Monday, November 29, 2010

ഇന്നലെ വൈകുന്നേരം

ഗൗതമന്റെ കൂടെയായിരുന്നു ഇന്നലെ വൈകുന്നേരം.ഒരു നിബന്ധനയോടെയാണ്‌ കാണാൻ വരാമെന്ന് സമ്മതിച്ചത്:

“ ഓർമ്മകളിലേക്ക് മടങ്ങരുത്.വ്യാകുലപ്പെടാൻ മാത്രമാണെങ്കിൽ ഭാവിയെക്കുറിച്ചും ചിന്തിച്ച് പോകരുത്.വർത്തമാനത്തിൽ ജീവിക്കണം.“
കഠിനമാണെന്ന് ഉത്തരം കൊടുത്തു.എന്നാലും ശ്രമിച്ച് നോക്കാമെന്ന് വാഗ്ദാനവും.

കാണേണ്ടത് എന്റെ ആവശ്യം!അത്രയേറേ ഉണ്ടായിരുന്നു കേൾക്കാൻ.
തിരിച്ചു പറയാൻ ഒന്നുമുണ്ടാവില്ലെന്ന് ഉറപ്പിച്ചു:

ഒരു ഓർമ്മത്തോടും പൊട്ടിക്കാതെ
ഒരു സ്വപ്നവിത്തും മുളപ്പിക്കാതെ
എത്രനേരം വർത്തമാനത്തിന്റെ ചക്രമുരുട്ടും?

കണ്ടപ്പോൾ പതിവ് പോലെ ഓർമ്മകൾ തന്നെ, എനിക്ക്.
പറയാതെ പോയ കാര്യങ്ങൾ.
ഈ മനുഷ്യൻ ഒരു കാലത്ത് എനിക്ക് ഒരു പ്രണയ രഹസ്യം പറഞ്ഞ് തന്നിട്ടുണ്ട്, അതിങ്ങനെയാണ്‌:

“ നിന്നെ പ്രണയിക്കുകയൊന്നുമില്ല ഞാൻ. പ്രണയിച്ചാലും അത് നിന്നോട് പറയുകയുമില്ല.
പ്രണയം തോന്നിയാൽ അതെന്ത് കൊണ്ടെന്ന് ഞാനന്വേഷിക്കും. ആ കാരണങ്ങളിലൂടെ,ആ നന്മയിലൂടെ, കഴിയുന്നത്ര കവാത്തു നടത്തും..ആവർത്തനം കൊണ്ട് ആ പ്രണയവും എനിക്ക് വിരസമാകും, അങ്ങനെ  ഞാനത് പറയാതെ രക്ഷപ്പെടും.പ്രണയത്തെ പ്രസവിച്ചു കളയുന്നതിനേക്കാൾ അതിന്റെ ഗർഭാലസ്യം അനുഭവിക്കാനാണ്‌ എനിക്കിഷ്ടം. “

ഇപ്പോഴും പ്രണയം തോന്നുന്നവരോടൊക്കെ ഇതേ നയമാണ്‌ ഞാനും പാലിക്കുന്നത് എന്നെങ്കിലും പറയണമെന്ന് തോന്നി.
പറഞ്ഞില്ല.പകരം ഗൗതമനു ഓർമ്മകൾ നിഷിദ്ധമാണെന്ന മുന്നറിയിപ്പിനെക്കുറിച്ച് മാത്രം ഓർത്തു!

കടല്‍ ഇരുവശങ്ങളിലായി കാവല്‍ നിന്ന കരയില്‍, ആകാശം നോക്കി, സംസാരിക്കുന്നതത്രയും കേട്ടിരുന്നു. ഇപ്പോഴും ഗൗതമനു വലിയ മാറ്റമൊന്നുമില്ല.


ഒരു വശത്തെ കടലിനുമീതേ അസ്തമിക്കുന്ന സൂര്യനും മറുവശത്തെ ആകാശത്ത് ഉദിച്ച് തുടങ്ങിയ ചന്ദ്രനും.
'നീയും ഞാനും'.ഞാൻ പറഞ്ഞില്ല.' നമ്മളെന്നും ഒരേ ആകാശത്തിലെ രണ്ടിടങ്ങളിലാണ്‌, ഉദയത്തിലും അസ്തമനത്തിലും മുഖത്തോട് മുഖം കാണാമെന്ന് മാത്രം.'

