Thursday, September 23, 2010

നീ

മൂന്നക്ഷരം കൊണ്ടൊരു മുറിവ്.
നീ എന്ന ഒറ്റക്ഷരം കൊണ്ടതുണങ്ങി.
എഴുതിക്കഴിഞ്ഞപ്പോൾ മുതൽ ഓർത്ത് നോക്കുകയാണ്‌ നീ ആരാണെന്ന്.
ആ വാക്കിനെ ഇത്രമേൽ സ്നേഹിക്കാൻ,അതിൽ തപസ്സനുഷ്ഠിക്കാൻ..
നീ.
ആ ഒരക്ഷരമാണ്‌ ഞാൻ വ്യാഖ്യാനിച്ച് നോക്കുന്നത്.
എത്ര അക്ഷരങ്ങൾ എണ്ണിപ്പെറുക്കി വെച്ചാലും നിറയാത്തൊരലമാര പോലെ നീ.

നീ-
കാറ്റായ്,
ഒരു ചെറു സുഷിരത്തിലൂടെ മഹാപ്രവാഹമായ്,
എന്നെ വഹിച്ചു നടന്ന ജിപ്സി.

ആഗ്രഹങ്ങളോടും നിരാശയോടും ഒരുപോലെ വിരക്തി തോന്നിയ നാളുകളിൽ നീ ഗൗതമൻ.
ഓർമ്മക്കല്ലുകൾ മറവിമലയ്ക്ക് മീതേ ഉരുട്ടിക്കൊണ്ട് നടന്ന ഭ്രാന്തൻ.
ധാർഷ്ട്യത്തിന്റ അസ്ത്രങ്ങൾ കൊണ്ട് പെരുവിരൽ മുറിഞ്ഞ യോദ്ധാവ്.
ചിന്തകളുടെ കൊടും കാട്ടിലലഞ്ഞ നിഷാദൻ.

ഒരു നഖമുനയായെന്റെ നെഞ്ച് പിളർന്ന്
എന്നിലെ വിഷാദത്തെ കുത്തിയൊഴുക്കിയ മൃഗം.

സ്പർശിച്ചു പോകരുതെന്ന് കാറ്റിനോട് വിലക്കുന്ന മഞ്ഞ്.
ആകാശത്തിന്റെ നീല ഞരമ്പുകൾ പങ്കിട്ടെടുത്തവൻ.
മുളകുത്തി നദിയിൽ മുറിവുകളുണ്ടാക്കിയതിൽ വേദനിച്ചവൻ.
പുഴയിലെ ദീപാലങ്കാരങ്ങൾ കണ്ട് നക്ഷത്രങ്ങളെവിടെപ്പോയെന്ന് തിരഞ്ഞ് നടന്നവൻ.

വിഷാദത്തിന്റെ അലകളില്ലാ കടലിനു മീതെ
ഞാനെന്ന ദ്വീപിലേക്കുള്ള ഒറ്റവരിപ്പാലം.

നക്ഷത്രങ്ങൾ നിറയാറുള്ള നേരങ്ങളിൽ,
ആകാശം തേടാറുള്ള കാറ്റ്,
ഇലകളിൽ അതിന്റെ ചലനം മറന്നു വയ്ക്കാറുള്ളതുപോലെ,
എന്നിലുപേക്ഷിക്കപ്പെടുന്ന അപൂർവ്വ സാന്നിദ്ധ്യം.
എന്നിലേക്കെത്തി തുടർച്ച തിരയുന്ന അന്വേഷണം.
ആവർത്തനങ്ങൾ.

എന്റെ അസ്ഥികളുടെ കല്ലറയിലിന്നും
നീ എന്ന ജീവന്റെ മഹാപ്രളയം.
ഞാൻ ഒരു അഴി മുഖത്താണ്‌;
നീ എന്ന കടലിലേക്കാണെന്റെ പതനം.

(എഴുതിയത്രയും വായിച്ച് കേട്ട് ഇപ്പോഴും ഇതുതന്നെയാണോ നിനക്ക് ഞാൻ എന്നവൻ.

