Wednesday, December 22, 2010

വ്രജഭൂമിയിലെ ദൈവം


നിയമങ്ങള്‍കൊണ്ട് നിശ്ചയിക്കപ്പെട്ട യുദ്ധത്തിലെ ആദ്യദിവസം, ശിബിരത്തിലേക്കുള്ള മടക്കയാത്രയില്‍, മനസ്സിലെ യുദ്ധം അവസാനിച്ചുവോ എന്നാലോചിക്കുകയായിരുന്നു.

പാര്‍ത്ഥനില്‍ വാക്കുകള്‍ ഊര്‍ജ്ജമായി നിറയ്ക്കുമ്പോള്‍ ഒരു സമസ്യയ്ക്ക് സ്വയം ഉത്തരം കണ്ടെത്തിയ ശാന്തിയില്‍ മനസ്സ് സ്നാനം ചെയ്യുന്നത് തിരിച്ചറിയുന്നുണ്ടായിരുന്നു.

ധര്‍മ്മം ഒരു കാലഘട്ടത്തിന്റെ മാത്രം ന്യായീകരണമാണോ എന്നതായിരുന്നു സമസ്യ-
ഇന്നത്തെ ധര്‍മ്മം നാളെ എങ്ങനെ പ്രായോഗികം ആകും എന്നത്, ഒരു വാക്ക് കൊണ്ടുപോലും
തടവിലാക്കാനുള്ളതല്ല പിറക്കാനിരിക്കുന്ന തലമുറയുടെ ചിന്ത എന്നിരിക്കെ...
നാളത്തെ ധര്‍മ്മം എന്തായിരിക്കും?

ഏത് പടച്ചട്ടകൊണ്ട് പൊതിഞ്ഞ് സൂക്ഷിച്ചാലും, കാലത്തിന്റെ മര്‍മ്മഭേദിയായ അസ്ത്രങ്ങളില്‍
നിന്ന് ഒരു ജീവനും രക്ഷപ്പെടാന്‍ വയ്യെന്ന തിരിച്ചറിവുണ്ടായിരുന്നിട്ടും അതിനു തൊട്ടുമുന്നിലത്തെ നിമിഷം വരെ ആ ജീവനുവേണ്ടി പൊരുതി നോക്കാന്‍ തോന്നിപ്പിക്കുന്ന പ്രായോഗികത. കര്‍മ്മം ചെയ്യാനുള്ള സമയപരിധി.


പ്രപഞ്ചത്തിന്‍ നിന്നും വീതം കിട്ടിയ ഊര്‍ജ്ജം എങ്ങനെ, ആരിലേക്ക്, എന്തുകൊണ്ട് കൈമാറണം എന്ന തിരിച്ചറിവ് പങ്കിടാനുള്ള പ്രയാണം മാത്രമാണ് എനിക്കീ യുദ്ധം.

ഇതെനിക്ക് ആരോടുമുള്ള മത്സരമല്ല, ആയിരുന്നുവെങ്കില്‍ എനിക്ക് തടയാന്‍ കഴിയുന്ന , എനിക്ക് മാത്രം ചെയ്ത് തീര്‍ക്കാവുന്ന , ഒന്നായേനേ യുദ്ധം.

ഒരായുധം കൊണ്ട് അവസാനിപ്പിക്കാവുന്ന ദേഹത്തില്‍ ശ്വാസം നിലനില്‍ക്കുന്നതു വരെ എന്തിനെയെല്ലാം വെറുത്തു , വേദനിപ്പിച്ചു, തട്ടിപ്പറിച്ചു, എന്തിനെല്ലാം വേണ്ടി മത്സരിച്ചു.
എന്ന തിരിച്ചറിവ്.

എന്നാല്‍ മരണമാണ് ജീവിതത്തിന്റെ അവസാനം എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.
വിശ്വസിച്ചിരുന്നുവെങ്കില്‍ വിവശനായ പാര്‍ത്ഥനില്‍ വാക്കുകളുരച്ച് യുദ്ധാഗ്നി ജ്വലിപ്പിക്കില്ലായിരുന്നു.

ജീവിതത്തെ നിഷേധിച്ച് മരണത്തെ കാത്തുകഴിയുന്ന മനുഷ്യനെയല്ല കാലത്തിനാവശ്യം. ഇത്രയും ഊര്‍ജ്ജം നമ്മിലുണ്ടെന്ന വിസ്മയകരമായ യാഥാര്‍ത്ഥ്യം അനുഭവിച്ചറിയുക.
ഒരു മത്സരത്തിനപ്പുറം ആ ഊര്‍ജ്ജം ഏതെല്ലാം നന്മകള്‍ക്കായി വീതം വയ്ക്കാമായിരുന്നു എന്ന്
കാലത്തിന് ആലോചിച്ചറിയാനുള്ള പരീക്ഷണത്തില്‍ സ്വയം ഹോമിയ്ക്കപ്പെടുക.

ഒരേസമയം ശക്തനും ദുര്‍ബലനുമാകാന്‍ കഴിയുന്നവന്റെ മനസ്സിന്റെ പ്രായോഗികതകള്‍.


രണഭുമിയുടെ മധ്യത്തിലേക്ക് പാര്‍ത്ഥന്റെ അപേക്ഷപ്രകാരം രഥമോടിക്കുമ്പോള്‍ പക്ഷേ
മറ്റൊരു യുദ്ധഭൂമിയാ‍യിരുന്നു മനസ്സില്‍.

ഒരു വശത്ത് രാധയും മറുവശത്ത് മഥുരയും.
അവിടെ പ്രണയവും കടമകളും തമ്മിലായിരുന്നു യുദ്ധം.
അന്ന് രാധയായിരുന്നു മനസ്സിന്റെ തേരാളി.

‘നിന്നെക്കൂടാതെ ഞാനില്ല മഥുരയിലേക്ക്’
എന്നതായിരുന്നു അന്നത്തെ അപേക്ഷ.

‘ഇനി നിന്റെ മനസ്സിലുണ്ടായാല്‍ മതി ഞാന്‍..അത്രമേല്‍ നിന്നെ പിരിയാന്‍ വയ്യാതായിരിക്കുന്നു കണ്ണാ..’ ദൈവത്തിന്റെ ദൈവം വാക്കുകളുടെ യമുനയായ് ഒഴുകി.

പതിനേഴ് തികയാത്ത കുമാരന് അവളെ മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നോ?
ഇരുപത്തിരണ്ടുകാരിക്ക് കിട്ടിയ മനസ്സ് അറുപത് കഴിഞ്ഞ വൃദ്ധയുടേതായിപ്പോയെന്ന് പറഞ്ഞ്
കലഹിച്ചിട്ടുണ്ട് പലപ്പോഴും.
ഇപ്പോള്‍ തോന്നുന്നു- അവളായിരുന്നു ശരിയെന്ന്.

വര്‍ഷങ്ങള്‍ക്കപ്പുറത്ത് നിന്ന്
വരാനിരിക്കുന്ന എതോ കാലത്തേക്ക്
ഒഴുകി നിറയുന്ന ഗുരു ചൈതന്യം.

പ്രദ്യുമ്നന്റെ മുഖം ആദ്യം കാണിച്ച് ‘ അച്ഛന്റെയുണ്ണിയെന്ന് ‘ വൈദര്‍ഭി സ്നേഹം പറഞ്ഞപ്പോള്‍ രാധയെ ഓര്‍ത്തു:
അനിയോജ്യമായ ഒരു അണ്ഡം തേടിയുള്ള ചുറുചുറുക്കുള്ള ബീജത്തിന്റെ യാത്രയാണെന്ന്
പ്രണയമെന്ന് അവള്‍ വിശ്വസിച്ചിരുന്നെങ്കില്‍ , ആഗ്രഹിച്ചിരുന്നെങ്കില്‍ പിന്നെ അവള്‍ മാത്രമേ
ഉണ്ടാകുമായിരുന്നുള്ളൂ അന്ത:പ്പുരത്തിലെന്ന്.

പ്രകടനങ്ങളും അലങ്കാരങ്ങളും ഇല്ലാതിരുന്നതുകൊണ്ട് ബര്‍സാനയില്‍ നിന്ന് വന്ന ആ പെണ്‍കുട്ടി ആദ്യമാദ്യം കൗതുകമായിരുന്നു.

ആള്‍ക്കൂട്ടത്തിനിടയില്‍ സംസാരിക്കാനേ മറന്നുപോകാറുള്ള സുന്ദരി.
പതുക്കെ പതുക്കെ കുസൃതികളിലൂടെ അവളുടെ അടുത്ത കൂട്ടുകാരനായി.
എന്തും സംസാരിക്കാമെന്നായി.
സംസാരം അവസാനിപ്പിക്കാനേ തോന്നാതയായി.
എപ്പോഴും കാണണമെന്നായി.
കൂടെയിരിക്കണമെന്നായി.
പിരിയാനേ വയ്യെന്നായി.

അവള്‍ പറയാറുണ്ട്:
സ്നേഹത്തിലേക്ക് എടുത്തു ചാടാതെ
പതുക്കെ പതുക്കെ ഇറങ്ങിച്ചെല്ലെണം..
ആദ്യം കാൽ നഖങ്ങൾ നനഞ്ഞ്..
പിന്നെ ഉടലതിന്റെ നനവറിഞ്ഞ്
മുഖമണച്ച്
മൂർദ്ധാവ് വരെ അങ്ങനെ..അങ്ങനെ..
പിന്നീടൊരിയ്ക്കലും കരയ്ക്കണയാൻ
തോന്നാതെ..
സ്നേഹത്തിലേക്ക്
പതുക്കെ പതുക്കെ ഇറങ്ങിച്ചെല്ലെണം..........
സ്നേഹക്കൂടുതല്‍ കൊണ്ട് ശ്വാസം മുട്ടിക്കുകയായിരുന്നു അന്ന് വ്രജത്തിലെ ഒരോരുത്തരും
അവരില്‍ പലരും രാധയെക്കുറിച്ച് പല കഥകള്‍ പറഞ്ഞ് നടന്നു.

അത് കേള്‍ക്കുമ്പോള്‍ സന്തോഷിച്ചു- അവളെന്റേത് മാത്രമാവുകയാണെന്ന്.

നിന്നേക്കാള്‍ പ്രിയപ്പെട്ടതായി ഒന്നുമില്ലെനിക്കെന്ന് പറഞ്ഞപ്പോഴൊക്കെ പക്ഷേ അവള്‍ ശകാരിക്കുകയായിരുന്നു:
‘ഭക്ഷണവും ഇണയും മാത്രമാണ് ജീവിതമെങ്കില്‍ പിന്നെ മൃഗമായി ജനിച്ചാല്‍ മതിയായിരുന്നില്ലേ
‘എന്ന് ചുണ്ടുകള്‍ വിറച്ചു.

അവളുടെ മാത്രം സ്വകാര്യതയില്‍ അച്ചടക്കമുള്ള കുട്ടിയായി.
തപസ്സുപോലെ ശാന്തമായി അന്നേരങ്ങളിലെ പ്രണയം.
കൗമാരക്കാരന്റെ മനസ്സില്‍ അടക്കമില്ലാതെ പത്തി നീട്ടിയ കുസൃതികള്‍ മീതേ ജ്ഞാനം
കൊണ്ട് നൃത്തം ചവുട്ടി അവളുടെ വാക്കുകള്‍.

വ്രജഭൂമിക്കപ്പുറം കണ്ടിട്ടില്ലാത്ത ആ പെണ്‍കുട്ടിയില്‍ കാലങ്ങളോളം ലോകം ചുറ്റിയ
ഋഷിയുടെ ജിജ്ഞാ‍സയായിരുന്നു.
അത്രമേല്‍ ദൃഢമായിരുന്നു അവളുടെ ചിന്തകള്‍, പൂര്‍ണ്ണവും.
എങ്ങനെയെന്ന് വിസ്മയിച്ചു പോകാറുണ്ട് ഇപ്പോഴും.

‘രാധയിലെ കാമുകിയെ മാത്രമല്ലേ ലോകമറിയുന്നുള്ളൂ‘ എന്ന് സങ്കടപ്പെടുമ്പോഴൊക്കെ അതില്‍പ്പരം എന്ത് വേണമെന്ന് ആശ്ചര്യപ്പെടുന്നവള്‍.
കണ്ണിലെന്നും നനവുള്ള, എന്നോട് മാത്രം ചിരിക്കുന്ന, എന്റെ പെണ്ണ്.

ദേഹങ്ങള്‍ക്കിടയില്‍ വിയര്‍പ്പ് യമുനപോലെ ഒഴുകുന്നതറിയെ കണ്ണുകള്‍ ഏറെനേരം  തുറക്കാതെ കിടന്നവളോട് ‘എന്തേ’ എന്ന് ചോദിച്ചപ്പോള്
‍‘മനസ്സ് കൊണ്ട് നിന്നെയറിഞ്ഞ് ശീലിക്കുകയാണെന്ന്‘ മറുപടി:
അകലങ്ങളില്‍ ജീവിച്ച് പരസ്പരം അളന്നറിയണമെന്ന നിയോഗം പരിശീലിച്ച് നോക്കുകയാണെന്ന്.

‘എങ്ങനെയാണ് നിനക്കതിനു കഴിയുക ‘എന്നതിന്
‘കഴിയില്ലെന്നുറപ്പിച്ച കാര്യങ്ങളല്ലേ ചെയ്ത് നോക്കേണ്ടെ‘ന്ന് പറഞ്ഞ് ചിരിച്ചു.

പിന്നെ തത്ത്വം പറഞ്ഞു:
ചിലര്‍ പുഴപോലെയാണ്
ചിലര്‍ തീരം പോലെയും.
തീരം നിശ്ചലമായിരിക്കുന്നതുകൊണ്ടല്ലേ
പുഴയുടെ ചലനമറിയാനാകുന്നത്.

ഇന്നും ഒരു പുഴയായ് ഒഴുകുകയാണ്.
ഉറവിടത്തില്‍ ഇപ്പൊഴും ഒരു തീരം പ്രാര്‍ത്ഥനകളോടെ യാത്രാനുമതി തരുന്നുണ്ടെന്ന ഉറപ്പില്‍
കൂടുതല്‍ ദൂരമൊഴുകാനുള്ള അനുഗ്രഹവും ഉണ്ടതിലെന്ന വിശ്വാസത്തില്‍.

ബര്‍സാനയില്‍ നിന്നു വന്ന കാമുകി, തന്നിലേക്ക് ഒഴുകി വരുന്ന ഒരോ നിയോഗങ്ങളും
നീന്തിക്കടക്കാനുള്ള പാഠങ്ങള്‍ ഇന്നും പറഞ്ഞ് തരുന്നുണ്ട്.

‘പ്രണയം’ ഒരിയ്ക്കല്‍ അവള്‍ പറഞ്ഞിട്ടുണ്ട് ‘ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരാളോടാണ് തോന്നേണ്ടതെന്ന്'
നിര്‍ണ്ണായക നിമിഷത്തില്‍ - യുദ്ധത്തിലായാലും പാലായനത്തിലായാലും- ഇന്നും മനസ്സിലേക്ക്
വരുന്ന മുഖം അവളുടേതാണ്, ഒരു തീരുമാനമെടുക്കുന്നതിനു മുന്നേ ഓര്‍ത്തു പോകുന്ന മുഖം.

സാധാരണക്കാരിയായ ആ പെണ്‍കുട്ടിയുടെ അസാധാരണമായ ചിന്തകളായിരുന്നു ആദ്യത്തെ
ഗുരുകുലമെന്ന് തോന്നും.
ഉത്സവങ്ങളും കുസൃതികളും പ്രിയപ്പെട്ടതാകുമ്പോഴും തനിക്ക് ചെയ്യാന്‍ മറ്റെന്തൊക്കെയോ ഉണ്ടെന്ന്
തോന്നിത്തുടങ്ങിയത് അവളില്‍ നിന്നാണ്.
അവള്‍ എന്നെക്കുറിച്ച് വിസ്മയിക്കുമ്പോഴൊക്കെ ഞാനിങ്ങനെയായിരുന്നോ എന്നായിരുന്നു
അത്ഭുതം.
കൂടെയുള്ളവര്‍ക്ക് പ്രതീക്ഷിക്കാന്‍ നല്ലതെന്തോ തന്നിലുണ്ടെന്ന ആത്മവിശ്വാസം. അത് സഫലമാക്കാനുള്ള ഊര്‍ജ്ജകേന്ദ്രമാകാന്‍ കഴിയുമെന്ന വിശ്വാസം.

അവളോടാണ് ഇന്നുമെന്റെ പ്രണയം.
എന്റെ ജീവിതമാണ് എന്നിലെ എന്നെ കാണിച്ചു തന്നവള്‍ക്കുള്ള ദക്ഷിണ.

യുദ്ധമുപേക്ഷിച്ച് ഗാണ്ഡീവം വലിച്ചെറിഞ്ഞ് കരയാന്‍ തുടങ്ങിയ യോദ്ധാവിനെ വാക്കുകള്‍
കൊണ്ട് വീണ്ടെടുക്കുമ്പോഴും അവളുണ്ടായിരുന്നു മനസ്സില്‍.
പ്രപഞ്ചത്തെക്കുറിച്ച്, ധര്‍മ്മാധര്‍മ്മങ്ങളെക്കുറിച്ച്, പ്രായോഗികതയെക്കുറിച്ച് വാക്കുകള്‍
പ്രവഹിക്കുമ്പോള്‍ അതിലെ ഒരോ അക്ഷരങ്ങളുടേയും ഉറവിടം അവള്‍ തന്നെയായിരുന്നില്ലേ?ശിബിരത്തിലേക്കു മടങ്ങുമ്പോള്‍ എന്റെ വാക്കുകള്‍ മനസ്സില്‍ ആവര്‍ത്തിക്കുന്ന പാര്‍ത്ഥന്‍
നിശബ്ദനായിരുന്നു.
സംശയങ്ങളുടെയും ആശങ്കകളുടെയും മൗനമല്ല അതെന്ന് എനിക്കറിയാം.
കാലത്തിന്റെ നന്മയ്ക്ക് വേണ്ടി സ്വയം ഹോമിക്കാന്‍ തയ്യാറായവന്റെ ആത്മവിശ്വാസമാണത്.

ഇത് പരീക്ഷണത്തിന്റെ ആദ്യദിവസം.
 ജീര്‍ണ്ണവസ്ത്രമുപേക്ഷിച്ച് പുതിയവസ്ത്രം ധരിച്ച പല ജീവന്റേയും ആദ്യത്തെ രാത്രി. കര്‍മ്മം കൊണ്ട് ജ്വലിപ്പിക്കേണ്ട ഒരു പകലിലേക്കുള്ള പ്രയാണത്തിന്റെ തയ്യാറെടുപ്പ്..

 കാതോര്‍ത്താല്‍ വ്രജഭൂമിയില്‍ നിന്ന് ദൈവം പ്രാര്‍ത്ഥിക്കുന്നത് കേള്‍ക്കാം.

Wednesday, December 15, 2010

ഞങ്ങളിൽ ചിലര്‌

ബസന്ത് മദ്യം കഴിക്കുന്നത് നോക്കിയിരിക്കുകയായിരുന്നു ശ്യാമ.

ഇത് അയാ‍ളുടെ പതിവു ശീലം.അവളും അയാളും മാത്രമുള്ള മുറി.
ഒരു മേശപ്പുറത്ത് ഗ്ലാസ്സും കുപ്പിയും വെച്ച് സൗകര്യമായി കഴിക്കാം. എന്നിട്ടും ചുമരലമാരയിലെ തട്ടിനുള്ളില്‍ ഗ്ലാസ്സ് നിറച്ച് , ഒന്നു വിഴുങ്ങി, ചുണ്ട് തുടച്ച്, അലമാരയുടെ വാതിലടച്ച്, അയാള്‍ സോഫയില്‍ വന്നിരിക്കും....
ഇല്ല ആരും ഒന്നുമറിഞ്ഞിട്ടില്ലെന്ന മട്ടില്‍.
ഇത്ര ബുദ്ധിമുട്ടി എന്തിനു വേണ്ടിയാണിത് കഴിക്കുന്നതെന്ന് അവള്‍ക്കിതുവരെ മനസ്സിലായിട്ടില്ല.

അലമാരയ്ക്കുള്ളില്‍ അയ്യപ്പസ്വാമിയും ഗുരുവായൂരപ്പനും സന്ധ്യാ വന്ദനത്തിനുള്ള പ്രാര്‍ത്ഥനാ പുസ്തകവും. മൂന്നും ആദ്യമായി ഹോസ്റ്റലിലേക്ക് പോകുമ്പോള്‍ അയാളുടെ അമ്മ കൊടുത്തത്. (അതിനടുത്ത് വിറ്റാമിന്‍ ഗുളികള്‍ നിറച്ചു വച്ചിരിക്കുന്ന ട്രേ , സ്പ്രേ കുപ്പികള്‍...)

മദ്യം( അത് നിറമുള്ളത് തന്നെ വേണം) തലയ്ക്ക് പിടിച്ച് തുടങ്ങുമ്പോള്‍ അയാള്‍ അമ്മയെക്കുറിച്ച് സംസാരിച്ചു തുടങ്ങും. അമ്മയുണ്ടാക്കാറുണ്ടായിരുന്ന ഭക്ഷണത്തിന്റെ രുചി, അത് വിളമ്പിക്കഴിപ്പിക്കുമ്പോഴുള്ള അവരുടെ സ്നേഹം..
എന്നും ഒരേ വാചകത്തില്‍ തുടങ്ങി ഒരേ വാചകത്തിലവസാനിക്കുന്ന പ്രഭാഷണം. അവളതിന്റെ ഒരോ വാചകവും മൂളി കേള്‍ക്കുകയും വേണം.

ബസന്തിന്റെ രീതികള്‍ ശ്യാമയെ മടുപ്പിക്കുന്നു.
അരസികന്‍.
ചില ദിവസങ്ങളില്‍ പാചകം ചെയ്യാന്‍ പോലും തോന്നാറില്ല അവള്‍ക്ക്.

ശ്യാമ രുചികരമായി എന്തെങ്കിലും തിന്നാന്‍ ഉണ്ടാക്കിക്കൊണ്ടുവന്നെങ്കിലെന്ന് ആഗ്രഹിക്കുകയായിരുന്നു ബസന്ത്.
അയാള്‍ക്ക് ശ്യാമയോട്, ’ ജോലി ഉപേക്ഷിച്ച് വീട്ടുകാര്യങ്ങളും നോക്കി ഇരുന്നാല്‍ പോരേ ‘, എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. അയാളുടെ സുഹൃത്ത് ദത്തന്റെ ഭാര്യയെപ്പോലെ.

ചില ദിവസങ്ങളില്‍ ദത്തന്റെ കൂടെ ഉച്ചനേരത്ത് അവരുടെ വീട്ടില്‍ പോകുമ്പോള്‍ എത്ര ഭംഗിയുള്ളതാണ് ആ വീട് എന്നയാള്‍ ആലോചിക്കും. സ്ഥാനം തെറ്റിക്കിടക്കുന്ന ഒരു കടലാസ് കഷ്ണം പോലുമില്ലാതെ. ഒട്ടും മുഷിവ് തോന്നിക്കാത്ത വീട്.

