Tuesday, August 10, 2010

സുഭദ്ര, അവളുടെ മനസ്സ് വായിക്കുന്നു.

ഞാനാണ്‌ സുഭദ്ര.

കാലങ്ങളെത്രയായി? ഓർമ്മകളിലൂടെ എനിക്ക് തിരിഞ്ഞു നടക്കേണ്ടി വരുന്നു.

എന്റെ ജീവിതത്തിന്റെ അപരിചിതങ്ങളിലേക്ക്.
ഏറെ ദൂരം ഒപ്പം നടന്ന അക്ഷരങ്ങൾ ബാക്കി വെച്ച അടയാളങ്ങളിലേക്ക്.
എഴുതാതെപോയ സ്മരണകളിലേക്ക്.

ആവർത്തനങ്ങളാവാം.
ജീവിതം തന്നെ അങ്ങനെയെന്നു തിരിച്ചറിഞ്ഞിരിക്കുന്നു.

പ്രസവത്തിൽ തന്നെ അമ്മ മരിച്ചുപോയതുകൊണ്ട്,
അച്ഛനാരെന്നറിയാതെ, ഞാൻ വളർന്നത് കുടമൺ അമ്മാവന്റെ വീട്ടിൽ.
എട്ടുവീട്ടിൽ പിള്ളമാരിൽ പ്രമാണിയുടെ ധനവും ധാർഷ്ട്യവും നന്നായി അനുഭവിച്ചു തന്നെയാണ്‌ വലുതായത്..

പക്ഷെ എന്തുകൊണ്ടെന്നറിയില്ല എന്റെ വിശ്വാസങ്ങൾ വ്യത്യസ്തമായിരുന്നു..
എന്റെ വിശ്വാസങ്ങൾ. എന്റെ രീതികൾ.

പ്രായത്തെ കാത്ത് നില്ക്കാതെ വളർന്ന എന്റെ ദേഹവും ചിന്തകളും വാക്കും മനസ്സും..

ബാലികയായിരുന്നപ്പോൾ കൗമാരത്തിന്റെ കൗതുകങ്ങൾ എന്നെ നിരന്തരം ശല്യപ്പെടുത്തി.
കൗമാരമാകട്ടെ യൗവ്വനത്തിന്റെ പൂക്കൾ വർഷിച്ചു.
യൗവ്വനത്തിൽ മനസ്സിന്‌ തത്ത്വചിന്തകൊണ്ട് തപസ്സനുഷ്ഠിച്ച് ഒരു മുത്തശ്ശിയെപ്പോലെ ജീവിയ്ക്കേണ്ടി വന്നു.
ഒടുവിൽ മധ്യവയസ്സിൽ മരിച്ചവന്റെ സ്വാതന്ത്ര്യമനുഭവിച്ചു.

എന്നിലെ സ്ത്രീ അങ്ങനെയായിരുന്നെന്ന് മാത്രമറിയാം.

കാമക്രോധങ്ങളെ മനസ്സുകൊണ്ട്‌ അതിജീവിയ്ക്കാൻ കഴിഞ്ഞെങ്കിലും, അറിയേണ്ടവരെ അതു വിശ്വസിപ്പിയ്ക്കാൻ കഴിയാതെ പോയ ഒരാൾ.

അതുകൊണ്ടുതന്നെ ജീവിതം മുഴുവൻ തനിച്ചായിപ്പോയി ഞാൻ.
എന്നും കൂട്ടുതന്നത് അരൂപിയായ മനസ്സ് മാത്രം..

പക്ഷെ ആർക്കുവേണമെങ്കിലും ഓർമ്മകളിലൂടെ,സങ്കല്പങ്ങളിലൂടെ, കയറിവന്ന് അസ്വസ്ഥമാക്കി, ഇറങ്ങിപ്പോകാവുന്ന തുറന്ന വീട് പോലെയായിരുന്നു മനസ്സ്.

വീട്ടിൽ ശൈശവം  മുതല്ക്കുതന്നെ പ്രായഭേദമന്യേ എല്ലാവരോടും  ഇടപെട്ടു ശീലിച്ചതുകൊണ്ടാകണമിങ്ങനെയൊക്കെ.

