Sunday, October 3, 2010

വീട്ടിലേക്കുള്ള വഴി

ടൗണിൽ നിന്ന് മടങ്ങാൻ ഒരു ഓട്ടോയ്ക്ക് കാത്ത് നില്ക്കുകയായിരുന്നു ഞാൻ.

കാറെടുത്ത് പോയാൽ മതിയെന്ന് അമ്മ പലവട്ടം പറഞ്ഞിരുന്നു.
പക്ഷേ ഡ്രൈവിംഗിനുള്ള ഏകാഗ്രതയില്ല ഒട്ടും.
അശ്രദ്ധമായോടിച്ച് എനിക്കെന്തെങ്കിലും അപകടം സംഭവിക്കുമോ എന്ന പേടിയല്ല.

ചിലപ്പോൾ തോന്നും മനസ്സങ്ങനെയൊന്നിനു ആഗ്രഹിക്കുണ്ടോയെന്ന് പോലും.
എവിടയെങ്കിലും ഒന്നിടിച്ച് അവസാനിപ്പിക്കുക..
എന്റെയുള്ളിലെ ഭ്രാന്തമായ ഈ കലാപം മറ്റാരുടെയെങ്കിലും ജീവിതം കൂടി ഇല്ലാതാക്കുമോ എന്ന ഭയം കൊണ്ടാണ്‌ ഒറ്റയ്ക്ക് വണ്ടിയെടുത്തു വരാതിരുന്നത്.(ഈ വീണ്ടുവിചാരമാണ്‌ ഒരു നോർമ്മലായ വ്യക്തി എനിക്കുള്ളിലിപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് എന്നെ ഓർമ്മിപ്പിക്കുന്നത്.)ഒരു തരത്തിൽ ഈ യാത്ര തന്നെ അനാവശ്യമായിരുന്നു.
വീട്ടിലൊന്നും ചെയ്യാനില്ലെന്ന് തോന്നിയപ്പോൾ ടൗണിലൂടെ മഴയത്ത് അലയാമെന്ന് വെച്ചു.

ഷോപ്പിംഗ് മാളുകളിലൊന്നും കയറിയില്ല.
തിരക്കില്ലാത്തവ നോക്കി ചെറിയ ചെറിയ പീടികളിൽ കയറിയിറങ്ങി.
എന്തുവാങ്ങണമെന്ന് നിശ്ചയമൊന്നുമുണ്ടായിരുന്നില്ല.
ചിലയിടങ്ങളിൽ ക്രിസ്റ്റൽ രൂപങ്ങൾക്ക് വേണ്ടി വിലപേശി, ചിലയിടങ്ങളിൽ എനിക്കുതന്നെ പരിചിതമല്ലാത്ത നിറത്തിലുള്ള ഷാളുകൾക്ക് തിരഞ്ഞു, മറ്റൊരിടത്ത് ബാക്കിപ്പണത്തിനു വേണ്ടി കലഹിച്ചു..

കുറേ അലഞ്ഞപ്പോൾ മഴകൊണ്ട് ദേഹം തണുക്കുന്നതറിഞ്ഞു.
വെന്തുകിടന്ന മനസ്സ് അക്കാരണംകൊണ്ടുതന്നെ പതുക്കെ മഴയോടും കലഹിച്ചു തുടങ്ങി..

നാട്ടിലേക്ക് വിടണമെന്ന് അരവിന്ദിനോട് വാശിപിടിച്ചപ്പോഴും പറഞ്ഞത് മഴ കാണണം എന്നായിരുന്നു.

അവനെന്നെ വല്ലാതെ അവഗണിക്കുന്നുണ്ടോ എന്നാതായിരുന്നു കുറേ മാസങ്ങളായി എന്റെ സംശയം.
ഒന്നിലും ഒരു ഉത്സാഹമില്ലാത്തതു പോലെ,ആരെയോ ബോധിപ്പിക്കാൻ ജീവിയ്ക്കുന്നത് പോലെ....

‘ നിനക്ക് തോന്നുന്നതാണ്‌..’ അവൻ പറയാറുണ്ട്: ‘ ഒരു കുട്ടിയുണ്ടായാൽ നിന്റെ ഈ വിഷമമൊക്കെ മാറും..’

എനിക്കുമറിയാം, അതൊക്കെത്തന്നെയാണെന്റെ തോന്നലുകൾക്കെല്ലാം കാരണമെന്ന്.
വിവാഹത്തിനുശേഷമുള്ള നാലുവർഷങ്ങളിൽ, മാസങ്ങളോരോന്നും ഉത്കണ്ഠയും നിരാശയും പകുത്തെടുത്തതുകൊണ്ട് ഇപ്പോഴത് ശീലങ്ങളിലൊന്നായിരിക്കുന്നു.
അതുതന്നെയാവണം അരവിന്ദ് അവഗണിക്കുകയാണോ എന്ന വിചാരത്തിനുള്ള കാരണം.
തർക്കങ്ങൾക്കുള്ള ആമുഖവും.

