Wednesday, December 22, 2010

വ്രജഭൂമിയിലെ ദൈവം


നിയമങ്ങള്‍കൊണ്ട് നിശ്ചയിക്കപ്പെട്ട യുദ്ധത്തിലെ ആദ്യദിവസം, ശിബിരത്തിലേക്കുള്ള മടക്കയാത്രയില്‍, മനസ്സിലെ യുദ്ധം അവസാനിച്ചുവോ എന്നാലോചിക്കുകയായിരുന്നു.

പാര്‍ത്ഥനില്‍ വാക്കുകള്‍ ഊര്‍ജ്ജമായി നിറയ്ക്കുമ്പോള്‍ ഒരു സമസ്യയ്ക്ക് സ്വയം ഉത്തരം കണ്ടെത്തിയ ശാന്തിയില്‍ മനസ്സ് സ്നാനം ചെയ്യുന്നത് തിരിച്ചറിയുന്നുണ്ടായിരുന്നു.

ധര്‍മ്മം ഒരു കാലഘട്ടത്തിന്റെ മാത്രം ന്യായീകരണമാണോ എന്നതായിരുന്നു സമസ്യ-
ഇന്നത്തെ ധര്‍മ്മം നാളെ എങ്ങനെ പ്രായോഗികം ആകും എന്നത്, ഒരു വാക്ക് കൊണ്ടുപോലും
തടവിലാക്കാനുള്ളതല്ല പിറക്കാനിരിക്കുന്ന തലമുറയുടെ ചിന്ത എന്നിരിക്കെ...
നാളത്തെ ധര്‍മ്മം എന്തായിരിക്കും?

ഏത് പടച്ചട്ടകൊണ്ട് പൊതിഞ്ഞ് സൂക്ഷിച്ചാലും, കാലത്തിന്റെ മര്‍മ്മഭേദിയായ അസ്ത്രങ്ങളില്‍
നിന്ന് ഒരു ജീവനും രക്ഷപ്പെടാന്‍ വയ്യെന്ന തിരിച്ചറിവുണ്ടായിരുന്നിട്ടും അതിനു തൊട്ടുമുന്നിലത്തെ നിമിഷം വരെ ആ ജീവനുവേണ്ടി പൊരുതി നോക്കാന്‍ തോന്നിപ്പിക്കുന്ന പ്രായോഗികത. കര്‍മ്മം ചെയ്യാനുള്ള സമയപരിധി.


പ്രപഞ്ചത്തിന്‍ നിന്നും വീതം കിട്ടിയ ഊര്‍ജ്ജം എങ്ങനെ, ആരിലേക്ക്, എന്തുകൊണ്ട് കൈമാറണം എന്ന തിരിച്ചറിവ് പങ്കിടാനുള്ള പ്രയാണം മാത്രമാണ് എനിക്കീ യുദ്ധം.

ഇതെനിക്ക് ആരോടുമുള്ള മത്സരമല്ല, ആയിരുന്നുവെങ്കില്‍ എനിക്ക് തടയാന്‍ കഴിയുന്ന , എനിക്ക് മാത്രം ചെയ്ത് തീര്‍ക്കാവുന്ന , ഒന്നായേനേ യുദ്ധം.

ഒരായുധം കൊണ്ട് അവസാനിപ്പിക്കാവുന്ന ദേഹത്തില്‍ ശ്വാസം നിലനില്‍ക്കുന്നതു വരെ എന്തിനെയെല്ലാം വെറുത്തു , വേദനിപ്പിച്ചു, തട്ടിപ്പറിച്ചു, എന്തിനെല്ലാം വേണ്ടി മത്സരിച്ചു.
എന്ന തിരിച്ചറിവ്.

എന്നാല്‍ മരണമാണ് ജീവിതത്തിന്റെ അവസാനം എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.
വിശ്വസിച്ചിരുന്നുവെങ്കില്‍ വിവശനായ പാര്‍ത്ഥനില്‍ വാക്കുകളുരച്ച് യുദ്ധാഗ്നി ജ്വലിപ്പിക്കില്ലായിരുന്നു.