മായ ഉണ്ടാക്കുന്ന ഭക്ഷണവും അയാള്‍ക്ക് വളരെ ഇഷ്ടമാണ്. അവളടുത്തിരുന്ന് ദത്തനു വിളമ്പിക്കൊടുക്കുമ്പോള്‍ അനാവശ്യമായ അസൂയയും തോന്നും മനസ്സില്‍.
ഓഫീസിലെ ടെന്‍ഷനും ട്രാഫിക്കിലെ മടുപ്പും ഒക്കെ കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ ഒരാള്‍ സ്നേഹത്തോടെ,ഉന്മേഷത്തോടെ സ്വീകരിക്കാനുണ്ടാവുന്നത് ഭാഗ്യം തന്നെ.

ദത്തന്‍ ഭാഗ്യവാന്‍ തന്നെ.
വിശന്ന് കത്തുന്ന വയറ്റിലേക്ക് തീ വിഴുങ്ങി ബസന്ത് നെടുവീര്‍പ്പിട്ടു.

ഓഫീസില്‍ നിന്ന് വീട്ടിലേക്കുള്ള വഴിയിലായിരുന്നു അപ്പോഴും ദത്തന്‍.
ശ്രീകുമാര്‍ നാട്ടില്‍ പുതുതായി വാങ്ങിയ സ്ഥലത്തെക്കുറിച്ച് ആലോചിക്കുകയായിരുന്നു ഡ്രൈവിംഗിനിടെ അയാള്‍.
ശ്രീ വാങ്ങിയ ഏഴാമത്തെ പ്ലോട്ടാണ്. സ്വന്തമായെടുത്ത രണ്ട് വീടുകളിലൊന്ന് വാടകയ്ക്ക് കൊടുത്തിരിക്കുന്നു. ഷെയര്‍ മാര്‍ക്കറ്റിലും ഇന്‍വെസ്റ്റ് ചെയ്തിട്ടുണ്ടവന്‍.ഇതുവരെ സമ്പാദിച്ചത് മാത്രം മതി ഇനിയുള്ള കാലത്തേക്ക്.

ജോലി പോയാലുള്ള അവസ്ഥയോര്‍ത്ത് ദത്തന് വേവലാതി ഒഴിഞ്ഞനേരമില്ല. മായയ്ക്കെന്തുകൊണ്ട് ഈ നഗരത്തില്‍ ജോലി കിട്ടുന്നില്ലെന്ന് എത്ര ആലോചിച്ചിട്ടും അയാള്‍ക്ക് പിടികിട്ടുന്നില്ല.
മായയ്ക്കും അതുതന്നെയാണ്  മനസ്സിലാകാത്തത്.എവിടേയും ഒന്നും ശരിയാകുന്നില്ല.ജോലിയും ശരിയാകുന്നില്ല.സമ്പാദ്യവും കുറവ്.സ്വന്തമായൊരു വീട് ഉണ്ടാക്കാന്‍ കഴിഞ്ഞാലെങ്കിലും മതിയായിരുന്നു.

തനിക്ക് ജോലിയില്ലെങ്കിലും ദത്തന് നന്നായി ബിസിനസ്സ് ചെയ്യാനറിയുമായിരുന്നെങ്കില്‍ ഇത്രയൊന്നും വേവലാതി വേണ്ടിയിരുന്നില്ല എന്ന് മായ ആലോചിക്കാറുണ്ട്.
രേവതിയുടെ രീതികള്‍ കാണുമ്പോള്‍ ശരിയ്കും അസൂയ തോന്നും. വലിയ വലിയ ഷോപ്പിംഗ് മാളുകളിലേ കയറൂ..എത്ര വലിയ വീടാണ് അവളുടേത്. രണ്ട് വേലക്കാരികള്‍ വന്നു പോകുന്നു.വീട് വൃത്തിയാക്കാന്‍ ഒന്ന്. പാത്രം കഴുകാന്‍ ഒന്ന്.അങ്ങനെ അങ്ങനെ എന്തെല്ലാം ആഡംബരങ്ങള്‍...

വലിയവീടും ഭര്‍ത്താവിന്റെ ബാങ്ക് ബാലന്‍സുമല്ല ജീവിതം എന്ന് എങ്ങനെയാണ് ശ്രീകുമാറിനെ പറഞ്ഞ് മനസ്സിലാക്കിക്കുക എന്നറിയാതെ അരിശം പിടിക്കുകയായിരുന്നു രേവതി.

ഈ ബിസ്സിനസ്സും രാത്രി വൈകിക്കുന്ന തിരക്കുകളും മതിയാക്കി , നേരത്തെ വീട്ടിലെത്താനും ഒന്നിച്ചിരിക്കാനും കഴിയുന്ന ഒരു ജോലി എങ്ങനെയെങ്കിലും കണ്ടു പിടിക്കാന്‍ ശ്രീയോട് അപേക്ഷിച്ചപേക്ഷിച്ച് സ്വയം മടുത്ത് തുടങ്ങിയിരിക്കുന്നു രേവതിയ്ക്ക്.

അതുകൊണ്ടൊക്കെത്തന്നെയാകണം അവള്‍ക്ക് തൊട്ടതിനും പിടിച്ചതിനുമെല്ലാം ദേഷ്യം തോന്നുന്നതും..ചെയ്യുന്നതും പറയുന്നതും എല്ലാം അവസാനിക്കുന്നത് കലഹത്തില്‍ മാത്രം.
രേവതിയുടെ മാനസിക നില തകരാറിലാണെന്ന് ശ്രീകുമാറിനും തോന്നിത്തുടങ്ങിയിരുന്നു.

അല്പം കൂടി പ്രായോഗികത തന്റെ ഭാര്യയ്ക്ക് ഉണ്ടായിരുന്നെങ്കില്‍ എന്ന് അയാള്‍ പലവട്ടം ആഗ്രഹിച്ചിട്ടുണ്ട്: ദത്തന്റെ ഭാര്യ മായയെപ്പോലെയോ, ജോലിയും വീടും ഒരുപോലെ കൊണ്ട് നടത്തുന്ന , തന്റെ ഓഫീസിലെ ശ്യാമയെപ്പോലെയോ ഒക്കെ .........................

Monday, November 29, 2010

ഇന്നലെ വൈകുന്നേരം

ഗൗതമന്റെ കൂടെയായിരുന്നു ഇന്നലെ വൈകുന്നേരം.ഒരു നിബന്ധനയോടെയാണ്‌ കാണാൻ വരാമെന്ന് സമ്മതിച്ചത്:

“ ഓർമ്മകളിലേക്ക് മടങ്ങരുത്.വ്യാകുലപ്പെടാൻ മാത്രമാണെങ്കിൽ ഭാവിയെക്കുറിച്ചും ചിന്തിച്ച് പോകരുത്.വർത്തമാനത്തിൽ ജീവിക്കണം.“
കഠിനമാണെന്ന് ഉത്തരം കൊടുത്തു.എന്നാലും ശ്രമിച്ച് നോക്കാമെന്ന് വാഗ്ദാനവും.

കാണേണ്ടത് എന്റെ ആവശ്യം!അത്രയേറേ ഉണ്ടായിരുന്നു കേൾക്കാൻ.
തിരിച്ചു പറയാൻ ഒന്നുമുണ്ടാവില്ലെന്ന് ഉറപ്പിച്ചു:

ഒരു ഓർമ്മത്തോടും പൊട്ടിക്കാതെ
ഒരു സ്വപ്നവിത്തും മുളപ്പിക്കാതെ
എത്രനേരം വർത്തമാനത്തിന്റെ ചക്രമുരുട്ടും?

കണ്ടപ്പോൾ പതിവ് പോലെ ഓർമ്മകൾ തന്നെ, എനിക്ക്.
പറയാതെ പോയ കാര്യങ്ങൾ.
ഈ മനുഷ്യൻ ഒരു കാലത്ത് എനിക്ക് ഒരു പ്രണയ രഹസ്യം പറഞ്ഞ് തന്നിട്ടുണ്ട്, അതിങ്ങനെയാണ്‌:

“ നിന്നെ പ്രണയിക്കുകയൊന്നുമില്ല ഞാൻ. പ്രണയിച്ചാലും അത് നിന്നോട് പറയുകയുമില്ല.
പ്രണയം തോന്നിയാൽ അതെന്ത് കൊണ്ടെന്ന് ഞാനന്വേഷിക്കും. ആ കാരണങ്ങളിലൂടെ,ആ നന്മയിലൂടെ, കഴിയുന്നത്ര കവാത്തു നടത്തും..ആവർത്തനം കൊണ്ട് ആ പ്രണയവും എനിക്ക് വിരസമാകും, അങ്ങനെ  ഞാനത് പറയാതെ രക്ഷപ്പെടും.പ്രണയത്തെ പ്രസവിച്ചു കളയുന്നതിനേക്കാൾ അതിന്റെ ഗർഭാലസ്യം അനുഭവിക്കാനാണ്‌ എനിക്കിഷ്ടം. “

ഇപ്പോഴും പ്രണയം തോന്നുന്നവരോടൊക്കെ ഇതേ നയമാണ്‌ ഞാനും പാലിക്കുന്നത് എന്നെങ്കിലും പറയണമെന്ന് തോന്നി.
പറഞ്ഞില്ല.പകരം ഗൗതമനു ഓർമ്മകൾ നിഷിദ്ധമാണെന്ന മുന്നറിയിപ്പിനെക്കുറിച്ച് മാത്രം ഓർത്തു!

കടല്‍ ഇരുവശങ്ങളിലായി കാവല്‍ നിന്ന കരയില്‍, ആകാശം നോക്കി, സംസാരിക്കുന്നതത്രയും കേട്ടിരുന്നു. ഇപ്പോഴും ഗൗതമനു വലിയ മാറ്റമൊന്നുമില്ല.


ഒരു വശത്തെ കടലിനുമീതേ അസ്തമിക്കുന്ന സൂര്യനും മറുവശത്തെ ആകാശത്ത് ഉദിച്ച് തുടങ്ങിയ ചന്ദ്രനും.
'നീയും ഞാനും'.ഞാൻ പറഞ്ഞില്ല.' നമ്മളെന്നും ഒരേ ആകാശത്തിലെ രണ്ടിടങ്ങളിലാണ്‌, ഉദയത്തിലും അസ്തമനത്തിലും മുഖത്തോട് മുഖം കാണാമെന്ന് മാത്രം.'

അവൻ നിറയെ സംസാരിച്ചു..പിന്നെ ആകാശത്തിലെ നിറങ്ങളൊരോന്നും  നൂലിഴതിരിച്ച് എന്റെ ഉള്ളം കയ്യില്‍ വെച്ചുതന്നു. എത്രയെത്ര നിറങ്ങള്‍..
'ഇത്രയും ചായക്കൂട്ടുകള്‍ ആര്‍ക്ക് വേണ്ടിയാകണം ഒരുക്കിവെച്ചത്...
ആരുടെ വിരല്‍ത്തുമ്പാവണം കാറ്റിന്റെ നിഴല്‍ വരച്ചെടുക്കുന്നത്...
ആരുടെ മടിയിലാണ് ഒരു കുഞ്ഞായി മുഖമമര്‍ത്തേണ്ടത്..
ആരിലാണ് ഞാന്‍ ഞാനാകേണ്ടത്..' അവന്റെ ശബ്ദം ഞാനാഗ്രഹിച്ചിടത്തോളം കേട്ടു.

മറ്റൊന്നിലേക്കും വഴുതിപ്പോകാതെ ,ശ്വാസവേഗത്തോടൊപ്പം ,മാറുന്ന നിറങ്ങളോടൊപ്പം , ഒരു വൈകുന്നേരം.
അവനിലെ കവിതകളില്‍ മോഹിച്ച്, വാക്കുകളെക്കൊണ്ട് സര്‍ക്കസ്സ് കാട്ടുന്നെന്ന് ആരെക്കൊണ്ടും പറയിപ്പിക്കാതെ ,എനിക്കും കവിതകളെഴുതണെന്ന് ആഗ്രഹിച്ചു.

“ വാക്കുകളെക്കൊണ്ടുള്ള സര്‍ക്കസ്സാണെങ്കില്‍ അതിലെ കോമാളി തന്നെ ആയിക്കൊള്ളൂ “എന്ന് അപ്പോഴവന്റെ ദയവില്ലാത്തെ മറുപടി.

ഓര്‍മ്മകള്‍ക്കും സ്വപ്നങ്ങള്‍ക്കും സങ്കല്പങ്ങള്‍ക്കും അല്ലാതെ മറ്റൊന്നിനും എന്നില്‍ ശബ്ദമായിമാറാന്‍ കഴിവില്ലെന്നറിയാവുന്നതു കൊണ്ട് മിണ്ടാതിരിരുന്നു.
കഴിഞ്ഞുപോയ സംഭവങ്ങളിലേക്കും വരാനിരിക്കുന്നതിലേക്കും ഒരൊറ്റശബ്ദം കൊണ്ട് പോലും , സ്പർശിക്കാതെ എങ്ങനെ ഏറെനേരം സംസാരിക്കാൻ കഴിയും?

കുറെക്കഴിയുമ്പോൾ ഞാനും തത്ത്വചിന്ത പറഞ്ഞ് തുടങ്ങുമോ, അറിയില്ല.. .
ഞാനൊരു സാധാരണ പെണ്ണ്.!

ശ്വാസോച്ഛാസത്തേയും ചിന്തകളേയും ഒരേ നൂലുകൊണ്ട് കെട്ടിയിടാന്‍
എനിക്കെങ്ങനെ സാധിക്കും?


Thursday, November 25, 2010

മഴയ്ക്ക് മാത്രം കാട്ടിത്തരാവുന്നൊരിടത്ത്

തീവ്രപ്രതികരണമുള്ള മാപിനിയിലെ അളവ് ദ്രവം പോലെയാണ്‌ മഴയിൽ എന്റെ ചിന്തകൾ.
ആകാശത്ത് മഴയുടെ തുടക്കം എവിടെനിന്നാണ്‌?

മഴയിൽ
കാറ്റ് കുരുങ്ങുന്നത്..പതിയെ തെന്നിമാറുന്നത്..തണുപ്പിക്കുന്നത്...
മഴയിൽ മുഖങ്ങൾ നിറയുന്നത്
സംഗീതമുണ്ടാകുന്നത്
മഴ നിറമണിയുന്നത്
എങ്ങനെയാണ്‌?

മഴയിൽ ശിലകൾ ഉറവകളാകുന്നത്..
ഉറവകളിൽ തണുപ്പ് കുടിയിരിക്കുന്നത്..
തണുപ്പ് മഴയിലേക്ക് മടങ്ങുന്നത്..

രാത്രിത്തണുപ്പിന്‌
പുതപ്പാകുന്നതും മഴ തന്നെ..

മഴ പെയ്യുന്ന
മഞ്ഞ വെളിച്ചമുള്ള
കാറ്റലയുന്ന
രാത്രികളിൽ
ഉറങ്ങാതിരിക്കണം..

സ്വയം നഷ്ടപ്പെട്ട് യാത്ര ചെയ്യണം..
മഴയിൽ
മഴയോടൊപ്പം..

മഴയാത്രകളിൽ
കാറ്റ് എനിക്ക് നടപ്പാതകളും
ഇലകൾ എനിക്ക് ദിശാസൂചിയുംകടം തരും..
എനിക്ക് ഗന്ധങ്ങളുടെ തിരിച്ചറിവുകളിലൂടെ
കാഴ്ചകളുടെ നിറവിലൂടെ
അപരിചിതങ്ങളായ പാതയോരങ്ങൾ കൈവരും..

മഴ,
ഒരു ദീർഘയാത്രയും
യാത്രിയും
യാത്രയിലെ കാഴ്ചകളും
ദൃഷ്ടിയും
നിറവും
ആണ്‌..

മഴ ഒരു ഗോവണിയാണ്‌..
അല്ലെങ്കിൽ കുരുന്നു വിരലിലെ പട്ടത്തിന്റെ ചരടാണ്‌...

മഴയുടെ അതിരുകൾ തിരഞ്ഞുള്ള യാത്ര,
ഒരു ചെറുപ്രാണിയുടെ ദൂരത്തിനു സമം,
അതിന്റെ വേഗതപോലെ പരിഹാസ്യം...

മഴ വീണ നിലങ്ങളിൽ വെയിൽ നിറഞ്ഞതും
പിന്നെ വെയിൽ മാഞ്ഞ് തണലുണ്ടായി
തണൽ മേഘങ്ങളായി.
മഴയായി.

മഴ
പതിയെ പതിയെ
സങ്കടപ്പെടുത്തുന്നതും
വിഫലമാകുന്നതും
നിശ്ചലമാകുന്നതും
നിറങ്ങൾ മായുന്നതും

രാത്രിയിൽ മഴ ഒടുങ്ങുമ്പോൾ ,
ശബ്ദങ്ങൾ മാത്രം ബാക്കിയാകുന്നതും
കാറ്റ് നനഞ്ഞ് മണ്ണിലേക്ക് വീണ്‌
ഉറവകളായി വീണ്ടും കുതിർന്നതും
ഓർമ്മവരുന്നു.

ഇലകളിലൂടെ മണ്ണിനു മീതേ മഴയുടെ പുനർജ്ജനികൾ.
(എന്റെ ഡയറി -ജൂണ്‍2000)

Monday, November 15, 2010

ഭാര്യയുടെ എഫ്.ബി സുഹൃത്തിന്‌

പത്മയെക്കുറിച്ചാണ്‌ എഴുതാനുള്ളത്. അതിനർത്ഥം ഞാൻ പത്മയല്ല എന്നാണ്‌.

ഞാൻ ശ്രീ ഹരിയാണ്‌.

കഴിഞ്ഞ മൂന്ന് മാസങ്ങളായി പത്മയുടേതായി നിങ്ങൾക്ക് വരുന്ന സന്ദേശങ്ങളും മറുപടികളും ഞാനാണ്‌ എഴുതിയത്. അവളാണെനിക്ക് ഒരോ വാക്കുക്കളും പറഞ്ഞ് തരാറുള്ളത്.

ഒരോ വാക്കിനും വേണ്ടി അവളെ ധ്യാനിച്ച്, ധ്യാനിച്ച്..പക്ഷേ ഇനി വയ്യ. എന്നെക്കുറിച്ചുള്ള തിരിച്ചറിവിന്റെ നഗ്നതയിൽ ഞാൻ തളർന്ന് പോകുന്നു..ഇനി വയ്യ.

പത്മ മരിച്ചിട്ട് ഇന്നത്തേക്ക് മൂന്ന് മാസം. എന്റെ അരികത്ത് കിടന്നാണ്‌ അവൾ അതെല്ലാം ചെയ്തത്. ഞാനുറങ്ങിപ്പോയിരുന്നു..ദിവസങ്ങളോളം ഉറങ്ങാതിരുന്നിട്ട് അന്നെന്തോ ഒന്നുമറിയാതെ ഉറങ്ങിപ്പോയി. എന്റെ മുഖത്തേക്ക് നനവ് പടരുന്നതെന്തെന്നോർത്ത് പതുക്കെ പതുക്കെ കണ്ണു തുറക്കുകയായിരുന്നു...അവളുടെ രക്തം.അവളെന്നോട് യാത്ര ചോദിച്ചതങ്ങനെ..വലത് കൈത്തണ്ടയിലെ ഞരമ്പുകളിലൊന്ന് ഒരു പീശാങ്കത്തി കൊണ്ട് മുറിച്ച്..ഒരു പിടച്ചലുമില്ലാതെ...അതോ അവൾ ഏറെ നേരം പിടഞ്ഞിരുന്നോ?

അവൾ സ്വയം ചെയ്തതാണ്‌ ഇതെല്ലാം.
ആ ദിവസങ്ങളിൽ ഞാനവളുടെ മരണമാഗ്രഹിച്ചു എന്നത് നേര്‌. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഒരു തലയിണ കൊണ്ട് ശ്വാസം മുട്ടിച്ചിരുന്നു അവളെ.ശബ്ദമേതുമില്ലാത്ത പിടച്ചൽ കണ്ടപ്പോൾ മതിയാക്കി.

നിങ്ങളാണ്‌ കാരണം.
നിങ്ങളയക്കാറുള്ള സന്ദേശങ്ങൾ.

അവളതിനു കൊടുക്കാറുള്ള പ്രാധാന്യവും.ഞങ്ങളൊരുമിച്ചിരിക്കുന്നതിനിടെ എത്രപ്രാവശ്യമാണെന്നോ അവൾ നിങ്ങളെ ഓർത്ത് എഴുന്നേറ്റ് പോയത്. അതിനുമാത്രം നിങ്ങൾ അവളോട് കാണിച്ചതെന്താണ്‌? അവൾക്ക് കൊടുത്തതെന്താണ്‌?

എനിക്ക് അവൾ മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ.. എന്നിട്ടും........

സംസാരിക്കാനും കേൾക്കാനും കഴിയാത്ത കുട്ടിയോടുള്ള സഹതാപം കൊണ്ടൊന്നുമല്ല ഞാൻ പത്മയെ സ്നേഹിച്ചതും കല്യാണം കഴിച്ചതും. ഞാൻ പറയുന്നത് മാത്രം കേൾക്കാൻ കഴിയുന്ന .. എന്നോട് മാത്രം മിണ്ടാൻ കഴിയുന്ന ..മറ്റാരുമായും ബന്ധങ്ങളില്ലാത്ത ഒരാളെയായിരുന്നു എനിക്ക് വേണ്ടിയിരുന്നത്....എല്ലാനേരവും അവൾ എന്നെമാത്രം ഓർക്കണം എന്നുള്ളത് കൊണ്ട്.. ഞാനല്ലാതെ മറ്റാരും അവളെ അറിയാനിടയാവരുതെന്നാഗ്രഹിച്ചത് കൊണ്ട്.. അവൾക്ക് സുഹൃത്തുക്കൾ ഇല്ലായിരുന്നു..സോഷ്യൽ നെറ്റ് വർക്കിൽ വരുന്നത് വരെ.അവളുടെ എഫ് ബി അക്കൊണ്ടിൽ പക്ഷേ സുഹൃത്തുക്കളുടെ എണ്ണം എത്രവേഗത്തിലാണ്‌ കൂടിയത്...നിങ്ങൾ എന്ത് കണ്ടിട്ടാണ്‌..??

എന്നെ അതെത്ര അസ്വസ്ഥപ്പെടുത്തി എന്നറിയാമോ..ഞങ്ങളൊന്നിച്ചിരിക്കുമ്പോഴും അവൾ നിങ്ങളെക്കുറിച്ചാണ്‌ ഓർത്തിരുന്നത്..തിരക്ക് പിടിച്ച് അവൾ ലാപ്ടോപ്പിനു മുന്നിലേക്ക് പോകുമ്പോഴേ എനിക്ക് അരിശം തോന്നും.. അവൾ കൈവിരലുകൾ കൊണ്ട് നിങ്ങളോട് സംസാരിച്ച് തുടങ്ങുന്നത് എന്നെ അവഗണിച്ചാണെന്ന് നിങ്ങളും അറിഞ്ഞില്ല.അവളും അറിഞ്ഞില്ല..

