Thursday, November 25, 2010

മഴയ്ക്ക് മാത്രം കാട്ടിത്തരാവുന്നൊരിടത്ത്

തീവ്രപ്രതികരണമുള്ള മാപിനിയിലെ അളവ് ദ്രവം പോലെയാണ്‌ മഴയിൽ എന്റെ ചിന്തകൾ.
ആകാശത്ത് മഴയുടെ തുടക്കം എവിടെനിന്നാണ്‌?

മഴയിൽ
കാറ്റ് കുരുങ്ങുന്നത്..പതിയെ തെന്നിമാറുന്നത്..തണുപ്പിക്കുന്നത്...
മഴയിൽ മുഖങ്ങൾ നിറയുന്നത്
സംഗീതമുണ്ടാകുന്നത്
മഴ നിറമണിയുന്നത്
എങ്ങനെയാണ്‌?

മഴയിൽ ശിലകൾ ഉറവകളാകുന്നത്..
ഉറവകളിൽ തണുപ്പ് കുടിയിരിക്കുന്നത്..
തണുപ്പ് മഴയിലേക്ക് മടങ്ങുന്നത്..

രാത്രിത്തണുപ്പിന്‌
പുതപ്പാകുന്നതും മഴ തന്നെ..

മഴ പെയ്യുന്ന
മഞ്ഞ വെളിച്ചമുള്ള
കാറ്റലയുന്ന
രാത്രികളിൽ
ഉറങ്ങാതിരിക്കണം..

സ്വയം നഷ്ടപ്പെട്ട് യാത്ര ചെയ്യണം..
മഴയിൽ
മഴയോടൊപ്പം..

മഴയാത്രകളിൽ
കാറ്റ് എനിക്ക് നടപ്പാതകളും
ഇലകൾ എനിക്ക് ദിശാസൂചിയുംകടം തരും..
എനിക്ക് ഗന്ധങ്ങളുടെ തിരിച്ചറിവുകളിലൂടെ
കാഴ്ചകളുടെ നിറവിലൂടെ
അപരിചിതങ്ങളായ പാതയോരങ്ങൾ കൈവരും..

മഴ,
ഒരു ദീർഘയാത്രയും
യാത്രിയും
യാത്രയിലെ കാഴ്ചകളും
ദൃഷ്ടിയും
നിറവും
ആണ്‌..

മഴ ഒരു ഗോവണിയാണ്‌..
അല്ലെങ്കിൽ കുരുന്നു വിരലിലെ പട്ടത്തിന്റെ ചരടാണ്‌...

മഴയുടെ അതിരുകൾ തിരഞ്ഞുള്ള യാത്ര,
ഒരു ചെറുപ്രാണിയുടെ ദൂരത്തിനു സമം,
അതിന്റെ വേഗതപോലെ പരിഹാസ്യം...

മഴ വീണ നിലങ്ങളിൽ വെയിൽ നിറഞ്ഞതും
പിന്നെ വെയിൽ മാഞ്ഞ് തണലുണ്ടായി
തണൽ മേഘങ്ങളായി.
മഴയായി.

മഴ
പതിയെ പതിയെ
സങ്കടപ്പെടുത്തുന്നതും
വിഫലമാകുന്നതും
നിശ്ചലമാകുന്നതും
നിറങ്ങൾ മായുന്നതും

രാത്രിയിൽ മഴ ഒടുങ്ങുമ്പോൾ ,
ശബ്ദങ്ങൾ മാത്രം ബാക്കിയാകുന്നതും
കാറ്റ് നനഞ്ഞ് മണ്ണിലേക്ക് വീണ്‌
ഉറവകളായി വീണ്ടും കുതിർന്നതും
ഓർമ്മവരുന്നു.

ഇലകളിലൂടെ മണ്ണിനു മീതേ മഴയുടെ പുനർജ്ജനികൾ.
(എന്റെ ഡയറി -ജൂണ്‍2000)

7 comments:

  1. 2000-ലെ മഴ- നാട്ടിൽ ഈ നവംബർ അവസാനവും തീരാത്ത മഴയാണു പോലും..ഒരു കാലത്തെ എന്റെ ഡയറികളിലും അങ്ങനെയായിരുന്നു: തീരാത്ത മഴ!
    :-)
    മഴയുടെ പുനർജ്ജനികൾ.....

    ReplyDelete
  2. മഴയും കവിതയുമിങ്ങനെ ഇടകലർന്നു പെയ്തിരുന്നു അല്ലേ?

    ReplyDelete
  3. ഇതെന്താ കവിത മഴയോ?
    ശരിക്കും തണുക്കുന്നു.ഒരു കട്ടന്‍ കാപ്പിയും ആഞ്ഞിലി കായ വറുത്തതും കഴിക്കാന്‍ കൊതിയാവുന്നു. ഒരു കാറ്റ് ചീറി വരുന്നത് എവിടെ നിന്നാണ്..?

    ReplyDelete
  4. നല്ല തണുപ്പുള്ളൊരു മഴ..മഴഗോവണി കയറി മുകളിലേക്ക്, തണുത്തുറഞ്ഞ മേഘങ്ങളിലേക്ക്..
    എഴുത്തിന്റെ പുനർജ്ജനികൾ മഴയിലൂടെ.. ലിഡിയാ രാകേഷിനെ വർഷാ രാകേഷെന്ന് വിളിക്കാമോ?? ;)

    ReplyDelete
  5. ഇതൊരു പേജ്!...വന്നുവന്ന് കേരളത്തിലുള്ളവരോട് മഴയെന്ന് മിണ്ട്യാ അടി കിട്ടുന്ന സ്ഥിതി ആയതുകൊണ്ട് ബാക്കി പോസ്റ്റ് ചെയ്യണില്ല..
    ;-)

    ReplyDelete
  6. keralathil illathoru vaayikkatte.. adi enthayalum urappaa appo kannum pootti post cheytho lidee :D

    ReplyDelete
  7. മിഴാവും നന്ദുണിയും ഈ മഴയിലുണ്ട്....

    ReplyDelete