Saturday, June 19, 2010

കുഞ്ചുണ്ണൂലിയ്ക്കും ചിലത് പറയാനുണ്ടായിരുന്നു.

എന്നെ മറന്ന് പോയതാണോ നിങ്ങൾ?
അതോ ഈ ആൾക്കൂട്ടത്തിൽ എന്റെ മുഖം കാണാതെ പോയതോ?
നിങ്ങൾ കേട്ട് കോരിത്തരിച്ച പാട്ടുകളിലും, നിങ്ങൾ നിലപാടുകൾ മാറ്റിച്ചവുട്ടിയ കഥകളിലും ഞാൻ എവിടെയായിരുന്നു?

ഒരു പാണനും എന്നെ കാണാൻ മാത്രം അമ്പാടിയിലോ പുത്തൂരം വീട്ടിലോ വന്നില്ല.
അവർ വരാറുണ്ടായിരുന്നു; പലരേയും കാണാൻ.
അവർ വന്നു, പാടി, പുകഴ്ത്തി!
കോടിമുണ്ടും അരിയും വാങ്ങി വയറുനിറച്ചുണ്ട് പോയി.


ഇന്നും വലിയ പന്തലിൽ സദ്യയ്ക്കിടെ ആരും അന്വേഷിച്ച് വന്നില്ല എന്നെ.
'ഓ! ഇവൾ പതിവു പരാതിക്കെട്ട് അഴിക്കുന്നു!!' എന്ന് കരുതി അല്ലേ?

ഇന്ന് വിജയത്തിന്റെ സദ്യ.
കോലത്തിരി നാട്ടിൽ നിന്ന് മൊഴി ചോദിച്ച് മക്കൾ ജേതാക്കളായി വന്ന ദിവസം. ചന്തുവിന്റെ മരണം ഇവിടെ ആർത്ത് വിളിയ്ക്കാനുള്ള ആഘോഷമായിരിക്കുന്നു. അഭിമാനം കൊണ്ട് തലയുയർത്തിയ അച്ഛന്റെ നെറ്റിയിൽ ഞരമ്പുകൾ ഉറുമി പോലെ പുളയ്ക്കുന്നു.

എനിക്ക് വയ്യ.
പതിവുപോലെ എനിക്ക് വയ്യ.
ഇടയ്ക്കിടയ്ക്ക് വന്നു നോക്കാൻ മടികാണിക്കാത്ത ചെന്നിക്കുത്തിന്റെ ഉടുക്ക് താളം.


ഞാൻ കുഞ്ചുണ്ണൂലി ആണ്‌. ആലത്തൂരപ്പന്റെ മകൾ. വെള്ളയും കരിമ്പടവും വിരിച്ച് ആരോമൽ ചേകവർ വേട്ട് കൊണ്ട് വന്ന പെണ്ണ്‌.

കാവൂട്ടും വേലയ്ക്കോ കാവിലെ പൂരത്തിനോ അഭ്യാസത്തിനിടയിലോ അറിയാതെ പോലും ഒന്ന് നോക്കിപ്പോയിട്ടില്ലാത്ത ചേകവന്റെ മനസ്സിൽ എനിക്കെന്ത് സ്ഥാനം എന്നാലോചിയ്ക്കുകയായിരുന്നു, അമ്പാടിയിൽ നിന്ന് പുത്തൂരം വീട് വരെയുള്ള മഞ്ചൽ യാത്ര മുഴുവനും. പണ്ടേ കേട്ടറിഞ്ഞിട്ടുണ്ട് തുമ്പോലാർച്ച എന്ന പേര്‌,ആരോമൽ ചേകവരുടെ പെണ്ണായിട്ട് തന്നെ.

വേലയ്ക്കും പൂരത്തിനും ഒന്നോ രണ്ടോ തവണ കണ്ടിട്ടുണ്ടായിരുന്നു അവളേയും ഉണ്ണിയാർച്ചയുടെ കൂടെ.
മികവിൽ മികച്ച സുന്ദരിക്കോത.

