Sunday, October 10, 2010

വേനലറുതി


ഇത് മഴയുടെ മൂന്നാം നാൾ.
എന്നിട്ടും ദാഹം മാറാതെ കിട്ടിയതത്രയും വിഴുങ്ങുകയാണ്‌ അംഗരാജ്യം.

അപരിചിതമാണ്‌ ഈ മഴ.
മരങ്ങളൊന്നും ബാക്കിയില്ലാത്തൊരിടത്ത് മേഘങ്ങൾ വിയർക്കുകയാണെന്നേ തോന്നൂ.

പക്ഷേ ആദ്യ ദിവസത്തെ ദുർഗന്ധം മാറിത്തുടങ്ങിയിട്ടുണ്ട്- വേനലിൽ വെന്ത മണ്ണിന്റെ, ശവങ്ങളുടെ, വിസർജ്ജ്യങ്ങളുടെ അസഹനീയമായ ഗന്ധമായിരുന്നു ആദ്യം.
മഴ പെയ്ത് തുടങ്ങിയതിന്റെ ആദ്യത്തെ ആഹ്ലാദം കഴിഞ്ഞതിൽ പിന്നെ ആളുകൾ അതിനെക്കുറിച്ചാകണം ആവലാതിപ്പെട്ടത്.

പന്ത്രണ്ട് വർഷം നീണ്ട വേനലിലേക്ക് പെയ്ത് ശീലിക്കുന്ന മേഘങ്ങൾക്ക് നന്ദി.
ആശ്രമത്തിൽ അനിയത്തികുട്ടികളെപ്പോലെ  കൂടെ ഓടിക്കളിച്ച അവർ അംഗരാജ്യത്തും കൂട്ടുവന്നിരിക്കുനു. അല്ലെങ്കിൽ അവസാനത്തെ പ്രതീക്ഷയുമായി കഴിഞ്ഞിരുന്ന ജനക്കൂട്ടം നിരാശകൊണ്ട് ആക്രമിച്ചേനെ.

അറിയാം, ഇതവരുടെ പ്രാർത്ഥനകളുടെ മാത്രം ഫലമാണ്‌.
ഒരു നിയോഗം പോലെ നിമിത്തമായെന്ന് മാത്രം.

അല്ലാതെ അവർ വിശ്വസിക്കുന്നതു പോലെ സ്ത്രീയെ കാണാത്ത ,കാമിക്കാത്ത ,സ്പർശിക്കാത്ത ഒരാളെയാണ്‌ മേഘങ്ങൾ മഴപെയ്യിക്കാൻ കാത്തിരുന്നതെങ്കിൽ താനും അയോഗ്യൻ തന്നെ.
തർക്കശാസ്ത്രത്തിൽ നൈപുണ്യം നേടിയ മനസ്സ് അതോർമ്മിപ്പിക്കുന്നുണ്ട്.

പഠിച്ച പൂജാവിധികളും ശാസ്ത്രങ്ങളുമൊന്നും മഴപെയ്യിക്കാൻ ഫലിക്കാതെ വന്നപ്പോൾ, ലോമപാദമഹാരാജാവിന്റെ ഉപദേശകരാരോ കണ്ടുപിടിച്ചതാകണം ദുർഘടമായ ഈ സൂത്രം. സ്ത്രീകളെ കണ്ടിട്ടില്ലാത്ത ഒരു മുനിയെ കൊണ്ട് യാഗമനുഷ്ഠിപ്പിച്ചാൽ നാട്ടിൽ മഴപെയ്യുമെന്ന്.
കൂട്ടത്തിൽ വനത്തിലൊരിടത്ത് അച്ഛനെയല്ലാതെ മറ്റാരേയും കാണാതെ വളരുന്ന വിഭാണ്ഡക പുത്രൻ ഋഷ്യശൃംഗകുമാരന്റെ കഥകളും.
ഉഗ്രകോപിയായ മഹർഷി മകനെ മറ്റൊരിടത്തേക്കും അയക്കാൻ വഴിയില്ലെന്നും അവർ കേട്ടിരിക്കും.

അസംഭവ്യമെന്ന് സ്വയം നിശ്ചയിച്ച ഒരു പ്രതിവിധികൊണ്ട് , രാജകല്പനയിൽ നിന്ന്, ജനങ്ങളുടെ സങ്കടങ്ങളിൽ നിന്ന്, തല്ക്കാലത്തേക്കെങ്കിലും രക്ഷപ്പെടാം എന്ന് കരുതിക്കാണണം ആ ബുദ്ധിരാക്ഷസന്മാർ.


ആശ്രമത്തിലെ വൃക്ഷത്തയ്യുടെ ഇലയൊന്ന് വാടിയാൽ പോലും അസ്വസ്ഥനാകാറുള്ള അച്ഛൻ, ജീവജാലങ്ങൾ മുഴുവൻ വേനലിൽ വെന്തുപോകുന്ന ഒരു രാജ്യത്ത് , മഴപെയ്യിക്കാൻ മകൻ വേണമെങ്കിൽ, അയക്കാതിരിക്കില്ലായിരുന്നു.

അച്ഛനെ അറിയാം.
തുളുമ്പിപ്പോകാതെ ഒരു നിറകുടം പോലെ അച്ഛൻ സ്നേഹം ഒളിപ്പിച്ചു വെക്കാറുള്ളതും അറിയാം.

ഏകാഗ്രതയില്ലെന്ന് തന്നോട് കയർക്കുമ്പോഴൊക്കെയും , ഒരിയ്ക്കൽ സ്വയം നഷ്ടപ്പെട്ട മനസ്സാന്നിധ്യത്തെയാണ്‌ അച്ഛൻ ശാസിക്കാറുള്ളതെന്ന് തോന്നാറുണ്ട്.കടുത്ത ശിക്ഷകൾ കൊണ്ട് അദ്ദേഹം സ്വയം പ്രഹരിക്കുകയാണെന്നും .

കാമക്രോധങ്ങളെ അതിജീവിച്ച് ബ്രഹ്മപദത്തിലെത്തുകയാണ്‌ ലക്ഷ്യം.

അങ്ങനെയെങ്കിൽ തന്നോട് കയർക്കുമ്പോഴൊക്കെയും അച്ഛൻ ബ്രഹ്മപദത്തിൽ നിന്ന് അകലുകയാണല്ലോ എന്നൊരു ഫലിതം തോന്നും, മനസ്സിൽ.
പാലിക്കാൻ കഴിയാത്തത് പഠിപ്പിക്കുകയും അരുതെന്ന ശാസ്ത്രം കൂടി വേണം.


 ഇന്ന് അംഗരാജ്യത്ത് മേഘങ്ങൾ ഗർജ്ജിക്കുമ്പോൾ പക്ഷേ അച്ഛന്റെ സ്വരം കേൾക്കാം.

ആ കാർമേഘങ്ങൾ തണുത്ത കാറ്റിന്റെ കയ്യിൽ ആശ്രമത്തിലെ കൂട്ടുകാർക്കും സന്ദേശമെത്തിച്ചിരിക്കണം.

ഒപ്പം സംസാരിക്കുകയും ശബ്ദം തിരിച്ചറിയുകയും ചെയ്യാറുള്ള പ്രിയപ്പെട്ട കൂട്ടുകാർ- കൂടെ കളിച്ചു നടക്കാറുണ്ടായിരുന്ന മൃഗങ്ങളും പക്ഷികളും, കാത്തിരിക്കാറുണ്ടായിരുന്ന വൃക്ഷലതാദികളും, കാവൽ നില്ക്കാറുള്ള മലനിരകളും, കൂടെയിരിക്കാൻ സാവകാശം കാണിക്കാതെ ഒഴുകിയകലാറുള്ള അരുവികളും..