ജീവിതത്തെ നിഷേധിച്ച് മരണത്തെ കാത്തുകഴിയുന്ന മനുഷ്യനെയല്ല കാലത്തിനാവശ്യം. ഇത്രയും ഊര്‍ജ്ജം നമ്മിലുണ്ടെന്ന വിസ്മയകരമായ യാഥാര്‍ത്ഥ്യം അനുഭവിച്ചറിയുക.
ഒരു മത്സരത്തിനപ്പുറം ആ ഊര്‍ജ്ജം ഏതെല്ലാം നന്മകള്‍ക്കായി വീതം വയ്ക്കാമായിരുന്നു എന്ന്
കാലത്തിന് ആലോചിച്ചറിയാനുള്ള പരീക്ഷണത്തില്‍ സ്വയം ഹോമിയ്ക്കപ്പെടുക.

ഒരേസമയം ശക്തനും ദുര്‍ബലനുമാകാന്‍ കഴിയുന്നവന്റെ മനസ്സിന്റെ പ്രായോഗികതകള്‍.


രണഭുമിയുടെ മധ്യത്തിലേക്ക് പാര്‍ത്ഥന്റെ അപേക്ഷപ്രകാരം രഥമോടിക്കുമ്പോള്‍ പക്ഷേ
മറ്റൊരു യുദ്ധഭൂമിയാ‍യിരുന്നു മനസ്സില്‍.

ഒരു വശത്ത് രാധയും മറുവശത്ത് മഥുരയും.
അവിടെ പ്രണയവും കടമകളും തമ്മിലായിരുന്നു യുദ്ധം.
അന്ന് രാധയായിരുന്നു മനസ്സിന്റെ തേരാളി.

‘നിന്നെക്കൂടാതെ ഞാനില്ല മഥുരയിലേക്ക്’
എന്നതായിരുന്നു അന്നത്തെ അപേക്ഷ.

‘ഇനി നിന്റെ മനസ്സിലുണ്ടായാല്‍ മതി ഞാന്‍..അത്രമേല്‍ നിന്നെ പിരിയാന്‍ വയ്യാതായിരിക്കുന്നു കണ്ണാ..’ ദൈവത്തിന്റെ ദൈവം വാക്കുകളുടെ യമുനയായ് ഒഴുകി.

പതിനേഴ് തികയാത്ത കുമാരന് അവളെ മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നോ?
ഇരുപത്തിരണ്ടുകാരിക്ക് കിട്ടിയ മനസ്സ് അറുപത് കഴിഞ്ഞ വൃദ്ധയുടേതായിപ്പോയെന്ന് പറഞ്ഞ്
കലഹിച്ചിട്ടുണ്ട് പലപ്പോഴും.
ഇപ്പോള്‍ തോന്നുന്നു- അവളായിരുന്നു ശരിയെന്ന്.

വര്‍ഷങ്ങള്‍ക്കപ്പുറത്ത് നിന്ന്
വരാനിരിക്കുന്ന എതോ കാലത്തേക്ക്
ഒഴുകി നിറയുന്ന ഗുരു ചൈതന്യം.

പ്രദ്യുമ്നന്റെ മുഖം ആദ്യം കാണിച്ച് ‘ അച്ഛന്റെയുണ്ണിയെന്ന് ‘ വൈദര്‍ഭി സ്നേഹം പറഞ്ഞപ്പോള്‍ രാധയെ ഓര്‍ത്തു:
അനിയോജ്യമായ ഒരു അണ്ഡം തേടിയുള്ള ചുറുചുറുക്കുള്ള ബീജത്തിന്റെ യാത്രയാണെന്ന്
പ്രണയമെന്ന് അവള്‍ വിശ്വസിച്ചിരുന്നെങ്കില്‍ , ആഗ്രഹിച്ചിരുന്നെങ്കില്‍ പിന്നെ അവള്‍ മാത്രമേ
ഉണ്ടാകുമായിരുന്നുള്ളൂ അന്ത:പ്പുരത്തിലെന്ന്.

പ്രകടനങ്ങളും അലങ്കാരങ്ങളും ഇല്ലാതിരുന്നതുകൊണ്ട് ബര്‍സാനയില്‍ നിന്ന് വന്ന ആ പെണ്‍കുട്ടി ആദ്യമാദ്യം കൗതുകമായിരുന്നു.