ഇത്രകാലം കൂടെ ജീവിച്ചിട്ടും,അമാനുഷികനല്ലാത്ത ഒരു സാധാരണക്കാരനെ-അവന്റെ തെറ്റുകളെ , ദൗർബല്യങ്ങളെ, സ്നേഹത്തെ, ആകാംക്ഷകളെ, ബില്ലുകൾ അടച്ച് തീർത്ത് തീർന്ന് പോകുന്ന പാതിജീവിതത്തെയാണ്‌ സ്നേഹിച്ചതെന്ന് പറയാൻ ഇനിയും പഠിച്ചില്ലേ എന്ന ചോദ്യമാണ്‌ അവന്‌.

നിരുപാധികമായ കീഴടങ്ങലിൽ മാത്രമവസാനിക്കുന്ന രസകരമായ ഒരു സൗന്ദര്യപ്പിണക്കത്തിന്റെ തോർത്ത് ചുമലിലിട്ട് അവൻ എഴുന്നേറ്റ് പോകുന്നു.

വാതിലടയ്ക്കും മുന്നേ, നടുവിൽ കഥകേട്ടുറങ്ങാൻ കിടക്കുന്ന മകൾക്ക്, ‘നക്ഷത്ര രാജകുമാരിടേം കുതിരയോടിച്ച് വരുന്ന രാജകുമാരന്റെം കഥയല്ലാതെ കൊള്ളാവുന്ന വല്ലതും പറഞ്ഞ് കൊട്ക്ക്’ എന്ന ആജ്ഞയും.

’ഏത് കഥ വേണം അമ്മുക്കുട്ടിക്ക് ...വെള്ളത്തീന്ന് ഉറുമ്പിനെ രക്ഷിച്ച പ്രാവിന്റെ..?മുയലിനെ ഓടിത്തോല്പിച്ച ആമേടെ...?മല്ലനും മാതേവനും..??..‘

’ആജുമായി‘
-(രാജകുമാരി എന്നാണവൾ പറഞ്ഞത്- ര എന്നൊരക്ഷരം അവൾക്കെന്തോ എത്ര പറഞ്ഞുകൊടുത്തിട്ടും ശരിയാകുന്നില്ല.)

അവളുടെ നെറ്റിയിലുമ്മവെച്ച് ഞാൻ തുടങ്ങി:
’പണ്ടുപണ്ടൊരിടത്ത് നീ എന്ന രാജ്യത്ത് ഞാൻ എന്ന രാജകുമാരിയുണ്ടായിരുന്നു.....‘

Tuesday, September 14, 2010

വിമലയുടെ യാത്രകൾ.

വിചിത്രമല്ലെന്ന് ഉറപ്പിച്ചു പറയാൻ ഏത് ചിന്തയുണ്ട് കൂട്ടിന്‌?
ഒന്നുമില്ല.
സ്വയം എത്രത്തോളം ഒറ്റുകൊടുക്കാം എന്നാലോചിക്കുകയായിരുന്നു വിമല.

വിവാഹത്തിനുശേഷമുള്ള ഒൻപത് വർഷങ്ങളിൽ ഒരിയ്ക്കൽ പോലും ഒറ്റയ്ക്ക് യാത്രചെയ്തിട്ടില്ല അവൾ.
ദേശം മാറുന്നതിനനുസരിച്ച് ഭരതിന്റെ ഇടത്തായും വലത്തായും കൂട്ടിരിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ.
ഭരതിനാവട്ടെ യാത്രനീളെ സംസാരിച്ച് കൊണ്ടിരിക്കണം,ഒന്നുകിൽ ക്രിക്കറ്റ്,അല്ലെങ്കിൽ ഭൂമിയിടപാട്,ആരോഗ്യസംരക്ഷണം... വിമലയ്ക്ക് താല്പര്യം തോന്നാത്തതെന്തൊക്കെയുണ്ടോ അതെല്ലാം.

ചിലപ്പോൾ അവൾക്ക് തോന്നും കാറിന്റെ വിൻഡോഗ്ലാസ്സ് താഴ്ത്തി മധുസൂദനൻ നായരുടെ ശബ്ദമനുകരിച്ച് ‘ഇരുളിൻ മഹാനിദ്രയിൽ..’പാടണമെന്നൊക്കെ..
പക്ഷേ ചെയ്യില്ല. പകരം ഭരതിനു വേണ്ടതെല്ലാം പറഞ്ഞു കൊണ്ടേയിരിക്കും.
അവളില്ലാതെ അയാളെക്കൊണ്ട് ജീവിക്കാനേ വയ്യെന്ന തോന്നൽ വരെ ഉണ്ടവൾക്ക്..