എനിക്കറിയില്ല ,ഒരോ പിണക്കത്തിനും കാരണമായി വാക്കുകളുടെ സൈന്യം എന്റെയുള്ളിലെങ്ങനെയാണ്‌ ഒരുങ്ങിയിരിക്കുന്നതെന്ന്..
ഒരുപക്ഷേ ആരോടുമധികം മിണ്ടാനില്ലാത്തതുകൊണ്ട് പദാവലികൾ എന്തെങ്കിലും ഒരു കാരണത്തിന്‌ കാത്തിരിക്കുന്നതാകാം..

ഒരു കലഹത്തിലും ഞാൻ ജയിച്ചിട്ടില്ല.
ഒരിയ്ക്കലും ജയിക്കാൻ പോകുന്നുമില്ല.

ഇപ്പോഴെനിക്കുള്ള ദേഷ്യം മുഴുവൻ ഓട്ടോക്കാരോടാണ്‌.
അവരിങ്ങനെ നിർത്താതെ പോകുന്നതെന്താണെന്നാണ്‌ മനസ്സിലാകാത്തത്.
നിർത്തിയവരിൽ ചിലർക്ക് വലിയ ഓട്ടത്തിനു വയ്യ.റോഡ് മോശമാണുപോലും.
‘റോഡ് നന്നായിട്ട് യാത്ര പോകാമെന്ന് വെച്ചാലെന്നാണ്‌?’ഞാൻ ചോദിച്ച് നോക്കി.
പരിഹാസം കിട്ടിയത് ബാക്കി.

ഇരുട്ട് പിടിച്ചു തുടങ്ങിയ മഴയാണ്‌ കൂടെയുള്ളത്.

വേനൽ വിഴുങ്ങിയൊരു ദേശത്ത് നിന്ന് വരുമ്പോൾ മഴ മാത്രമായിരുന്നു മനസ്സിൽ.
ആ സ്നേഹമൊക്കെ എവിടെപ്പോയെന്ന് ഞാൻ സ്വയം ചോദിച്ചു.
വല്ലാതെ പ്രിയപ്പെട്ടവരോടങ്ങനെയാണ്‌.അവരൊന്നു മുഖം കറുപ്പിച്ചാൽ മതി, പിണങ്ങിയിരിക്കാൻ തോന്നും.
അരവിന്ദിന്റെ മുഖമുണ്ട് എനിക്കുള്ളിലിരുന്ന് പെയ്യുന്ന മഴയ്ക്ക്.അപ്രതീക്ഷിതമായി ,കൈകാണിക്കാതെ നിർത്തിയ ഓട്ടോയിൽ നിന്ന് ആരോ വിളിച്ചു:

“ സീമേ.."
വിനോദാണ്‌.
പഠിക്കുന്ന കാലത്ത് ഞങ്ങൾക്കിടയിലെ നേതാവിനെ വീണ്ടും കണ്ടുമുട്ടിയത് ഓട്ടോഡ്രൈവറായിട്ടാണല്ലോ എന്നൊരമ്പരപ്പായിരുന്നു എന്റെ മനസ്സിൽ..
”ഈ ഓട്ടോ സ്വന്താണോ ?“ ഞാൻ സ്വാന്ത്ര്യമെടുത്തു .

ചിലപ്പോൾ അങ്ങനെയാണ്‌.
അരവിന്ദ് പറയാറുണ്ട്:‘ വേണ്ടാത്തിടത്തുകയറി സ്വാതന്ത്ര്യമെടുക്കും ..എന്നിട്ടൊടുക്കം വിഷമിക്കേം ചെയ്യും..’

” ഏയ് ല്ല സീമേ..ഇത് ഉണ്ണിയമ്മേന്റതാ..ആശാലതെന്റ അമ്മ..ആശേന ഓർമ്മല്ലേ..“

ആശയെ മറക്കാനിതുവരെ കഴിഞ്ഞിട്ടില്ല.അവളുടെ ഇരട്ടപ്പേരും ഓർമ്മിക്കാറുണ്ട്:

ഡാഫൊഡിൽസ് ലത.
ഡാഫൊഡിൽസ് എന്ന് പദ്യം കാണാതെ പഠിച്ചു വരാത്തതിനു ആഴ്ചകളോളം ക്ലാസ്സിനു പുറത്തു നിന്നതുകൊണ്ട് കിട്ടിയത്.

അച്ഛനായിരുന്നന്ന്‌ ഇംഗ്ലീഷ് പഠിപ്പിച്ചത്.
പദ്യം പഠിച്ചു വരാത്തതിനേക്കാൾ അതിനവൾ പറയുന്ന കാരണങ്ങളാണ്‌ തന്നെ അരിശം പിടിപ്പിക്കാറുള്ളതെന്ന് അച്ഛൻ അമ്മയോട് പറയുന്നത് കേട്ടിരുന്നു.
ആരേയും വിശ്വസിപ്പിക്കാവുന്ന നുണകൾ പറയാൻ വല്ലാത്ത കഴിവായിരുന്നു അവൾക്ക്.