ശ്രാവണബലി കഴിഞ്ഞ് അച്ഛൻ മടക്കയാത്രയിലാകും.“ സ്വപ്നം കാണുകയാണോ അങ്ങ് ”
ശബ്ദം തിരിച്ചറിയാം. അവളുടേതാണ്‌.
ലോമപാദ മഹാരാജാവിന്റെ പുത്രി,ശാന്ത.

രാജ്യം കന്യാധനമായി തന്നിരിക്കുന്നു എന്ന് രാജാവ് യജ്ഞശാലയിൽ വെച്ച് പ്രഖ്യാപിച്ചത് അപ്രതീക്ഷിതമായിരുന്നു.

യജ്ഞശാലയിൽ നിന്ന് മഴനനയുന്ന ആൾക്കൂട്ടത്തെ കാണുകയായിരുന്നു അന്നേരം.

അപരിചിതരായ ഒരുപാട് മനുഷ്യർ.
പല മുഖങ്ങൾ.പല വസ്ത്രങ്ങൾ.പല രൂപങ്ങൾ.
സ്ത്രീകൾ,കുട്ടികൾ,വൃദ്ധന്മാർ.
ഒരുപാട് ഒരു പാട് ആഹ്ലാദശബ്ദങ്ങൾ.
അലങ്കാരങ്ങൾ.
വാദ്യോപകരണങ്ങൾ.
നൃത്തങ്ങൾ..

ഒരു കാട്ടുവാസിയുടെ കൗതുകങ്ങൾ മനസ്സിലടക്കിപ്പിടിക്കാൻ ബ്രഹ്മർഷിയുടെ ഗൗരവം അഭിനയിക്കേണ്ടി വന്നു മുഖത്തിന്‌.
അജ്ഞതയിൽ ലജ്ജയും തോന്നി.

ഏകാന്തമായ തപസ്സൊഴിച്ച്, മറ്റെല്ലാം മിഥ്യയാണ്‌ ,മായയാണ്‌, മായാവികളാണെന്ന് പഠിച്ചു ശീലിച്ച മനസ്സ് കലഹിച്ച് തുടങ്ങി.
എല്ലാറ്റിനേയും അവഗണിച്ച് ഒളിച്ചൊരിടത്തുനിന്ന് ബ്രഹ്മപദം സങ്കല്പിക്കുന്നതിലും ശ്രേഷ്ഠം ,ഈ ആൾക്കൂട്ടത്തിന്റെ മധ്യത്തിൽ സമസ്ത വികാരങ്ങളോടും പൊരുതി ജയിക്കുന്നതാണെന്ന് തോന്നി.“അങ്ങ് ഇതുവരേയും എന്നോട് സംസാരിച്ചില്ല..”
വീണ്ടും അവളാണ്‌.
മിണ്ടാപ്രാണികളോട് സംസാരിച്ചു ശീലിച്ചവന്റെ വാഗ് സാമർഥ്യത്തെ ശാന്ത മനസ്സിൽ പരിഹസിക്കുന്നുണ്ടാകണം.

ശിലയിൽ മാൻ തൊലിയിൽ കിടന്ന് ശീലിച്ചവന്‌ എല്ലാം കൗതുകം തന്നെ.
അന്ത:പുരത്തിന്റെ ഉയരമുള്ള മേല്ക്കെട്ടും, ലക്ഷണമൊത്ത ശില്പങ്ങളും, ലോഹവിളക്കും,പട്ടുമെത്തയും..പിന്നെ കൂട്ടിനിരിക്കുന്ന സുന്ദരിയും അവളുടെ അലങ്കാരങ്ങളും ശരീരഗന്ധവും.

ചന്ദനത്തൈലത്തിന്റെ മണമാണിവൾക്ക്.
ആശ്രമത്തിൽ കളിക്കാൻ വരാറുണ്ടായിരുന്ന ഭാർഗ്ഗവിയെന്ന വിളിപ്പേരുള്ള പുലിക്കുട്ടിയുടെ ചന്തമുള്ളവൾ. ആ ധാർഷ്ട്യം.
ശബ്ദത്തിന്‌ ആജ്ഞാ സ്വരമാണ്‌, വിനയം ശീലിക്കാൻ യത്നിക്കുന്നുണ്ടെങ്കിലും:

“ ആലോചന ആശ്രമത്തെക്കുറിച്ചോ അതോ മോഹിപ്പിച്ച് കൂട്ടിക്കൊണ്ടുവന്ന വൈശ്യയെക്കുറിച്ചോ..? “വൈശ്യ..അതായിരുന്നോ പേര്‌?
മൂന്ന് ദിവസങ്ങളായി അതാണ്‌ ഓർത്തെടുക്കാൻ ശ്രമിക്കുന്നത്. മുന്നിൽ വന്നുപോകുന്ന സ്ത്രീകളിലോരോരുത്തരിലും അവളുട മുഖമായിരുന്നു തിരയുന്നത്.

കുങ്കുമപ്പൂക്കളുടെ മണമുള്ള അവളുടെ ദേഹം അവർക്കിടയിലുണ്ടോ എന്ന്.
അവൾ സംസാരിച്ച നേരമത്രയും ആ ശബ്ദം മനസ്സിലാവാഹിക്കുകയായിരുന്നു.
ഇപ്പോഴും ചെവിയൊർത്താൽ അത് കേൾക്കാൻ കഴിയുന്നുണ്ട്...

എന്നിട്ടും അവളുടെ പേരോർത്തെടുക്കാൻ കഴിയുന്നില്ല..
ചിലപ്പോൾ പറഞ്ഞിട്ടുണ്ടാവില്ല. ഒരു പേരിലെന്തിരിക്കുന്നെന്ന് അവൾ കരുതി കാണണം.


ഭാർഗ്ഗവിയോടും നികുംഭനെന്ന സിംഹക്കുട്ടിയോടുമൊപ്പം മരത്തണലിൽ മേഘങ്ങൾ വരയ്ക്കുന്ന ചിത്രങ്ങൾ നോക്കിക്കിടക്കുമ്പോഴാണ്‌ അവളുടെ ശബ്ദം ആദ്യം കേട്ടത്.

അപൂർവ്വമായി വരാറുള്ള പക്ഷികളിലേതോ ഒന്നാണെന്ന് കരുതി.
അന്വേഷിക്കാനിറങ്ങിയപ്പോൾ നികുംഭന്‌ വിസമ്മതം.
ഒരു പക്ഷിയെ പേടിക്കുന്ന നീയാണോ നാളെ വനരാജനാകാൻ പോകുന്നതെന്നവനെ പരിഹസിക്കാനും മറന്നില്ല.

തിരഞ്ഞ് ചെന്നപ്പോൾ കണ്ടത് പക്ഷേ മനുഷ്യരൂപം.
അത്രയേ ഉണ്ടായിരുന്നുള്ളൂ സാമ്യം.
മറ്റെല്ലാം അപരിചിതം.
സ്വർണ്ണവർണ്ണം. സൂര്യ തേജസ്സ്.
ജടകെട്ടാത്ത നീണ്ട മുടി.
മുടിയിലും ദേഹത്തും നിറയെ അലങ്കാരങ്ങൾ.അവയുടെ കിലുക്കങ്ങൾ.
വസ്ത്രങ്ങളിലും മായാജാലം.