അമ്മാവന്റെ സുഹൃസദസ്സിൽ ചെറുപ്പത്തിൽ ഞാനും ചെന്നിരിക്കാറുണ്ടായിരുന്നു.
അവരുടെ സരസസംഭാഷണങ്ങളിലെ ദ്വയാർത്ഥങ്ങൾ,
കഥകളി പദങ്ങളിലെ ശൃംഗാരരസങ്ങൾ,
അനുഭവങ്ങളിലെ കാമം....
എല്ലാം ഞാനും കേട്ടു.
എന്തുകൊണ്ടോ പ്രായത്തിൽ കവിഞ്ഞ് എനിക്കതെല്ലാമറിയാനും കഴിഞ്ഞു.

ശേഷക്കാരി ബാലികയെ ‘തേവിടിശ്ശി’എന്ന് കളിയായി അമ്മാവൻ അന്നേരങ്ങളിൽ വിളിയ്ക്കാറുണ്ടായിരുന്നത് അതുകൊണ്ടാകണം.

എന്നെ ഒറ്റപ്പെടുത്താൻ ആ വിശേഷണം നിഴലുപോലെ പ്രായത്തിനൊപ്പം വളർന്നു.  അരൂപിയായ ഇരട്ട സഹോദരിയെപ്പോലെ.
പക്ഷേ സങ്കടമില്ല. 
നഷ്ടങ്ങളെ അതിജീവിയ്ക്കേണ്ടതെങ്ങനെയാണെന്ന് അവളെന്നെ പഠിപ്പിച്ചു.


ഏതൊക്കെ മൂത്തവിടന്മാരുടെ ഇഷ്ടക്കാരിയായാണ്‌ ലോകമെന്നെ അറിഞ്ഞത്!
അമ്മാവന്റെ പ്രായമുള്ള രാമനാമഠത്തിന്റെ,നാടുവാഴുന്ന രാമവർമ്മമഹാരജാവിന്റെ മകൻ പത്മനാഭൻ തമ്പിയുടെ...എട്ടുവീട്ടിൽ പിള്ളമാരിൽ പ്രമാണികളിൽ പലരുടേയും.....

ഒന്നും നിഷേധിയ്ക്കാൻ ശ്രമിച്ചില്ല..
അവരോടൊന്നും അടുത്തിടപഴകാതെയുമിരുന്നില്ല.

സ്വയം സംരക്ഷിയ്ക്കാൻ പക്ഷെ മനസ്സിലിരുന്ന് ആരോ അടവുകൾ പറഞ്ഞു തന്നു.
മരിച്ചുപോയ അമ്മയാണോ..
തിരിച്ചറിയാൻ കഴിയാതെ പോയ അച്ഛനാണോ
അതോ ശ്രീ പത്മനാഭൻ തന്നെയാണോ എന്നറിയില്ല..


ചിലനേരങ്ങളിൽ മനസ്സ് പഞ്ചവങ്കാടുപോലെ പകയുടെ കള്ളിമുള്ളുകൾ കൊണ്ടുനിറഞ്ഞു.
ചിലനേരങ്ങളിൽ ചെമ്പകശ്ശേരിയിലെ കാരാഗൃഹം പോലെ ഇരുട്ട് നിറഞ്ഞും.

ജന്മസിദ്ധമായ ബുദ്ധിയ്ക്കും വിവേകത്തിനും ധൈര്യത്തിനും സ്വയം വഴികാട്ടാൻ കഴിഞ്ഞില്ലല്ലോ എന്ന് ഖേദം തോന്നി.
മനസ്സിൽ അമ്മയ്ക്കും,ആരെന്നറിയാൻ കഴിയാതെ പോയ അച്ഛനും മാപ്പ് പറഞ്ഞു,

വിശ്വാസങ്ങളേയും ഉടലിനേയും ആത്മബലത്തിന്റെ തൊലികൊണ്ട്, മുറിഞ്ഞുപോകാതെ പൊതിഞ്ഞു സൂക്ഷിച്ചു.

 ഓർമ്മയെങ്കിലും ഒരു മഞ്ഞത്താലിയും.
കുടമൺ അമ്മാവന്റെ ബന്ധുവിന്റെ മകനായിരുന്നു അദ്ദേഹം.

അദ്ദേഹം തിരഞ്ഞു പിടിച്ചു കണ്ടെത്തുന്ന പൊരുത്തക്കേടുകളൊഴിച്ച് മറ്റെല്ലാം എനിക്കിഷ്ടമായിരുന്നു.