ആദി ജനിച്ചതിനു ശേഷം ചിലരാത്രികളിൽ തന്നെ തീരെ ശ്രദ്ധിക്കുന്നില്ലെന്ന് അയാൾ പരാതി പറയാറുണ്ടെങ്കിലും തനിക്ക് വിശേഷിച്ച് മാറ്റമൊന്നുമില്ലെന്ന് അവൾ സ്വയം വിശ്വസിച്ചു.
ശരീരം കൊണ്ട് പൂർണ്ണമായും മനസ്സ് കൊണ്ട് പകുതിയും ,പതിവു പോലെ അയാളിൽ തന്നെ ജീവിയ്ക്കുകയായിരുന്നു അവൾ.
മനസ്സിന്റെ മറ്റേപ്പാതിയാവട്ടെ അവളുടെ അധീനതയിലുമല്ല.

ഭരതിനെ മാത്രമേ സ്നേഹിക്കാനുണ്ടായിരുന്നുള്ളൂ അവൾക്ക്..
എന്നിട്ടും അവളിലെ അത്യാഗ്രഹിയായ സ്ത്രീയെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞില്ല ,അയാളുടെ കരുതലിനൊന്നും.
ചിലപ്പോൾ അവൾക്ക് തോന്നും അവളിലെത്തന്നെ പാതി പുരുഷൻ അവളിലെ പാതി സ്ത്രീയുമായി നിരന്തരം പ്രണയത്തിലാണെന്ന്, എത്ര അടുത്താലും മറ്റാർക്കും പതിച്ചു കൊടുക്കാൻ അനുവദിക്കാത്തവണ്ണം സ്നേഹം ശീലിപ്പിച്ച മുരടനായ പപ്പാതി.
അവളിലെ സ്ത്രീയെ മുഴുവനായി അടക്കിപ്പിടിച്ച അവളിലെത്തന്നെ പുരുഷൻ.

അതാണു പറഞ്ഞത് വിചിത്രമല്ലാത്ത ഒരു ചിന്തയും ബാക്കിയില്ലെന്ന്.

ഇനിയുള്ള പത്തറുപത് ദിവസങ്ങളിൽ യാത്രയിൽ മുഴുവൻ വിമലയ്ക്ക് കൂട്ടിരിക്കേണ്ടത് ഈ ഭ്രാന്ത് തന്നെയാണ്‌. ഇങ്ങനെയുള്ള ചിന്തകളുണ്ടാകുന്നത് മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ടാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ്‌ ഭരതിനോട് പറയാനൊരുങ്ങിയത്.
‘എങ്ങോട്ടേക്കെങ്കിലും പോണെന്ന്...’

‘എങ്ങോട്ടേക്കെങ്കിലും’ എന്നത് അയാൾക്ക് പ്രായോഗികമായി തോന്നില്ലെന്നറിഞ്ഞതു കൊണ്ട് നാട്ടിൽ അമ്പലങ്ങളിലേക്ക് പോകാമെന്ന് പറഞ്ഞു.
തന്റെ ഇതുവരെയുള്ള നിശ്ചലാവസ്ഥയുടെ ലക്ഷ്യം തന്നെ ചലനമാണെന്ന് തോന്നുകയായിരുന്നു അവൾക്ക്.അവസാനമില്ലാത്ത ചലനം..യാത്ര.
നാട്ടിലേക്ക് വരാൻ ഭരതിന്‌ താല്പര്യമുണ്ടായിരുന്നില്ല.ആദിക്ക് സമ്മർ ക്യാമ്പ്.മഴ നനഞ്ഞ് അമ്പലങ്ങൾ കയറിയിറങ്ങാൻ വയ്യെന്ന് തീർത്ത് പറഞ്ഞു അവൻ.ഇപ്പോഴത്തെ കുട്ടികളിലധികവും പ്രായോഗികവാദികളാണ്‌. അവർ വളരെ വേഗത്തിലാണ്‌ വളരുന്നതു പോലും..
ഏഴു വയസ്സേ ആയുള്ളൂ ആദിക്കെന്ന് വിശ്വസിക്കാൻ വിമലയ്ക്കാണ്‌ ഏറ്റവും പ്രയാസം.

‘തനിച്ച് പോയിക്കോള്ളൂ ’എന്ന് ഭരത്..
‘അതാണ്‌ നല്ലത്. അമ്മ ഒന്ന് റിഫ്രഷ്ഡ് ആയിട്ട് വാ’ എന്ന് ആദി..