ആള്‍ക്കൂട്ടത്തിനിടയില്‍ സംസാരിക്കാനേ മറന്നുപോകാറുള്ള സുന്ദരി.
പതുക്കെ പതുക്കെ കുസൃതികളിലൂടെ അവളുടെ അടുത്ത കൂട്ടുകാരനായി.
എന്തും സംസാരിക്കാമെന്നായി.
സംസാരം അവസാനിപ്പിക്കാനേ തോന്നാതയായി.
എപ്പോഴും കാണണമെന്നായി.
കൂടെയിരിക്കണമെന്നായി.
പിരിയാനേ വയ്യെന്നായി.

അവള്‍ പറയാറുണ്ട്:
സ്നേഹത്തിലേക്ക് എടുത്തു ചാടാതെ
പതുക്കെ പതുക്കെ ഇറങ്ങിച്ചെല്ലെണം..
ആദ്യം കാൽ നഖങ്ങൾ നനഞ്ഞ്..
പിന്നെ ഉടലതിന്റെ നനവറിഞ്ഞ്
മുഖമണച്ച്
മൂർദ്ധാവ് വരെ അങ്ങനെ..അങ്ങനെ..
പിന്നീടൊരിയ്ക്കലും കരയ്ക്കണയാൻ
തോന്നാതെ..
സ്നേഹത്തിലേക്ക്
പതുക്കെ പതുക്കെ ഇറങ്ങിച്ചെല്ലെണം..........
സ്നേഹക്കൂടുതല്‍ കൊണ്ട് ശ്വാസം മുട്ടിക്കുകയായിരുന്നു അന്ന് വ്രജത്തിലെ ഒരോരുത്തരും
അവരില്‍ പലരും രാധയെക്കുറിച്ച് പല കഥകള്‍ പറഞ്ഞ് നടന്നു.

അത് കേള്‍ക്കുമ്പോള്‍ സന്തോഷിച്ചു- അവളെന്റേത് മാത്രമാവുകയാണെന്ന്.

നിന്നേക്കാള്‍ പ്രിയപ്പെട്ടതായി ഒന്നുമില്ലെനിക്കെന്ന് പറഞ്ഞപ്പോഴൊക്കെ പക്ഷേ അവള്‍ ശകാരിക്കുകയായിരുന്നു:
‘ഭക്ഷണവും ഇണയും മാത്രമാണ് ജീവിതമെങ്കില്‍ പിന്നെ മൃഗമായി ജനിച്ചാല്‍ മതിയായിരുന്നില്ലേ
‘എന്ന് ചുണ്ടുകള്‍ വിറച്ചു.

അവളുടെ മാത്രം സ്വകാര്യതയില്‍ അച്ചടക്കമുള്ള കുട്ടിയായി.
തപസ്സുപോലെ ശാന്തമായി അന്നേരങ്ങളിലെ പ്രണയം.
കൗമാരക്കാരന്റെ മനസ്സില്‍ അടക്കമില്ലാതെ പത്തി നീട്ടിയ കുസൃതികള്‍ മീതേ ജ്ഞാനം
കൊണ്ട് നൃത്തം ചവുട്ടി അവളുടെ വാക്കുകള്‍.

വ്രജഭൂമിക്കപ്പുറം കണ്ടിട്ടില്ലാത്ത ആ പെണ്‍കുട്ടിയില്‍ കാലങ്ങളോളം ലോകം ചുറ്റിയ
ഋഷിയുടെ ജിജ്ഞാ‍സയായിരുന്നു.
അത്രമേല്‍ ദൃഢമായിരുന്നു അവളുടെ ചിന്തകള്‍, പൂര്‍ണ്ണവും.
എങ്ങനെയെന്ന് വിസ്മയിച്ചു പോകാറുണ്ട് ഇപ്പോഴും.

‘രാധയിലെ കാമുകിയെ മാത്രമല്ലേ ലോകമറിയുന്നുള്ളൂ‘ എന്ന് സങ്കടപ്പെടുമ്പോഴൊക്കെ അതില്‍പ്പരം എന്ത് വേണമെന്ന് ആശ്ചര്യപ്പെടുന്നവള്‍.
കണ്ണിലെന്നും നനവുള്ള, എന്നോട് മാത്രം ചിരിക്കുന്ന, എന്റെ പെണ്ണ്.

