Sunday, October 10, 2010

വേനലറുതി


ഇത് മഴയുടെ മൂന്നാം നാൾ.
എന്നിട്ടും ദാഹം മാറാതെ കിട്ടിയതത്രയും വിഴുങ്ങുകയാണ്‌ അംഗരാജ്യം.

അപരിചിതമാണ്‌ ഈ മഴ.
മരങ്ങളൊന്നും ബാക്കിയില്ലാത്തൊരിടത്ത് മേഘങ്ങൾ വിയർക്കുകയാണെന്നേ തോന്നൂ.

പക്ഷേ ആദ്യ ദിവസത്തെ ദുർഗന്ധം മാറിത്തുടങ്ങിയിട്ടുണ്ട്- വേനലിൽ വെന്ത മണ്ണിന്റെ, ശവങ്ങളുടെ, വിസർജ്ജ്യങ്ങളുടെ അസഹനീയമായ ഗന്ധമായിരുന്നു ആദ്യം. മഴ പെയ്ത് തുടങ്ങിയതിന്റെ ആദ്യത്തെ ആഹ്ളാദം കഴിഞ്ഞതിൽ പിന്നെ ആളുകൾ അതിനെക്കുറിച്ചാകണം ആവലാതിപ്പെട്ടത്.

പന്ത്രണ്ട് വർഷം നീണ്ട വേനലിലേക്ക് പെയ്ത് ശീലിക്കുന്ന മേഘങ്ങൾക്ക് നന്ദി.
ആശ്രമത്തിൽ അനിയത്തികുട്ടികളെപ്പോലെ  കൂടെ ഓടിക്കളിച്ച അവർ അംഗരാജ്യത്തും കൂട്ടുവന്നിരിക്കുനു. അല്ലെങ്കിൽ അവസാനത്തെ പ്രതീക്ഷയുമായി കഴിഞ്ഞിരുന്ന ജനക്കൂട്ടം നിരാശകൊണ്ട് ആക്രമിച്ചേനെ.

അറിയാം, ഇതവരുടെ പ്രാർത്ഥനകളുടെ മാത്രം ഫലമാണ്‌.
ഒരു നിയോഗം പോലെ നിമിത്തമായെന്ന് മാത്രം.

അല്ലാതെ അവർ വിശ്വസിക്കുന്നതു പോലെ സ്ത്രീയെ കാണാത്ത, കാമിക്കാത്ത, സ്പർശിക്കാത്ത ഒരാളെയാണ്‌ മേഘങ്ങൾ മഴപെയ്യിക്കാൻ കാത്തിരുന്നതെങ്കിൽ താനും അയോഗ്യൻ തന്നെ. തർക്കശാസ്ത്രത്തിൽ നൈപുണ്യം നേടിയ മനസ്സ് അതോർമ്മിപ്പിക്കുന്നുണ്ട്.

പഠിച്ച പൂജാവിധികളും ശാസ്ത്രങ്ങളുമൊന്നും മഴപെയ്യിക്കാൻ ഫലിക്കാതെ വന്നപ്പോൾ, ലോമപാദമഹാരാജാവിന്റെ ഉപദേശകരാരോ കണ്ടുപിടിച്ചതാകണം ദുർഘടമായ ഈ സൂത്രം. സ്ത്രീകളെ കണ്ടിട്ടില്ലാത്ത ഒരു മുനിയെ കൊണ്ട് യാഗമനുഷ്ഠിപ്പിച്ചാൽ നാട്ടിൽ മഴപെയ്യുമെന്ന്.
കൂട്ടത്തിൽ വനത്തിലൊരിടത്ത് അച്ഛനെയല്ലാതെ മറ്റാരേയും കാണാതെ വളരുന്ന വിഭാണ്ഡക പുത്രൻ ഋഷ്യശൃംഗകുമാരന്റെ കഥകളും. ഉഗ്രകോപിയായ മഹർഷി മകനെ മറ്റൊരിടത്തേക്കും അയക്കാൻ വഴിയില്ലെന്നും അവർ കേട്ടിരിക്കും.

അസംഭവ്യമെന്ന് സ്വയം നിശ്ചയിച്ച ഒരു പ്രതിവിധികൊണ്ട്, രാജകല്പനയിൽ നിന്ന്, ജനങ്ങളുടെ സങ്കടങ്ങളിൽ നിന്ന്, തല്ക്കാലത്തേക്കെങ്കിലും രക്ഷപ്പെടാം എന്ന് കരുതിക്കാണണം ആ ബുദ്ധിരാക്ഷസന്മാർ.


ആശ്രമത്തിലെ വൃക്ഷത്തയ്യുടെ ഇലയൊന്ന് വാടിയാൽ പോലും അസ്വസ്ഥനാകാറുള്ള അച്ഛൻ, ജീവജാലങ്ങൾ മുഴുവൻ വേനലിൽ വെന്തുപോകുന്ന ഒരു രാജ്യത്ത്, മഴപെയ്യിക്കാൻ മകൻ വേണമെങ്കിൽ, അയക്കാതിരിക്കില്ലായിരുന്നു.

