Friday, June 4, 2010

നോവ് എന്ന പേരുള്ള അവൻ

വഴി മാറി നടന്നിട്ടും
വരരുതെന്നു കേണിട്ടും
വാതിലടച്ചിട്ടും
വീടു മാറിയിട്ടും
വരാതിരുന്നില്ല
അവൻ.

വന്നു കയറിയപ്പോഴൊക്കെയും
മറ്റെന്തെങ്കിലും പകരം തരാമെന്ന് പറഞ്ഞിട്ടും
പകുത്തെടുക്കാൻ ഒന്നുമില്ലെന്നു കരഞ്ഞിട്ടും
കീഴടക്കാതിരുന്നില്ല അവൻ.

എത്ര ചെറുത്തുനിന്നിട്ടും
എത്ര കരുതിയിരുന്നിട്ടും
എത്ര മുഖം തിരിച്ചിട്ടും
എത്ര ഒളിക്കാൻ ശ്രമിച്ചിട്ടും
അനുഭവിച്ചറിയാതെ പോയതുമില്ല അവന്‍

അറിഞ്ഞും
അറിയാതെയും
വന്നും അനുഭവിച്ചും
ഉപേക്ഷിച്ചും
കാത്തിരിക്കാൻ പറഞ്ഞും,
വിയർത്ത് ശബ്ദിച്ചും,
അവൻ തന്ന കണ്ണീർകുഞ്ഞുങ്ങൾ
എണ്ണം പെരുകിവന്നിട്ടും
പ്രസവിച്ചതാണല്ലോ എന്നോർത്ത്
വഴിയിൽ കളഞ്ഞുപോകാനും മനസ്സ് വന്നില്ല.

5 comments:

  1. ഇവിടെ വരുന്നവരൊക്കെ സാക്ഷി പറയേണ്ടി വരുമോ ?

    എന്തായാലും നല്ല വരികള്‍...
    നന്നായിട്ടുണ്ട്..

    ReplyDelete
  2. gambheeramayirikkunnu. vakkukal ayudham pole murchayeriyirikkunnu.

    ReplyDelete
  3. എന്തേ ഇങ്ങനെ ബ്ലോഗിലൊതുങ്ങാൻ എന്നാ ഞാൻ ആലോചിക്കുന്നത്..ശക്തിയുള്ള എഴുത്ത്.
    സുധാ ബാലചന്ദ്രൻ

    ReplyDelete
  4. എന്റമ്മോ, കണ്ണീര്‍ കുഞ്ഞുങ്ങള്‍ - പ്രസവിച്ചു പോയതാണല്ലോ എന്നു കരുതി വഴിയില്‍ ഉപേക്ഷിച്ചു പോകാനും മനസ്സു വന്നില്ല :)

    ReplyDelete