Monday, November 29, 2010

ഇന്നലെ വൈകുന്നേരം

ഗൗതമന്റെ കൂടെയായിരുന്നു ഇന്നലെ വൈകുന്നേരം.ഒരു നിബന്ധനയോടെയാണ്‌ കാണാൻ വരാമെന്ന് സമ്മതിച്ചത്:

“ ഓർമ്മകളിലേക്ക് മടങ്ങരുത്.വ്യാകുലപ്പെടാൻ മാത്രമാണെങ്കിൽ ഭാവിയെക്കുറിച്ചും ചിന്തിച്ച് പോകരുത്.വർത്തമാനത്തിൽ ജീവിക്കണം.“
കഠിനമാണെന്ന് ഉത്തരം കൊടുത്തു.എന്നാലും ശ്രമിച്ച് നോക്കാമെന്ന് വാഗ്ദാനവും.

കാണേണ്ടത് എന്റെ ആവശ്യം!അത്രയേറേ ഉണ്ടായിരുന്നു കേൾക്കാൻ.
തിരിച്ചു പറയാൻ ഒന്നുമുണ്ടാവില്ലെന്ന് ഉറപ്പിച്ചു:

ഒരു ഓർമ്മത്തോടും പൊട്ടിക്കാതെ
ഒരു സ്വപ്നവിത്തും മുളപ്പിക്കാതെ
എത്രനേരം വർത്തമാനത്തിന്റെ ചക്രമുരുട്ടും?

കണ്ടപ്പോൾ പതിവ് പോലെ ഓർമ്മകൾ തന്നെ, എനിക്ക്.
പറയാതെ പോയ കാര്യങ്ങൾ.
ഈ മനുഷ്യൻ ഒരു കാലത്ത് എനിക്ക് ഒരു പ്രണയ രഹസ്യം പറഞ്ഞ് തന്നിട്ടുണ്ട്, അതിങ്ങനെയാണ്‌:

“ നിന്നെ പ്രണയിക്കുകയൊന്നുമില്ല ഞാൻ. പ്രണയിച്ചാലും അത് നിന്നോട് പറയുകയുമില്ല.
പ്രണയം തോന്നിയാൽ അതെന്ത് കൊണ്ടെന്ന് ഞാനന്വേഷിക്കും. ആ കാരണങ്ങളിലൂടെ,ആ നന്മയിലൂടെ, കഴിയുന്നത്ര കവാത്തു നടത്തും..ആവർത്തനം കൊണ്ട് ആ പ്രണയവും എനിക്ക് വിരസമാകും, അങ്ങനെ  ഞാനത് പറയാതെ രക്ഷപ്പെടും.പ്രണയത്തെ പ്രസവിച്ചു കളയുന്നതിനേക്കാൾ അതിന്റെ ഗർഭാലസ്യം അനുഭവിക്കാനാണ്‌ എനിക്കിഷ്ടം. “

ഇപ്പോഴും പ്രണയം തോന്നുന്നവരോടൊക്കെ ഇതേ നയമാണ്‌ ഞാനും പാലിക്കുന്നത് എന്നെങ്കിലും പറയണമെന്ന് തോന്നി.
പറഞ്ഞില്ല.പകരം ഗൗതമനു ഓർമ്മകൾ നിഷിദ്ധമാണെന്ന മുന്നറിയിപ്പിനെക്കുറിച്ച് മാത്രം ഓർത്തു!

കടല്‍ ഇരുവശങ്ങളിലായി കാവല്‍ നിന്ന കരയില്‍, ആകാശം നോക്കി, സംസാരിക്കുന്നതത്രയും കേട്ടിരുന്നു. ഇപ്പോഴും ഗൗതമനു വലിയ മാറ്റമൊന്നുമില്ല.


ഒരു വശത്തെ കടലിനുമീതേ അസ്തമിക്കുന്ന സൂര്യനും മറുവശത്തെ ആകാശത്ത് ഉദിച്ച് തുടങ്ങിയ ചന്ദ്രനും.
'നീയും ഞാനും'.ഞാൻ പറഞ്ഞില്ല.' നമ്മളെന്നും ഒരേ ആകാശത്തിലെ രണ്ടിടങ്ങളിലാണ്‌, ഉദയത്തിലും അസ്തമനത്തിലും മുഖത്തോട് മുഖം കാണാമെന്ന് മാത്രം.'