അച്ഛനെ അറിയാം.
തുളുമ്പിപ്പോകാതെ ഒരു നിറകുടം പോലെ അച്ഛൻ സ്നേഹം ഒളിപ്പിച്ചു വെക്കാറുള്ളതും അറിയാം.

ഏകാഗ്രതയില്ലെന്ന് തന്നോട് കയർക്കുമ്പോഴൊക്കെയും, ഒരിയ്ക്കൽ സ്വയം നഷ്ടപ്പെട്ട മനസ്സാന്നിധ്യത്തെയാണ്‌ അച്ഛൻ ശാസിക്കാറുള്ളതെന്ന് തോന്നാറുണ്ട്. കടുത്ത ശിക്ഷകൾ കൊണ്ട് അദ്ദേഹം സ്വയം പ്രഹരിക്കുകയാണെന്നും .

കാമക്രോധങ്ങളെ അതിജീവിച്ച് ബ്രഹ്മപദത്തിലെത്തുകയാണ്‌ ലക്ഷ്യം.
അങ്ങനെയെങ്കിൽ തന്നോട് കയർക്കുമ്പോഴൊക്കെയും അച്ഛൻ ബ്രഹ്മപദത്തിൽ നിന്ന് അകലുകയാണല്ലോ എന്നൊരു ഫലിതം തോന്നും, മനസ്സിൽ. പാലിക്കാൻ കഴിയാത്തത് പഠിപ്പിക്കുകയും അരുതെന്ന ശാസ്ത്രം കൂടി വേണം.


 ഇന്ന് അംഗരാജ്യത്ത് മേഘങ്ങൾ ഗർജ്ജിക്കുമ്പോൾ പക്ഷേ അച്ഛന്റെ സ്വരം കേൾക്കാം.

ആ കാർമേഘങ്ങൾ തണുത്ത കാറ്റിന്റെ കയ്യിൽ ആശ്രമത്തിലെ കൂട്ടുകാർക്കും സന്ദേശമെത്തിച്ചിരിക്കണം.

ഒപ്പം സംസാരിക്കുകയും ശബ്ദം തിരിച്ചറിയുകയും ചെയ്യാറുള്ള പ്രിയപ്പെട്ട കൂട്ടുകാർ- കൂടെ കളിച്ചു നടക്കാറുണ്ടായിരുന്ന മൃഗങ്ങളും പക്ഷികളും, കാത്തിരിക്കാറുണ്ടായിരുന്ന വൃക്ഷലതാദികളും, കാവൽ നില്ക്കാറുള്ള മലനിരകളും, കൂടെയിരിക്കാൻ സാവകാശം കാണിക്കാതെ ഒഴുകിയകലാറുള്ള അരുവികളും..

ശ്രാവണബലി കഴിഞ്ഞ് അച്ഛൻ മടക്കയാത്രയിലാകും.“ സ്വപ്നം കാണുകയാണോ അങ്ങ് ”
ശബ്ദം തിരിച്ചറിയാം. അവളുടേതാണ്‌.
ലോമപാദ മഹാരാജാവിന്റെ പുത്രി, ശാന്ത.

രാജ്യം കന്യാധനമായി തന്നിരിക്കുന്നു എന്ന് രാജാവ് യജ്ഞശാലയിൽ വെച്ച് പ്രഖ്യാപിച്ചത് അപ്രതീക്ഷിതമായിരുന്നു.

യജ്ഞശാലയിൽ നിന്ന് മഴനനയുന്ന ആൾക്കൂട്ടത്തെ കാണുകയായിരുന്നു അന്നേരം.

അപരിചിതരായ ഒരുപാട് മനുഷ്യർ.
പല മുഖങ്ങൾ. പല വസ്ത്രങ്ങൾ. പല രൂപങ്ങൾ.
സ്ത്രീകൾ, കുട്ടികൾ, വൃദ്ധന്മാർ.
ഒരുപാട് ഒരു പാട് ആഹ്ളാദശബ്ദങ്ങൾ.
അലങ്കാരങ്ങൾ.
വാദ്യോപകരണങ്ങൾ.
നൃത്തങ്ങൾ..

ഒരു കാട്ടുവാസിയുടെ കൗതുകങ്ങൾ മനസ്സിലടക്കിപ്പിടിക്കാൻ ബ്രഹ്മർഷിയുടെ ഗൗരവം അഭിനയിക്കേണ്ടി വന്നു മുഖത്തിന്‌.
അജ്ഞതയിൽ ലജ്ജയും തോന്നി.

