Saturday, June 19, 2010

കുഞ്ചുണ്ണൂലിയ്ക്കും ചിലത് പറയാനുണ്ടായിരുന്നു.

എന്നെ മറന്ന് പോയതാണോ നിങ്ങൾ?
അതോ ഈ ആൾക്കൂട്ടത്തിൽ എന്റെ മുഖം കാണാതെ പോയതോ?
നിങ്ങൾ കേട്ട് കോരിത്തരിച്ച പാട്ടുകളിലും ,നിങ്ങൾ നിലപാടുകൾ മാറ്റിച്ചവുട്ടിയ കഥകളിലും ഞാൻ എവിടെയായിരുന്നു?

ഒരു പാണനും എന്നെ കാണാൻ മാത്രം അമ്പാടിയിലോ പുത്തൂരം വീട്ടിലോ വന്നില്ല.
അവർ വരാറുണ്ടായിരുന്നു.,പലരേയും കാണാൻ.
അവർ വന്നു,പാടി,പുകഴ്ത്തി കോടിമുണ്ടും അരിയും വാങ്ങി വയറുനിറച്ചുണ്ട് പോയി.


ഇന്നും വലിയ പന്തലിൽ സദ്യയ്ക്കിടെ ആരും അന്വേഷിച്ച് വന്നില്ല എന്നെ.
ഓ ഇവൾ പതിവു പരാതിക്കെട്ട് അഴിക്കുന്നു എന്ന് കരുതി അല്ലേ?

ഇന്ന് വിജയത്തിന്റെ സദ്യ.
കോലത്തിരി നാട്ടിൽ നിന്ന് മൊഴി ചോദിച്ച് മക്കൾ ജേതാക്കളായി വന്ന ദിവസം.
ചന്തുവിന്റെ മരണം ഇവിടെ ആർത്ത് വിളിയ്ക്കാനുള്ള ആഘോഷമായിരിക്കുന്നു.

അഭിമാനം കൊണ്ട് തലയുയർത്തിയ അച്ഛന്റെ നെറ്റിയിൽ ഞരമ്പുകൾ ഉറുമി പോലെ പുളയ്ക്കുന്നു.

എനിക്ക് വയ്യ.
പതിവുപോലെ എനിക്ക് വയ്യ.
ഇടയ്ക്കിടയ്ക്ക് വന്നു നോക്കാൻ മടികാണിക്കാത്ത ചെന്നിക്കുത്തിന്റെ ഉടുക്ക് താളം.


ഞാൻ കുഞ്ചുണ്ണൂലി ആണ്‌.ആലത്തൂരപ്പന്റെ മകൾ.വെള്ളയും കരിമ്പടവും വിരിച്ച് ആരോമൽ ചേകവർ വേട്ട് കൊണ്ട് വന്ന പെണ്ണ്‌.

കാവൂട്ടും വേലയ്ക്കോ കാവിലെ പൂരത്തിനോ അഭ്യാസത്തിനിടയിലോ അറിയാതെ പോലും ഒന്ന് നോക്കിപ്പോയിട്ടില്ലാത്ത ചേകവന്റെ മനസ്സിൽ എനിക്കെന്ത് സ്ഥാനം എന്നാലോചിയ്ക്കുകയായിരുന്നു,
അമ്പാടിയിൽ നിന്ന് പുത്തൂരം വീട് വരെയുള്ള മഞ്ചൽ യാത്ര മുഴുവനും.
പണ്ടേ കേട്ടറിഞ്ഞിട്ടുണ്ട് തുമ്പോലാർച്ച എന്ന പേര്‌,ആരോമൽ ചേകവരുടെ പെണ്ണായിട്ട് തന്നെ.

വേലയ്ക്കും പൂരത്തിനും ഒന്നോ രണ്ടോ തവണ കണ്ടിട്ടുണ്ടായിരുന്നു അവളേയും ഉണ്ണിയാർച്ചയുടെ കൂടെ.
മികവിൽ മികച്ച സുന്ദരിക്കോത.
പക്ഷെ മാറിനിന്നുള്ള കുശുകുശുക്കലും അടക്കിച്ചിരിയും നിഷിധമായിരുന്നില്ല ,ആരേയും ശരിബോധിക്കാത്ത ആ സുന്ദരിയ്ക്കും ആണിനോട് പയറ്റാൻ ധൈര്യമുണ്ടായിരുന്ന വീരാംഗനയ്ക്കും.

പുത്തൂരം വീട്ടിലെ ഓരോ ഊണിലും ഉറക്കത്തിലും ഓരോ ശാസനയിലും ചൂരൽക്കോലിനെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലിലും സ്വയം ചോദിച്ചു:

ഈ വീട്ടിൽ ഞാനാര്‌?

മാനത്ത് നിന്ന് വന്ന ചേകവന്റെ കിടപ്പറയിൽ നാലാളറിയെ കിടക്കുന്ന ഒരു പിണാത്തി.വേറാര്‌?

പകിടകളി പയറ്റിത്തെളിഞ്ഞ് മികവിൽ മികച്ചേറിയിൽ ചിറ്റം തുടങ്ങിയപ്പോഴും ,കുഞ്ഞുണ്ടായപ്പോഴും മനസ്സിൽ ശപിച്ചില്ല.

രാജസമാനനായ ചേകവന്‌ പണിക്കാരത്തി പെണ്ണിലല്ല ആദ്യകുഞ്ഞ് ജനിക്കേണ്ടതെന്ന് സമാധാനിച്ചു.
കുഞ്ഞിന്റെ മുഖം ആരുടേതു പോലായിരിക്കുമെന്ന് മനസ്സിൽ വരച്ചെടുക്കാൻ ശ്രമിച്ചു.
മാണിപ്പെണ്ണിനോട് ചോദിച്ചു.

അപകർഷതാബോധത്തിന്റെ ഉറുമികൊണ്ട് സ്വയം പ്രഹരമേല്പിച്ച്
വേദനകൊണ്ട് പുളഞ്ഞു.

അതിനിടയിൽ ചന്തുച്ചേകവരോടുള്ള മോഹത്തിന്റെ കഥയും അയലാളർക്കിടയിൽ പാട്ടാകുന്നുണ്ടെന്ന് മാണിപ്പെണ്ണ്‌ പറഞ്ഞറിഞ്ഞു.