അവൾ എഴുതാറുള്ള സന്ദേശങ്ങളും മറുപടികളും ഞാൻ കണ്ടിട്ടുണ്ട്..അവളെഴുതുന്നത് എന്നില്‍ നിന്ന് മറച്ചു വയ്ക്കാറൊന്നും ഉണ്ടായിരുന്നില്ല. എന്നാലും എനിക്ക് തോന്നും ഞാനില്ലാത്തെപ്പോള്‍ അവള്‍ക്ക് മറ്റുവല്ല സന്ദേശങ്ങളും വരുന്നുണ്ടോ എന്ന്. ചിലതവള്‍ ഞാന്‍ കാണാതെ മായ്ച്ചു കളയുന്നുണ്ടോയെന്ന്...

ഇത്രമാത്രം സ്നേഹം നിറച്ച് വാക്കുകൾ എഴുതിയിടാൻ നിങ്ങൾ അവൾക്കാരാണ്‌..നിങ്ങളോട് പ്രണയത്തെക്കുറിച്ചൊക്കെ പറയാൻ മാത്രം..എനിക്ക് കിട്ടേണ്ടതാണ്‌ നിങ്ങൾ തട്ടിയെടുക്കാൻ നോക്കുന്നത്... അവൾക്ക് മിണ്ടാനും കേൾക്കാനും കഴിയില്ലെന്ന് നിങ്ങളറിഞ്ഞില്ല അല്ലേ? അവളുടെ വിരലുകൾകൊണ്ടുള്ള സംസാരത്തിൽ നിങ്ങൾ സ്വയം മറക്കാറുണ്ടല്ലേ?

നിങ്ങളെയൊക്കെ പരിചയപ്പെടുന്നതിനു മുൻപ് എല്ലാസ്നേഹവും കിട്ടിയത് എനിക്ക് മാത്രം..

എന്റെ ചുണ്ടിൽ വിരലുകൾ ചേർത്ത് പിടിച്ച് അവൾ കേൾക്കും..എന്റെ തുപ്പൽ മഷിയിൽ വിരൽമുക്കി അവൾ തോളിൽ എഴുതിയിടും..
വല്ലാതെ സ്നേഹം തോന്നുമ്പോൾ ഇടത്തേകഴുത്തിൽ പല്ലമർത്തി നാവ്കൊണ്ട് വരയ്ക്കും ..എനിക്ക് മാത്രം വായിക്കാൻ കഴിയുന്ന കുഞ്ഞുകുഞ്ഞു അക്ഷരങ്ങൾ..

നിങ്ങൾ വന്നതിനു ശേഷം എല്ലാറ്റിലും കുറവ് വന്നില്ലേ... എന്നോട് പോലും സംസാരിക്കാൻ അവൾ ടൈപ്പിംഗ് തുടങ്ങി..അപ്പോൾ ആരായി ഞാനവൾക്ക്? നിങ്ങളെപ്പോലൊരാൾ..

അതുകൊണ്ടൊക്കെയാണ്‌ എന്റെ മനസ്സിൽ കലാപം തുടങ്ങിയത്..അവളോട് കലഹിച്ചുതുടങ്ങിയത്...അവളെ കൊന്നുകളഞ്ഞാലോ എന്ന് പോലും ആലോചിച്ചത്.. അവളുടെ മരണമാഗ്രഹിച്ചത്..

സുഹൃത്തേ അവളുടെ മരണശേഷം അവള്‍ക്കായ് നിങ്ങളയച്ച സന്ദേശങ്ങള്‍ ഞാന്‍ വായിച്ചു. ഞാന്‍ ഭയന്നതൊന്നും അതിലില്ലെന്നും മനസ്സിലായി.നിങ്ങളെ എനിക്ക് ഇഷ്ടപ്പെടാതിരിക്കാന്‍ കാരണങ്ങളുമില്ല.

എങ്കിലും ഇനി വയ്യ. ഇനി നിങ്ങൾക്കിടയിൽ പത്മയും അവളുടെ സന്ദേശങ്ങളുമില്ല..കഴിഞ്ഞ മൂന്ന് മാസങ്ങളായി ഞാനാണ്‌ അവളുടേതായി നിങ്ങൾക്ക് മറുപടികളയച്ചത്... ....അവൾ തെറ്റൊന്നും ചെയ്തില്ലെന്നും നിങ്ങൾ തെറ്റായൊന്നും ആഗ്രഹിച്ചില്ലെന്നും കൂടുതൽ കൂടുതൽ തിരിച്ചറിയാൻ ഇനി വയ്യ..

നിങ്ങൾക്കിടയിൽ ഇനി പത്മ വേണ്ട..അവളിനി എന്റേത് മാത്രമാണ്‌...
എന്റെ കഴുത്തിൽ അവളുടെ ചുണ്ടുകൾ അമരുന്നത് ഞാനറിയുന്നു..അവൾ എന്നോട് ക്ഷമിച്ചതായി നാവുകൊണ്ട് എഴുതുന്നതും ഞാനറിയുന്നു..അവളുടെ തുപ്പൽമഷിയിൽ എനിക്കായ് മാത്രമുള്ള അക്ഷരങ്ങൾ......

നിങ്ങൾ കണ്ണടച്ചേക്കുക..അവളിനി എന്റേത് മാത്രമാണ്‌...

Sunday, October 10, 2010

വേനലറുതി


ഇത് മഴയുടെ മൂന്നാം നാൾ.
എന്നിട്ടും ദാഹം മാറാതെ കിട്ടിയതത്രയും വിഴുങ്ങുകയാണ്‌ അംഗരാജ്യം.

അപരിചിതമാണ്‌ ഈ മഴ.
മരങ്ങളൊന്നും ബാക്കിയില്ലാത്തൊരിടത്ത് മേഘങ്ങൾ വിയർക്കുകയാണെന്നേ തോന്നൂ.

പക്ഷേ ആദ്യ ദിവസത്തെ ദുർഗന്ധം മാറിത്തുടങ്ങിയിട്ടുണ്ട്- വേനലിൽ വെന്ത മണ്ണിന്റെ, ശവങ്ങളുടെ, വിസർജ്ജ്യങ്ങളുടെ അസഹനീയമായ ഗന്ധമായിരുന്നു ആദ്യം.
മഴ പെയ്ത് തുടങ്ങിയതിന്റെ ആദ്യത്തെ ആഹ്ലാദം കഴിഞ്ഞതിൽ പിന്നെ ആളുകൾ അതിനെക്കുറിച്ചാകണം ആവലാതിപ്പെട്ടത്.

പന്ത്രണ്ട് വർഷം നീണ്ട വേനലിലേക്ക് പെയ്ത് ശീലിക്കുന്ന മേഘങ്ങൾക്ക് നന്ദി.
ആശ്രമത്തിൽ അനിയത്തികുട്ടികളെപ്പോലെ  കൂടെ ഓടിക്കളിച്ച അവർ അംഗരാജ്യത്തും കൂട്ടുവന്നിരിക്കുനു. അല്ലെങ്കിൽ അവസാനത്തെ പ്രതീക്ഷയുമായി കഴിഞ്ഞിരുന്ന ജനക്കൂട്ടം നിരാശകൊണ്ട് ആക്രമിച്ചേനെ.

അറിയാം, ഇതവരുടെ പ്രാർത്ഥനകളുടെ മാത്രം ഫലമാണ്‌.
ഒരു നിയോഗം പോലെ നിമിത്തമായെന്ന് മാത്രം.

അല്ലാതെ അവർ വിശ്വസിക്കുന്നതു പോലെ സ്ത്രീയെ കാണാത്ത ,കാമിക്കാത്ത ,സ്പർശിക്കാത്ത ഒരാളെയാണ്‌ മേഘങ്ങൾ മഴപെയ്യിക്കാൻ കാത്തിരുന്നതെങ്കിൽ താനും അയോഗ്യൻ തന്നെ.
തർക്കശാസ്ത്രത്തിൽ നൈപുണ്യം നേടിയ മനസ്സ് അതോർമ്മിപ്പിക്കുന്നുണ്ട്.

പഠിച്ച പൂജാവിധികളും ശാസ്ത്രങ്ങളുമൊന്നും മഴപെയ്യിക്കാൻ ഫലിക്കാതെ വന്നപ്പോൾ, ലോമപാദമഹാരാജാവിന്റെ ഉപദേശകരാരോ കണ്ടുപിടിച്ചതാകണം ദുർഘടമായ ഈ സൂത്രം. സ്ത്രീകളെ കണ്ടിട്ടില്ലാത്ത ഒരു മുനിയെ കൊണ്ട് യാഗമനുഷ്ഠിപ്പിച്ചാൽ നാട്ടിൽ മഴപെയ്യുമെന്ന്.
കൂട്ടത്തിൽ വനത്തിലൊരിടത്ത് അച്ഛനെയല്ലാതെ മറ്റാരേയും കാണാതെ വളരുന്ന വിഭാണ്ഡക പുത്രൻ ഋഷ്യശൃംഗകുമാരന്റെ കഥകളും.
ഉഗ്രകോപിയായ മഹർഷി മകനെ മറ്റൊരിടത്തേക്കും അയക്കാൻ വഴിയില്ലെന്നും അവർ കേട്ടിരിക്കും.

അസംഭവ്യമെന്ന് സ്വയം നിശ്ചയിച്ച ഒരു പ്രതിവിധികൊണ്ട് , രാജകല്പനയിൽ നിന്ന്, ജനങ്ങളുടെ സങ്കടങ്ങളിൽ നിന്ന്, തല്ക്കാലത്തേക്കെങ്കിലും രക്ഷപ്പെടാം എന്ന് കരുതിക്കാണണം ആ ബുദ്ധിരാക്ഷസന്മാർ.


ആശ്രമത്തിലെ വൃക്ഷത്തയ്യുടെ ഇലയൊന്ന് വാടിയാൽ പോലും അസ്വസ്ഥനാകാറുള്ള അച്ഛൻ, ജീവജാലങ്ങൾ മുഴുവൻ വേനലിൽ വെന്തുപോകുന്ന ഒരു രാജ്യത്ത് , മഴപെയ്യിക്കാൻ മകൻ വേണമെങ്കിൽ, അയക്കാതിരിക്കില്ലായിരുന്നു.

അച്ഛനെ അറിയാം.
തുളുമ്പിപ്പോകാതെ ഒരു നിറകുടം പോലെ അച്ഛൻ സ്നേഹം ഒളിപ്പിച്ചു വെക്കാറുള്ളതും അറിയാം.

ഏകാഗ്രതയില്ലെന്ന് തന്നോട് കയർക്കുമ്പോഴൊക്കെയും , ഒരിയ്ക്കൽ സ്വയം നഷ്ടപ്പെട്ട മനസ്സാന്നിധ്യത്തെയാണ്‌ അച്ഛൻ ശാസിക്കാറുള്ളതെന്ന് തോന്നാറുണ്ട്.കടുത്ത ശിക്ഷകൾ കൊണ്ട് അദ്ദേഹം സ്വയം പ്രഹരിക്കുകയാണെന്നും .

കാമക്രോധങ്ങളെ അതിജീവിച്ച് ബ്രഹ്മപദത്തിലെത്തുകയാണ്‌ ലക്ഷ്യം.

അങ്ങനെയെങ്കിൽ തന്നോട് കയർക്കുമ്പോഴൊക്കെയും അച്ഛൻ ബ്രഹ്മപദത്തിൽ നിന്ന് അകലുകയാണല്ലോ എന്നൊരു ഫലിതം തോന്നും, മനസ്സിൽ.
പാലിക്കാൻ കഴിയാത്തത് പഠിപ്പിക്കുകയും അരുതെന്ന ശാസ്ത്രം കൂടി വേണം.


 ഇന്ന് അംഗരാജ്യത്ത് മേഘങ്ങൾ ഗർജ്ജിക്കുമ്പോൾ പക്ഷേ അച്ഛന്റെ സ്വരം കേൾക്കാം.

ആ കാർമേഘങ്ങൾ തണുത്ത കാറ്റിന്റെ കയ്യിൽ ആശ്രമത്തിലെ കൂട്ടുകാർക്കും സന്ദേശമെത്തിച്ചിരിക്കണം.

ഒപ്പം സംസാരിക്കുകയും ശബ്ദം തിരിച്ചറിയുകയും ചെയ്യാറുള്ള പ്രിയപ്പെട്ട കൂട്ടുകാർ- കൂടെ കളിച്ചു നടക്കാറുണ്ടായിരുന്ന മൃഗങ്ങളും പക്ഷികളും, കാത്തിരിക്കാറുണ്ടായിരുന്ന വൃക്ഷലതാദികളും, കാവൽ നില്ക്കാറുള്ള മലനിരകളും, കൂടെയിരിക്കാൻ സാവകാശം കാണിക്കാതെ ഒഴുകിയകലാറുള്ള അരുവികളും..

ശ്രാവണബലി കഴിഞ്ഞ് അച്ഛൻ മടക്കയാത്രയിലാകും.“ സ്വപ്നം കാണുകയാണോ അങ്ങ് ”
ശബ്ദം തിരിച്ചറിയാം. അവളുടേതാണ്‌.
ലോമപാദ മഹാരാജാവിന്റെ പുത്രി,ശാന്ത.

രാജ്യം കന്യാധനമായി തന്നിരിക്കുന്നു എന്ന് രാജാവ് യജ്ഞശാലയിൽ വെച്ച് പ്രഖ്യാപിച്ചത് അപ്രതീക്ഷിതമായിരുന്നു.

യജ്ഞശാലയിൽ നിന്ന് മഴനനയുന്ന ആൾക്കൂട്ടത്തെ കാണുകയായിരുന്നു അന്നേരം.

അപരിചിതരായ ഒരുപാട് മനുഷ്യർ.
പല മുഖങ്ങൾ.പല വസ്ത്രങ്ങൾ.പല രൂപങ്ങൾ.
സ്ത്രീകൾ,കുട്ടികൾ,വൃദ്ധന്മാർ.
ഒരുപാട് ഒരു പാട് ആഹ്ലാദശബ്ദങ്ങൾ.
അലങ്കാരങ്ങൾ.
വാദ്യോപകരണങ്ങൾ.
നൃത്തങ്ങൾ..

ഒരു കാട്ടുവാസിയുടെ കൗതുകങ്ങൾ മനസ്സിലടക്കിപ്പിടിക്കാൻ ബ്രഹ്മർഷിയുടെ ഗൗരവം അഭിനയിക്കേണ്ടി വന്നു മുഖത്തിന്‌.
അജ്ഞതയിൽ ലജ്ജയും തോന്നി.

ഏകാന്തമായ തപസ്സൊഴിച്ച്, മറ്റെല്ലാം മിഥ്യയാണ്‌ ,മായയാണ്‌, മായാവികളാണെന്ന് പഠിച്ചു ശീലിച്ച മനസ്സ് കലഹിച്ച് തുടങ്ങി.
എല്ലാറ്റിനേയും അവഗണിച്ച് ഒളിച്ചൊരിടത്തുനിന്ന് ബ്രഹ്മപദം സങ്കല്പിക്കുന്നതിലും ശ്രേഷ്ഠം ,ഈ ആൾക്കൂട്ടത്തിന്റെ മധ്യത്തിൽ സമസ്ത വികാരങ്ങളോടും പൊരുതി ജയിക്കുന്നതാണെന്ന് തോന്നി.“അങ്ങ് ഇതുവരേയും എന്നോട് സംസാരിച്ചില്ല..”
വീണ്ടും അവളാണ്‌.
മിണ്ടാപ്രാണികളോട് സംസാരിച്ചു ശീലിച്ചവന്റെ വാഗ് സാമർഥ്യത്തെ ശാന്ത മനസ്സിൽ പരിഹസിക്കുന്നുണ്ടാകണം.

ശിലയിൽ മാൻ തൊലിയിൽ കിടന്ന് ശീലിച്ചവന്‌ എല്ലാം കൗതുകം തന്നെ.
അന്ത:പുരത്തിന്റെ ഉയരമുള്ള മേല്ക്കെട്ടും, ലക്ഷണമൊത്ത ശില്പങ്ങളും, ലോഹവിളക്കും,പട്ടുമെത്തയും..പിന്നെ കൂട്ടിനിരിക്കുന്ന സുന്ദരിയും അവളുടെ അലങ്കാരങ്ങളും ശരീരഗന്ധവും.

ചന്ദനത്തൈലത്തിന്റെ മണമാണിവൾക്ക്.
ആശ്രമത്തിൽ കളിക്കാൻ വരാറുണ്ടായിരുന്ന ഭാർഗ്ഗവിയെന്ന വിളിപ്പേരുള്ള പുലിക്കുട്ടിയുടെ ചന്തമുള്ളവൾ. ആ ധാർഷ്ട്യം.
ശബ്ദത്തിന്‌ ആജ്ഞാ സ്വരമാണ്‌, വിനയം ശീലിക്കാൻ യത്നിക്കുന്നുണ്ടെങ്കിലും:

“ ആലോചന ആശ്രമത്തെക്കുറിച്ചോ അതോ മോഹിപ്പിച്ച് കൂട്ടിക്കൊണ്ടുവന്ന വൈശ്യയെക്കുറിച്ചോ..? “വൈശ്യ..അതായിരുന്നോ പേര്‌?
മൂന്ന് ദിവസങ്ങളായി അതാണ്‌ ഓർത്തെടുക്കാൻ ശ്രമിക്കുന്നത്. മുന്നിൽ വന്നുപോകുന്ന സ്ത്രീകളിലോരോരുത്തരിലും അവളുട മുഖമായിരുന്നു തിരയുന്നത്.

കുങ്കുമപ്പൂക്കളുടെ മണമുള്ള അവളുടെ ദേഹം അവർക്കിടയിലുണ്ടോ എന്ന്.
അവൾ സംസാരിച്ച നേരമത്രയും ആ ശബ്ദം മനസ്സിലാവാഹിക്കുകയായിരുന്നു.
ഇപ്പോഴും ചെവിയൊർത്താൽ അത് കേൾക്കാൻ കഴിയുന്നുണ്ട്...

എന്നിട്ടും അവളുടെ പേരോർത്തെടുക്കാൻ കഴിയുന്നില്ല..
ചിലപ്പോൾ പറഞ്ഞിട്ടുണ്ടാവില്ല. ഒരു പേരിലെന്തിരിക്കുന്നെന്ന് അവൾ കരുതി കാണണം.


ഭാർഗ്ഗവിയോടും നികുംഭനെന്ന സിംഹക്കുട്ടിയോടുമൊപ്പം മരത്തണലിൽ മേഘങ്ങൾ വരയ്ക്കുന്ന ചിത്രങ്ങൾ നോക്കിക്കിടക്കുമ്പോഴാണ്‌ അവളുടെ ശബ്ദം ആദ്യം കേട്ടത്.

അപൂർവ്വമായി വരാറുള്ള പക്ഷികളിലേതോ ഒന്നാണെന്ന് കരുതി.
അന്വേഷിക്കാനിറങ്ങിയപ്പോൾ നികുംഭന്‌ വിസമ്മതം.
ഒരു പക്ഷിയെ പേടിക്കുന്ന നീയാണോ നാളെ വനരാജനാകാൻ പോകുന്നതെന്നവനെ പരിഹസിക്കാനും മറന്നില്ല.

തിരഞ്ഞ് ചെന്നപ്പോൾ കണ്ടത് പക്ഷേ മനുഷ്യരൂപം.
അത്രയേ ഉണ്ടായിരുന്നുള്ളൂ സാമ്യം.
മറ്റെല്ലാം അപരിചിതം.
സ്വർണ്ണവർണ്ണം. സൂര്യ തേജസ്സ്.
ജടകെട്ടാത്ത നീണ്ട മുടി.
മുടിയിലും ദേഹത്തും നിറയെ അലങ്കാരങ്ങൾ.അവയുടെ കിലുക്കങ്ങൾ.
വസ്ത്രങ്ങളിലും മായാജാലം.

പക്ഷേ അത്ഭുതം തോന്നിയത്,  മാറിടത്ത് രണ്ട് ഫലങ്ങൾ കെട്ടിവെച്ചലങ്കരിച്ചതെന്തിനായിരിക്കുമെന്നോർത്താണ്‌.
കൗതുകം തോന്നി,കാമവും.

അപരിചിതൻ തട്ടിക്കളിക്കുന്ന ഗോളാകാരത്തിലുള്ള കായ എന്താണെന്ന് വിസ്മയിച്ചാണ്‌ അടുത്ത് ചെന്നത്.കളിപ്പന്താണെന്ന് പറഞ്ഞു.
മുൻപരിചയമുള്ളതു പോലെയാണ്‌ സംസാരിച്ചുതുടങ്ങിയത്. ആലിംഗനവും ചെയ്തു.
അവരുടെ ഉപചാര രീതി അതാണത്രേ.
ആലിംഗനം ചെയ്യുമ്പോൾ തന്റെ ശരീരത്തിൽ പുതിയ അവയവങ്ങൾ മുളയ്കുന്നുവോ എന്നും തോന്നിപ്പോയി.

വയറിന്റെ ചൂടറിഞ്ഞു.നാഭിച്ചുഴിയിലെ നീല രോമങ്ങൾ കണ്ടു.
ശ്രാവണ മാസത്തിലെ മിന്നല്പ്പിണരുകളിലൊന്ന് നിശ്ചലമായ കയത്തിലലിഞ്ഞ് തരംഗമായി വ്യാപിക്കുന്നതു പോലെയാണ്‌ അതനുഭവിച്ചറിഞ്ഞത്.

സ്ത്രീയെ കാണാതിരുന്നത്, അറിയാതിരുന്നത്, സ്പർശിക്കാതിരുന്നത്, മാത്രമായിരുന്നു ഋഷ്യശൃംഗന്റെ യോഗ്യതയെങ്കിൽ അതിവിടെ അവസാനിക്കുന്നു.

ഉണങ്ങരുതെന്നാഗ്രഹിക്കുന്ന ഒരു മുറിവിൽ നിന്നുള്ള വേദനപോലെ..
അല്ലെങ്കിൽ ആവർത്തിക്കാനാഗ്രഹിക്കുന്ന അനുഭൂതി പോലെ..
നേരമേറെക്കഴിഞ്ഞെപ്പോഴോ ഇഴകളഴിഞ്ഞു.
ക്ഷീണിച്ചെന്നു കരുതിയാവണം,കുടിക്കാനെന്തൊ തന്നു.
മുൻപൊരിയ്ക്കലും കുടിച്ചിട്ടില്ലാത്ത എന്തോ..
സോമരസം.ദേവകൾ കൂടി കുടിക്കുന്നതാണെന്ന് പറഞ്ഞു..
ആയിരിക്കണം,
അതുകൊണ്ടാവണം ഒരു തൂവൽ പുറത്തേറി ഭൂമി ചുറ്റിക്കാണുന്ന സുഖം.

സുഖമറിഞ്ഞ് സുഖമറിഞ്ഞ് എപ്പോഴോ ഉറങ്ങിപ്പോയി.
ഉണർന്നപ്പോൾ അവളെ കണ്ടതുമില്ല.
സ്വപ്നം കണ്ടതാണോ എന്ന് സംശയിച്ചു.ആണെങ്കിൽ ശരീരത്തിന്‌ മറ്റൊരു ഗന്ധമുണ്ടാകുന്നതെങ്ങനെ..?