ഒരു മൃഗമതിന്റെ ഇണയെ ശരീരം കൊണ്ട് തൃപ്തിപ്പെടുത്തുന്നതുപോലെ മാത്രം എന്നെ അറിയാൻ അദ്ദേഹമാഗ്രഹിച്ചു.
പക്ഷേ, ഞാനെന്ന നിശാഗന്ധി വിരിയാതെ, പലരാത്രികളിൽ അദ്ദേഹത്തിലെ ഗന്ധർവ്വനെ പരിഹസിച്ചു ചിരിച്ചു.

അദ്ദേഹത്തിൽ ഉപേക്ഷിയ്ക്കപ്പെടാൻ,ചിന്തകളെ മറന്ന് മനസ്സിനെ ഏകാഗ്രമാക്കാൻ ഞാൻ ശ്രമിച്ചു.

സംശത്തിൽ നിന്നദ്ദേഹത്തെ സ്വതന്ത്രനാക്കാൻ പക്ഷേ എനിക്ക് കഴിഞ്ഞില്ല. ഞങ്ങൾ പരസ്പരം അപരിചിതരായി.

ഒരു രാത്രി അദ്ദേഹം വീട് വിട്ടിറങ്ങുകയും ചെയ്തു.
തിരഞ്ഞു കണ്ടു പിടിയ്ക്കാനും കഴിഞ്ഞില്ല.

അദ്ദേഹത്തെ സംശയിക്കാൻ ശീലിപ്പിച്ചത് സുന്ദരയ്യനാണെന്ന് എനിക്കറിയാമായിരുന്നു.
പത്മനാഭൻ തമ്പിയുടെ ഉപദേശകൻ.
പരദേശി.
ഭൂലോക കള്ളൻ.
അയാളെയാണ്‌ ഞാൻ ഏറ്റവും ഭയന്നത്.

അയാളുടെ ചതികൾ ഏറെയാണ്‌.
ദേശത്തെ കുഴപ്പങ്ങൾക്കെല്ലാം കാരണവും അയാൾ തന്നെ.
അയാളും അയാളുടെ സഹവാസം അനുവദിച്ചു കൊടുക്കുന്ന തമ്പിയും എട്ടുവീടരും.
എന്നും ദേശദ്രോഹത്തിനുള്ള ആലോചനകൾ നടക്കാറുണ്ട് ആണ്ടിയിറക്കത്തുള്ള ഞങ്ങളുടെ ഗൃഹത്തിൽ വെച്ച്.

യുവരാജാവായ മാർത്താണ്ഡവർമ്മയെ ചതിച്ചുകൊല്ലാനുള്ള അനേകം പദ്ധതികളും.
അവയെ അതിജീവിയ്ക്കാനുള്ള യുവരാജാവിന്റെ പ്രയത്നങ്ങളിൽ പലതും പപ്പുവും ശങ്കരച്ചാരും(അവരെന്റെ കുടിയാന്മാർ.എന്നെ മനസ്സിലാക്കാൻ സന്മനസ്സ് കാട്ടിയവർ.എന്റെ ശക്തിയും അവർ തന്നെ.)പറഞ്ഞറിയാറുണ്ട്.

അതിലൊന്നിലാണ്‌ അനന്തപത്മനാഭന്‌ അപായം സംഭവിച്ചത്.
പഞ്ചവങ്കാട്ടിൽ  വെച്ച് കളിയങ്കാട്ട് നീലി തലയ്ക്കടിച്ചു കൊന്നെന്ന ഒരു കഥകേട്ടു ആദ്യം.
പിന്നെ പറഞ്ഞു കേട്ടത് കോട്ടാറ്റ് ഒരു വേശ്യയ്ക്കുവേണ്ടി യുവരാജാവുതന്നെ അയാളെ കൊന്നുകളഞ്ഞതാണെന്ന്.

അതെന്തായാലും സംഭവിച്ചിരിക്കില്ലെന്ന് മനസ്സ് പറഞ്ഞു.

തിരുമുഖത്ത് പിള്ള- അനന്തപത്മനാഭന്റെ അച്ഛൻ, യുവരാജാവിന്റെ ഗുരു- ആ കഥ വിശ്വസിച്ച് തെറ്റിദ്ധരിയ്ക്കാൻ തുടങ്ങിയതും പറഞ്ഞറിഞ്ഞു.

