Monday, November 15, 2010

ഭാര്യയുടെ എഫ്.ബി സുഹൃത്തിന്‌

പത്മയെക്കുറിച്ചാണ്‌ എഴുതാനുള്ളത്. അതിനർത്ഥം ഞാൻ പത്മയല്ല എന്നാണ്‌.

ഞാൻ ശ്രീ ഹരിയാണ്‌.

കഴിഞ്ഞ മൂന്ന് മാസങ്ങളായി പത്മയുടേതായി നിങ്ങൾക്ക് വരുന്ന സന്ദേശങ്ങളും മറുപടികളും ഞാനാണ്‌ എഴുതിയത്. അവളാണെനിക്ക് ഒരോ വാക്കുക്കളും പറഞ്ഞ് തരാറുള്ളത്.

ഒരോ വാക്കിനും വേണ്ടി അവളെ ധ്യാനിച്ച്, ധ്യാനിച്ച്..പക്ഷേ ഇനി വയ്യ. എന്നെക്കുറിച്ചുള്ള തിരിച്ചറിവിന്റെ നഗ്നതയിൽ ഞാൻ തളർന്ന് പോകുന്നു..ഇനി വയ്യ.

പത്മ മരിച്ചിട്ട് ഇന്നത്തേക്ക് മൂന്ന് മാസം. എന്റെ അരികത്ത് കിടന്നാണ്‌ അവൾ അതെല്ലാം ചെയ്തത്. ഞാനുറങ്ങിപ്പോയിരുന്നു..ദിവസങ്ങളോളം ഉറങ്ങാതിരുന്നിട്ട് അന്നെന്തോ ഒന്നുമറിയാതെ ഉറങ്ങിപ്പോയി. എന്റെ മുഖത്തേക്ക് നനവ് പടരുന്നതെന്തെന്നോർത്ത് പതുക്കെ പതുക്കെ കണ്ണു തുറക്കുകയായിരുന്നു...അവളുടെ രക്തം.അവളെന്നോട് യാത്ര ചോദിച്ചതങ്ങനെ..വലത് കൈത്തണ്ടയിലെ ഞരമ്പുകളിലൊന്ന് ഒരു പീശാങ്കത്തി കൊണ്ട് മുറിച്ച്..ഒരു പിടച്ചലുമില്ലാതെ...അതോ അവൾ ഏറെ നേരം പിടഞ്ഞിരുന്നോ?

അവൾ സ്വയം ചെയ്തതാണ്‌ ഇതെല്ലാം.
ആ ദിവസങ്ങളിൽ ഞാനവളുടെ മരണമാഗ്രഹിച്ചു എന്നത് നേര്‌. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഒരു തലയിണ കൊണ്ട് ശ്വാസം മുട്ടിച്ചിരുന്നു അവളെ.ശബ്ദമേതുമില്ലാത്ത പിടച്ചൽ കണ്ടപ്പോൾ മതിയാക്കി.

നിങ്ങളാണ്‌ കാരണം.
നിങ്ങളയക്കാറുള്ള സന്ദേശങ്ങൾ.

അവളതിനു കൊടുക്കാറുള്ള പ്രാധാന്യവും.ഞങ്ങളൊരുമിച്ചിരിക്കുന്നതിനിടെ എത്രപ്രാവശ്യമാണെന്നോ അവൾ നിങ്ങളെ ഓർത്ത് എഴുന്നേറ്റ് പോയത്. അതിനുമാത്രം നിങ്ങൾ അവളോട് കാണിച്ചതെന്താണ്‌? അവൾക്ക് കൊടുത്തതെന്താണ്‌?

എനിക്ക് അവൾ മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ.. എന്നിട്ടും........

സംസാരിക്കാനും കേൾക്കാനും കഴിയാത്ത കുട്ടിയോടുള്ള സഹതാപം കൊണ്ടൊന്നുമല്ല ഞാൻ പത്മയെ സ്നേഹിച്ചതും കല്യാണം കഴിച്ചതും. ഞാൻ പറയുന്നത് മാത്രം കേൾക്കാൻ കഴിയുന്ന .. എന്നോട് മാത്രം മിണ്ടാൻ കഴിയുന്ന ..മറ്റാരുമായും ബന്ധങ്ങളില്ലാത്ത ഒരാളെയായിരുന്നു എനിക്ക് വേണ്ടിയിരുന്നത്....എല്ലാനേരവും അവൾ എന്നെമാത്രം ഓർക്കണം എന്നുള്ളത് കൊണ്ട്.. ഞാനല്ലാതെ മറ്റാരും അവളെ അറിയാനിടയാവരുതെന്നാഗ്രഹിച്ചത് കൊണ്ട്.. അവൾക്ക് സുഹൃത്തുക്കൾ ഇല്ലായിരുന്നു..സോഷ്യൽ നെറ്റ് വർക്കിൽ വരുന്നത് വരെ.അവളുടെ എഫ് ബി അക്കൊണ്ടിൽ പക്ഷേ സുഹൃത്തുക്കളുടെ എണ്ണം എത്രവേഗത്തിലാണ്‌ കൂടിയത്...നിങ്ങൾ എന്ത് കണ്ടിട്ടാണ്‌..??