‘.ആ കുട്ടിക്ക് ഒരു ക്രിമിനൽ മൈൻഡ് ഉണ്ടോ എന്നൊരു സംശയം..’,അച്ഛൻ പറയാറുണ്ട്.
‘.ക്ലാസ്സിന്റെ പിന്നിലിരുന്ന് ചെക്കമ്മാരോട് സംസാരിക്കുന്നുണ്ടെ’ന്ന് ഞാനും പറഞ്ഞു.

‘ നിങ്ങക്കൊന്ന് വിളിച്ച് ഉപദേശിക്കര്‌തോ..മാഷമ്മാരല്ലേ അതൊക്കെ ചെയ്യണ്ടേ..‘,അമ്മ ചോദിക്കും.
’ അതിനോടെന്ത് പറഞ്ഞിട്ടൊര്‌ കാര്യല്ല..ഒരു സൈക്കോളജ്സ്റ്റിനെ കാണാവേണ്ടെ..ആ ഉണ്ണിയമ്മയ്ക്ക് അതൊക്കെ പറഞ്ഞാ മനസ്സിലാകോ...‘

ഞങ്ങളുടെ വീടുകൾ അടുത്തടുത്താണ്‌.
കൂടെ കളിയ്ക്കാൻ എനിക്കുണ്ടായിരുന്ന ഒരേയൊരാൾ.പക്ഷേ നുണക്കഥകളാണ്‌ അവൾ പറയുന്നതിലധികവുമെന്ന് തിരിച്ചറിയാൻ കൗമാരം വരെ വളരേണ്ടി വന്നിട്ടുണ്ടെനിക്ക്.

അന്നേങ്ങളിൽ ഞങ്ങളുടെ വളരുന്ന ദേഹത്തെക്കുറിച്ച് അവൾ സംസാരിച്ചിരുന്നു.പിന്നെ പലപല ചെറുപ്പക്കാരെക്കുറിച്ചും പറയും..പിറുപിറുക്കും..ചില സാധ്യതകൾ ഓർമ്മിപ്പിക്കുകയും ചെയ്യും.
ആകാംക്ഷ തോന്നും,കൗതുകവും..

മാറിയിരുന്നുള്ള ഞങ്ങളുടെ സംസാരങ്ങൾക്കൊടുവിൽ അച്ഛൻ എന്നോട് കയർക്കും :
’ എത്ര നേരായി..നിനക്കൊന്നും പഠിക്കാനില്ലേ സീമേ.....ഇക്കൂട്ടൊക്കെ ഒഴിവാക്കുന്നതാ നിനക്ക് നല്ലത്..നീ നിന്നെ സൂക്ഷിച്ചാ നിനക്ക് കൊള്ളാം..‘
’ ഇനി സീമേടെ കൂടെ കണ്ട് പോകര്‌ത് ‘ അച്ഛൻ ആശയോടും പറഞ്ഞു.

അച്ഛൻ അങ്ങനെയാണ്‌.
ദേഷ്യം വന്നാൽ പിന്നെ കണ്ണ്‌ കാണില്ല.എന്റെ കണ്ണ്‌ നിറയുന്നതും കാണില്ല.
അന്ന് അമ്മയും എന്നോട് പറഞ്ഞു:
’ അച്ഛന്റെ വേവലാതികൊണ്ടല്ലേ..‘

എന്നിലെ പെൺകുട്ടിയെ വല്ലാതെ അസ്വസ്ഥമാക്കാറുണ്ടായിരുന്ന സുഖകരമല്ലാത്ത പലകഥകളും അവളെക്കുറിച്ച് പിന്നെയും പലപ്പോഴായി പറഞ്ഞ് കേട്ടിരുന്നു..
ഒരുപാട് ഭയങ്ങൾ അകാരണമായി അതെന്നിലിപ്പോഴും ബാക്കിവെച്ചിട്ടുണ്ട്.

കോളേജിലൊക്കെ ഒറ്റപ്പെടാറുള്ളതും പരിഹസിക്കപ്പെടാറുള്ളതും അതു കൊണ്ടൊക്കെത്തന്നെ.
കൂട്ടത്തിൽക്കൂട്ടാൻ കഴിയാത്തവളാണെന്ന അപകർഷതാബോധവും.
എന്നിലെ പെൺകുട്ടി വളർന്നത് അങ്ങനെയാണ്‌.:
അനാവശ്യമായ പരിധികൾ സ്വയം നിശ്ചയിച്ച്,

ആരോടെങ്കിലും ഇഷ്ടം തോന്നിപ്പോയാലോ..
തെറ്റു പറ്റിപ്പോയാലോ എന്നൊക്കെ ഭയന്ന് ഭയന്ന്....

