Thursday, July 1, 2010

ഉടൽ

കണ്ണാടിയിൽ നോക്കി കറുത്ത മുടികൾ എണ്ണിയെടുക്കുമ്പോൾ സംശയം തോന്നി:
നാല്പത്തിയഞ്ചിൽ ഇത്ര നരയ്ക്കുമോ?

എൺപത്തിയഞ്ച് കഴിഞ്ഞപ്പോഴും അപ്പനും അമ്മയ്ക്കും കറുത്ത മുടികൾ ഒരുപാട് ബാക്കിയുണ്ടായിരുന്നു. മൂത്ത ചേച്ചിമാർ രണ്ടാൾക്കും, അതേ.

ഒരുപക്ഷെ ഇവിടെത്തെ വെള്ളത്തിന്റെ കുഴപ്പമാകണം.
അല്ലെങ്കിൽ ഡൈയുടെ.
വെള്ളം മാറ്റാൻ കഴിയില്ല.
ഡൈ മാറ്റുക തന്നെ.

എന്നാലും ഈ നര..?

ബ്യൂട്ടിപാർലറിലെ ഫിലിപ്പിനൊ പെണ്ണ്‌, ചെന്നു കയറുമ്പോഴേ പറയും:"beautiful hair..madam.."

എല്ലാ ആഴ്ചകളിലും കാണുന്നതുകൊണ്ടാണോ എന്നറിയില്ല ചെന്നിരിക്കുമ്പോൾ തന്നെ ലോകത്തിലെ സുന്ദരിമാരിലൊരാൾ ഞാൻ തന്നെയാണെന്ന് അവൾ പറഞ്ഞു ഫലിപ്പിക്കും, കൂട്ടത്തിൽ ചില നിർദ്ദേശങ്ങളും.

പലതിന്റേയും പരിഹാരമറിഞ്ഞ് പാർലറിൽ നിന്ന് ഇറങ്ങുമ്പോൾ ആലോചിയ്ക്കും:
എന്റെ കൈയ്യിൽ എന്തുണ്ട്?

നരച്ച മുടി.. വരണ്ട ചർമ്മം..
നീളം വെയ്ക്കാൻ മടിയുള്ള നഖങ്ങൾ..
തലയിലല്ലാതെ വളർന്ന് വലുതായി ഭ്രാന്ത് പിടിപ്പിക്കുന്ന രോമങ്ങൾ..
വിണ്ടു കീറിയ മടമ്പ്.. കാൽനഖത്തിന്റെ നിറം മാറ്റം..

അപ്പോൾ കാലുകഴുകി മടമ്പുരച്ച് തരുന്ന സുന്ദരിയുടെ കാൽ കഴുകിയ വെള്ളം ഞാൻ കുടിക്കണോ?

താരതമ്യം ചെയ്യുന്നതാണ്‌ പ്രശ്നം.
ആരുമായും താരതമ്യം ചെയ്യാതെ ഞാനേയുള്ളൂ എന്ന് കരുതിയാൽ പലതിനും പരിഹാരമുണ്ട്.

പണ്ട് അങ്ങനെത്തന്നെ ആയിരുന്നു.
അപ്പനും അമ്മയും ചേച്ചിമാരും അനിയനും ഞാനും കൂടി രണ്ട് മുറി വീട്,ഭക്ഷണം,വസ്ത്രങ്ങൾ ഒക്കെ പങ്കിട്ട് ജീവിച്ച ആ കാലത്ത്.
വലിയ സന്തോഷവും വലിയ സങ്കടങ്ങളും ഇല്ലാതെ.
സ്വയം താരതമ്യം ചെയ്യാൻ കൂടുതൽ പണമുള്ള ആരേയും അന്ന് പരിചയമുണ്ടായിരുന്നില്ല.ദാരിദ്ര്യം എന്നത് പരിഗണിക്കേണ്ട വിഷയമായേ തോന്നിയിരുന്നില്ല.