എന്നെ അതെത്ര അസ്വസ്ഥപ്പെടുത്തി എന്നറിയാമോ..ഞങ്ങളൊന്നിച്ചിരിക്കുമ്പോഴും അവൾ നിങ്ങളെക്കുറിച്ചാണ്‌ ഓർത്തിരുന്നത്..തിരക്ക് പിടിച്ച് അവൾ ലാപ്ടോപ്പിനു മുന്നിലേക്ക് പോകുമ്പോഴേ എനിക്ക് അരിശം തോന്നും.. അവൾ കൈവിരലുകൾ കൊണ്ട് നിങ്ങളോട് സംസാരിച്ച് തുടങ്ങുന്നത് എന്നെ അവഗണിച്ചാണെന്ന് നിങ്ങളും അറിഞ്ഞില്ല.അവളും അറിഞ്ഞില്ല..

അവൾ എഴുതാറുള്ള സന്ദേശങ്ങളും മറുപടികളും ഞാൻ കണ്ടിട്ടുണ്ട്..അവളെഴുതുന്നത് എന്നില്‍ നിന്ന് മറച്ചു വയ്ക്കാറൊന്നും ഉണ്ടായിരുന്നില്ല. എന്നാലും എനിക്ക് തോന്നും ഞാനില്ലാത്തെപ്പോള്‍ അവള്‍ക്ക് മറ്റുവല്ല സന്ദേശങ്ങളും വരുന്നുണ്ടോ എന്ന്. ചിലതവള്‍ ഞാന്‍ കാണാതെ മായ്ച്ചു കളയുന്നുണ്ടോയെന്ന്...

ഇത്രമാത്രം സ്നേഹം നിറച്ച് വാക്കുകൾ എഴുതിയിടാൻ നിങ്ങൾ അവൾക്കാരാണ്‌..നിങ്ങളോട് പ്രണയത്തെക്കുറിച്ചൊക്കെ പറയാൻ മാത്രം..എനിക്ക് കിട്ടേണ്ടതാണ്‌ നിങ്ങൾ തട്ടിയെടുക്കാൻ നോക്കുന്നത്... അവൾക്ക് മിണ്ടാനും കേൾക്കാനും കഴിയില്ലെന്ന് നിങ്ങളറിഞ്ഞില്ല അല്ലേ? അവളുടെ വിരലുകൾകൊണ്ടുള്ള സംസാരത്തിൽ നിങ്ങൾ സ്വയം മറക്കാറുണ്ടല്ലേ?

നിങ്ങളെയൊക്കെ പരിചയപ്പെടുന്നതിനു മുൻപ് എല്ലാസ്നേഹവും കിട്ടിയത് എനിക്ക് മാത്രം..

എന്റെ ചുണ്ടിൽ വിരലുകൾ ചേർത്ത് പിടിച്ച് അവൾ കേൾക്കും..എന്റെ തുപ്പൽ മഷിയിൽ വിരൽമുക്കി അവൾ തോളിൽ എഴുതിയിടും..
വല്ലാതെ സ്നേഹം തോന്നുമ്പോൾ ഇടത്തേകഴുത്തിൽ പല്ലമർത്തി നാവ്കൊണ്ട് വരയ്ക്കും ..എനിക്ക് മാത്രം വായിക്കാൻ കഴിയുന്ന കുഞ്ഞുകുഞ്ഞു അക്ഷരങ്ങൾ..

നിങ്ങൾ വന്നതിനു ശേഷം എല്ലാറ്റിലും കുറവ് വന്നില്ലേ... എന്നോട് പോലും സംസാരിക്കാൻ അവൾ ടൈപ്പിംഗ് തുടങ്ങി..അപ്പോൾ ആരായി ഞാനവൾക്ക്? നിങ്ങളെപ്പോലൊരാൾ..