‘അപ്പോ നിങ്ങടെ കാര്യമൊക്കെ..’ ചോദിച്ച് കഴിഞ്ഞപ്പോഴാണ്‌ അതിന്റെ പ്രസ്ക്തിയില്ലായ്മയെക്കുറിച്ച് ഓർത്ത് വിമലയ്ക്ക് സ്വയം പരിഹാസം തോന്നിയത്..
പാചകം..പൊടി തുടയ്ക്കൽ..അലക്കൽ..ഇസ്തിരിയിടൽ..ഷൂ പോളിഷിംഗ്..
അതെല്ലാതെ മറ്റെന്താണ്‌ നടക്കാതിരിക്കുക..??
ഒൻപത് വർഷമായിട്ട് ഒറ്റയ്ക്കൊരിയ്ക്കലും ദൂരെ എവിടേക്കും പോയില്ലല്ലോ എന്നൊരു വേവലാതിയും തോന്നി കൂട്ടത്തിൽ.

യാത്ര നീളെ എല്ലാത്തിലുമൊരു കൊച്ചു കുട്ടിയുടെ കൗതുകം കയറിവരുന്നുണ്ടോ എന്ന് സംശയിക്കുകയായിരുന്നു വിമല.
എന്നാലും ,ഇനി മറ്റാരുടേയും ഇടപെടൽ ഇല്ലാതെ തന്നിൽ തന്നെയുള്ള പുരുഷനും സ്ത്രീയ്ക്കും പരസ്പരം സ്നേഹത്തിന്റെ പുതിയ ശീലങ്ങൾ തുടങ്ങാം.
‘ഒരു സ്പർശനം വരെ മൗനം അസഹ്യമാണെ’ന്നൊക്കെ പ്രണയാക്ഷരങ്ങൾ എഴുതിത്തുടങ്ങാം..
വിൻഡോഗ്ലാസ്സിനു നേരെ വിരൽ ചൂണ്ടി ‘ നക്ഷത്രത്തിന്റെ അരികോളം വിസ്തൃതമായ തൂവാല കൊണ്ട് ഞാൻ നിന്റെ കണ്ണുപൊത്താം’ എന്ന് പറഞ്ഞു നോക്കാം..
അവളിലെ സ്ത്രൈണതയുടെ മഞ്ഞശലഭങ്ങൾക്ക് പാതിപൗരുഷത്തിന്റെ കല്ലിൽ നിശ്ചലമായി വിശ്രമിയ്ക്കാം.


നാട്ടിൽ സ്വീകരിയ്ക്കാൻ കാത്ത് നിന്നത് കിട്ടേട്ടനാണ്‌.അവരുടെ വീട് സൂക്ഷിക്കുന്നതും അയാളാണ്‌.പിന്നെ ഡ്രൈവർ,പാചകക്കാരൻ..അങ്ങനെ അങ്ങനെ.(സിനിമയിലൊക്കെ ശങ്കരാടി ചേട്ടനെയോ പപ്പു ചേട്ടനെയോ ഒക്കെ കാണുമ്പോൾ വിമല ഓർക്കാറുള്ളത് കിട്ടേട്ടനെയാണ്‌.)

പുതിയ വീട്ടിലേക്ക് പോകാൻ പക്ഷേ വിമലയ്ക്ക് മനസ്സ് വന്നില്ല.
ആർക്കിടെക്ചറിനു പഠിക്കുമ്പോൾ കുറഞ്ഞത് തനിക്ക് താമസിയ്ക്കേണ്ട വീടെങ്കിലും സ്വന്തമായി പണിയണമെന്നുണ്ടായിരുന്നു അവൾക്ക്.

" വിമലാ..അതൊക്കെ ഗണേഷ് നോക്കിക്കൊള്ളും..ഹി ഈസ്‌ ബ്രില്ല്യന്റ് ..അവന്റെ ഡിസൈൻ ഒക്കെ ഫന്റാസ്റ്റിക്കാണ്‌..“
ഭരതിന്റെ വിശ്വാസം തെറ്റിയൊന്നുമില്ല.
ഗൃഹപ്രവേശനം കഴിഞ്ഞ് ആഗ്രഹിക്കാതെ തന്നെ ഒരുപാട് അഭിനന്ദനങ്ങളും കിട്ടി അവൾക്ക്.