ആന്റണിയുടെ കൂടെ കിടന്ന് കിട്ടിയ ശീലമാണിത്.
എന്തിനേയും ഏതിനേയും താരതമ്യം ചെയ്യുക.
ഭാര്യയേയും ഭർത്താവിനേയും വഴിയേ പോകുന്നവരേയും.

ആന്റണിയുടെ വിവാഹം കഴിഞ്ഞപ്പോഴും അങ്ങനെയായിരുന്നു.
മെലീസയിലെ ഭാര്യയെ, കേട്ടറിഞ്ഞ നല്ല ഭാര്യമാരുമായി ചേർത്തുവെച്ച് വിലയിരുത്താൻ നോക്കി.
പരാജയപ്പെട്ടു.
വേവലാതിപ്പെട്ടു.

ആ പരിഭ്രാന്തിയുടെ കാലത്താണ്‌ ഞാൻ ആന്റണിയുമായി കൂടുതൽ അടുക്കുന്നത്.

അതുവരെ ഒരേ ട്രെയിനിൽ ഒരേ ദൂരം ഒരുമിച്ച് യാത്രചെയ്യുന്നവർ.
സിനിമാസംഗീത നിരൂപകർ.
മാഗസീനുകൾ കൈമാറി മറിച്ചു നോക്കുന്നവർ.
അറിയാതെ ആരെങ്കിലും ചെയ്യുന്ന അബദ്ധങ്ങൾ ഊറിച്ചിരിയോടെ കൈമാറുന്നവർ.

ഫെബിയുടെ സുഹൃത്തായിരുന്നു ആന്റണി.
ഫെബി എന്റെ അനിയൻ.
അപ്പോൾ ഞാൻ ആരാണെന്നോ?
ഞാൻ റീത്ത, റീത്ത ആന്റണി.

ചില കാര്യങ്ങൾ ഇങ്ങനെയാണ്‌,തുടങ്ങിയെടുത്ത് തന്നെ അവസാനിക്കുന്നവ.

എന്റെ ജീവിതം പക്ഷേ ഇങ്ങനെയല്ല.
അതിനു തുടങ്ങിയിടത്ത് അവസാനിയ്ക്കാൻ കഴിയില്ല.

എവിടെ തുടങ്ങിയോ അതു തന്നെ തിരിച്ചറിയാൻ കഴിയാത്ത വിധം അകലെ ആയിരിക്കുന്നു ഞാൻ.

ആന്റണിയും മെലീസയും എതിർദിശയിലെങ്കിലും ആ വൃത്തത്തിലൂടെ സഞ്ചരിക്കുന്നവർ.
അവരുടെ തുടക്കം ഒരേ വീട്ടിൽ...എതിർദിശയിലുള്ള സഞ്ചാരം..
അതുകൊണ്ട് തന്നെയാണ്‌ അവർ വീണ്ടും ഒന്നിച്ചത്...
അല്ല, അവർ എന്നും ഒന്നിച്ചു തന്നെ ആയിരുന്നില്ലേ!!..
അപ്പോൾ ഞാനോ?

ആന്റണിയുടെ മമ്മയുടെ സഹോദരന്റെ മകളാണ്‌ മെലീസ.
എനിക്കവൾ ആന്റണിയുടെ അനിയത്തി.
ആന്റണിയും അങ്ങനയേ കണ്ടിരുന്നുള്ളൂ ആദ്യം.

അതുകൊണ്ടായിരുന്നു വീട്ടുകാരെ അനുസരിച്ചുള്ള അവരുടെ വിവാഹത്തിന്റെ ആദ്യ വർഷങ്ങൾ പുറത്ത് കാണിക്കാൻ വയ്യാത്ത അസ്വസ്ഥതകൾ നിറഞ്ഞതും.

ഒരേ വീട്ടിൽ ഒന്നിച്ചു വളർന്നവർ രാത്രികളിൽ ഒരു മുറിയിൽ പരസ്പരം സ്പർശിക്കാൻ ഭയപ്പെട്ട് അപരിചിതരെപ്പോലെ കഴിഞ്ഞു.