ഏകാന്തമായ തപസ്സൊഴിച്ച്, മറ്റെല്ലാം മിഥ്യയാണ്‌, മായയാണ്‌, മായാവികളാണെന്ന് പഠിച്ചു ശീലിച്ച മനസ്സ് കലഹിച്ച് തുടങ്ങി.
എല്ലാറ്റിനേയും അവഗണിച്ച് ഒളിച്ചൊരിടത്തുനിന്ന് ബ്രഹ്മപദം സങ്കല്പിക്കുന്നതിലും ശ്രേഷ്ഠം, ഈ ആൾക്കൂട്ടത്തിന്റെ മധ്യത്തിൽ സമസ്ത വികാരങ്ങളോടും പൊരുതി ജയിക്കുന്നതാണെന്ന് തോന്നി.“അങ്ങ് ഇതുവരേയും എന്നോട് സംസാരിച്ചില്ല..”
വീണ്ടും അവളാണ്‌.
മിണ്ടാപ്രാണികളോട് സംസാരിച്ചു ശീലിച്ചവന്റെ വാഗ് സാമർഥ്യത്തെ ശാന്ത മനസ്സിൽ പരിഹസിക്കുന്നുണ്ടാകണം.

ശിലയിൽ മാൻ തൊലിയിൽ കിടന്ന് ശീലിച്ചവന്‌ എല്ലാം കൗതുകം തന്നെ.
അന്ത:പുരത്തിന്റെ ഉയരമുള്ള മേല്ക്കെട്ടും, ലക്ഷണമൊത്ത ശില്പങ്ങളും, ലോഹവിളക്കും, പട്ടുമെത്തയും..  പിന്നെ കൂട്ടിനിരിക്കുന്ന സുന്ദരിയും അവളുടെ അലങ്കാരങ്ങളും ശരീരഗന്ധവും.

ചന്ദനത്തൈലത്തിന്റെ മണമാണിവൾക്ക്.
ആശ്രമത്തിൽ കളിക്കാൻ വരാറുണ്ടായിരുന്ന ഭാർഗ്ഗവിയെന്ന വിളിപ്പേരുള്ള പുലിക്കുട്ടിയുടെ ചന്തമുള്ളവൾ.
ആ ധാർഷ്ട്യം.
ശബ്ദത്തിന്‌ ആജ്ഞാ സ്വരമാണ്‌, വിനയം ശീലിക്കാൻ യത്നിക്കുന്നുണ്ടെങ്കിലും:

“ ആലോചന ആശ്രമത്തെക്കുറിച്ചോ അതോ മോഹിപ്പിച്ച് കൂട്ടിക്കൊണ്ടുവന്ന വൈശ്യയെക്കുറിച്ചോ..? “വൈശ്യ.. അതായിരുന്നോ പേര്‌?
മൂന്ന് ദിവസങ്ങളായി അതാണ്‌ ഓർത്തെടുക്കാൻ ശ്രമിക്കുന്നത്. മുന്നിൽ വന്നുപോകുന്ന സ്ത്രീകളിലോരോരുത്തരിലും അവളുട മുഖമായിരുന്നു തിരയുന്നത്.

കുങ്കുമപ്പൂക്കളുടെ മണമുള്ള അവളുടെ ദേഹം അവർക്കിടയിലുണ്ടോ എന്ന്.
അവൾ സംസാരിച്ച നേരമത്രയും ആ ശബ്ദം മനസ്സിലാവാഹിക്കുകയായിരുന്നു.
ഇപ്പോഴും ചെവിയൊർത്താൽ അത് കേൾക്കാൻ കഴിയുന്നുണ്ട്...

എന്നിട്ടും അവളുടെ പേരോർത്തെടുക്കാൻ കഴിയുന്നില്ല..
ചിലപ്പോൾ പറഞ്ഞിട്ടുണ്ടാവില്ല. ഒരു പേരിലെന്തിരിക്കുന്നെന്ന് അവൾ കരുതി കാണണം.


ഭാർഗ്ഗവിയോടും നികുംഭനെന്ന സിംഹക്കുട്ടിയോടുമൊപ്പം മരത്തണലിൽ മേഘങ്ങൾ വരയ്ക്കുന്ന ചിത്രങ്ങൾ നോക്കിക്കിടക്കുമ്പോഴാണ്‌ അവളുടെ ശബ്ദം ആദ്യം കേട്ടത്.

അപൂർവ്വമായി വരാറുള്ള പക്ഷികളിലേതോ ഒന്നാണെന്ന് കരുതി.
അന്വേഷിക്കാനിറങ്ങിയപ്പോൾ നികുംഭന്‌ വിസമ്മതം.
ഒരു പക്ഷിയെ പേടിക്കുന്ന നീയാണോ നാളെ വനരാജനാകാൻ പോകുന്നതെന്നവനെ പരിഹസിക്കാനും മറന്നില്ല.