"ഹൗ ഈസ് ഇറ്റ് വിമലാമാഡം?" ഗണേഷും ചോദിക്കുകയുണ്ടായി.
രാത്രി വീട്ടിനകത്ത് അലങ്കാരങ്ങൾ നിറച്ച ബാർ കൗണ്ടറിൽ ഭരതിനോടൊപ്പം ആഘോഷിച്ച് തുടങ്ങുകയായിരുന്നു അയാൾ.
അവർ കഴിക്കുന്നതെന്താണെന്നറിയാൻ കുറേ നേരം ഭംഗിയുള്ള ബോട്ടിലിൽ നോക്കിയിരുന്നെങ്കിലും അക്ഷരങ്ങൾ കൂട്ടിവായിക്കാൻ അന്നേരം അവൾക്ക് കഴിഞ്ഞില്ല.

ബാർ കൗണ്ടറിന്റെ സ്ഥാനത്ത് ഒരു പുസ്തകഷെൽഫായിരുന്നു വിമല ആലോചിച്ചു വെച്ചത്:
പടികളുടെ ആകൃതിയിൽ,
നീലയും മഞ്ഞയും നിറത്തിലുള്ള മത്സ്യങ്ങൾ എമ്പോസ്സ് ചെയ്ത, മീതേ ഗ്ലാസ്സ് കൊണ്ടുള്ള ഒരു ഷെൽഫ്- ആഴക്കടലിലേക്കുള്ള പടികളിലിരുന്ന് പുസ്തകങ്ങൾ വായിക്കാൻ കഴിയുന്നതു പോലെ.


‘പുതിയ വീട്ടിലേക്കില്ല.. കിട്ടേട്ടന്റെ വീട്ടിലേക്ക് പോകാം’ പിന്നെ അയാൾ വിശ്വസിക്കുന്ന ഒരു കള്ളവും ചേർത്തു: ‘ഭരതേട്ടനും ആദിയും ഒന്നുമില്ലാതെ..'
അമ്പലങ്ങളിലേക്കുള്ള യാത്രയും സമയവും വഴിപാടുകളും നിശ്ചയിച്ചത് കിട്ടേട്ടനാണ്‌.വിമലയ്ക്ക് അതിലൊന്നും താല്പര്യം തോന്നിയില്ല.

ദൈവം മനസ്സിലാണുള്ളതെന്ന് അവൾ വിശ്വസിച്ചു.അല്ലാതെ ഇടനിലക്കാരനായ മനുഷ്യൻ വാതിലടയ്ക്കുകയും തുറക്കുകയും ചെയ്യുന്നതിനനുസരിച്ച് കാണുകയും കേൾക്കുകയും , സാരിയുടുത്തോ ഷർട്ടഴിച്ചോ എന്നൊക്കെ ശ്രദ്ധിക്കുകയും ചെയ്യുന്ന ഒരാളായി ദൈവത്തെ കാണാൻ അവൾക്ക് പ്രയാസം തോന്നി.

’ഭണ്ണാരത്തിലിടണ്ടേ?‘ എന്ന കിട്ടേട്ടന്റെ ചോദ്യത്തിന്‌ സ്വന്തമായി സമ്പാദിക്കാത്ത പണം കാണിക്കയായിടുന്നതിന്റെ അർത്ഥമില്ലായ്മ ഓർത്ത് അവൾ സ്വയം ചിരിച്ചു.
’എല്ലാം കിട്ടേട്ടൻ തന്നെ ചെയ്യൂ‘ എന്ന് പറയുകയും ചെയ്തു.

യാത്രകൾക്കിടയിലെല്ലാം മഴയും മരങ്ങളും കണ്ട് തീർക്കുകയായിരുന്നു അവൾ.
ഒരുപാട് മരങ്ങൾ.
മൃഗങ്ങളിലെ ചോര പോലെത്തന്നെ മരങ്ങളിലെ ഹരിതകവും..
അടുത്ത് കാണുമ്പോഴുള്ള രൂപങ്ങളിലെ വൈവിധ്യത്തിനപ്പുറത്ത് ഒരു അകലം കഴിഞ്ഞാൽ പിന്നെ വേർതിരിയ്ക്കാനാവാത്ത സാമ്യതകൾ..
ഓരോരുത്തരിലും ഒരു മരം വളരുന്നുണ്ടെന്ന് തോന്നി വിമലയ്ക്ക്.
ആകാശത്തിന്റെ വഴിയിൽ എത്രദൂരം നടന്നാലും പിറവിയുടെ മണ്ണ്‌ മുറുകെപ്പിടിക്കുന്ന വേരുകളുള്ള ഒരു മരം.
പരസ്പരം പ്രണയിച്ചു ശീലിച്ച പുരുഷനും സ്ത്രീയ്ക്കും ഒപ്പം പരിത്യാഗിയായ ഒരു സന്ന്യാസി കൂടി തന്റെ മനസ്സിൽ അലയുന്നത് വിമല അറിഞ്ഞു.