എന്തുകൊണ്ടാണിങ്ങനെ ആത്മവിശ്വാസമില്ലാതാകുന്നതെന്ന് പലവട്ടം സ്വയം ശാസിച്ചു നോക്കിയിട്ടുണ്ടെങ്കിലും..

രതിയോടുള്ള ഭയം മാറാതെ കിടപ്പുണ്ടിന്നും,ഒന്നുമല്ല ഞാനെന്ന് ഓർമ്മിപ്പിക്കാൻ മടിക്കാതെ..

ഒരു ദയവുമില്ലാതെ...


ഇന്നത്തെ ഈ യാത്രയിൽ എന്റെ പഴയ കൂട്ടുകാരൻ , ആ ഭയത്തിന്റെ കാരണം മനസ്സിലേക്ക് കൊണ്ടു വന്നിരിക്കുന്നു.
ഉപേക്ഷിക്കണമെന്നാഗ്രഹിച്ച് കടലിലേക്ക് വലിച്ചെറിഞ്ഞ ഒരു ഓർമ്മ തിരയിൽ കരയ്ക്കടിയുന്നത് പോലെ.

അതിന്റെ പരിണാമമെന്തെന്നറിയാൻ ഞാൻ വിനോദിനോട് ചോദിച്ചു:
“ ആശ ഇപ്പോ..? ” .
“ പടിഞ്ഞാറ്‌.. വാടകയ്ക്ക് ഒരു വീട്ടിലേക്ക് മാറി..”
“ അപ്പൊ കേസ്..? ”
“ മാനസിക വൈകല്യമെന്നൊക്കെ പറഞ്ഞ് കുറച്ച് കാലം റീഹാബിലിറ്റേഷൻ സെന്ററിലൊക്കെയായിരുന്നു.. ”

കുറച്ച് കഴിഞ്ഞ് അവൻ തന്നെ പറഞ്ഞു:
“ എന്തോ ഡീറ്റയിൽസ് ഞാനന്വേഷിച്ചില്ല...ചിലർക്കൊക്കെ എവിടെന്നും രക്ഷപ്പെടാൻ എളുപ്പല്ലേ..”

ആശയുടെ കല്യാണത്തിന്‌ ഞാൻ ഹോസ്റ്റലിലായിരുന്നു.അമ്മയുടെ നാട്ടുവർത്താനങ്ങൾക്കിടയിൽ അവൾക്ക് ഇരട്ടക്കുട്ടികളുണ്ടായതും കേട്ടു.

എന്തുകൊണ്ടാണെന്നറിയില്ല അന്നേങ്ങളിലൊക്കെ ഞാനെന്റെ വിവാഹത്തെക്കുറിച്ചും ആലോചിച്ചു തുടങ്ങും, ആഗ്രഹങ്ങളും വേവലാതികളും കൗതുകവും ഭയവും എല്ലാം കൂട്ടിക്കുഴച്ച് എങ്ങുമെത്താതെ..
പക്ഷേ ആരോടും പറയാതെ.
 അസ്വസ്ഥയായി, ചിലരാത്രികളിൽ ആരെങ്കിലും സ്പർശിക്കുമോ എന്ന ഭയത്തിൽ ഉറക്കം നഷ്ടപ്പെട്ട്..


നാട്ടുവർത്തമാനങ്ങളിൽ കുറേക്കാലം ആവർത്തിക്കപ്പെടാത്തതുകൊണ്ട് ഓർക്കേണ്ടിവരാതിരുന്ന ആശ പിന്നീട് അസ്വസ്ഥയാക്കിയത് എന്റെ വിവാഹത്തലേന്ന്..
ഒരു രണ്ടുകോളം പത്രവാർത്തയിലൂടെ.

ആഴത്തിലൊരു മുറിവാണ്‌ ബാക്കിവെയ്ക്കാൻ പോകുന്നതെന്നറിയാതെയാണ്‌ കേട്ടുതുടങ്ങിയത്.
എന്റെ കയ്യിൽ വിവാഹത്തിനിട്ട മൈലാഞ്ചി ഉണങ്ങാത്തതു കൊണ്ടമ്മയാണ്‌ പത്രം വായിച്ചത്:

ആശേയും കുട്ടികളെയും കാണാനില്ലെന്ന പരാതി അന്വേഷിച്ച പോലീസിനവളെ കണ്ടുകിട്ടിയത് ചെന്നൈയിലൊരു ഹോട്ടലിൽ വെച്ച്.അവളുടെ ഏട്ടൻ തിരിച്ചറിയുന്നവരെ ആശയല്ല താനെന്നവൾ വാദിച്ചത്രേ.കുട്ടികളെ കിട്ടിയത് റയിൽവേ ട്രാക്കിൽ ചാക്കിൽ പൊതിഞ്ഞ്.
‘പ്രകൃതി വിരുദ്ധ ലൈംഗികതയ്ക്ക് വിധേയമായി കൊല്ലപ്പെട്ട കുഞ്ഞുങ്ങളെ ആശയുടെ സഹോദരനാണ്‌ തിരിച്ചറിഞ്ഞത്.’