ദേഹങ്ങള്‍ക്കിടയില്‍ വിയര്‍പ്പ് യമുനപോലെ ഒഴുകുന്നതറിയെ കണ്ണുകള്‍ ഏറെനേരം  തുറക്കാതെ കിടന്നവളോട് ‘എന്തേ’ എന്ന് ചോദിച്ചപ്പോള്
‍‘മനസ്സ് കൊണ്ട് നിന്നെയറിഞ്ഞ് ശീലിക്കുകയാണെന്ന്‘ മറുപടി:
അകലങ്ങളില്‍ ജീവിച്ച് പരസ്പരം അളന്നറിയണമെന്ന നിയോഗം പരിശീലിച്ച് നോക്കുകയാണെന്ന്.

‘എങ്ങനെയാണ് നിനക്കതിനു കഴിയുക ‘എന്നതിന്
‘കഴിയില്ലെന്നുറപ്പിച്ച കാര്യങ്ങളല്ലേ ചെയ്ത് നോക്കേണ്ടെ‘ന്ന് പറഞ്ഞ് ചിരിച്ചു.

പിന്നെ തത്ത്വം പറഞ്ഞു:
ചിലര്‍ പുഴപോലെയാണ്
ചിലര്‍ തീരം പോലെയും.
തീരം നിശ്ചലമായിരിക്കുന്നതുകൊണ്ടല്ലേ
പുഴയുടെ ചലനമറിയാനാകുന്നത്.

ഇന്നും ഒരു പുഴയായ് ഒഴുകുകയാണ്.
ഉറവിടത്തില്‍ ഇപ്പൊഴും ഒരു തീരം പ്രാര്‍ത്ഥനകളോടെ യാത്രാനുമതി തരുന്നുണ്ടെന്ന ഉറപ്പില്‍
കൂടുതല്‍ ദൂരമൊഴുകാനുള്ള അനുഗ്രഹവും ഉണ്ടതിലെന്ന വിശ്വാസത്തില്‍.

ബര്‍സാനയില്‍ നിന്നു വന്ന കാമുകി, തന്നിലേക്ക് ഒഴുകി വരുന്ന ഒരോ നിയോഗങ്ങളും
നീന്തിക്കടക്കാനുള്ള പാഠങ്ങള്‍ ഇന്നും പറഞ്ഞ് തരുന്നുണ്ട്.

‘പ്രണയം’ ഒരിയ്ക്കല്‍ അവള്‍ പറഞ്ഞിട്ടുണ്ട് ‘ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരാളോടാണ് തോന്നേണ്ടതെന്ന്'
നിര്‍ണ്ണായക നിമിഷത്തില്‍ - യുദ്ധത്തിലായാലും പാലായനത്തിലായാലും- ഇന്നും മനസ്സിലേക്ക്
വരുന്ന മുഖം അവളുടേതാണ്, ഒരു തീരുമാനമെടുക്കുന്നതിനു മുന്നേ ഓര്‍ത്തു പോകുന്ന മുഖം.

സാധാരണക്കാരിയായ ആ പെണ്‍കുട്ടിയുടെ അസാധാരണമായ ചിന്തകളായിരുന്നു ആദ്യത്തെ
ഗുരുകുലമെന്ന് തോന്നും.
ഉത്സവങ്ങളും കുസൃതികളും പ്രിയപ്പെട്ടതാകുമ്പോഴും തനിക്ക് ചെയ്യാന്‍ മറ്റെന്തൊക്കെയോ ഉണ്ടെന്ന്
തോന്നിത്തുടങ്ങിയത് അവളില്‍ നിന്നാണ്.
അവള്‍ എന്നെക്കുറിച്ച് വിസ്മയിക്കുമ്പോഴൊക്കെ ഞാനിങ്ങനെയായിരുന്നോ എന്നായിരുന്നു
അത്ഭുതം.
കൂടെയുള്ളവര്‍ക്ക് പ്രതീക്ഷിക്കാന്‍ നല്ലതെന്തോ തന്നിലുണ്ടെന്ന ആത്മവിശ്വാസം. അത് സഫലമാക്കാനുള്ള ഊര്‍ജ്ജകേന്ദ്രമാകാന്‍ കഴിയുമെന്ന വിശ്വാസം.

അവളോടാണ് ഇന്നുമെന്റെ പ്രണയം.
എന്റെ ജീവിതമാണ് എന്നിലെ എന്നെ കാണിച്ചു തന്നവള്‍ക്കുള്ള ദക്ഷിണ.