തിരഞ്ഞ് ചെന്നപ്പോൾ കണ്ടത് പക്ഷേ മനുഷ്യരൂപം.
അത്രയേ ഉണ്ടായിരുന്നുള്ളൂ സാമ്യം.
മറ്റെല്ലാം അപരിചിതം.
സ്വർണ്ണവർണ്ണം. സൂര്യ തേജസ്സ്.
ജടകെട്ടാത്ത നീണ്ട മുടി.
മുടിയിലും ദേഹത്തും നിറയെ അലങ്കാരങ്ങൾ. അവയുടെ കിലുക്കങ്ങൾ.
വസ്ത്രങ്ങളിലും മായാജാലം.

പക്ഷേ അത്ഭുതം തോന്നിയത്,  മാറിടത്ത് രണ്ട് ഫലങ്ങൾ കെട്ടിവെച്ചലങ്കരിച്ചതെന്തിനായിരിക്കുമെന്നോർത്താണ്‌.
കൗതുകം തോന്നി, കാമവും.

അപരിചിതൻ തട്ടിക്കളിക്കുന്ന ഗോളാകാരത്തിലുള്ള കായ എന്താണെന്ന് വിസ്മയിച്ചാണ്‌ അടുത്ത് ചെന്നത്.  കളിപ്പന്താണെന്ന് പറഞ്ഞു.
മുൻപരിചയമുള്ളതു പോലെയാണ്‌ സംസാരിച്ചുതുടങ്ങിയത്. ആലിംഗനവും ചെയ്തു.
അവരുടെ ഉപചാര രീതി അതാണത്രേ.
ആലിംഗനം ചെയ്യുമ്പോൾ തന്റെ ശരീരത്തിൽ പുതിയ അവയവങ്ങൾ മുളയ്കുന്നുവോ എന്നും തോന്നിപ്പോയി.

വയറിന്റെ ചൂടറിഞ്ഞു. നാഭിച്ചുഴിയിലെ നീല രോമങ്ങൾ കണ്ടു.
ശ്രാവണ മാസത്തിലെ മിന്നല്പ്പിണരുകളിലൊന്ന് നിശ്ചലമായ കയത്തിലലിഞ്ഞ് തരംഗമായി വ്യാപിക്കുന്നതു പോലെയാണ്‌ അതനുഭവിച്ചറിഞ്ഞത്.

സ്ത്രീയെ കാണാതിരുന്നത്, അറിയാതിരുന്നത്, സ്പർശിക്കാതിരുന്നത്, മാത്രമായിരുന്നു ഋഷ്യശൃംഗന്റെ യോഗ്യതയെങ്കിൽ അതിവിടെ അവസാനിക്കുന്നു.

ഉണങ്ങരുതെന്നാഗ്രഹിക്കുന്ന ഒരു മുറിവിൽ നിന്നുള്ള വേദനപോലെ..
അല്ലെങ്കിൽ ആവർത്തിക്കാനാഗ്രഹിക്കുന്ന അനുഭൂതി പോലെ..
നേരമേറെക്കഴിഞ്ഞെപ്പോഴോ ഇഴകളഴിഞ്ഞു.
ക്ഷീണിച്ചെന്നു കരുതിയാവണം, കുടിക്കാനെന്തൊ തന്നു.
മുൻപൊരിയ്ക്കലും കുടിച്ചിട്ടില്ലാത്ത എന്തോ..
സോമരസം. ദേവകൾ കൂടി കുടിക്കുന്നതാണെന്ന് പറഞ്ഞു..
ആയിരിക്കണം,
അതുകൊണ്ടാവണം ഒരു തൂവൽ പുറത്തേറി ഭൂമി ചുറ്റിക്കാണുന്ന സുഖം.

സുഖമറിഞ്ഞ് സുഖമറിഞ്ഞ് എപ്പോഴോ ഉറങ്ങിപ്പോയി.
ഉണർന്നപ്പോൾ അവളെ കണ്ടതുമില്ല.
സ്വപ്നം കണ്ടതാണോ എന്ന് സംശയിച്ചു.ആണെങ്കിൽ ശരീരത്തിന്‌ മറ്റൊരു ഗന്ധമുണ്ടാകുന്നതെങ്ങനെ..?

സന്ധ്യാവന്ദനം മുടങ്ങിയതിൽ കോപിച്ച് അച്ഛൻ വരുന്നതുവരെ അവിടെ തന്നെ കിടന്നു.
അന്ന് ആകാശത്തിലെ മേഘങ്ങളിലെല്ലാം ഒരു സ്ത്രീയുടെ മുഖമുണ്ടായിരുന്നു.
കാറ്റിന്‌ പതിവില്ലാതെ കുങ്കുമപ്പൂക്കളുടെ ഗന്ധം.


മനസ്സ് മറ്റെവിടെയോ ആണെന്ന് അച്ഛനറിഞ്ഞു കാണണം.
സംഭവങ്ങൾ വിവരിച്ചപ്പോൾ, അത് തപം മുടക്കാൻ വന്ന മായാവികളായ രാക്ഷസന്മാരാകാമെന്ന് പറഞ്ഞു.
കരുതിയിരിക്കാനും ആജ്ഞാപിച്ചു.