അതിനു മുഖം കറുപ്പിച്ചതും മുടിയ്ക്ക് പിടിച്ചതും ചോറ്റുകലം വലിച്ചെറിഞ്ഞതും എന്നെ.

മംഗലം കഴിച്ചവന്റെ അവഗണനെയെപ്പറ്റി പെണ്ണൊന്ന് തേങ്ങിയാൽ അത് മറ്റാരെയെങ്കിലും മനസ്സിൽ മോഹിക്കുന്നതു കൊണ്ടാണെന്ന് വ്യാഖ്യാനിച്ചാൽ എല്ലാം എളുപ്പമാകുമല്ലോ,നാട്ടാർക്കും വീട്ടാർക്കും.

ചന്തുച്ചേകവരെ അമ്പാടിയിൽ വെച്ച് ഒരു തവണ കണ്ടിരുന്നു, പുത്തൂരം വീട്ടിൽ നിന്ന് ജാതകം ചോദിച്ച് ആളു വന്ന ആ ദിവസം.

കല്യാണപ്രായമായ ഒരു സാധാരണ പെൺകുട്ടിയെപ്പോലെ അയാളെയും ഭർത്താവിന്റെ സ്ഥാനത്ത് സങ്കല്പ്പിച്ചു നോക്കി.

കളരിയിൽ ഒറ്റയ്ക്കിരുന്ന് അയാളുടെ അഭ്യാസം കാണുന്നത്...
മുറിവിലെ ചോരയിൽ വിരലോട്ടുന്നത്.....
കാവിൽ പ്രദക്ഷിണം വെക്കുന്നത്....
ഊണു വിളമ്പുന്നതിനിടയിൽ കളി പറയുന്നത്......

പെണ്ണാലോചിച്ച് വരുന്നവരെയെല്ലാം ഇങ്ങനെ സങ്കല്പിച്ചു നോക്കാറുള്ളത് ഒരു കൗതുകത്തിന്‌...
ഒരു സാധാരണ പെൺകുട്ടിയുടെ മനസ്സിന്റെ വികൃതി.
അതിനെയാണോ നിങ്ങൾക്ക് കാമമായും മോഹമായും തോന്നാറുള്ളത്?
ബാലിശം തന്നെ.

എന്നു വെച്ച് അയാളോട് സംസാരിച്ചിരുന്നില്ല എന്നല്ല.

പുത്തൂരം വീട്ടിൽ വെച്ച് ഒന്നോരണ്ടോ തവണ കണ്ടപ്പോഴൊക്കെ അയാളോട് സംസാരിയ്ക്കാൻ ചെന്നു.
പരിചരിച്ചു.
ആ വീട്ടിലെ വീട്ടുകാരായ രണ്ട് അപരിചിതർ.
അത്രയേ കരുതിയുള്ളൂ.

ഉണ്ണിയാർച്ചയെന്ന കാവിൽ ഭഗവതി പൊന്നമ്മയെ വിളക്ക് വെച്ച് ആരാധിച്ചാവാഹിക്കുന്ന അയാളോട് സഹതാപവും തോന്നാറുണ്ട്.

ഭഗവതി അറിയുന്നുണ്ടോ ഭക്തന്റെ പരവേശം.

കുഞ്ഞിരാമനെ കല്യാണം കഴിയ്ക്കാൻ അവൾക്കും മൗനസമ്മതമായിരിക്കണം.അല്ലാതെ സുഹൃത്തിനുകൊടുത്ത വാക്ക് തെറ്റാതിരിക്കാൻ,
പെങ്ങളുടെ മനസ്സ് വിഷമിപ്പിക്കുന്ന മഹാപാപമൊന്നും ചെയ്യുകില്ല പൊന്നാങ്ങള.

ആളും അനക്കവും അടിച്ചു തളിക്കാരും ഒന്നുമില്ലാത്ത എളന്തർമഠത്തിലെ,ആശ്രിതന്റെ കൂടെ എന്തിനു പാഴാക്കണം ജീവിതം എന്ന് അവളും കരുതിക്കാണണം.

അല്ലെങ്കിലും ഏതടവാണ്‌ അവൾക്ക് അപരിചിതം?

പാതിരാത്രി പുഴനീന്തിക്കടന്ന് ആറ്റുംമണമ്മേൽ , അയാൾ  ഉണ്ണിയാർച്ചയുടെ അറയിൽ ചെന്നു എന്നറിഞ്ഞപ്പോൾ പാവം തോന്നി.

മലയനോട് തൊടുത്ത് മരിച്ച അച്ഛന്റെ വിവരക്കേട് ആവശ്യത്തിനു കിട്ടിയിട്ടുണ്ട് മകനും എന്നു മനസ്സ് വേദനിച്ചു.

ആ കഥ അമ്മയോട് പറഞ്ഞ് ഊണിനിടെ ഉണ്ണിയാർച്ച പരിഹസിച്ച് ചിരിച്ചപ്പോൾ,
രോഷം കൊണ്ടപ്പോൾ ,പുച്ഛം തോന്നി.

വീരാംഗന.
ഇവൾക്കേത് ആണിനെ അറിയാം.
ഏത് പെണ്ണിനെ അറിയാം, അവളെയെല്ലാതെ?

മനസ്സിൽ രോഷത്തിന്റെ കുമരം പുഴ കുത്തിയൊലിച്ചതുകൊണ്ടാകണം ചോറ്റുകലം താഴെ വീണുടഞ്ഞു.

“ഇവിടെ ചിലർക്ക് ശരിയ്ക്ക് കഞ്ഞി വാർക്കാനും അറിയില്ലേ” എന്ന പരിഹാസവും കേട്ടു അതിന്‌.

ചന്തുവിന്റെ ആത്മാഭിമാനത്തെ അവഗണനയുടെ ചുരികകൊണ്ട് വീണ്ടും വീണ്ടും കുത്തിക്കുത്തി മുറിവേല്പിക്കുന്നത നല്ലതിനെല്ലന്നു പറയണമെന്ന് തോന്നി.

 പക്ഷെ ആരോട്?
ജോനകരോട് പയറ്റി ജയിച്ച മനസ്സുറപ്പുള്ള പെങ്ങളുടെ ശൗര്യത്തിനും കാരിരുമ്പിന്റെ കൈകരുത്തുള്ള ആങ്ങളയുടെ ധാർഷ്ട്യത്തിനും മുന്നിൽ ഞാനാര്‌?