അവൻ നിറയെ സംസാരിച്ചു..പിന്നെ ആകാശത്തിലെ നിറങ്ങളൊരോന്നും  നൂലിഴതിരിച്ച് എന്റെ ഉള്ളം കയ്യില്‍ വെച്ചുതന്നു. എത്രയെത്ര നിറങ്ങള്‍..
'ഇത്രയും ചായക്കൂട്ടുകള്‍ ആര്‍ക്ക് വേണ്ടിയാകണം ഒരുക്കിവെച്ചത്...
ആരുടെ വിരല്‍ത്തുമ്പാവണം കാറ്റിന്റെ നിഴല്‍ വരച്ചെടുക്കുന്നത്...
ആരുടെ മടിയിലാണ് ഒരു കുഞ്ഞായി മുഖമമര്‍ത്തേണ്ടത്..
ആരിലാണ് ഞാന്‍ ഞാനാകേണ്ടത്..' അവന്റെ ശബ്ദം ഞാനാഗ്രഹിച്ചിടത്തോളം കേട്ടു.

മറ്റൊന്നിലേക്കും വഴുതിപ്പോകാതെ ,ശ്വാസവേഗത്തോടൊപ്പം ,മാറുന്ന നിറങ്ങളോടൊപ്പം , ഒരു വൈകുന്നേരം.
അവനിലെ കവിതകളില്‍ മോഹിച്ച്, വാക്കുകളെക്കൊണ്ട് സര്‍ക്കസ്സ് കാട്ടുന്നെന്ന് ആരെക്കൊണ്ടും പറയിപ്പിക്കാതെ ,എനിക്കും കവിതകളെഴുതണെന്ന് ആഗ്രഹിച്ചു.

“ വാക്കുകളെക്കൊണ്ടുള്ള സര്‍ക്കസ്സാണെങ്കില്‍ അതിലെ കോമാളി തന്നെ ആയിക്കൊള്ളൂ “എന്ന് അപ്പോഴവന്റെ ദയവില്ലാത്തെ മറുപടി.

ഓര്‍മ്മകള്‍ക്കും സ്വപ്നങ്ങള്‍ക്കും സങ്കല്പങ്ങള്‍ക്കും അല്ലാതെ മറ്റൊന്നിനും എന്നില്‍ ശബ്ദമായിമാറാന്‍ കഴിവില്ലെന്നറിയാവുന്നതു കൊണ്ട് മിണ്ടാതിരിരുന്നു.
കഴിഞ്ഞുപോയ സംഭവങ്ങളിലേക്കും വരാനിരിക്കുന്നതിലേക്കും ഒരൊറ്റശബ്ദം കൊണ്ട് പോലും , സ്പർശിക്കാതെ എങ്ങനെ ഏറെനേരം സംസാരിക്കാൻ കഴിയും?

കുറെക്കഴിയുമ്പോൾ ഞാനും തത്ത്വചിന്ത പറഞ്ഞ് തുടങ്ങുമോ, അറിയില്ല.. .
ഞാനൊരു സാധാരണ പെണ്ണ്.!

ശ്വാസോച്ഛാസത്തേയും ചിന്തകളേയും ഒരേ നൂലുകൊണ്ട് കെട്ടിയിടാന്‍
എനിക്കെങ്ങനെ സാധിക്കും?


Thursday, November 25, 2010

മഴയ്ക്ക് മാത്രം കാട്ടിത്തരാവുന്നൊരിടത്ത്

തീവ്രപ്രതികരണമുള്ള മാപിനിയിലെ അളവ് ദ്രവം പോലെയാണ്‌ മഴയിൽ എന്റെ ചിന്തകൾ.
ആകാശത്ത് മഴയുടെ തുടക്കം എവിടെനിന്നാണ്‌?

മഴയിൽ
കാറ്റ് കുരുങ്ങുന്നത്..പതിയെ തെന്നിമാറുന്നത്..തണുപ്പിക്കുന്നത്...
മഴയിൽ മുഖങ്ങൾ നിറയുന്നത്
സംഗീതമുണ്ടാകുന്നത്
മഴ നിറമണിയുന്നത്
എങ്ങനെയാണ്‌?

മഴയിൽ ശിലകൾ ഉറവകളാകുന്നത്..
ഉറവകളിൽ തണുപ്പ് കുടിയിരിക്കുന്നത്..
തണുപ്പ് മഴയിലേക്ക് മടങ്ങുന്നത്..

രാത്രിത്തണുപ്പിന്‌
പുതപ്പാകുന്നതും മഴ തന്നെ..

മഴ പെയ്യുന്ന
മഞ്ഞ വെളിച്ചമുള്ള
കാറ്റലയുന്ന
രാത്രികളിൽ
ഉറങ്ങാതിരിക്കണം..