അപ്രായോഗികമാണ്‌ തോന്നലുകളെല്ലാം.
വൈരുദ്ധ്യമായ പലപല ആഗ്രഹങ്ങൾ കൊണ്ട് അപ്രായോഗികമായിപ്പോകുന്ന തോന്നലുകൾ.

വഴിയിലൊരിടത്ത് മഴ മാറിയ ഒരു വൈകുന്നേരം, മഴവില്ല് കൂടി കണ്ടവൾ.
യാത്രയുടെ ദിശയിൽ തന്നെയായിരുന്നതു കൊണ്ട് ഏറെ നേരമുണ്ടായിരുന്നു ആ കാഴ്ച.
’ഫോട്ടോ എടുക്കായിരുന്നു‘
കിട്ടേട്ടൻ ആഗ്രഹിച്ചു.
വേണ്ടെന്ന് പറഞ്ഞു വിമല.ഒരു ക്യാമറയുണ്ടാകുമ്പോൾ ഫോട്ടോ നന്നാകണമെന്നേ ഉണ്ടാകൂ..മനസ്സിലേക്ക് കാഴ്ച നിറയ്ക്കാൻ കഴിയില്ല.

യാത്രയിലൊടുക്കം താൻ ജനിച്ചു വളർന്ന വീട്ടിലേക്കും പോകണമെന്നുണ്ടായിരുന്നു അവൾക്ക്.
ആരും നില്ക്കാനില്ലാത്തതു കൊണ്ട് ആർക്കോ വിറ്റുപോയ ഒരു പഴയ വീട്.
വീട് വില്ക്കുമ്പോൾ തന്റെ മുറിമാത്രം ഒഴിച്ച് നിർത്തി വില്ക്കാമോ എന്നൊരു വിഡ്ഢിത്തം കൂടി ചോദിച്ചിരുന്നു.

അച്ഛനോട് തന്നെക്കാണാൻ ഇങ്ങോട്ട് വരുമോ എന്ന് ചോദിച്ചു വിമല.പിന്നെ കിട്ടേട്ടൻ തന്നെ പറഞ്ഞു:’ബാംഗ്ലൂരിപ്പോയ്ട്ട് സാറിനെ കാണാന്നെ‘
കാറിലാണെങ്കിൽ വയ്യെന്ന് പറഞ്ഞു.
റോഡ് മോശം.
പുതുമഴയുടെ ദിവസങ്ങളിൽ ടിന്നിലടച്ചിടുന്ന വണ്ടിനെപ്പോലെ സ്വയം ശബ്ദിച്ചും ഇളകിയും മുകളിലേക്ക് തെറിച്ചും ശർദ്ദിച്ചും സമയം കൊല്ലാം.

’ട്രെയിൻ മതി‘
അതാകുമ്പോൾ ചില ഓർമ്മകൾ കൂടി കൂട്ടുണ്ടാകും.
പണ്ട് അവളെഴുതാറുള്ള ഡയറിയിൽ പാതിയും ട്രെയിനിന്റെ ലോഹകമ്പികളിൽ നെറ്റിചേർത്ത് കാറ്റിലേക്ക് കൈകൾ പറത്തിവിട്ട് കണ്ട കാഴ്ചകളാണ്‌..
പഴയ വീട് വില്ക്കുന്നതിനിടെ തന്റെ പുസ്തകങ്ങൾ,ഡയറികൾ എല്ലാം എന്തു ചെയ്തു എന്ന് ചോദിക്കാൻ മറന്നു പോയല്ലോ എന്നോർത്തു അവൾ.
ഇനി ചോദിച്ചിട്ടും കാര്യമില്ല.