പക്ഷെ മാറിനിന്നുള്ള കുശുകുശുക്കലും അടക്കിച്ചിരിയും നിഷിധമായിരുന്നില്ല, ആരേയും ശരി ബോധിക്കാത്ത ആ സുന്ദരിയ്ക്കും ആണിനോട് പയറ്റാൻ ധൈര്യമുണ്ടായിരുന്ന വീരാംഗനയ്ക്കും.

പുത്തൂരം വീട്ടിലെ ഓരോ ഊണിലും ഉറക്കത്തിലും ഓരോ ശാസനയിലും ചൂരൽക്കോലിനെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലിലും സ്വയം ചോദിച്ചു:

ഈ വീട്ടിൽ ഞാനാര്‌?

മാനത്ത് നിന്ന് വന്ന ചേകവന്റെ കിടപ്പറയിൽ നാലാളറിയെ കിടക്കുന്ന ഒരു പിണാത്തി. വേറാര്‌?

പകിടകളി പയറ്റിത്തെളിഞ്ഞ് മികവിൽ മികച്ചേറിയിൽ ചിറ്റം തുടങ്ങിയപ്പോഴും, കുഞ്ഞുണ്ടായപ്പോഴും മനസ്സിൽ ശപിച്ചില്ല.

രാജസമാനനായ ചേകവന്‌ പണിക്കാരത്തി പെണ്ണിലല്ല ആദ്യകുഞ്ഞ് ജനിക്കേണ്ടതെന്ന് സമാധാനിച്ചു. കുഞ്ഞിന്റെ മുഖം ആരുടേതു പോലായിരിക്കുമെന്ന് മനസ്സിൽ വരച്ചെടുക്കാൻ ശ്രമിച്ചു. മാണിപ്പെണ്ണിനോട് ചോദിച്ചു.

അപകർഷതാബോധത്തിന്റെ ഉറുമികൊണ്ട് സ്വയം പ്രഹരമേല്പിച്ച്
വേദനകൊണ്ട് പുളഞ്ഞു. അതിനിടയിൽ ചന്തുച്ചേകവരോടുള്ള മോഹത്തിന്റെ കഥയും അയലാളർക്കിടയിൽ പാട്ടാകുന്നുണ്ടെന്ന് മാണിപ്പെണ്ണ്‌ പറഞ്ഞറിഞ്ഞു. അതിനു മുഖം കറുപ്പിച്ചതും മുടിയ്ക്ക് പിടിച്ചതും ചോറ്റുകലം വലിച്ചെറിഞ്ഞതും എന്നെ. മംഗലം കഴിച്ചവന്റെ അവഗണനെയെപ്പറ്റി പെണ്ണൊന്ന് തേങ്ങിയാൽ അത് മറ്റാരെയെങ്കിലും മനസ്സിൽ മോഹിക്കുന്നതു കൊണ്ടാണെന്ന് വ്യാഖ്യാനിച്ചാൽ എല്ലാം എളുപ്പമാകുമല്ലോ, നാട്ടാർക്കും വീട്ടാർക്കും.

ചന്തുച്ചേകവരെ അമ്പാടിയിൽ വെച്ച് ഒരു തവണ കണ്ടിരുന്നു, പുത്തൂരം വീട്ടിൽ നിന്ന് ജാതകം ചോദിച്ച് ആളു വന്ന ആ ദിവസം.

കല്യാണപ്രായമായ ഒരു സാധാരണ പെൺകുട്ടിയെപ്പോലെ അയാളെയും ഭർത്താവിന്റെ സ്ഥാനത്ത് സങ്കല്പ്പിച്ചു നോക്കി.