പുറത്ത് കാണിക്കാൻ ഭയപ്പെട്ട സത്വത്തിന്റെ വൈകൃതങ്ങൾ പകൽയാത്രകളിൽ എനിക്ക് കാണാൻ കഴിഞ്ഞു.

ഫെബിൻ ഒന്നിച്ചില്ലാത്ത ദിവസങ്ങളിൽ ഓഫീസിലേക്കുള്ള യാത്ര പകുതിക്ക് ഉപേക്ഷിച്ച് ഞങ്ങൾ ഒന്നിച്ചിരുന്നു.

അയാളുടെ വിരലുകൾ തീക്കട്ട പോലെ പൊള്ളുന്നത് എനിക്കറിയാൻ കഴിഞ്ഞു.

അയാളുടെ കണ്ണുകൾ എനിക്ക് പ്രിയപ്പെട്ടവ ആയിരുന്നതുകൊണ്ട് അയാൾ ആഗ്രഹിക്കുന്നതെന്തെന്ന് ഊഹിയ്ക്കാൻ എനിക്ക് എളുപ്പം കഴിഞ്ഞു.

അയാളുടെ നെറ്റിയിലെ വിയർപ്പിനു എന്റെ ആഗ്രഹങ്ങളുടേയും ഉപ്പ് രസം ഉണ്ടായിരുന്നു.

എന്റെ ജീവിതത്തിലും വലുതാണ്‌ അയാളെന്ന് എനിക്ക് തോന്നിത്തുടങ്ങി.

അയാളുടേതു പോലെ എന്റെ വിരലുകളും ചുട്ട് പൊള്ളാൻ തുടങ്ങി.

ഫെബിൻ പക്ഷേ ഞങ്ങളെ തിരിച്ചറിഞ്ഞു. അവന്റെ തിടുക്കം ഞങ്ങളെ വിവാഹിതരാക്കി.
എന്റെ വീട്ടുകാർ അറിഞ്ഞും ആന്റണിയുടെ വീട്ടുകാർ അറിയാതെയും.

മെലീസയുമായി താരതമ്യം ചെയ്തപ്പോഴൊക്കെ ഞാൻ ആന്റണിയുടെ പ്രിയപ്പെട്ട ഭാര്യയായി.

കണ്ടുപിടിക്കപ്പെടാതിരിക്കാനും കൂടുതൽ നേരം ഒന്നിച്ചുണ്ടാകാനും പ്രവാസത്തിന്റെ വീട് ഞങ്ങൾ തിരഞ്ഞെടുത്തു. പത്ത് മാസങ്ങളിൽ ആന്റണി ശബ്ദത്തിലൂടെ മെലീസയെ സ്നേഹിച്ചു, എന്നെ സാമീപ്യത്തിലൂടെയും. രണ്ട് മാസങ്ങളിൽ തിരിച്ചും...

മെലീസയെ സ്പർശിക്കേണ്ടത് എങ്ങനെയെന്ന് എന്നിൽ നിന്ന് ആന്റണി പഠിച്ചിരിക്കണം.
എല്ലാം അയാളുടെ സന്തോഷത്തിനായിരുന്നില്ലേ?

രതി പഠിപ്പിച്ചത് ഞാൻ. കുട്ടികളുണ്ടായത് പക്ഷേ അവളിൽ...
മൂന്ന് കുട്ടികൾ..

അവരോട് സംസാരിയ്ക്കാൻ കഴിഞ്ഞിട്ടില്ല,
ചിലനേരങ്ങളിൽ ആന്റണിയുടെ മൊബൈലിൽ അവരുടെ ശബ്ദങ്ങൾ ഉയരാറുള്ളത് ഞാൻ കേൾക്കാറുണ്ടെങ്കിലും.അയാൾ എന്റെ മുന്നിൽ നിന്ന് അവരോട് സംസാരിയ്ക്കുന്നത് ഒഴിവാക്കാൻ കഴി​‍യുന്നത്ര ശ്രമിക്കാറാണ്‌ പതിവ്.