അവൻ നിറയെ സംസാരിച്ചു..പിന്നെ ആകാശത്തിലെ നിറങ്ങളൊരോന്നും  നൂലിഴതിരിച്ച് എന്റെ ഉള്ളം കയ്യില്‍ വെച്ചുതന്നു. എത്രയെത്ര നിറങ്ങള്‍..
'ഇത്രയും ചായക്കൂട്ടുകള്‍ ആര്‍ക്ക് വേണ്ടിയാകണം ഒരുക്കിവെച്ചത്...
ആരുടെ വിരല്‍ത്തുമ്പാവണം കാറ്റിന്റെ നിഴല്‍ വരച്ചെടുക്കുന്നത്...
ആരുടെ മടിയിലാണ് ഒരു കുഞ്ഞായി മുഖമമര്‍ത്തേണ്ടത്..
ആരിലാണ് ഞാന്‍ ഞാനാകേണ്ടത്..' അവന്റെ ശബ്ദം ഞാനാഗ്രഹിച്ചിടത്തോളം കേട്ടു.

മറ്റൊന്നിലേക്കും വഴുതിപ്പോകാതെ ,ശ്വാസവേഗത്തോടൊപ്പം ,മാറുന്ന നിറങ്ങളോടൊപ്പം , ഒരു വൈകുന്നേരം.
അവനിലെ കവിതകളില്‍ മോഹിച്ച്, വാക്കുകളെക്കൊണ്ട് സര്‍ക്കസ്സ് കാട്ടുന്നെന്ന് ആരെക്കൊണ്ടും പറയിപ്പിക്കാതെ ,എനിക്കും കവിതകളെഴുതണെന്ന് ആഗ്രഹിച്ചു.

“ വാക്കുകളെക്കൊണ്ടുള്ള സര്‍ക്കസ്സാണെങ്കില്‍ അതിലെ കോമാളി തന്നെ ആയിക്കൊള്ളൂ “എന്ന് അപ്പോഴവന്റെ ദയവില്ലാത്തെ മറുപടി.

ഓര്‍മ്മകള്‍ക്കും സ്വപ്നങ്ങള്‍ക്കും സങ്കല്പങ്ങള്‍ക്കും അല്ലാതെ മറ്റൊന്നിനും എന്നില്‍ ശബ്ദമായിമാറാന്‍ കഴിവില്ലെന്നറിയാവുന്നതു കൊണ്ട് മിണ്ടാതിരിരുന്നു.
കഴിഞ്ഞുപോയ സംഭവങ്ങളിലേക്കും വരാനിരിക്കുന്നതിലേക്കും ഒരൊറ്റശബ്ദം കൊണ്ട് പോലും , സ്പർശിക്കാതെ എങ്ങനെ ഏറെനേരം സംസാരിക്കാൻ കഴിയും?

കുറെക്കഴിയുമ്പോൾ ഞാനും തത്ത്വചിന്ത പറഞ്ഞ് തുടങ്ങുമോ, അറിയില്ല.. .
ഞാനൊരു സാധാരണ പെണ്ണ്.!

ശ്വാസോച്ഛാസത്തേയും ചിന്തകളേയും ഒരേ നൂലുകൊണ്ട് കെട്ടിയിടാന്‍
എനിക്കെങ്ങനെ സാധിക്കും?


16 comments:

 1. അവരെന്റെ മറവികളെയാണ് ശകാരിക്കുന്നത്,
  ഞാനെന്റെ ഓര്‍മ്മകളേയും..
  മറവിയുണ്ടെനിക്കെന്ന് തന്നെ മറന്നു പോകുന്നു...

  ReplyDelete
 2. 'ഇത്രയും ചായക്കൂട്ടുകള്‍ ആര്‍ക്ക് വേണ്ടിയാകണം ഒരുക്കിവെച്ചത്...
  ആരുടെ വിരല്‍ത്തുമ്പാവണം കാറ്റിന്റെ നിഴല്‍ വരച്ചെടുക്കുന്നത്...
  ആരുടെ മടിയിലാണ് ഒരു കുഞ്ഞായി മുഖമമര്‍ത്തേണ്ടത്..
  ആരിലാണ് ഞാന്‍ ഞാനാകേണ്ടത്..'

  വല്ലാതെ നൊമ്പരപ്പെടുത്തുന്നു.. ചില പ്രയോഗങ്ങള്‍. ഇഷ്ടപ്പെട്ടു.
  ഒരു സംശയം, നിഷിധം ആണോ നിഷിദ്ധം അല്ലേ ശരി?