കളരിയിൽ ഒറ്റയ്ക്കിരുന്ന് അയാളുടെ അഭ്യാസം കാണുന്നത്...
മുറിവിലെ ചോരയിൽ വിരലോട്ടുന്നത്.....
കാവിൽ പ്രദക്ഷിണം വെക്കുന്നത്....
ഊണു വിളമ്പുന്നതിനിടയിൽ കളി പറയുന്നത്......

പെണ്ണാലോചിച്ച് വരുന്നവരെയെല്ലാം ഇങ്ങനെ സങ്കല്പിച്ചു നോക്കാറുള്ളത് ഒരു കൗതുകത്തിന്‌...
ഒരു സാധാരണ പെൺകുട്ടിയുടെ മനസ്സിന്റെ വികൃതി.
അതിനെയാണോ നിങ്ങൾക്ക് കാമമായും മോഹമായും തോന്നാറുള്ളത്?
ബാലിശം തന്നെ.

എന്നു വെച്ച് അയാളോട് സംസാരിച്ചിരുന്നില്ല എന്നല്ല.
പുത്തൂരം വീട്ടിൽ വെച്ച് ഒന്നോരണ്ടോ തവണ കണ്ടപ്പോഴൊക്കെ അയാളോട് സംസാരിയ്ക്കാൻ ചെന്നു.
പരിചരിച്ചു.
ആ വീട്ടിലെ വീട്ടുകാരായ രണ്ട് അപരിചിതർ.
അത്രയേ കരുതിയുള്ളൂ.

ഉണ്ണിയാർച്ചയെന്ന കാവിൽ ഭഗവതി പൊന്നമ്മയെ വിളക്ക് വെച്ച് ആരാധിച്ചാവാഹിക്കുന്ന അയാളോട് സഹതാപവും തോന്നാറുണ്ട്.
ഭഗവതി അറിയുന്നുണ്ടോ ഭക്തന്റെ പരവേശം.

കുഞ്ഞിരാമനെ കല്യാണം കഴിയ്ക്കാൻ അവൾക്കും മൗനസമ്മതമായിരിക്കണം. അല്ലാതെ സുഹൃത്തിനുകൊടുത്ത വാക്ക് തെറ്റാതിരിക്കാൻ, പെങ്ങളുടെ മനസ്സ് വിഷമിപ്പിക്കുന്ന മഹാപാപമൊന്നും ചെയ്യുകില്ല പൊന്നാങ്ങള. ആളും അനക്കവും അടിച്ചു തളിക്കാരും ഒന്നുമില്ലാത്ത എളന്തർമഠത്തിലെ, ആശ്രിതന്റെ കൂടെ എന്തിനു പാഴാക്കണം ജീവിതം എന്ന് അവളും കരുതിക്കാണണം.

അല്ലെങ്കിലും ഏതടവാണ്‌ അവൾക്ക് അപരിചിതം?

പാതിരാത്രി പുഴനീന്തിക്കടന്ന് ആറ്റുംമണമ്മേൽ , അയാൾ  ഉണ്ണിയാർച്ചയുടെ അറയിൽ ചെന്നു എന്നറിഞ്ഞപ്പോൾ പാവം തോന്നി. മലയനോട് തൊടുത്ത് മരിച്ച അച്ഛന്റെ വിവരക്കേട് ആവശ്യത്തിനു കിട്ടിയിട്ടുണ്ട് മകനും എന്നു മനസ്സ് വേദനിച്ചു. ആ കഥ അമ്മയോട് പറഞ്ഞ് ഊണിനിടെ ഉണ്ണിയാർച്ച പരിഹസിച്ച് ചിരിച്ചപ്പോൾ, രോഷം കൊണ്ടപ്പോൾ പുച്ഛം തോന്നി.

വീരാംഗന.
ഇവൾക്കേത് ആണിനെ അറിയാം?!
ഏത് പെണ്ണിനെ അറിയാം, അവളെയെല്ലാതെ?
മനസ്സിൽ രോഷത്തിന്റെ കുമരം പുഴ കുത്തിയൊലിച്ചതുകൊണ്ടാകണം ചോറ്റുകലം താഴെ വീണുടഞ്ഞു.