പക്ഷേ അത്ഭുതം തോന്നിയത്,  മാറിടത്ത് രണ്ട് ഫലങ്ങൾ കെട്ടിവെച്ചലങ്കരിച്ചതെന്തിനായിരിക്കുമെന്നോർത്താണ്‌.
കൗതുകം തോന്നി,കാമവും.

അപരിചിതൻ തട്ടിക്കളിക്കുന്ന ഗോളാകാരത്തിലുള്ള കായ എന്താണെന്ന് വിസ്മയിച്ചാണ്‌ അടുത്ത് ചെന്നത്.കളിപ്പന്താണെന്ന് പറഞ്ഞു.
മുൻപരിചയമുള്ളതു പോലെയാണ്‌ സംസാരിച്ചുതുടങ്ങിയത്. ആലിംഗനവും ചെയ്തു.
അവരുടെ ഉപചാര രീതി അതാണത്രേ.
ആലിംഗനം ചെയ്യുമ്പോൾ തന്റെ ശരീരത്തിൽ പുതിയ അവയവങ്ങൾ മുളയ്കുന്നുവോ എന്നും തോന്നിപ്പോയി.

വയറിന്റെ ചൂടറിഞ്ഞു.നാഭിച്ചുഴിയിലെ നീല രോമങ്ങൾ കണ്ടു.
ശ്രാവണ മാസത്തിലെ മിന്നല്പ്പിണരുകളിലൊന്ന് നിശ്ചലമായ കയത്തിലലിഞ്ഞ് തരംഗമായി വ്യാപിക്കുന്നതു പോലെയാണ്‌ അതനുഭവിച്ചറിഞ്ഞത്.

സ്ത്രീയെ കാണാതിരുന്നത്, അറിയാതിരുന്നത്, സ്പർശിക്കാതിരുന്നത്, മാത്രമായിരുന്നു ഋഷ്യശൃംഗന്റെ യോഗ്യതയെങ്കിൽ അതിവിടെ അവസാനിക്കുന്നു.

ഉണങ്ങരുതെന്നാഗ്രഹിക്കുന്ന ഒരു മുറിവിൽ നിന്നുള്ള വേദനപോലെ..
അല്ലെങ്കിൽ ആവർത്തിക്കാനാഗ്രഹിക്കുന്ന അനുഭൂതി പോലെ..
നേരമേറെക്കഴിഞ്ഞെപ്പോഴോ ഇഴകളഴിഞ്ഞു.
ക്ഷീണിച്ചെന്നു കരുതിയാവണം,കുടിക്കാനെന്തൊ തന്നു.
മുൻപൊരിയ്ക്കലും കുടിച്ചിട്ടില്ലാത്ത എന്തോ..
സോമരസം.ദേവകൾ കൂടി കുടിക്കുന്നതാണെന്ന് പറഞ്ഞു..
ആയിരിക്കണം,
അതുകൊണ്ടാവണം ഒരു തൂവൽ പുറത്തേറി ഭൂമി ചുറ്റിക്കാണുന്ന സുഖം.

സുഖമറിഞ്ഞ് സുഖമറിഞ്ഞ് എപ്പോഴോ ഉറങ്ങിപ്പോയി.
ഉണർന്നപ്പോൾ അവളെ കണ്ടതുമില്ല.
സ്വപ്നം കണ്ടതാണോ എന്ന് സംശയിച്ചു.ആണെങ്കിൽ ശരീരത്തിന്‌ മറ്റൊരു ഗന്ധമുണ്ടാകുന്നതെങ്ങനെ..?

സന്ധ്യാവന്ദനം മുടങ്ങിയതിൽ കോപിച്ച് അച്ഛൻ വരുന്നതുവരെ അവിടെ തന്നെ കിടന്നു.
അന്ന് ആകാശത്തിലെ മേഘങ്ങളിലെല്ലാം ഒരു സ്ത്രീയുടെ മുഖമുണ്ടായിരുന്നു.
കാറ്റിന്‌ പതിവില്ലാതെ കുങ്കുമപ്പൂക്കളുടെ ഗന്ധം.


മനസ്സ് മറ്റെവിടെയോ ആണെന്ന് അച്ഛനറിഞ്ഞു കാണണം.
സംഭവങ്ങൾ വിവരിച്ചപ്പോൾ, അത് തപം മുടക്കാൻ വന്ന മായാവികളായ രാക്ഷസന്മാരാകാമെന്ന് പറഞ്ഞു.
കരുതിയിരിക്കാനും ആജ്ഞാപിച്ചു.

മൂന്നു മാത്രയിലോംകാരം പന്തീരായിരം പ്രാവശ്യം.
പക്ഷേ ആ ധ്യാനവുമന്ന് എന്തുകൊണ്ടോ നിഷ്ഫലമായിരുന്നു.
കൈക്കുമ്പിളിലെ അർഘ്യജലത്തില്‍ അവൾ മാത്രം.
ചിലപ്പോൾ തോന്നും വിരലുകളിൽ ചിലത് അവൾ, ശരീരത്തിലെവിടെയോ ബാക്കി വെച്ച് പോയിട്ടുണ്ടെന്ന്.
അത്രമേൽ സ്പർശനമറിയാം.
കാതോർത്താൽ ശബ്ദവും കേൾക്കാം.

ദിവസങ്ങളത്രയും ആഗ്രഹിച്ചത് അവളെ വീണ്ടുമൊന്ന് കാണാനാണ്‌.
പക്ഷേ സങ്കല്പത്തിലെല്ലാതെ വീണ്ടും മുന്നിലൊന്ന് വന്ന് നില്ക്കാൻ അവൾ ദയവ് കാണിച്ചില്ല.

പുറംകാടുകളിൽ അലഞ്ഞ് നടക്കരുതെന്ന് അച്ഛന്റെ ശാസനയുമുണ്ടായിരുന്നു.
നികുംഭനും ഭാർഗ്ഗവിയുമൊത്ത് ക്രീഢയ്ക്കും മനസ്സ് വന്നില്ല.

അധ്യയനം കഴിഞ്ഞാൽ പിന്നെ പൊയ്കയുടെ തീരത്ത വന്നിരുന്ന് , ഒന്നിച്ചു നീന്തുന്ന അരയന്നങ്ങളെ, മുഖമുരസുന്ന മാനുകളെ , മരക്കൊമ്പത്ത് കൂട് കെട്ടുന്ന കിളികളെ, ഒക്കെ നോക്കിയിരിക്കാൻ തോന്നി.
ചക്രവാക പക്ഷിയുടെ ശബ്ദം  കേൾക്കുന്നുണ്ടോ എന്ന് സംശയിച്ചു.

അപരിചിതമായ ഒരഗ്നിയിൽ സ്വയം ഹോമിച്ചു.

ദിവസങ്ങൾ കഴിഞ്ഞ്,  ശ്രാവണബലിയ്ക്ക് അച്ഛൻ യാത്രതിരിക്കുന്നത് നോക്കിനില്ക്കെ അവളുടെ ശബ്ദം വീണ്ടും കേട്ടു.
ഏത് പക്ഷിയുടേതിനേക്കാളും മനോഹരമായ പാട്ട്.
അന്വേഷിച്ച് ചെന്നപ്പോൾ പുറം കാട്ടിലില്ല.

പകരം അതിരിൽ നദിക്കരയിൽ നിന്ന്.
അവിടെയെത്തിയപ്പോൾ അതിലേറെ അത്ഭുതം.
പാട്ട് കേൾക്കുന്നത് നദിയിൽ ഒഴുകിക്കിടന്ന മരത്തടിയുടെ നിറമുള്ള വലിയ അരയന്നത്തിൽ നിന്ന്.
നൗകയാണെന്നാണ്‌ അവൾ പറഞ്ഞത്. കൂടെ വേറേയും മനുഷ്യരുണ്ടായിരുന്നു,കൂട്ടുകാരെന്ന് പരിചയപ്പെടുത്തി.