സന്ധ്യാവന്ദനം മുടങ്ങിയതിൽ കോപിച്ച് അച്ഛൻ വരുന്നതുവരെ അവിടെ തന്നെ കിടന്നു.
അന്ന് ആകാശത്തിലെ മേഘങ്ങളിലെല്ലാം ഒരു സ്ത്രീയുടെ മുഖമുണ്ടായിരുന്നു.
കാറ്റിന്‌ പതിവില്ലാതെ കുങ്കുമപ്പൂക്കളുടെ ഗന്ധം.


മനസ്സ് മറ്റെവിടെയോ ആണെന്ന് അച്ഛനറിഞ്ഞു കാണണം.
സംഭവങ്ങൾ വിവരിച്ചപ്പോൾ, അത് തപം മുടക്കാൻ വന്ന മായാവികളായ രാക്ഷസന്മാരാകാമെന്ന് പറഞ്ഞു.
കരുതിയിരിക്കാനും ആജ്ഞാപിച്ചു.

മൂന്നു മാത്രയിലോംകാരം പന്തീരായിരം പ്രാവശ്യം.
പക്ഷേ ആ ധ്യാനവുമന്ന് എന്തുകൊണ്ടോ നിഷ്ഫലമായിരുന്നു.
കൈക്കുമ്പിളിലെ അർഘ്യജലത്തില്‍ അവൾ മാത്രം.
ചിലപ്പോൾ തോന്നും വിരലുകളിൽ ചിലത് അവൾ, ശരീരത്തിലെവിടെയോ ബാക്കി വെച്ച് പോയിട്ടുണ്ടെന്ന്.
അത്രമേൽ സ്പർശനമറിയാം.
കാതോർത്താൽ ശബ്ദവും കേൾക്കാം.

ദിവസങ്ങളത്രയും ആഗ്രഹിച്ചത് അവളെ വീണ്ടുമൊന്ന് കാണാനാണ്‌.
പക്ഷേ സങ്കല്പത്തിലെല്ലാതെ വീണ്ടും മുന്നിലൊന്ന് വന്ന് നില്ക്കാൻ അവൾ ദയവ് കാണിച്ചില്ല.

പുറംകാടുകളിൽ അലഞ്ഞ് നടക്കരുതെന്ന് അച്ഛന്റെ ശാസനയുമുണ്ടായിരുന്നു.
നികുംഭനും ഭാർഗ്ഗവിയുമൊത്ത് ക്രീഢയ്ക്കും മനസ്സ് വന്നില്ല.

അധ്യയനം കഴിഞ്ഞാൽ പിന്നെ പൊയ്കയുടെ തീരത്ത വന്നിരുന്ന് , ഒന്നിച്ചു നീന്തുന്ന അരയന്നങ്ങളെ, മുഖമുരസുന്ന മാനുകളെ , മരക്കൊമ്പത്ത് കൂട് കെട്ടുന്ന കിളികളെ, ഒക്കെ നോക്കിയിരിക്കാൻ തോന്നി.
ചക്രവാക പക്ഷിയുടെ ശബ്ദം  കേൾക്കുന്നുണ്ടോ എന്ന് സംശയിച്ചു.

അപരിചിതമായ ഒരഗ്നിയിൽ സ്വയം ഹോമിച്ചു.

ദിവസങ്ങൾ കഴിഞ്ഞ്,  ശ്രാവണബലിയ്ക്ക് അച്ഛൻ യാത്രതിരിക്കുന്നത് നോക്കിനില്ക്കെ അവളുടെ ശബ്ദം വീണ്ടും കേട്ടു.
ഏത് പക്ഷിയുടേതിനേക്കാളും മനോഹരമായ പാട്ട്.
അന്വേഷിച്ച് ചെന്നപ്പോൾ പുറം കാട്ടിലില്ല.

പകരം അതിരിൽ നദിക്കരയിൽ നിന്ന്.
അവിടെയെത്തിയപ്പോൾ അതിലേറെ അത്ഭുതം.
പാട്ട് കേൾക്കുന്നത് നദിയിൽ ഒഴുകിക്കിടന്ന മരത്തടിയുടെ നിറമുള്ള വലിയ അരയന്നത്തിൽ നിന്ന്.
നൗകയാണെന്നാണ്‌ അവൾ പറഞ്ഞത്. കൂടെ വേറേയും മനുഷ്യരുണ്ടായിരുന്നു,കൂട്ടുകാരെന്ന് പരിചയപ്പെടുത്തി.

അവളുടെ ദേഹം വീണ്ടുമറിയുന്നതിനിടെ ചോദിച്ചു: എന്താണ്‌  ജീവിതത്തോടൊപ്പം പകരം തരേണ്ടതെന്ന്.. മഹാസിദ്ധികൾ ..മന്ത്രങ്ങൾ..
എന്ത് പ്രലോഭനങ്ങൾ കൊണ്ടായാലും, പ്രീതിപ്പെടുത്തിയാൽ വരം കൊടുക്കുന്ന പതിവ് തെറ്റിക്കുന്നില്ലല്ലോ എന്ന് മനസ്സ് ഓർമ്മിപ്പിക്കാതിരുന്നില്ല.


അവൾ പക്ഷേ പറഞ്ഞത്: ‘ അങ്ങ് അംഗരാജ്യത്തെ അനുഗ്രഹിച്ചാൽ മതി..’

പന്ത്രണ്ട് വർഷത്തെ വേനലിൽ ക്ഷാമം വിഴുങ്ങിയ അവളുടെ രാജ്യത്തെക്കുറിച്ച് ഏറെ വിസ്തരിച്ചു.


' അങ്ങയുടെ തപസ്സിദ്ധികൊണ്ട് അവിടെ മഴ പെയ്യിച്ചാൽ മാത്രം മതി..ദാഹിച്ച് വലഞ്ഞ് ഇനി ഒരു പ്രാണി പോലും അവിടെ മരിക്കാതിരുന്നാൽ മതി..‘

യാത്രനീളെ മറ്റെല്ലാം മറന്ന് മേഘങ്ങളോട് പ്രാർത്ഥിക്കുകയായിരുന്നു,അംഗരാജ്യത്ത് മഴയായ് വർഷിക്കാൻ..“ അങ്ങ് ആലോചിക്കുന്നത് ആ വൈശ്യയെക്കുറിച്ചാണെന്ന് തോന്നുന്നു.. അവളെ മറക്കേണ്ടതാണ്‌.. അങ്ങയുടെ സന്തതി വളരേണ്ടത് കുലമഹിമയും ആഭിജാത്യവുമുള്ള സ്ത്രീ ക്ഷേത്രത്തിലാണെന്ന് അങ്ങ് ഓർക്കാത്തതെന്തേ..”
വീണ്ടും ശാന്തയാണ്‌.അവളുടെ സ്വരം മൃദുവാണെങ്കിലും ആജ്ഞയായിത്തന്നെ.
അക്ഷമയാണ്‌ അവളെന്ന് തോന്നി.


മാതൃഗർഭത്തെക്കുറിച്ച് അച്ഛനോട് കുട്ടിക്കാലത്തൊരിക്കൽ ചോദിച്ചിരുന്നു.
താമരക്കുളത്തിലെ വെള്ളത്തോടൊപ്പം തന്റെ ബീജവും കുടിച്ച പേടമാൻ പ്രസവിച്ചതാണെന്നായിരുന്നു മറുപടി. ജനിച്ചപ്പോൾ കൊമ്പുമുണ്ടായിരുന്നത്രേ. അങ്ങനെയാണ്‌ വിഭാണ്ഡകൻ, പുത്രന്‌ ഋഷ്യശൃംഗൻ എന്ന് പേരിട്ടത്.
കാലങ്ങൾ കുറേ അത് വിശ്വസിച്ച് നടന്നു.

അതാണിപ്പോഴും വിശ്വസിക്കുന്നത് എന്ന് കരുതിയിട്ടുണ്ടാവണം ശാന്തയും.
അതായിരിക്കണം അവൾ ഓർമ്മിപ്പിച്ചത്:
“ ഇന്ന് ഗ്രഹസ്ഥിതി പ്രകാരം സത്പുത്രയോഗമുണ്ടെന്ന് പുരോഹിതൻ പറഞ്ഞത് അങ്ങ് മറന്നോ..”

മന്ത്രോച്ചാരണം ചെയ്ത് മഴ പെയ്യിക്കാനല്ലാതെ മറ്റൊന്നിലും നിപുണനല്ല എന്ന് കരുതിയാവണം അവൾ അനുവാദത്തിന്‌ കാത്തുനിന്നില്ല.

ക്രീഢകൾക്കിടയിൽ കഴുത്തിൽ പതിയാറുള്ള ഭാർഗ്ഗവിയുടെ നഖങ്ങൾ പോലെത്തന്നെ ഇവളുടേതും. മദം പിടിച്ച ആന അലയുന്നതുപോലെ രോമക്കാടുകളിൽ ഇവളും ദയകാണിക്കുന്നില്ല.

ഉപേക്ഷിച്ചിറങ്ങാൻ വയ്യാത്ത ബന്ധങ്ങളുടെ അന്ത:പുരത്തിലേക്കാണ്‌ യാത്ര.

ശബ്ദം പുറത്ത് കേൾപ്പിക്കാതെ അവളോട് പറഞ്ഞു:
ആദ്യം മുതല്ക്ക് ഒന്നും വയ്യ;
എല്ലാം പകുതിക്ക് വെച്ച് തുടങ്ങാം,
നിനക്ക് നല്കാൻ മുൻപേ പോയവളുടെ ഗന്ധം മാത്രം..

ഇതും ഒരു വേനലറുതിയാണ്‌.

Sunday, October 3, 2010

വീട്ടിലേക്കുള്ള വഴി

ടൗണിൽ നിന്ന് മടങ്ങാൻ ഒരു ഓട്ടോയ്ക്ക് കാത്ത് നില്ക്കുകയായിരുന്നു ഞാൻ.

കാറെടുത്ത് പോയാൽ മതിയെന്ന് അമ്മ പലവട്ടം പറഞ്ഞിരുന്നു.
പക്ഷേ ഡ്രൈവിംഗിനുള്ള ഏകാഗ്രതയില്ല ഒട്ടും.
അശ്രദ്ധമായോടിച്ച് എനിക്കെന്തെങ്കിലും അപകടം സംഭവിക്കുമോ എന്ന പേടിയല്ല.

ചിലപ്പോൾ തോന്നും മനസ്സങ്ങനെയൊന്നിനു ആഗ്രഹിക്കുണ്ടോയെന്ന് പോലും.
എവിടയെങ്കിലും ഒന്നിടിച്ച് അവസാനിപ്പിക്കുക..
എന്റെയുള്ളിലെ ഭ്രാന്തമായ ഈ കലാപം മറ്റാരുടെയെങ്കിലും ജീവിതം കൂടി ഇല്ലാതാക്കുമോ എന്ന ഭയം കൊണ്ടാണ്‌ ഒറ്റയ്ക്ക് വണ്ടിയെടുത്തു വരാതിരുന്നത്.(ഈ വീണ്ടുവിചാരമാണ്‌ ഒരു നോർമ്മലായ വ്യക്തി എനിക്കുള്ളിലിപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് എന്നെ ഓർമ്മിപ്പിക്കുന്നത്.)ഒരു തരത്തിൽ ഈ യാത്ര തന്നെ അനാവശ്യമായിരുന്നു.
വീട്ടിലൊന്നും ചെയ്യാനില്ലെന്ന് തോന്നിയപ്പോൾ ടൗണിലൂടെ മഴയത്ത് അലയാമെന്ന് വെച്ചു.

ഷോപ്പിംഗ് മാളുകളിലൊന്നും കയറിയില്ല.
തിരക്കില്ലാത്തവ നോക്കി ചെറിയ ചെറിയ പീടികളിൽ കയറിയിറങ്ങി.
എന്തുവാങ്ങണമെന്ന് നിശ്ചയമൊന്നുമുണ്ടായിരുന്നില്ല.
ചിലയിടങ്ങളിൽ ക്രിസ്റ്റൽ രൂപങ്ങൾക്ക് വേണ്ടി വിലപേശി, ചിലയിടങ്ങളിൽ എനിക്കുതന്നെ പരിചിതമല്ലാത്ത നിറത്തിലുള്ള ഷാളുകൾക്ക് തിരഞ്ഞു, മറ്റൊരിടത്ത് ബാക്കിപ്പണത്തിനു വേണ്ടി കലഹിച്ചു..

കുറേ അലഞ്ഞപ്പോൾ മഴകൊണ്ട് ദേഹം തണുക്കുന്നതറിഞ്ഞു.
വെന്തുകിടന്ന മനസ്സ് അക്കാരണംകൊണ്ടുതന്നെ പതുക്കെ മഴയോടും കലഹിച്ചു തുടങ്ങി..

നാട്ടിലേക്ക് വിടണമെന്ന് അരവിന്ദിനോട് വാശിപിടിച്ചപ്പോഴും പറഞ്ഞത് മഴ കാണണം എന്നായിരുന്നു.

അവനെന്നെ വല്ലാതെ അവഗണിക്കുന്നുണ്ടോ എന്നാതായിരുന്നു കുറേ മാസങ്ങളായി എന്റെ സംശയം.
ഒന്നിലും ഒരു ഉത്സാഹമില്ലാത്തതു പോലെ,ആരെയോ ബോധിപ്പിക്കാൻ ജീവിയ്ക്കുന്നത് പോലെ....

‘ നിനക്ക് തോന്നുന്നതാണ്‌..’ അവൻ പറയാറുണ്ട്: ‘ ഒരു കുട്ടിയുണ്ടായാൽ നിന്റെ ഈ വിഷമമൊക്കെ മാറും..’

എനിക്കുമറിയാം, അതൊക്കെത്തന്നെയാണെന്റെ തോന്നലുകൾക്കെല്ലാം കാരണമെന്ന്.
വിവാഹത്തിനുശേഷമുള്ള നാലുവർഷങ്ങളിൽ, മാസങ്ങളോരോന്നും ഉത്കണ്ഠയും നിരാശയും പകുത്തെടുത്തതുകൊണ്ട് ഇപ്പോഴത് ശീലങ്ങളിലൊന്നായിരിക്കുന്നു.
അതുതന്നെയാവണം അരവിന്ദ് അവഗണിക്കുകയാണോ എന്ന വിചാരത്തിനുള്ള കാരണം.
തർക്കങ്ങൾക്കുള്ള ആമുഖവും.

എനിക്കറിയില്ല ,ഒരോ പിണക്കത്തിനും കാരണമായി വാക്കുകളുടെ സൈന്യം എന്റെയുള്ളിലെങ്ങനെയാണ്‌ ഒരുങ്ങിയിരിക്കുന്നതെന്ന്..
ഒരുപക്ഷേ ആരോടുമധികം മിണ്ടാനില്ലാത്തതുകൊണ്ട് പദാവലികൾ എന്തെങ്കിലും ഒരു കാരണത്തിന്‌ കാത്തിരിക്കുന്നതാകാം..

ഒരു കലഹത്തിലും ഞാൻ ജയിച്ചിട്ടില്ല.
ഒരിയ്ക്കലും ജയിക്കാൻ പോകുന്നുമില്ല.

ഇപ്പോഴെനിക്കുള്ള ദേഷ്യം മുഴുവൻ ഓട്ടോക്കാരോടാണ്‌.
അവരിങ്ങനെ നിർത്താതെ പോകുന്നതെന്താണെന്നാണ്‌ മനസ്സിലാകാത്തത്.
നിർത്തിയവരിൽ ചിലർക്ക് വലിയ ഓട്ടത്തിനു വയ്യ.റോഡ് മോശമാണുപോലും.
‘റോഡ് നന്നായിട്ട് യാത്ര പോകാമെന്ന് വെച്ചാലെന്നാണ്‌?’ഞാൻ ചോദിച്ച് നോക്കി.
പരിഹാസം കിട്ടിയത് ബാക്കി.

ഇരുട്ട് പിടിച്ചു തുടങ്ങിയ മഴയാണ്‌ കൂടെയുള്ളത്.

വേനൽ വിഴുങ്ങിയൊരു ദേശത്ത് നിന്ന് വരുമ്പോൾ മഴ മാത്രമായിരുന്നു മനസ്സിൽ.
ആ സ്നേഹമൊക്കെ എവിടെപ്പോയെന്ന് ഞാൻ സ്വയം ചോദിച്ചു.
വല്ലാതെ പ്രിയപ്പെട്ടവരോടങ്ങനെയാണ്‌.അവരൊന്നു മുഖം കറുപ്പിച്ചാൽ മതി, പിണങ്ങിയിരിക്കാൻ തോന്നും.
അരവിന്ദിന്റെ മുഖമുണ്ട് എനിക്കുള്ളിലിരുന്ന് പെയ്യുന്ന മഴയ്ക്ക്.അപ്രതീക്ഷിതമായി ,കൈകാണിക്കാതെ നിർത്തിയ ഓട്ടോയിൽ നിന്ന് ആരോ വിളിച്ചു:

“ സീമേ.."
വിനോദാണ്‌.
പഠിക്കുന്ന കാലത്ത് ഞങ്ങൾക്കിടയിലെ നേതാവിനെ വീണ്ടും കണ്ടുമുട്ടിയത് ഓട്ടോഡ്രൈവറായിട്ടാണല്ലോ എന്നൊരമ്പരപ്പായിരുന്നു എന്റെ മനസ്സിൽ..
”ഈ ഓട്ടോ സ്വന്താണോ ?“ ഞാൻ സ്വാന്ത്ര്യമെടുത്തു .

ചിലപ്പോൾ അങ്ങനെയാണ്‌.
അരവിന്ദ് പറയാറുണ്ട്:‘ വേണ്ടാത്തിടത്തുകയറി സ്വാതന്ത്ര്യമെടുക്കും ..എന്നിട്ടൊടുക്കം വിഷമിക്കേം ചെയ്യും..’

” ഏയ് ല്ല സീമേ..ഇത് ഉണ്ണിയമ്മേന്റതാ..ആശാലതെന്റ അമ്മ..ആശേന ഓർമ്മല്ലേ..“

ആശയെ മറക്കാനിതുവരെ കഴിഞ്ഞിട്ടില്ല.അവളുടെ ഇരട്ടപ്പേരും ഓർമ്മിക്കാറുണ്ട്:

ഡാഫൊഡിൽസ് ലത.
ഡാഫൊഡിൽസ് എന്ന് പദ്യം കാണാതെ പഠിച്ചു വരാത്തതിനു ആഴ്ചകളോളം ക്ലാസ്സിനു പുറത്തു നിന്നതുകൊണ്ട് കിട്ടിയത്.

അച്ഛനായിരുന്നന്ന്‌ ഇംഗ്ലീഷ് പഠിപ്പിച്ചത്.
പദ്യം പഠിച്ചു വരാത്തതിനേക്കാൾ അതിനവൾ പറയുന്ന കാരണങ്ങളാണ്‌ തന്നെ അരിശം പിടിപ്പിക്കാറുള്ളതെന്ന് അച്ഛൻ അമ്മയോട് പറയുന്നത് കേട്ടിരുന്നു.
ആരേയും വിശ്വസിപ്പിക്കാവുന്ന നുണകൾ പറയാൻ വല്ലാത്ത കഴിവായിരുന്നു അവൾക്ക്.

‘.ആ കുട്ടിക്ക് ഒരു ക്രിമിനൽ മൈൻഡ് ഉണ്ടോ എന്നൊരു സംശയം..’,അച്ഛൻ പറയാറുണ്ട്.
‘.ക്ലാസ്സിന്റെ പിന്നിലിരുന്ന് ചെക്കമ്മാരോട് സംസാരിക്കുന്നുണ്ടെ’ന്ന് ഞാനും പറഞ്ഞു.

‘ നിങ്ങക്കൊന്ന് വിളിച്ച് ഉപദേശിക്കര്‌തോ..മാഷമ്മാരല്ലേ അതൊക്കെ ചെയ്യണ്ടേ..‘,അമ്മ ചോദിക്കും.
’ അതിനോടെന്ത് പറഞ്ഞിട്ടൊര്‌ കാര്യല്ല..ഒരു സൈക്കോളജ്സ്റ്റിനെ കാണാവേണ്ടെ..ആ ഉണ്ണിയമ്മയ്ക്ക് അതൊക്കെ പറഞ്ഞാ മനസ്സിലാകോ...‘

ഞങ്ങളുടെ വീടുകൾ അടുത്തടുത്താണ്‌.
കൂടെ കളിയ്ക്കാൻ എനിക്കുണ്ടായിരുന്ന ഒരേയൊരാൾ.പക്ഷേ നുണക്കഥകളാണ്‌ അവൾ പറയുന്നതിലധികവുമെന്ന് തിരിച്ചറിയാൻ കൗമാരം വരെ വളരേണ്ടി വന്നിട്ടുണ്ടെനിക്ക്.

അന്നേങ്ങളിൽ ഞങ്ങളുടെ വളരുന്ന ദേഹത്തെക്കുറിച്ച് അവൾ സംസാരിച്ചിരുന്നു.പിന്നെ പലപല ചെറുപ്പക്കാരെക്കുറിച്ചും പറയും..പിറുപിറുക്കും..ചില സാധ്യതകൾ ഓർമ്മിപ്പിക്കുകയും ചെയ്യും.
ആകാംക്ഷ തോന്നും,കൗതുകവും..

മാറിയിരുന്നുള്ള ഞങ്ങളുടെ സംസാരങ്ങൾക്കൊടുവിൽ അച്ഛൻ എന്നോട് കയർക്കും :
’ എത്ര നേരായി..നിനക്കൊന്നും പഠിക്കാനില്ലേ സീമേ.....ഇക്കൂട്ടൊക്കെ ഒഴിവാക്കുന്നതാ നിനക്ക് നല്ലത്..നീ നിന്നെ സൂക്ഷിച്ചാ നിനക്ക് കൊള്ളാം..‘
’ ഇനി സീമേടെ കൂടെ കണ്ട് പോകര്‌ത് ‘ അച്ഛൻ ആശയോടും പറഞ്ഞു.

അച്ഛൻ അങ്ങനെയാണ്‌.
ദേഷ്യം വന്നാൽ പിന്നെ കണ്ണ്‌ കാണില്ല.എന്റെ കണ്ണ്‌ നിറയുന്നതും കാണില്ല.
അന്ന് അമ്മയും എന്നോട് പറഞ്ഞു:
’ അച്ഛന്റെ വേവലാതികൊണ്ടല്ലേ..‘

എന്നിലെ പെൺകുട്ടിയെ വല്ലാതെ അസ്വസ്ഥമാക്കാറുണ്ടായിരുന്ന സുഖകരമല്ലാത്ത പലകഥകളും അവളെക്കുറിച്ച് പിന്നെയും പലപ്പോഴായി പറഞ്ഞ് കേട്ടിരുന്നു..
ഒരുപാട് ഭയങ്ങൾ അകാരണമായി അതെന്നിലിപ്പോഴും ബാക്കിവെച്ചിട്ടുണ്ട്.