“ഇവിടെ ചിലർക്ക് ശരിയ്ക്ക് കഞ്ഞി വാർക്കാനും അറിയില്ലേ” എന്ന പരിഹാസവും കേട്ടു അതിന്‌.

ചന്തുവിന്റെ ആത്മാഭിമാനത്തെ അവഗണനയുടെ ചുരികകൊണ്ട് വീണ്ടും വീണ്ടും കുത്തിക്കുത്തി മുറിവേല്പിക്കുന്നത നല്ലതിനെല്ലന്നു പറയണമെന്ന് തോന്നി.
 പക്ഷെ ആരോട്?
ജോനകരോട് പയറ്റി ജയിച്ച മനസ്സുറപ്പുള്ള പെങ്ങളുടെ ശൗര്യത്തിനും കാരിരുമ്പിന്റെ കൈകരുത്തുള്ള ആങ്ങളയുടെ ധാർഷ്ട്യത്തിനും മുന്നിൽ ഞാനാര്‌?

പിഞ്ഞാണത്തിനും കഞ്ഞിക്കലത്തിനും മരക്കയ്യിലിനും മത്തനും വെള്ളരിയ്ക്കും വെണ്ണീറിനും ഒപ്പം അടുക്കളയിൽ മൂപ്പിളമത്തർക്കം നടത്തുന്ന പലരിലൊരാൾ.

കുഞ്ഞുണ്ടാകാൻ പോകുന്നു എന്ന വാർത്തയും ആരിലും വലിയ മാറ്റമൊന്നും ഉണ്ടാക്കിയില്ല.

വരിയ്ക്കപ്ലാവിന്റെ ചക്കയ്ക്കും മുള്ളുമൂത്തമീനിനും ഉള്ള അവകാശം സ്ഥാപിച്ചു കൊടുക്കാൻ വേണ്ടി പൊരുതാൻ വ്രതമെടുത്ത ചേകവനും കൂട്ട് പോകാൻ തയ്യാറായ മച്ചുനനും ആയിരുന്നു അന്ന് പ്രധാനവിഷയം.

അതിനിടയ്ക്ക് ആങ്ങള അങ്കം ജയിച്ചു വന്നാൽ നൂലാചാരം മടക്കിക്കൊടുത്ത് മച്ചുനന്റെ പെണ്ണാകാനുള്ള ആർച്ചയുടെ മഹാമനസ്കതയെക്കുറിച്ചും പറഞ്ഞു കേട്ടു.

വിവരക്കേട് ആർക്കും കുറവല്ല എന്ന് മനസ്സിൽ കരുതി.

അങ്കത്തിനൊടുവിൽ പേടിച്ചതെല്ലാം നടന്നു.

കാരിരുൾ മുടിയ്ക്കും ശംഖ് കഴുത്തിനും മാമ്പുള്ളി ചുണങ്ങിനും കൈകരുത്തിനും മെയ്യഴകിനും ഒപ്പം ഒരല്പം ദയ, അനുകമ്പ, വിവേകം ഇവ കൂടി കൊടുത്തില്ലല്ലോ ദൈവങ്ങളേ എന്ന് അലറിക്കരഞ്ഞു.

തുമ്പോലാർച്ചയുടെ ജാതക ദോഷവും ഓർക്കാതിരുന്നില്ല.

പിഴച്ചത് ആർക്കായാലും നഷ്ടം എനിക്ക് തന്നെ.“കോലത്തിരി നാട്ടിൽ പുളച്ച് നടന്ന ചതിയന്റെ തലയറുത്തിട്ടും സന്തോഷമായില്ലെ നാത്തൂന്‌ ” ചോദിച്ച് ഉണ്ണിയാർച്ച വന്നു.