പിഞ്ഞാണത്തിനും കഞ്ഞിക്കലത്തിനും മരക്കയ്യിലിനും മത്തനും വെള്ളരിയ്ക്കും വെണ്ണീറിനും ഒപ്പം അടുക്കളയിൽ മൂപ്പിളമത്തർക്കം നടത്തുന്ന പലരിലൊരാൾ.

കുഞ്ഞുണ്ടാകാൻ പോകുന്നു എന്ന വാർത്തയും ആരിലും വലിയ മാറ്റമൊന്നും ഉണ്ടാക്കിയില്ല.

വരിയ്ക്കപ്ലാവിന്റെ ചക്കയ്ക്കും മുള്ളുമൂത്തമീനിനും ഉള്ള അവകാശം സ്ഥാപിച്ചു കൊടുക്കാൻ വേണ്ടി പൊരുതാൻ വ്രതമെടുത്ത ചേകവനും കൂട്ട് പോകാൻ തയ്യാറായ മച്ചുനനും ആയിരുന്നു അന്ന് പ്രധാനവിഷയം.

അതിനിടയ്ക്ക് ആങ്ങള അങ്കം ജയിച്ചു വന്നാൽ നൂലാചാരം മടക്കിക്കൊടുത്ത് മച്ചുനന്റെ പെണ്ണാകാനുള്ള ആർച്ചയുടെ മഹാമനസ്കതയെക്കുറിച്ചും പറഞ്ഞു കേട്ടു.

വിവരക്കേട് ആർക്കും കുറവല്ല എന്ന് മനസ്സിൽ കരുതി.

അങ്കത്തിനൊടുവിൽ പേടിച്ചതെല്ലാം നടന്നു.

കാരിരുൾ മുടിയ്ക്കും ശംഖ് കഴുത്തിനും മാമ്പുള്ളി ചുണങ്ങിനും കൈകരുത്തിനും മെയ്യഴകിനും ഒപ്പം ഒരല്പം ദയ,അനുകമ്പ,വിവേകം ഇവ കൂടി കൊടുത്തില്ലല്ലോ ദൈവങ്ങളേ എന്ന് അലറിക്കരഞ്ഞു.

തുമ്പോലാർച്ചയുടെ ജാതക ദോഷവും ഓർക്കാതിരുന്നില്ല.

പിഴച്ചത് ആർക്കായാലും നഷ്ടം എനിക്ക് തന്നെ.“കോലത്തിരി നാട്ടിൽ പുളച്ച് നടന്ന ചതിയന്റെ തലയറുത്തിട്ടും സന്തോഷമായില്ലെ നാത്തൂന്‌ ” ചോദിച്ച് ഉണ്ണിയാർച്ച വന്നു.

എന്റെ അറയിലെ ഇരുട്ടിൽ ഇടിവാളു പോലെ തിളങ്ങുന്നുണ്ട് അവളിപ്പോഴും.
അവളുടെ ആഭരണങ്ങൾ, നെറ്റിയിലെ വലിയ സിന്ദൂരപ്പൊട്ട്, മുടി നിറയെച്ചൂടിയ കുടമുല്ലപ്പൂ.
ധീരനല്ലാത്തതു കൊണ്ട് കുഞ്ഞിരാമൻ ഒരങ്കത്തിനും പോയതില്ല.
തോറ്റതില്ല.
മരിച്ചതുമില്ല.

എങ്കിലും ചോദ്യത്തിനിടയിൽ ചന്തു എന്ന പേര്‌ അവളൊരിയ്ക്കലും പറഞ്ഞില്ലല്ലൊ എന്ന് ശ്രദ്ധിക്കാതിരുന്നില്ല.

ആരോമലുണ്ണിയ്ക്ക് ആരുടെ മുഖഛായ ആണ്‌?
ഉണ്ണിയാർച്ചയുടേയോ കുഞ്ഞിരാമന്റേതോ?
രണ്ടാളുടേതുമല്ല.
അവനെ ആരോമൽചേകവരെപ്പോലെ തോന്നുന്നു.

അമ്മാവനെ ചതിച്ചുകൊന്നവനോട് മൊഴി ചോദിച്ചു വന്ന അവൻ ,
 പാണരോട് അടവുകളുടെ എണ്ണം പറഞ്ഞുകൊടുക്കുന്നത് കേൾക്കാനും നില്ക്കുന്നില്ല.

എന്ത് കേട്ടാലും ഇനി ഉറങ്ങാൻ കഴിയില്ല.
ഇന്ന് രാത്രി, അവിടെ കോലത്തിരി നാട്ടിൽ ഒറ്റയ്ക്ക് കുട്ടിമാണി ഉറങ്ങിയിട്ടുണ്ടാകുമോ?

അവൾക്ക്,എനിക്ക്, ഇന്ന് ജീവതമവസാനിച്ച ആ ചേകവന്‌,
ഞങ്ങളിലാർക്കും തിരസ്കാരത്തിന്റെ കുമരം പുഴ നീന്തിക്കടക്കാൻ കഴിഞ്ഞില്ലല്ല്ലോ.

**********************************************************************************************
സമർപ്പണം:

കഥയിൽ വാക്കുകളുടെ ഏകാഗ്രതയുടെ കരുത്ത് കാട്ടിത്തന്ന,
 മനസ്സിൽ ഗുരുസ്ഥാനത്തുള്ള പുസ്തകങ്ങൾക്ക്.

പെണ്ണിന്റെ ജീവിതം ഒരു കവിത പോലെ ആസ്വദിയ്ക്കാൻ ശീലിപ്പിച്ച
പ്രിയപ്പെട്ട എഴുത്തുകാരിയ്ക്ക്.

അക്ഷരങ്ങൾ പഠിച്ച് തുടങ്ങുന്ന വയസ്സിൽ
 24 വടക്കൻ പാട്ടുകൾ എന്ന നീലച്ചട്ടയുള്ള പുസ്തകം ഈണത്തിൽ വായിച്ചു തന്ന അച്ഛന്‌.
(എന്റെ നഷ്ടങ്ങൾ എന്തൊക്കെയാണ്‌..............)


Thursday, June 10, 2010

ആഞ്ജലിക

ഇത് ഉദകക്രിയയുടെ ദിവസം.
ബലിയിട്ടത് ആർക്കെല്ലാം വേണ്ടി..