കോളേജിലൊക്കെ ഒറ്റപ്പെടാറുള്ളതും പരിഹസിക്കപ്പെടാറുള്ളതും അതു കൊണ്ടൊക്കെത്തന്നെ.
കൂട്ടത്തിൽക്കൂട്ടാൻ കഴിയാത്തവളാണെന്ന അപകർഷതാബോധവും.
എന്നിലെ പെൺകുട്ടി വളർന്നത് അങ്ങനെയാണ്‌.:
അനാവശ്യമായ പരിധികൾ സ്വയം നിശ്ചയിച്ച്,

ആരോടെങ്കിലും ഇഷ്ടം തോന്നിപ്പോയാലോ..
തെറ്റു പറ്റിപ്പോയാലോ എന്നൊക്കെ ഭയന്ന് ഭയന്ന്....

എന്തുകൊണ്ടാണിങ്ങനെ ആത്മവിശ്വാസമില്ലാതാകുന്നതെന്ന് പലവട്ടം സ്വയം ശാസിച്ചു നോക്കിയിട്ടുണ്ടെങ്കിലും..

രതിയോടുള്ള ഭയം മാറാതെ കിടപ്പുണ്ടിന്നും,ഒന്നുമല്ല ഞാനെന്ന് ഓർമ്മിപ്പിക്കാൻ മടിക്കാതെ..

ഒരു ദയവുമില്ലാതെ...


ഇന്നത്തെ ഈ യാത്രയിൽ എന്റെ പഴയ കൂട്ടുകാരൻ , ആ ഭയത്തിന്റെ കാരണം മനസ്സിലേക്ക് കൊണ്ടു വന്നിരിക്കുന്നു.
ഉപേക്ഷിക്കണമെന്നാഗ്രഹിച്ച് കടലിലേക്ക് വലിച്ചെറിഞ്ഞ ഒരു ഓർമ്മ തിരയിൽ കരയ്ക്കടിയുന്നത് പോലെ.

അതിന്റെ പരിണാമമെന്തെന്നറിയാൻ ഞാൻ വിനോദിനോട് ചോദിച്ചു:
“ ആശ ഇപ്പോ..? ” .
“ പടിഞ്ഞാറ്‌.. വാടകയ്ക്ക് ഒരു വീട്ടിലേക്ക് മാറി..”
“ അപ്പൊ കേസ്..? ”
“ മാനസിക വൈകല്യമെന്നൊക്കെ പറഞ്ഞ് കുറച്ച് കാലം റീഹാബിലിറ്റേഷൻ സെന്ററിലൊക്കെയായിരുന്നു.. ”

കുറച്ച് കഴിഞ്ഞ് അവൻ തന്നെ പറഞ്ഞു:
“ എന്തോ ഡീറ്റയിൽസ് ഞാനന്വേഷിച്ചില്ല...ചിലർക്കൊക്കെ എവിടെന്നും രക്ഷപ്പെടാൻ എളുപ്പല്ലേ..”

ആശയുടെ കല്യാണത്തിന്‌ ഞാൻ ഹോസ്റ്റലിലായിരുന്നു.അമ്മയുടെ നാട്ടുവർത്താനങ്ങൾക്കിടയിൽ അവൾക്ക് ഇരട്ടക്കുട്ടികളുണ്ടായതും കേട്ടു.

എന്തുകൊണ്ടാണെന്നറിയില്ല അന്നേങ്ങളിലൊക്കെ ഞാനെന്റെ വിവാഹത്തെക്കുറിച്ചും ആലോചിച്ചു തുടങ്ങും, ആഗ്രഹങ്ങളും വേവലാതികളും കൗതുകവും ഭയവും എല്ലാം കൂട്ടിക്കുഴച്ച് എങ്ങുമെത്താതെ..
പക്ഷേ ആരോടും പറയാതെ.
 അസ്വസ്ഥയായി, ചിലരാത്രികളിൽ ആരെങ്കിലും സ്പർശിക്കുമോ എന്ന ഭയത്തിൽ ഉറക്കം നഷ്ടപ്പെട്ട്..


നാട്ടുവർത്തമാനങ്ങളിൽ കുറേക്കാലം ആവർത്തിക്കപ്പെടാത്തതുകൊണ്ട് ഓർക്കേണ്ടിവരാതിരുന്ന ആശ പിന്നീട് അസ്വസ്ഥയാക്കിയത് എന്റെ വിവാഹത്തലേന്ന്..
ഒരു രണ്ടുകോളം പത്രവാർത്തയിലൂടെ.

ആഴത്തിലൊരു മുറിവാണ്‌ ബാക്കിവെയ്ക്കാൻ പോകുന്നതെന്നറിയാതെയാണ്‌ കേട്ടുതുടങ്ങിയത്.
എന്റെ കയ്യിൽ വിവാഹത്തിനിട്ട മൈലാഞ്ചി ഉണങ്ങാത്തതു കൊണ്ടമ്മയാണ്‌ പത്രം വായിച്ചത്:

ആശേയും കുട്ടികളെയും കാണാനില്ലെന്ന പരാതി അന്വേഷിച്ച പോലീസിനവളെ കണ്ടുകിട്ടിയത് ചെന്നൈയിലൊരു ഹോട്ടലിൽ വെച്ച്.അവളുടെ ഏട്ടൻ തിരിച്ചറിയുന്നവരെ ആശയല്ല താനെന്നവൾ വാദിച്ചത്രേ.കുട്ടികളെ കിട്ടിയത് റയിൽവേ ട്രാക്കിൽ ചാക്കിൽ പൊതിഞ്ഞ്.
‘പ്രകൃതി വിരുദ്ധ ലൈംഗികതയ്ക്ക് വിധേയമായി കൊല്ലപ്പെട്ട കുഞ്ഞുങ്ങളെ ആശയുടെ സഹോദരനാണ്‌ തിരിച്ചറിഞ്ഞത്.’

അമ്മ വായന നിറുത്തി.
എന്നിട്ട് അലറിക്കരഞ്ഞു:
‘ ഞാങ്കണ്ടതല്ലപ്പാ അവരെ..ഉരുണ്ട് പൊന്നുംകുടപ്പോലത്തെ..’

ഞാനും കരഞ്ഞു.
ആശയെക്കുറിച്ചോർത്തല്ല,എന്റെ വിവാഹത്തെക്കുറിച്ചോർത്ത്..
തോറ്റ് പോകുമെന്നുറപ്പുള്ള ഒരു പരീക്ഷയുടെ തലേദിവസത്തെ വേവലാതി.
ആർക്കും അത് മനസ്സിലായില്ല.

‘ ആ ഉണ്ണിമ്മ ഇനി ജീവിച്ചിരുന്നിട്ടെന്താ..മക്കള്‌ നേരയായില്ലെങ്കി ത്തീർന്ന്..’
രാത്രി ഞങ്ങളുടെ വീട്ടിലെ ചെറിയ ദീപാലങ്കാരങ്ങൾക്കിടയിൽ ആരൊക്കെയോ ആശയുടെ കഥകൾ ആവർത്തിച്ചു.
‘ എന്തൊരു ലക്ഷണക്കേട്’ ',വലിയമ്മ പിറുപിറുക്കുന്നുണ്ടായിരുന്നു.
ഞങ്ങളുടെ മുറ്റത്ത് നിന്ന് നോക്കിയാൽ ആശയുടെ വീട് കാണാം..അവിടെ ഒരു വെളിച്ചവും കാണാനില്ലല്ലോ എന്ന് അമ്മയും ഭയന്നിരുന്നു.

ആശയെക്കുറിച്ചുള്ള വാർത്തയിൽ എല്ലാവരും അസ്വസ്ഥരായിരുന്നതുകൊണ്ട്  എന്റെ വിവാഹവും അനാർഭാടമായിരുന്നു. എന്റെ മനസ്സ് പോലെ ,ആഘോഷങ്ങളൊന്നുമില്ലാതെ....

ചില രാത്രികളിൽ അരവിന്ദിന്റെ സ്നേഹത്തിനിടയിൽ പോലും ഈ അസ്വസ്ഥത എന്നെ വിരൽ നീട്ടി തൊട്ട് വിളിയ്ക്കും.

‘നീ എന്താ ഇങ്ങനെ..’ എന്ന് അരവിന്ദിന്റെ നിരാശയിൽ എത്തുന്ന തണുപ്പിലേക്ക് അതെന്നെ കരുണയില്ലാതെ കൂട്ടിക്കൊണ്ട് പോകും.

‘ നീ വെറുതേ ഭയക്കുന്നതാ..’ അവനെന്നോട് പറയും.

ഭയക്കാതിരിക്കാൻ കഴിയുന്നില്ലെയെനിക്കെന്ന് പക്ഷേ ഞാൻ പറയാറില്ല.പകരം നിസ്സഹായതയോടെ പറയും ‘ ഞാൻ അരീന്ദേട്ടന്റെ ലൈഫ് സ്പോയ്‌ലാക്കാ ല്ലേ ’

ആദ്യമൊക്കെ അവൻ ക്ഷമയോടെ എന്നിലെ ഭയത്തോട് സംസാരിച്ചു തുടങ്ങും. എവിടെയും എങ്ങും എത്താത്തൊരു യാത്ര പോലെ.
ഈയ്യിടെയായി പക്ഷേ അതുണ്ടാകാറില്ല.

അതാണ്‌ എന്നെ വേദനിപ്പിക്കുന്നത്.
സ്വയം അവസാനിപ്പിച്ചാലോ എന്ന കലാപചിന്ത മാത്രമുണ്ട് കൂട്ടിന്‌.അതൊന്നു പരീക്ഷിച്ചാലോ എന്ന് കൂടി ആലോചിച്ചാണ്‌ നാട്ടിലേക്ക് വന്നത്.

വഴിയിലൊരിടത്ത് മഴത്തോർച്ചയിൽ ഇറങ്ങിനിന്നവരിൽ ആരോ വിളിച്ച് ചോദിച്ചു:
“ ആരാ വിനോദാ ഓട്ടോല്‌..ആരയാ കിട്ടിയേ..”
അതിലെ ദുസ്സൂചന എനിക്ക് മനസ്സിലായി.അതെന്നെ വേദനിപ്പിക്കുകയും ചെയ്തു.

റോഡിലെ കുഴികളിലൊന്നിൽ സാവധാനത്തിലാക്കിയതുകൊണ്ട് ഒരുത്തൻ ഓട്ടോയിലേക്ക് തലയിട്ട് നോക്കി:
“ ഓ..മാഷെ മോളായിര്‌ന്നോ..ഞാള്‌ വിചാരിച്ച്..”

“ എന്താ വിനൂ ഇതൊക്കെ ”ഞാൻ ചോദിച്ചു.

“ ഉണ്ണിയമ്മേന സഹായിക്കുന്നോണ്ടാ...കൊറച്ച് കാലായിട്ട് വൈന്നേരാമ്പൊ ആള്‌ ചെല്ലും..മോൾക്ക് വിളിച്ച് അകത്ത്‌ കെടാത്താങ്കിലമ്മയ്ക്കെന്താന്നൊക്കെ പ്പറഞ്ഞ്...കേസൊക്കെക്കഴിഞ്ഞ് കൊറച്ച് കാലം ആശ ഉണ്ണിയമ്മേന്റട്ത്ത്ണ്ടായിര്‌ന്ന്.. സഹികെട്ടാ ആയമ്മ സ്വത്തൊക്കെ ഭാഗിച്ച് ഓളെ പറഞ്ഞ് വിട്ടത്..ബാക്കി സ്ഥലം വിറ്റാ ഓട്ടോ വാങ്ങിച്ചേ.. ”

“ അപ്പൊ ആശേടെ ചേട്ട്ൻ..?? ”

“ നാണക്കേടാണെന്ന് പറഞ്ഞ് ഭാര്യേം കൂട്ടി മാറിത്താമസിച്ച്...സഹികെട്ടാ അവര്‌ എന്നോട് സഹായം ചോദിച്ചെ..വരുമാനം എന്തേലും വേണ്ടേ..
ആളേൾക്കൊക്കെ ആയമ്മ ഒന്ന് സ്വയം മരിച്ച് കണ്ടാൽ മതി..എന്തെങ്കിലൊര്‌ പ്രശ്മ്നം വന്നാ അപ്പൊ കയറെടുക്കണം,വെഷം കുടിക്കണം,വണ്ടിക്ക് തല വെക്കണം ..അതാണല്ലൊ ഇപ്പൊ നാട്ട് നടപ്പ്.. ”
ആ ഉണ്ണിമ്മ ഇനി ജീവിച്ചിരുന്നിട്ടെന്താ..മക്കള്‌ നേരയായില്ലെങ്കി ത്തീർന്ന്..ആരൊക്കെയോ പറഞ്ഞത് ഞാനും ഓർത്തു.

“ അവർക്കൊന്നും ഒരു ഹോപ്പുംല്ല എന്നിട്ടും ഫൈറ്റ് ചെയ്ത് ജീവിക്ക്ന്നത് കണ്ടില്ലേ..... ഞാനവരെ എന്റമ്മയെപ്പോലെ നോക്കും..”

അവന്റെ ശബ്ദം വിറച്ചു.
അതോ എനിക്ക് അങ്ങനെ തോന്നിയതോ?

അവന്റെ അമ്മയുടെ മരണം എനിക്ക് ഓർമ്മയുണ്ട്,സ്വയം വെന്ത്.അവർക്കവന്റെ അച്ഛനോട് തോന്നിയ എന്തോ സംശയമാണെന്നാണ്‌ പറഞ്ഞു കേട്ടത്..

അത് മനസ്സിലെത്തുമ്പോൾ എവിടെയോ വായിച്ച പുസ്തകത്തിലെ വരികളോർക്കും:
‘ വീട് കത്തുമ്പോൾ മഴ പെയ്യണേ പെയ്യണേ എന്ന് പ്രാർത്ഥിച്ചു.
മഴ പെയ്തില്ല.
കത്തിക്കരിഞ്ഞവസാനിച്ച വീട്ടിലേക്ക് മഴ പെയ്യരുതേ പെയ്യരുതേ എന്ന് പ്രാർത്ഥിച്ചു.
മഴ പെയ്തു.’

“ അച്ഛനെ ജീവിതം മുഴുവനും ഒറ്റയ്ക്കാക്കിയതിന്‌ എനിക്ക് ക്ഷമിക്കാൻ കഴിഞ്ഞിട്ടില്ല എന്റമ്മേനോടിത് വരെ..” അവൻ ക്ഷോഭിച്ചു.

തീപ്പിടിച്ചലറിയ അമ്മയെ ആദ്യം കണ്ടത് വിനോദായിരുന്നെന്നും കേട്ടിട്ടുണ്ട്.

അന്ന് വീട്ടിലിരുന്ന് അച്ഛൻ അമ്മയോട് പറഞ്ഞതോർമ്മയുണ്ട്,

‘ ആത്മഹത്യ ചെയ്യുമ്പോ രക്ഷപ്പെട്ടുന്നാ അവര്‌ വിചാരിക്ക്ന്നേ..കൂടിയുള്ളവര്‌ അന്നു മുതൽ പകുതി ചത്ത് ജീവിച്ച് തുടങ്ങുന്നത് അവർക്കറിയേണ്ടല്ലോ..’

എന്റെയുള്ളിൽ എവിടെയോ ബാക്കിയുണ്ടായിരുന്ന ചിരിയും വറ്റിപ്പോയി.

ഞാനും കുറേ ദിവസമായി ചിന്തിക്കുന്നത് ഇതിനെക്കുറിച്ചായിരുന്നില്ലേ, സ്വയം അവസാനിക്കേണ്ടതിനെക്കുറിച്ച്...
രക്ഷപ്പെടാനാണോ?
അച്ഛനേയും അമ്മയേയും അരവിന്ദിനേയും ഒക്കെ വിട്ട്..
പാതി ചത്തു ജീവിച്ചു തുടങ്ങേണ്ടിവരുന്നവരുടെ ഓർമ്മകളിലേക്കല്ലാതെ മറ്റെങ്ങോട്ട്..??

പിന്നെ ഞാനും ആശയും തമ്മിലെന്ത് വ്യത്യാസം.
‘ മക്കള്‌ നന്നായിട്ടില്ലെങ്കിപ്പിന്നെ എന്ത്ണ്ടായിട്ടെന്താ ’എന്ന് ആളുകളിൽ നിന്ന് എന്റെമ്മയും കേൾക്കേണ്ടി വരും.

എനിക്ക് അമ്മയോട് എല്ലാം പറയണം.
അരവിന്ദിനെ സ്നേഹിക്കുന്നുണ്ടെങ്കിലും ഒരു ഉൾഭയം കൊണ്ട് അവന്റെ സ്പർശനങ്ങളെയൊന്നും ഇഷ്ടപ്പെടാനും അതിജീവിയ്ക്കാനും കഴിയുന്നില്ലെന്നും അവനൊരു കുഞ്ഞിനെക്കൊടുക്കാൻ കഴിയുമോ എന്ന ഉത്കണ്ഠയാണെനിക്കുള്ളതെന്നും..

പരിഹാരമില്ലാത്ത പ്രശ്നങ്ങളൊന്നുമില്ലെന്ന് അച്ഛനന്നേരം ആവർത്തിക്കുമായിരിക്കും ..
അമ്മയുടെ കണ്ണുകളിലെ മേഘങ്ങളാവണം അന്നേരമെന്നിൽ മഴയായ് പെയ്യുക.
എനിക്കും കരയണം.
ചേറുപിടിച്ചൊരു പാത്രം കഴുകിക്കമഴ്ത്തുന്നതു പോലെ എനിക്കെന്റെ ചിന്തകളെ വൃത്തിയാക്കി വയ്ക്കണം.

എന്റെ മനസ്സിപ്പോൾ ശാന്തമാണ്‌.
മഴപെയ്താലും പെയ്തില്ലെങ്കിലും ഒരുപോലെ.
ടൗണിലൂടെ അലഞ്ഞതിന്റെ തളർച്ചയില്ല.
ഒരു ചിന്തയുടേയും കലഹങ്ങളില്ല.
ഒരു ധ്യാനം കഴിഞ്ഞതുപോലെ ശാന്തം.

എനിക്കിനി വീട്ടിലെത്തിയാൽ മാത്രം മതി.

Thursday, September 23, 2010

നീ

മൂന്നക്ഷരം കൊണ്ടൊരു മുറിവ്.
നീ എന്ന ഒറ്റക്ഷരം കൊണ്ടതുണങ്ങി.
എഴുതിക്കഴിഞ്ഞപ്പോൾ മുതൽ ഓർത്ത് നോക്കുകയാണ്‌ നീ ആരാണെന്ന്.
ആ വാക്കിനെ ഇത്രമേൽ സ്നേഹിക്കാൻ,അതിൽ തപസ്സനുഷ്ഠിക്കാൻ..
നീ.
ആ ഒരക്ഷരമാണ്‌ ഞാൻ വ്യാഖ്യാനിച്ച് നോക്കുന്നത്.
എത്ര അക്ഷരങ്ങൾ എണ്ണിപ്പെറുക്കി വെച്ചാലും നിറയാത്തൊരലമാര പോലെ നീ.

നീ-
കാറ്റായ്,
ഒരു ചെറു സുഷിരത്തിലൂടെ മഹാപ്രവാഹമായ്,
എന്നെ വഹിച്ചു നടന്ന ജിപ്സി.

ആഗ്രഹങ്ങളോടും നിരാശയോടും ഒരുപോലെ വിരക്തി തോന്നിയ നാളുകളിൽ നീ ഗൗതമൻ.
ഓർമ്മക്കല്ലുകൾ മറവിമലയ്ക്ക് മീതേ ഉരുട്ടിക്കൊണ്ട് നടന്ന ഭ്രാന്തൻ.
ധാർഷ്ട്യത്തിന്റ അസ്ത്രങ്ങൾ കൊണ്ട് പെരുവിരൽ മുറിഞ്ഞ യോദ്ധാവ്.
ചിന്തകളുടെ കൊടും കാട്ടിലലഞ്ഞ നിഷാദൻ.

ഒരു നഖമുനയായെന്റെ നെഞ്ച് പിളർന്ന്
എന്നിലെ വിഷാദത്തെ കുത്തിയൊഴുക്കിയ മൃഗം.

സ്പർശിച്ചു പോകരുതെന്ന് കാറ്റിനോട് വിലക്കുന്ന മഞ്ഞ്.
ആകാശത്തിന്റെ നീല ഞരമ്പുകൾ പങ്കിട്ടെടുത്തവൻ.
മുളകുത്തി നദിയിൽ മുറിവുകളുണ്ടാക്കിയതിൽ വേദനിച്ചവൻ.
പുഴയിലെ ദീപാലങ്കാരങ്ങൾ കണ്ട് നക്ഷത്രങ്ങളെവിടെപ്പോയെന്ന് തിരഞ്ഞ് നടന്നവൻ.

വിഷാദത്തിന്റെ അലകളില്ലാ കടലിനു മീതെ
ഞാനെന്ന ദ്വീപിലേക്കുള്ള ഒറ്റവരിപ്പാലം.

നക്ഷത്രങ്ങൾ നിറയാറുള്ള നേരങ്ങളിൽ,
ആകാശം തേടാറുള്ള കാറ്റ്,
ഇലകളിൽ അതിന്റെ ചലനം മറന്നു വയ്ക്കാറുള്ളതുപോലെ,
എന്നിലുപേക്ഷിക്കപ്പെടുന്ന അപൂർവ്വ സാന്നിദ്ധ്യം.
എന്നിലേക്കെത്തി തുടർച്ച തിരയുന്ന അന്വേഷണം.
ആവർത്തനങ്ങൾ.

എന്റെ അസ്ഥികളുടെ കല്ലറയിലിന്നും
നീ എന്ന ജീവന്റെ മഹാപ്രളയം.
ഞാൻ ഒരു അഴി മുഖത്താണ്‌;
നീ എന്ന കടലിലേക്കാണെന്റെ പതനം.

(എഴുതിയത്രയും വായിച്ച് കേട്ട് ഇപ്പോഴും ഇതുതന്നെയാണോ നിനക്ക് ഞാൻ എന്നവൻ.

ഇത്രകാലം കൂടെ ജീവിച്ചിട്ടും,അമാനുഷികനല്ലാത്ത ഒരു സാധാരണക്കാരനെ-അവന്റെ തെറ്റുകളെ , ദൗർബല്യങ്ങളെ, സ്നേഹത്തെ, ആകാംക്ഷകളെ, ബില്ലുകൾ അടച്ച് തീർത്ത് തീർന്ന് പോകുന്ന പാതിജീവിതത്തെയാണ്‌ സ്നേഹിച്ചതെന്ന് പറയാൻ ഇനിയും പഠിച്ചില്ലേ എന്ന ചോദ്യമാണ്‌ അവന്‌.

നിരുപാധികമായ കീഴടങ്ങലിൽ മാത്രമവസാനിക്കുന്ന രസകരമായ ഒരു സൗന്ദര്യപ്പിണക്കത്തിന്റെ തോർത്ത് ചുമലിലിട്ട് അവൻ എഴുന്നേറ്റ് പോകുന്നു.