അയാളുടെ ചില സന്തോഷങ്ങൾ പതുക്കെ പതുക്കെ എനിക്ക് അന്യമായിത്തുടങ്ങി.

അയാൾ എന്നേയും താരതമ്യം ചെയ്യാൻ തുടങ്ങി.അതു പക്ഷേ മെലീസയുമായി ആയിരുന്നില്ല.
വിമലയുമായി,ആന്റണിയുടെ ആത്മസുഹൃത്ത് രവിയുടെ ഭാര്യ വിമലയുമായി.


എന്നെപ്പോലെ ജോലി ചെയ്യേണ്ട ആവശ്യമൊന്നും ഉണ്ടായിരുന്നില്ല അവൾക്ക്.
സദാസമയവും വീട്ടിൽ..
കുട്ടിയെ നോക്കണം...വീട് വൃത്തിയാക്കണം ..
ഭക്ഷണമുണ്ടാക്കണം..തിന്നണം..ഉറങ്ങണം..

ഗസ്റ്റ് വന്നാൽ അവരുടെ മുന്നിൽ വെച്ച് രവിയെ സ്നേഹിക്കണം..
മിനുട്ടിൽ ഒരു പത്ത് പ്രാവ്ശ്യമെങ്കിലും ‘രവിയേട്ടാ’ എന്ന് വിളിച്ചു കൂവണം..
മടിയില്ലാതെ ഡ്രിങ്ക്സ് ഒഴിച്ചു കൊടുക്കണം(കുടിക്കുന്നവരേക്കാളും ലഹരിയാണ്‌ അച്ചാറു വിളമ്പുന്നവർക്ക് എന്നു തോന്നും അവളുടെ ഉത്സാഹം കണ്ടാൽ!)

എന്തോ കള്ളം അവളിലുള്ളതായി എനിക്ക് തോന്നാറുണ്ട്.

ഒറ്റയ്ക്കാകുമ്പോൾ അവർ തമ്മിലെന്താണെന്ന് ആർക്കറിയാം?

എന്തോ ആവട്ടെ എന്നുകരുതിയാലും
ആന്റണി, ‘വിമല ചെയ്യുന്നതു കണ്ടില്ലേ’ എന്ന് പറഞ്ഞുതുടങ്ങുമ്പോഴേ എന്റെ മനസ്സിൽ വിഷം നിറയും.

ചിലപ്പോൾ തോന്നും ഭർത്താക്കന്മാരാണ്‌ ഭാര്യമാരെ ചീത്തയാക്കുന്നതെന്ന്.

ഭക്ഷണം സ്വയം എടുത്ത് കഴിക്കുന്നതിലും തിന്ന പാത്രങ്ങൾ അവനവൻ തന്നെ കഴുകി വെക്കുന്നതിലും എന്താ കുഴപ്പം?
അല്ലെങ്കിൽ അതിനു സമയമുള്ളവർക്ക് അതൊക്കെ ചെയ്തു കൊടുക്കാം.

വിമല എന്റെ മുന്നിൽ വെച്ച് ആന്റണിയേയും പരിചരിക്കും.
എന്നെ കുറ്റപ്പെടുത്താൻ ആന്റണിക്ക് ഓരോ കാരണങ്ങൾ കാണിച്ചു കൊടുക്കുകയും ചെയ്യും.

ഈയ്യിടെയായി ആന്റണിയ്ക്ക് എപ്പോഴും നീരസമാണ്‌,ഞാൻ ചെയ്യാത്ത കാര്യങ്ങളെപ്പറ്റി എപ്പോഴും പറഞ്ഞു കൊണ്ടിരിക്കും.
ഞാനും വിട്ടു കൊടുക്കില്ല,രവിയെക്കുറിച്ച് പറയും.