അവളുടെ ദേഹം വീണ്ടുമറിയുന്നതിനിടെ ചോദിച്ചു: എന്താണ്‌  ജീവിതത്തോടൊപ്പം പകരം തരേണ്ടതെന്ന്.. മഹാസിദ്ധികൾ ..മന്ത്രങ്ങൾ..
എന്ത് പ്രലോഭനങ്ങൾ കൊണ്ടായാലും, പ്രീതിപ്പെടുത്തിയാൽ വരം കൊടുക്കുന്ന പതിവ് തെറ്റിക്കുന്നില്ലല്ലോ എന്ന് മനസ്സ് ഓർമ്മിപ്പിക്കാതിരുന്നില്ല.


അവൾ പക്ഷേ പറഞ്ഞത്: ‘ അങ്ങ് അംഗരാജ്യത്തെ അനുഗ്രഹിച്ചാൽ മതി..’

പന്ത്രണ്ട് വർഷത്തെ വേനലിൽ ക്ഷാമം വിഴുങ്ങിയ അവളുടെ രാജ്യത്തെക്കുറിച്ച് ഏറെ വിസ്തരിച്ചു.


' അങ്ങയുടെ തപസ്സിദ്ധികൊണ്ട് അവിടെ മഴ പെയ്യിച്ചാൽ മാത്രം മതി..ദാഹിച്ച് വലഞ്ഞ് ഇനി ഒരു പ്രാണി പോലും അവിടെ മരിക്കാതിരുന്നാൽ മതി..‘

യാത്രനീളെ മറ്റെല്ലാം മറന്ന് മേഘങ്ങളോട് പ്രാർത്ഥിക്കുകയായിരുന്നു,അംഗരാജ്യത്ത് മഴയായ് വർഷിക്കാൻ..“ അങ്ങ് ആലോചിക്കുന്നത് ആ വൈശ്യയെക്കുറിച്ചാണെന്ന് തോന്നുന്നു.. അവളെ മറക്കേണ്ടതാണ്‌.. അങ്ങയുടെ സന്തതി വളരേണ്ടത് കുലമഹിമയും ആഭിജാത്യവുമുള്ള സ്ത്രീ ക്ഷേത്രത്തിലാണെന്ന് അങ്ങ് ഓർക്കാത്തതെന്തേ..”
വീണ്ടും ശാന്തയാണ്‌.അവളുടെ സ്വരം മൃദുവാണെങ്കിലും ആജ്ഞയായിത്തന്നെ.
അക്ഷമയാണ്‌ അവളെന്ന് തോന്നി.


മാതൃഗർഭത്തെക്കുറിച്ച് അച്ഛനോട് കുട്ടിക്കാലത്തൊരിക്കൽ ചോദിച്ചിരുന്നു.
താമരക്കുളത്തിലെ വെള്ളത്തോടൊപ്പം തന്റെ ബീജവും കുടിച്ച പേടമാൻ പ്രസവിച്ചതാണെന്നായിരുന്നു മറുപടി. ജനിച്ചപ്പോൾ കൊമ്പുമുണ്ടായിരുന്നത്രേ. അങ്ങനെയാണ്‌ വിഭാണ്ഡകൻ, പുത്രന്‌ ഋഷ്യശൃംഗൻ എന്ന് പേരിട്ടത്.
കാലങ്ങൾ കുറേ അത് വിശ്വസിച്ച് നടന്നു.

അതാണിപ്പോഴും വിശ്വസിക്കുന്നത് എന്ന് കരുതിയിട്ടുണ്ടാവണം ശാന്തയും.
അതായിരിക്കണം അവൾ ഓർമ്മിപ്പിച്ചത്:
“ ഇന്ന് ഗ്രഹസ്ഥിതി പ്രകാരം സത്പുത്രയോഗമുണ്ടെന്ന് പുരോഹിതൻ പറഞ്ഞത് അങ്ങ് മറന്നോ..”

മന്ത്രോച്ചാരണം ചെയ്ത് മഴ പെയ്യിക്കാനല്ലാതെ മറ്റൊന്നിലും നിപുണനല്ല എന്ന് കരുതിയാവണം അവൾ അനുവാദത്തിന്‌ കാത്തുനിന്നില്ല.

ക്രീഢകൾക്കിടയിൽ കഴുത്തിൽ പതിയാറുള്ള ഭാർഗ്ഗവിയുടെ നഖങ്ങൾ പോലെത്തന്നെ ഇവളുടേതും. മദം പിടിച്ച ആന അലയുന്നതുപോലെ രോമക്കാടുകളിൽ ഇവളും ദയകാണിക്കുന്നില്ല.

ഉപേക്ഷിച്ചിറങ്ങാൻ വയ്യാത്ത ബന്ധങ്ങളുടെ അന്ത:പുരത്തിലേക്കാണ്‌ യാത്ര.

ശബ്ദം പുറത്ത് കേൾപ്പിക്കാതെ അവളോട് പറഞ്ഞു:
ആദ്യം മുതല്ക്ക് ഒന്നും വയ്യ;
എല്ലാം പകുതിക്ക് വെച്ച് തുടങ്ങാം,
നിനക്ക് നല്കാൻ മുൻപേ പോയവളുടെ ഗന്ധം മാത്രം..

ഇതും ഒരു വേനലറുതിയാണ്‌.

Sunday, October 3, 2010

വീട്ടിലേക്കുള്ള വഴി

ടൗണിൽ നിന്ന് മടങ്ങാൻ ഒരു ഓട്ടോയ്ക്ക് കാത്ത് നില്ക്കുകയായിരുന്നു ഞാൻ.

കാറെടുത്ത് പോയാൽ മതിയെന്ന് അമ്മ പലവട്ടം പറഞ്ഞിരുന്നു.
പക്ഷേ ഡ്രൈവിംഗിനുള്ള ഏകാഗ്രതയില്ല ഒട്ടും.
അശ്രദ്ധമായോടിച്ച് എനിക്കെന്തെങ്കിലും അപകടം സംഭവിക്കുമോ എന്ന പേടിയല്ല.

ചിലപ്പോൾ തോന്നും മനസ്സങ്ങനെയൊന്നിനു ആഗ്രഹിക്കുണ്ടോയെന്ന് പോലും.
എവിടയെങ്കിലും ഒന്നിടിച്ച് അവസാനിപ്പിക്കുക..
എന്റെയുള്ളിലെ ഭ്രാന്തമായ ഈ കലാപം മറ്റാരുടെയെങ്കിലും ജീവിതം കൂടി ഇല്ലാതാക്കുമോ എന്ന ഭയം കൊണ്ടാണ്‌ ഒറ്റയ്ക്ക് വണ്ടിയെടുത്തു വരാതിരുന്നത്.(ഈ വീണ്ടുവിചാരമാണ്‌ ഒരു നോർമ്മലായ വ്യക്തി എനിക്കുള്ളിലിപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് എന്നെ ഓർമ്മിപ്പിക്കുന്നത്.)ഒരു തരത്തിൽ ഈ യാത്ര തന്നെ അനാവശ്യമായിരുന്നു.
വീട്ടിലൊന്നും ചെയ്യാനില്ലെന്ന് തോന്നിയപ്പോൾ ടൗണിലൂടെ മഴയത്ത് അലയാമെന്ന് വെച്ചു.