എന്റെ അറയിലെ ഇരുട്ടിൽ ഇടിവാളു പോലെ തിളങ്ങുന്നുണ്ട് അവളിപ്പോഴും.
അവളുടെ ആഭരണങ്ങൾ, നെറ്റിയിലെ വലിയ സിന്ദൂരപ്പൊട്ട്, മുടി നിറയെച്ചൂടിയ കുടമുല്ലപ്പൂ.
ധീരനല്ലാത്തതു കൊണ്ട് കുഞ്ഞിരാമൻ ഒരങ്കത്തിനും പോയതില്ല.
തോറ്റതില്ല.
മരിച്ചതുമില്ല.

എങ്കിലും ചോദ്യത്തിനിടയിൽ ചന്തു എന്ന പേര്‌ അവളൊരിയ്ക്കലും പറഞ്ഞില്ലല്ലൊ എന്ന് ശ്രദ്ധിക്കാതിരുന്നില്ല.

ആരോമലുണ്ണിയ്ക്ക് ആരുടെ മുഖഛായ ആണ്‌?
ഉണ്ണിയാർച്ചയുടേയോ കുഞ്ഞിരാമന്റേതോ?
രണ്ടാളുടേതുമല്ല.
അവനെ ആരോമൽചേകവരെപ്പോലെ തോന്നുന്നു.

അമ്മാവനെ ചതിച്ചുകൊന്നവനോട് മൊഴി ചോദിച്ചു വന്ന അവൻ , പാണരോട് അടവുകളുടെ എണ്ണം പറഞ്ഞുകൊടുക്കുന്നത് കേൾക്കാനും നില്ക്കുന്നില്ല.

എന്ത് കേട്ടാലും ഇനി ഉറങ്ങാൻ കഴിയില്ല.
ഇന്ന് രാത്രി, അവിടെ കോലത്തിരി നാട്ടിൽ ഒറ്റയ്ക്ക് കുട്ടിമാണി ഉറങ്ങിയിട്ടുണ്ടാകുമോ?

അവൾക്ക്, എനിക്ക്, ഇന്ന് ജീവതമവസാനിച്ച ആ ചേകവന്‌,
ഞങ്ങളിലാർക്കും തിരസ്കാരത്തിന്റെ കുമരം പുഴ നീന്തിക്കടക്കാൻ കഴിഞ്ഞില്ലല്ല്ലോ.
22 comments:

 1. ലിഡ്യേ, ഈ വേറിട്ട കാഴ്ചകൾ/വായനകൾ & എഴുത്തുകൾ --ക്ക്‌ ഒരു സലാം..

  ചിലത്‌ കോട്ടാതിരിക്കാൻ വയ്യ !!

  “ഭഗവതി അറിയുന്നുണ്ടോ ഭക്തന്റെ പരവേശം.”

  “മലയനോട്‌ തൊടുത്ത്‌ മരിച്ച അച്ഛന്റെ വിവരക്കേട്‌ ആവശ്യത്തിനു കിട്ടിയിട്ടുണ്ട്‌ മകനും എന്നു മനസ്സ്‌ വേദനിച്ചു.”

  വടക്കൻ വീരഗാഥ കണ്ടപ്പോൾ മനസിലുദിച്ച ചോദ്യം!!

  (((((((((ഠോ))))))))))))) ഈ എഴുത്തിനൊരു തേങ്ങയടി അടിച്ചില്ലേൽ മണ്ടേൽ എപ്പോ തേങ്ങ വീണൂന്ന് ചോദിച്ചാ മതി :)

  su

  ReplyDelete
 2. ലിഡിയ, ഞാൻ എന്താണു പറയേണ്ടത്, വാക്കുകളിൽ കൃതഹസ്തത, വടക്കൻപാട്ട് കഥകളുടെ ശൈലീസ്വാംശീകരണം, പെണ്ണിന്റെ മനസ്സ് വിശകലനം ചെയ്യാനുള്ള പാടവം, ഗൃഹപാഠം- കഥ നന്നായി തിളങ്ങുന്നു.,സുചന്ദ്, ലിഡിയയെ വീണ്ടും അടുക്കളയിൽ നിന്ന് അരങ്ങിൽ എത്തിച്ചതിനു നന്ദി.