മൂന്നു മാത്രയിലോംകാരം പന്തീരായിരം പ്രാവശ്യം.
പക്ഷേ ആ ധ്യാനവുമന്ന് എന്തുകൊണ്ടോ നിഷ്ഫലമായിരുന്നു.
കൈക്കുമ്പിളിലെ അർഘ്യജലത്തില്‍ അവൾ മാത്രം.
ചിലപ്പോൾ തോന്നും വിരലുകളിൽ ചിലത് അവൾ, ശരീരത്തിലെവിടെയോ ബാക്കി വെച്ച് പോയിട്ടുണ്ടെന്ന്.
അത്രമേൽ സ്പർശനമറിയാം.
കാതോർത്താൽ ശബ്ദവും കേൾക്കാം.

ദിവസങ്ങളത്രയും ആഗ്രഹിച്ചത് അവളെ വീണ്ടുമൊന്ന് കാണാനാണ്‌.
പക്ഷേ സങ്കല്പത്തിലെല്ലാതെ വീണ്ടും മുന്നിലൊന്ന് വന്ന് നില്ക്കാൻ അവൾ ദയവ് കാണിച്ചില്ല.

പുറംകാടുകളിൽ അലഞ്ഞ് നടക്കരുതെന്ന് അച്ഛന്റെ ശാസനയുമുണ്ടായിരുന്നു.
നികുംഭനും ഭാർഗ്ഗവിയുമൊത്ത് ക്രീഢയ്ക്കും മനസ്സ് വന്നില്ല.

അധ്യയനം കഴിഞ്ഞാൽ പിന്നെ പൊയ്കയുടെ തീരത്ത വന്നിരുന്ന്, ഒന്നിച്ചു നീന്തുന്ന അരയന്നങ്ങളെ, മുഖമുരസുന്ന മാനുകളെ, മരക്കൊമ്പത്ത് കൂട് കെട്ടുന്ന കിളികളെ, ഒക്കെ നോക്കിയിരിക്കാൻ തോന്നി.
ചക്രവാക പക്ഷിയുടെ ശബ്ദം  കേൾക്കുന്നുണ്ടോ എന്ന് സംശയിച്ചു.

അപരിചിതമായ ഒരഗ്നിയിൽ സ്വയം ഹോമിച്ചു.

ദിവസങ്ങൾ കഴിഞ്ഞ്,  ശ്രാവണബലിയ്ക്ക് അച്ഛൻ യാത്രതിരിക്കുന്നത് നോക്കിനില്ക്കെ അവളുടെ ശബ്ദം വീണ്ടും കേട്ടു.
ഏത് പക്ഷിയുടേതിനേക്കാളും മനോഹരമായ പാട്ട്.
അന്വേഷിച്ച് ചെന്നപ്പോൾ പുറം കാട്ടിലില്ല.

പകരം അതിരിൽ നദിക്കരയിൽ നിന്ന്.
അവിടെയെത്തിയപ്പോൾ അതിലേറെ അത്ഭുതം.
പാട്ട് കേൾക്കുന്നത് നദിയിൽ ഒഴുകിക്കിടന്ന മരത്തടിയുടെ നിറമുള്ള വലിയ അരയന്നത്തിൽ നിന്ന്.
നൗകയാണെന്നാണ്‌ അവൾ പറഞ്ഞത്.
കൂടെ വേറേയും മനുഷ്യരുണ്ടായിരുന്നു, കൂട്ടുകാരെന്ന് പരിചയപ്പെടുത്തി.

അവളുടെ ദേഹം വീണ്ടുമറിയുന്നതിനിടെ ചോദിച്ചു: എന്താണ്‌  ജീവിതത്തോടൊപ്പം പകരം തരേണ്ടതെന്ന്.. മഹാസിദ്ധികൾ ..മന്ത്രങ്ങൾ..
എന്ത് പ്രലോഭനങ്ങൾ കൊണ്ടായാലും, പ്രീതിപ്പെടുത്തിയാൽ വരം കൊടുക്കുന്ന പതിവ് തെറ്റിക്കുന്നില്ലല്ലോ എന്ന് മനസ്സ് ഓർമ്മിപ്പിക്കാതിരുന്നില്ല.


അവൾ പക്ഷേ പറഞ്ഞത്: ‘ അങ്ങ് അംഗരാജ്യത്തെ അനുഗ്രഹിച്ചാൽ മതി..’

പന്ത്രണ്ട് വർഷത്തെ വേനലിൽ ക്ഷാമം വിഴുങ്ങിയ അവളുടെ രാജ്യത്തെക്കുറിച്ച് ഏറെ വിസ്തരിച്ചു.