തിരിച്ചറിഞ്ഞത് ആരെയെല്ലാം.

ജ്യേഷ്ഠനെ.അമ്മയെ.
ഒടുക്കം ഒന്ന് മുങ്ങിനിവർന്നപ്പോഴേക്ക് അപ്രതീക്ഷിതമായ ഒരാക്രമണമായിരുന്നു അത്.

തടഞ്ഞു നിർത്താൻ കഴിയാഞ്ഞ ഒരസ്ത്രം മർമ്മഭേദിയായി.
അത് ആഞ്ജലികാബാണം ആയിരുന്നൊ?

പിന്നീട് ഒന്നും കേൾക്കാൻ നിന്നില്ല.
ചോദിക്കാനും.

പതിവു പോലെ വിജയം ഭിക്ഷ കിട്ടിയിരിക്കുന്നു.
ആരുണ്ട് അത് അഞ്ചായി പങ്കിട്ടെടുക്കാൻ..?

ദ്രൗപദിയെ കാണണമെന്നു തോന്നി.
കണ്ടില്ല.
എല്ലാവരും വെള്ളവസ്ത്രം ധരിച്ചതുകൊണ്ടാണോ..അതോ
തനിക്കും കാണാൻ കഴിയുന്നില്ലെ അവളെ?
മരവിപ്പ് ബാക്കി.


കുറച്ചിലകൾ ബാക്കി വന്ന വൃക്ഷത്തണലിൽ കിടന്നു.
“പാർത്ഥാ” എന്ന് വിളിച്ച് കൃഷ്ണൻ വരുന്നത് വരെ.

ആ വിളിയില്ലായിരുന്നെങ്കിൽ എന്നേ തീർന്നേനെ എല്ലാം.

പക്ഷേ..ആഞ്ജലിക തൊടുക്കും മുൻപും ഇതെ ശബ്ദമായിരുന്നില്ല്ലേ
അഭിമന്യുവിനെക്കുറിച്ച് ,ദ്രൗപദിയെക്കുറിച്ച് ,ദ്യൂത സഭയെക്കുറിച്ച്...എല്ലാം എല്ലാം ഓർമ്മിപ്പിച്ചത്...
ഒന്നും മറന്നില്ലെങ്കിലും..

അസ്ത്രത്തിന്റെ വേഗം ഇപ്പോഴും അറിയാൻ കഴിയുന്നുണ്ട് കൈകൾക്ക്,
അതാണ്‌ ആദ്യത്തെ ജയമെന്നു കരുതി ഓർത്തു വെച്ചതുകൊണ്ട് തന്നെ.

മുൻപെ ഉള്ളതെല്ലാം,
ഏകലവ്യൻ,അഭ്യാസക്കാഴ്ച
അങ്ങനെ അങ്ങനെ എല്ലാം ഭിക്ഷ കിട്ടിയ ജയങ്ങൾ..
അല്ലെങ്കിൽ സ്വയംവരത്തിലേതുപോലെ പങ്കുവെക്കപ്പെട്ടത്..

ദക്ഷിണവെച്ച പെരുവിരലിലെ ചോര ഇപ്പോഴും കാണാൻ കഴിയുന്നുണ്ട്.

കൂട്ടത്തിൽ ഉന്നമില്ലാത്ത അനുജന്മാരിലാരോ എയ്ത ഒരമ്പുകൊണ്ട് മുറിഞ്ഞതു പോലെ നിസ്സാരമായിരുന്നു അന്നത്.
പരിശീലനത്തിൽ അത് പതിവുള്ളതുമാണല്ലൊ.

പിന്നീട് പാശുപതാസ്ത്രം തന്ന് കൈലാസനാഥൻ മകനെപ്പോലെ ആശ്ലേഷിക്കുമ്പോൾ എന്തുകൊണ്ടോ പെരുവിലൽ മുറിഞ്ഞ നിഷാദനെ ഓർമ്മവന്നു.

ഒരു വ്രണം പഴുത്ത് തുടങ്ങുകയായിരുന്നു.

നിരായുധനായ എതിരാളിയെ നോക്കി
“അർജ്ജുനാ അതാ കർണ്ണൻ ..അയക്ക് അർദ്ധചന്ദ്രാകൃതിയിലുള്ള ആഞ്ജലികാസ്ത്രം..”

ദയ കാണിക്കുകയായിരുന്നോ കൃഷ്ണൻ?
ആരോടാണ്‌ ദയ കാട്ടിയത്?
എന്തുകൊണ്ടാണ്‌ ചിലരുടെ തോൽവി ആരും അറിയാതെ പോകുന്നത്?

അന്ന് പക്ഷെ
മുറിവേറ്റ സൂതപുത്രനെ നോക്കി അലറണമെന്നുണ്ടായിരുന്നില്ലേ...
ഇതാ പാർത്ഥൻ ഒരു യുദ്ധം ജയിച്ചിരിക്കുന്നെന്നു പറഞ്ഞ്...

എന്നിട്ടും..?
“എന്തിനായിരുന്നു കൃഷ്ണാ..”
പതിവ് ചോദ്യം.
ഗംഗയുടെ ആഴക്കയങ്ങൾക്ക് പോലും തീർക്കാൻ കഴിയാത്തത്ര ദാഹം തോന്നി.

കൃഷ്ണൻ പതിവിലും ശാന്തനായിരുന്നു.
ഒരുത്തരം മുൻപേ കരുതി വെച്ചതുപോലെ.

“നീ ആരെ വധിച്ചു?മുൻപേ മരിച്ചു പോയ ഒരാളെയൊ..കർണ്ണൻ എന്നേ മരിച്ചു.."

കൃഷ്ണൻ അടുത്തിരുന്നു.

തേരാളിയുടെ കൈകൾ.
എന്നിട്ടും ആദ്യമായാണ്‌ കാണുന്നത് എന്ന് തോന്നി.

എവിടെ നിന്നെല്ലാം രക്ഷിച്ചു.
“എന്തിനായിരുന്നു കൃഷ്ണാ..”
ഈ ചോദ്യം  ഒരിക്കലും മാറ്റാൻ എന്തേ കഴിയുന്നില്ല?