ഷോപ്പിംഗ് മാളുകളിലൊന്നും കയറിയില്ല.
തിരക്കില്ലാത്തവ നോക്കി ചെറിയ ചെറിയ പീടികളിൽ കയറിയിറങ്ങി.
എന്തുവാങ്ങണമെന്ന് നിശ്ചയമൊന്നുമുണ്ടായിരുന്നില്ല.
ചിലയിടങ്ങളിൽ ക്രിസ്റ്റൽ രൂപങ്ങൾക്ക് വേണ്ടി വിലപേശി, ചിലയിടങ്ങളിൽ എനിക്കുതന്നെ പരിചിതമല്ലാത്ത നിറത്തിലുള്ള ഷാളുകൾക്ക് തിരഞ്ഞു, മറ്റൊരിടത്ത് ബാക്കിപ്പണത്തിനു വേണ്ടി കലഹിച്ചു..

കുറേ അലഞ്ഞപ്പോൾ മഴകൊണ്ട് ദേഹം തണുക്കുന്നതറിഞ്ഞു.
വെന്തുകിടന്ന മനസ്സ് അക്കാരണംകൊണ്ടുതന്നെ പതുക്കെ മഴയോടും കലഹിച്ചു തുടങ്ങി..

നാട്ടിലേക്ക് വിടണമെന്ന് അരവിന്ദിനോട് വാശിപിടിച്ചപ്പോഴും പറഞ്ഞത് മഴ കാണണം എന്നായിരുന്നു.

അവനെന്നെ വല്ലാതെ അവഗണിക്കുന്നുണ്ടോ എന്നാതായിരുന്നു കുറേ മാസങ്ങളായി എന്റെ സംശയം.
ഒന്നിലും ഒരു ഉത്സാഹമില്ലാത്തതു പോലെ,ആരെയോ ബോധിപ്പിക്കാൻ ജീവിയ്ക്കുന്നത് പോലെ....

‘ നിനക്ക് തോന്നുന്നതാണ്‌..’ അവൻ പറയാറുണ്ട്: ‘ ഒരു കുട്ടിയുണ്ടായാൽ നിന്റെ ഈ വിഷമമൊക്കെ മാറും..’

എനിക്കുമറിയാം, അതൊക്കെത്തന്നെയാണെന്റെ തോന്നലുകൾക്കെല്ലാം കാരണമെന്ന്.
വിവാഹത്തിനുശേഷമുള്ള നാലുവർഷങ്ങളിൽ, മാസങ്ങളോരോന്നും ഉത്കണ്ഠയും നിരാശയും പകുത്തെടുത്തതുകൊണ്ട് ഇപ്പോഴത് ശീലങ്ങളിലൊന്നായിരിക്കുന്നു.
അതുതന്നെയാവണം അരവിന്ദ് അവഗണിക്കുകയാണോ എന്ന വിചാരത്തിനുള്ള കാരണം.
തർക്കങ്ങൾക്കുള്ള ആമുഖവും.

എനിക്കറിയില്ല ,ഒരോ പിണക്കത്തിനും കാരണമായി വാക്കുകളുടെ സൈന്യം എന്റെയുള്ളിലെങ്ങനെയാണ്‌ ഒരുങ്ങിയിരിക്കുന്നതെന്ന്..
ഒരുപക്ഷേ ആരോടുമധികം മിണ്ടാനില്ലാത്തതുകൊണ്ട് പദാവലികൾ എന്തെങ്കിലും ഒരു കാരണത്തിന്‌ കാത്തിരിക്കുന്നതാകാം..

ഒരു കലഹത്തിലും ഞാൻ ജയിച്ചിട്ടില്ല.
ഒരിയ്ക്കലും ജയിക്കാൻ പോകുന്നുമില്ല.

ഇപ്പോഴെനിക്കുള്ള ദേഷ്യം മുഴുവൻ ഓട്ടോക്കാരോടാണ്‌.
അവരിങ്ങനെ നിർത്താതെ പോകുന്നതെന്താണെന്നാണ്‌ മനസ്സിലാകാത്തത്.
നിർത്തിയവരിൽ ചിലർക്ക് വലിയ ഓട്ടത്തിനു വയ്യ.റോഡ് മോശമാണുപോലും.
‘റോഡ് നന്നായിട്ട് യാത്ര പോകാമെന്ന് വെച്ചാലെന്നാണ്‌?’ഞാൻ ചോദിച്ച് നോക്കി.
പരിഹാസം കിട്ടിയത് ബാക്കി.

ഇരുട്ട് പിടിച്ചു തുടങ്ങിയ മഴയാണ്‌ കൂടെയുള്ളത്.

വേനൽ വിഴുങ്ങിയൊരു ദേശത്ത് നിന്ന് വരുമ്പോൾ മഴ മാത്രമായിരുന്നു മനസ്സിൽ.
ആ സ്നേഹമൊക്കെ എവിടെപ്പോയെന്ന് ഞാൻ സ്വയം ചോദിച്ചു.
വല്ലാതെ പ്രിയപ്പെട്ടവരോടങ്ങനെയാണ്‌.അവരൊന്നു മുഖം കറുപ്പിച്ചാൽ മതി, പിണങ്ങിയിരിക്കാൻ തോന്നും.
അരവിന്ദിന്റെ മുഖമുണ്ട് എനിക്കുള്ളിലിരുന്ന് പെയ്യുന്ന മഴയ്ക്ക്.അപ്രതീക്ഷിതമായി ,കൈകാണിക്കാതെ നിർത്തിയ ഓട്ടോയിൽ നിന്ന് ആരോ വിളിച്ചു:

“ സീമേ.."
വിനോദാണ്‌.
പഠിക്കുന്ന കാലത്ത് ഞങ്ങൾക്കിടയിലെ നേതാവിനെ വീണ്ടും കണ്ടുമുട്ടിയത് ഓട്ടോഡ്രൈവറായിട്ടാണല്ലോ എന്നൊരമ്പരപ്പായിരുന്നു എന്റെ മനസ്സിൽ..
”ഈ ഓട്ടോ സ്വന്താണോ ?“ ഞാൻ സ്വാന്ത്ര്യമെടുത്തു .

ചിലപ്പോൾ അങ്ങനെയാണ്‌.
അരവിന്ദ് പറയാറുണ്ട്:‘ വേണ്ടാത്തിടത്തുകയറി സ്വാതന്ത്ര്യമെടുക്കും ..എന്നിട്ടൊടുക്കം വിഷമിക്കേം ചെയ്യും..’

” ഏയ് ല്ല സീമേ..ഇത് ഉണ്ണിയമ്മേന്റതാ..ആശാലതെന്റ അമ്മ..ആശേന ഓർമ്മല്ലേ..“

ആശയെ മറക്കാനിതുവരെ കഴിഞ്ഞിട്ടില്ല.അവളുടെ ഇരട്ടപ്പേരും ഓർമ്മിക്കാറുണ്ട്:

ഡാഫൊഡിൽസ് ലത.
ഡാഫൊഡിൽസ് എന്ന് പദ്യം കാണാതെ പഠിച്ചു വരാത്തതിനു ആഴ്ചകളോളം ക്ലാസ്സിനു പുറത്തു നിന്നതുകൊണ്ട് കിട്ടിയത്.

അച്ഛനായിരുന്നന്ന്‌ ഇംഗ്ലീഷ് പഠിപ്പിച്ചത്.
പദ്യം പഠിച്ചു വരാത്തതിനേക്കാൾ അതിനവൾ പറയുന്ന കാരണങ്ങളാണ്‌ തന്നെ അരിശം പിടിപ്പിക്കാറുള്ളതെന്ന് അച്ഛൻ അമ്മയോട് പറയുന്നത് കേട്ടിരുന്നു.
ആരേയും വിശ്വസിപ്പിക്കാവുന്ന നുണകൾ പറയാൻ വല്ലാത്ത കഴിവായിരുന്നു അവൾക്ക്.