' അങ്ങയുടെ തപസ്സിദ്ധികൊണ്ട് അവിടെ മഴ പെയ്യിച്ചാൽ മാത്രം മതി.. ദാഹിച്ച് വലഞ്ഞ് ഇനി ഒരു പ്രാണി പോലും അവിടെ മരിക്കാതിരുന്നാൽ മതി..‘

യാത്രനീളെ മറ്റെല്ലാം മറന്ന് മേഘങ്ങളോട് പ്രാർത്ഥിക്കുകയായിരുന്നു,  അംഗരാജ്യത്ത് മഴയായ് വർഷിക്കാൻ..“ അങ്ങ് ആലോചിക്കുന്നത് ആ വൈശ്യയെക്കുറിച്ചാണെന്ന് തോന്നുന്നു.. അവളെ മറക്കേണ്ടതാണ്‌.. അങ്ങയുടെ സന്തതി വളരേണ്ടത് കുലമഹിമയും ആഭിജാത്യവുമുള്ള സ്ത്രീ ക്ഷേത്രത്തിലാണെന്ന് അങ്ങ് ഓർക്കാത്തതെന്തേ..”
വീണ്ടും ശാന്തയാണ്‌.അവളുടെ സ്വരം മൃദുവാണെങ്കിലും ആജ്ഞയായിത്തന്നെ.
അക്ഷമയാണ്‌ അവളെന്ന് തോന്നി.


മാതൃഗർഭത്തെക്കുറിച്ച് അച്ഛനോട് കുട്ടിക്കാലത്തൊരിക്കൽ ചോദിച്ചിരുന്നു.
താമരക്കുളത്തിലെ വെള്ളത്തോടൊപ്പം തന്റെ ബീജവും കുടിച്ച പേടമാൻ പ്രസവിച്ചതാണെന്നായിരുന്നു മറുപടി. ജനിച്ചപ്പോൾ കൊമ്പുമുണ്ടായിരുന്നത്രേ. അങ്ങനെയാണ്‌ വിഭാണ്ഡകൻ, പുത്രന്‌ ഋഷ്യശൃംഗൻ എന്ന് പേരിട്ടത്.
കാലങ്ങൾ കുറേ അത് വിശ്വസിച്ച് നടന്നു.

അതാണിപ്പോഴും വിശ്വസിക്കുന്നത് എന്ന് കരുതിയിട്ടുണ്ടാവണം ശാന്തയും.
അതായിരിക്കണം അവൾ ഓർമ്മിപ്പിച്ചത്:
“ ഇന്ന് ഗ്രഹസ്ഥിതി പ്രകാരം സത്പുത്രയോഗമുണ്ടെന്ന് പുരോഹിതൻ പറഞ്ഞത് അങ്ങ് മറന്നോ..”

മന്ത്രോച്ചാരണം ചെയ്ത് മഴ പെയ്യിക്കാനല്ലാതെ മറ്റൊന്നിലും നിപുണനല്ല എന്ന് കരുതിയാവണം അവൾ അനുവാദത്തിന്‌ കാത്തുനിന്നില്ല.

ക്രീഢകൾക്കിടയിൽ കഴുത്തിൽ പതിയാറുള്ള ഭാർഗ്ഗവിയുടെ നഖങ്ങൾ പോലെത്തന്നെ ഇവളുടേതും. മദം പിടിച്ച ആന അലയുന്നതുപോലെ രോമക്കാടുകളിൽ ഇവളും ദയകാണിക്കുന്നില്ല.

ഉപേക്ഷിച്ചിറങ്ങാൻ വയ്യാത്ത ബന്ധങ്ങളുടെ അന്ത:പുരത്തിലേക്കാണ്‌ യാത്ര.

ശബ്ദം പുറത്ത് കേൾപ്പിക്കാതെ അവളോട് പറഞ്ഞു:
ആദ്യം മുതല്ക്ക് ഒന്നും വയ്യ;
എല്ലാം പകുതിക്ക് വെച്ച് തുടങ്ങാം,
നിനക്ക് നല്കാൻ മുൻപേ പോയവളുടെ ഗന്ധം മാത്രം..

ഇതും ഒരു വേനലറുതിയാണ്‌.

27 comments:

 1. ‎"വൈശാലി" ഫിലിം ക്ലിപ്സ് ഒരിക്കല്‍ കൂടെ കണ്ടു . എന്നാലും എഴുത്തിന്റെ ഒരു ചന്തം ഒരു ലിഡിയാ സ്പര്‍ശം അത് ഉണ്ട് . അംഗ രാജ്യത്ത് പെയ്ത മഴ,അത് വരെ ഉണ്ടായിരുന്ന മാലിന്യങ്ങളെല്ലാം തുടച്ചു മാറ്റിയ മഴ.............

  ആദ്യം മുതല്ക്ക് ഒന്നും വയ്യ..എല്ലാം ...പകുതിക്ക് വെച്ച് തുടങ്ങാം.....


  ഇതും ഒരു വേനലറുതിയാണ്‌.........

  ReplyDelete
 2. വീണ്ടും ഒരു വൈശാലി സിനിമ കണ്ട അനുഭവം.നന്നായി എഴുതിയിരിക്കുന്നു.നല്ല സാഹിത്യ അവബോധം.

