Thursday, September 23, 2010

നീ

മൂന്നക്ഷരം കൊണ്ടൊരു മുറിവ്.
നീ എന്ന ഒറ്റക്ഷരം കൊണ്ടതുണങ്ങി.
എഴുതിക്കഴിഞ്ഞപ്പോൾ മുതൽ ഓർത്ത് നോക്കുകയാണ്‌ നീ ആരാണെന്ന്.
ആ വാക്കിനെ ഇത്രമേൽ സ്നേഹിക്കാൻ,അതിൽ തപസ്സനുഷ്ഠിക്കാൻ..
നീ.
ആ ഒരക്ഷരമാണ്‌ ഞാൻ വ്യാഖ്യാനിച്ച് നോക്കുന്നത്.
എത്ര അക്ഷരങ്ങൾ എണ്ണിപ്പെറുക്കി വെച്ചാലും നിറയാത്തൊരലമാര പോലെ നീ.

നീ-
കാറ്റായ്,
ഒരു ചെറു സുഷിരത്തിലൂടെ മഹാപ്രവാഹമായ്,
എന്നെ വഹിച്ചു നടന്ന ജിപ്സി.

ആഗ്രഹങ്ങളോടും നിരാശയോടും ഒരുപോലെ വിരക്തി തോന്നിയ നാളുകളിൽ നീ ഗൗതമൻ.
ഓർമ്മക്കല്ലുകൾ മറവിമലയ്ക്ക് മീതേ ഉരുട്ടിക്കൊണ്ട് നടന്ന ഭ്രാന്തൻ.
ധാർഷ്ട്യത്തിന്റ അസ്ത്രങ്ങൾ കൊണ്ട് പെരുവിരൽ മുറിഞ്ഞ യോദ്ധാവ്.
ചിന്തകളുടെ കൊടും കാട്ടിലലഞ്ഞ നിഷാദൻ.

ഒരു നഖമുനയായെന്റെ നെഞ്ച് പിളർന്ന്
എന്നിലെ വിഷാദത്തെ കുത്തിയൊഴുക്കിയ മൃഗം.

സ്പർശിച്ചു പോകരുതെന്ന് കാറ്റിനോട് വിലക്കുന്ന മഞ്ഞ്.
ആകാശത്തിന്റെ നീല ഞരമ്പുകൾ പങ്കിട്ടെടുത്തവൻ.
മുളകുത്തി നദിയിൽ മുറിവുകളുണ്ടാക്കിയതിൽ വേദനിച്ചവൻ.
പുഴയിലെ ദീപാലങ്കാരങ്ങൾ കണ്ട് നക്ഷത്രങ്ങളെവിടെപ്പോയെന്ന് തിരഞ്ഞ് നടന്നവൻ.

വിഷാദത്തിന്റെ അലകളില്ലാ കടലിനു മീതെ
ഞാനെന്ന ദ്വീപിലേക്കുള്ള ഒറ്റവരിപ്പാലം.

നക്ഷത്രങ്ങൾ നിറയാറുള്ള നേരങ്ങളിൽ,
ആകാശം തേടാറുള്ള കാറ്റ്,
ഇലകളിൽ അതിന്റെ ചലനം മറന്നു വയ്ക്കാറുള്ളതുപോലെ,
എന്നിലുപേക്ഷിക്കപ്പെടുന്ന അപൂർവ്വ സാന്നിദ്ധ്യം.
എന്നിലേക്കെത്തി തുടർച്ച തിരയുന്ന അന്വേഷണം.
ആവർത്തനങ്ങൾ.

എന്റെ അസ്ഥികളുടെ കല്ലറയിലിന്നും
നീ എന്ന ജീവന്റെ മഹാപ്രളയം.
ഞാൻ ഒരു അഴി മുഖത്താണ്‌;
നീ എന്ന കടലിലേക്കാണെന്റെ പതനം.

(എഴുതിയത്രയും വായിച്ച് കേട്ട് ഇപ്പോഴും ഇതുതന്നെയാണോ നിനക്ക് ഞാൻ എന്നവൻ.

ഇത്രകാലം കൂടെ ജീവിച്ചിട്ടും,അമാനുഷികനല്ലാത്ത ഒരു സാധാരണക്കാരനെ-അവന്റെ തെറ്റുകളെ , ദൗർബല്യങ്ങളെ, സ്നേഹത്തെ, ആകാംക്ഷകളെ, ബില്ലുകൾ അടച്ച് തീർത്ത് തീർന്ന് പോകുന്ന പാതിജീവിതത്തെയാണ്‌ സ്നേഹിച്ചതെന്ന് പറയാൻ ഇനിയും പഠിച്ചില്ലേ എന്ന ചോദ്യമാണ്‌ അവന്‌.