അമ്മ വായന നിറുത്തി.
എന്നിട്ട് അലറിക്കരഞ്ഞു:
‘ ഞാങ്കണ്ടതല്ലപ്പാ അവരെ..ഉരുണ്ട് പൊന്നുംകുടപ്പോലത്തെ..’

ഞാനും കരഞ്ഞു.
ആശയെക്കുറിച്ചോർത്തല്ല,എന്റെ വിവാഹത്തെക്കുറിച്ചോർത്ത്..
തോറ്റ് പോകുമെന്നുറപ്പുള്ള ഒരു പരീക്ഷയുടെ തലേദിവസത്തെ വേവലാതി.
ആർക്കും അത് മനസ്സിലായില്ല.

‘ ആ ഉണ്ണിമ്മ ഇനി ജീവിച്ചിരുന്നിട്ടെന്താ..മക്കള്‌ നേരയായില്ലെങ്കി ത്തീർന്ന്..’
രാത്രി ഞങ്ങളുടെ വീട്ടിലെ ചെറിയ ദീപാലങ്കാരങ്ങൾക്കിടയിൽ ആരൊക്കെയോ ആശയുടെ കഥകൾ ആവർത്തിച്ചു.
‘ എന്തൊരു ലക്ഷണക്കേട്’ ',വലിയമ്മ പിറുപിറുക്കുന്നുണ്ടായിരുന്നു.
ഞങ്ങളുടെ മുറ്റത്ത് നിന്ന് നോക്കിയാൽ ആശയുടെ വീട് കാണാം..അവിടെ ഒരു വെളിച്ചവും കാണാനില്ലല്ലോ എന്ന് അമ്മയും ഭയന്നിരുന്നു.

ആശയെക്കുറിച്ചുള്ള വാർത്തയിൽ എല്ലാവരും അസ്വസ്ഥരായിരുന്നതുകൊണ്ട്  എന്റെ വിവാഹവും അനാർഭാടമായിരുന്നു. എന്റെ മനസ്സ് പോലെ ,ആഘോഷങ്ങളൊന്നുമില്ലാതെ....

ചില രാത്രികളിൽ അരവിന്ദിന്റെ സ്നേഹത്തിനിടയിൽ പോലും ഈ അസ്വസ്ഥത എന്നെ വിരൽ നീട്ടി തൊട്ട് വിളിയ്ക്കും.

‘നീ എന്താ ഇങ്ങനെ..’ എന്ന് അരവിന്ദിന്റെ നിരാശയിൽ എത്തുന്ന തണുപ്പിലേക്ക് അതെന്നെ കരുണയില്ലാതെ കൂട്ടിക്കൊണ്ട് പോകും.

‘ നീ വെറുതേ ഭയക്കുന്നതാ..’ അവനെന്നോട് പറയും.

ഭയക്കാതിരിക്കാൻ കഴിയുന്നില്ലെയെനിക്കെന്ന് പക്ഷേ ഞാൻ പറയാറില്ല.പകരം നിസ്സഹായതയോടെ പറയും ‘ ഞാൻ അരീന്ദേട്ടന്റെ ലൈഫ് സ്പോയ്‌ലാക്കാ ല്ലേ ’

ആദ്യമൊക്കെ അവൻ ക്ഷമയോടെ എന്നിലെ ഭയത്തോട് സംസാരിച്ചു തുടങ്ങും. എവിടെയും എങ്ങും എത്താത്തൊരു യാത്ര പോലെ.
ഈയ്യിടെയായി പക്ഷേ അതുണ്ടാകാറില്ല.

അതാണ്‌ എന്നെ വേദനിപ്പിക്കുന്നത്.
സ്വയം അവസാനിപ്പിച്ചാലോ എന്ന കലാപചിന്ത മാത്രമുണ്ട് കൂട്ടിന്‌.അതൊന്നു പരീക്ഷിച്ചാലോ എന്ന് കൂടി ആലോചിച്ചാണ്‌ നാട്ടിലേക്ക് വന്നത്.

വഴിയിലൊരിടത്ത് മഴത്തോർച്ചയിൽ ഇറങ്ങിനിന്നവരിൽ ആരോ വിളിച്ച് ചോദിച്ചു:
“ ആരാ വിനോദാ ഓട്ടോല്‌..ആരയാ കിട്ടിയേ..”
അതിലെ ദുസ്സൂചന എനിക്ക് മനസ്സിലായി.അതെന്നെ വേദനിപ്പിക്കുകയും ചെയ്തു.

റോഡിലെ കുഴികളിലൊന്നിൽ സാവധാനത്തിലാക്കിയതുകൊണ്ട് ഒരുത്തൻ ഓട്ടോയിലേക്ക് തലയിട്ട് നോക്കി:
“ ഓ..മാഷെ മോളായിര്‌ന്നോ..ഞാള്‌ വിചാരിച്ച്..”