  ReplyDelete
 3. ഇപ്പൊ അടുത്ത് ഈ സിനിമ ടീവിയില്‍ കണ്ടു ...അത് ഓര്‍ത്തു പോയി ഇത് വായിച്ചപോള്‍ ...:)

  ReplyDelete
 4. ഇതിഹാസങ്ങൾ സിനിമകളിലൂടെ ഓർക്കപ്പെടുന്നു...എന്റെ ഓർമ്മകളിലും ആ സിനിമയുണ്ട്..കൂടെ അച്ഛന്റെ പുസ്തകങ്ങളും..എന്റെ ഭാഗ്യം.....

  ReplyDelete
 5. നഷ്ടപ്പെടുന്ന നിഷ്കളങ്കതകള്‍ ... കീഴടക്കാനായെത്തുന്ന പ്രലോഭനങ്ങള്‍ ..
  ഇതിനിടയില്‍ ൠഷ്യശൃംഗന്മാരാകുന്നു നമ്മളും.. ഒരു മഴക്കാലമെങ്കിലും ലോമപാദനു കൊടുക്കാനാ‍ാതിന്റെ ധന്യത മുനികുമാരനുണ്ടല്ലോ...

  ലിഡിയാ നീയും എല്ലാം ഓര്‍ക്കുന്നുവല്ലോ..

  ReplyDelete
 6. ഭാരതപുനരാഖ്യാനത്തിനു് അവശ്യമായ ഗരിമയുണ്ട് ലിഡിയയുടെ എഴുത്തിന്, നന്നായി പറഞ്ഞു ഋഷ്യശൃംഗകഥ. യഥാർത്ഥത്തിൽ സാധ്യമല്ലാത്ത ഒരു കാര്യമെന്ന നിലയിലാണ് പെണ്ണിനെ അറിയാത്തവനെ നിർദ്ദേശിച്ചത് (അയ്യപ്പചരിതത്തിലെ പുലിപ്പാലു പോലെ) എന്നതും പെണ്ണിനാൽ മയക്കപ്പെട്ടു കൊണ്ടു വന്നതോടെ ഋഷ്യശൃംഗനും അയോഗ്യനായി എന്നതും കഥയിലെ ശ്രദ്ധിക്കപ്പെടേണ്ട രണ്ടു കാര്യങ്ങളായി തോന്നി. നന്നായി ലിഡിയ, നന്നായി.

  ReplyDelete
 7. എല്ലാം പറയേണ്ടതു പോലെ പറഞ്ഞിരിക്കുന്നു. ഋഷ്യശൃംഗന്റെ മനസ്സിലൂടെയുള്ള ലിഡിയയുടെ യാത്ര ഗംഭീരം.

  ReplyDelete
 8. Ithihasangal...!

  Manoharam, Ashamsakal...!!!

  ReplyDelete
 9. പുരാണങ്ങള്‍ എടുത്തു പെരുമാറുമ്പോള്‍ മാറ്റു നഷ്ടപ്പെടാതെ എഴുതുന്നുണ്ട് :-)

  ReplyDelete
 10. "എല്ലാം പകുതിക്ക് വെച്ച് തുടങ്ങാം..."
  നന്നായിട്ടുണ്ട്... എങ്ങനെയാ ഈ പുരാണങ്ങളെ ഇത്ര നന്നായി സ്വന്തം നിലയില്‍ വ്യാഖാനിക്കാന്‍ കഴിയുന്നെ...

  ReplyDelete
 11. കഥ വായിക്കുകയല്ല ..മറിച്ച് കണ്മുന്നില്‍ കാണുകയായിരുന്നു ...നല്ല ആഖ്യാന ശൈലി ....

  ReplyDelete
 12. ഇതിഹാസകഥ വീണ്ടും അറിഞ്ഞു, നല്ല ആഖ്യാനത്തിലൂടെ.
  ആശംസകള്‍.

  ReplyDelete
 13. ഭൂതത്താൻ പറഞ്ഞതാ എന്റെയും

  ReplyDelete
 14. തികച്ചും രാജകീയമായ ഒരു ഭാഷ...
  ഇനിയും വായിക്കാന്‍ താല്‍പ്പര്യ പെടുന്നു...
  ഘടോല്‍ഘചനെ കുറിച്ച് അധികമൊന്നും എഴുതി കണ്ടിട്ടില്ല ഒരിടത്തും...
  സമയവും സന്ദര്‍ഭവും ഉണ്ടാവുമ്പോള്‍ ഒന്ന്‌ ശ്രമിക്കൂ..
  എല്ലാ വിധ ഭാവുകങ്ങളും..

  ReplyDelete
 15. ലിഡീ,നേരത്തേ വായിച്ചു,കമന്റിയില്ല.. മനോഹരക്കുറുപ്പ്.. പുനരാഖ്യാനങ്ങൾ ഇനീം മഴ പോലെ പെയ്യട്ടെ,വായനയുടെ വേനലറുതിക്കായി..