വാതിലടയ്ക്കും മുന്നേ, നടുവിൽ കഥകേട്ടുറങ്ങാൻ കിടക്കുന്ന മകൾക്ക്, ‘നക്ഷത്ര രാജകുമാരിടേം കുതിരയോടിച്ച് വരുന്ന രാജകുമാരന്റെം കഥയല്ലാതെ കൊള്ളാവുന്ന വല്ലതും പറഞ്ഞ് കൊട്ക്ക്’ എന്ന ആജ്ഞയും.

’ഏത് കഥ വേണം അമ്മുക്കുട്ടിക്ക് ...വെള്ളത്തീന്ന് ഉറുമ്പിനെ രക്ഷിച്ച പ്രാവിന്റെ..?മുയലിനെ ഓടിത്തോല്പിച്ച ആമേടെ...?മല്ലനും മാതേവനും..??..‘

’ആജുമായി‘
-(രാജകുമാരി എന്നാണവൾ പറഞ്ഞത്- ര എന്നൊരക്ഷരം അവൾക്കെന്തോ എത്ര പറഞ്ഞുകൊടുത്തിട്ടും ശരിയാകുന്നില്ല.)

അവളുടെ നെറ്റിയിലുമ്മവെച്ച് ഞാൻ തുടങ്ങി:
’പണ്ടുപണ്ടൊരിടത്ത് നീ എന്ന രാജ്യത്ത് ഞാൻ എന്ന രാജകുമാരിയുണ്ടായിരുന്നു.....‘

Tuesday, September 14, 2010

വിമലയുടെ യാത്രകൾ.

വിചിത്രമല്ലെന്ന് ഉറപ്പിച്ചു പറയാൻ ഏത് ചിന്തയുണ്ട് കൂട്ടിന്‌?
ഒന്നുമില്ല.
സ്വയം എത്രത്തോളം ഒറ്റുകൊടുക്കാം എന്നാലോചിക്കുകയായിരുന്നു വിമല.

വിവാഹത്തിനുശേഷമുള്ള ഒൻപത് വർഷങ്ങളിൽ ഒരിയ്ക്കൽ പോലും ഒറ്റയ്ക്ക് യാത്രചെയ്തിട്ടില്ല അവൾ.
ദേശം മാറുന്നതിനനുസരിച്ച് ഭരതിന്റെ ഇടത്തായും വലത്തായും കൂട്ടിരിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ.
ഭരതിനാവട്ടെ യാത്രനീളെ സംസാരിച്ച് കൊണ്ടിരിക്കണം,ഒന്നുകിൽ ക്രിക്കറ്റ്,അല്ലെങ്കിൽ ഭൂമിയിടപാട്,ആരോഗ്യസംരക്ഷണം... വിമലയ്ക്ക് താല്പര്യം തോന്നാത്തതെന്തൊക്കെയുണ്ടോ അതെല്ലാം.

ചിലപ്പോൾ അവൾക്ക് തോന്നും കാറിന്റെ വിൻഡോഗ്ലാസ്സ് താഴ്ത്തി മധുസൂദനൻ നായരുടെ ശബ്ദമനുകരിച്ച് ‘ഇരുളിൻ മഹാനിദ്രയിൽ..’പാടണമെന്നൊക്കെ..
പക്ഷേ ചെയ്യില്ല. പകരം ഭരതിനു വേണ്ടതെല്ലാം പറഞ്ഞു കൊണ്ടേയിരിക്കും.
അവളില്ലാതെ അയാളെക്കൊണ്ട് ജീവിക്കാനേ വയ്യെന്ന തോന്നൽ വരെ ഉണ്ടവൾക്ക്..

ആദി ജനിച്ചതിനു ശേഷം ചിലരാത്രികളിൽ തന്നെ തീരെ ശ്രദ്ധിക്കുന്നില്ലെന്ന് അയാൾ പരാതി പറയാറുണ്ടെങ്കിലും തനിക്ക് വിശേഷിച്ച് മാറ്റമൊന്നുമില്ലെന്ന് അവൾ സ്വയം വിശ്വസിച്ചു.
ശരീരം കൊണ്ട് പൂർണ്ണമായും മനസ്സ് കൊണ്ട് പകുതിയും ,പതിവു പോലെ അയാളിൽ തന്നെ ജീവിയ്ക്കുകയായിരുന്നു അവൾ.
മനസ്സിന്റെ മറ്റേപ്പാതിയാവട്ടെ അവളുടെ അധീനതയിലുമല്ല.

ഭരതിനെ മാത്രമേ സ്നേഹിക്കാനുണ്ടായിരുന്നുള്ളൂ അവൾക്ക്..
എന്നിട്ടും അവളിലെ അത്യാഗ്രഹിയായ സ്ത്രീയെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞില്ല ,അയാളുടെ കരുതലിനൊന്നും.
ചിലപ്പോൾ അവൾക്ക് തോന്നും അവളിലെത്തന്നെ പാതി പുരുഷൻ അവളിലെ പാതി സ്ത്രീയുമായി നിരന്തരം പ്രണയത്തിലാണെന്ന്, എത്ര അടുത്താലും മറ്റാർക്കും പതിച്ചു കൊടുക്കാൻ അനുവദിക്കാത്തവണ്ണം സ്നേഹം ശീലിപ്പിച്ച മുരടനായ പപ്പാതി.
അവളിലെ സ്ത്രീയെ മുഴുവനായി അടക്കിപ്പിടിച്ച അവളിലെത്തന്നെ പുരുഷൻ.

അതാണു പറഞ്ഞത് വിചിത്രമല്ലാത്ത ഒരു ചിന്തയും ബാക്കിയില്ലെന്ന്.

ഇനിയുള്ള പത്തറുപത് ദിവസങ്ങളിൽ യാത്രയിൽ മുഴുവൻ വിമലയ്ക്ക് കൂട്ടിരിക്കേണ്ടത് ഈ ഭ്രാന്ത് തന്നെയാണ്‌. ഇങ്ങനെയുള്ള ചിന്തകളുണ്ടാകുന്നത് മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ടാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ്‌ ഭരതിനോട് പറയാനൊരുങ്ങിയത്.
‘എങ്ങോട്ടേക്കെങ്കിലും പോണെന്ന്...’

‘എങ്ങോട്ടേക്കെങ്കിലും’ എന്നത് അയാൾക്ക് പ്രായോഗികമായി തോന്നില്ലെന്നറിഞ്ഞതു കൊണ്ട് നാട്ടിൽ അമ്പലങ്ങളിലേക്ക് പോകാമെന്ന് പറഞ്ഞു.
തന്റെ ഇതുവരെയുള്ള നിശ്ചലാവസ്ഥയുടെ ലക്ഷ്യം തന്നെ ചലനമാണെന്ന് തോന്നുകയായിരുന്നു അവൾക്ക്.അവസാനമില്ലാത്ത ചലനം..യാത്ര.
നാട്ടിലേക്ക് വരാൻ ഭരതിന്‌ താല്പര്യമുണ്ടായിരുന്നില്ല.ആദിക്ക് സമ്മർ ക്യാമ്പ്.മഴ നനഞ്ഞ് അമ്പലങ്ങൾ കയറിയിറങ്ങാൻ വയ്യെന്ന് തീർത്ത് പറഞ്ഞു അവൻ.ഇപ്പോഴത്തെ കുട്ടികളിലധികവും പ്രായോഗികവാദികളാണ്‌. അവർ വളരെ വേഗത്തിലാണ്‌ വളരുന്നതു പോലും..
ഏഴു വയസ്സേ ആയുള്ളൂ ആദിക്കെന്ന് വിശ്വസിക്കാൻ വിമലയ്ക്കാണ്‌ ഏറ്റവും പ്രയാസം.

‘തനിച്ച് പോയിക്കോള്ളൂ ’എന്ന് ഭരത്..
‘അതാണ്‌ നല്ലത്. അമ്മ ഒന്ന് റിഫ്രഷ്ഡ് ആയിട്ട് വാ’ എന്ന് ആദി..

‘അപ്പോ നിങ്ങടെ കാര്യമൊക്കെ..’ ചോദിച്ച് കഴിഞ്ഞപ്പോഴാണ്‌ അതിന്റെ പ്രസ്ക്തിയില്ലായ്മയെക്കുറിച്ച് ഓർത്ത് വിമലയ്ക്ക് സ്വയം പരിഹാസം തോന്നിയത്..
പാചകം..പൊടി തുടയ്ക്കൽ..അലക്കൽ..ഇസ്തിരിയിടൽ..ഷൂ പോളിഷിംഗ്..
അതെല്ലാതെ മറ്റെന്താണ്‌ നടക്കാതിരിക്കുക..??
ഒൻപത് വർഷമായിട്ട് ഒറ്റയ്ക്കൊരിയ്ക്കലും ദൂരെ എവിടേക്കും പോയില്ലല്ലോ എന്നൊരു വേവലാതിയും തോന്നി കൂട്ടത്തിൽ.

യാത്ര നീളെ എല്ലാത്തിലുമൊരു കൊച്ചു കുട്ടിയുടെ കൗതുകം കയറിവരുന്നുണ്ടോ എന്ന് സംശയിക്കുകയായിരുന്നു വിമല.
എന്നാലും ,ഇനി മറ്റാരുടേയും ഇടപെടൽ ഇല്ലാതെ തന്നിൽ തന്നെയുള്ള പുരുഷനും സ്ത്രീയ്ക്കും പരസ്പരം സ്നേഹത്തിന്റെ പുതിയ ശീലങ്ങൾ തുടങ്ങാം.
‘ഒരു സ്പർശനം വരെ മൗനം അസഹ്യമാണെ’ന്നൊക്കെ പ്രണയാക്ഷരങ്ങൾ എഴുതിത്തുടങ്ങാം..
വിൻഡോഗ്ലാസ്സിനു നേരെ വിരൽ ചൂണ്ടി ‘ നക്ഷത്രത്തിന്റെ അരികോളം വിസ്തൃതമായ തൂവാല കൊണ്ട് ഞാൻ നിന്റെ കണ്ണുപൊത്താം’ എന്ന് പറഞ്ഞു നോക്കാം..
അവളിലെ സ്ത്രൈണതയുടെ മഞ്ഞശലഭങ്ങൾക്ക് പാതിപൗരുഷത്തിന്റെ കല്ലിൽ നിശ്ചലമായി വിശ്രമിയ്ക്കാം.


നാട്ടിൽ സ്വീകരിയ്ക്കാൻ കാത്ത് നിന്നത് കിട്ടേട്ടനാണ്‌.അവരുടെ വീട് സൂക്ഷിക്കുന്നതും അയാളാണ്‌.പിന്നെ ഡ്രൈവർ,പാചകക്കാരൻ..അങ്ങനെ അങ്ങനെ.(സിനിമയിലൊക്കെ ശങ്കരാടി ചേട്ടനെയോ പപ്പു ചേട്ടനെയോ ഒക്കെ കാണുമ്പോൾ വിമല ഓർക്കാറുള്ളത് കിട്ടേട്ടനെയാണ്‌.)

പുതിയ വീട്ടിലേക്ക് പോകാൻ പക്ഷേ വിമലയ്ക്ക് മനസ്സ് വന്നില്ല.
ആർക്കിടെക്ചറിനു പഠിക്കുമ്പോൾ കുറഞ്ഞത് തനിക്ക് താമസിയ്ക്കേണ്ട വീടെങ്കിലും സ്വന്തമായി പണിയണമെന്നുണ്ടായിരുന്നു അവൾക്ക്.

" വിമലാ..അതൊക്കെ ഗണേഷ് നോക്കിക്കൊള്ളും..ഹി ഈസ്‌ ബ്രില്ല്യന്റ് ..അവന്റെ ഡിസൈൻ ഒക്കെ ഫന്റാസ്റ്റിക്കാണ്‌..“
ഭരതിന്റെ വിശ്വാസം തെറ്റിയൊന്നുമില്ല.
ഗൃഹപ്രവേശനം കഴിഞ്ഞ് ആഗ്രഹിക്കാതെ തന്നെ ഒരുപാട് അഭിനന്ദനങ്ങളും കിട്ടി അവൾക്ക്.

"ഹൗ ഈസ് ഇറ്റ് വിമലാമാഡം?" ഗണേഷും ചോദിക്കുകയുണ്ടായി.
രാത്രി വീട്ടിനകത്ത് അലങ്കാരങ്ങൾ നിറച്ച ബാർ കൗണ്ടറിൽ ഭരതിനോടൊപ്പം ആഘോഷിച്ച് തുടങ്ങുകയായിരുന്നു അയാൾ.
അവർ കഴിക്കുന്നതെന്താണെന്നറിയാൻ കുറേ നേരം ഭംഗിയുള്ള ബോട്ടിലിൽ നോക്കിയിരുന്നെങ്കിലും അക്ഷരങ്ങൾ കൂട്ടിവായിക്കാൻ അന്നേരം അവൾക്ക് കഴിഞ്ഞില്ല.

ബാർ കൗണ്ടറിന്റെ സ്ഥാനത്ത് ഒരു പുസ്തകഷെൽഫായിരുന്നു വിമല ആലോചിച്ചു വെച്ചത്:
പടികളുടെ ആകൃതിയിൽ,
നീലയും മഞ്ഞയും നിറത്തിലുള്ള മത്സ്യങ്ങൾ എമ്പോസ്സ് ചെയ്ത, മീതേ ഗ്ലാസ്സ് കൊണ്ടുള്ള ഒരു ഷെൽഫ്- ആഴക്കടലിലേക്കുള്ള പടികളിലിരുന്ന് പുസ്തകങ്ങൾ വായിക്കാൻ കഴിയുന്നതു പോലെ.


‘പുതിയ വീട്ടിലേക്കില്ല.. കിട്ടേട്ടന്റെ വീട്ടിലേക്ക് പോകാം’ പിന്നെ അയാൾ വിശ്വസിക്കുന്ന ഒരു കള്ളവും ചേർത്തു: ‘ഭരതേട്ടനും ആദിയും ഒന്നുമില്ലാതെ..'
അമ്പലങ്ങളിലേക്കുള്ള യാത്രയും സമയവും വഴിപാടുകളും നിശ്ചയിച്ചത് കിട്ടേട്ടനാണ്‌.വിമലയ്ക്ക് അതിലൊന്നും താല്പര്യം തോന്നിയില്ല.

ദൈവം മനസ്സിലാണുള്ളതെന്ന് അവൾ വിശ്വസിച്ചു.അല്ലാതെ ഇടനിലക്കാരനായ മനുഷ്യൻ വാതിലടയ്ക്കുകയും തുറക്കുകയും ചെയ്യുന്നതിനനുസരിച്ച് കാണുകയും കേൾക്കുകയും , സാരിയുടുത്തോ ഷർട്ടഴിച്ചോ എന്നൊക്കെ ശ്രദ്ധിക്കുകയും ചെയ്യുന്ന ഒരാളായി ദൈവത്തെ കാണാൻ അവൾക്ക് പ്രയാസം തോന്നി.

’ഭണ്ണാരത്തിലിടണ്ടേ?‘ എന്ന കിട്ടേട്ടന്റെ ചോദ്യത്തിന്‌ സ്വന്തമായി സമ്പാദിക്കാത്ത പണം കാണിക്കയായിടുന്നതിന്റെ അർത്ഥമില്ലായ്മ ഓർത്ത് അവൾ സ്വയം ചിരിച്ചു.
’എല്ലാം കിട്ടേട്ടൻ തന്നെ ചെയ്യൂ‘ എന്ന് പറയുകയും ചെയ്തു.

യാത്രകൾക്കിടയിലെല്ലാം മഴയും മരങ്ങളും കണ്ട് തീർക്കുകയായിരുന്നു അവൾ.
ഒരുപാട് മരങ്ങൾ.
മൃഗങ്ങളിലെ ചോര പോലെത്തന്നെ മരങ്ങളിലെ ഹരിതകവും..
അടുത്ത് കാണുമ്പോഴുള്ള രൂപങ്ങളിലെ വൈവിധ്യത്തിനപ്പുറത്ത് ഒരു അകലം കഴിഞ്ഞാൽ പിന്നെ വേർതിരിയ്ക്കാനാവാത്ത സാമ്യതകൾ..
ഓരോരുത്തരിലും ഒരു മരം വളരുന്നുണ്ടെന്ന് തോന്നി വിമലയ്ക്ക്.
ആകാശത്തിന്റെ വഴിയിൽ എത്രദൂരം നടന്നാലും പിറവിയുടെ മണ്ണ്‌ മുറുകെപ്പിടിക്കുന്ന വേരുകളുള്ള ഒരു മരം.
പരസ്പരം പ്രണയിച്ചു ശീലിച്ച പുരുഷനും സ്ത്രീയ്ക്കും ഒപ്പം പരിത്യാഗിയായ ഒരു സന്ന്യാസി കൂടി തന്റെ മനസ്സിൽ അലയുന്നത് വിമല അറിഞ്ഞു.

അപ്രായോഗികമാണ്‌ തോന്നലുകളെല്ലാം.
വൈരുദ്ധ്യമായ പലപല ആഗ്രഹങ്ങൾ കൊണ്ട് അപ്രായോഗികമായിപ്പോകുന്ന തോന്നലുകൾ.

വഴിയിലൊരിടത്ത് മഴ മാറിയ ഒരു വൈകുന്നേരം, മഴവില്ല് കൂടി കണ്ടവൾ.
യാത്രയുടെ ദിശയിൽ തന്നെയായിരുന്നതു കൊണ്ട് ഏറെ നേരമുണ്ടായിരുന്നു ആ കാഴ്ച.
’ഫോട്ടോ എടുക്കായിരുന്നു‘
കിട്ടേട്ടൻ ആഗ്രഹിച്ചു.
വേണ്ടെന്ന് പറഞ്ഞു വിമല.ഒരു ക്യാമറയുണ്ടാകുമ്പോൾ ഫോട്ടോ നന്നാകണമെന്നേ ഉണ്ടാകൂ..മനസ്സിലേക്ക് കാഴ്ച നിറയ്ക്കാൻ കഴിയില്ല.

യാത്രയിലൊടുക്കം താൻ ജനിച്ചു വളർന്ന വീട്ടിലേക്കും പോകണമെന്നുണ്ടായിരുന്നു അവൾക്ക്.
ആരും നില്ക്കാനില്ലാത്തതു കൊണ്ട് ആർക്കോ വിറ്റുപോയ ഒരു പഴയ വീട്.
വീട് വില്ക്കുമ്പോൾ തന്റെ മുറിമാത്രം ഒഴിച്ച് നിർത്തി വില്ക്കാമോ എന്നൊരു വിഡ്ഢിത്തം കൂടി ചോദിച്ചിരുന്നു.

അച്ഛനോട് തന്നെക്കാണാൻ ഇങ്ങോട്ട് വരുമോ എന്ന് ചോദിച്ചു വിമല.പിന്നെ കിട്ടേട്ടൻ തന്നെ പറഞ്ഞു:’ബാംഗ്ലൂരിപ്പോയ്ട്ട് സാറിനെ കാണാന്നെ‘
കാറിലാണെങ്കിൽ വയ്യെന്ന് പറഞ്ഞു.
റോഡ് മോശം.
പുതുമഴയുടെ ദിവസങ്ങളിൽ ടിന്നിലടച്ചിടുന്ന വണ്ടിനെപ്പോലെ സ്വയം ശബ്ദിച്ചും ഇളകിയും മുകളിലേക്ക് തെറിച്ചും ശർദ്ദിച്ചും സമയം കൊല്ലാം.

’ട്രെയിൻ മതി‘
അതാകുമ്പോൾ ചില ഓർമ്മകൾ കൂടി കൂട്ടുണ്ടാകും.
പണ്ട് അവളെഴുതാറുള്ള ഡയറിയിൽ പാതിയും ട്രെയിനിന്റെ ലോഹകമ്പികളിൽ നെറ്റിചേർത്ത് കാറ്റിലേക്ക് കൈകൾ പറത്തിവിട്ട് കണ്ട കാഴ്ചകളാണ്‌..
പഴയ വീട് വില്ക്കുന്നതിനിടെ തന്റെ പുസ്തകങ്ങൾ,ഡയറികൾ എല്ലാം എന്തു ചെയ്തു എന്ന് ചോദിക്കാൻ മറന്നു പോയല്ലോ എന്നോർത്തു അവൾ.
ഇനി ചോദിച്ചിട്ടും കാര്യമില്ല.


അച്ഛൻ കാത്ത് നില്പ്പുണ്ടായിരുന്നു.
പ്രായം കുറഞ്ഞു വരികയാണല്ലേ എന്ന് കളി പറഞ്ഞു.
ആദിയേയും ഭരതിനേയും എത്ര കാലമായി കണ്ടിട്ടെന്ന പരാതി അച്ഛന്‌.
’അച്ഛ്നുമമ്മയും ഞങ്ങളുടടുത്ത് മാത്രം വന്ന് നില്ക്കില്ലല്ലോ‘

അച്ഛൻ സ്മിതചേച്ചിക്കൊപ്പം ബാംഗ്ലൂരിൽ.അമ്മ ജപ്പാനിൽ, രേണു ചേച്ചിക്കൊപ്പം.
അത് ശരിയാണെന്ന് ഒരിയ്ക്കലും തോന്നാറില്ല വിമലയ്ക്ക്.
വയസ്സാകുമ്പോഴാണ്‌ ഒരുമിച്ച് നില്ക്കേണ്ടത്.
അല്ലാതെ ലോകത്തിന്റെ രണ്ടറ്റത്തിരുന്ന് ലാപ്ടൊപ്പിന്റെ ഇത്തിരിക്കുഞ്ഞൻ സ്ക്രീനിൽ മുഖം കണ്ട് ശബ്ദം കേട്ട്..
പക്ഷേ പുറത്ത് പറയാറില്ല.ഒരു കലഹമുണ്ടാക്കണ്ട ചേച്ചിമാരുമായി എന്ന് കരുതി മാത്രം.

മുൻപ് സ്മിതചേച്ചിയുടെ കൂടെ ബാംഗ്ലൂരിൽ നില്ക്കുമ്പോൾ അയലത്ത് ഒരു പഞ്ചാബി കുടുംബമുണ്ടായിരുന്നു. അതിലെ മുത്തശ്ശനും മുത്തശ്ശിക്കും രാവിലെയും വൈകിട്ടും ഒന്നിച്ചൊരു നടത്തമുണ്ടായിരുന്നു.
വിമല ടെറസിനു മുകളിലിരുന്ന് ആ യാത്ര കാണും.

അവൾക്ക് കൊതി തോന്നും.
വേഗം വിവാഹം കഴിച്ച്..വേഗം വയസ്സായി..ഒന്നിച്ച് നടക്കാൻ..
സ്മിതചേച്ചിയുടെ അടുക്കളയിലിരുന്ന് അതെല്ലാം ഓർത്ത് വീണ്ടും ചിരിച്ച് പോയി വിമല.