സ്വയം നഷ്ടപ്പെട്ട് യാത്ര ചെയ്യണം..
മഴയിൽ
മഴയോടൊപ്പം..

മഴയാത്രകളിൽ
കാറ്റ് എനിക്ക് നടപ്പാതകളും
ഇലകൾ എനിക്ക് ദിശാസൂചിയുംകടം തരും..
എനിക്ക് ഗന്ധങ്ങളുടെ തിരിച്ചറിവുകളിലൂടെ
കാഴ്ചകളുടെ നിറവിലൂടെ
അപരിചിതങ്ങളായ പാതയോരങ്ങൾ കൈവരും..

മഴ,
ഒരു ദീർഘയാത്രയും
യാത്രിയും
യാത്രയിലെ കാഴ്ചകളും
ദൃഷ്ടിയും
നിറവും
ആണ്‌..

മഴ ഒരു ഗോവണിയാണ്‌..
അല്ലെങ്കിൽ കുരുന്നു വിരലിലെ പട്ടത്തിന്റെ ചരടാണ്‌...

മഴയുടെ അതിരുകൾ തിരഞ്ഞുള്ള യാത്ര,
ഒരു ചെറുപ്രാണിയുടെ ദൂരത്തിനു സമം,
അതിന്റെ വേഗതപോലെ പരിഹാസ്യം...

മഴ വീണ നിലങ്ങളിൽ വെയിൽ നിറഞ്ഞതും
പിന്നെ വെയിൽ മാഞ്ഞ് തണലുണ്ടായി
തണൽ മേഘങ്ങളായി.
മഴയായി.

മഴ
പതിയെ പതിയെ
സങ്കടപ്പെടുത്തുന്നതും
വിഫലമാകുന്നതും
നിശ്ചലമാകുന്നതും
നിറങ്ങൾ മായുന്നതും

രാത്രിയിൽ മഴ ഒടുങ്ങുമ്പോൾ ,
ശബ്ദങ്ങൾ മാത്രം ബാക്കിയാകുന്നതും
കാറ്റ് നനഞ്ഞ് മണ്ണിലേക്ക് വീണ്‌
ഉറവകളായി വീണ്ടും കുതിർന്നതും
ഓർമ്മവരുന്നു.

ഇലകളിലൂടെ മണ്ണിനു മീതേ മഴയുടെ പുനർജ്ജനികൾ.
(എന്റെ ഡയറി -ജൂണ്‍2000)

Monday, November 15, 2010

ഭാര്യയുടെ എഫ്.ബി സുഹൃത്തിന്‌

പത്മയെക്കുറിച്ചാണ്‌ എഴുതാനുള്ളത്. അതിനർത്ഥം ഞാൻ പത്മയല്ല എന്നാണ്‌.

ഞാൻ ശ്രീ ഹരിയാണ്‌.

കഴിഞ്ഞ മൂന്ന് മാസങ്ങളായി പത്മയുടേതായി നിങ്ങൾക്ക് വരുന്ന സന്ദേശങ്ങളും മറുപടികളും ഞാനാണ്‌ എഴുതിയത്. അവളാണെനിക്ക് ഒരോ വാക്കുക്കളും പറഞ്ഞ് തരാറുള്ളത്.

ഒരോ വാക്കിനും വേണ്ടി അവളെ ധ്യാനിച്ച്, ധ്യാനിച്ച്..പക്ഷേ ഇനി വയ്യ. എന്നെക്കുറിച്ചുള്ള തിരിച്ചറിവിന്റെ നഗ്നതയിൽ ഞാൻ തളർന്ന് പോകുന്നു..ഇനി വയ്യ.

പത്മ മരിച്ചിട്ട് ഇന്നത്തേക്ക് മൂന്ന് മാസം. എന്റെ അരികത്ത് കിടന്നാണ്‌ അവൾ അതെല്ലാം ചെയ്തത്. ഞാനുറങ്ങിപ്പോയിരുന്നു..ദിവസങ്ങളോളം ഉറങ്ങാതിരുന്നിട്ട് അന്നെന്തോ ഒന്നുമറിയാതെ ഉറങ്ങിപ്പോയി. എന്റെ മുഖത്തേക്ക് നനവ് പടരുന്നതെന്തെന്നോർത്ത് പതുക്കെ പതുക്കെ കണ്ണു തുറക്കുകയായിരുന്നു...അവളുടെ രക്തം.അവളെന്നോട് യാത്ര ചോദിച്ചതങ്ങനെ..വലത് കൈത്തണ്ടയിലെ ഞരമ്പുകളിലൊന്ന് ഒരു പീശാങ്കത്തി കൊണ്ട് മുറിച്ച്..ഒരു പിടച്ചലുമില്ലാതെ...അതോ അവൾ ഏറെ നേരം പിടഞ്ഞിരുന്നോ?