"ഒന്നുമില്ല.ജീവിതം മുഴുവൻ തോറ്റുപോയ ഒരാളെ ജയിപ്പിക്കണമെന്നു തോന്നി.
ഒരിക്കലെങ്കിലും...ആഞ്ജലിക തൊടുക്കാൻ പറയുമ്പോൾ അത്രയേ ഉണ്ടായിരുന്നുള്ളൂ മനസ്സിൽ.."

”ജയിച്ചത് ജ്യേഷ്ഠൻ തന്നെ പാർത്ഥാ, ജയിപ്പിച്ചത് നീയും.."
"എനിക്ക് ഇഷ്ടമായിരുന്നു ജ്യേഷ്ഠനെ,....ഒരുപക്ഷെ നിന്നെക്കാളും...”

കൃഷ്ണൻ ഒന്ന് നിറുത്തി.
ഇത് പതിവില്ലാത്തതാണ്‌.

“പ്രകടിപ്പിക്കാൻ കഴിയാതെ പോയ സ്നേഹത്തിന്റെ വേദനയെക്കുറിച്ച് ഞാൻ പറഞ്ഞിട്ട് അറിയണോ പാർത്ഥന്‌?”
ആദ്യമായി കൃഷ്ണന്റെ ശബ്ദം വിറച്ചു.
ആ മുഖം എന്തുകൊണ്ടോ ദ്രൗപദിയുടെ മുഖം പോലെയും തോന്നി..

പ്രകടിപ്പിക്കാൻ കഴിയാതെ പോയ സ്നേഹം എന്ന് കേട്ടതുകൊണ്ടാണോ?
ആയിരിക്കില്ല.
അവർക്കിരുവർക്കും അല്ലെങ്കിലും ഒരുപാട് സമാനതകൾ ഉണ്ട്.
തീരാത്ത ദയ.

അല്ലെങ്കിൽ ഭാര്യയായും ജ്യേഷ്ഠത്തിയായും അനുജത്തിയായും ഇടവേളകളിൽ കണ്ടുമുട്ടുമ്പൊഴൊക്കെ സ്നേഹിക്കുക മാത്രം ചെയ്തത് എന്തുകൊണ്ടാണ്‌?

ധർമ്മം പാലിക്കുകയാണോ ചെയ്തത്?
ധർമ്മം...
എന്നാണ്‌ അതിനെ അനുസരിക്കാതിരുന്നത്?
അത് ഒരു കാലഘട്ടത്തിന്റെ  മാത്രം  ന്യായീകരണം ആണെന്ന് അറിയാമായിരുന്നിട്ടും.

ആണും പെണ്ണും കെട്ട് വിരാടന്റെ അന്തപുരിയിൽ ദ്രൗപദിയെ കണ്ടുമുട്ടുമ്പോഴൊക്കെ എന്താണവളുടെ മനസ്സിലെന്ന് അറിയണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്.

പെൺകുട്ടികളുടെ ഇടയിൽ ആഹ്ലാദിക്കുകയായിരുന്നെന്നാണോ എല്ലാവരും ധരിച്ചത്.

അത് ചലം പൊട്ടിയൊലിച്ച മറ്റൊരു വ്രണം.

പിതാമഹനെ ശരശയ്യയിൽ കാണുമ്പോഴൊക്കെ ചോദിക്കണമെന്ന് കരുതും:
ഇതിനേക്കാൾ വേദന സഹിച്ചിരുന്നില്ലെ ബൃഹന്നള എന്ന്.

യുദ്ധത്തിനിടയിൽ കൊന്നു തള്ളുമ്പോഴൊക്കെയും ഫലം ഇച്ഛിക്കാതെ കർമ്മം ചെയ്യുകയായിരുന്നൊ

അതോ
ഇരന്നു വാങ്ങിക്കിട്ടിയ ജയത്തേക്കാൾ വലിയ മരണമില്ലെന്ന് സ്വയം പഠിക്കുകയായിരുന്നൊ.

അങ്ങനെയെങ്കിൽ
ജയം..അല്ല ജയമല്ല..അങ്ങനെയൊന്നില്ല..
തോൽവി ആരുടെതാണ്‌?
ജ്യേഷ്ഠന്റെ
അനുജന്റെ
അമ്മയുടെ..

 എന്നും കൂടെയുണ്ടാകാറുള്ള
ഈ പ്രിയപ്പെട്ടവൻ ചിരിക്കാൻ മറന്നുപോയ നിമിഷം ഏതാണ്‌?

Sunday, June 6, 2010

പ്രേം ഭായ്


കുറച്ചു വർഷങ്ങൾക്ക് മുൻപ് സാഷയുടെ മരണത്തിനു ശേഷം വല്ലാതെ സ്വയം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ഞാൻ.

അമ്മയില്ലാതെ വളർന്നതു കൊണ്ടാണൊ അതോ ഇരട്ടകളായതു കൊണ്ടാണൊ എന്നറിയില്ല ഞങ്ങൾ അത്രയ്ക്ക് കൂട്ടായിരുന്നു.അവളെക്കാൾ സുഹൃത്തുക്കളും ബന്ധങ്ങളും എനിക്കായിരുന്നു കൂടുതലെങ്കിലും.

സാഷ ഒറ്റയ്ക്കാകുമൊ എന്ന് ഭയന്നാകണം എന്റെ വിവാഹത്തിനു മുൻപ് അച്ഛൻ അവളുടെ വിവാഹമാണ്‌  നടത്തിയത്.അരുൺ അച്ഛന്റെ പഴയ ശിഷ്യനായിരുന്നു.മാത്രമല്ല അവൻ സാഷയെ ഏറെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു.

പക്ഷെ അയാളുമായി ചെറിയ കാര്യങ്ങൾക്ക് പോലും അവൾ കലഹിക്കുകയും എന്റെയും അച്ഛന്റെയും കൂടെ വന്ന് നില്ക്കുകയും പതിവാക്കി.
അത് ഞാൻ വീട്ടിൽ ഉള്ളതുകൊണ്ടാണെന്ന് തോന്നി അച്ഛൻ എന്റെയും ശ്രീഹരിയുടെയും വിവാഹം നടത്തി.