യുദ്ധമുപേക്ഷിച്ച് ഗാണ്ഡീവം വലിച്ചെറിഞ്ഞ് കരയാന്‍ തുടങ്ങിയ യോദ്ധാവിനെ വാക്കുകള്‍
കൊണ്ട് വീണ്ടെടുക്കുമ്പോഴും അവളുണ്ടായിരുന്നു മനസ്സില്‍.
പ്രപഞ്ചത്തെക്കുറിച്ച്, ധര്‍മ്മാധര്‍മ്മങ്ങളെക്കുറിച്ച്, പ്രായോഗികതയെക്കുറിച്ച് വാക്കുകള്‍
പ്രവഹിക്കുമ്പോള്‍ അതിലെ ഒരോ അക്ഷരങ്ങളുടേയും ഉറവിടം അവള്‍ തന്നെയായിരുന്നില്ലേ?ശിബിരത്തിലേക്കു മടങ്ങുമ്പോള്‍ എന്റെ വാക്കുകള്‍ മനസ്സില്‍ ആവര്‍ത്തിക്കുന്ന പാര്‍ത്ഥന്‍
നിശബ്ദനായിരുന്നു.
സംശയങ്ങളുടെയും ആശങ്കകളുടെയും മൗനമല്ല അതെന്ന് എനിക്കറിയാം.
കാലത്തിന്റെ നന്മയ്ക്ക് വേണ്ടി സ്വയം ഹോമിക്കാന്‍ തയ്യാറായവന്റെ ആത്മവിശ്വാസമാണത്.

ഇത് പരീക്ഷണത്തിന്റെ ആദ്യദിവസം.
 ജീര്‍ണ്ണവസ്ത്രമുപേക്ഷിച്ച് പുതിയവസ്ത്രം ധരിച്ച പല ജീവന്റേയും ആദ്യത്തെ രാത്രി. കര്‍മ്മം കൊണ്ട് ജ്വലിപ്പിക്കേണ്ട ഒരു പകലിലേക്കുള്ള പ്രയാണത്തിന്റെ തയ്യാറെടുപ്പ്..

 കാതോര്‍ത്താല്‍ വ്രജഭൂമിയില്‍ നിന്ന് ദൈവം പ്രാര്‍ത്ഥിക്കുന്നത് കേള്‍ക്കാം.

Wednesday, December 15, 2010

ഞങ്ങളിൽ ചിലര്‌

ബസന്ത് മദ്യം കഴിക്കുന്നത് നോക്കിയിരിക്കുകയായിരുന്നു ശ്യാമ.

ഇത് അയാ‍ളുടെ പതിവു ശീലം.അവളും അയാളും മാത്രമുള്ള മുറി.
ഒരു മേശപ്പുറത്ത് ഗ്ലാസ്സും കുപ്പിയും വെച്ച് സൗകര്യമായി കഴിക്കാം. എന്നിട്ടും ചുമരലമാരയിലെ തട്ടിനുള്ളില്‍ ഗ്ലാസ്സ് നിറച്ച് , ഒന്നു വിഴുങ്ങി, ചുണ്ട് തുടച്ച്, അലമാരയുടെ വാതിലടച്ച്, അയാള്‍ സോഫയില്‍ വന്നിരിക്കും....
ഇല്ല ആരും ഒന്നുമറിഞ്ഞിട്ടില്ലെന്ന മട്ടില്‍.
ഇത്ര ബുദ്ധിമുട്ടി എന്തിനു വേണ്ടിയാണിത് കഴിക്കുന്നതെന്ന് അവള്‍ക്കിതുവരെ മനസ്സിലായിട്ടില്ല.

അലമാരയ്ക്കുള്ളില്‍ അയ്യപ്പസ്വാമിയും ഗുരുവായൂരപ്പനും സന്ധ്യാ വന്ദനത്തിനുള്ള പ്രാര്‍ത്ഥനാ പുസ്തകവും. മൂന്നും ആദ്യമായി ഹോസ്റ്റലിലേക്ക് പോകുമ്പോള്‍ അയാളുടെ അമ്മ കൊടുത്തത്. (അതിനടുത്ത് വിറ്റാമിന്‍ ഗുളികള്‍ നിറച്ചു വച്ചിരിക്കുന്ന ട്രേ , സ്പ്രേ കുപ്പികള്‍...)