അയാൾ അയാളുടെ ഒറ്റശമ്പളം കൊണ്ട് വിമലയേയും കുട്ടിയേയും നന്നായി നോക്കുന്നു.
ഇവിടെ രണ്ടു പേരുടെ ശമ്പളം പങ്കിടുന്നതിനെക്കുരിച്ച് തീരാ തർക്കാം.
തീരാ ദാരിദ്ര്യം.

ഇത്തവണ ആന്റണി നാട്ടിലേക്ക് പോകുമ്പോഴും ആ പിണക്കങ്ങൾ ബാക്കിയുണ്ടായിരുന്നു.

അയാളുടെ സന്തോഷത്തിനു വേണ്ടിയായിരുന്നില്ലേ ഞാനെല്ലാം ചെയ്തത്.
പതിനാറ്‌ വർഷങ്ങൾ വേണ്ടിവന്നോ അയാൾക്ക് ഇതൊന്നുമല്ല അയാളുടെ സന്തോഷം എന്ന് തിരിച്ചറിയാൻ.

രാവിലെ രവി വിളിച്ച് ആശംസിച്ചപ്പോഴാണ്‌ ഞങ്ങളുടെ വെഡ്ഡിംഗ് ആനിവേഴ്സറിയാണ്‌ ഇന്നെന്ന് ഓർമ്മവന്നതു തന്നെ.

ആന്റണിയുമായി സംസാരിയ്ക്കാൻ കഴിഞ്ഞില്ല.
നാട്ടിലാകുമ്പോൾ അങ്ങോട്ടേക്ക് വിളിക്കരുതെന്നത് പണ്ടേയുള്ള നിയമങ്ങളിൽ ഒന്ന്.

രവി വിളിച്ചോ എന്ന് ചോദിക്കണമെന്ന് തോന്നി.

ഫുഡ് കോർട്ടിൽ രവിയും വിമലയും നിധിയും ഒപ്പമിരിക്കുമ്പോൾ അതു തന്നെ ഓർക്കുകയായിരുന്നു.
“six months ആകാറായില്ലേ..എന്താ വരാത്തെ?”
രവി ചോദിക്കുന്നു.

“ഇന്ന് വിളിച്ചപ്പോൾ എന്ത് പറഞ്ഞു..?ഞാൻ കരുതി wedding anniversaryക്ക് എങ്കിലും വരുമായിരിക്കുമെന്ന്”..വിസ problem വരില്ലേ..recession time അല്ലേ..jobന്റെ കാര്യം എന്താകും..."
ഇതൊക്കെ എന്റേയും ചോദ്യങ്ങളായിരുന്നെങ്കിലും ഞാൻ പതിവു തെറ്റിക്കാതെ കള്ളം പറഞ്ഞു:
“next Sunday വരുന്നുണ്ടെന്ന് പറഞ്ഞു”

വിമലയുടെ മുഖത്ത് ഒരു ചിരി വന്നു മറഞ്ഞോ എന്നെനിക്ക് സംശയം തോന്നി.
ചില സ്ത്രീകളുടെ മുന്നിൽ കള്ളം പറയാനാവില്ല.

“ഹാപ്പി വെനസ്ഡെ ആന്റി” നിധിയാണ്‌.
ഹാപ്പി വെഡ്ഡിംഗ് ഡേ അവൾക്ക് ഹാപ്പി വെനസ്ഡേ ആണ്‌..

അത്രയെങ്കിലും പറഞ്ഞല്ലോ കുട്ടി.
ഞാനവളെ മടിയിൽ പിടിച്ചിരുത്തി:
“what do u wanna little princess”
ഉത്തരത്തിനു അവൾ ആലോചിച്ചതേയില്ല:“KFC”
അതിലെ താടിക്കാരൻ അങ്കിളാണ്‌ റ്റോം &ജെറിക്കൊപ്പം അവളുടെ പ്രിയപ്പെട്ടവൻ..