‘അവരെവിടെ..ആ സുരീന്ദർ സിംഗും ഫാമിലിയും?’
വിമല ചോദിക്കാതിരുന്നില്ല.
പത്ത് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.
‘നീ ഒന്നും മറക്കുന്നില്ലേ..അവരു തിരിച്ച് പോയി..ആ വീട്ടിലിപ്പോ നായിഡു കുടുംബമാണ്‌’

ലുധിയാനയിലെ വഴികളിലൂടെ ഓറഞ്ച് തലപ്പാവുകെട്ടിയ വൃദ്ധനും നീളത്തിൽ പിരിച്ചു കെട്ടിയ വെള്ളിമുടിയുള്ള വൃദ്ധയും നടക്കുന്നുണ്ടാകുമെന്ന് അവൾ ആശിച്ചു.
പിന്നെ മറ്റൊരു ചിന്തകൾക്കും ഇടം കൊടുക്കാതെ ഭരതും ആദിയും അവളുടെ മനസ്സിൽ നിറഞ്ഞു.

അവരെല്ലാം അടുത്തുണ്ടാകുമ്പോൾ,അവർക്കെല്ലാം സുഖമാണെന്നറിയുമ്പോൾ, മാത്രമാണ്‌ പ്രണയാക്ഷരങ്ങളിലൂടെ സ്നേഹം ശീലിപ്പിക്കുന്ന പുരുഷനും സ്നേഹത്തോട് അത്യാഗ്രഹം തോന്നുന്ന സ്ത്രീയും ഊരു തെണ്ടിയായ സന്യാസിയും തന്നെ പരീക്ഷിക്കാൻ വരുന്നുള്ളൂ എന്ന് വിമല തിരിച്ചറിഞ്ഞു.

ഇനി മടങ്ങിപ്പോക്ക്..
എല്ലാം സ്വസ്ഥമാണെന്ന് നിശ്ചയിക്കുമ്പോൾ തുടങ്ങുന്ന വികാരവിചാരങ്ങളിലേക്ക്.

Tuesday, August 10, 2010

സുഭദ്ര, അവളുടെ മനസ്സ് വായിക്കുന്നു.

ഞാനാണ്‌ സുഭദ്ര.

കാലങ്ങളെത്രയായി? ഓർമ്മകളിലൂടെ എനിക്ക് തിരിഞ്ഞു നടക്കേണ്ടി വരുന്നു.

എന്റെ ജീവിതത്തിന്റെ അപരിചിതങ്ങളിലേക്ക്.
ഏറെ ദൂരം ഒപ്പം നടന്ന അക്ഷരങ്ങൾ ബാക്കി വെച്ച അടയാളങ്ങളിലേക്ക്.
എഴുതാതെപോയ സ്മരണകളിലേക്ക്.

ആവർത്തനങ്ങളാവാം.
ജീവിതം തന്നെ അങ്ങനെയെന്നു തിരിച്ചറിഞ്ഞിരിക്കുന്നു.

പ്രസവത്തിൽ തന്നെ അമ്മ മരിച്ചുപോയതുകൊണ്ട്,
അച്ഛനാരെന്നറിയാതെ, ഞാൻ വളർന്നത് കുടമൺ അമ്മാവന്റെ വീട്ടിൽ.
എട്ടുവീട്ടിൽ പിള്ളമാരിൽ പ്രമാണിയുടെ ധനവും ധാർഷ്ട്യവും നന്നായി അനുഭവിച്ചു തന്നെയാണ്‌ വലുതായത്..

പക്ഷെ എന്തുകൊണ്ടെന്നറിയില്ല എന്റെ വിശ്വാസങ്ങൾ വ്യത്യസ്തമായിരുന്നു..
എന്റെ വിശ്വാസങ്ങൾ. എന്റെ രീതികൾ.

പ്രായത്തെ കാത്ത് നില്ക്കാതെ വളർന്ന എന്റെ ദേഹവും ചിന്തകളും വാക്കും മനസ്സും..

ബാലികയായിരുന്നപ്പോൾ കൗമാരത്തിന്റെ കൗതുകങ്ങൾ എന്നെ നിരന്തരം ശല്യപ്പെടുത്തി.
കൗമാരമാകട്ടെ യൗവ്വനത്തിന്റെ പൂക്കൾ വർഷിച്ചു.

യൗവ്വനത്തിൽ മനസ്സിന്‌ തത്ത്വചിന്തകൊണ്ട് തപസ്സനുഷ്ഠിച്ച് ഒരു മുത്തശ്ശിയെപ്പോലെ ജീവിയ്ക്കേണ്ടി വന്നു.
ഒടുവിൽ മധ്യവയസ്സിൽ മരിച്ചവന്റെ സ്വാതന്ത്ര്യമനുഭവിച്ചു.

എന്നിലെ സ്ത്രീ അങ്ങനെയായിരുന്നെന്ന് മാത്രമറിയാം.

കാമക്രോധങ്ങളെ മനസ്സുകൊണ്ട്‌ അതിജീവിയ്ക്കാൻ കഴിഞ്ഞെങ്കിലും, അറിയേണ്ടവരെ അതു വിശ്വസിപ്പിയ്ക്കാൻ കഴിയാതെ പോയ ഒരാൾ.

അതുകൊണ്ടുതന്നെ ജീവിതം മുഴുവൻ തനിച്ചായിപ്പോയി ഞാൻ.
എന്നും കൂട്ടുതന്നത് അരൂപിയായ മനസ്സ് മാത്രം..

പക്ഷെ ആർക്കുവേണമെങ്കിലും ഓർമ്മകളിലൂടെ,സങ്കല്പങ്ങളിലൂടെ, കയറിവന്ന് അസ്വസ്ഥമാക്കി, ഇറങ്ങിപ്പോകാവുന്ന തുറന്ന വീട് പോലെയായിരുന്നു മനസ്സ്.

വീട്ടിൽ ശൈശവം  മുതല്ക്കുതന്നെ പ്രായഭേദമന്യേ എല്ലാവരോടും  ഇടപെട്ടു ശീലിച്ചതുകൊണ്ടാകണമിങ്ങനെയൊക്കെ.

അമ്മാവന്റെ സുഹൃസദസ്സിൽ ചെറുപ്പത്തിൽ ഞാനും ചെന്നിരിക്കാറുണ്ടായിരുന്നു.
അവരുടെ സരസസംഭാഷണങ്ങളിലെ ദ്വയാർത്ഥങ്ങൾ,
കഥകളി പദങ്ങളിലെ ശൃംഗാരരസങ്ങൾ,
അനുഭവങ്ങളിലെ കാമം....
എല്ലാം ഞാനും കേട്ടു.
എന്തുകൊണ്ടോ പ്രായത്തിൽ കവിഞ്ഞ് എനിക്കതെല്ലാമറിയാനും കഴിഞ്ഞു.

ശേഷക്കാരി ബാലികയെ ‘തേവിടിശ്ശി’എന്ന് കളിയായി അമ്മാവൻ അന്നേരങ്ങളിൽ വിളിയ്ക്കാറുണ്ടായിരുന്നത് അതുകൊണ്ടാകണം.

എന്നെ ഒറ്റപ്പെടുത്താൻ ആ വിശേഷണം നിഴലുപോലെ പ്രായത്തിനൊപ്പം വളർന്നു.  അരൂപിയായ ഇരട്ട സഹോദരിയെപ്പോലെ.
പക്ഷേ സങ്കടമില്ല. 
നഷ്ടങ്ങളെ അതിജീവിയ്ക്കേണ്ടതെങ്ങനെയാണെന്ന് അവളെന്നെ പഠിപ്പിച്ചു.


ഏതൊക്കെ മൂത്തവിടന്മാരുടെ ഇഷ്ടക്കാരിയായാണ്‌ ലോകമെന്നെ അറിഞ്ഞത്!
അമ്മാവന്റെ പ്രായമുള്ള രാമനാമഠത്തിന്റെ,നാടുവാഴുന്ന രാമവർമ്മമഹാരജാവിന്റെ മകൻ പത്മനാഭൻ തമ്പിയുടെ...എട്ടുവീട്ടിൽ പിള്ളമാരിൽ പ്രമാണികളിൽ പലരുടേയും.....

ഒന്നും നിഷേധിയ്ക്കാൻ ശ്രമിച്ചില്ല..
അവരോടൊന്നും അടുത്തിടപഴകാതെയുമിരുന്നില്ല.

സ്വയം സംരക്ഷിയ്ക്കാൻ പക്ഷെ മനസ്സിലിരുന്ന് ആരോ അടവുകൾ പറഞ്ഞു തന്നു.
മരിച്ചുപോയ അമ്മയാണോ..
തിരിച്ചറിയാൻ കഴിയാതെ പോയ അച്ഛനാണോ
അതോ ശ്രീ പത്മനാഭൻ തന്നെയാണോ എന്നറിയില്ല..


ചിലനേരങ്ങളിൽ മനസ്സ് പഞ്ചവങ്കാടുപോലെ പകയുടെ കള്ളിമുള്ളുകൾ കൊണ്ടുനിറഞ്ഞു.
ചിലനേരങ്ങളിൽ ചെമ്പകശ്ശേരിയിലെ കാരാഗൃഹം പോലെ ഇരുട്ട് നിറഞ്ഞും.

ജന്മസിദ്ധമായ ബുദ്ധിയ്ക്കും വിവേകത്തിനും ധൈര്യത്തിനും സ്വയം വഴികാട്ടാൻ കഴിഞ്ഞില്ലല്ലോ എന്ന് ഖേദം തോന്നി.
മനസ്സിൽ അമ്മയ്ക്കും,ആരെന്നറിയാൻ കഴിയാതെ പോയ അച്ഛനും മാപ്പ് പറഞ്ഞു,

വിശ്വാസങ്ങളേയും ഉടലിനേയും ആത്മബലത്തിന്റെ തൊലികൊണ്ട്, മുറിഞ്ഞുപോകാതെ പൊതിഞ്ഞു സൂക്ഷിച്ചു.

 ഓർമ്മയെങ്കിലും ഒരു മഞ്ഞത്താലിയും.
കുടമൺ അമ്മാവന്റെ ബന്ധുവിന്റെ മകനായിരുന്നു അദ്ദേഹം.

അദ്ദേഹം തിരഞ്ഞു പിടിച്ചു കണ്ടെത്തുന്ന പൊരുത്തക്കേടുകളൊഴിച്ച് മറ്റെല്ലാം എനിക്കിഷ്ടമായിരുന്നു.

ഒരു മൃഗമതിന്റെ ഇണയെ ശരീരം കൊണ്ട് തൃപ്തിപ്പെടുത്തുന്നതുപോലെ മാത്രം എന്നെ അറിയാൻ അദ്ദേഹമാഗ്രഹിച്ചു.
പക്ഷേ, ഞാനെന്ന നിശാഗന്ധി വിരിയാതെ, പലരാത്രികളിൽ അദ്ദേഹത്തിലെ ഗന്ധർവ്വനെ പരിഹസിച്ചു ചിരിച്ചു.

അദ്ദേഹത്തിൽ ഉപേക്ഷിയ്ക്കപ്പെടാൻ,ചിന്തകളെ മറന്ന് മനസ്സിനെ ഏകാഗ്രമാക്കാൻ ഞാൻ ശ്രമിച്ചു.

സംശത്തിൽ നിന്നദ്ദേഹത്തെ സ്വതന്ത്രനാക്കാൻ പക്ഷേ എനിക്ക് കഴിഞ്ഞില്ല. ഞങ്ങൾ പരസ്പരം അപരിചിതരായി.

ഒരു രാത്രി അദ്ദേഹം വീട് വിട്ടിറങ്ങുകയും ചെയ്തു.
തിരഞ്ഞു കണ്ടു പിടിയ്ക്കാനും കഴിഞ്ഞില്ല.

അദ്ദേഹത്തെ സംശയിക്കാൻ ശീലിപ്പിച്ചത് സുന്ദരയ്യനാണെന്ന് എനിക്കറിയാമായിരുന്നു.
പത്മനാഭൻ തമ്പിയുടെ ഉപദേശകൻ.
പരദേശി.
ഭൂലോക കള്ളൻ.
അയാളെയാണ്‌ ഞാൻ ഏറ്റവും ഭയന്നത്.

അയാളുടെ ചതികൾ ഏറെയാണ്‌.
ദേശത്തെ കുഴപ്പങ്ങൾക്കെല്ലാം കാരണവും അയാൾ തന്നെ.
അയാളും അയാളുടെ സഹവാസം അനുവദിച്ചു കൊടുക്കുന്ന തമ്പിയും എട്ടുവീടരും.
എന്നും ദേശദ്രോഹത്തിനുള്ള ആലോചനകൾ നടക്കാറുണ്ട് ആണ്ടിയിറക്കത്തുള്ള ഞങ്ങളുടെ ഗൃഹത്തിൽ വെച്ച്.

യുവരാജാവായ മാർത്താണ്ഡവർമ്മയെ ചതിച്ചുകൊല്ലാനുള്ള അനേകം പദ്ധതികളും.
അവയെ അതിജീവിയ്ക്കാനുള്ള യുവരാജാവിന്റെ പ്രയത്നങ്ങളിൽ പലതും പപ്പുവും ശങ്കരച്ചാരും(അവരെന്റെ കുടിയാന്മാർ.എന്നെ മനസ്സിലാക്കാൻ സന്മനസ്സ് കാട്ടിയവർ.എന്റെ ശക്തിയും അവർ തന്നെ.)പറഞ്ഞറിയാറുണ്ട്.

അതിലൊന്നിലാണ്‌ അനന്തപത്മനാഭന്‌ അപായം സംഭവിച്ചത്.
പഞ്ചവങ്കാട്ടിൽ  വെച്ച് കളിയങ്കാട്ട് നീലി തലയ്ക്കടിച്ചു കൊന്നെന്ന ഒരു കഥകേട്ടു ആദ്യം.
പിന്നെ പറഞ്ഞു കേട്ടത് കോട്ടാറ്റ് ഒരു വേശ്യയ്ക്കുവേണ്ടി യുവരാജാവുതന്നെ അയാളെ കൊന്നുകളഞ്ഞതാണെന്ന്.

അതെന്തായാലും സംഭവിച്ചിരിക്കില്ലെന്ന് മനസ്സ് പറഞ്ഞു.

തിരുമുഖത്ത് പിള്ള- അനന്തപത്മനാഭന്റെ അച്ഛൻ, യുവരാജാവിന്റെ ഗുരു- ആ കഥ വിശ്വസിച്ച് തെറ്റിദ്ധരിയ്ക്കാൻ തുടങ്ങിയതും പറഞ്ഞറിഞ്ഞു.

മാർത്താണ്ഡ വർമ്മ യുവരാജാവ് ഒറ്റപ്പെടുകയാണ്‌.
ഒരു ദേശം അരക്ഷിതമാവുകയും.
കൂടെ, അനന്തപത്മനാഭന്റെ അപകടവും അതറിഞ്ഞ പാറുക്കുട്ടിയുടെ മഹാവ്യാധിയും.

പാറുക്കുട്ടി-അവളെനിക്ക് അനിയത്തി തന്നെ.

അവളുടെയച്ഛൻ, കഴക്കൂട്ടത്തമ്മാവനോടും എനിക്ക് കടപ്പാട് തന്നെ.
എന്നിലെ പെൺകുട്ടിയോട് ദയ കാണിച്ച ഒരേയൊരാൾ.

ശാസിച്ചും സ്നേഹിച്ചും കരുതലോടെ കാത്തുപോന്നിരുന്നു അദ്ദേഹം.
വികാരങ്ങളെ വിവേകം കൊണ്ടതിജീവിയ്ക്കാനുള്ള കരുത്ത് തന്നതും അദ്ദേഹം തന്നെ.
അതുകൊണ്ടാണോ എന്നറിയില്ല അനന്തപത്മനാഭനോടും പതിവില്ലാതെ ഒരടുപ്പം തോന്നാറുണ്ട്.
പാറുക്കുട്ടിക്കവനെ തിരിച്ചുകൊടുക്കാൻ കഴിഞ്ഞെങ്കിലെന്ന് ആഗ്രഹിക്കാറുണ്ട്.

എല്ലാം സുന്ദരയ്യന്റേയും തമ്പിയുടേയും ചതി തന്നെ.
വിടനായ തമ്പിയിൽ ദേശത്തിന്റെ അധികാരം വന്നാൽ അയാളത് പരദേശികൾക്ക് ദത്തം കൊടുക്കും-പെണ്ണിനും ലഹരിയ്ക്കും പകരം.

എന്നേക്കാൾ നന്നായി ആർക്കറിയാം അവരെ?
വേദനകളോട് വിരക്തി തോന്നിത്തുടങ്ങി.

മനസ്സിലൊരു ദൃഢ പ്രതിജ്ഞയുണ്ട്-ഭാഗ്യനിർഭാഗ്യങ്ങൾക്ക് ജീവിതത്തെ ഇനി വിട്ടുകൊടുക്കാൻ കഴിയില്ലെന്ന്.
അമ്മാവനും സുന്ദരയ്യനും തമ്പിയും കൂടി ആലോചിച്ചുറപ്പിക്കുന്ന പദ്ധതികളറിയാൻ ഒരു വഴിയുണ്ടെന്റെ മുന്നിൽ-രാമനാമഠം.

ആളുകൾ അയാളെ എന്റെ പതിവുകാരനായി കാണുന്നു.
സ്വതേ വങ്കൻ.
മൂഢൻ.
എഴുപത് കഴിഞ്ഞു.ആഗ്രഹങ്ങൾക്കതിരില്ല.

അയാളുടെ ശൃംഗാരം പരിഹാസ്യമായിരുന്നു.
മുടക്കാൻ കഴിയാത്ത ദിനചര്യപോലെയായിരുന്നു കിഴവന്‌ എന്റെ അറയിലേക്കുള്ള വരവ്.
സ്പർശനം ആഗ്രഹിക്കുന്നുണ്ടെങ്കിലും നിർബന്ധമില്ല.
ദിവസവും കൂറേ നേരം കണ്ടാൽ മതി.
കുറേ ശൃംഗാരപദമാടിയാലും മതി.
അറയിലെ എന്റെ ഗന്ധമുള്ള കാറ്റ് മതി.
ഞാനൊരുക്കുന്ന മുറുക്കാൻ തട്ടം മതി.

അകലെയിരുത്തി,അയാളിഷ്ടപ്പെടുന്ന വാക്കുകൾ കൊണ്ട് അയാളിലെ കാമം തൃപ്തിപ്പെടുത്താൻ എനിക്കും അറിയാമായിരുന്നു.

‘തിരുഅനന്തശയനത്തിൽ പള്ളികൊണ്ടരുളും ശ്രീ പത്മനാഭപെരുമാളാണെ,പൊന്നാണെ ,വിളക്കാണെ, ഇക്കുലമാളും കരിങ്കാളിയാണെ...’ തുടങ്ങി‘കനകക്കൊതിയിലും മങ്കമടിയിലും മനം മയങ്ങി ,മറുചെവി പോകാതു പോകാതു സത്യം..’അയാളെക്കൊണ്ട് തെറ്റിയ്ക്കാൻ എനിക്ക് കഴിഞ്ഞു.

രാമനാമഠമെന്ന ഭൂലോക വിടന്റെ വാക്കുകളിൽ ഒരു ദേശത്തിന്റെ സുരക്ഷയുണ്ട്.
ധീരനായ യുവരാജാവിന്റെ ജീവിതവും.

രാവിനും പകലിനും വേണ്ടി കാത്തു നിന്നില്ല.
ഒരുപാട് സഞ്ചരിച്ചു. ശരീരം കൊണ്ടും മനസ്സുകൊണ്ടും...
എല്ലാം മനസ്സിൽ വിചാരിച്ചതു പോലെ , ആഗ്രഹിച്ചതുപോലെ നടന്നു...

സുന്ദരയ്യന്റെ, തമ്പിയുടെ,എട്ടുവീടരുടെ കുതന്ത്രങ്ങൾ അതിജീവിയ്ക്കാൻ യുവരാജാവിനു കഴിഞ്ഞു.

ഭാഗ്യം ചെയ്ത എന്റെ നാട്!

പാറുക്കുട്ടിയ്ക്കവളുടെ അനന്തപത്മനാഭനെ തിരിച്ചു കിട്ടി.
അവനെന്റെ അനിയനാണെന്ന് അറിയാൻ കഴിഞ്ഞു.ഞങ്ങളുടെ അച്ഛനിൽ നിന്നു തന്നെ..

ഭ്രാന്തൻ ചന്നാനായി,കാശിവാസിയായി,പാണ്ടിദേശത്തുനിന്നു വന്ന മഹമ്മദീയ വ്യാപാരസംഘത്തിലെ ഷംസുദ്ധീനായി...പലവേഷങ്ങളിൽ ദേശത്തിനും യുവരാജാവിനും കാവൽ നിന്നതവനാണ്‌.

എന്റെ ശ്രീ പത്മനാഭാ!

ഒരു സ്വപ്നം പോലെ വീണുകിട്ടിയത്  കളഞ്ഞുപോയെന്നു കരുതിയ സ്നേഹമാണ്‌.
മനസ്സിലാക്കാൻ സാവകാശം കാണിക്കാതെ വഴിയിലെന്നെ ഉപേക്ഷിച്ച് സ്വയം സ്വതന്ത്രനായ എന്റെ ഭർത്താവിന്റെ.

അയാൾ ബീറാംഖാനാണിന്ന്.ഫാത്തിമയുടെ ഭർത്താവ്.
അയാളെന്നെ തിരിച്ചറിഞ്ഞിരിക്കുന്നു.
എന്നിൽ കാമത്തിന്റെ വിഷമുണ്ടായിരുന്നില്ലെന്ന്...
ഒരു സാധാരണസ്ത്രീ മാത്രമായിരുന്നു ഞാനെന്ന്...

 
കുടമൺ അമ്മാവന്റെ വാളിനു തോന്നിയ ദയ,പ്രാണന്‌ എന്റെ ശരീരത്തെ ഉപേക്ഷിക്കാനുള്ള അനുവാദം കൊടുത്തിരിക്കുന്നു.

ഒരോരുത്തർക്കും ഒരോരോ നിയോഗമുണ്ട്;
ജീവിയ്ക്കാൻ ഒരോരോ കാരണങ്ങൾ:
ഈ നിമിഷം,
അല്ലെങ്കിലതിനടുത്ത നിമിഷം,
അതുമല്ലെങ്കിൽ അതിനുമടുത്ത നിമിഷം 
അതെന്താണെന്ന് തിരിച്ചറിയാനാകുമെന്ന വിശ്വാസത്തിലാണ് ജീവിയ്ക്കുന്നത്:
ചിലർക്ക് ഒരു വെളിപാടുപോലെ
ചിലർക്ക് യാതനകളിലൂടെയുള്ള ആത്മശുദ്ധീകരണത്തിലൂടെ
തന്റെ നിയോഗമിതാണെന്ന വിസ്മയമറിയാനാകുന്നു.
ആ വിസ്മയമനുഭവിയ്ക്കുന്നവർ ഭാഗ്യവാന്മാർ.

ഒരോരുത്തർക്കും ഒരോരോ നിയോഗമുണ്ട്;
ജീവിയ്ക്കാനും മരിയ്ക്കാനും ഒരോരോ കാരണങ്ങൾ.