‘.ആ കുട്ടിക്ക് ഒരു ക്രിമിനൽ മൈൻഡ് ഉണ്ടോ എന്നൊരു സംശയം..’,അച്ഛൻ പറയാറുണ്ട്.
‘.ക്ലാസ്സിന്റെ പിന്നിലിരുന്ന് ചെക്കമ്മാരോട് സംസാരിക്കുന്നുണ്ടെ’ന്ന് ഞാനും പറഞ്ഞു.

‘ നിങ്ങക്കൊന്ന് വിളിച്ച് ഉപദേശിക്കര്‌തോ..മാഷമ്മാരല്ലേ അതൊക്കെ ചെയ്യണ്ടേ..‘,അമ്മ ചോദിക്കും.
’ അതിനോടെന്ത് പറഞ്ഞിട്ടൊര്‌ കാര്യല്ല..ഒരു സൈക്കോളജ്സ്റ്റിനെ കാണാവേണ്ടെ..ആ ഉണ്ണിയമ്മയ്ക്ക് അതൊക്കെ പറഞ്ഞാ മനസ്സിലാകോ...‘

ഞങ്ങളുടെ വീടുകൾ അടുത്തടുത്താണ്‌.
കൂടെ കളിയ്ക്കാൻ എനിക്കുണ്ടായിരുന്ന ഒരേയൊരാൾ.പക്ഷേ നുണക്കഥകളാണ്‌ അവൾ പറയുന്നതിലധികവുമെന്ന് തിരിച്ചറിയാൻ കൗമാരം വരെ വളരേണ്ടി വന്നിട്ടുണ്ടെനിക്ക്.

അന്നേങ്ങളിൽ ഞങ്ങളുടെ വളരുന്ന ദേഹത്തെക്കുറിച്ച് അവൾ സംസാരിച്ചിരുന്നു.പിന്നെ പലപല ചെറുപ്പക്കാരെക്കുറിച്ചും പറയും..പിറുപിറുക്കും..ചില സാധ്യതകൾ ഓർമ്മിപ്പിക്കുകയും ചെയ്യും.
ആകാംക്ഷ തോന്നും,കൗതുകവും..

മാറിയിരുന്നുള്ള ഞങ്ങളുടെ സംസാരങ്ങൾക്കൊടുവിൽ അച്ഛൻ എന്നോട് കയർക്കും :
’ എത്ര നേരായി..നിനക്കൊന്നും പഠിക്കാനില്ലേ സീമേ.....ഇക്കൂട്ടൊക്കെ ഒഴിവാക്കുന്നതാ നിനക്ക് നല്ലത്..നീ നിന്നെ സൂക്ഷിച്ചാ നിനക്ക് കൊള്ളാം..‘
’ ഇനി സീമേടെ കൂടെ കണ്ട് പോകര്‌ത് ‘ അച്ഛൻ ആശയോടും പറഞ്ഞു.

അച്ഛൻ അങ്ങനെയാണ്‌.
ദേഷ്യം വന്നാൽ പിന്നെ കണ്ണ്‌ കാണില്ല.എന്റെ കണ്ണ്‌ നിറയുന്നതും കാണില്ല.
അന്ന് അമ്മയും എന്നോട് പറഞ്ഞു:
’ അച്ഛന്റെ വേവലാതികൊണ്ടല്ലേ..‘

എന്നിലെ പെൺകുട്ടിയെ വല്ലാതെ അസ്വസ്ഥമാക്കാറുണ്ടായിരുന്ന സുഖകരമല്ലാത്ത പലകഥകളും അവളെക്കുറിച്ച് പിന്നെയും പലപ്പോഴായി പറഞ്ഞ് കേട്ടിരുന്നു..
ഒരുപാട് ഭയങ്ങൾ അകാരണമായി അതെന്നിലിപ്പോഴും ബാക്കിവെച്ചിട്ടുണ്ട്.

കോളേജിലൊക്കെ ഒറ്റപ്പെടാറുള്ളതും പരിഹസിക്കപ്പെടാറുള്ളതും അതു കൊണ്ടൊക്കെത്തന്നെ.
കൂട്ടത്തിൽക്കൂട്ടാൻ കഴിയാത്തവളാണെന്ന അപകർഷതാബോധവും.
എന്നിലെ പെൺകുട്ടി വളർന്നത് അങ്ങനെയാണ്‌.:
അനാവശ്യമായ പരിധികൾ സ്വയം നിശ്ചയിച്ച്,

ആരോടെങ്കിലും ഇഷ്ടം തോന്നിപ്പോയാലോ..
തെറ്റു പറ്റിപ്പോയാലോ എന്നൊക്കെ ഭയന്ന് ഭയന്ന്....

എന്തുകൊണ്ടാണിങ്ങനെ ആത്മവിശ്വാസമില്ലാതാകുന്നതെന്ന് പലവട്ടം സ്വയം ശാസിച്ചു നോക്കിയിട്ടുണ്ടെങ്കിലും..

രതിയോടുള്ള ഭയം മാറാതെ കിടപ്പുണ്ടിന്നും,ഒന്നുമല്ല ഞാനെന്ന് ഓർമ്മിപ്പിക്കാൻ മടിക്കാതെ..

ഒരു ദയവുമില്ലാതെ...


ഇന്നത്തെ ഈ യാത്രയിൽ എന്റെ പഴയ കൂട്ടുകാരൻ , ആ ഭയത്തിന്റെ കാരണം മനസ്സിലേക്ക് കൊണ്ടു വന്നിരിക്കുന്നു.
ഉപേക്ഷിക്കണമെന്നാഗ്രഹിച്ച് കടലിലേക്ക് വലിച്ചെറിഞ്ഞ ഒരു ഓർമ്മ തിരയിൽ കരയ്ക്കടിയുന്നത് പോലെ.

അതിന്റെ പരിണാമമെന്തെന്നറിയാൻ ഞാൻ വിനോദിനോട് ചോദിച്ചു:
“ ആശ ഇപ്പോ..? ” .
“ പടിഞ്ഞാറ്‌.. വാടകയ്ക്ക് ഒരു വീട്ടിലേക്ക് മാറി..”
“ അപ്പൊ കേസ്..? ”
“ മാനസിക വൈകല്യമെന്നൊക്കെ പറഞ്ഞ് കുറച്ച് കാലം റീഹാബിലിറ്റേഷൻ സെന്ററിലൊക്കെയായിരുന്നു.. ”

കുറച്ച് കഴിഞ്ഞ് അവൻ തന്നെ പറഞ്ഞു:
“ എന്തോ ഡീറ്റയിൽസ് ഞാനന്വേഷിച്ചില്ല...ചിലർക്കൊക്കെ എവിടെന്നും രക്ഷപ്പെടാൻ എളുപ്പല്ലേ..”

ആശയുടെ കല്യാണത്തിന്‌ ഞാൻ ഹോസ്റ്റലിലായിരുന്നു.അമ്മയുടെ നാട്ടുവർത്താനങ്ങൾക്കിടയിൽ അവൾക്ക് ഇരട്ടക്കുട്ടികളുണ്ടായതും കേട്ടു.