വിമലയെപ്പോലെയല്ല,രവിയെപ്പോലെയാണവൾ, ഒരു മാലാഖ കുഞ്ഞ്.
അവളെന്റെ മടിയിൽ ഇരിക്കുമ്പോഴൊക്കെ എന്തോ സൗജന്യം ചെയ്തു തരുന്ന ഭാവമാണ്‌ വിമലയ്ക്ക്.
അല്ലെങ്കിലും എല്ലാമറിയാമെന്ന നാട്യമുണ്ടവൾക്ക്.
ഒരു തരം ആൾദൈവത്തിന്റെ മുഖം.

രവിയും ആന്റണിയും തമ്മിൽ എന്തൊക്കെയൊ സാമ്പത്തിക ഇടപാടുകളുണ്ടെന്ന് തോന്നുന്നു.
അയാൾ അതിനെക്കുറിച്ചാണ്‌ സംസാരിച്ചു കൊണ്ടിരുന്നത്.

ഫ്ലാറ്റിന്റെ വാടക,വാട്ടർ ഇലക്ട്രിസിറ്റി ബില്ല്,ഫോൺ ബില്ല്, സ്കൂൾ ഫീസ്,ട്രാൻസ്പോർട്ടേഷൻ ചാർജ്ജ്,ഗ്രോസ്സറി ബില്ല്..അങ്ങനെയങ്ങനെ..
ഈ എണ്ണം പെരുകുന്ന ബില്ലുകൾ ഇല്ലായിരുന്നെങ്കിൽ പ്രവാസജീവിതം കൂടുതൽ ആസ്വദിയ്ക്കാൻ കഴിഞ്ഞേനെ എന്ന് തോന്നാറുണ്ട് എനിക്കും.

“sunday വരില്ലേ”
രവി വീണ്ടും ചോദിക്കുന്നു.
“sure”

യാത്ര പറഞ്ഞിട്ടില്ലെങ്കിലും ആന്റണി തിരിച്ചു വരുമെന്ന് എനിക്ക് തോന്നുന്നില്ല.
പ്രവാസത്തിന്റെ ഈ വീട്ടിലേക്ക് അയാളെ തിരിച്ച് വിളിയ്ക്കാൻ ഇവിടെ ഒന്നുമില്ല.

നിധിയുമായി കളിക്കുന്ന നേരത്തൊക്കെ മെലീസയിലുണ്ടായ മൂന്ന് കുഞ്ഞുങ്ങളുടെ ഓർമ്മ അയാളെ പരവശനാക്കുന്നത് എനിക്ക് അറിയാൻ കഴിഞ്ഞിട്ടുണ്ട്.അവരയാളെ അവിടെ കെട്ടിയിടുക തന്നെ ചെയ്യും..

അത് അയാളുടെ നിലനില്പിന്റെ പ്രശ്നം കൂടിയാണ്‌.

എനിക്ക് അയാളെ ആകർഷിച്ചു കൂടെ നിർത്താൻ എന്തുണ്ട്?

കവചം പോലെ എന്നെ സൂക്ഷിയ്ക്കാൻ കുട്ടികളില്ല...രാത്രി വൈകൃതങ്ങളിൽ പങ്കു വെയ്ക്കാൻ പ്രായവുമില്ല..

എന്റെ തലമുടിയോടൊപ്പം നര പൂർണ്ണമാകാൻ സന്നദ്ധമായ മനസ്സും പരിമിതികളുള്ള ഒരു ഉടലും മാത്രം...
പക്ഷേ രവിയോട് എനിക്കെന്ത് പറയാൻ കഴിയും..ഞാനാരാണെന്ന് പറയും?
എന്റെ പേര്‌ റീത്ത എന്നാണെന്ന് മാത്രം പറയാം.


==============================================

13 comments:

 1. ഈ ഉടലിന്റെ ഒരു ക്രാഫ്റ്റേ.. :)

  പേരിൽ മാത്രമൊതുങ്ങിപ്പൊകുന്ന ഉടലുകൾ..ഉത്തരം തരാതെ ചോദ്യവർഷങ്ങൾ പെയ്യിക്കുന്ന ഈ കഥന രീതിക്കൊരു ഡബിൾ സല്യൂട്ട്..