മാർത്താണ്ഡ വർമ്മ യുവരാജാവ് ഒറ്റപ്പെടുകയാണ്‌.
ഒരു ദേശം അരക്ഷിതമാവുകയും.
കൂടെ, അനന്തപത്മനാഭന്റെ അപകടവും അതറിഞ്ഞ പാറുക്കുട്ടിയുടെ മഹാവ്യാധിയും.

പാറുക്കുട്ടി-അവളെനിക്ക് അനിയത്തി തന്നെ.

അവളുടെയച്ഛൻ, കഴക്കൂട്ടത്തമ്മാവനോടും എനിക്ക് കടപ്പാട് തന്നെ.
എന്നിലെ പെൺകുട്ടിയോട് ദയ കാണിച്ച ഒരേയൊരാൾ.

ശാസിച്ചും സ്നേഹിച്ചും കരുതലോടെ കാത്തുപോന്നിരുന്നു അദ്ദേഹം.
വികാരങ്ങളെ വിവേകം കൊണ്ടതിജീവിയ്ക്കാനുള്ള കരുത്ത് തന്നതും അദ്ദേഹം തന്നെ.
അതുകൊണ്ടാണോ എന്നറിയില്ല അനന്തപത്മനാഭനോടും പതിവില്ലാതെ ഒരടുപ്പം തോന്നാറുണ്ട്.
പാറുക്കുട്ടിക്കവനെ തിരിച്ചുകൊടുക്കാൻ കഴിഞ്ഞെങ്കിലെന്ന് ആഗ്രഹിക്കാറുണ്ട്.

എല്ലാം സുന്ദരയ്യന്റേയും തമ്പിയുടേയും ചതി തന്നെ.
വിടനായ തമ്പിയിൽ ദേശത്തിന്റെ അധികാരം വന്നാൽ അയാളത് പരദേശികൾക്ക് ദത്തം കൊടുക്കും-പെണ്ണിനും ലഹരിയ്ക്കും പകരം.

എന്നേക്കാൾ നന്നായി ആർക്കറിയാം അവരെ?
വേദനകളോട് വിരക്തി തോന്നിത്തുടങ്ങി.

മനസ്സിലൊരു ദൃഢ പ്രതിജ്ഞയുണ്ട്-ഭാഗ്യനിർഭാഗ്യങ്ങൾക്ക് ജീവിതത്തെ ഇനി വിട്ടുകൊടുക്കാൻ കഴിയില്ലെന്ന്.
അമ്മാവനും സുന്ദരയ്യനും തമ്പിയും കൂടി ആലോചിച്ചുറപ്പിക്കുന്ന പദ്ധതികളറിയാൻ ഒരു വഴിയുണ്ടെന്റെ മുന്നിൽ-രാമനാമഠം.

ആളുകൾ അയാളെ എന്റെ പതിവുകാരനായി കാണുന്നു.
സ്വതേ വങ്കൻ.
മൂഢൻ.
എഴുപത് കഴിഞ്ഞു.ആഗ്രഹങ്ങൾക്കതിരില്ല.

അയാളുടെ ശൃംഗാരം പരിഹാസ്യമായിരുന്നു.
മുടക്കാൻ കഴിയാത്ത ദിനചര്യപോലെയായിരുന്നു കിഴവന്‌ എന്റെ അറയിലേക്കുള്ള വരവ്.
സ്പർശനം ആഗ്രഹിക്കുന്നുണ്ടെങ്കിലും നിർബന്ധമില്ല.
ദിവസവും കൂറേ നേരം കണ്ടാൽ മതി.
കുറേ ശൃംഗാരപദമാടിയാലും മതി.
അറയിലെ എന്റെ ഗന്ധമുള്ള കാറ്റ് മതി.
ഞാനൊരുക്കുന്ന മുറുക്കാൻ തട്ടം മതി.

അകലെയിരുത്തി,അയാളിഷ്ടപ്പെടുന്ന വാക്കുകൾ കൊണ്ട് അയാളിലെ കാമം തൃപ്തിപ്പെടുത്താൻ എനിക്കും അറിയാമായിരുന്നു.