സാഷ ശ്രീയെയും ഇഷ്ടപ്പെട്ടില്ല.
പകരം അവൾ എന്നെ കൂടുതൽ സ്നേഹിക്കാനും സംരക്ഷിച്ചുവെക്കാനും കൂടെ എന്നും കലഹിക്കാനും കരയാനും പിണങ്ങാനും ശ്രമിച്ചു കൊണ്ടേയിരുന്നു.അതിലെ അപ്രായോഗികത എന്നെ നിസ്സഹായ ആക്കുകയും ചെയ്തു.

ശ്രീയ്ക്കും എന്നെ മനസ്സിലാക്കാൻ കഴിയാതെ വരുമൊ എന്ന് ഭയന്ന് ഞാൻ അവന്റെ അടുത്തേക്ക് മടങ്ങി.

പക്ഷെ അവനെ ഉപേക്ഷിക്കാനും അവളുടെ കൂടെ വന്നു നില്ക്കാനുമുള്ള സാഷയുടെ ഫോൺ വിളികൾ എന്നെ പിന്തുടർന്നു കൊണ്ടേയിരുന്നു.
അത് ശ്രീയെ തെറ്റിദ്ധരിപ്പിക്കുകയാണ്‌ ചെയ്തത്.അവൻ വീട്ടിൽ എത്താൻ വൈകിയും തിരക്കുകൾ അന്വേഷിച്ചു നടന്നും എന്നെ കൂടുതൽ കൂടുതൽ തനിച്ചാക്കിക്കൊണ്ടിരുന്നു.

സാഷയെക്കുറിച്ച് സംസാരിക്കുന്നതു പോലും അവൻ വിലക്കി.
എന്റെ മൊബൈൽ ഫോൺ നമ്പർ അവൻ നിരന്തരം മാറ്റികൊണ്ടിരുന്നു..ആർക്കും കൊടുക്കരുതെന്ന താക്കീതോടെ.

പക്ഷെ പ്രായോഗികത എന്ന പ്രിയപ്പെട്ട വാക്ക് എന്നോട് ജീവിതം തുടരാൻ നിർദ്ദേശിച്ചു.

സാഷ എന്നിൽ നിന്ന് പങ്കുവെക്കാൻ ആഗ്രഹിക്കാഞ്ഞത് ഒരുപക്ഷെ അതായിരിക്കണം.പ്രായോഗികത.

സാഷ സ്വയം മരിച്ചെന്ന് ഒരു ദിവസം അച്ഛൻ ശ്രീയെ വിളിച്ചു പറഞ്ഞു.
എന്നിൽ നിന്നത് അവൻ മറച്ചു വെച്ചെങ്കിലും, വീട്ടിലേക്കുള്ള പെട്ടന്നുള്ള യാത്രയിൽ മനസ്സിന്റെ ഭാരം എനിക്കാ സന്ദേശം തരികതന്നെ ചെയ്തു.

ഇതെല്ലാം മുൻകൂട്ടി കണ്ടതുപോലെ അച്ഛൻ നിശബ്ദനായിരുന്നു.
അരുണിന്റെ ഉള്ളിൽ കരയുന്ന മുഖം ഞാൻ കാണാതിരുന്നില്ല.
എന്റെ സാഷ അവന്റെ ജീവിതം നശിപ്പിച്ചിരിക്കുന്നു.
എനിക്ക് അത്രയേ തോന്നിയുള്ളൂ.

ഉള്ളിൽ തോന്നിയ കുറ്റബോധം കൊണ്ടാകാം പരസ്പരം മാറിനില്ക്കാമെന്ന് ശ്രീ എന്നോട് പറഞ്ഞു.

അങ്ങനെയാണ്‌ ബാംഗ്ലൂരിൽ തനിച്ച് താമസിക്കാൻ തുടങ്ങിയത്.

ഒരു ജോലിയായിരുന്നു ലക്ഷ്യം.
കൂടെ പഠിച്ചവരെല്ലാം മുൻപെ ജോലിയിൽ കയറിയതിനാൽ ഒറ്റക്കായിരുന്നു അന്വേഷണം.

പതിവ് റിട്ടൺ എക്സാമുകൾ എനിക്കു മടുത്തു.

ആദ്യം ഒരീച്ചയും അത് പറന്ന് പോയപ്പോൾ എട്ട് ഈച്ചയും അതിൽ മൂന്ന് പറന്നപ്പോൾ നാലും പിന്നെ രണ്ടെണ്ണം പറന്നപ്പോൾ ഒൻപതും ഈച്ച ചക്കയിൽ വന്നിരുന്നെങ്കിൽ ആകെ എത്ര ഈച്ച എന്ന മട്ടിലുള്ള ചോദ്യങ്ങൾ എന്നെ പരിഹസിക്കുകയാണെന്ന് എനിക്ക് തോന്നി.

ലോജിക് എനിക്ക് അവസാനം കഴിക്കാനുള്ള വിഷം ആയിരുന്നു.

 ചിലപ്പോഴൊക്കെ ഈ ഈച്ച എണ്ണലിൽ ഞാൻ വിജയിച്ചെങ്കിലും ഇന്റർവ്യൂകളിൽ സംസാരിക്കാനേ കഴിയാതെ ഞാൻ തണുത്തിരുന്നു.

പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന വീട്ടിലെ വൃദ്ധയ്ക്ക് പ്രത്യേകരീതികളായിരുന്നു.അവർ രാത്രി മുഴുവനും ഉറക്കെ തമിഴ് പാട്ടുകൾ വെച്ച് ഒറ്റയ്ക്കിരുന്ന് മദ്യപിക്കാറുമുണ്ടായിരുന്നു.

ക്രമേണ അവിടം എന്റെ ദുർഗുണ പരിഹാര പാഠശാലയായി എനിക്ക് തോന്നിത്തുടങ്ങി.

ഞാൻ എന്നെത്തന്നെ അടുക്കിപ്പെറുക്കി വൃത്തിയാക്കിക്കൊണ്ടിരുന്നു.
ഒരിയ്ക്കലും തൃപ്തിയായതുമില്ല.

 പകൽ ചിലവഴിക്കാൻ ഞാൻ ആയിടയ്ക്ക് ആനിമേഷൻ പഠിക്കാൻ പോയിരുന്നു.
ഒരു ആനിമേഷൻ ചിത്രം പോലെ ജീവിതത്തെ എങ്ങനെ മാറ്റാം എന്നായിരുന്നു എനിക്ക് പഠിക്കേണ്ടിയിരുന്നത്.