അതുകൊണ്ടൊക്കെയാണ്‌ എന്റെ മനസ്സിൽ കലാപം തുടങ്ങിയത്..അവളോട് കലഹിച്ചുതുടങ്ങിയത്...അവളെ കൊന്നുകളഞ്ഞാലോ എന്ന് പോലും ആലോചിച്ചത്.. അവളുടെ മരണമാഗ്രഹിച്ചത്..

സുഹൃത്തേ അവളുടെ മരണശേഷം അവള്‍ക്കായ് നിങ്ങളയച്ച സന്ദേശങ്ങള്‍ ഞാന്‍ വായിച്ചു. ഞാന്‍ ഭയന്നതൊന്നും അതിലില്ലെന്നും മനസ്സിലായി.നിങ്ങളെ എനിക്ക് ഇഷ്ടപ്പെടാതിരിക്കാന്‍ കാരണങ്ങളുമില്ല.

എങ്കിലും ഇനി വയ്യ. ഇനി നിങ്ങൾക്കിടയിൽ പത്മയും അവളുടെ സന്ദേശങ്ങളുമില്ല..കഴിഞ്ഞ മൂന്ന് മാസങ്ങളായി ഞാനാണ്‌ അവളുടേതായി നിങ്ങൾക്ക് മറുപടികളയച്ചത്... ....അവൾ തെറ്റൊന്നും ചെയ്തില്ലെന്നും നിങ്ങൾ തെറ്റായൊന്നും ആഗ്രഹിച്ചില്ലെന്നും കൂടുതൽ കൂടുതൽ തിരിച്ചറിയാൻ ഇനി വയ്യ..

നിങ്ങൾക്കിടയിൽ ഇനി പത്മ വേണ്ട..അവളിനി എന്റേത് മാത്രമാണ്‌...
എന്റെ കഴുത്തിൽ അവളുടെ ചുണ്ടുകൾ അമരുന്നത് ഞാനറിയുന്നു..അവൾ എന്നോട് ക്ഷമിച്ചതായി നാവുകൊണ്ട് എഴുതുന്നതും ഞാനറിയുന്നു..അവളുടെ തുപ്പൽമഷിയിൽ എനിക്കായ് മാത്രമുള്ള അക്ഷരങ്ങൾ......

നിങ്ങൾ കണ്ണടച്ചേക്കുക..അവളിനി എന്റേത് മാത്രമാണ്‌...

25 comments:

 1. സോഷ്യൽ നെറ്റ് വർക്കിങ്, അസൂയാകലുഷിതമായ ഒരന്തരീക്ഷം ഉണ്ടാകുന്നുണ്ട്, ദാമ്പത്യങ്ങളിൽ. എന്നോടു മാത്രം മിണ്ടു,ന്ന എന്നെ മാത്രം സ്നേഹിക്കുന്ന- അത്തരമൊരു പെൺകൂട്ടിനെ സോഷ്യൽ നെറ്റ് വർക്കുകൾ ഇല്ലാതാകുന്നു. വെറും സൌഹൃദങ്ങൾ പോലും അവൾക്കുണ്ടാകുന്നത് സഹിക്കാനവനാകില്ലെന്ന അറിവ് ഒരു നടുക്കത്തിലൂടെ പകരുന്നുണ്ട് ഈ കഥ! അബ്സ്ട്രാക്റ്റ് ഫിലോസഫിയെപ്പോലെ തലവേദനയുണ്ടാക്കാത്ത അത്യുഗ്രനൊരു കഥ ലിഡിയാ!

  ReplyDelete
 2. നന്നായി കഥ. ഉത്താരാധുനികതയിലെ....പുതു തലമുറയോട് സംവദിക്കുന്ന കഥ .ഭാഷയും കൊള്ളാം .

  ReplyDelete
 3. സോഷ്യൽ നെറ്റ് വർക്കിംങ് നൽകുന്ന തിന്മയിൽ കുടുങ്ങുന്ന നന്മയെ കുറിച്ചോർത്ത്…..
  കാമ്പുള്ള കഥ
  വർത്തമാനകാലം സ്പ്ന്ദിക്കുന്ന കഥ.
  ആശംസകൾ………

  ReplyDelete
 4. ഇനി ശ്രീ ഹരിയെ കൊല്ലുന്ന പത്മയുടെ കഥ പറ.

  ReplyDelete
 5. നല്ല കഥ.

  ‌(സൻജ്ജുവിന്റെ കമന്റും ചിന്തനീയം!)