‘തിരുഅനന്തശയനത്തിൽ പള്ളികൊണ്ടരുളും ശ്രീ പത്മനാഭപെരുമാളാണെ,പൊന്നാണെ ,വിളക്കാണെ, ഇക്കുലമാളും കരിങ്കാളിയാണെ...’ തുടങ്ങി‘കനകക്കൊതിയിലും മങ്കമടിയിലും മനം മയങ്ങി ,മറുചെവി പോകാതു പോകാതു സത്യം..’അയാളെക്കൊണ്ട് തെറ്റിയ്ക്കാൻ എനിക്ക് കഴിഞ്ഞു.

രാമനാമഠമെന്ന ഭൂലോക വിടന്റെ വാക്കുകളിൽ ഒരു ദേശത്തിന്റെ സുരക്ഷയുണ്ട്.
ധീരനായ യുവരാജാവിന്റെ ജീവിതവും.

രാവിനും പകലിനും വേണ്ടി കാത്തു നിന്നില്ല.
ഒരുപാട് സഞ്ചരിച്ചു. ശരീരം കൊണ്ടും മനസ്സുകൊണ്ടും...
എല്ലാം മനസ്സിൽ വിചാരിച്ചതു പോലെ , ആഗ്രഹിച്ചതുപോലെ നടന്നു...

സുന്ദരയ്യന്റെ, തമ്പിയുടെ,എട്ടുവീടരുടെ കുതന്ത്രങ്ങൾ അതിജീവിയ്ക്കാൻ യുവരാജാവിനു കഴിഞ്ഞു.

ഭാഗ്യം ചെയ്ത എന്റെ നാട്!

പാറുക്കുട്ടിയ്ക്കവളുടെ അനന്തപത്മനാഭനെ തിരിച്ചു കിട്ടി.
അവനെന്റെ അനിയനാണെന്ന് അറിയാൻ കഴിഞ്ഞു.ഞങ്ങളുടെ അച്ഛനിൽ നിന്നു തന്നെ..

ഭ്രാന്തൻ ചന്നാനായി,കാശിവാസിയായി,പാണ്ടിദേശത്തുനിന്നു വന്ന മഹമ്മദീയ വ്യാപാരസംഘത്തിലെ ഷംസുദ്ധീനായി...പലവേഷങ്ങളിൽ ദേശത്തിനും യുവരാജാവിനും കാവൽ നിന്നതവനാണ്‌.

എന്റെ ശ്രീ പത്മനാഭാ!

ഒരു സ്വപ്നം പോലെ വീണുകിട്ടിയത്  കളഞ്ഞുപോയെന്നു കരുതിയ സ്നേഹമാണ്‌.
മനസ്സിലാക്കാൻ സാവകാശം കാണിക്കാതെ വഴിയിലെന്നെ ഉപേക്ഷിച്ച് സ്വയം സ്വതന്ത്രനായ എന്റെ ഭർത്താവിന്റെ.

അയാൾ ബീറാംഖാനാണിന്ന്.ഫാത്തിമയുടെ ഭർത്താവ്.
അയാളെന്നെ തിരിച്ചറിഞ്ഞിരിക്കുന്നു.
എന്നിൽ കാമത്തിന്റെ വിഷമുണ്ടായിരുന്നില്ലെന്ന്...
ഒരു സാധാരണസ്ത്രീ മാത്രമായിരുന്നു ഞാനെന്ന്...

 
കുടമൺ അമ്മാവന്റെ വാളിനു തോന്നിയ ദയ,പ്രാണന്‌ എന്റെ ശരീരത്തെ ഉപേക്ഷിക്കാനുള്ള അനുവാദം കൊടുത്തിരിക്കുന്നു.

ഒരോരുത്തർക്കും ഒരോരോ നിയോഗമുണ്ട്;
ജീവിയ്ക്കാൻ ഒരോരോ കാരണങ്ങൾ:
ഈ നിമിഷം,
അല്ലെങ്കിലതിനടുത്ത നിമിഷം,
അതുമല്ലെങ്കിൽ അതിനുമടുത്ത നിമിഷം 
അതെന്താണെന്ന് തിരിച്ചറിയാനാകുമെന്ന വിശ്വാസത്തിലാണ് ജീവിയ്ക്കുന്നത്:
ചിലർക്ക് ഒരു വെളിപാടുപോലെ
ചിലർക്ക് യാതനകളിലൂടെയുള്ള ആത്മശുദ്ധീകരണത്തിലൂടെ
തന്റെ നിയോഗമിതാണെന്ന വിസ്മയമറിയാനാകുന്നു.
ആ വിസ്മയമനുഭവിയ്ക്കുന്നവർ ഭാഗ്യവാന്മാർ.