അവൾ സ്വയം ചെയ്തതാണ്‌ ഇതെല്ലാം.
ആ ദിവസങ്ങളിൽ ഞാനവളുടെ മരണമാഗ്രഹിച്ചു എന്നത് നേര്‌. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഒരു തലയിണ കൊണ്ട് ശ്വാസം മുട്ടിച്ചിരുന്നു അവളെ.ശബ്ദമേതുമില്ലാത്ത പിടച്ചൽ കണ്ടപ്പോൾ മതിയാക്കി.

നിങ്ങളാണ്‌ കാരണം.
നിങ്ങളയക്കാറുള്ള സന്ദേശങ്ങൾ.

അവളതിനു കൊടുക്കാറുള്ള പ്രാധാന്യവും.ഞങ്ങളൊരുമിച്ചിരിക്കുന്നതിനിടെ എത്രപ്രാവശ്യമാണെന്നോ അവൾ നിങ്ങളെ ഓർത്ത് എഴുന്നേറ്റ് പോയത്. അതിനുമാത്രം നിങ്ങൾ അവളോട് കാണിച്ചതെന്താണ്‌? അവൾക്ക് കൊടുത്തതെന്താണ്‌?

എനിക്ക് അവൾ മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ.. എന്നിട്ടും........

സംസാരിക്കാനും കേൾക്കാനും കഴിയാത്ത കുട്ടിയോടുള്ള സഹതാപം കൊണ്ടൊന്നുമല്ല ഞാൻ പത്മയെ സ്നേഹിച്ചതും കല്യാണം കഴിച്ചതും. ഞാൻ പറയുന്നത് മാത്രം കേൾക്കാൻ കഴിയുന്ന .. എന്നോട് മാത്രം മിണ്ടാൻ കഴിയുന്ന ..മറ്റാരുമായും ബന്ധങ്ങളില്ലാത്ത ഒരാളെയായിരുന്നു എനിക്ക് വേണ്ടിയിരുന്നത്....എല്ലാനേരവും അവൾ എന്നെമാത്രം ഓർക്കണം എന്നുള്ളത് കൊണ്ട്.. ഞാനല്ലാതെ മറ്റാരും അവളെ അറിയാനിടയാവരുതെന്നാഗ്രഹിച്ചത് കൊണ്ട്.. അവൾക്ക് സുഹൃത്തുക്കൾ ഇല്ലായിരുന്നു..സോഷ്യൽ നെറ്റ് വർക്കിൽ വരുന്നത് വരെ.അവളുടെ എഫ് ബി അക്കൊണ്ടിൽ പക്ഷേ സുഹൃത്തുക്കളുടെ എണ്ണം എത്രവേഗത്തിലാണ്‌ കൂടിയത്...നിങ്ങൾ എന്ത് കണ്ടിട്ടാണ്‌..??

എന്നെ അതെത്ര അസ്വസ്ഥപ്പെടുത്തി എന്നറിയാമോ..ഞങ്ങളൊന്നിച്ചിരിക്കുമ്പോഴും അവൾ നിങ്ങളെക്കുറിച്ചാണ്‌ ഓർത്തിരുന്നത്..തിരക്ക് പിടിച്ച് അവൾ ലാപ്ടോപ്പിനു മുന്നിലേക്ക് പോകുമ്പോഴേ എനിക്ക് അരിശം തോന്നും.. അവൾ കൈവിരലുകൾ കൊണ്ട് നിങ്ങളോട് സംസാരിച്ച് തുടങ്ങുന്നത് എന്നെ അവഗണിച്ചാണെന്ന് നിങ്ങളും അറിഞ്ഞില്ല.അവളും അറിഞ്ഞില്ല..

അവൾ എഴുതാറുള്ള സന്ദേശങ്ങളും മറുപടികളും ഞാൻ കണ്ടിട്ടുണ്ട്..അവളെഴുതുന്നത് എന്നില്‍ നിന്ന് മറച്ചു വയ്ക്കാറൊന്നും ഉണ്ടായിരുന്നില്ല. എന്നാലും എനിക്ക് തോന്നും ഞാനില്ലാത്തെപ്പോള്‍ അവള്‍ക്ക് മറ്റുവല്ല സന്ദേശങ്ങളും വരുന്നുണ്ടോ എന്ന്. ചിലതവള്‍ ഞാന്‍ കാണാതെ മായ്ച്ചു കളയുന്നുണ്ടോയെന്ന്...