  ReplyDelete
 2. അവസാന ചോദ്യം ആകെ കുഴപ്പിയ്ക്കുന്നു...

  കഥ കൊള്ളാം.

  ReplyDelete
 3. സ്ത്രീപുരുഷബന്ധങ്ങളുടെ പൊരുളന്വേഷിക്കുന്ന കഥ,അസ്വസ്ഥത വിതക്കുന്നത്. റീത്തക്കൊപ്പം തന്നെയേ നിൽക്കാനാവൂ, അവളല്ലേ ഒറ്റപ്പെട്ടത്? ഏറ്റവും നന്നായത് വിമലയുടെ കുടുംബ ചിത്രീകരണമാണ്, പാർശ്വചിത്രമാണെങ്കിലും. ലിഡിയ, വിമലക്കള്ളങ്ങളിലാണ് മധ്യവർഗ്ഗകുടുംബങ്ങളുടെ നിലനിൽ‌പ്പു തന്നെ. ഗൌരവക്കാരി, ഇയാളൊരു ചുഴിഞ്ഞുനോട്ടക്കാരി തന്നെ!

  ReplyDelete
 4. എന്റെ പേര്‌ റീത്ത

  ReplyDelete
 5. കൊള്ളാം... അവസാന ചോദ്യം ഒഴിവാക്കാമായിരുന്നു എന്ന് തോന്നി

  ReplyDelete
 6. @ suchand,Sree,noonus, മൈലാഞ്ചി
  thanks
  @ ശ്രീനാഥന്‍ :
  :-)

  ReplyDelete
 7. നന്നായോ എനു ചോദിച്ചാല്‍ “സൂപ്പറായി” എന്നു പറയാനൊന്നും ഞാനില്ല. എന്നാല്‍ മോശവുമല്ല. മുന്‍ പോസ്റ്റുകളുള്ള മാജിക്കല്‍ ടച്ച് ഇതിലില്‍ കാണാന്‍ പറ്റിയില്ല.
  :-)

  ReplyDelete
 8. "എന്റെ ജീവിതം പക്ഷേ ഇങ്ങനെയല്ല.
  അതിനു തുടങ്ങിയിടത്ത് അവസാനിയ്ക്കാൻ കഴിയില്ല."ഏത് ജിവിതമാണ്‌ തുടങ്ങിയിടത്ത് അവസാനിച്ചിട്ടുള്ളത് ലിഡീ

  ReplyDelete
 9. കഥ കൊള്ളാം. എന്തോ കൺഫ്യൂഷൺ തോന്നുന്നുണ്ട് കഥയിൽ. എന്താ എന്ന് ചോദിച്ചാൽ ശരിക്കും പറയാൻ അറിയില്ല.

  ReplyDelete
 10. താരതമ്യം ചെയ്യുന്നതാണ്‌ പ്രശ്നം
  നാല്പത്ത്ഞ്ചിലല്ല നാല്പതിലും നരക്കും; ചിലപ്പോൾ മുപ്പതിലും നരക്കും.
  എങ്കിലും കൊള്ളാം……ഉടൽ.
  മനസ്സ് ചൂട്പിടിക്കുമ്പോൾ ഉടൽ കനൽ പോലെ തിളക്കും.

  ReplyDelete
 11. കഥ കൊള്ളാം............

  ReplyDelete
 12. @Upaasana,Manoraj
  കൂടുതൽ ശ്രദ്ധിക്കാം.വായനയ്ക്ക് നന്ദി
  @sm sadique ,Jishad Cronic™ :
  Thanks.
  @Shankar
  അതാണ്‌ ഞാൻ തിരഞ്ഞു കൊണ്ടിരിക്കുന്നത്!

  ReplyDelete
 13. അന്വേഷിച്ചുനടന്ന മുത്ത്‌ ഇവിടെ നിന്നും കണ്ടെടുത്തിരിക്കുന്നു.

  ReplyDelete