“ എന്താ വിനൂ ഇതൊക്കെ ”ഞാൻ ചോദിച്ചു.

“ ഉണ്ണിയമ്മേന സഹായിക്കുന്നോണ്ടാ...കൊറച്ച് കാലായിട്ട് വൈന്നേരാമ്പൊ ആള്‌ ചെല്ലും..മോൾക്ക് വിളിച്ച് അകത്ത്‌ കെടാത്താങ്കിലമ്മയ്ക്കെന്താന്നൊക്കെ പ്പറഞ്ഞ്...കേസൊക്കെക്കഴിഞ്ഞ് കൊറച്ച് കാലം ആശ ഉണ്ണിയമ്മേന്റട്ത്ത്ണ്ടായിര്‌ന്ന്.. സഹികെട്ടാ ആയമ്മ സ്വത്തൊക്കെ ഭാഗിച്ച് ഓളെ പറഞ്ഞ് വിട്ടത്..ബാക്കി സ്ഥലം വിറ്റാ ഓട്ടോ വാങ്ങിച്ചേ.. ”

“ അപ്പൊ ആശേടെ ചേട്ട്ൻ..?? ”

“ നാണക്കേടാണെന്ന് പറഞ്ഞ് ഭാര്യേം കൂട്ടി മാറിത്താമസിച്ച്...സഹികെട്ടാ അവര്‌ എന്നോട് സഹായം ചോദിച്ചെ..വരുമാനം എന്തേലും വേണ്ടേ..
ആളേൾക്കൊക്കെ ആയമ്മ ഒന്ന് സ്വയം മരിച്ച് കണ്ടാൽ മതി..എന്തെങ്കിലൊര്‌ പ്രശ്മ്നം വന്നാ അപ്പൊ കയറെടുക്കണം,വെഷം കുടിക്കണം,വണ്ടിക്ക് തല വെക്കണം ..അതാണല്ലൊ ഇപ്പൊ നാട്ട് നടപ്പ്.. ”
ആ ഉണ്ണിമ്മ ഇനി ജീവിച്ചിരുന്നിട്ടെന്താ..മക്കള്‌ നേരയായില്ലെങ്കി ത്തീർന്ന്..ആരൊക്കെയോ പറഞ്ഞത് ഞാനും ഓർത്തു.

“ അവർക്കൊന്നും ഒരു ഹോപ്പുംല്ല എന്നിട്ടും ഫൈറ്റ് ചെയ്ത് ജീവിക്ക്ന്നത് കണ്ടില്ലേ..... ഞാനവരെ എന്റമ്മയെപ്പോലെ നോക്കും..”

അവന്റെ ശബ്ദം വിറച്ചു.
അതോ എനിക്ക് അങ്ങനെ തോന്നിയതോ?

അവന്റെ അമ്മയുടെ മരണം എനിക്ക് ഓർമ്മയുണ്ട്,സ്വയം വെന്ത്.അവർക്കവന്റെ അച്ഛനോട് തോന്നിയ എന്തോ സംശയമാണെന്നാണ്‌ പറഞ്ഞു കേട്ടത്..

അത് മനസ്സിലെത്തുമ്പോൾ എവിടെയോ വായിച്ച പുസ്തകത്തിലെ വരികളോർക്കും:
‘ വീട് കത്തുമ്പോൾ മഴ പെയ്യണേ പെയ്യണേ എന്ന് പ്രാർത്ഥിച്ചു.
മഴ പെയ്തില്ല.
കത്തിക്കരിഞ്ഞവസാനിച്ച വീട്ടിലേക്ക് മഴ പെയ്യരുതേ പെയ്യരുതേ എന്ന് പ്രാർത്ഥിച്ചു.
മഴ പെയ്തു.’

“ അച്ഛനെ ജീവിതം മുഴുവനും ഒറ്റയ്ക്കാക്കിയതിന്‌ എനിക്ക് ക്ഷമിക്കാൻ കഴിഞ്ഞിട്ടില്ല എന്റമ്മേനോടിത് വരെ..” അവൻ ക്ഷോഭിച്ചു.

തീപ്പിടിച്ചലറിയ അമ്മയെ ആദ്യം കണ്ടത് വിനോദായിരുന്നെന്നും കേട്ടിട്ടുണ്ട്.

അന്ന് വീട്ടിലിരുന്ന് അച്ഛൻ അമ്മയോട് പറഞ്ഞതോർമ്മയുണ്ട്,

‘ ആത്മഹത്യ ചെയ്യുമ്പോ രക്ഷപ്പെട്ടുന്നാ അവര്‌ വിചാരിക്ക്ന്നേ..കൂടിയുള്ളവര്‌ അന്നു മുതൽ പകുതി ചത്ത് ജീവിച്ച് തുടങ്ങുന്നത് അവർക്കറിയേണ്ടല്ലോ..’