എന്റെ മനസ്സിന്‌ ഇനി എന്നോട് ക്ഷമിയ്ക്കാം.

എങ്കിലും അതിന്‌  പുനർജനി ബാക്കിയുണ്ടെന്ന് തോന്നുന്നു.
അത് പല കാലങ്ങളിൽ, പല പേരുകളിൽ, പല പെൺമനസ്സുകളെ  അസ്വസ്ഥപ്പെടുത്താൻ നിയോഗിക്കപ്പെട്ടിരിക്കുന്നു.

Thursday, July 1, 2010

ഉടൽ

കണ്ണാടിയിൽ നോക്കി കറുത്ത മുടികൾ എണ്ണിയെടുക്കുമ്പോൾ സംശയം തോന്നി:
നാല്പത്തിയഞ്ചിൽ ഇത്ര നരയ്ക്കുമോ?

എൺപത്തിയഞ്ച് കഴിഞ്ഞപ്പോഴും അപ്പനും അമ്മയ്ക്കും കറുത്ത മുടികൾ ഒരുപാട് ബാക്കിയുണ്ടായിരുന്നു.മൂത്ത ചേച്ചിമാർ രണ്ടാൾക്കും ,അതേ.

ഒരുപക്ഷെ ഇവിടെത്തെ വെള്ളത്തിന്റെ കുഴപ്പമാകണം.
അല്ലെങ്കിൽ ഡൈയുടെ.
വെള്ളം മാറ്റാൻ കഴിയില്ല.
ഡൈ മാറ്റുക തന്നെ.

എന്നാലും ഈ നര..?

ബ്യൂട്ടിപാർലറിലെ ഫിലിപ്പിനൊ പെണ്ണ്‌ ,ചെന്നു കയറുമ്പോഴേ പറയും:"beautiful hair..madam.."

എല്ലാ ആഴ്ചകളിലും കാണുന്നതുകൊണ്ടാണോ എന്നറിയില്ല ചെന്നിരിക്കുമ്പോൾ തന്നെ ലോകത്തിലെ സുന്ദരിമാരിലൊരാൾ ഞാൻ തന്നെയാണെന്ന് അവൾ പറഞ്ഞു ഫലിപ്പിക്കും, കൂട്ടത്തിൽ ചില നിർദ്ദേശങ്ങളും.

പലതിന്റേയും പരിഹാരമറിഞ്ഞ് പാർലറിൽ നിന്ന് ഇറങ്ങുമ്പോൾ ആലോചിയ്ക്കും:
എന്റെ കൈയ്യിൽ എന്തുണ്ട്?

നരച്ച മുടി..വരണ്ട ചർമ്മം..
നീളം വെയ്ക്കാൻ മടിയുള്ള നഖങ്ങൾ..
തലയിലല്ലാതെ വളർന്ന് വലുതായി ഭ്രാന്ത് പിടിപ്പിക്കുന്ന രോമങ്ങൾ..
വിണ്ടു കീറിയ മടമ്പ്..കാൽനഖത്തിന്റെ നിറം മാറ്റം..

അപ്പോൾ കാലുകഴുകി മടമ്പുരച്ച് തരുന്ന സുന്ദരിയുടെ കാൽ കഴുകിയ വെള്ളം ഞാൻ കുടിക്കണോ?

താരതമ്യം ചെയ്യുന്നതാണ്‌ പ്രശ്നം.
ആരുമായും താരതമ്യം ചെയ്യാതെ ഞാനേയുള്ളൂ എന്ന് കരുതിയാൽ പലതിനും പരിഹാരമുണ്ട്.

പണ്ട് അങ്ങനെത്തന്നെ ആയിരുന്നു.
അപ്പനും അമ്മയും ചേച്ചിമാരും അനിയനും ഞാനും കൂടി രണ്ട് മുറി വീട്,ഭക്ഷണം,വസ്ത്രങ്ങൾ ഒക്കെ പങ്കിട്ട് ജീവിച്ച ആ കാലത്ത്.
വലിയ സന്തോഷവും വലിയ സങ്കടങ്ങളും ഇല്ലാതെ.
സ്വയം താരതമ്യം ചെയ്യാൻ കൂടുതൽ പണമുള്ള ആരേയും അന്ന് പരിചയമുണ്ടായിരുന്നില്ല.ദാരിദ്ര്യം എന്നത് പരിഗണിക്കേണ്ട വിഷയമായേ തോന്നിയിരുന്നില്ല.

ആന്റണിയുടെ കൂടെ കിടന്ന് കിട്ടിയ ശീലമാണിത്.
എന്തിനേയും ഏതിനേയും താരതമ്യം ചെയ്യുക.
ഭാര്യയേയും ഭർത്താവിനേയും വഴിയേ പോകുന്നവരേയും.

ആന്റണിയുടെ വിവാഹം കഴിഞ്ഞപ്പോഴും അങ്ങനെയായിരുന്നു.
മെലീസയിലെ ഭാര്യയെ, കേട്ടറിഞ്ഞ നല്ല ഭാര്യമാരുമായി ചേർത്തുവെച്ച് വിലയിരുത്താൻ നോക്കി.
പരാജയപ്പെട്ടു.
വേവലാതിപ്പെട്ടു.

ആ പരിഭ്രാന്തിയുടെ കാലത്താണ്‌ ഞാൻ ആന്റണിയുമായി കൂടുതൽ അടുക്കുന്നത്.

അതുവരെ ഒരേ ട്രെയിനിൽ ഒരേ ദൂരം ഒരുമിച്ച് യാത്രചെയ്യുന്നവർ.
സിനിമാസംഗീത നിരൂപകർ.
മാഗസീനുകൾ കൈമാറി മറിച്ചു നോക്കുന്നവർ.
അറിയാതെ ആരെങ്കിലും ചെയ്യുന്ന അബദ്ധങ്ങൾ ഊറിച്ചിരിയോടെ കൈമാറുന്നവർ.

ഫെബിയുടെ സുഹൃത്തായിരുന്നു ആന്റണി.
ഫെബി എന്റെ അനിയൻ.
അപ്പോൾ ഞാൻ ആരാണെന്നോ?
ഞാൻ റീത്ത,റീത്ത ആന്റണി.

ചില കാര്യങ്ങൾ ഇങ്ങനെയാണ്‌,തുടങ്ങിയെടുത്ത് തന്നെ അവസാനിക്കുന്നവ.

എന്റെ ജീവിതം പക്ഷേ ഇങ്ങനെയല്ല.
അതിനു തുടങ്ങിയിടത്ത് അവസാനിയ്ക്കാൻ കഴിയില്ല.

എവിടെ തുടങ്ങിയോ അതു തന്നെ തിരിച്ചറിയാൻ കഴിയാത്ത വിധം അകലെ ആയിരിക്കുന്നു ഞാൻ.

ആന്റണിയും മെലീസയും എതിർദിശയിലെങ്കിലും ആ വൃത്തത്തിലൂടെ സഞ്ചരിക്കുന്നവർ.
അവരുടെ തുടക്കം ഒരേ വീട്ടിൽ...എതിർദിശയിലുള്ള സഞ്ചാരം..
അതുകൊണ്ട് തന്നെയാണ്‌ അവർ വീണ്ടും ഒന്നിച്ചത്...
അല്ല, അവർ എന്നും ഒന്നിച്ചു തന്നെ ആയിരുന്നില്ലേ!!..
അപ്പോൾ ഞാനോ?

ആന്റണിയുടെ മമ്മയുടെ സഹോദരന്റെ മകളാണ്‌ മെലീസ.
എനിക്കവൾ ആന്റണിയുടെ അനിയത്തി.
ആന്റണിയും അങ്ങനയേ കണ്ടിരുന്നുള്ളൂ ആദ്യം.

അതുകൊണ്ടായിരുന്നു വീട്ടുകാരെ അനുസരിച്ചുള്ള അവരുടെ വിവാഹത്തിന്റെ ആദ്യ വർഷങ്ങൾ പുറത്ത് കാണിക്കാൻ വയ്യാത്ത അസ്വസ്ഥതകൾ നിറഞ്ഞതും.

ഒരേ വീട്ടിൽ ഒന്നിച്ചു വളർന്നവർ രാത്രികളിൽ ഒരു മുറിയിൽ പരസ്പരം സ്പർശിക്കാൻ ഭയപ്പെട്ട് അപരിചിതരെപ്പോലെ കഴിഞ്ഞു.

പുറത്ത് കാണിക്കാൻ ഭയപ്പെട്ട സത്വത്തിന്റെ വൈകൃതങ്ങൾ പകൽയാത്രകളിൽ എനിക്ക് കാണാൻ കഴിഞ്ഞു.

ഫെബിൻ ഒന്നിച്ചില്ലാത്ത ദിവസങ്ങളിൽ ഓഫീസിലേക്കുള്ള യാത്ര പകുതിക്ക് ഉപേക്ഷിച്ച് ഞങ്ങൾ ഒന്നിച്ചിരുന്നു.

അയാളുടെ വിരലുകൾ തീക്കട്ട പോലെ പൊള്ളുന്നത് എനിക്കറിയാൻ കഴിഞ്ഞു.

അയാളുടെ കണ്ണുകൾ എനിക്ക് പ്രിയപ്പെട്ടവ ആയിരുന്നതുകൊണ്ട് അയാൾ ആഗ്രഹിക്കുന്നതെന്തെന്ന് ഊഹിയ്ക്കാൻ എനിക്ക് എളുപ്പം കഴിഞ്ഞു.

അയാളുടെ നെറ്റിയിലെ വിയർപ്പിനു എന്റെ ആഗ്രഹങ്ങളുടേയും ഉപ്പ് രസം ഉണ്ടായിരുന്നു.

എന്റെ ജീവിതത്തിലും വലുതാണ്‌ അയാളെന്ന് എനിക്ക് തോന്നിത്തുടങ്ങി.

അയാളുടേതു പോലെ എന്റെ വിരലുകളും ചുട്ട് പൊള്ളാൻ തുടങ്ങി.

ഫെബിൻ പക്ഷേ ഞങ്ങളെ തിരിച്ചറിഞ്ഞു.അവന്റെ തിടുക്കം ഞങ്ങളെ വിവാഹിതരാക്കി.
എന്റെ വീട്ടുകാർ അറിഞ്ഞും ആന്റണിയുടെ വീട്ടുകാർ അറിയാതെയും.

മെലീസയുമായി താരതമ്യം ചെയ്തപ്പോഴൊക്കെ ഞാൻ ആന്റണിയുടെ പ്രിയപ്പെട്ട ഭാര്യയായി.

കണ്ടുപിടിക്കപ്പെടാതിരിക്കാനും കൂടുതൽ നേരം ഒന്നിച്ചുണ്ടാകാനും പ്രവാസത്തിന്റെ വീട് ഞങ്ങൾ തിരഞ്ഞെടുത്തു.പത്ത് മാസങ്ങളിൽ ആന്റണി ശബ്ദത്തിലൂടെ മെലീസയെ സ്നേഹിച്ചു,എന്നെ സാമീപ്യത്തിലൂടെയും.രണ്ട് മാസങ്ങളിൽ തിരിച്ചും...

മെലീസയെ സ്പർശിക്കേണ്ടത് എങ്ങനെയെന്ന് എന്നിൽ നിന്ന് ആന്റണി പഠിച്ചിരിക്കണം.
എല്ലാം അയാളുടെ സന്തോഷത്തിനായിരുന്നില്ലേ?

രതി പഠിപ്പിച്ചത് ഞാൻ.കുട്ടികളുണ്ടായത് പക്ഷേ അവളിൽ...
മൂന്ന് കുട്ടികൾ..

അവരോട് സംസാരിയ്ക്കാൻ കഴിഞ്ഞിട്ടില്ല,
ചിലനേരങ്ങളിൽ ആന്റണിയുടെ മൊബൈലിൽ അവരുടെ ശബ്ദങ്ങൾ ഉയരാറുള്ളത് ഞാൻ കേൾക്കാറുണ്ടെങ്കിലും.അയാൾ എന്റെ മുന്നിൽ നിന്ന് അവരോട് സംസാരിയ്ക്കുന്നത് ഒഴിവാക്കാൻ കഴി​‍യുന്നത്ര ശ്രമിക്കാറാണ്‌ പതിവ്.

അയാളുടെ ചില സന്തോഷങ്ങൾ പതുക്കെ പതുക്കെ എനിക്ക് അന്യമായിത്തുടങ്ങി.

അയാൾ എന്നേയും താരതമ്യം ചെയ്യാൻ തുടങ്ങി.അതു പക്ഷേ മെലീസയുമായി ആയിരുന്നില്ല.
വിമലയുമായി,ആന്റണിയുടെ ആത്മസുഹൃത്ത് രവിയുടെ ഭാര്യ വിമലയുമായി.


എന്നെപ്പോലെ ജോലി ചെയ്യേണ്ട ആവശ്യമൊന്നും ഉണ്ടായിരുന്നില്ല അവൾക്ക്.
സദാസമയവും വീട്ടിൽ..
കുട്ടിയെ നോക്കണം...വീട് വൃത്തിയാക്കണം ..
ഭക്ഷണമുണ്ടാക്കണം..തിന്നണം..ഉറങ്ങണം..

ഗസ്റ്റ് വന്നാൽ അവരുടെ മുന്നിൽ വെച്ച് രവിയെ സ്നേഹിക്കണം..
മിനുട്ടിൽ ഒരു പത്ത് പ്രാവ്ശ്യമെങ്കിലും ‘രവിയേട്ടാ’ എന്ന് വിളിച്ചു കൂവണം..
മടിയില്ലാതെ ഡ്രിങ്ക്സ് ഒഴിച്ചു കൊടുക്കണം(കുടിക്കുന്നവരേക്കാളും ലഹരിയാണ്‌ അച്ചാറു വിളമ്പുന്നവർക്ക് എന്നു തോന്നും അവളുടെ ഉത്സാഹം കണ്ടാൽ!)

എന്തോ കള്ളം അവളിലുള്ളതായി എനിക്ക് തോന്നാറുണ്ട്.

ഒറ്റയ്ക്കാകുമ്പോൾ അവർ തമ്മിലെന്താണെന്ന് ആർക്കറിയാം?

എന്തോ ആവട്ടെ എന്നുകരുതിയാലും
ആന്റണി, ‘വിമല ചെയ്യുന്നതു കണ്ടില്ലേ’ എന്ന് പറഞ്ഞുതുടങ്ങുമ്പോഴേ എന്റെ മനസ്സിൽ വിഷം നിറയും.

ചിലപ്പോൾ തോന്നും ഭർത്താക്കന്മാരാണ്‌ ഭാര്യമാരെ ചീത്തയാക്കുന്നതെന്ന്.

ഭക്ഷണം സ്വയം എടുത്ത് കഴിക്കുന്നതിലും തിന്ന പാത്രങ്ങൾ അവനവൻ തന്നെ കഴുകി വെക്കുന്നതിലും എന്താ കുഴപ്പം?
അല്ലെങ്കിൽ അതിനു സമയമുള്ളവർക്ക് അതൊക്കെ ചെയ്തു കൊടുക്കാം.

വിമല എന്റെ മുന്നിൽ വെച്ച് ആന്റണിയേയും പരിചരിക്കും.
എന്നെ കുറ്റപ്പെടുത്താൻ ആന്റണിക്ക് ഓരോ കാരണങ്ങൾ കാണിച്ചു കൊടുക്കുകയും ചെയ്യും.

ഈയ്യിടെയായി ആന്റണിയ്ക്ക് എപ്പോഴും നീരസമാണ്‌,ഞാൻ ചെയ്യാത്ത കാര്യങ്ങളെപ്പറ്റി എപ്പോഴും പറഞ്ഞു കൊണ്ടിരിക്കും.
ഞാനും വിട്ടു കൊടുക്കില്ല,രവിയെക്കുറിച്ച് പറയും.

അയാൾ അയാളുടെ ഒറ്റശമ്പളം കൊണ്ട് വിമലയേയും കുട്ടിയേയും നന്നായി നോക്കുന്നു.
ഇവിടെ രണ്ടു പേരുടെ ശമ്പളം പങ്കിടുന്നതിനെക്കുരിച്ച് തീരാ തർക്കാം.
തീരാ ദാരിദ്ര്യം.

ഇത്തവണ ആന്റണി നാട്ടിലേക്ക് പോകുമ്പോഴും ആ പിണക്കങ്ങൾ ബാക്കിയുണ്ടായിരുന്നു.

അയാളുടെ സന്തോഷത്തിനു വേണ്ടിയായിരുന്നില്ലേ ഞാനെല്ലാം ചെയ്തത്.
പതിനാറ്‌ വർഷങ്ങൾ വേണ്ടിവന്നോ അയാൾക്ക് ഇതൊന്നുമല്ല അയാളുടെ സന്തോഷം എന്ന് തിരിച്ചറിയാൻ.

രാവിലെ രവി വിളിച്ച് ആശംസിച്ചപ്പോഴാണ്‌ ഞങ്ങളുടെ വെഡ്ഡിംഗ് ആനിവേഴ്സറിയാണ്‌ ഇന്നെന്ന് ഓർമ്മവന്നതു തന്നെ.

ആന്റണിയുമായി സംസാരിയ്ക്കാൻ കഴിഞ്ഞില്ല.
നാട്ടിലാകുമ്പോൾ അങ്ങോട്ടേക്ക് വിളിക്കരുതെന്നത് പണ്ടേയുള്ള നിയമങ്ങളിൽ ഒന്ന്.

രവി വിളിച്ചോ എന്ന് ചോദിക്കണമെന്ന് തോന്നി.

ഫുഡ് കോർട്ടിൽ രവിയും വിമലയും നിധിയും ഒപ്പമിരിക്കുമ്പോൾ അതു തന്നെ ഓർക്കുകയായിരുന്നു.
“six months ആകാറായില്ലേ..എന്താ വരാത്തെ?”
രവി ചോദിക്കുന്നു.

“ഇന്ന് വിളിച്ചപ്പോൾ എന്ത് പറഞ്ഞു..?ഞാൻ കരുതി wedding anniversaryക്ക് എങ്കിലും വരുമായിരിക്കുമെന്ന്”..വിസ problem വരില്ലേ..recession time അല്ലേ..jobന്റെ കാര്യം എന്താകും..."
ഇതൊക്കെ എന്റേയും ചോദ്യങ്ങളായിരുന്നെങ്കിലും ഞാൻ പതിവു തെറ്റിക്കാതെ കള്ളം പറഞ്ഞു:
“next Sunday വരുന്നുണ്ടെന്ന് പറഞ്ഞു”

വിമലയുടെ മുഖത്ത് ഒരു ചിരി വന്നു മറഞ്ഞോ എന്നെനിക്ക് സംശയം തോന്നി.
ചില സ്ത്രീകളുടെ മുന്നിൽ കള്ളം പറയാനാവില്ല.

“ഹാപ്പി വെനസ്ഡെ ആന്റി” നിധിയാണ്‌.
ഹാപ്പി വെഡ്ഡിംഗ് ഡേ അവൾക്ക് ഹാപ്പി വെനസ്ഡേ ആണ്‌..

അത്രയെങ്കിലും പറഞ്ഞല്ലോ കുട്ടി.
ഞാനവളെ മടിയിൽ പിടിച്ചിരുത്തി:
“what do u wanna little princess”
ഉത്തരത്തിനു അവൾ ആലോചിച്ചതേയില്ല:“KFC”
അതിലെ താടിക്കാരൻ അങ്കിളാണ്‌ റ്റോം &ജെറിക്കൊപ്പം അവളുടെ പ്രിയപ്പെട്ടവൻ..

വിമലയെപ്പോലെയല്ല,രവിയെപ്പോലെയാണവൾ, ഒരു മാലാഖ കുഞ്ഞ്.
അവളെന്റെ മടിയിൽ ഇരിക്കുമ്പോഴൊക്കെ എന്തോ സൗജന്യം ചെയ്തു തരുന്ന ഭാവമാണ്‌ വിമലയ്ക്ക്.
അല്ലെങ്കിലും എല്ലാമറിയാമെന്ന നാട്യമുണ്ടവൾക്ക്.
ഒരു തരം ആൾദൈവത്തിന്റെ മുഖം.

രവിയും ആന്റണിയും തമ്മിൽ എന്തൊക്കെയൊ സാമ്പത്തിക ഇടപാടുകളുണ്ടെന്ന് തോന്നുന്നു.
അയാൾ അതിനെക്കുറിച്ചാണ്‌ സംസാരിച്ചു കൊണ്ടിരുന്നത്.

ഫ്ലാറ്റിന്റെ വാടക,വാട്ടർ ഇലക്ട്രിസിറ്റി ബില്ല്,ഫോൺ ബില്ല്, സ്കൂൾ ഫീസ്,ട്രാൻസ്പോർട്ടേഷൻ ചാർജ്ജ്,ഗ്രോസ്സറി ബില്ല്..അങ്ങനെയങ്ങനെ..
ഈ എണ്ണം പെരുകുന്ന ബില്ലുകൾ ഇല്ലായിരുന്നെങ്കിൽ പ്രവാസജീവിതം കൂടുതൽ ആസ്വദിയ്ക്കാൻ കഴിഞ്ഞേനെ എന്ന് തോന്നാറുണ്ട് എനിക്കും.

“sunday വരില്ലേ”
രവി വീണ്ടും ചോദിക്കുന്നു.
“sure”

യാത്ര പറഞ്ഞിട്ടില്ലെങ്കിലും ആന്റണി തിരിച്ചു വരുമെന്ന് എനിക്ക് തോന്നുന്നില്ല.
പ്രവാസത്തിന്റെ ഈ വീട്ടിലേക്ക് അയാളെ തിരിച്ച് വിളിയ്ക്കാൻ ഇവിടെ ഒന്നുമില്ല.

നിധിയുമായി കളിക്കുന്ന നേരത്തൊക്കെ മെലീസയിലുണ്ടായ മൂന്ന് കുഞ്ഞുങ്ങളുടെ ഓർമ്മ അയാളെ പരവശനാക്കുന്നത് എനിക്ക് അറിയാൻ കഴിഞ്ഞിട്ടുണ്ട്.അവരയാളെ അവിടെ കെട്ടിയിടുക തന്നെ ചെയ്യും..

അത് അയാളുടെ നിലനില്പിന്റെ പ്രശ്നം കൂടിയാണ്‌.

എനിക്ക് അയാളെ ആകർഷിച്ചു കൂടെ നിർത്താൻ എന്തുണ്ട്?

കവചം പോലെ എന്നെ സൂക്ഷിയ്ക്കാൻ കുട്ടികളില്ല...രാത്രി വൈകൃതങ്ങളിൽ പങ്കു വെയ്ക്കാൻ പ്രായവുമില്ല..

എന്റെ തലമുടിയോടൊപ്പം നര പൂർണ്ണമാകാൻ സന്നദ്ധമായ മനസ്സും പരിമിതികളുള്ള ഒരു ഉടലും മാത്രം...
പക്ഷേ രവിയോട് എനിക്കെന്ത് പറയാൻ കഴിയും..ഞാനാരാണെന്ന് പറയും?
എന്റെ പേര്‌ റീത്ത എന്നാണെന്ന് മാത്രം പറയാം.


==============================================