കാര്യമായി ഒന്നും അറിയില്ലെങ്കിലും ചില rendering ഒക്കെ  സ്വയം  ഭംഗിയായി എന്നെയും ഞങ്ങളുടെ ഭൂപതി(വീട്ടിലെ വൃദ്ധയുടെ രാത്രി മദ്യപാനത്തിനിടെ ആ പേര്‌ ഒരു തമിഴ് പാട്ടിൽ ഞാൻ ആവർത്തിച്ചു കേൾക്കാറുണ്ടായിരുന്നു.)സാറിനെയും അതിശയിപ്പിച്ചു.

അങ്ങനെയൊരു നല്ല വർക്കിന്റെ പ്രശംസയ്ക്കിടയിലാണ്‌ പ്രേം എന്നെ പരിചയപ്പെടുന്നത്.
അയാളുടെ ചുറ്റും എപ്പോഴും ഉണ്ടാകാറുള്ള പെൺകൂട്ടം ,എന്തെങ്കിലും കാരണമുണ്ടാക്കി അയാളുടെ അടുത്ത് പോകാറുള്ള പെൺകുട്ടികൾ,ഒക്കെ കൊണ്ട് ഞാൻ അയാളെ മുൻപേ ശ്രദ്ധിക്കാറുണ്ടായിരുന്നു.

ഞാൻ ശ്രദ്ധിക്കാറുള്ളത് അയാൾ കാണാറുമുണ്ട്.
അയാളുടെ അടുത്ത് ഒരിയ്ക്കലും പോകാതിരുന്നതുകൊണ്ട് എന്നെങ്കിലും ഒരിയ്ക്കൽ അയാൾ എന്റെ അടുത്ത് വരുമെന്ന് എനിക്ക് തോന്നിയിരുന്നു.

“എന്താ നിങ്ങളുടെ പേര്‌?”
“നതാഷ”
“നതാഷ..?? റഷ്യൻ പേര്‌”

എന്റെ അച്ഛൻ കമ്മ്യൂണിസ്റ്റ് റഷ്യയുടെ ആരാധകനായിരുന്നെന്നും എന്റെ കൂടപ്പിറപ്പിന്റെ പേര്‌ സാഷ എന്നായിരുന്നെന്നും ഞാൻ അയാളോട് പറഞ്ഞില്ല.

“വെറുതയല്ല നിങ്ങളെ കണുമ്പോഴൊക്കെ എനിക്ക് വൊഡ്ക കുടിക്കണമെന്ന് തോന്നുന്നത്”
അയാൾ ചിരിച്ചു.

ഒരു ദിവസം ഒരു flash assignment ചെയ്യാതിരിക്കാൻ സാഷയും അച്ഛനും ശ്രീയും അരുണും ഒക്കെ കൂടി എന്റെ ശ്രദ്ധയെ വീതം വെക്കുന്നതിനിടയിൽ എന്റെ മൊബൈലിൽ പ്രേം എന്നെ വിളിച്ചു.

(മൊബൈൽ ഫോൺ വന്നതിൽ പിന്നെ സ്വപ്നങ്ങളൊക്കെ പലരുടെയും റിംഗ്ടോൺ കൊണ്ട് പലവട്ടം മുറിഞ്ഞു പോകാറാണ്‌ പതിവ്.)

“പ്രേം ആണ്‌” ,അയാൾ പറഞ്ഞു,“താഴെ ചായ കുടിക്കാൻ വരുമോ?”
“ചായ ഇവിടെ കിട്ടുമല്ലോ...”
“അത് എന്നും കുടിക്കുന്ന ചായ. ഒരു പുതിയ ചായ ആയാലോ?”

പ്രായോഗികത എന്ന എന്റെ സംരക്ഷകൻ ഒരു രോഗത്തെ കുറിച്ച് എന്നെ ഓർമ്മിപ്പിച്ചു.
എനിക്ക് ശ്രീയെ കാണണമെന്നും അവന്റെ വിരലിൽ മുറുക്കെ പിടിക്കണമെന്നും തോന്നി.

“എനിക്ക് പഴയ ചായ തന്നെയാണിഷ്ടം” ,ഞാൻ ശർദ്ദിച്ചു.
“ശരി..ഞാൻ അങ്ങോട്ട് വരാം..”

“അല്ലെങ്കിലും എനിക്ക് ചായ കുടിക്കാനല്ല തോന്നുന്നത്..വൊഡ്ക ആണ്‌...റഷ്യൻ വൊഡ്ക”
അയാൾ അടുത്തിരുന്നിട്ട് പറഞ്ഞു:“രണ്ടാഴ്ചയ്ക്കു ശേഷം ഞാൻ റഷ്യയിലേക്ക് മടങ്ങും”

അയാൾ സംസാരിച്ചു കൊണ്ടിരുന്നു.
അയാൾ അവിടെ ആർക്കിടെക്ചർ പഠിക്കുകയായിരുന്നു.

“ നിങ്ങളുടെ walkthrough നന്നായിട്ടുണ്ട്..ഇങ്ങനെയുള്ള മുറികൾ നിങ്ങളുടെ വീട്ടിൽ ഇല്ലാത്തതിൽ സങ്കടമുണ്ടോ?....”

അയാൾ കളി തുടങ്ങിയതിൽ എനിക്ക് ഭയം തോന്നി.
ഞാൻ സംസാരിക്കാൻ അവസരം ഉണ്ടാക്കാതെയുമായി.

പക്ഷെ രാത്രികളിൽ പതിവായി എന്റെ മൊബൈൽ അപരിചിത നമ്പറുകളുടെ മേൽവിലാസത്തിൽ എന്നെ ഉണർത്തിക്കൊണ്ടിരുന്നു, എന്റെ സംരക്ഷകൻ (പ്രായോഗികത) ആ സമയങ്ങളിൽ silent modeലേക്ക് മാറാൻ എന്നെ ഉപദേശിക്കാറുണ്ടെങ്കിലും.

ഒരു ദിവസം ബസ്സ് കാത്തിരിക്കുന്നതിനിടെ, മുന്നിൽ നാവ് പുറത്തേക്കിട്ട് തലയാട്ടിക്കിടന്ന നായ പേടിച്ച് ആരെങ്കിലും കൂടെയുണ്ടായെങ്കിൽ എന്നാഗ്രഹിക്കുമ്പോൾ അയാൾ വന്നു.

