Wednesday, May 26, 2010

കണ്ണാടിക്കാഴ്ച

പഴയ വീട്ടിൽ
പുതുക്കിപ്പണിഞ്ഞ കുളിമുറിയുടെ  നീല ടൈലുകൾക്കിടയിലാണു ഈ കണ്ണാടി ആദ്യം കണ്ടത്..കറുത്തവൃത്തത്തിനകത്തെ കൊച്ചു കണ്ണാടി.
(അത് മാർബിളുകൾ താജ്മഹൽ ചിത്രങ്ങളിൽ മാത്രം കണ്ടിരുന്ന കാലം.)

കണ്ണാടി ആദ്യം കാണിച്ചത് പ്രായത്തിൽ കവിഞ്ഞ് വളർന്ന പെൺ മുഖം.(ആ പരിഭ്രാന്തിയിൽ കൂടുതൽ നേരമതിന്റെ മുന്നിൽ നില്ക്കുമ്പോൾ ചാപല്യമെന്ന് ശബ്ദമുയർത്താറുണ്ടായിരുന്നു അച്ഛൻ.)

പിന്നെ
വല്ലപ്പോഴും കാണാറുള്ള സിനിമയിലെ നാട്യം അഭിനയിച്ചതിനു
കൈയടിച്ചതും
ഉർവ്വശി അവാർഡ് തന്നതും
ഇതേ കണ്ണാടി.

IPSകാരിയുടെ ഗൗരവത്തിൽ
tooth paste റിവോൾവർ കൊണ്ട് ഉന്നം പിടിച്ചു ശീലിച്ചതും
ആദ്യം എഴുതിയതിനു തന്നെ ബുക്കർ നോമിനേഷൻ കിട്ടിയതും
ഐശ്വര്യറായിയൊടൊപ്പം സുന്ദരിയാകാൻ പോരടിച്ചതും
നഷ്ടപ്പെട്ട പാദസരത്തിന്റെ വിചാരണ ഓർത്ത്
ആദ്യം കരഞ്ഞതും
കളിയിൽ തോല്പ്പിച്ച കൂട്ടുകാരിയൊടുള്ള  ദേഷ്യം തീർക്കാറുള്ളതും
ഇതിന്റെ മുന്നിൽ.

കൗമാരത്തിൽ ആദ്യം തോന്നിയ പ്രണയം
മുഖത്തിന്റെ ഭംഗി കാണിച്ചു
പറഞ്ഞുതോൽക്കണ്ടെന്നു വിലക്കിയതും
പ്രണയം തോന്നിയവരോടും അവരെ പ്രണയിക്കുന്നവരോടും  നിർവികാരതയും സൗഹൃദവും മുഖപേശികളിലൂടെ കാട്ടാൻ പഠിപ്പിച്ചതും
ഇവൾ തന്നെ.

അൻപതിൽ കിട്ടിയ നാല്പത്തൊൻപതും കണ്ടില്ലെന്നു നടിച്ച് കിട്ടാതെ പോയ ഒരു മാർക്കിനെചൊല്ലി വിലപിച്ചവരോട് കലഹിച്ചതും
എത്ര അറിയാമായിരുന്നിട്ടും final resultൽ എത്താതെ മരണപ്പെട്ട lab exam മുകളെ ഓർത്ത് കൂടെ കരഞ്ഞതും
അതൊരു പതിവായപ്പോൾ സ്വയം ചിരിച്ചതും
ഈ കണ്ണാടി.

വിവാഹത്തിനു നെറ്റിയിൽ വീണ സിന്ദൂരം കാണാൻ ബാഗിലൊളിച്ച് കൂടെ വന്നതും
കുഞ്ഞുണ്ടാകാൻ പോകുന്നതറിഞ്ഞപ്പോൾ നിനക്കിത്ര ഭംഗിയൊ? എന്ന് വിസ്മയിച്ചതും
ഈ കൊച്ചു കണ്ണാടി.