മദ്യം( അത് നിറമുള്ളത് തന്നെ വേണം) തലയ്ക്ക് പിടിച്ച് തുടങ്ങുമ്പോള്‍ അയാള്‍ അമ്മയെക്കുറിച്ച് സംസാരിച്ചു തുടങ്ങും. അമ്മയുണ്ടാക്കാറുണ്ടായിരുന്ന ഭക്ഷണത്തിന്റെ രുചി, അത് വിളമ്പിക്കഴിപ്പിക്കുമ്പോഴുള്ള അവരുടെ സ്നേഹം..
എന്നും ഒരേ വാചകത്തില്‍ തുടങ്ങി ഒരേ വാചകത്തിലവസാനിക്കുന്ന പ്രഭാഷണം. അവളതിന്റെ ഒരോ വാചകവും മൂളി കേള്‍ക്കുകയും വേണം.

ബസന്തിന്റെ രീതികള്‍ ശ്യാമയെ മടുപ്പിക്കുന്നു.
അരസികന്‍.
ചില ദിവസങ്ങളില്‍ പാചകം ചെയ്യാന്‍ പോലും തോന്നാറില്ല അവള്‍ക്ക്.

ശ്യാമ രുചികരമായി എന്തെങ്കിലും തിന്നാന്‍ ഉണ്ടാക്കിക്കൊണ്ടുവന്നെങ്കിലെന്ന് ആഗ്രഹിക്കുകയായിരുന്നു ബസന്ത്.
അയാള്‍ക്ക് ശ്യാമയോട്, ’ ജോലി ഉപേക്ഷിച്ച് വീട്ടുകാര്യങ്ങളും നോക്കി ഇരുന്നാല്‍ പോരേ ‘, എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. അയാളുടെ സുഹൃത്ത് ദത്തന്റെ ഭാര്യയെപ്പോലെ.

ചില ദിവസങ്ങളില്‍ ദത്തന്റെ കൂടെ ഉച്ചനേരത്ത് അവരുടെ വീട്ടില്‍ പോകുമ്പോള്‍ എത്ര ഭംഗിയുള്ളതാണ് ആ വീട് എന്നയാള്‍ ആലോചിക്കും. സ്ഥാനം തെറ്റിക്കിടക്കുന്ന ഒരു കടലാസ് കഷ്ണം പോലുമില്ലാതെ. ഒട്ടും മുഷിവ് തോന്നിക്കാത്ത വീട്.

മായ ഉണ്ടാക്കുന്ന ഭക്ഷണവും അയാള്‍ക്ക് വളരെ ഇഷ്ടമാണ്. അവളടുത്തിരുന്ന് ദത്തനു വിളമ്പിക്കൊടുക്കുമ്പോള്‍ അനാവശ്യമായ അസൂയയും തോന്നും മനസ്സില്‍.
ഓഫീസിലെ ടെന്‍ഷനും ട്രാഫിക്കിലെ മടുപ്പും ഒക്കെ കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ ഒരാള്‍ സ്നേഹത്തോടെ,ഉന്മേഷത്തോടെ സ്വീകരിക്കാനുണ്ടാവുന്നത് ഭാഗ്യം തന്നെ.

ദത്തന്‍ ഭാഗ്യവാന്‍ തന്നെ.
വിശന്ന് കത്തുന്ന വയറ്റിലേക്ക് തീ വിഴുങ്ങി ബസന്ത് നെടുവീര്‍പ്പിട്ടു.

ഓഫീസില്‍ നിന്ന് വീട്ടിലേക്കുള്ള വഴിയിലായിരുന്നു അപ്പോഴും ദത്തന്‍.
ശ്രീകുമാര്‍ നാട്ടില്‍ പുതുതായി വാങ്ങിയ സ്ഥലത്തെക്കുറിച്ച് ആലോചിക്കുകയായിരുന്നു ഡ്രൈവിംഗിനിടെ അയാള്‍.
ശ്രീ വാങ്ങിയ ഏഴാമത്തെ പ്ലോട്ടാണ്. സ്വന്തമായെടുത്ത രണ്ട് വീടുകളിലൊന്ന് വാടകയ്ക്ക് കൊടുത്തിരിക്കുന്നു. ഷെയര്‍ മാര്‍ക്കറ്റിലും ഇന്‍വെസ്റ്റ് ചെയ്തിട്ടുണ്ടവന്‍.ഇതുവരെ സമ്പാദിച്ചത് മാത്രം മതി ഇനിയുള്ള കാലത്തേക്ക്.