എന്തുകൊണ്ടാണെന്നറിയില്ല അന്നേങ്ങളിലൊക്കെ ഞാനെന്റെ വിവാഹത്തെക്കുറിച്ചും ആലോചിച്ചു തുടങ്ങും, ആഗ്രഹങ്ങളും വേവലാതികളും കൗതുകവും ഭയവും എല്ലാം കൂട്ടിക്കുഴച്ച് എങ്ങുമെത്താതെ..
പക്ഷേ ആരോടും പറയാതെ.
 അസ്വസ്ഥയായി, ചിലരാത്രികളിൽ ആരെങ്കിലും സ്പർശിക്കുമോ എന്ന ഭയത്തിൽ ഉറക്കം നഷ്ടപ്പെട്ട്..


നാട്ടുവർത്തമാനങ്ങളിൽ കുറേക്കാലം ആവർത്തിക്കപ്പെടാത്തതുകൊണ്ട് ഓർക്കേണ്ടിവരാതിരുന്ന ആശ പിന്നീട് അസ്വസ്ഥയാക്കിയത് എന്റെ വിവാഹത്തലേന്ന്..
ഒരു രണ്ടുകോളം പത്രവാർത്തയിലൂടെ.

ആഴത്തിലൊരു മുറിവാണ്‌ ബാക്കിവെയ്ക്കാൻ പോകുന്നതെന്നറിയാതെയാണ്‌ കേട്ടുതുടങ്ങിയത്.
എന്റെ കയ്യിൽ വിവാഹത്തിനിട്ട മൈലാഞ്ചി ഉണങ്ങാത്തതു കൊണ്ടമ്മയാണ്‌ പത്രം വായിച്ചത്:

ആശേയും കുട്ടികളെയും കാണാനില്ലെന്ന പരാതി അന്വേഷിച്ച പോലീസിനവളെ കണ്ടുകിട്ടിയത് ചെന്നൈയിലൊരു ഹോട്ടലിൽ വെച്ച്.അവളുടെ ഏട്ടൻ തിരിച്ചറിയുന്നവരെ ആശയല്ല താനെന്നവൾ വാദിച്ചത്രേ.കുട്ടികളെ കിട്ടിയത് റയിൽവേ ട്രാക്കിൽ ചാക്കിൽ പൊതിഞ്ഞ്.
‘പ്രകൃതി വിരുദ്ധ ലൈംഗികതയ്ക്ക് വിധേയമായി കൊല്ലപ്പെട്ട കുഞ്ഞുങ്ങളെ ആശയുടെ സഹോദരനാണ്‌ തിരിച്ചറിഞ്ഞത്.’

അമ്മ വായന നിറുത്തി.
എന്നിട്ട് അലറിക്കരഞ്ഞു:
‘ ഞാങ്കണ്ടതല്ലപ്പാ അവരെ..ഉരുണ്ട് പൊന്നുംകുടപ്പോലത്തെ..’

ഞാനും കരഞ്ഞു.
ആശയെക്കുറിച്ചോർത്തല്ല,എന്റെ വിവാഹത്തെക്കുറിച്ചോർത്ത്..
തോറ്റ് പോകുമെന്നുറപ്പുള്ള ഒരു പരീക്ഷയുടെ തലേദിവസത്തെ വേവലാതി.
ആർക്കും അത് മനസ്സിലായില്ല.

‘ ആ ഉണ്ണിമ്മ ഇനി ജീവിച്ചിരുന്നിട്ടെന്താ..മക്കള്‌ നേരയായില്ലെങ്കി ത്തീർന്ന്..’
രാത്രി ഞങ്ങളുടെ വീട്ടിലെ ചെറിയ ദീപാലങ്കാരങ്ങൾക്കിടയിൽ ആരൊക്കെയോ ആശയുടെ കഥകൾ ആവർത്തിച്ചു.
‘ എന്തൊരു ലക്ഷണക്കേട്’ ',വലിയമ്മ പിറുപിറുക്കുന്നുണ്ടായിരുന്നു.
ഞങ്ങളുടെ മുറ്റത്ത് നിന്ന് നോക്കിയാൽ ആശയുടെ വീട് കാണാം..അവിടെ ഒരു വെളിച്ചവും കാണാനില്ലല്ലോ എന്ന് അമ്മയും ഭയന്നിരുന്നു.

ആശയെക്കുറിച്ചുള്ള വാർത്തയിൽ എല്ലാവരും അസ്വസ്ഥരായിരുന്നതുകൊണ്ട്  എന്റെ വിവാഹവും അനാർഭാടമായിരുന്നു. എന്റെ മനസ്സ് പോലെ ,ആഘോഷങ്ങളൊന്നുമില്ലാതെ....

ചില രാത്രികളിൽ അരവിന്ദിന്റെ സ്നേഹത്തിനിടയിൽ പോലും ഈ അസ്വസ്ഥത എന്നെ വിരൽ നീട്ടി തൊട്ട് വിളിയ്ക്കും.

‘നീ എന്താ ഇങ്ങനെ..’ എന്ന് അരവിന്ദിന്റെ നിരാശയിൽ എത്തുന്ന തണുപ്പിലേക്ക് അതെന്നെ കരുണയില്ലാതെ കൂട്ടിക്കൊണ്ട് പോകും.

‘ നീ വെറുതേ ഭയക്കുന്നതാ..’ അവനെന്നോട് പറയും.

ഭയക്കാതിരിക്കാൻ കഴിയുന്നില്ലെയെനിക്കെന്ന് പക്ഷേ ഞാൻ പറയാറില്ല.പകരം നിസ്സഹായതയോടെ പറയും ‘ ഞാൻ അരീന്ദേട്ടന്റെ ലൈഫ് സ്പോയ്‌ലാക്കാ ല്ലേ ’

ആദ്യമൊക്കെ അവൻ ക്ഷമയോടെ എന്നിലെ ഭയത്തോട് സംസാരിച്ചു തുടങ്ങും. എവിടെയും എങ്ങും എത്താത്തൊരു യാത്ര പോലെ.
ഈയ്യിടെയായി പക്ഷേ അതുണ്ടാകാറില്ല.

അതാണ്‌ എന്നെ വേദനിപ്പിക്കുന്നത്.
സ്വയം അവസാനിപ്പിച്ചാലോ എന്ന കലാപചിന്ത മാത്രമുണ്ട് കൂട്ടിന്‌.അതൊന്നു പരീക്ഷിച്ചാലോ എന്ന് കൂടി ആലോചിച്ചാണ്‌ നാട്ടിലേക്ക് വന്നത്.

വഴിയിലൊരിടത്ത് മഴത്തോർച്ചയിൽ ഇറങ്ങിനിന്നവരിൽ ആരോ വിളിച്ച് ചോദിച്ചു:
“ ആരാ വിനോദാ ഓട്ടോല്‌..ആരയാ കിട്ടിയേ..”
അതിലെ ദുസ്സൂചന എനിക്ക് മനസ്സിലായി.അതെന്നെ വേദനിപ്പിക്കുകയും ചെയ്തു.

റോഡിലെ കുഴികളിലൊന്നിൽ സാവധാനത്തിലാക്കിയതുകൊണ്ട് ഒരുത്തൻ ഓട്ടോയിലേക്ക് തലയിട്ട് നോക്കി:
“ ഓ..മാഷെ മോളായിര്‌ന്നോ..ഞാള്‌ വിചാരിച്ച്..”

“ എന്താ വിനൂ ഇതൊക്കെ ”ഞാൻ ചോദിച്ചു.