  ReplyDelete
 16. മനസ്സിലാക്കപ്പെടാതെ പോയ, അവഗണിക്കപ്പെട്ട എത്രയെത്ര കഥപാത്രങ്ങൾ, നമ്മുടെ പുരാനങ്ങളിൽ!

  പുനരാഖ്യാനം ഇഷ്ടമായി.

  ആത്യന്തികമായി എല്ലാവരും മനുഷ്യരാണ്; വെറും മനുഷ്യർ!

  ReplyDelete
 17. ലിഡിയ, ഇതൊരു തിരുത്തായി അനുഭവപ്പെടുന്നു. മാതൃഭൂമിയിലെ സേതുവിന്‍റെ തിരുത്ത് പോലെയൊന്ന്.
  ഓരോ പ്രയോഗങ്ങളിലെയും ഭാഷയുടെ സൌന്ദര്യം അറിയുന്നു. ഏതോ ഗുരുമുഖത്ത് നിന്നും മൊഴിയറ്റ് പോയേടത്തു നിന്നും സമീരണന്‍ പാരില്‍ പരത്തിയ വായ്ത്താരി പോലെ ഈ പുനരാഖ്യാനം സത്യ പുത്രീ നിന്‍റെ മക്കളില്‍ ജിജ്ഞാസ വളര്‍ത്തട്ടെ..! അവിടം കൊണ്ടൊരു വിദ്യാര്‍ഥി ജനിക്കട്ടെ..!!!

  ReplyDelete
 18. ഗംഭീരം എന്ന് പറയാന്‍ ഞാന്‍ ആരുമല്ല . ചിലരുടെ വാക്കുകള്‍ മനസ്സില്‍ പതിയും . അത് വാക്കുകളുടെ മനോഹാരിത കൊണ്ടാണോ അതോ എഴുതുന്ന ആളുടെ ആഴത്തിലുള്ള ചിന്തകളുടെ സ്വാധീനം കൊണ്ടാണോ എന്ന് എനിക്കിപ്പോഴും അറിയില്ല . ഇഷ്ടപ്പെട്ടു എന്നോ അല്ലെങ്കില്‍ നന്നായിട്ടുണ്ട് എന്നോ കമന്റ് ചെയ്യാന്‍ തുടങ്ങുമ്പോഴാണ് ഇതുവരെ ഉള്ള കമന്റുകള്‍ വായിച്ചത് . എല്ലാം നല്ല അന്തസുള്ള കമന്റുകള്‍ . അല്ലെങ്കില്‍ അത്തരം അഭിപ്രായങ്ങളെ ഈ പോസ്റ്റിനു ചേരു. ആശംസകള്‍

  ReplyDelete
 19. ലിഡിയാന്റീ...കഥ നന്നായിരുന്നൂട്ടോ......എഴുത്തിനെ കുറിച്ചു പ്രത്യേകിച്ചു പറയേണ്ടല്ലോ അല്ലെ ....കിടു .

  ReplyDelete
 20. മുകളിലെ അഭിപ്രായങ്ങള്‍ എല്ലാം എന്റെം കൂടി ആണ്.. അത്യുജ്ജലം.. ശരിക്കും ലയിച്ചിരുന്നു പോയി..

  ReplyDelete
 21. വളരെ നന്നായി..ഈ പുനര്‍ ചിന്തകള്‍..എല്ലാ കഥകളിലും..ഇതിഹാസങ്ങളിലും..നായകന്മാര്‍ മാത്രമേ ഒര്മിക്കപ്പെടുന്നുള്ളൂ...ഇടയ്ക്കിടക്ക് നല്ല കഥാപാത്രങ്ങള്‍ ഉള്ളത്..താരങ്ങളുടെ ..നായകന്‍റെ..പ്രഭാ വലയത്തില്‍ മുങ്ങി പോകാറാണ് പതിവ് ഇല്ലേ?

  ReplyDelete
 22. ഹ! ...അപാരം ..ഒരു ശ്രേഷ്ട സൃഷ്ടി തന്നെ ..

  ReplyDelete
 23. ഋഷ്യശൃംഗന്റെ സ്ത്രീത്വചിന്തകളുടെ വ്യാപ്തി എന്തെന്ന് മനസ്സിലാക്കിത്തരുന്ന ഒരു നല്ല പോസ്റ്റ്‌...

  സത്യം പറയാമല്ലോ ലിഡിയ മൂന്ന്‍ തവണ വായിക്കേണ്ടിവന്നു സാരാംശം ഒന്ന് പിടികിട്ടാന്‍...

  ReplyDelete
 24. "നിനക്ക് നല്കാൻ മുൻപേ പോയവളുടെ ഗന്ധം മാത്രം.."
  ലിഡിയ..ദ്രൌപദിയെ പറ്റി എഴുതുമോ?

  ReplyDelete