ഇത്രമാത്രം സ്നേഹം നിറച്ച് വാക്കുകൾ എഴുതിയിടാൻ നിങ്ങൾ അവൾക്കാരാണ്‌..നിങ്ങളോട് പ്രണയത്തെക്കുറിച്ചൊക്കെ പറയാൻ മാത്രം..എനിക്ക് കിട്ടേണ്ടതാണ്‌ നിങ്ങൾ തട്ടിയെടുക്കാൻ നോക്കുന്നത്... അവൾക്ക് മിണ്ടാനും കേൾക്കാനും കഴിയില്ലെന്ന് നിങ്ങളറിഞ്ഞില്ല അല്ലേ? അവളുടെ വിരലുകൾകൊണ്ടുള്ള സംസാരത്തിൽ നിങ്ങൾ സ്വയം മറക്കാറുണ്ടല്ലേ?

നിങ്ങളെയൊക്കെ പരിചയപ്പെടുന്നതിനു മുൻപ് എല്ലാസ്നേഹവും കിട്ടിയത് എനിക്ക് മാത്രം..

എന്റെ ചുണ്ടിൽ വിരലുകൾ ചേർത്ത് പിടിച്ച് അവൾ കേൾക്കും..എന്റെ തുപ്പൽ മഷിയിൽ വിരൽമുക്കി അവൾ തോളിൽ എഴുതിയിടും..
വല്ലാതെ സ്നേഹം തോന്നുമ്പോൾ ഇടത്തേകഴുത്തിൽ പല്ലമർത്തി നാവ്കൊണ്ട് വരയ്ക്കും ..എനിക്ക് മാത്രം വായിക്കാൻ കഴിയുന്ന കുഞ്ഞുകുഞ്ഞു അക്ഷരങ്ങൾ..

നിങ്ങൾ വന്നതിനു ശേഷം എല്ലാറ്റിലും കുറവ് വന്നില്ലേ... എന്നോട് പോലും സംസാരിക്കാൻ അവൾ ടൈപ്പിംഗ് തുടങ്ങി..അപ്പോൾ ആരായി ഞാനവൾക്ക്? നിങ്ങളെപ്പോലൊരാൾ..

അതുകൊണ്ടൊക്കെയാണ്‌ എന്റെ മനസ്സിൽ കലാപം തുടങ്ങിയത്..അവളോട് കലഹിച്ചുതുടങ്ങിയത്...അവളെ കൊന്നുകളഞ്ഞാലോ എന്ന് പോലും ആലോചിച്ചത്.. അവളുടെ മരണമാഗ്രഹിച്ചത്..

സുഹൃത്തേ അവളുടെ മരണശേഷം അവള്‍ക്കായ് നിങ്ങളയച്ച സന്ദേശങ്ങള്‍ ഞാന്‍ വായിച്ചു. ഞാന്‍ ഭയന്നതൊന്നും അതിലില്ലെന്നും മനസ്സിലായി.നിങ്ങളെ എനിക്ക് ഇഷ്ടപ്പെടാതിരിക്കാന്‍ കാരണങ്ങളുമില്ല.

എങ്കിലും ഇനി വയ്യ. ഇനി നിങ്ങൾക്കിടയിൽ പത്മയും അവളുടെ സന്ദേശങ്ങളുമില്ല..കഴിഞ്ഞ മൂന്ന് മാസങ്ങളായി ഞാനാണ്‌ അവളുടേതായി നിങ്ങൾക്ക് മറുപടികളയച്ചത്... ....അവൾ തെറ്റൊന്നും ചെയ്തില്ലെന്നും നിങ്ങൾ തെറ്റായൊന്നും ആഗ്രഹിച്ചില്ലെന്നും കൂടുതൽ കൂടുതൽ തിരിച്ചറിയാൻ ഇനി വയ്യ..

നിങ്ങൾക്കിടയിൽ ഇനി പത്മ വേണ്ട..അവളിനി എന്റേത് മാത്രമാണ്‌...
എന്റെ കഴുത്തിൽ അവളുടെ ചുണ്ടുകൾ അമരുന്നത് ഞാനറിയുന്നു..അവൾ എന്നോട് ക്ഷമിച്ചതായി നാവുകൊണ്ട് എഴുതുന്നതും ഞാനറിയുന്നു..അവളുടെ തുപ്പൽമഷിയിൽ എനിക്കായ് മാത്രമുള്ള അക്ഷരങ്ങൾ......

നിങ്ങൾ കണ്ണടച്ചേക്കുക..അവളിനി എന്റേത് മാത്രമാണ്‌...