ജോലി പോയാലുള്ള അവസ്ഥയോര്‍ത്ത് ദത്തന് വേവലാതി ഒഴിഞ്ഞനേരമില്ല. മായയ്ക്കെന്തുകൊണ്ട് ഈ നഗരത്തില്‍ ജോലി കിട്ടുന്നില്ലെന്ന് എത്ര ആലോചിച്ചിട്ടും അയാള്‍ക്ക് പിടികിട്ടുന്നില്ല.
മായയ്ക്കും അതുതന്നെയാണ്  മനസ്സിലാകാത്തത്.എവിടേയും ഒന്നും ശരിയാകുന്നില്ല.ജോലിയും ശരിയാകുന്നില്ല.സമ്പാദ്യവും കുറവ്.സ്വന്തമായൊരു വീട് ഉണ്ടാക്കാന്‍ കഴിഞ്ഞാലെങ്കിലും മതിയായിരുന്നു.

തനിക്ക് ജോലിയില്ലെങ്കിലും ദത്തന് നന്നായി ബിസിനസ്സ് ചെയ്യാനറിയുമായിരുന്നെങ്കില്‍ ഇത്രയൊന്നും വേവലാതി വേണ്ടിയിരുന്നില്ല എന്ന് മായ ആലോചിക്കാറുണ്ട്.
രേവതിയുടെ രീതികള്‍ കാണുമ്പോള്‍ ശരിയ്കും അസൂയ തോന്നും. വലിയ വലിയ ഷോപ്പിംഗ് മാളുകളിലേ കയറൂ..എത്ര വലിയ വീടാണ് അവളുടേത്. രണ്ട് വേലക്കാരികള്‍ വന്നു പോകുന്നു.വീട് വൃത്തിയാക്കാന്‍ ഒന്ന്. പാത്രം കഴുകാന്‍ ഒന്ന്.അങ്ങനെ അങ്ങനെ എന്തെല്ലാം ആഡംബരങ്ങള്‍...

വലിയവീടും ഭര്‍ത്താവിന്റെ ബാങ്ക് ബാലന്‍സുമല്ല ജീവിതം എന്ന് എങ്ങനെയാണ് ശ്രീകുമാറിനെ പറഞ്ഞ് മനസ്സിലാക്കിക്കുക എന്നറിയാതെ അരിശം പിടിക്കുകയായിരുന്നു രേവതി.

ഈ ബിസ്സിനസ്സും രാത്രി വൈകിക്കുന്ന തിരക്കുകളും മതിയാക്കി , നേരത്തെ വീട്ടിലെത്താനും ഒന്നിച്ചിരിക്കാനും കഴിയുന്ന ഒരു ജോലി എങ്ങനെയെങ്കിലും കണ്ടു പിടിക്കാന്‍ ശ്രീയോട് അപേക്ഷിച്ചപേക്ഷിച്ച് സ്വയം മടുത്ത് തുടങ്ങിയിരിക്കുന്നു രേവതിയ്ക്ക്.

അതുകൊണ്ടൊക്കെത്തന്നെയാകണം അവള്‍ക്ക് തൊട്ടതിനും പിടിച്ചതിനുമെല്ലാം ദേഷ്യം തോന്നുന്നതും..ചെയ്യുന്നതും പറയുന്നതും എല്ലാം അവസാനിക്കുന്നത് കലഹത്തില്‍ മാത്രം.
രേവതിയുടെ മാനസിക നില തകരാറിലാണെന്ന് ശ്രീകുമാറിനും തോന്നിത്തുടങ്ങിയിരുന്നു.

അല്പം കൂടി പ്രായോഗികത തന്റെ ഭാര്യയ്ക്ക് ഉണ്ടായിരുന്നെങ്കില്‍ എന്ന് അയാള്‍ പലവട്ടം ആഗ്രഹിച്ചിട്ടുണ്ട്: ദത്തന്റെ ഭാര്യ മായയെപ്പോലെയോ, ജോലിയും വീടും ഒരുപോലെ കൊണ്ട് നടത്തുന്ന , തന്റെ ഓഫീസിലെ ശ്യാമയെപ്പോലെയോ ഒക്കെ .........................