എന്റെയുള്ളിൽ എവിടെയോ ബാക്കിയുണ്ടായിരുന്ന ചിരിയും വറ്റിപ്പോയി.

ഞാനും കുറേ ദിവസമായി ചിന്തിക്കുന്നത് ഇതിനെക്കുറിച്ചായിരുന്നില്ലേ, സ്വയം അവസാനിക്കേണ്ടതിനെക്കുറിച്ച്...
രക്ഷപ്പെടാനാണോ?
അച്ഛനേയും അമ്മയേയും അരവിന്ദിനേയും ഒക്കെ വിട്ട്..
പാതി ചത്തു ജീവിച്ചു തുടങ്ങേണ്ടിവരുന്നവരുടെ ഓർമ്മകളിലേക്കല്ലാതെ മറ്റെങ്ങോട്ട്..??

പിന്നെ ഞാനും ആശയും തമ്മിലെന്ത് വ്യത്യാസം.
‘ മക്കള്‌ നന്നായിട്ടില്ലെങ്കിപ്പിന്നെ എന്ത്ണ്ടായിട്ടെന്താ ’എന്ന് ആളുകളിൽ നിന്ന് എന്റെമ്മയും കേൾക്കേണ്ടി വരും.

എനിക്ക് അമ്മയോട് എല്ലാം പറയണം.
അരവിന്ദിനെ സ്നേഹിക്കുന്നുണ്ടെങ്കിലും ഒരു ഉൾഭയം കൊണ്ട് അവന്റെ സ്പർശനങ്ങളെയൊന്നും ഇഷ്ടപ്പെടാനും അതിജീവിയ്ക്കാനും കഴിയുന്നില്ലെന്നും അവനൊരു കുഞ്ഞിനെക്കൊടുക്കാൻ കഴിയുമോ എന്ന ഉത്കണ്ഠയാണെനിക്കുള്ളതെന്നും..

പരിഹാരമില്ലാത്ത പ്രശ്നങ്ങളൊന്നുമില്ലെന്ന് അച്ഛനന്നേരം ആവർത്തിക്കുമായിരിക്കും ..
അമ്മയുടെ കണ്ണുകളിലെ മേഘങ്ങളാവണം അന്നേരമെന്നിൽ മഴയായ് പെയ്യുക.
എനിക്കും കരയണം.
ചേറുപിടിച്ചൊരു പാത്രം കഴുകിക്കമഴ്ത്തുന്നതു പോലെ എനിക്കെന്റെ ചിന്തകളെ വൃത്തിയാക്കി വയ്ക്കണം.

എന്റെ മനസ്സിപ്പോൾ ശാന്തമാണ്‌.
മഴപെയ്താലും പെയ്തില്ലെങ്കിലും ഒരുപോലെ.
ടൗണിലൂടെ അലഞ്ഞതിന്റെ തളർച്ചയില്ല.
ഒരു ചിന്തയുടേയും കലഹങ്ങളില്ല.
ഒരു ധ്യാനം കഴിഞ്ഞതുപോലെ ശാന്തം.

എനിക്കിനി വീട്ടിലെത്തിയാൽ മാത്രം മതി.

18 comments:

 1. ആളുകൾ കഥ വായിക്കണമെന്ന് എഴുതിയ ആൾ ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടായിരിക്കും
  നന്നായി എഴുതിയത്.

  ReplyDelete
 2. കഥ നന്നായി,കുറച്ച് നീളം കൂടിയോ എന്നൊരു സംശയം!

  ReplyDelete
 3. മനസ്സില്‍ എന്തോ തടഞ്ഞു നില്‍ക്കും പോലെ ... :(
  കൂടുതല്‍ ഒന്നും പറയാനില്ല...

  ReplyDelete
 4. കഥ വായിച്ചു. വളരെ നന്നായിരിയ്ക്കുന്നു. എനിയ്ക്കേറെ ഇഷ്ടമായി. ചിന്തകളില്‍ കൂടിയുള്ള സഞ്ചാരം ഒന്നാന്തരം. അഭിനന്ദനങ്ങള്‍.

  ReplyDelete
 5. നനായി എഴുതി.
  പ്രവചിക്കാനാവുന്ന ഒരു അവസാനം.
  ഓര്‍മ്മകളുടെ കഷണങ്ങള്‍ ഇടയ്ക്കിടയ്ക്ക്
  മുറികൂടാതെ വേറിട്ടു നില്‍ക്കുന്നുണ്ട്
  ഒരു വിളക്കിചേര്‍ക്കല്‍ , കൂടുതല്‍ നന്നാക്കിയേനെ..

  ReplyDelete
 6. നല്ല കഥ , നന്നായി പറഞ്ഞു.