  ReplyDelete
 3. അങ്ങനെ കുഞ്ചുണ്ണുലിക്കും ഒരു വക്കീലിനെ കിട്ടി.
  'പിഞ്ഞാണത്തിനും കഞ്ഞിക്കലത്തിനും മരക്കയ്യിലിനും മത്തനും വെള്ളരിയ്ക്കും വെണ്ണീറിനും'- ഇതൊക്കെ അറിയുമൊ?

  ReplyDelete
 4. നടുബ്ലോഗിലാണോഡാ തേങ്ങയടിച്ച് സവാരി പോന്നേ?
  സുചന്ദ് ട്രാവൽസിൽ നിന്ന് നടക്കാവ് അയ്യപ്പൻ കോവിലിലേക്ക് എന്ത് കൊടുത്തു?


  @ശ്രീനാഥന്‍
  നന്ദി.
  "ഗൃഹപാഠം"-അതോർമ്മിപ്പിക്കല്ലേ ശ്രീമാഷെ.

  ശ്രീ സുചന്ദ് സംഗീതമാരാർക്ക് തല്ല് എത്രാച്ചാ കൊടുത്തോ..ഇബടന്നൊരു ചെണ്ടേം share ചോയ്ച്ചോണ്ട് ചെല്ലില്ല.


  @shankar
  "അങ്ങനെ കുഞ്ചുണ്ണുലിക്കും ഒരു വക്കീലിനെ കിട്ടി."
  അവളെത്ര പാവശ്യം അവിടെ വന്നതാ ശങ്കരൻ വക്കീലേ?

  '..വെള്ളരിയ്ക്കും വെണ്ണീറിനും'
  ഞങ്ങളെന്താ പ്രകാശസംശ്ലേഷണം വഴിയാന്നോ ചോറും കൂട്ടാനും വെക്കുന്നെ..??

  ReplyDelete
 5. കുഞ്ചുണ്ണൂലി വേറിട്ട വായന തന്നെ സമ്മാനിച്ചു..
  വടക്കന്‍ പാട്ടുകളൊക്കെ ഇത്ര തെളിമയോടെ ഇക്കാലത്തും അറിയുന്നയാളോ എന്നൊരത്ഭുതം തോന്നി.അവസാനം കടപ്പാട് കണ്ടപ്പോള്‍ ആ ലോകം തുറന്നു കൊടുത്ത അച്ഛനോടും ബഹുമാനം..

  ReplyDelete
 6. കുഞ്ചുണ്ണൂലിയുടെ മനസ്സിലൂടെയുമൊരു യാത്ര.
  വടക്കന്‍ പാട്ടുകളുടെ ആ പുസ്തകം എവിടന്നു കിട്ടും എന്ന് അന്വേഷിച്ചു നടക്കാന്‍ തുടങ്ങിയിട്ട് കുറച്ച് കാലമായി.
  അപ്പോഴാണ് ....24 വടക്കൻ പാട്ടുകൾ എന്ന നീലച്ചട്ടയുള്ള പുസ്തകം...എന്ന പരാമര്‍ശം കാനുന്നത്.
  പുസ്തകം ലഭിക്കുന്ന ബൂക്സ്റ്റാളിനെക്കുറിച്ച് അറിവുണ്ടെങ്കില്‍ പറഞ്ഞു തരണേ.

  ReplyDelete
 7. @ശ്രീനാഥൻ: ശ്രീനാഥൻ മാഷുടെ നല്ല വാക്കുകൾക്ക് നന്ദി..