നിരുപാധികമായ കീഴടങ്ങലിൽ മാത്രമവസാനിക്കുന്ന രസകരമായ ഒരു സൗന്ദര്യപ്പിണക്കത്തിന്റെ തോർത്ത് ചുമലിലിട്ട് അവൻ എഴുന്നേറ്റ് പോകുന്നു.

വാതിലടയ്ക്കും മുന്നേ, നടുവിൽ കഥകേട്ടുറങ്ങാൻ കിടക്കുന്ന മകൾക്ക്, ‘നക്ഷത്ര രാജകുമാരിടേം കുതിരയോടിച്ച് വരുന്ന രാജകുമാരന്റെം കഥയല്ലാതെ കൊള്ളാവുന്ന വല്ലതും പറഞ്ഞ് കൊട്ക്ക്’ എന്ന ആജ്ഞയും.

’ഏത് കഥ വേണം അമ്മുക്കുട്ടിക്ക് ...വെള്ളത്തീന്ന് ഉറുമ്പിനെ രക്ഷിച്ച പ്രാവിന്റെ..?മുയലിനെ ഓടിത്തോല്പിച്ച ആമേടെ...?മല്ലനും മാതേവനും..??..‘

’ആജുമായി‘
-(രാജകുമാരി എന്നാണവൾ പറഞ്ഞത്- ര എന്നൊരക്ഷരം അവൾക്കെന്തോ എത്ര പറഞ്ഞുകൊടുത്തിട്ടും ശരിയാകുന്നില്ല.)

അവളുടെ നെറ്റിയിലുമ്മവെച്ച് ഞാൻ തുടങ്ങി:
’പണ്ടുപണ്ടൊരിടത്ത് നീ എന്ന രാജ്യത്ത് ഞാൻ എന്ന രാജകുമാരിയുണ്ടായിരുന്നു.....‘

18 comments:

 1. A successful marriage requires falling in love many times, always with the same person. ~Mignon McLaughlin
  ഇതോർമ്മിപ്പിക്കാറുള്ള അമ്മയ്ക്ക്...

  ReplyDelete
 2. entho kure vayichu.... ente mood shariyillathathu kondayirikkum.

  ReplyDelete
 3. വായിച്ചു വായിച്ചു ഉറക്കം വരുന്നു ...അതേയ് ഈ കവിത ഒന്ന് കൂടി എഡിറ്റ്‌ ചെയ്യുട്ടോ ..ഇത്ര പരത്തി പറയന്നോ എന്ന് കൂടി ചിന്തിക്കു വായനകാരെ മുഷിപിക്കും ..
  അനോന്നി കമ്മന്റ് ഇടാന്‍ വയ്യ ..അത് കൊണ്ട നേരെ ചൊവേ പറയുന്നു ..........ആശംസകള്‍ ..

  pls forgive me

  ReplyDelete
 4. വ്യാഖ്യാനങ്ങളുടെ ഉള്ളിലേക്കു എത്തിനോക്കിയാല്‍ നല്ല ആഴമുണ്ട്
  ആശംസകള്‍
  :-)
  upaasana

  ReplyDelete
 5. @dreams:
  നന്ദി,വായനയ്കും നിർദ്ദേശത്തിനും..
  @Sunil:നന്ദി

  ReplyDelete
 6. 'നീ' - എന്ന സമസ്യയെ എത്ര മനോഹരബിംബകല്‍പ്പനകള്‍ കൊണ്ടാണ്..താങ്കള്‍ ഈ കവിത അണിയിച്ചൊരുക്കിയിരിക്കുന്നത്.ഓരോ വരികളും ഞാന്‍ ശ്രദ്ധയോടെ വായിച്ചുനോക്കി..നിലാവുള്ള രാത്രിയില്‍ ഗസല്‍ കേട്ട് ലഹരി നുണയുമ്പോഴുള്ള ആനന്ദനുഭൂതി...എന്നില്‍ നുരഞ്ഞു പൊന്തുന്നു...എന്തായാലും എനിക്ക് ഉറക്കം വരുന്നില്ല.നന്നായി ആസ്വദിച്ചു..നല്ല ഭാവനയുണ്ട്.........കിറുക്കന്‍ ഭാവന !