ഒരോരുത്തർക്കും ഒരോരോ നിയോഗമുണ്ട്;
ജീവിയ്ക്കാനും മരിയ്ക്കാനും ഒരോരോ കാരണങ്ങൾ.


എന്റെ മനസ്സിന്‌ ഇനി എന്നോട് ക്ഷമിയ്ക്കാം.

എങ്കിലും അതിന്‌  പുനർജനി ബാക്കിയുണ്ടെന്ന് തോന്നുന്നു.
അത് പല കാലങ്ങളിൽ, പല പേരുകളിൽ, പല പെൺമനസ്സുകളെ  അസ്വസ്ഥപ്പെടുത്താൻ നിയോഗിക്കപ്പെട്ടിരിക്കുന്നു.

26 comments:

 1. "എന്നിട്ടും (ഒരു വായനക്കാരിയുടെ) ഓർമ്മകളിലൂടെ എനിക്ക് തിരിഞ്ഞു നടക്കേണ്ടി വരുന്നു. "

  എല്ലാ കഥാപാത്രങ്ങളും ഇങ്ങനെ നടക്കാൻ തുടങ്ങിയാ നാടു കുട്ടിച്ചോറാകാൻ അധികം കാലതാമസമില്ല.. :-)

  നുമ്മ സ്കൂട്ട് സ്കൂട്ടർ സ്കൂട്ടസ്റ്റ് :)

  ReplyDelete
 2. സി വി യുടെ മാനസ പുത്രി....അന്ന് മനസ്സില്‍ ഒരു മുഖം...
  ലെനിന്‍ രാജേന്ദ്രന്റെ 'കുലം' കണ്ടപ്പോള്‍ അവിടെ മറ്റൊരു സുഭദ്ര...
  ഇപ്പോള്‍ ഇതാ മൂന്നാമത്...
  സുഭദ്രയോടുള്ള സ്നേഹം ഓരോ ഇടത്തിലും ഒന്ന് പോലെ...

  ReplyDelete
 3. നന്നായിട്ടുണ്ട് ഈ ശ്രമം.

  പക്ഷെ ഈ എഴുത്തിന്റെ ശൈലിയില്‍ ഇടയ്ക്കെങ്കിലും
  ഒരു വ്യത്യസ്തത വേണമെന്നു തോന്നുന്നു.

  ആശംസകള്‍

  ReplyDelete
 4. നന്നായി ലിഡിയ.........തുടരുക........

  ReplyDelete
 5. ലിഡിയ, തിരിച്ചു വരവ് ഗംഭീരമായി. മാർത്താണ്ഡവർമ ഇക്കാലത്ത് മലയാളം ഐഛികമായുള്ള കുട്ടികൾ മാത്രമാണ് വായിക്കുക എന്നായിരുന്നു എന്റെ ധാരണ.സുഭദ്ര ആ നോവലിലെ അതിശക്തമായ കഥാപാത്രം- നാട്ടാരെക്കൊണ്ട് ‘ഇതാ സുഭദ്രക്കോ മറ്റോ ചേരും!‘ എന്ന് പറയിപ്പിച്ച ഒരു പടപ്പ് - സോമർസെറ്റ് മോമിന്റെ ‘കേക്സ് അന്റ് എയിൽ’ ലെ നായികക്ക് കിടപിടിക്കും സുഭദ്ര.
  സുഭദ്രയെ മുൻനിർത്തി നല്ലൊരു ആസ്വാദനമായി! അഭിനന്ദനം!-

  ReplyDelete
 6. അതെ 'നുണ'..പേര് ഞാന്‍ മറന്നു പോയിരുന്നു..പക്ഷെ ഒരു വാചകം ഓര്‍മയില്‍ കിടക്കുന്നു...'ചവോക്ക് മരങ്ങള്‍ക്ക് കീഴെ തണുപ്പുണ്ടോ...കുളിരുന്ന തണുപ്പു...'
  അങ്ങനെ എന്തോ...പനിക്കിടക്കയില്‍ കിടന്നു ആവര്‍ത്തിച്ചു വായിച്ചിരുന്നു ആ കഥ...അല്ലെങ്കിലും പഠിക്കേണ്ടതൊക്കെ മറന്നു പോയാലും ഇഷ്ടമുള്ള കഥകള്‍ എന്നെ വിട്ടു ഒരിക്കലും പോകില്ല... :)

  ReplyDelete
 7. രണ്ടാമത്തെയും നാലാമത്തെയും വരികൾ ഇല്ലായിരുന്നെങ്കിൽ. നന്ന്. അഭിനന്ദനം.