  ഞാൻ പറഞ്ഞില്ലെങ്കിലും മറ്റാരുടേയെങ്കിലും പ്രേരണയാൽ, അല്ല, സ്വയം പ്രേരണയാൽ തന്നെ, ലിഡിയ എഴുതുമായിരുന്നു എന്നുറപ്പുണ്ട്, കാരണം എഴുത്തിലേക്ക് തിരിച്ച് വരാനുള്ള ആഗ്രഹം അത്ര കലശമായിരുന്നു.. സൊ എന്നെ ആരും തല്ലരുത്..
  (ലിഡീ,ആരോട് ചോദിച്ചിട്ടാ എന്നെ സംഗീത് മാരാറാക്കിയത്?? ഇവിടെ എനിക്കൊരു സുഹൃത്തുണ്ട് സംഗീത് മാരാർ, എന്നെക്കാൾ അലമ്പാ, സൊ ഊഹിക്കാമല്ലോ!!)

  എഴുത്തിനോടുള്ള അവളുടെ സ്നേഹം ഒരിക്കലും അരങ്ങത്തു നിന്നും അടുക്കളയിലേക്കവളെ തള്ളിവിട്ടിട്ടില്ല എന്നാണഭിപ്രായം.. എഴുതപ്പെടാതെ മനസിൽ അവ ഉറഞ്ഞ് കൂടുകയായിരുന്നു.. നമ്മളിനീം അനുഭവിക്കും എന്നു ചുരുക്കം.. (എനിക്കിട്ട് പാര വച്ചതിനു ഇത്ര എങ്കിലും പറഞ്ഞില്ലേൽ അമ്മച്ചിയാണെ എനിക്കുറക്കം വരില്ല..ങാ)

  എഴുത്ത് തുടർന്നൂടെ എന്ന ഒരു ചെറ്യ നിർബന്ധം, ഒരു കൂടപ്പിറപ്പിന്റെ വാക്കുകൾ പോലെ നെഞ്ചിലേറ്റിയ ആ സ്നേഹത്തിനു തന്നെയാണ്‌ മുഴുവൻ മാർക്കും..

  അവളുടെ എഴുത്തുകളൊക്കെ വായിച്ച് പ്രോത്സാഹനം ചൊരിയുന്ന അങ്ങയുടെ വലിയ മനസിനു നന്ദി..

  സുചാന്ദ് സംഗീത്

  ReplyDelete
 8. സുചന്ദ് എന്നെയങ്ങ് സുഖിപ്പിച്ചു, പോട്ടെ. പിന്നെ ലിഡിയ വലിയ ഗൗരവക്കാരിയാണെന്നാണ്‌ കരുതിയത്, തമാശകളൊക്കെ പറയുന്നല്ലോ.

  ReplyDelete
 9. ലിഡിയ,
  ഈ എഴുത്തിനൊരു സലാം :)

  ReplyDelete
 10. പാതിരാത്രി പുഴനീന്തിക്കടന്ന് ആറ്റുംമണമ്മേൽ , അയാൾ ഉണ്ണിയാർച്ചയുടെ അറയിൽ ചെന്നു എന്നറിഞ്ഞപ്പോൾ പാവം തോന്നി.

  മലയനോട് തൊടുത്ത് മരിച്ച അച്ഛന്റെ വിവരക്കേട് ആവശ്യത്തിനു കിട്ടിയിട്ടുണ്ട് മകനും എന്നു മനസ്സ് വേദനിച്ചു.


  വളരെ ഷാര്‍പ്പ് എഴുത്ത്.
  കുഞ്ചണ്ണൂലിയുടെ കാഴ്ച്ചപ്പാടില്‍ ഒന്നു വിശാലമായി എഴുതിക്കൂടേ
  :-)
  ഉപാസന

  ReplyDelete
 11. ലിഡിയാ...ലിഡിയാ...അതിമനോഹരം.ശൈലിയും, പ്രയോഗങ്ങളും ഗംഭീരം....സസ്നേഹം

  ReplyDelete
 12. “ലോജിക് എനിക്ക് അവസാനം കഴിക്കാനുള്ള വിഷം ആയിരുന്നു” എന്നൊക്കെ എഴുതുന്ന ആളല്ലെ ഇതിൽ അദ്ഭുതമില്ല.
  കഥയിൽ കവിത കവിതയിൽ കഥ എന്ന് ശിൽ‌പ്പം കൊള്ളാം.
  ‘എത്രമനോഹരമാണവിടത്തെ ഗാനാലാപനശൈലി’ എന്നു പാടാൻ തോന്നുന്നു. ( സിനിമാപ്പാട്ടു പാടുന്നത് ഓക്കെ ആണോ?)