“നതാഷ..! ഇന്ന് ഞാൻ നിങ്ങൾക്ക് കൂട്ട് വരുന്നു. ബനശങ്കരിയിൽ നിങ്ങൾ താമസിക്കുന്ന വീട് എനിക്കറിയാം..”

പെട്ടന്ന് ഞാൻ ശ്രീയെ ഓർത്തു.
പെൺകുട്ടികൾ വിവാഹം ചെയ്യുന്നത് ഉപേക്ഷിക്കപ്പെടാനല്ലെന്ന് അവനോട് പറയണമെന്ന് എനിക്ക് തോന്നി.

“ഇന്ദിരാ നഗർ മുതൽ ബനശങ്കരി വരെ....?എന്തിനു സമയം വെരുതെ കളയണം?”
ഞാൻ ഭയന്നു.

“നിങ്ങളുടെ പേര്‌ എന്നോട് റഷ്യയിലേക്ക് വേഗം മടങ്ങാൻ പറയുന്നു..റഷ്യയും അവിടുത്തെ പെൺകുട്ടികളും വൊഡ്കയും”

നമ്പൂതിരിക്കുട്ടിക്ക് നതാഷ എന്ന് പേരിട്ട അച്ഛന്റെ വിപ്ലവത്തോട് ജീവിതത്തിലാദ്യമായി അന്നേരം അരിശം തോന്നി.

അയാൾ ബസ്സിൽ അടുത്തിരുന്നു.

“നിങ്ങൾ ആരെയാണ്‌ ഭയപ്പെടുന്നത് .നതാഷ?”, അയാൾ എന്റെ പേര്‌ മനപ്പൂർവ്വം ആവർത്തിക്കുകയായിരുന്നു. “നിങ്ങളുടെ അടുത്തില്ലാത്ത ഭർത്താവിനെയൊ?”

സിന്ദൂരം,താലി,കല്യാണമോതിരം ഇവ വേണ്ട ശ്രീയെ സ്നേഹിക്കാനും മറക്കാതിരിക്കാനും എന്നറിയാവുന്നതു കൊണ്ട് ഞാൻ അവ ഉപയോഗിക്കാതിരുന്നിട്ടും അയാൾ എല്ലാം അറിഞ്ഞിരിക്കുന്നു.

ഇനി ഒരു ചെറിയ തെറ്റ് എന്റെ ഭാഗത്ത് നിന്നും ഉണ്ടായാൽ മതി അയാൾ ഈ കളിയിൽ മുൻതൂക്കം നേടാൻ.
ഞാൻ കരുതിയിരുന്നു.

“എനിക്ക് നിങ്ങളുടെ ശ്രീയെ അറിയാം..ശ്രീഹരിയെ..“
എന്റെ ശബ്ദം അടയുന്നതുപോലെ തോന്നി.
”എന്ന് വെച്ച് മുൻപരിചയമല്ല..നിങ്ങളിലൂടെ..നിങ്ങളുടെ പ്രതിഷേധം കണ്ടപ്പോൾ അയാളെ അറിയണമെന്ന് തോന്നി....അന്വേഷിച്ചു..കണ്ടെത്തി..“

ഇൻസ്റ്റിറ്റ്യൂട്ടിൽ മേൽവിലാസം കൊടുക്കേണ്ടിടത്ത് എന്തുകൊണ്ടോ ശ്രീയുടെ പേരാണ്‌ കൊടുത്തിരുന്നത്. (ചിലപ്പോൾ അവൻ ദൂരെയല്ലെന്ന് സ്വയം വിശ്വസിപ്പിക്കാനും ആവണം.)അതിനിടയിൽ അയാളുടെ കൂടി ടിക്കറ്റ് എടുക്കണമെന്ന് പ്രേം എന്നെ ഓർമ്മിപ്പിച്ചു.

”ഞാൻ അയാളോട് സംസാരിച്ചു..അയാൾ നിങ്ങളെ വിളിക്കും..respond ചെയ്യാതിരിക്കരുത്“ അയാൾ ചിരിച്ചു.
”എന്തിനാണ്‌ നതാഷ,... മരിച്ചവരുടെ പേരിൽ ജീവിച്ചിരിക്കുന്നവർ പിണങ്ങുന്നത്?“

പ്രായോഗികത പൂർണ്ണമായി ഞാൻ മനസ്സിലാക്കിയിട്ടില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു.
പക്ഷെ എനിക്ക് സന്തോഷം തോന്നി.

അതിനിടയിൽ എപ്പോഴോ ,പാതി വഴിയിൽ ,പ്രേം യാത്രപറയാതെ ഇറങ്ങിപ്പോയിരുന്നു.

Friday, June 4, 2010

നോവ് എന്ന പേരുള്ള അവൻ

വഴി മാറി നടന്നിട്ടും
വരരുതെന്നു കേണിട്ടും
വാതിലടച്ചിട്ടും
വീടു മാറിയിട്ടും
വരാതിരുന്നില്ല
അവൻ.

വന്നു കയറിയപ്പോഴൊക്കെയും
മറ്റെന്തെങ്കിലും പകരം തരാമെന്ന് പറഞ്ഞിട്ടും
പകുത്തെടുക്കാൻ ഒന്നുമില്ലെന്നു കരഞ്ഞിട്ടും
കീഴടക്കാതിരുന്നില്ല അവൻ.

എത്ര ചെറുത്തുനിന്നിട്ടും
എത്ര കരുതിയിരുന്നിട്ടും
എത്ര മുഖം തിരിച്ചിട്ടും
എത്ര ഒളിക്കാൻ ശ്രമിച്ചിട്ടും
അനുഭവിച്ചറിയാതെ പോയതുമില്ല അവന്‍

അറിഞ്ഞും
അറിയാതെയും
വന്നും അനുഭവിച്ചും
ഉപേക്ഷിച്ചും
കാത്തിരിക്കാൻ പറഞ്ഞും,
വിയർത്ത് ശബ്ദിച്ചും,
അവൻ തന്ന കണ്ണീർകുഞ്ഞുങ്ങൾ
എണ്ണം പെരുകിവന്നിട്ടും
പ്രസവിച്ചതാണല്ലോ എന്നോർത്ത്
വഴിയിൽ കളഞ്ഞുപോകാനും മനസ്സ് വന്നില്ല.