“ ഉണ്ണിയമ്മേന സഹായിക്കുന്നോണ്ടാ...കൊറച്ച് കാലായിട്ട് വൈന്നേരാമ്പൊ ആള്‌ ചെല്ലും..മോൾക്ക് വിളിച്ച് അകത്ത്‌ കെടാത്താങ്കിലമ്മയ്ക്കെന്താന്നൊക്കെ പ്പറഞ്ഞ്...കേസൊക്കെക്കഴിഞ്ഞ് കൊറച്ച് കാലം ആശ ഉണ്ണിയമ്മേന്റട്ത്ത്ണ്ടായിര്‌ന്ന്.. സഹികെട്ടാ ആയമ്മ സ്വത്തൊക്കെ ഭാഗിച്ച് ഓളെ പറഞ്ഞ് വിട്ടത്..ബാക്കി സ്ഥലം വിറ്റാ ഓട്ടോ വാങ്ങിച്ചേ.. ”

“ അപ്പൊ ആശേടെ ചേട്ട്ൻ..?? ”

“ നാണക്കേടാണെന്ന് പറഞ്ഞ് ഭാര്യേം കൂട്ടി മാറിത്താമസിച്ച്...സഹികെട്ടാ അവര്‌ എന്നോട് സഹായം ചോദിച്ചെ..വരുമാനം എന്തേലും വേണ്ടേ..
ആളേൾക്കൊക്കെ ആയമ്മ ഒന്ന് സ്വയം മരിച്ച് കണ്ടാൽ മതി..എന്തെങ്കിലൊര്‌ പ്രശ്മ്നം വന്നാ അപ്പൊ കയറെടുക്കണം,വെഷം കുടിക്കണം,വണ്ടിക്ക് തല വെക്കണം ..അതാണല്ലൊ ഇപ്പൊ നാട്ട് നടപ്പ്.. ”
ആ ഉണ്ണിമ്മ ഇനി ജീവിച്ചിരുന്നിട്ടെന്താ..മക്കള്‌ നേരയായില്ലെങ്കി ത്തീർന്ന്..ആരൊക്കെയോ പറഞ്ഞത് ഞാനും ഓർത്തു.

“ അവർക്കൊന്നും ഒരു ഹോപ്പുംല്ല എന്നിട്ടും ഫൈറ്റ് ചെയ്ത് ജീവിക്ക്ന്നത് കണ്ടില്ലേ..... ഞാനവരെ എന്റമ്മയെപ്പോലെ നോക്കും..”

അവന്റെ ശബ്ദം വിറച്ചു.
അതോ എനിക്ക് അങ്ങനെ തോന്നിയതോ?

അവന്റെ അമ്മയുടെ മരണം എനിക്ക് ഓർമ്മയുണ്ട്,സ്വയം വെന്ത്.അവർക്കവന്റെ അച്ഛനോട് തോന്നിയ എന്തോ സംശയമാണെന്നാണ്‌ പറഞ്ഞു കേട്ടത്..

അത് മനസ്സിലെത്തുമ്പോൾ എവിടെയോ വായിച്ച പുസ്തകത്തിലെ വരികളോർക്കും:
‘ വീട് കത്തുമ്പോൾ മഴ പെയ്യണേ പെയ്യണേ എന്ന് പ്രാർത്ഥിച്ചു.
മഴ പെയ്തില്ല.
കത്തിക്കരിഞ്ഞവസാനിച്ച വീട്ടിലേക്ക് മഴ പെയ്യരുതേ പെയ്യരുതേ എന്ന് പ്രാർത്ഥിച്ചു.
മഴ പെയ്തു.’

“ അച്ഛനെ ജീവിതം മുഴുവനും ഒറ്റയ്ക്കാക്കിയതിന്‌ എനിക്ക് ക്ഷമിക്കാൻ കഴിഞ്ഞിട്ടില്ല എന്റമ്മേനോടിത് വരെ..” അവൻ ക്ഷോഭിച്ചു.

തീപ്പിടിച്ചലറിയ അമ്മയെ ആദ്യം കണ്ടത് വിനോദായിരുന്നെന്നും കേട്ടിട്ടുണ്ട്.

അന്ന് വീട്ടിലിരുന്ന് അച്ഛൻ അമ്മയോട് പറഞ്ഞതോർമ്മയുണ്ട്,

‘ ആത്മഹത്യ ചെയ്യുമ്പോ രക്ഷപ്പെട്ടുന്നാ അവര്‌ വിചാരിക്ക്ന്നേ..കൂടിയുള്ളവര്‌ അന്നു മുതൽ പകുതി ചത്ത് ജീവിച്ച് തുടങ്ങുന്നത് അവർക്കറിയേണ്ടല്ലോ..’

എന്റെയുള്ളിൽ എവിടെയോ ബാക്കിയുണ്ടായിരുന്ന ചിരിയും വറ്റിപ്പോയി.

ഞാനും കുറേ ദിവസമായി ചിന്തിക്കുന്നത് ഇതിനെക്കുറിച്ചായിരുന്നില്ലേ, സ്വയം അവസാനിക്കേണ്ടതിനെക്കുറിച്ച്...
രക്ഷപ്പെടാനാണോ?
അച്ഛനേയും അമ്മയേയും അരവിന്ദിനേയും ഒക്കെ വിട്ട്..
പാതി ചത്തു ജീവിച്ചു തുടങ്ങേണ്ടിവരുന്നവരുടെ ഓർമ്മകളിലേക്കല്ലാതെ മറ്റെങ്ങോട്ട്..??

പിന്നെ ഞാനും ആശയും തമ്മിലെന്ത് വ്യത്യാസം.
‘ മക്കള്‌ നന്നായിട്ടില്ലെങ്കിപ്പിന്നെ എന്ത്ണ്ടായിട്ടെന്താ ’എന്ന് ആളുകളിൽ നിന്ന് എന്റെമ്മയും കേൾക്കേണ്ടി വരും.

എനിക്ക് അമ്മയോട് എല്ലാം പറയണം.
അരവിന്ദിനെ സ്നേഹിക്കുന്നുണ്ടെങ്കിലും ഒരു ഉൾഭയം കൊണ്ട് അവന്റെ സ്പർശനങ്ങളെയൊന്നും ഇഷ്ടപ്പെടാനും അതിജീവിയ്ക്കാനും കഴിയുന്നില്ലെന്നും അവനൊരു കുഞ്ഞിനെക്കൊടുക്കാൻ കഴിയുമോ എന്ന ഉത്കണ്ഠയാണെനിക്കുള്ളതെന്നും..

പരിഹാരമില്ലാത്ത പ്രശ്നങ്ങളൊന്നുമില്ലെന്ന് അച്ഛനന്നേരം ആവർത്തിക്കുമായിരിക്കും ..
അമ്മയുടെ കണ്ണുകളിലെ മേഘങ്ങളാവണം അന്നേരമെന്നിൽ മഴയായ് പെയ്യുക.
എനിക്കും കരയണം.
ചേറുപിടിച്ചൊരു പാത്രം കഴുകിക്കമഴ്ത്തുന്നതു പോലെ എനിക്കെന്റെ ചിന്തകളെ വൃത്തിയാക്കി വയ്ക്കണം.

എന്റെ മനസ്സിപ്പോൾ ശാന്തമാണ്‌.
മഴപെയ്താലും പെയ്തില്ലെങ്കിലും ഒരുപോലെ.
ടൗണിലൂടെ അലഞ്ഞതിന്റെ തളർച്ചയില്ല.
ഒരു ചിന്തയുടേയും കലഹങ്ങളില്ല.
ഒരു ധ്യാനം കഴിഞ്ഞതുപോലെ ശാന്തം.

എനിക്കിനി വീട്ടിലെത്തിയാൽ മാത്രം മതി.