  ReplyDelete
 3. നന്ദിട്ടോ കുമാർജി
  @Sooraj Ganga :-)

  ReplyDelete
 4. പ്രണയം തോന്നിയാൽ അതെന്ത് കൊണ്ടെന്ന് ഞാനന്വേഷിക്കും. ആ കാരണങ്ങളിലൂടെ,ആ നന്മയിലൂടെ, കഴിയുന്നത്ര കവാത്തു നടത്തും..ആ ആവർത്തനം കൊണ്ട് ആ പ്രണയവും എനിക്ക് വിരസമാകും, അങ്ങനെ ഞാനത് പറയാതെ രക്ഷപ്പെടും

  ഇത്രയും ചായക്കൂട്ടുകള്‍ ആര്‍ക്ക് വേണ്ടിയാകണം ഒരുക്കിവെച്ചത്...
  ആരുടെ വിരല്‍ത്തുമ്പാവണം കാറ്റിന്റെ നിഴല്‍ വരച്ചെടുക്കുന്നത്...
  ആരുടെ മടിയിലാണ് ഒരു കുഞ്ഞായി മുഖമമര്‍ത്തേണ്ടത്..
  ആരിലാണ് ഞാന്‍ ഞാനാകേണ്ടത്..


  മുഴുവന്‍ വരികളിലൂടെയും ഒഴുകിയിറങ്ങി.
  ഒരു കവിത പോലെ സുന്ദരം, അത് പ്രണയത്തെക്കുറിച്ച് ആയത് കൊണ്ടാവാം.

  മുമ്പ് കുറച്ച് പോസ്റ്റുകള്‍ ഞാന്‍ വായിച്ചിരുന്നു, കമന്റിയില്ല, ഓര്‍മ്മയില്‍ വെച്ചുമില്ല, വായിക്കാം, നിര്‍ത്തിയിടത്തു നിന്നും!

  ReplyDelete
 5. നിഷിദ്ധം തന്നെ ശരി :)

  ReplyDelete
 6. നിശാസുരഭീ നന്ദി..
  നിഷിദ്ധം തന്നെ ശരി
  കുമാർജി തന്നെ ശരി

  ReplyDelete
 7. ഒരു ഓർമ്മത്തോടും പൊട്ടിക്കാതെ
  ഒരു സ്വപ്നവിത്തും മുളപ്പിക്കാതെ
  എത്രനേരം വർത്തമാനത്തിന്റെ ചക്രമുരുട്ടും?
  -മനോഹരമായി ഈ വരികൾ. ഇഷ്ടമായി കഥ. പ്രണയം വാക്കുകളുടെ സർക്കസുകൾ കൊണ്ടോ തത്വചിന്ത കൊണ്ടോ സാഫല്യമടയില്ലെന്ന്‌ വെയിൽ ചാഞ്ഞു കൊണ്ടിരിക്കുന്ന ഈ കാലത്ത് എനിക്കറിയാം!

  ReplyDelete
 8. നന്നായി എഴുതിരിക്കുന്നു .....കൊള്ളാം

  കൂടുതല്‍ എന്താ പറയുക

  ReplyDelete
 9. ഒരുപാടിഷ്ട്ടപ്പെട്ടു.. മനോഹരമായ വാക്കുകള്‍ ...

  ReplyDelete
 10. ഒരു ചെറിയ കാര്യം കൂടി ..ജാലകത്തില്‍ നിങ്ങളുടെ പോസ്റ്റിന്റെ നേരെ മുകളിലുള്ള അഞ്ജു എന്നാ ബ്ലോഗറും ഒരു വൈകുന്നെരത്തെ പറ്റി ആണ് എഴുതിയത്..അത് വായിച്ചു നേരെ ഈ ബ്ലോഗില്‍ വന്നു പെട്ടെന്ന് ഒരു വൈകുന്നേരം എന്ന് കണ്ടു അയ്യേ ഇതല്ലേ ഇപ്പൊ വായിച്ചതു എന്ന് കരുതി തിരിച്ചു പോയി.പിന്നെയാണ് മനസ്സിലായത് ഇത് വേറെ അത് വേറെ എന്ന് ....!!!

  ReplyDelete
 11. കവിത പൊഴിയുന്നു...

  ReplyDelete
 12. ഒരു ഓർമ്മത്തോടും പൊട്ടിക്കാതെ
  ഒരു സ്വപ്നവിത്തും മുളപ്പിക്കാതെ
  എത്രനേരം വർത്തമാനത്തിന്റെ ചക്രമുരുട്ടും?

  കവിത പോലെ മനോഹരമായൊരു വൈകുന്നേരം..

  ReplyDelete
 13. കൊള്ളാം നല്ല രചന ....

  ReplyDelete
 14. @ശ്രീമാഷേ...
  :-)

  @ MyDreams, faisu ,
  Sanakar, Renjithji, Suchand:
  Thanks..

  ReplyDelete
 15. നന്നായി എഴുതിരിക്കുന്നു .....

  ReplyDelete