  ReplyDelete
 8. നന്ദി.വായനയ്ക്ക്

  ReplyDelete
 9. കൊള്ളാം, പലപ്പോഴും പുനര്‍വ്വായന പല പ്രസക്തമായ ചോദ്യങ്ങളും ഉന്നയിക്കും. ഇതിനു അത് സാദ്ധ്യമായിരിക്കുന്നു.

  ReplyDelete
 10. അനുഗ്രഹീതമായ രചനാ വൈഭവത്തിലൂടെ കഥയുടെ നിലവാരം ഉന്നതങ്ങളിലെത്തിച്ചിരിക്കുന്നു. ഭാവുകങ്ങള്‍

  ReplyDelete
 11. വളരെ നന്നായിരിക്കുന്നു, പ്രൊഫൈല്‍ ഉം....!!!

  ReplyDelete
 12. നന്ദി..എല്ലാവർക്കും..
  നിർദ്ദേശത്തിനു നന്ദി,വെഞ്ഞാറന്‍! തിരുത്തിയിരിക്കുന്നു...

  ReplyDelete
 13. punarjaniyil namukku viswasikkam.......

  ReplyDelete
 14. ലിഡിയയില്‍ ശക്തയായ ഒരെഴുത്തുകാരിയുണ്ട്, ഒപ്പം നല്ല ഒരു വായനക്കാരിയും. തികച്ചും പുതുമയുള്ള ഒരാശയം നല്ല രീതിയില്‍ അവതരിപ്പിച്ചിരിയ്ക്കുന്നു. കഥയ്ക്ക് ക്രാഫ്റ്റുണ്ട്. ഈ എഴുത്ത് ആവശ്യപ്പെടുന്ന നല്ല വായന ഇവിടെ ലഭിച്ചില്ല എന്നു കമന്റുകളില്‍ നിന്നും മനസ്സിലാകുന്നു.
  പിന്നെ, കഥ ഒരു എഡിറ്റിങ്ങ് ആവശ്യപ്പെടുന്നു എന്നു തോന്നുന്നു. ലിഡിയ ശ്രമിച്ചാല്‍ ഇതിനെ കുറെക്കൂടി ഭാവതീവ്രതയുള്ള ആഖ്യാനമാക്കാമായിരുന്നു. അനാവശ്യമായ ചില ചരിത്ര വിവരണങ്ങള്‍ ഒഴിവാക്കി സ്ത്രൈണമാനസ്സികാവസ്ഥയില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചാല്‍ അല്പം കൂടി വികാരതീവ്രത ഉണ്ടായെനെ അല്ലെ?
  സുഭദ്ര നല്ലൊരു തീം ആണ്. അവളെ രാമന്‍ പിള്ള അവതരിപ്പിച്ചതില്‍ നിന്നും മറ്റൊരു കോണില്‍ കൂടിയും നോക്കാമായിരുന്നു.
  എങ്കിലും ഈ രചനയ്ക്ക് ലിഡിയ അഭിനന്ദനമര്‍ഹിക്കുന്നു. വേണമെങ്കില്‍ ഈ വിഷയം ഒന്നു കൂടി അവതരിപ്പിക്കാം.
  ഇനിയുമെഴുതുക. ആശംസകള്‍

  ReplyDelete
 15. വിശദമായ വായനയ്ക്ക് വീണ്ടും പറന്ന് വരാം

  ReplyDelete
 16. നന്നായിട്ടുണ്ട്...ആശംസകള്‍.

  ReplyDelete
 17. മാര്‍ത്താണ്ഡവര്‍മ്മ ഒന്നു കൂടി വായിക്കാന്‍ തോന്നുന്നു.
  മനസ്സില്‍ തട്ടുന്ന ലളീതമായ ആഖ്യാനം.