അമ്മയൊടൊപ്പം നഷ്ടമായ
സംരക്ഷണം,
ജനിച്ച വീട്,
കേൾക്കാനേറെ ആഗ്രഹിച്ച ഉത്തരങ്ങൾ,
പ്രിയപ്പെട്ട രുചികൾ,
ഇവയോർത്ത് വാവിട്ടുകരഞ്ഞപ്പോഴൊക്കെ
തണുത്തവെള്ളത്തിൽ മുഖം ഒളിപ്പിച്ച്
പിന്മാറിയ
കറുത്ത വൃത്തത്തിനകത്തെ ഈ കണ്ണാടി.

ഇപ്പോൾ
എനിക്കു പകരമാകുമോ
എന്ന ചോദ്യത്തിന്ന്
കഴിയില്ലെന്ന് തോറ്റ് തലകുനിച്ചിരിക്കുന്നു.

 ഇത്
എന്റെ നേർകാഴ്ച.
എന്നിലെ പെൺ കൂട്ട്‌.

Tuesday, May 25, 2010

ആദ്യാക്ഷരം.

ആദ്യാക്ഷരം,
അമ്മയ്ക്ക് കേൾക്കാനുള്ളതു തന്നെ.

(പാസ്സ്പോർട്ടും വിസാ ചിലവുകളും വീട്ടുവാടകയും അനുവാദവും കൂടാതെ എന്നും എന്റെ കൂടെ ഇരിക്കാനുള്ള ഒരു എളുപ്പവഴി; അമ്മയുടെ മരണം അതുകൊണ്ടായിരിക്കണം..
മറ്റൊരു കാരണം തിരഞ്ഞു പോകാൻ തോന്നുന്നില്ല..
ഇതിനെ പറ്റി എഴുതരുതെന്നു കരുതിയെങ്കിലും അമ്മ അനുവദിക്കുന്നില്ല..)

ആ കണ്ണീരില്‍ വിരല്‍ മുക്കി ,
ആ ചുണ്ടിലൊരു ചിരി വരച്ചിടാന്‍
കഴിഞ്ഞെങ്കിലെന്ന്
എപ്പോഴും ആഗ്രഹിക്കാറുണ്ട് ഞാന്‍ ...

ആദ്യാക്ഷരം,
എന്റെ കൃഷ്ണന്‌..
 
ഉള്ളിലുള്ള
അവസാനിക്കാത്ത വിശ്വാസത്തെ-
കണ്ടു തീരാത്ത സൗന്ദര്യത്തെ-
മാതൃത്വത്തെ-
നിരന്തരമായ ഇടപെടലുകൾ കൊണ്ട്
സജീവമാക്കിയതിന്‌;
പ്രായോഗികതയുടെ സാധ്യതകൾ എന്നും കാട്ടിത്തന്നതിന്‌ ,
എന്റെ കൃഷ്ണന്‌..ദ്രാവിഡന്റെ ദൈവത്തിന്‌.....
(അവന്റെ കുസൃതികൾക്കും,തീരാത്ത കാരുണ്യത്തിനും.)

എന്നിലെ നന്മകളെ തിരഞ്ഞു കണ്ടെത്തിക്കൊണ്ടിരിക്കുന്ന
എന്റെ പ്രിയപ്പെട്ടവന്‌.

ഒന്നു ചിരിച്ചു കഴിഞ്ഞാൽ കിട്ടുന്ന സുഖം മനസ്സിലാക്കിത്തന്ന
ശിവാനിക്കും എനിക്കു കൂട്ടിരുന്ന അവളുടെ പാവക്കുട്ടികൾക്കും
സുചന്ദിന്റെ സൗഹൃദത്തിന്‌

ഒടുക്കം
എന്നോടു തന്നെ യുദ്ധം ചെയ്തു തോറ്റു പോയ എനിക്ക്...