അച്ഛൻ കാത്ത് നില്പ്പുണ്ടായിരുന്നു.
പ്രായം കുറഞ്ഞു വരികയാണല്ലേ എന്ന് കളി പറഞ്ഞു.
ആദിയേയും ഭരതിനേയും എത്ര കാലമായി കണ്ടിട്ടെന്ന പരാതി അച്ഛന്‌.
’അച്ഛ്നുമമ്മയും ഞങ്ങളുടടുത്ത് മാത്രം വന്ന് നില്ക്കില്ലല്ലോ‘

അച്ഛൻ സ്മിതചേച്ചിക്കൊപ്പം ബാംഗ്ലൂരിൽ.അമ്മ ജപ്പാനിൽ, രേണു ചേച്ചിക്കൊപ്പം.
അത് ശരിയാണെന്ന് ഒരിയ്ക്കലും തോന്നാറില്ല വിമലയ്ക്ക്.
വയസ്സാകുമ്പോഴാണ്‌ ഒരുമിച്ച് നില്ക്കേണ്ടത്.
അല്ലാതെ ലോകത്തിന്റെ രണ്ടറ്റത്തിരുന്ന് ലാപ്ടൊപ്പിന്റെ ഇത്തിരിക്കുഞ്ഞൻ സ്ക്രീനിൽ മുഖം കണ്ട് ശബ്ദം കേട്ട്..
പക്ഷേ പുറത്ത് പറയാറില്ല.ഒരു കലഹമുണ്ടാക്കണ്ട ചേച്ചിമാരുമായി എന്ന് കരുതി മാത്രം.

മുൻപ് സ്മിതചേച്ചിയുടെ കൂടെ ബാംഗ്ലൂരിൽ നില്ക്കുമ്പോൾ അയലത്ത് ഒരു പഞ്ചാബി കുടുംബമുണ്ടായിരുന്നു. അതിലെ മുത്തശ്ശനും മുത്തശ്ശിക്കും രാവിലെയും വൈകിട്ടും ഒന്നിച്ചൊരു നടത്തമുണ്ടായിരുന്നു.
വിമല ടെറസിനു മുകളിലിരുന്ന് ആ യാത്ര കാണും.

അവൾക്ക് കൊതി തോന്നും.
വേഗം വിവാഹം കഴിച്ച്..വേഗം വയസ്സായി..ഒന്നിച്ച് നടക്കാൻ..
സ്മിതചേച്ചിയുടെ അടുക്കളയിലിരുന്ന് അതെല്ലാം ഓർത്ത് വീണ്ടും ചിരിച്ച് പോയി വിമല.

‘അവരെവിടെ..ആ സുരീന്ദർ സിംഗും ഫാമിലിയും?’
വിമല ചോദിക്കാതിരുന്നില്ല.
പത്ത് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.
‘നീ ഒന്നും മറക്കുന്നില്ലേ..അവരു തിരിച്ച് പോയി..ആ വീട്ടിലിപ്പോ നായിഡു കുടുംബമാണ്‌’

ലുധിയാനയിലെ വഴികളിലൂടെ ഓറഞ്ച് തലപ്പാവുകെട്ടിയ വൃദ്ധനും നീളത്തിൽ പിരിച്ചു കെട്ടിയ വെള്ളിമുടിയുള്ള വൃദ്ധയും നടക്കുന്നുണ്ടാകുമെന്ന് അവൾ ആശിച്ചു.
പിന്നെ മറ്റൊരു ചിന്തകൾക്കും ഇടം കൊടുക്കാതെ ഭരതും ആദിയും അവളുടെ മനസ്സിൽ നിറഞ്ഞു.

അവരെല്ലാം അടുത്തുണ്ടാകുമ്പോൾ,അവർക്കെല്ലാം സുഖമാണെന്നറിയുമ്പോൾ, മാത്രമാണ്‌ പ്രണയാക്ഷരങ്ങളിലൂടെ സ്നേഹം ശീലിപ്പിക്കുന്ന പുരുഷനും സ്നേഹത്തോട് അത്യാഗ്രഹം തോന്നുന്ന സ്ത്രീയും ഊരു തെണ്ടിയായ സന്യാസിയും തന്നെ പരീക്ഷിക്കാൻ വരുന്നുള്ളൂ എന്ന് വിമല തിരിച്ചറിഞ്ഞു.

ഇനി മടങ്ങിപ്പോക്ക്..
എല്ലാം സ്വസ്ഥമാണെന്ന് നിശ്ചയിക്കുമ്പോൾ തുടങ്ങുന്ന വികാരവിചാരങ്ങളിലേക്ക്.