  ReplyDelete
 13. എന്റെ കളരി പരമ്പര ദൈവങ്ങളേ
  അയ്യനാർകാവിൽ അയ്യനേ
  അങ്കക്കരിനാഗദൈവത്താരേ
  ആരൊക്കെയാ ഈ വന്നേക്കണേ.......!!
  സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ...

  (കടപ്പാട്: വടക്കൻ പാട്ട്,ഹാപ്പി ജാം)

  ReplyDelete
 14. June 18 ന് നട്ടപിരാന്തന്‍ ഇട്ട പോസ്റ്റ്‌ www.nattapiranthukal.blogspot.com
  വായിച്ചുകഴിഞ്ഞു പലവട്ടം കണ്ട 'ഒരു വടക്കന്‍ വീരഗാഥ' വീണ്ടും കണ്ടു അതുകൊണ്ട് അതിലെ സംഭാഷണങ്ങള്‍ ഒന്നും കൂടി മനസ്സില്‍ തെളിഞ്ഞു അതിനു ശേഷം ആണ് ഇന്ന് ഉപാസനയുടെ മെയില്‍ വീണ്ടും
  "കുഞ്ചുണ്ണൂലിയ്ക്കും ചിലത് പറയാനുണ്ടായിരുന്നു"........
  വായിച്ചു :)

  ReplyDelete
 15. നന്ദി,എല്ലാവർക്കും.
  പ്രത്യേകിച്ച് ഉപാസനയ്ക്ക്..

  ReplyDelete
 16. ..
  വേറിട്ട കാഴ്ച തന്നെ..
  നന്നായിരിക്കുന്നു, ഭാഷ മനോഹരവും മൂര്‍ച്ചയുള്ളതുമാണ്..
  ..

  ReplyDelete
 17. വളരെ നന്നായി ചിത്രം വരയ്ക്കുന്ന എന്റെ ഒരു സുഹൃത്ത്‌ ഒരു ഐ ടി കമ്പനിയില്‍ ജോലി ചെയ്യുകയാണ് . അദ്ദേഹത്തിന്റെ ഒരു നല്ല ചിത്രത്തിന് മറ്റൊരു സുഹൃത്തിന്റെ കമന്റ് ഇതായിരുന്നു
  " what are you doing in an IT company man " . അത് പോലെ ചോദിയ്ക്കാന്‍ താങ്കളെ കുറിച്ച് എനിക്ക് കൂടുതല്‍ ഒന്നും അറിയില്ലല്ലോ!

  " വീരാംഗന. ഇവൾക്കേത് ആണിനെ അറിയാം.
  ഏത് പെണ്ണിനെ അറിയാം, അവളെയെല്ലാതെ? "

  ഈ വരികള്‍ ഏറ്റവും ഇഷ്ടപ്പെട്ടു . ആശംസകള്‍ ..നന്ദി

  ReplyDelete
 18. ഇഷ്ടമായി.
  ഈ വക്കീൽ ഇനിയും വാദിച്ച് തെളിയുന്നത് കാണുവാൻ ആഗ്രഹിയ്ക്കുന്നു.

  ReplyDelete
 19. എന്റെ ഒരു ദിവസത്തെ മനോഹരമാക്കിയത് ഇവിടുത്തെ കഥകളാണ്...

  “ഭഗവതി അറിയുന്നുണ്ടോ ഭക്തന്റെ പരവേശം.” :)

  ReplyDelete