  ReplyDelete
 6. ഇത് തന്നെ പത്മ കൊന്ന ശ്രീഹരിയുടെ കഥ; അല്ലേ ലിഡിയ?

  ReplyDelete
 7. നല്ല കഥ.. നന്നായി സംവേദനം ചെയ്യുന്നു.. ആശംസകള്‍...

  ReplyDelete
 8. Pathmayku vendi... Ithu nalla kadhayaanu . Aashamsakal.

  ReplyDelete
 9. വീണ്ടും നല്ലൊരു കഥയുമായി ‘വീണ്ടും’ ലിഡിയ.. :-)

  പത്മയോടൊപ്പം ശ്രീഹരിയും മരിച്ച് കഴിഞ്ഞില്ലേ?

  ReplyDelete
 10. ഇപ്പോഴാണ് ലിഡിയയുടെ ബ്ലോഗ്‌ കാണുന്നത്. ബ്ലോഗ്‌ വഴിയിലെ വ്യത്യസ്തമായ ഒരു കാഴ്ച.
  തനതായ ഒരു ശൈലി ലിഡിയ കൈവരിച്ചിരിക്കുന്നു.അഭിനന്ദനങ്ങള്‍ .
  തുറന്നു പറയട്ടെ, ഈ കഥ അത്രയ്ക്കങ്ങോട്ട് വന്നില്ല. ഇനിയും ഒരുപാട് എഴുതുക. ആശംസകളോടെ ......

  ReplyDelete
 11. സംഗതി വളരെ ഇഷ്ടമായി..
  നിങ്ങൾ കണ്ണടച്ചേക്കുക..അവളിനി എന്റേത് മാത്രമാണ്‌...

  ReplyDelete
 12. എനിക്കുമിഷ്ടമായി ഈ വായന.

  ReplyDelete
 13. ശ്രീ മാഷേ, രാജേഷ് ജി:
  നന്ദി.
  പക്ഷേ “അബ്സ്ട്രാക്റ്റ് ഫിലോസഫി“ ഇനി പറയില്ലെന്ന് ഉറപ്പ് തരാനൊന്നും പറ്റില്ല.
  ;-)
  @ സോണ, സാദ്ദിഖ്, ഹാഷിം,ആദൃതന്‍ ,ഒഴാക്കന്‍.,
  മൈലാഞ്ചി, സുജിത്, കുമാരന്‍,സ്മിത
  വായനയ്ക്ക് നന്ദി
  @ ദൈവം, സുചന്ദ്,ജയന്‍
  ഇത് പത്മയുടെയും ശ്രീഹരിയുടെയും മരണമില്ലാത്ത ജീവിതത്തിന്റെ കഥ.

  @പാവം വൈദ്യന്‍:
  ബ്ലോഗിലേക്ക് നിറഞ്ഞ സ്വാഗതം.
  അഭിപ്രായങ്ങള്‍ക്ക് നന്ദി.കൂടുതല്‍ കൂടുതം സ്വയം മെച്ചപ്പെടുത്തണമെന്നാണാഗ്രഹം.

  ReplyDelete
 14. എഫ്.ബി. യുടെ മറ്റൊരു മുഖം ചൂണ്ടിക്കാണിക്കുന്ന ഈ പോസ്റ്റ് വളരെ നന്നായിട്ടുണ്ട്. ഗൗരവമേറിയ, സമകാലീന പ്രസക്തിയുള്ള ഈ വിഷയത്തെ ഹ്യദയഹാരിയായ ഒരു കഥയുടെ രൂപത്തിൽ അവതരിപ്പിച്ച ലിഡിയയ്ക്ക് അഭിനന്ദനങ്ങൾ...

  ReplyDelete
 15. ishtaayi orupaadu,adyamayanivide..ini varaam...idakidakk

  ReplyDelete
 16. സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലെ പ്രൊഫൈലുകള്‍ ജീവനുള്ള കഥാപാത്രങ്ങളാകുന്ന കഥ!......... ഏറെ ഇഷ്ടപ്പെട്ടൂ

  ReplyDelete
 17. വളരെ നല്ല കഥ. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്, ഒരു കുടുംബ ബന്ധത്തെ ഇങ്ങനെയും ബാധിക്കാം എന്ന് വളരെ ലളിതമായ ഭാഷയില്‍ പറഞ്ഞതിന് ഒരായിരം അഭിനന്ദനങ്ങള്‍..!!!

  ReplyDelete