും മതിയാക്കി , നേരത്തെ വീട്ടിലെത്താനും ഒന്നിച്ചിരിക്കാനും കഴിയുന്ന ഒരു ജോലി എങ്ങനെയെങ്കിലും കണ്ടു പിടിക്കാന്‍ ശ്രീയോട് അപേക്ഷിച്ചപേക്ഷിച്ച് സ്വയം മടുത്ത് തുടങ്ങിയിരിക്കുന്നു രേവതിയ്ക്ക്.

അതുകൊണ്ടൊക്കെത്തന്നെയാകണം അവള്‍ക്ക് തൊട്ടതിനും പിടിച്ചതിനുമെല്ലാം ദേഷ്യം തോന്നുന്നതും..ചെയ്യുന്നതും പറയുന്നതും എല്ലാം അവസാനിക്കുന്നത് കലഹത്തില്‍ മാത്രം.
രേവതിയുടെ മാനസിക നില തകരാറിലാണെന്ന് ശ്രീകുമാറിനും തോന്നിത്തുടങ്ങിയിരുന്നു.

അല്പം കൂടി പ്രായോഗികത തന്റെ ഭാര്യയ്ക്ക് ഉണ്ടായിരുന്നെങ്കില്‍ എന്ന് അയാള്‍ പലവട്ടം ആഗ്രഹിച്ചിട്ടുണ്ട്: ദത്തന്റെ ഭാര്യ മായയെപ്പോലെയോ, ജോലിയും വീടും ഒരുപോലെ കൊണ്ട് നടത്തുന്ന , തന്റെ ഓഫീസിലെ ശ്യാമയെപ്പോലെയോ ഒക്കെ .........................

18 comments:

 1. ബസന്തും = ശ്യാമ
  ബസന്തിന്റെ രീതികൾ ശ്യാമക്ക് രുചിക്കുന്നില്ല
  ബസന്തിനു, ദത്തന്റെ ഭാര്യയെ പോലെ ആയിരുന്നെങ്കിൽ
  ശ്രീകുമാറിന്റെ ഏഴാമത്തെ പ്ലോട്ട്
  രേവതൊയുടെ രീതി കാണുമ്പോൾ മായക്ക് അസ്വസ്ഥത പടരുന്നു…


  "അല്പം കൂടി പ്രായോഗികത തന്റെ ഭാര്യയ്ക്ക് ഉണ്ടായിരുന്നെങ്കില്‍ എന്ന് അയാള്‍ പലവട്ടം ആഗ്രഹിച്ചിട്ടുണ്ട്: ദത്തന്റെ ഭാര്യ മായയെപ്പോലെയോ, ജോലിയും വീടും ഒരുപോലെ കൊണ്ട് നടത്തുന്ന , തന്റെ ഓഫീസിലെ ശ്യാമയെപ്പോലെയോ ഒക്കെ ....."
  ഇതാണ് ജീവിതം
  അപ്പുറത്തെ ജീവിതം നല്ലത്
  അവർക്ക എന്ത് സന്തോഷം…?
  ഇത്തരം കുറെ അസൂയകളുമായി നമ്മൾ പരസ്പരം കഥയാകുന്നു.
  ആശംസകൾ………

  ReplyDelete
 2. ഈ കഥ റ്റോൾസ്റ്റോയിയെ ഓർമിപ്പിച്ചു, സംതൃപ്തമായ ഓരോ കുടുംബവും ഒരുപോലെ സംതൃപ്തവും അസംതൃപ്തമായവ വ്യത്യസ്തരീതികളിലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്റെ നിരാശാഭരിത ജീവിതം നിനക്ക് സ്വപ്നസന്നിഭം, നിന്റെ നിറം കെട്ട ജീവിതം എനിക്ക് വർണ്ണാഭവും. പുതിയ ഇടത്തരക്കാരന്റെ ജീവിതത്തിന്റെ അസംതൃതി നിറഞ്ഞ ഈ കഥ ഇഷ്ടമായി ലിഡിയ!