  ReplyDelete
 7. “മൂന്നക്ഷരം കൊണ്ടൊരു മുറിവ്.
  നീ എന്ന ഒറ്റക്ഷരം കൊണ്ടതുണങ്ങി“

  ‘നീ’ എന്നതിനെ -ആരാണെന്നും, എന്താണെന്നും - ഈ രണ്ട് വരികളില്‍ മനോഹരമായി ഒതുക്കി.

  ReplyDelete
 8. :)...veendum vaayichu ....mid nityil aanu vaayichachathu .....but urkkam vannilla ....
  ippo enthoo oru bhaavam vanittundu .....

  enaalum avansam koodi onnu koodi edit chythaal ithilum nannavum inniyum

  Ashamsakal

  ReplyDelete
 9. ഒഴുകട്ടെ ഈയെഴുത്ത്,കാലങ്ങളിലൂടെ

  ReplyDelete
 10. ഒത്തിരി നല്ല, മനസ്സിൽ ആഴത്തിലിറങ്ങുന്ന പ്രണയത്തിന്റെ തീയും മഞ്ഞുമുള്ള ഉല്ലേഖങ്ങൾ വാരിവിതറി ദീപ്റ്റമാക്കി ലിഡിയ ഈ വരികൾ. എനിക്കേറെ ഇഷ്ടമായി, മേപ്പോട്ടും കീഴ്പ്പോട്ടും ഉഴിയാനാകത്തൊരാളെ,ശാന്തികിട്ടാത്തൊരാളെ സ്നേഹിക്കുന്നവന് വാക്കുകളുടെ വാടാമലരുകളാൽ ഒരു ഹാരം!

  ReplyDelete
 11. കൗമാരത്തിന്റെ പരിഭ്രമക്കണ്ണടയിൽ
  നീ,

  തീരാത്ത നടവഴി.
  തീരമണയാതകന്ന തിര.
  പാതി മുറിഞ്ഞ തീർത്ഥാടനം.
  മരമുപേക്ഷിച്ച മഞ്ഞപ്പൂവ്..

  ഓർക്കാത്ത നേരങ്ങളിൽ
  പൊടുന്നനെ ആകാശത്തിലെവിടെയോ നിന്ന്
  വീണുടഞ്ഞ ഒറ്റമഴത്തുള്ളി.
  ഹൃദയമിടിപ്പോടെ തിരിഞ്ഞു നോക്കാറുള്ള നക്ഷത്രം.
  വെയിൽ വീണ പുഴ.

  ഒറ്റരാത്രികൊണ്ട് പൂവിടുന്ന ചില്ലകൾ ,
  പക്ഷികൾ ചിറകുകൾക്ക് മീതേ ആകാശം തിരയുന്നത് ,
  കാട്ടിത്തന്ന
  സഞ്ചാരി.

  (കളഞ്ഞ് പോയെന്ന് കരുതിയ ഡയറികളിലൊന്നിൽ നീ ഇങ്ങനെയായിരുന്നു.)

  വായനയ്ക്ക് നന്ദി..എല്ലാവർക്കും......

  ReplyDelete
 12. ഓർക്കാത്ത നേരങ്ങളിൽ
  പൊടുന്നനെ ആകാശത്തിലെവിടെയോ നിന്ന്
  വീണുടഞ്ഞ ഒറ്റമഴത്തുള്ളി- ഇനിയും ഏറെ രാത്രികളിൽ ഡയറിയുടെ ചില്ലകൾ പൂവിടട്ടെ!

  ReplyDelete
 13. നിന്നെ കുറിച്ച് ഇനി ഒന്നും എഴുതില്ലെന്ന് തീരുമാനിക്കുമ്പോഴും എഴുതുന്നതെല്ലാം 'നീ ' മാത്രമാകുന്നുവെന്നു തിരിച്ചറിഞ്ഞ ഒരു രാത്രിക്ക് ശേഷം ഞാന്‍ ഈ ബ്ലോഗില്‍ എത്തുമ്പോള്‍....ഇനി എന്താ പറയുക...??

  ReplyDelete
 14. ഹതു ശരി ഡയറിയെഴുത്തൊക്കെ ബ്ലോഗിലാക്കിയോ?? ബ്ലൊഗ്സ്പോട്ടേ എസ്കേപ്പ് എസ്കേപ്പ്..

  "ഓർമ്മക്കല്ലുകൾ മറവിമലയ്ക്ക് മീതേ ഉരുട്ടിക്കൊണ്ട് നടന്ന ഭ്രാന്തൻ"
  ഹാ എന്തൊരു പ്രയോഗം..

  ReplyDelete