  ReplyDelete
 7. നല്ല ഒരാശയവും ചിന്താഗതികളും. ആത്മഗതം കൂടിപ്പോയില്ലേ? നല്ല അർഥമുള്ള വരികൾ ഒന്നിച്ചു ചേർത്ത്, കുറച്ചു ചുരുക്കാമായിരുന്നോ? “എനിക്കുള്ളിലിരുന്ന് പെയ്യുന്ന മഴയ്ക്ക് അരവിന്ദിന്റെ മുഖമാണ്” ...നല്ല തോന്നൽ. സ്വഗതരൂപത്തിലുള്ള നല്ല വ്യക്തിചിന്ത എന്ന രീതിയിൽ നല്ല വിവരണം..........ഇതിനു മുമ്പുള്ള എഴുത്തുകൾ ഇതിനെക്കാൾ നല്ലത് എന്ന്, എന്റെ തോന്നൽ മാത്രം. ഭാവുകങ്ങൾ.................

  ReplyDelete
 8. കഥയേക്കാളേറെ ഒരു അനുഭവക്കുറിപ്പു പോലെ തോന്നി.
  വായിച്ചു കഴിഞ്ഞിട്ടും ചില കഥാപാത്രങ്ങളും സംഭവങ്ങലും പിണഞ്ഞുകിടക്കുന്നു, വേര്‍തിരിയാതെ.

  It is below the Benchmark, that you created via your previous posts...
  :-(

  :-)

  ReplyDelete
 9. ചിലയിടത്ത്തുള്ള കുഞ്ഞു കുഞ്ഞു സ്വര ചേര്‍ച്ച ഒഴിച്ചാല്‍ എനിക്കീ കഥ ഒരു പാടിഷ്ടമായി..തെറ്റിയും തെന്നിയും ചിന്തകളിലൂടെയുള്ള നടത്തം ഇഷ്ടമായി.....സസ്നേഹം

  ReplyDelete
 10. സ്വയം മരിയ്ക്കാനിറങ്ങിത്തിരിച്ച ഒരാളുടെ ചിതറിപ്പോയ ചിന്തകളിലൂടെയവട്ടെ കഥ പറയുന്നത് എന്ന് കരുതി. നായികയുടെ മനസ്സിലവിടെയിവിടെയായി പറ്റിപ്പിടിച്ച ഭയത്തിലൂടെ, സ്വയം ന്യായീകരണങ്ങളിലൂടെ ഒരു യാത്ര.ഓർമ്മകളുടെ താളം തെറ്റൽ.അത് വായന ബുദ്ധിമുട്ടാക്കിയെങ്കിൽ ക്ഷമ ചോദിക്കുന്നു. ആവർത്തിക്കാതിരിക്കാൻ ഒരു പാഠമായെടുക്കുന്നു..

  സുനിൽ, ഇത് കെട്ടുകഥയാവണം എന്ന് ഉദ്ദേശിച്ചില്ല.പകരം സീമയെന്ന കഥാപാത്രത്തിന്റെ അനുഭവമായിത്തന്നെ കാണൂ..

  വായിച്ച എല്ലാവർക്കും നന്ദി,അടുത്തത് കൂടുതൽ മികച്ച കഥയാകട്ടെ എന്ന അനുഗ്രഹത്തിനായ് പ്രാർത്ഥിക്കുന്നു.

  ReplyDelete
 11. എനിക്കറിയില്ല ,ഒരോ പിണക്കത്തിനും കാരണമായി വാക്കുകളുടെ സൈന്യം എന്റെയുള്ളിലെങ്ങനെയാണ്‌ ഒരുങ്ങിയിരിക്കുന്നതെന്ന്....

  നന്നായി ഈ കഥ

  ReplyDelete
 12. നല്ല കഥ ലിഡിയ. ആശയും സീമയും എല്ലാം നമുക്കിടയിലുള്ളവരല്ലേ എന്ന് തോന്നുന്നു

  ReplyDelete
 13. ormakalude kettupaadukalkkidayiloode..
  vedhanippikkum vidham thottu..katha..

  ReplyDelete
 14. വല്ലാത്ത അനുഭവങ്ങൾ, ഭയപ്പാടുകൾ- കൊള്ളാമെങ്കിലും കഥ വായിച്ചു കൊണ്ടിരിക്കുമ്പോൾ ഏകാഗ്രത പോയിരുന്നു, മരത്തിന്റെ വളവും ആശാരിയുടെ കുറവുമുണ്ടായിരിക്കും. ഒരു റിഫൈനിങ് ഈ കഥക്ക് ആകാം!

  ReplyDelete
 15. katha valare nannnayittundu....... aashamsakal...........

  ReplyDelete
 16. aranda velichathu oru thirakkadha vaayichu kettathupole ....

  ReplyDelete
 17. വളരെ നല്ല കഥ . കഥാകാരിക്ക് അഭിനന്ദനങ്ങള്‍ .

  ReplyDelete
 18. വളരെ നന്നായിരിയ്ക്കുന്നു അഭിനന്ദനങ്ങള്‍.

  ReplyDelete