  ReplyDelete
 3. നന്ദി ശ്രീ മാഷേ...ആദ്യ വായനയ്ക്ക്

  ReplyDelete
 4. ആ പുതിയ രീതിക്ക് നൂറു മാര്‍ക്ക്‌

  ReplyDelete
 5. പണ്ട് പുരുഷന്‍ അധികാരിയായിരുന്ന കാലത്ത് ഇമ്മാതിരി കൊമ്പ്ലിക്കെഷന്‍സ് ഉണ്ടായിരുന്നില്ല. സ്ത്രീക്ക് അടുക്കളയില്‍ തന്നെ വേദി. അതിനപ്പുറം ഒന്നും തന്നെ ഇല്ലാത്ത കാലം. അത് മാറി... ഇന്ന് സ്ത്രീയും പുരുഷനും തുല്യരും അഭിപ്രായ സ്വാതന്ത്ര്യം ഉള്ളവരും ആണ്. പിന്നെ പുരുഷന് ഒരു ചോയ്സ് മാത്രമേ ഉള്ളൂ.... ഒരു മണ്ടൂസിനെ കല്യാണം കഴിക്കുക.! ഒരു പക്ഷെ ഇതൊരു തിരിച്ചു പോക്കാണ്... സ്ത്രീ അധികാരത്തിലേക്കും പുരുഷന്‍ അടുക്കളയിലേക്കും.

  ReplyDelete
 6. വളരെ നന്നായി...ഇന്നത്തെ ജീവിതത്തിന്‍റെ സത്യസന്തമായ വിവരണം...ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരെ പച്ച എന്ന അവസ്ഥ അല്ലെ????

  ReplyDelete
 7. എന്‍റെ കമെന്റ്റ്‌ കാണുന്നില്ലാ ....

  ReplyDelete
 8. @faisu madeena :എന്ത് കമന്റായിരുന്നു എഴുതിയത് - ഞാനും കണ്ടില്ല

  ReplyDelete
 9. This comment has been removed by the author.

  ReplyDelete
 10. നല്ല കഥ... ഇക്കര നിക്കുമ്പോള്‍ അക്കര പച്ച... കഥ ഇഷ്ടമായി..

  ReplyDelete
 11. ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരപ്പച്ച......നല്ല നിരീക്ഷണം..ആശംസകള്‍..

  ReplyDelete
 12. ഇത്തരക്കാരുടെ എണ്ണം കൂടികൊണ്ടിരിക്കുകയാണ്. പക്ഷെ അതിനു അവരെയൊന്നും (നമ്മെയൊന്നും എന്ന് വായിക്കാനപേക്ഷ. പിന്നെ ജാഡ കാരണം അത് സമ്മതിക്കാന്‍ മനസ്സുവരുന്നില്ല) കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ജീവിത ചുറ്റുപാടുകളാണ് എല്ലാവരെയും ഇത്തരത്തില്‍ ചിന്തിപ്പിക്കുന്നത്.

  ReplyDelete
 13. കഥ വളരെ നന്നായി പറഞ്ഞു. അത് ആദ്യ കമന്റില്‍ പറയാന്‍ വിട്ടു :)

  ReplyDelete
 14. ഞാനിതിൽ പെടൂല്ല, സന്തോഷ് സമധാൻസ്.. ;)

  ReplyDelete
 15. അല്പ്പം വേഗമുള്ള വണ്ടിയിൽ കയറിയ പോലെ!!!

  ReplyDelete
 16. ഇതിനെ വായിച്ചു കമ്മന്റ് ചെയ്യാന്‍ എനിക്ക് യോഗ്യത ഇല്ല എന്റെ അളവുകാല്‍ ചെറുതും ഈ രചനയുടെ വലുപ്പം കൂടുതലും ആണ്‍

  ReplyDelete
 17. കാലത്തിന്റെ ഒഴുക്കില്‍ പെട്ട് പോകുന്ന ജീവിതങ്ങള്‍ !!! എല്ലാം നമ്മ്ളുടെതിനെക്കാള്‍ മനോഹരം എന്ന് നാം ചിന്തിക്കുന്നു!!

  ReplyDelete