  ReplyDelete
 18. ജന്മസിദ്ധമായ ബുദ്ധിയ്ക്കും വിവേകത്തിനും ധൈര്യത്തിനും സ്വയം വഴികാട്ടാൻ കഴിഞ്ഞില്ലല്ലോ എന്ന് ഖേദം തോന്നി.
  മനസ്സിൽ അമ്മയ്ക്കും,ആരെന്നറിയാൻ കഴിയാതെ പോയ അച്ഛനും മാപ്പ് പറഞ്ഞു,

  കൊള്ളാം ....ഇത്തിരി നീണ്ടു പോയി ..അത് കൊണ്ട് തന്നെ തുടകത്തില്‍ ഉണ്ടായ ആര്‍ജവം തുടരാന്‍ സാധിച്ചോ എന്ന് ഒരു സംശയം

  ReplyDelete
 19. "എങ്കിലും അതിന്‌ പുനർജനി ബാക്കിയുണ്ടെന്ന് തോന്നുന്നു.
  അത് പല കാലങ്ങളിൽ, പല പേരുകളിൽ, പല പെൺമനസ്സുകളെ അസ്വസ്ഥപ്പെടുത്താൻ നിയോഗിക്കപ്പെട്ടിരിക്കുന്നു."
  മാര്‍ത്താണ്ഡവര്‍മ്മ .പുനര്‍വ്വായന നന്നായിരിക്കുന്നു!!!
  ആശംസകളോടെ..

  ReplyDelete
 20. നന്നായിരിക്കുന്നു..

  ReplyDelete
 21. ലിഡിയ ശക്തമായ വാക്കുകള്‍.. നല്ല കഥന ശൈലി. സി.വിയുടെ സുഭദ്രയെ മറ്റൊരു ഡൈമന്‍ഷനില്‍ വരച്ച് കാട്ടി.

  ReplyDelete
 22. വേറിട്ട ചിന്തകളെ കൂട്ടിയിണക്കി കഥയാക്കിയത് അസ്സലായി..
  "കുലത്തിലെ" സുഭദ്ര മനസ്സില്‍ നില്‍ക്കുന്നു ശക്തമായി തന്നെ..അതുപോലെ,ഈ സുഭദ്രയും മനസ്സില്‍ നിന്ന് മായില്ല..

  ReplyDelete
 23. ‘ മാർത്താണ്ഡവർമ്മ ‘യും ‘ധർമ്മരാജ’യും വൈക്കത്തിന്റെ ‘പഞ്ചവങ്കാടു’മൊക്കെ മനസ്സിരുത്തി വായിച്ചാൽ, ‘സുഭദ്ര’യായിപ്പോകും കഴിവുള്ളവർക്ക്. അങ്ങനെയാണ് എം.ടി. ‘ഭീമനാ’യി മാറി, ‘രണ്ടാമൂഴ’മെഴുതിയത്. നല്ല കഴിവ് പ്രകടിപ്പിച്ചിരിക്കുന്നു. ഇനി എനിക്ക് പറയാൻ തോന്നുന്നു-‘അശോകവന‘ത്തിലെ ‘സീത’യാകൂ,ഗൌതമാശ്രമത്തിൽ ശിലയായി കിടക്കുന്ന ‘അഹല്യ’യാകൂ..,കൌരവസഭയിൽനിന്നു വിലപിക്കുന്ന ‘ദ്രൌപദി’യാകൂ...സാധിക്കുമെങ്കിൽ ഈ കഥാപാത്രങ്ങളെ അരങ്ങത്ത് അവതരിപ്പിക്കൂ...അതിനുള്ള കഴിവുണ്ട്.... അഭിനന്ദനങ്ങൾ..... സമയമുള്ളപ്പോൾ, പി.കെ.ബാലകൃഷ്ണൻ കർണ്ണനായി എഴുതിയ ‘ഇനി ഞാൻ ഉറങ്ങട്ടെ’എന്ന കൃതി വായിക്കൂ....

  ReplyDelete
 24. ഞാൻ സുഭദ്ര മുതൽ വായിച്ചു തുടങ്ങുന്നു. ഈ ആവിഷ്ക്കാരം ഇഷ്ടപ്പെട്ടു.
  ഇനിയും മിനുക്കുകയും മൂർച്ചപ്പെടുത്തുകയുമാവാം.

  ReplyDelete